2026 | മേയ് 22, വെള്ളി
1201 | ഇടവം 8 , ആയില്യം
◾ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സഭാനാഥന്‍. കേരള നിയമസഭയുടെ 25-ാം സ്പീക്കറായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. 101 വോട്ടുകളാണ് കോട്ടയം എംഎല്‍എയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനു ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസി മൊയ്തിന് 35 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി ബി ബി ഗോപകുമാറിന് മൂന്നു വോട്ടുമാണ് ലഭിച്ചത്.
◾ കെഎസ്ആര്‍ടിസിയുടെ എല്ലാ ബസിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാല്‍ മാസം 112 കോടി രൂപയുടെ വരുമാനം കുറയും. ഓര്‍ഡിനറി ബസില്‍ മാത്രം സൗജന്യം അനുവദിച്ചാല്‍ മാസം 57 കോടി രൂപ നഷ്ടമുണ്ടാകും സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളില്‍കൂടി നടപ്പാക്കിയാല്‍ 65 കോടി രൂപയും ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ നടപ്പാക്കിയാല്‍ 90 കോടി രൂപയും നഷ്ടമുണ്ടാകും. പ്രതിദിനം പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീയാത്രക്കാരുണ്ട്. കര്‍ണാടകയില്‍ എസി, സ്ലീപ്പര്‍ ബസുകളില്‍ സൗജന്യമില്ല. തമിഴ്നാട്ടില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് ആനുകൂല്യം. കെഎസ്ആര്‍ടിസിയില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര അനുവദിക്കാനാണു പദ്ധതി.
◾ മലയിടംതുരത്ത് ഉന്നതി ഒഴിപ്പിക്കലിനു കോടതിയോട് സാവകാശം തേടാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. കോടതിയുടെ നിര്‍ദ്ദേശത്തോട് മാത്രമായിരിക്കും തുടര്‍ നടപടി സ്വീകരിക്കുക.
◾ ആലപ്പുഴയില്‍ നവകേരള സദസ് ബസിനു കരിങ്കൊടി കാണിച്ചതിനു യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ നാലു ഗണ്‍മാന്‍മാര്‍ക്കെതിരെ നടപടിവരും. മര്‍ദ്ദനം ചട്ടവിരുദ്ധമെന്നാണു എസ്ഐടി റിപ്പോര്‍ട്ട്. ഗണ്‍മാന്‍മാര്‍ക്കെതിരെ നടപടി വേണമെന്നു നിര്‍ദേശിച്ച് മുന്‍ ആലപ്പുഴ എസ്പി ചൈത്ര തെരേസയുടെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തിയിരുന്നു.
◾ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദിച്ച സംഭവത്തിലെ പ്രാഥമിക അന്വേഷണം അട്ടിമറിച്ചതായി വെളിപ്പെടുത്തല്‍. ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം കേസ് ഡയറി തിരുത്തിയെന്ന് ആദ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മര്‍ദനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ജയ്ഹിന്ദ് ടിവി ക്യാമറാമാന്‍ ജോജി ആലപ്പുഴ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കി. ജോജിയുടെ ഫോണ്‍ പോലീസ് കസ്റ്റഡിയിലാണ്.
◾ ബിനീഷ് കോടിയേരിയുടെ പാര്‍ട്ടി അംഗത്വം സിപിഎം പുതുക്കിയില്ല. അംഗത്വത്തിനുള്ള അപേക്ഷ നാലു തവണ നിരസിച്ചു. ബിനീഷ് ലഹരിക്കേസില്‍ അറസ്റ്റിലായതോടെ 2020 ല്‍ ആണ് ബിനീഷിന്റെ അംഗത്വം മരവിപ്പിച്ചത്. 2023 ല്‍ ബിനീഷ് കേസില്‍ നിന്ന് കുറ്റവിമുക്തനായി. അംഗത്വം സംബന്ധിച്ച ചോദ്യത്തിന് അതു പ്രാദേശിക വിഷയമെന്നു പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഒഴിഞ്ഞുമാറി.
◾ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം. ആശാ സമരത്തിലും പിഎംശ്രീയിലും എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ അനാവശ്യ വിവാദമുണ്ടാക്കിയതു തെരഞ്ഞടുപ്പില്‍ ദോഷമായിയെന്നും രണ്ടാം പിണറായി സര്‍ക്കാരില്‍ സിപിഐ മന്ത്രിമാരുടെ പ്രവര്‍ത്തനം സമ്പൂര്‍ണ പരാജയമായിരുന്നെന്നും യോഗം വിലയിരുത്തി.
◾ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി. പദ്മരാജന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഒഴുകാതെ ഒരു പുഴ എന്ന നോവല്‍ രചിച്ച ചന്ദ്രമതിയാണ് മികച്ച നോവലിസ്റ്റ്. അരപ്പാതിരി എന്ന ചെറുകഥയുടെ കര്‍ത്താവായ ഷനോജ് ആര്‍. ചന്ദ്രന്‍ മികച്ച കഥാകൃത്ത്. എക്കോ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍ മികച്ച സംവിധായകനും ബാഹുല്‍ രമേശ് മികച്ച തിരക്കഥാകൃത്തിനുമുള്ള പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.
◾ മലയാള ചലച്ചിത്രഗാന ശാഖയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കവിയും സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ ''എയ്മ അക്ഷരമുദ്ര പുരസ്‌കാരത്തിന്'' തിരഞ്ഞെടുത്തു. ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ (എയ്മ) ദേശീയ പ്രസിഡണ്ട് ഗോകുലം ഗോപാലന്‍, ജനറല്‍ സെക്രട്ടറി കെ ആര്‍ മനോജ് എന്നിവര്‍ അറിയിച്ചതാണിക്കാര്യം. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും ഉള്‍പ്പെടുന്നതാണു പുരസ്‌കാരം.
◾ പരാതി പരിഹാരത്തിന് തിരുവനന്തപുരം നഗരസഭയില്‍ 'മേയര്‍ ജനസമക്ഷം' പരിപാടി സംഘടിപ്പിക്കുന്നു. മേയര്‍ വി.വി രാജേഷിന്റെ നേതൃത്വത്തില്‍, ജൂണ്‍ 11, 12, 15, 16 തീയതികളിലാണു ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് ജനസമ്പര്‍ക്ക പരിപാടി നടത്തുന്നത്.
◾ മോഡലിംഗ് -സെക്‌സ് റാക്കറ്റ് കേസില്‍ പിടിയിലായ ബിലാല്‍ യുവതികളെ വിദേശത്ത് എത്തിക്കുന്ന മുഖ്യകണ്ണിയെന്ന് പൊലീസ്. അറസ്റ്റിലായ സിന്ധുവിനെ ബിലാല്‍ പരിചയപ്പെട്ടത് ദുബൈയില്‍ വച്ചാണ്. സിന്ധു യുവതികള്‍ക്ക് വിസ എടുത്ത് കൊടുത്തത് ബിലാലിന്റെ നിര്‍ദേശമനുസരിച്ചാണ്. ബിലാലിന്റെ ഫോണില്‍ യുവതികളുടെ ചിത്രങ്ങള്‍ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
◾ കെ-റെയിലിനെതിരായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ എഴുതിത്തള്ളണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരല്ല, കോടതിയാണെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പി രാജീവ്. സംസ്ഥാന സര്‍ക്കാരിന് കേസ് എഴുതിത്തള്ളാമെന്ന് പറയാം. പക്ഷേ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. ശബരിമല കേസിലും ഇതാണ് സ്ഥിതിയെന്നും പി രാജീവ് വ്യക്തമാക്കി.
◾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇറങ്ങാനെത്തിയ വിമാനം അസാധാരണമായി താഴ്ന്ന് പറന്നതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നുപോയതായി പരാതി. പെരുമ്പാവൂര്‍ ഒക്കല്‍ നമ്പിള്ളി കവലയിലെ മാണിക്കത്താന്‍ എം വി ജോയിയുടെ വീടിനാണ് നാശനഷ്ടമുണ്ടായത്. വിമാനം താഴ്ന്ന് പറന്നതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂരയിലെ ഏകദേശം 120 ഓടുകള്‍ തകര്‍ന്ന് വീണതായി വീട്ടുകാര്‍ പറഞ്ഞു.
◾ സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം.
◾ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ ജയില്‍മോചന നടപടികള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച മോചിതനാകുമെന്നു പ്രതീക്ഷിക്കുന്നതായി റിയാദിലെ അബ്ദുറഹീം നിയമസഹായ സമിതി അറിയിച്ചു. അബ്ദുറഹീമിന്റെ 20 വര്‍ഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞദിവസമാണ് പൂര്‍ത്തിയായത്.
◾ പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണവുമായി 68 കാരി. കുത്തിവെപ്പിനിടെ ശരീരത്തിനുള്ളില്‍ സൂചിയുടെ ഭാഗം കുടുങ്ങി ഒരു വര്‍ഷത്തോളം വേദന അനുഭവിച്ചെന്ന് പരാതി.
◾ മഡിവാളയില്‍ ഇരുപതുകാരിയായ മലയാളി വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി. പ്രതിയായ സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹൈനസ് പെണ്‍കുട്ടിയോടും സുഹൃത്തുക്കളോടും മാപ്പുപറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
◾ എല്‍പിജിക്ക് പകരമായി ബയോഗ്യാസ് അടക്കമുള്ള ബദല്‍ ഇന്ധന മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തിലാണ് നിര്‍ദേശം. ഭരണപരമായ കാര്യങ്ങളില്‍ വേഗതയും സുതാര്യതയും ഉറപ്പാക്കണം. സര്‍ക്കാര്‍ ഫയലുകള്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കരുത്. പ്രധാനമന്ത്രി നിര്‍ദേശിച്ചു. മന്ത്രിസഭ പുനസംഘടനയെക്കുറിച്ച് യോഗത്തില്‍ അദ്ദേഹം സൂചന നല്‍കിയില്ല.
◾ രാജ്യ സുരക്ഷയ്ക്കു ഭീഷണിയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോക്രോച്ച് ജനത പാര്‍ട്ടിയുടെ അക്കൗണ്ട് പൂട്ടിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. കോക്രോച്ച് ജനത പാര്‍ട്ടിയുടെ ഇന്‍സ്റ്റ അക്കൗണ്ടും പൂട്ടിയേക്കും. അതേസമയം, ഹിറ്റായതോടെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ് കോക്രോച്ച് ജനത പാര്‍ട്ടി.
◾ പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങള്‍ ചോര്‍ത്തുകയും വിവരങ്ങള്‍ പാകിസ്താന് കൈമാറുകയും ചെയ്ത കേസില്‍ബല്‍ജിത് സിങ് എന്ന ബിട്ടുവിനെ പോലീസ് പിടികൂടി. പത്താന്‍കോട്ട്-ജമ്മു ദേശീയപാത 44-ലെ പാലത്തിന് സമീപമുള്ള കടയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചാണു സൈനിക ദൃശ്യങ്ങള്‍ ചോര്‍ത്തിയത്.
◾ ഡല്‍ഹി കലാപക്കേസിലെ പ്രതി ഉമര്‍ ഖാലിദിന് മൂന്നു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ശസ്ത്രക്രിയക്ക് വിധേയയാകുന്ന അമ്മയെ കാണാനാണ് ജൂണ്‍ ഒന്നു മുതല്‍ ഇടക്കാല ജാമ്യം അനുവദിച്ചത്.
◾ പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് ബാധ പടരുന്നതിനാല്‍ ഡല്‍ഹിയില്‍ ഈ മാസം നടത്താനിരുന്ന ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി മാറ്റിവച്ചു. ആഫ്രിക്കന്‍ യൂണിനുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
◾ മകന്റെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സാധിച്ചേക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനിലെ യുദ്ധം, സമാധാന ചര്‍ച്ചകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള അതീവ ഗുരുതരമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരക്കായതുകൊണ്ടാണ് വിവാഹത്തില്‍ പങ്കെടുക്കാനാകുമോയെന്നു സംശയമെന്ന് ട്രംപ് പറഞ്ഞത്.
◾ ക്യൂബ അമേരിക്കയ്ക്ക് ഗുരുതരമായ 'ദേശീയ സുരക്ഷാ ഭീഷണി' ഉയര്‍ത്തുന്നുണ്ടെന്നുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോയുടേത് വെറും കള്ളപ്രചാരണങ്ങളാണെന്നും, സൈനിക അധിനിവേശത്തിനുള്ള യുഎസിന്റെ നീക്കമാണിതെന്നും ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് ആരോപിച്ചു. കമ്യുണിസ്റ്റ് ക്യൂബയ്ക്ക് എതിരായ നീക്കം ട്രംപ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റഷ്യയും ചൈനയും രംഗത്ത് വന്നിട്ടുണ്ട്.
◾ യുദ്ധം തുടങ്ങിയശേഷം ഇറാന്‍ അമേരിക്കയുടെ കോടിക്കണക്കിനു ഡോളര്‍ വിലവരുന്ന 24 ഡ്രോണുകള്‍ തകര്‍ത്തെന്നു റിപ്പോര്‍ട്ട്. മൂന്നു കോടി ഡോളര്‍ വിലവരുന്ന ഡ്രോണുകളാണ് മിക്കവയും.
◾ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഓഹരി ഉടമകള്‍ക്കായി ബോണസ് ഷെയറും ക്യാഷ് ഡിവിഡന്റും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മാര്‍ച്ച് സാമ്പത്തിക പാദഫലത്തിനൊപ്പമാണ് കമ്പനിയുടെ ചരിത്രത്തിലെ ആദ്യത്തെ ബോണസ് ഇഷ്യൂ പ്രഖ്യാപിച്ചത്. നിക്ഷേപകര്‍ക്ക് കൈവശമുള്ള ഓരോ എല്‍.ഐ.സി ഓഹരിക്കും അധികമായി ഒരു സൗജന്യ ഓഹരി വീതം ലഭിക്കും. മാര്‍ച്ച് ത്രൈമാസ കാലയളവില്‍ എല്‍.ഐ.സിയുടെ സംയോജിത അറ്റാദായം 23,467 കോടി രൂപയാണ്. വാര്‍ഷികമായി 23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വരുമാനം 1.64 ലക്ഷം കോടി രൂപയാണ്. വാര്‍ഷികമായി 11 ശതമാനം വര്‍ധനയും തൊട്ടുമുമ്പത്തെ ഡിസംബര്‍ പാദവുമായി തട്ടിച്ചുനോക്കുമ്പോള്‍ 30 ശതമാനം വര്‍ധനയുമാണിത്. മൊത്തം നിഷ്‌ക്രിയ ആസ്തി 1.21 ശതമാനത്തിലേക്ക് താഴ്ന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പാദത്തില്‍ ഇത് 1.46 ശതമാനമായിരുന്നു.
◾ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഡിസപ്പിയറിങ് മെസേജസില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ ഫീച്ചര്‍. മെസേജ് ലഭിക്കുന്നയാള്‍ വായിക്കുന്നതിന് പിന്നാലെ സന്ദേശം സ്വയം അപ്രത്യക്ഷമാകുന്ന തരത്തിലുള്ളതാണിത്. മെസേജിങ് പ്ലാറ്റ്ഫോമില്‍ സ്ഥിരമായി സൂക്ഷിക്കപ്പെടേണ്ട തരത്തിലുള്ളവ അല്ലാത്ത സന്ദേശങ്ങള്‍ അയയ്ക്കുന്ന ഉപയോക്താക്കളുടെ സ്വകാര്യത വര്‍ധിപ്പിക്കുന്നതാണ് നീക്കം. പുതിയ ടൈമര്‍ പ്രവര്‍ത്തനക്ഷമമാക്കി ഒരു സന്ദേശം അയച്ചാല്‍, നിങ്ങള്‍ തിരഞ്ഞെടുത്ത ടൈമറിന് അനുസരിച്ച് നിങ്ങളുടെ ഭാഗത്തുള്ള സന്ദേശം അപ്രത്യക്ഷമാകും. എന്നിരുന്നാലും, സ്വീകരിക്കുന്നവരുടെ ഭാഗത്ത് അവര്‍ സന്ദേശം തുറന്ന് വായിക്കുന്നത് വരെ അത് ദൃശ്യമായിരിക്കും. സ്വീകര്‍ത്താവ് സന്ദേശം ഒരിക്കലും തുറന്നില്ലെങ്കില്‍ പോലും ഡിഫോള്‍ട്ടായി 24 മണിക്കൂറിന് ശേഷം അത് സ്വയം അപ്രത്യക്ഷമാകുറള
◾ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ക് മോട്ടറിന്റെ സൃഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാല്‍സ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമ 'ജി.ഡി.എന്‍' ജൂലായ് 17ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ആര്‍.മാധവനെ നായകനാക്കി നവാഗതനും പ്രമുഖ പരസ്യ സംവിധായകനുമായ കൃഷ്ണകുമാര്‍ രാമകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജി.ഡി.എന്‍ എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പോസ്റ്ററിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചത്. പോസ്റ്ററില്‍ ജി.ഡി നായിഡുവിന്റെ വേഷത്തിലുള്ള മാധവനെയും സത്യരാജ്, ദുഷാര വിജയന്‍ എന്നിവരെ കാണാം. പ്രിയാമണി, ജയറാം, വിനയ് റായ്, കനിഹ, ഷീല, കരുണാകരന്‍, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേന്‍, ജോണി വിജയ്, ജന്‍സണ്‍ ദിവാകര്‍, ബ്രിജിഡ സാഗ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ്.
◾ ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത 'കറുപ്പ്' ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ഗ്രോസ് പിന്നിട്ടിരിക്കുന്നു. മെയ് 15 ന് ആയിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. റിലീസിന് തൊട്ടുമുന്‍പ് വരെ പ്രതിസന്ധികളിലൂടെയായിരുന്നു കറുപ്പ് കടന്നു പോയത്. സൂര്യയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രവുമാണ് കറുപ്പ്. കൃത്യമായി പറഞ്ഞാല്‍ 207 കോടിയാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പില്‍ എത്തിയിരിക്കുന്നത്. സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ കഥാപാത്രവും ഏറെ പ്രശംസകള്‍ നേടി.
◾ ടാറ്റ മോട്ടോഴ്‌സിന്റെ ജനകീയ മോഡലായ ടിയാഗോയുടെ പുതുതലമുറ പതിപ്പ് മെയ് 28ന് ഇന്ത്യയില്‍ അവതരിപ്പിക്കും. അപ്ഡേറ്റഡ് ഹാച്ച്ബാക്കിന്റെ പെട്രോളിനൊപ്പം ഇലക്ട്രിക് പതിപ്പും പുറത്തിറക്കും. നിലവിലുള്ള മോഡലില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രൂപമാണ് പുതിയ ടിയാഗോയുടെ പുറംഭാഗത്തിന് നല്‍കിയിരിക്കുന്നത്. നിലവിലുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും പുതിയ ടിയാഗോയ്ക്കും കരുത്ത് പകരുക. ചെറിയ ദീര്‍ഘചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകളോട് കൂടിയ തികച്ചും പുതിയൊരു മുന്‍ഭാഗമാണ് പുതുതലമുറ ടിയാഗോ ഇവിയില്‍ ഉള്ളത്. ഉള്‍ഭാഗത്ത് വലിയ മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല. എങ്കിലും അപ്‌ഹോള്‍സ്റ്ററിക്കും ഡാഷ്ബോര്‍ഡിനും പുതിയ ചില കളര്‍ ഓപ്ഷനുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പവര്‍ട്രെയിനുകളിലും മാറ്റമുണ്ടാകില്ലെന്നാണ് കരുതുന്നത്.
◾ മന്ത്രിയും അധ്യാപികയുമായ ബിന്ദു ടീച്ചറുടെ ആദ്യ കൃതി. അധ്യാപക രാഷ്ട്രീയ ജീവിതത്തിനിടയില്‍ കുത്തിക്കുറിച്ച വികാരസമ്പന്നമായ വരികള്‍. മനുഷ്യജീവിതത്തിന്റെ വിവിധ ഭാവങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ഹൃദയത്തില്‍ തൊടുന്ന എഴുത്ത്. 'അന്‍പും അലിവും അല്പം അനുരാഗവും'. ഡോ. ആര്‍. ബിന്ദു. ഗ്രീന്‍ ബുക്സ്. വില 128 രൂപ.
◾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയിലും കൂടുതലും, എന്നാലത് പൂര്‍ണ്ണമായ പ്രമേഹനിലയിലേക്ക് എത്തിയിട്ടില്ലാത്തതുമായ അവസ്ഥയാണ് പ്രീഡയബറ്റിസ്. ഈ ഘട്ടത്തില്‍ ശരിയായ ഭക്ഷണക്രമവും ജീവിതശൈലിയും പിന്തുടര്‍ന്നാല്‍ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കഴിയും. അധിക ദാഹം, പതിവ് ക്ഷീണം, ഇടയ്ക്കിടെ വിശപ്പ് തോന്നുക, അമിതവണ്ണം, പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ്, മുറിവുകള്‍ ഭേദമാകാന്‍ വൈകുക, കഴുത്തിന് പിന്നിലോ കൈക്കുഴിയിലോ കറുത്ത നിറം വരുക എന്നിവയാണ് പ്രീഡയബറ്റിസിന്റെ സാധാരണ ലക്ഷണങ്ങള്‍. സോഫ്റ്റ് ഡ്രിങ്ക്സ്, മിഠായികള്‍, വൈറ്റ് ബ്രെഡ്, ബേക്കറി പലഹാരങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍, പാക്കറ്റ് സ്നാക്കുകള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്. പച്ചക്കറികള്‍, ഇലക്കറികള്‍, ഓട്സ്, മില്ലെറ്റ്സ്, ബ്രൗണ്‍ റൈസ്, പഴങ്ങള്‍, നട്ടുകള്‍, വിത്തുകള്‍, പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം എന്നിവയെല്ലാം ഉള്‍പ്പെടുത്തണം. പാത്രത്തിന്റെ പകുതി പച്ചക്കറികള്‍, നാലിലൊന്ന് പ്രോട്ടീന്‍, ശേഷിക്കുന്നത് കാര്‍ബോഹൈഡ്രേറ്റ്. ഈ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് പ്രീഡയബറ്റിക് അവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വ്യായാമം സഹായിക്കും. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ശരീരഭാരത്തിന്റെ 10 ശതമാനം കുറച്ചാല്‍ പോലും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാകാന്‍ സഹായിക്കും. പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കുന്നത് ഏറെ പ്രധാനമാണ്. ദിവസവും 78 മണിക്കൂര്‍ ഉറങ്ങുക. രാത്രി വൈകി ഉറങ്ങുന്ന ശീലം ഒഴിവാക്കുക. സമ്മര്‍ദ്ദം കൂടുമ്പോള്‍ രക്തത്തിലെ പഞ്ചസാര ഉയരാന്‍ സാധ്യത കൂടുതലാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.90, പൗണ്ട് - 128.78, യൂറോ - 111.34, സ്വിസ് ഫ്രാങ്ക് - 122.01, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.42, ബഹറിന്‍ ദിനാര്‍ - 254.28, കുവൈത്ത് ദിനാര്‍ -309.92, ഒമാനി റിയാല്‍ - 249.42, സൗദി റിയാല്‍ - 25.55, യു.എ.ഇ ദിര്‍ഹം - 26.20, ഖത്തര്‍ റിയാല്‍ - 26.31, കനേഡിയന്‍ ഡോളര്‍ - 69.57.
Tags:
KERALA