Trending

പ്രഭാത വാർത്തകൾ

2026  മേയ് 23, ശനി 
1201  ഇടവം 9 , മകം
1447  ദുൽഹിജ്ജ 05

◾ സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തുറക്കും. പ്രവേശനോത്സവം പട്ടം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

◾ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ മെയ് 25 വരെ ഭാഗീകമായി വൈദ്യുതി തടസ്സപ്പെടമെന്ന് കെഎസ്ഇ.ബി. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ മൂന്നാമത് നമ്പര്‍ 500 എംവിഎ ട്രാന്‍സ്ഫോര്‍മറിന്റെ 220 കെവി ബുഷിംഗില്‍ തകരാര്‍ സംഭവിച്ചതിനാലാണു വൈദ്യുതി മുടങ്ങുന്നത്.

◾ പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാന്‍ പൊളിറ്റ് ബ്യൂറോ അനുമതി നല്‍കിയെന്ന് നേതൃത്വം സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ അറിയിച്ചു. കേരളത്തിലെ പരാജയം ഞെട്ടിക്കുന്നതാണെന്നും തെറ്റുതിരുത്തല്‍ ഗൗരവത്തോടെ വേണമെന്നുമുള്ള പിബി വിലയിരുത്തലും കേന്ദ്ര കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

◾ ഭവന നിര്‍മാണ ചുമതല തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കി ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ പ്രഖ്യാപനത്തിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അഞ്ചു ലക്ഷത്തിലേറെ വീടുകള്‍ യഥാര്‍ഥ്യമാക്കിയ ലൈഫ് മിഷന്‍ ഒരു ലക്ഷത്തിലേറെ വീടുകളുടെ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണെന്നു സിപിഎം.

◾  ലൈഫ് മിഷന്‍ ഭവന പദ്ധതി നിര്‍ത്തലാക്കുമെന്നു താന്‍ പറഞ്ഞിട്ടില്ലെന്നും സിപിഎമ്മിന്റെ നുണ പ്രചാരണമാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. അത്തരം ആലോചന പോലും ഇല്ലെന്നും മന്ത്രി പറഞ്ഞു.

◾  സംസ്ഥാനത്തെ തെരുവ് നായ ശല്യത്തിന് പരിഹാരം ഉണ്ടാക്കുമെന്നു മന്ത്രി കെ.എം. ഷാജി. നായക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍,  സുപ്രീം കോടതി വിധിയെ അടിസ്ഥാനപ്പെടുത്തിയുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി.

◾  സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു. ടി ശ്രീകുമാറാണ് മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി. സീജി ജി എസിനെ പ്രസ് സെക്രട്ടറിയും റോയ് മാത്യുവിനെ മീഡിയ സെക്രട്ടറിയുമായി നിയമിച്ചു. വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും വിരമിച്ചവരും ഉള്‍പ്പടെ 20 പേരെയാണ് ആദ്യ ഘട്ടത്തില്‍ പേഴ്സ്നല്‍ സ്റ്റാഫിലേക്കു നിയമിച്ചത്.

◾  എഡിഎം നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്  കോണ്‍ഗ്രസ് എംഎല്‍എ പഴകുളം മധു നിവേദനം നല്‍കി. യാത്രയയപ്പു യോഗത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎമ്മുകാരിയുമായ പി.പി. ദിവ്യ അധിക്ഷേപിച്ചതുമൂലമാണ് ആത്മഹത്യയെന്ന് ആരോപണം നിലനില്‍ക്കേയാണ് നിവേദനം. ശബരിമല പ്രക്ഷോഭത്തിലെ കേസുകള്‍ പിന്‍വലിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

◾  കൊച്ചിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. കസ്റ്റംസ് പ്രിവന്റീവ് ഓഫീസ് സുപ്രണ്ട് പ്രമോദ് കുമാര്‍ സവിതയുടെ കൊച്ചിയിലും യുപിയിലുമുള്ള വീടുകളിലാണു റെയ്ഡ് നടന്നത്. ബിഹാറിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തതിന് നടപടി നേരിട്ടയാളാണ് പ്രമോദ് കുമാര്‍ സവിത.

◾  കൊച്ചി തീരത്ത് കഴിഞ്ഞ വര്‍ഷം മേയില്‍ മുങ്ങിയ 'എം.എസ്.സി എല്‍സ-3' എന്ന വിദേശ ചരക്കുകപ്പലിലെ ഏഴ് വിദേശ ജീവനക്കാര്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ അനുമതി തേടി കേരള ഹൈക്കോടതിയെ സമീപിച്ചു. തങ്ങളെ ഒരു വര്‍ഷത്തോളമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും പാസ്‌പോര്‍ട്ടുകള്‍ തിരികെ തരണമെന്നും ആവശ്യപ്പെട്ട് കപ്പലിലെ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള റഷ്യ, ഉക്രൈന്‍, ജോര്‍ജിയ, ഫിലിപ്പീന്‍സ് സ്വദേശികളായ ജീവനക്കാരാണ് ഹര്‍ജി നല്‍കിയത്.

◾  ചാലക്കുടിപ്പുഴക്ക് കുറുകെയുള്ള പഴയപാലത്തിലെ ബെയറിങ് മാറ്റുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. ഏഴ് സ്ലാബുകളിലായി 42 ബെയറിങ്ങുകളാണ് മാറ്റിയത്. ഇനി പാലത്തിന്റെ സ്ലാബുകള്‍ക്കിടയിലുള്ള എക്‌സ്പാന്‍ഡ് ജോയിന്റുകളുടെ അറ്റകുറ്റ പണികളാണ് പൂര്‍ത്തിയാകാനുള്ളത്. എട്ട് ദിവസംകൊണ്ട് ഈ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കാനാകും.

◾  എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയിലെ കുടിയിറക്കല്‍ നടപടികള്‍ മാറ്റിവച്ചു. സര്‍ക്കാര്‍ താമസക്കാര്‍ക്കൊപ്പമാണെന്നും കോടതിയില്‍ ഇടപെടുമെന്നും മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. കുടിയിറക്ക് ഭീഷണി നേരിടുന്നവരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് പ്രതികരണം.

◾  മുഖ്യമന്ത്രി വി.ഡി.സതീശന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജ്. 'ചീഫ് മിനിസ്റ്റര്‍ വിഡിഎസ്' എന്ന പേരിലുള്ള ഫെയ്സ്ബുക് പേജ് സബ്സ്‌ക്രൈബ് ചെയ്യാന്‍ മാസം 89 രൂപ ആവശ്യപ്പെടുന്നു. ഈ പേജിന് ആറു ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. സബ്സ്‌ക്രൈബ് ചെയ്യാന്‍ ആവശ്യപ്പെടുന്ന പേജുകള്‍ വ്യാജമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

◾  സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരെ അച്ചടക്ക നടപടിയുമായി സിപിഐ ജില്ലാ എക്സിക്യൂട്ടീവ്. ജില്ലാതല കമ്മിറ്റികളില്‍ നിന്നു ശിവരാമനെ ഒഴിവാക്കാനാണ് തീരുമാനം. തീരുമാനം ജില്ലാ കൗണ്‍സിലില്‍ അംഗീകരിച്ച ശേഷം സംസ്ഥാന സമിതിക്കു റിപ്പോര്‍ട്ട് ചെയ്യും.

◾  പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കളെ സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. തിരുവനന്തപുരം റൂറലിലെ ഓഫീസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജ്യോതിഷ് ഉള്‍പ്പെടെ നാലു പേരുടെ സ്ഥലമാറ്റമാണ് സ്റ്റേ ചെയ്തത്.

◾  വാഹനങ്ങള്‍ നേരില്‍ കണ്ടു പരിശോധിക്കാതെ രജിസ്ട്രേഷന്‍ പുതുക്കിയ വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡു ചെയ്തു. കൊല്ലം ആര്‍ ടി ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എസ് മഞ്ജുവിനെയാണ് ഗതാഗത കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്.

◾  കോഴിക്കോട് മുത്തപ്പന്‍ പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന പാലത്തിന്റെ പുനര്‍ നിര്‍മാണം ആരംഭിച്ചു. പുഴക്കു കുറുകെ വലിയ പൈപ്പുകള്‍ സ്ഥാപിച്ചാണ് നിര്‍മാണം. വയനാട് തുരങ്കപാത നിര്‍മാണ സ്ഥലത്തേക്ക് എത്താനുള്ള ഏക വഴിയാണ് ഒലിച്ചുപോയ പാലം. വയനാട് തുരങ്കപാത നിര്‍മാണത്തിന്റെ ഭാഗമായി മുത്തപ്പന്‍ പുഴയിലെ പാലം പൊളിച്ച് പുതിയ പാലം നിര്‍മിക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റി കരാറെടുത്തിരുന്നു.

◾  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു ഇന്നു മുതല്‍ തുടര്‍ച്ചയായി ആറു ദിവസം 'അവധി'. അവധിക്കൊപ്പം ജീവനക്കാരുടെ സമരവും ഒരുമിച്ച് എത്തിയതാണ് കാരണം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ജീവനക്കാരുടെ പണിമുടക്കാണ്. 27, 28 തീയതികളില്‍ ബക്രീദ് അവധിയും.

◾  ക്യൂബയ്ക്കെതിരായ അമേരിക്കന്‍ നീക്കത്തിനെതിരേ പ്രതിഷേധിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി. ക്യൂബന്‍ വിപ്ലവ നേതാവ് റൗള്‍ കാസ്‌ട്രോയ്‌ക്കെതിരായ യുഎസ് കുറ്റപത്രം നിയമവിരുദ്ധമാണെന്നും നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സിപിഎം വിലയിരുത്തി.

◾  വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസ ഫണ്ട് കെപിസിസി തട്ടിച്ചെന്ന പ്രചാരണം നടത്തിയവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വനിതാ നേതാവ് ദീപ്തി മേരി വര്‍ഗീസ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നല്‍കി. നേരത്തെ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ നടപടിയെടുത്തില്ലെന്നും ദീപ്തി മേരി വര്‍ഗീസ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

◾  സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ എസ്ഡിപിഐ നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെന്ന് സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഗഫൂര്‍ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശന ചടങ്ങിലാണ് വിജയരാഘവന്‍ പങ്കെടുത്തത്. ചടങ്ങിന്റെ ഭാഗമായുള്ള ഗാനമേളയില്‍ എസ്ഡിപിഐ പ്രാദേശിക നേതാവ് പാടുന്ന സമയത്ത് വിജയരാഘവന്‍ സമീപത്തെ ഹാളില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

◾  എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കേന്ദ്ര നിര്‍ദ്ദേശം പാലിച്ചുള്ള സ്‌ക്രീനിംഗ് തുടങ്ങും. ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശമനുസരിച്ച് ഐസൊലേഷന്‍ സൗകര്യം ഒരുക്കാനും നിര്‍ദേശം നല്‍കി.

◾  എബോള സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രതിരോധ സംവിധാനമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

◾  വടകരയിലെ 'കാഫിര്‍ സ്‌ക്രീന്‍ഷോട്ട്' വ്യാജ പ്രചാരണ കേസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. ഫോറന്‍സിക് റിപ്പോര്‍ട്ട് വൈകുന്നതിലും യഥാര്‍ത്ഥ പ്രതികളെ പിടികൂടാത്തതിലും ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി അറിയിച്ചു.

◾  മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ചതിനാലാണ് നടപടിയെടുത്തതെന്ന മുന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആരോപണം തളളി മുന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുകൃഷ്ണന്‍. മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനും കുടുംബവും ബസ് തടഞ്ഞത് ചോദ്യം ചെയ്തതിനാലാണ് പുറത്താക്കിയത്. യദു പറഞ്ഞു.

◾  സംസ്ഥാനത്ത് മഴ ശക്തമാകും. അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഈ മാസം 26 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ആലപ്പുഴയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

◾  വിദേശ സെക്സ് റാക്കറ്റ് കേസിലെ പ്രതി സിന്ധു ഇരകളില്‍നിന്ന് വിസക്കും ടിക്കറ്റിനുമായി 4,70,000 രൂപവരെ കൈപറ്റിയിട്ടുണ്ടെന്നു പോലീസ്. മുഖ്യപ്രതി ബിലാലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരം. യുവതികളെ അയച്ചത് ഒന്നാം പ്രതി സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ദുബായിലെ എലൈസ ഈവന്റ് എന്ന സ്ഥാപനത്തിലേക്കാണ്. റിപ്പോര്‍ട്ടില്‍ പറയുന്നു.

◾  പത്തനംതിട്ട മൂഴിയാറില്‍ കെഎസ്ഇബി ഉദ്യോഗസ്ഥനെ കാട്ടാന ആക്രമിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷിബു തങ്കപ്പന് പരിക്കേല്‍ക്കുകയും കാലൊടിയുകയും ചെയ്തു. ബൈക്കില്‍ ഓഫീസിലേക്ക് പോകുമ്പോള്‍ വേലുത്തോടിന് സമീപത്തായിരുന്നു ആക്രമണം.

◾  സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പിഴവുകളുടെ ഘോഷയാത്ര. പ്ലസ്ടു പരീക്ഷയുടെ റിവാല്യുവേഷന്  ഉത്തരക്കടലാസുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് ലഭ്യമാകാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ഒരു വിഷയത്തിന് 100 രൂപയാണു ഫീസ്. എന്നാല്‍ 8000 മുതല്‍ 69,420 വരെ രൂപ വെബ്സൈറ്റ് ആവശ്യപ്പെട്ടെന്ന പരാതിയുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.

◾  നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തിക്കൊടുത്തെന്ന കേസില്‍ പുണെ കേന്ദ്രീകരിച്ചുള്ള അധ്യാപിക മനീഷ സഞ്ജയ് ഹവല്‍ദാറിനെ സിബിഐ അറസ്റ്റ് ചെയ്തു.

◾  റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ, 217 ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സേനയില്‍ ചേര്‍ന്നതായും 49 പേര്‍ ഇതിനോടകം കൊല്ലപ്പെട്ടതായും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. റഷ്യയുമായി നടത്തിയ നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായി 139 ഇന്ത്യന്‍ പൗരന്മാരെ ഇതിനോടകം മോചിപ്പിച്ചതായും കേന്ദ്രം അറിയിച്ചു.

◾  ഡല്‍ഹി കലാപത്തിന്റെ ഗൂഢാലോചനയില്‍ പ്രതികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ച മുന്‍ ഉത്തരവ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ രണ്ടംഗ ബെഞ്ച് വിശാല ബെഞ്ചിന് കൈമാറി. യുഎപിഎ കേസുകളില്‍ ജാമ്യം നല്‍കുന്നതിലെ മാനദണ്ഡം സംബന്ധിച്ച് മൂന്നംഗ ബെഞ്ചിന്റെ തീരുമാനം പ്രധാനപ്പെട്ടതാകും.

◾  റിസര്‍വ് ബാങ്ക് ലാഭവിഹിതമായി 2.87 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിനു കൈമാറാന്‍ തീരുമാനിച്ചു.

◾  കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കേയ്ക്ക് വധ ഭീഷണി. 'നിങ്ങള്‍ക്ക് പണം കിട്ടും. ബിജെപിയില്‍ ചേരുക. അല്ലെങ്കില്‍ അമേരിക്കയില്‍ വച്ച് കൊല്ലപ്പെടും.' ഭീഷണി സന്ദേശങ്ങളില്‍ പറയുന്നു. അഭിജിത് ദീപ്കേ ഭീഷണി സന്ദേശങ്ങള്‍ എക്സില്‍ പങ്കുവച്ചു.

◾  ക്രോക്റോച്ച് ജനതാ പാര്‍ട്ടിയുടെ പേരില്‍ മനുഷ്യച്ചങ്ങലക്ക് ആഹ്വാനം. മറ്റന്നാള്‍ ബെംഗളൂരു ടൗണ്‍ഹാള്‍ പരിസരത്താണ് മനുഷ്യച്ചങ്ങല നടത്താന്‍ ആഹ്വാനം ചെയ്തത്. നിയമവരുദ്ധ കൂട്ടായ്മയില്‍ പങ്കെടുക്കരുതെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു.

◾  അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള രേഖയായ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ച് യുഎസില്‍ തുടരുന്നവര്‍ സ്വന്തം നാടുകളിലേക്ക് മടങ്ങണമെന്നും സ്വന്തം നാടുകളില്‍  കാത്തിരുന്നാല്‍ മതിയെന്നും ഡോണാള്‍ഡ് ട്രംപ് ഭരണകൂടം. യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് ആണു പതിയ നിര്‍ദേശം പുറപ്പെടുവിച്ചതെന്നാണു റിപ്പോര്‍ട്ട്.

◾  ന്യൂയോര്‍ക്കിലെ ലാ ഗ്വേര്‍ഡിയ വിമാനത്താവളത്തിലെ റണ്‍വേയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് വ്യോമഗതാഗതം സ്തംഭിച്ചു. റണ്‍വേ അടച്ചിട്ടതോടെ നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ആയിരക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലാവുകയും ചെയ്തു.

◾  യൂറോപ്പിലെ യു.എസ് സൈനിക വിന്യാസം കുറയ്ക്കുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, പോളണ്ടിലേക്ക് 5,000 യു.എസ് സൈനികരെക്കൂടി അയക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോളണ്ടിലേക്ക് സൈന്യത്തെ അയക്കാനുള്ള തീരുമാനം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് തടഞ്ഞിരുന്നു.

◾  യുഎസ് നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബാര്‍ഡ് രാജിവച്ചു. അവരുടെ സേവനങ്ങള്‍ക്കു നന്ദി അറിയിച്ച അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അര്‍ബുദരോഗിയായ ഭര്‍ത്താവിനെ പരിചരിക്കാനാണു രാജിവച്ചതെന്ന് വെളിപെടുത്തി.

◾  ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് അടച്ചുപൂട്ടലിന് ഒരുങ്ങുന്നു. നിലവിലെ സാഹചര്യത്തില്‍ മുന്നോട്ടു പോകാനാകില്ലെന്നും അനിശ്ചിതത്വങ്ങളുടെ ലീഗില്‍ തുടരുക എളുപ്പമല്ലെന്നും ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പടെയുള്ള ക്ലബുകള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി.

◾  ബിജെപി നേതാവായ എംപിക്കെതിരേ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അയോഗ്യയാക്കിയ റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതി. പ്രസവാവധിക്കുശേഷം തിരിച്ചെത്തുന്ന വിനേഷിനെ ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മെയ് 30, 31 തീയതികളിലാണ് ഏഷ്യന്‍ ഗെയിംസ് ട്രയല്‍സ്.

◾  ഐപിഎല്‍ 2026 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടേബിള്‍ ടോപ്പേഴ്‌സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 55 റണ്‍സിന്റെ തോല്‍വി വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തുകയായിരുന്നു നിലവിലെ ചാമ്പ്യന്‍മാരായ ആര്‍സിബി. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിലെത്താനേ കഴിഞ്ഞുള്ളൂ. 

◾  2026 ജൂണ്‍ 21 മുതല്‍ ഡെബിറ്റ് കാര്‍ഡുകളിലെ ഡൈനാമിക് കറന്‍സി കണ്‍വേര്‍ഷന്‍ ഫീസ് പരിഷ്‌കരിക്കുമെന്ന് ഐസിഐസിഐ ബാങ്ക്. ഇടപാട് തുകയുടെ നിലവിലെ 1% ല്‍ നിന്ന് 3.5% ആയി ചാര്‍ജ് കുത്തനെ ഉയരും. പ്രത്യേക സാഹചര്യങ്ങളില്‍ ഇന്ത്യന്‍ രൂപയില്‍ നടത്തുന്ന ചില ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് പുതുക്കിയ ഡിസിസി ഫീസ് ബാധകമാകും. അന്താരാഷ്ട്ര സ്ഥലങ്ങളില്‍ ഇന്ത്യന്‍ കറന്‍സിയില്‍ നടത്തുന്ന വാങ്ങലുകളോ വിദേശ രാജ്യത്ത് വ്യാപാരി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇന്ത്യയില്‍ നടത്തുന്ന പേയ്‌മെന്റുകളോ ഇതില്‍ ഉള്‍പ്പെടുന്നു. ലളിതമായി പറഞ്ഞാല്‍, നിങ്ങള്‍ രൂപയില്‍ പണമടയ്ക്കുകയാണെങ്കില്‍ പോലും, ഇടപാട് ഒരു വിദേശ വ്യാപാരി ശൃംഖല വഴിയാണ് പ്രോസസ്സ് ചെയ്യുന്നതെങ്കില്‍ അധിക ചാര്‍ജ് ബാധകമായേക്കാം. ഉയര്‍ന്ന ഫീസ് ഉള്ളതിനാല്‍, ഉപഭോക്താക്കള്‍ ഇടപാട് വിശദാംശങ്ങള്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് വിദേശ അല്ലെങ്കില്‍ അതിര്‍ത്തി കടന്നുള്ള വാങ്ങലുകളില്‍ പേയ്‌മെന്റ് കറന്‍സി തിരഞ്ഞെടുക്കുമ്പോള്‍.

◾  ഭാരതി എയര്‍ടെല്‍ പ്രയോരിറ്റി പോസ്റ്റ്‌പെയ്ഡ് അവതരിപ്പിച്ചു. 5ജി സ്ലൈസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ളതും കൂടുതല്‍ സ്ഥിരതയുള്ളതുമായ പോസ്റ്റ്‌പെയ്ഡ് സേവനം ഇതിലൂടെ ലഭിക്കും. ജോലി, വിനോദം, അല്ലെങ്കില്‍ ഓണ്‍ലൈന്‍ കൊളാബറേഷന്‍ എന്നിവയ്ക്കായി തടസ്സരഹിതമായ കണക്ടിവിറ്റിയെ ആശ്രയിക്കുന്ന തിരക്കേറിയ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സര്‍വീസാണിത്. ഇന്ത്യയില്‍ ഈ സേവനം ആദ്യമായി നല്‍കുന്നത് എയര്‍ടെല്‍ ആണ്. എയര്‍ടെല്ലിന്റെ എല്ലാ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലെ ഉപഭോക്താക്കള്‍ക്കും എയര്‍ടെല്‍ പ്രയോരിറ്റി സേവനം ലഭ്യമാണ്. നിലവിലെ ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക്കായി ലഭിക്കും. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ അല്ലെങ്കില്‍ എയര്‍ടെല്‍ പ്രയോരിറ്റി പോസ്റ്റ്‌പെയ്ഡിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എയര്‍ടെല്‍ ആപ്പിലൂടെ അല്ലെങ്കില്‍ എയര്‍ടെല്‍ സ്റ്റോര്‍ സന്ദര്‍ശിച്ച് അതിലേക്ക് മാറാം.

◾  ഹോളിവുഡ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സോണി പിക്ചേഴ്സ് എംജിഎം ലൈവ്-ആക്ഷന്‍ ഫാന്റസി ചിത്രം 'മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ്' ഔദ്യോഗിക മലയാളം പതിപ്പില്‍ നായക കഥാപാത്രമായ 'ഹീ-മാന്' ശബ്ദം നല്‍കി മലയാളി പ്രേക്ഷകരുടെ പ്രിയതാരം ഉണ്ണി മുകുന്ദന്‍. കോമിക്സുകളിലൂടെയും ടെലിവിഷന്‍ സ്‌ക്രീനുകളിലൂടെയും ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ഇതിഹാസ കഥാപാത്രത്തിന് ശബ്ദം പകരാന്‍ കഴിഞ്ഞത് തന്റെ ജീവിതം പൂര്‍ണമാക്കിയ നിമിഷമാണെന്ന് താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പില്‍ വ്യക്തമാക്കി. ഒരു ചരിത്രത്തിനായി മാത്രം കുറിച്ചുവയ്ക്കുന്നു...  ഞാനാണ് ഹീ-മാന്റെ ശബ്ദം... ഹും, ഞാനാണ് ഹീ-മാന്‍! ഉണ്ണി മുകുന്ദന്‍ കുറിച്ചു. മാറ്റല്‍ കമ്പനിയുടെ പ്രശസ്തമായ കളിപ്പാട്ടങ്ങളിലൂടെയും പിന്നീട് മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ് എന്ന ജനപ്രിയ ആനിമേഷന്‍ പരമ്പരയിലൂടെയുമാണ് ഹീ-മാന്‍ എന്ന കഥാപാത്രം ഒരു ആഗോള സാംസ്‌കാരിക തരംഗമായി മാറിയത്.

◾  ഇന്ത്യന്‍ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുരാണ ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം 'നാഗബന്ധം' റിലീസിനൊരുങ്ങുന്നു. വിരാട് കര്‍ണ്ണ നായകനാകുന്ന ചിത്രം ജൂലൈ മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അഭിഷേക് നാമ സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം പുരാണവും സാഹസികതയും അത്യാധുനിക ആക്ഷന്‍ രംഗങ്ങളും കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. പുരാതന ക്ഷേത്ര രഹസ്യങ്ങള്‍, നിഗൂഢ ലോകങ്ങള്‍, കടലിലെ ഗോത്രവര്‍ഗ്ഗ പോരാട്ടങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ചിത്രം. ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വല്‍ എഫക്റ്റുകളാണ് സിനിമയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ആക്ഷന്‍ ഡയറക്ടര്‍ വ്‌ലാഡ് റിംബര്‍ഗ് ആണ് സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നഭ നടേഷ്, ഐശ്വര്യ മേനോന്‍, ജഗപതി ബാബു, മഹേഷ് മഞ്ജരേക്കര്‍, ഋഷഭ് സാഹ്നി എന്നിവരോടൊപ്പം മറ്റ് പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്നു.

◾  ഇന്ത്യന്‍ സെഡാന്‍ വിപണിയിലെ രാജാവെന്ന ഖ്യാതിയുള്ള സിറ്റിയുടെ പുത്തന്‍ പതിപ്പിനെ വിപണിയിലിറക്കി ഹോണ്ട. 12 ലക്ഷം രൂപ മുതലാണ് പ്രാരംഭ വില. 2020-ല്‍ അരങ്ങേറിയ അഞ്ചാം തലമുറ സിറ്റിയുടെ രണ്ടാമത്തെ മിഡ്-ലൈഫ് സൈക്കിള്‍ അപ്‌ഡേറ്റാണിത്. 2023-ലെ മാറ്റങ്ങള്‍ക്ക് ശേഷം, ഇത്തവണ കൂടുതല്‍ ആകര്‍ഷകമായ ഫ്രണ്ട് ലുക്കും കൂടുതല്‍ ആധുനിക ഫീച്ചറുകളുമായാണ് സിറ്റിയുടെ വരവ്. എന്‍ജിനിലും മെക്കാനിക്കല്‍ ഫീച്ചറുകളിലും മാറ്റമില്ല. നിലവിലുള്ള 5 നിറങ്ങള്‍ക്ക് പുറമെ പുതിയൊരു ബ്ലാക്ക് കളര്‍ ഓപ്ഷന്‍ കൂടി ഹോണ്ട ഇത്തവണ അവതരിപ്പിച്ചിട്ടുണ്ട്. മെക്കാനിക്കല്‍ രംഗത്ത് മാറ്റങ്ങളൊന്നുമില്ല. വിശ്വസ്തമായ 1.5 ലീറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് 4-സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് കാറിന് കരുത്തേകുന്നത്. ഇത് 121 എച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. സ്ട്രോങ്-ഹൈബ്രിഡ് എന്‍ജിനും മാറ്റമില്ലാതെ തുടരുന്നു.

◾  ബി രവികുമാറിന്റെ പത്തു കഥകളുടെ സമാഹാരമാണ് സ്റ്റാറീ സ്റ്റാറീ നൈറ്റ്സ്. നടോടിത്താളവും പടയണിക്കാലവും കോര്‍ത്തിണക്കിയ കഥകളാണ് സമാഹാരത്തിന്റെ പ്രത്യേകത. വായ്ത്താരിയും മറ്റും കടന്നുവരുന്ന കഥകള്‍ വായനക്കാരിലേക്ക് അതിവേഗം വേരാഴ്ത്തുന്നു. 'സ്റ്റാറീ സ്റ്റാറീ നൈറ്റ്സ്'. ബി രവികുമാര്‍. ഡിസി ബുക്സ്. വില 207 രൂപ.

◾  വിറ്റാമിന്‍ ഡിയുടെ കുറവ് വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അമിതമായ ക്ഷീണം, പേശി വേദന, കുറഞ്ഞ പ്രതിരോധ ശേഷി എന്നിവയെല്ലാം ഇതിനൊപ്പം ബോണസ് ആയി ഉണ്ടാകും. കാലക്രമേണ ഓസ്റ്റിയോപൊറോസിസ് പോലുള്ള ഗുരുതര അവസ്ഥകളിലേക്കും തള്ളിവിടാം. വിറ്റാമിന്‍ ഡിയുടെ പവര്‍ഹൗസുകള്‍ എന്ന് അറിയപ്പെടുന്ന കൂണുകള്‍ ഡയറ്റില്‍ ചേര്‍ക്കുന്നത് ഈ പോഷകത്തിന്റെ അഭാവം കുറയ്ക്കാന്‍ ഏറെ സഹായകരമാണ്. അടച്ചിട്ട മുറിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്തു വിപണിയിലെത്തുന്ന കൂണുകള്‍ക്ക് ഈ പറഞ്ഞ ഫലം നേരിട്ട് തരണമെന്നില്ല. അതിനായി കടയില്‍ നിന്ന് വാങ്ങിയ കൂണ്‍ വീട്ടില്‍ കൊണ്ടു വന്ന്, പാകം ചെയ്യുന്നതിന് 15 മിനിറ്റ് മുന്‍പ് നല്ലതു പോലെ വെയില്‍ കൊള്ളിക്കുക. വിറ്റാനിന്‍ ഡി റിച്ച് ആകാന്‍ ഈയൊരു കാര്യം ചെയ്താല്‍ മതി. ഇങ്ങനെ ചെയ്തെടുക്കുന്ന കൂണുകളില്‍ വിപണിയിലെ പല സപ്ലിമെന്റുകളെക്കാള്‍ വിറ്റാമിന്‍ ഡി ഉണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു. കൂണ്‍ മുഴുവനായോ കഷണങ്ങളായി മുറിച്ചോ വെയിലത്ത് വെക്കാം. എത്രയധികം വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം കഴിച്ചാലും ശരീരത്തിന് അത് ആഗിരണം ചെയ്യണമെങ്കില്‍ ഭക്ഷണത്തില്‍ ഒരല്പം കൊഴുപ്പ് കൂടി നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇവയെ എണ്ണയിലോ നെയ്യിലോ ചെറുതായി വഴറ്റിയെടുക്കുകയോ കൊഴുപ്പടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുകയോ ചെയ്യുമ്പോഴാണ് വിറ്റാമിന്‍ ഡി ദഹനപ്രക്രിയയിലൂടെ ശരീരത്തിലേക്ക് എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുന്നത്. ഒരല്പം വെളിച്ചെണ്ണയിലോ ഒലിവ് എണ്ണയിലോ ഈ കൂണുകള്‍ പാകം ചെയ്യുന്നത് വിറ്റാമിന്‍ ഡിയുടെ ഗുണഫലങ്ങള്‍ പൂര്‍ണ്ണമായും നമുക്ക് ലഭ്യമാക്കാന്‍ സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരാള്‍ വീടുകള്‍തോറും കയറിയിറങ്ങി പ്ലാസ്റ്റിക് സാധനങ്ങള്‍ വില്‍ക്കുകയായിരുന്നു. ഒരു വീട്ടില്‍ ചെന്നപ്പോള്‍ ആ വീട്ടുകാരന്‍ അയാളോട് ദേഷ്യപ്പെട്ടു.  'മനുഷ്യനെ കബളിപ്പിക്കാന്‍, ഉപയോഗശൂന്യമായ വസ്തുക്കളുമായി  വന്നിരിക്കുന്നു' എന്നു പറഞ്ഞ് അധിക്ഷേപിച്ചു.  അല്‍പ്പ സമയം മൗനമായി നിന്ന ശേഷം  അയാള്‍ ചോദിച്ചു:  'സാറിനെ പലരും കബളിപ്പിച്ചിട്ടുണ്ട്, അല്ലേ?'  വീട്ടുകാരന്‍ പറഞ്ഞു:'അതേ...പലരും കബളിപ്പിച്ചിട്ടുണ്ട്...'കച്ചവടക്കാരന്‍ പറഞ്ഞു: 'ഞാന്‍ താങ്കളെ  മുന്‍പ് ഒരിക്കലും കബളിപ്പിച്ചിട്ടില്ലല്ലോ.. 'നാം തമ്മില്‍ ആദ്യമാണല്ലോ കാണുന്നത്'   മറ്റുള്ളവര്‍ കബളിപ്പിച്ചതിന് എന്നോടെന്തിനാണ് ദേഷ്യപ്പെടുന്നത്? സാറിന് ഒന്നും വേണ്ടെങ്കില്‍ ഞാന്‍ പൊയ്‌ക്കൊള്ളാം. പക്ഷേ, 20 വര്‍ഷമായി ഞാന്‍ ഈ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട്. ഇന്നുവരെയും ഒരാളെപ്പോലും കബളിപ്പിച്ചിട്ടില്ല.'  ഒരിക്കലെങ്കിലും കബളിപ്പിക്കപ്പെട്ടിട്ടില്ലാത്തവര്‍ ആരെങ്കിലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. എന്നാല്‍, എല്ലാവരും കബളിപ്പിക്കുന്നവരല്ല. വളരെ സത്യസന്ധരായ അനേകര്‍ ഈ ലോകത്തില്‍ ഉണ്ട് എന്നതാണ് ഇന്നും ലോകം നിലനില്‍ക്കുന്നതിന്റെ കാരണം. നമ്മുടെ മുന്‍കാല അനുഭവങ്ങള്‍ നമ്മെ അനവധി പാഠങ്ങള്‍ പഠിപ്പിച്ചിരിക്കാം. എന്നാല്‍, എല്ലാവരെയും ഒരേ പോലെ തെറ്റിദ്ധരിക്കുന്നതിന്  അനുഭവങ്ങളെ ഉപയോഗിച്ചു കൂടാ. വിവേചനപൂര്‍വ്വം  അനുഭവങ്ങളെ മനസ്സിലാക്കിയില്ലെങ്കില്‍ നാം സ്വയം കബളിപ്പിക്കപ്പെടുവാന്‍ ഇടയാകും.   ഇവിടെ ഒരു പ്രശ്‌നമുള്ളത്, വിശ്വസ്തരെയും  കബളിപ്പിക്കുന്നവരെയും  തിരിച്ചറിയുവാനുള്ള പ്രയാസമാണ്. എന്നാല്‍ നമുക്ക് ഒരു കാര്യം ചെയ്യാനാവും, ആരെയും കബളിപ്പിക്കാതെ ജീവിക്കുക.  കബളിപ്പിക്കപ്പെട്ടാലും കബളിപ്പിക്കാതിരിക്കുക. ദേഷ്യപ്പെടുന്നവരോടും  സമചിത്തതയോടെ ഇടപെടുവാന്‍ കഴിയുക. വെറുക്കുന്നവരെയും സ്‌നേഹിക്കുവാന്‍ ഇടയാകുക. ഇങ്ങനെയൊക്കെ സാധിക്കുന്നതാണ് ജീവിതത്തിന്റെ മഹത്വം - ശുഭദിനം.
Previous Post Next Post
3/TECH/col-right