Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | മേയ് 19, ചൊവ്വ 
1201 | ഇടവം 5 , മകീര്യം

◾  പെട്രോളിനും ഡീസലിനും ലീറ്ററിന് 90 പൈസ വീതം വില കൂട്ടി. പുതുക്കിയ നിരക്കനുസരിച്ച് കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 109 രൂപ 73 പൈസയും ഡീസലിന് 98 രൂപ 63 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ 71 പൈസയാണ്. അഞ്ചു ദിവസത്തിനിടെ രണ്ടാം തവണയാണു വില വര്‍ധിപ്പിക്കുന്നത്. പതിനഞ്ചാം തീയതി പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതം വര്‍ധിപ്പിച്ചിരുന്നു.

◾  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യണമെന്ന് സുപ്രീം കോടതി. തെരുവുനായകള്‍ക്കെതിരെ നടപടി എടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കു സംരക്ഷണം നല്‍കണമെന്നും കോടതി. പൊതുഇടങ്ങളില്‍നിന്ന് തെരുവു നായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരേ മൃഗസ്നേഹികള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഉത്തരവ്.

◾  സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി പരിശോധിച്ചു ധവളപത്രം തയാറാക്കാന്‍ വി.ഡി സതീശന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമിതിയുടെ അധ്യക്ഷനായി ഡോ.കെ എം ചന്ദ്രശേഖറിനെ നിയോഗിച്ചു. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍ കണ്‍വീനറാണ്. സാമ്പത്തിക വിദഗ്ധന്‍ ഡോ. നാരായണ, സി.ഡി.എസ് ഡയറക്ടര്‍ ഡോ.വീരമണി എന്നിവരാണ് സമിതി അംഗങ്ങള്‍. 10 ദിവസത്തിനകം ധവളപത്രം ഇറക്കും.

◾  മന്ത്രിമാര്‍ക്കു വകുപ്പുകള്‍ വീതംവയ്ക്കുന്നതില്‍ ചില തര്‍ക്കങ്ങളുണ്ടെന്ന് മന്ത്രി കെ മുരളീധരന്‍. ഉന്നത വിദ്യാഭ്യാസം, ഫിഷറീസ് എന്നിങ്ങനെ ചില വകുപ്പുകളില്‍ മാറ്റങ്ങള്‍ക്കു സാധ്യതയുണ്ട്. ഇന്നു വൈകുന്നേരത്തിനു മുമ്പേ എല്ലാം പരിഹരിക്കും. പാര്‍ട്ടിക്കകത്തും ചില മാറ്റങ്ങള്‍ വേണ്ടി വരുമെന്നും മുരളീധരന്‍.

◾  പിണറായി സര്‍ക്കാര്‍ പത്തു വര്‍ഷം മുമ്പ് അടച്ചുപൂട്ടിയ സെക്രട്ടേറിയറ്റിന്റെ പ്രധാനപ്പെട്ട കവാടമായ നോര്‍ത്ത് ഗേറ്റ്  തുറന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഗേറ്റ് തുറന്നത്. പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ ഒരു വശത്തേക്ക് മാറ്റി. സമര കവാടമെന്നാണ് ഈ ഗേറ്റ് അറിയപ്പെടുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിറകേ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഗേറ്റ് അടച്ചത്.

◾  പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന് ആവര്‍ത്തിച്ച് സിപിഐ. അര്‍ഹതയുള്ളതുകൊണ്ടാണ് ചോദിച്ചതെന്നും ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. ഉപനേതാവ് ആരായിരിക്കണമെന്നു സിപിഐയില്‍ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾  നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുമെന്നും വിമര്‍ശനങ്ങള്‍ ഉയരാനാണ് യോഗം ചേരുന്നതെന്നും സിപിഎം നേതാവ് എം സ്വരാജ്. അരുതാത്തത് എന്തോ സംഭവിച്ചെന്ന് കരുതേണ്ടതില്ല. എന്നാല്‍ യോഗം സംബന്ധിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍ യാഥാര്‍ഥ്യമല്ലെന്നും എം സ്വരാജ് പറഞ്ഞു.

◾  സിപിഎമ്മില്‍ നേതൃമാറ്റത്തിന്റെ ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് ടി.പി. രാമകൃഷ്ണന്‍. എല്‍ഡിഎഫിനുണ്ടായ തോല്‍വി സംബന്ധിച്ച പരിശോധന എല്‍ഡിഎഫും സിപിഎമ്മും നടത്തിവരികയാണ്. പൂര്‍ത്തിയായശേഷം പുതിയ നിലപാടുണ്ടെങ്കില്‍ അറിയിക്കുമെന്നും ടി.പി. രാമകൃഷ്ണന്‍.

◾  പിണറായിയെ ഇനി മാറ്റാനാവില്ലെന്നും പ്രതിപക്ഷ നേതാവായി തീരുമാനിച്ചു കഴിഞ്ഞുവെന്നും സിപിഎമ്മിലെ മുതിര്‍ന്ന നേതാവ് കെ.കെ ശൈലജ. ആശമാരെ ഇടതുപക്ഷം ആക്ഷേപിച്ചിട്ടില്ല, സഹായിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും  ശൈലജ പറഞ്ഞു.

◾  സിപിഎം സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിലും നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം. പിണറായി വിജയനും എം. വി. ഗോവിന്ദനുമെതിരേയും രൂക്ഷ വിമര്‍ശനം ഉണ്ടായി.

◾  പാലക്കാട്ടെ സിപിഎമ്മിലെ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയതിനെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. പാര്‍ട്ടി അംഗങ്ങള്‍ക്ക് പാര്‍ട്ടി വേദിയില്‍ വിമര്‍ശിക്കാമെന്നും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി വിമര്‍ശിക്കുന്നത് സംഘടനാരീതി അല്ലെന്നും ഇ എന്‍ സുരേഷ് ബാബു വിമര്‍ശിച്ചു.

◾  കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യയാത്ര നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍ നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് ആലോചന. തീരുമാനത്തെ എതിര്‍ക്കുന്ന സ്വകാര്യ ബസുടമകളുടെ സംഘടനാ നേതാക്കളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

◾  സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആര്‍ടിസിക്ക് അധിക ബാധ്യത വരുത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ശമ്പളം കൃത്യമായി നല്‍കണം. ആശാ വര്‍ക്കര്‍മാര്‍ക്ക് വാഗ്ദാനം ചെയ്ത 21,000 രൂപ നല്‍കാത്തതു വഞ്ചനയാണെന്നും രാമകൃഷ്ണന്‍.

◾  കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച മുഖ്യമന്ത്രി സതീശന്‍ അതിനുള്ളത് സ്വന്തം വീട്ടില്‍നിന്ന് കൊണ്ടുവരട്ടെയെന്ന് സിപിഎം നേതാവ് എം.എം. മണി. ഇവര്‍ കൊണ്ടുവരുന്ന വികസനം എങ്ങനെയുള്ളതാണെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  എല്‍.ഡി.എഫ്. കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കി മാറ്റിയിട്ടും പൊതുവികസന പദ്ധതികള്‍ നടപ്പിലാക്കിയിട്ടും എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന പരിശോധന നടക്കുകയാണ്. ദേശാഭിമാനിയിലെ ലേഖനത്തിലാണ് ഇങ്ങനെ പ്രതികരിച്ചത്.

◾  ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ വാഗ്ദാനങ്ങള്‍ നടപ്പാക്കിയ വി.ഡി. സതീശനും ടീമിനും അഭിനന്ദനങ്ങള്‍ നേരുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പൂര്‍ണ്ണമായി തകര്‍ന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നും ആന്റണി ചൂണ്ടിക്കാട്ടി.  

◾  ശബരിമലയിലെ സ്വര്‍ണം പൂശലില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്തത്. പി.എസ് പ്രശാന്തിന്റെ കാലത്തെ സ്വര്‍ണംപൂശലാണ് സംശയനിഴലിലുള്ളത്. സ്വര്‍ണ നഷ്ടം വന്നിട്ടില്ലെന്നും നടപടിക്രമങ്ങളിലാണ് വീഴ്ചയെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.

◾  ഏകപക്ഷീയമായി റദ്ദാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കുംഭമേളയിലൂടെ വൈറല്‍ താരമായ മൊണാലിസയും, ഭര്‍ത്താവ് ഫര്‍മാന്‍ ഖാനും മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. രേഖകള്‍ വ്യാജമായി തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

◾  കോഴിക്കോട് പേരാമ്പ്രയില്‍ കാറിനു തീപിടിച്ച് ഗര്‍ഭിണിയായിരുന്ന സോന മരിച്ച സംഭവത്തില്‍ കന്നാസില്‍ പെട്രോള്‍ വാങ്ങിയ സ്ത്രീ ആരെന്നു പോലീസ് തെരയുന്നു. തീപിടിക്കാന്‍ കാരണം വാഹനത്തിന്റ തകരാറല്ലെന്നു മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ ബോധ്യമായി. കാറില്‍ പെട്രോളുമായി പോകവേയായിരുന്നു തീപിടിത്തം. കാറിലുണ്ടായിരുന്ന ഭര്‍ത്താവ് രജിന്‍ലാലും സോനയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും പോലീസ് കണ്ടെത്തി.

◾  വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്കെത്തിയ യുവനടി റിനി ആന്‍ ജോര്‍ജിനെ കൂകിവിളിച്ച് ആള്‍ക്കൂട്ടം. കൂകിവിളിക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലൂടെ ചിരിച്ചുകൊണ്ടു നടന്നു പോകുന്ന റിനിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. കണ്ണുകടിമൂലം ചില കുലംകുത്തികള്‍ ഓരിയിട്ടെന്നാണ് റിനിയുടെ പ്രതികരണം. അതിനെ അവജ്ഞയോടെ തള്ളിയെന്നും റിനി.

◾  വി ഡി സതീശന്‍ സര്‍ക്കാരില്‍ പതിമൂന്നാം നമ്പര്‍ കാര്‍ ആര്‍ക്കും വേണ്ട. ഇന്നലെ 13 ാം നമ്പര്‍ കാര്‍ ടൂറിസം വകുപ്പ് തയ്യാറാക്കിയിരുന്നുവെങ്കിലും മന്ത്രിമാര്‍ ആരും ഏറ്റെടുത്തില്ല.

◾  വോട്ട് ചെയ്യാന്‍ ബംഗാളിലേക്കു പോയ അതിഥി തൊഴിലാളികള്‍ മടങ്ങിയെത്താത്തതുമൂലം കേരളത്തില്‍ തൊഴിലാളി ക്ഷാമം. നിര്‍മ്മാണം, ഹോട്ടല്‍, പ്ലൈവുഡ് തുടങ്ങിയ വിവിധ മേഖലകളെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്.

◾  സംസ്ഥാനത്ത് പാഠപുസ്തകങ്ങളുടെ അച്ചടി വൈകുന്നു. പത്താം ക്ലാസിലേക്കുള്ള പുസ്തകങ്ങള്‍ മാത്രമാണ് വിതരണം പൂര്‍ത്തിയായത്. പേപ്പറുകളുടെ ക്ഷാമമാണ് പ്രതിസന്ധിക്കു കാരണം.

◾  ബസ് യാത്രക്കാരന്റെ കൈയിലിരുന്ന ലക്ഷം രൂപ കവര്‍ന്ന കേസില്‍ രണ്ട് പ്രതികളെ കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി പള്ളുരുത്തി സ്വദേശി നിസാര്‍ (ജോയ് - 62), ആലുവ സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ (65) എന്നിവരെയാണ് കോട്ടക്കല്‍ പോലീസ് പിടികൂടിയത്.

◾  യുവതിയുടെ കൈപത്തി വെട്ടിമാറ്റി ഭര്‍ത്താവിന്റെ അച്ഛന്‍. കൊല്ലം കൊട്ടാരക്കര കിഴക്കേ തെരുവിലാണ് സംഭവം. കിഴക്കേത്തെരുവ് സ്വദേശി അലക്സാണ്ടറാണ് മരുമകള്‍ ജിംസ് ജോണിന്റെ കൈപ്പത്തി വെട്ടിയത്.

◾  മഞ്ചേരി പന്തല്ലൂരില്‍ ഞാവല്‍പ്പഴം പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പന്തല്ലൂര്‍ കടമ്പോടിലെ ബിസ്മി ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാരി പുളിക്കല്‍ റുഷ്ദയുടെയും വെള്ളില സ്വദേശി ജാഫറിന്റെയും മകന്‍ അഹില്‍ ഷാന്‍ (13) ആണ് മരിച്ചത്.

◾  ചക്കയിടാന്‍ കയറുമ്പോള്‍ മതിലില്‍ നിന്നും വീണ് ഗൃഹനാഥന്‍ മരിച്ചു. പാപ്പനംകോട് പൂഴിക്കുന്ന് പൊറ്റവിള പുത്തന്‍വീട്ടില്‍ രാമന്‍കുട്ടി (60) ആണ് മരിച്ചത്.

◾  പ്രത്യേക ഭരണപ്രദേശം വേണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലെ കുക്കികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നിവേദനം നല്‍കി. നിലനില്‍പ് ഭീഷണിയിലെന്നും കുക്കികള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിക്കുന്നില്ലെന്നും നിവേദനത്തില്‍ പറയുന്നു. പുറത്തേക്കുള്ള യാത്രക്കായി പ്രത്യേക ഹെലികോപ്റ്റര്‍ സംവിധാനം വേണമെന്നും കുക്കി വിഭാഗം ആവശ്യപ്പെട്ടു.

◾  കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ അധികാരത്തിലേറ്റുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സമയം തേടി. നേതൃമാറ്റ ചര്‍ച്ചകളില്‍ ഉടന്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

◾  രേണുകാസ്വാമി കൊലക്കേസില്‍ പ്രതിയായ നടന്‍ ദര്‍ശന്‍ ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചെന്ന അഭ്യൂഹം സാമൂഹ്യമാധ്യമങ്ങളില്‍. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ദര്‍ശന്‍ അതീവനിരാശനാണെന്ന് ഭാര്യ വിജയലക്ഷ്മി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

◾  തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ, ഡിഎംകെയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ 'പെന്‍' ഏജന്‍സിക്കെതിരെ പാര്‍ട്ടിയില്‍ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രി സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ ഉടമസ്ഥതയിലുള്ള ഏജന്‍സിയുടെ തീരുമാനങ്ങളാണ് തോല്‍വിക്ക് കാരണമെന്ന് നേതാക്കള്‍ ആരോപിച്ചു.

◾  നോര്‍വെയുടെ ഹരിതോര്‍ജ്ജ സാങ്കേതിക വിദ്യ ഇന്ത്യക്കു കൈമാറും. നോര്‍വെയില്‍ നിന്ന് പത്തു ലക്ഷം കോടി നിക്ഷേപം ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോര്‍വേ സന്ദര്‍ശനം ഫലപ്രദമായിരുന്നെന്നും അടുത്ത പത്തു വര്‍ഷത്തിനിടെ 10 ലക്ഷം തൊഴിലവസരം രാജ്യത്തുണ്ടാകുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളും ഇന്ത്യയും ഉള്‍പ്പെടുന്ന ഇന്ത്യ നോര്‍ഡിക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.

◾  യൂറോപ്പ് സന്ദര്‍ശനത്തിനിടെ പത്രലേഖരുടെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടിനല്‍കാതെ കൈമലര്‍ത്തിയെന്ന വിവാദത്തില്‍ മറുപടിയുമായി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സിബി ജോര്‍ജ്. നൂറു കണക്കിനു മാധ്യമങ്ങളുള്ള ഇന്ത്യയെക്കുറിച്ചു ഒരു ധാരണയുമില്ലാതെയാണ് ചോദ്യമെന്നാണു വിദേശകാര്യ സെക്രട്ടറിയുടെ പ്രതികരണം. കോവിഡ് കാലത്ത് ആഗോള വിശ്വാസ്യത നേടിയ ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനമുണ്ടായാല്‍ കോടതിയെ സമീപിക്കാം. ഇന്ത്യയുടെ 5000 വര്‍ഷത്തെ സനാതനമായ നാഗരികതയെക്കുറിച്ചും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്.

◾  ലണ്ടന്‍ ആസ്ഥാനമായുള്ള സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം പ്രയോജനപ്പെടുത്തുന്നതോടെ എണ്ണായിരത്തോളം ജീവനക്കാരെ പിരിച്ചുവിടും. 15 ശതമാനം ജീവനക്കാരെ ഒഴിവാക്കാനാണു തീരുമാനം.

◾  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേയും വധിക്കുന്നവര്‍ക്ക് 5.8 കോടി ഡോളര്‍ പാരിതോഷികം നല്‍കുന്നതിനുള്ള നിയമം ഇറാന്‍ പാര്‍ലമെന്റില്‍. 580 കോടി രൂപ ഇനാം പ്രഖ്യാപിക്കുന്നതു പരിഗണനയിലുണ്ടെന്ന് ഇറാന്റെ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് ഫോറിന്‍ പോളിസി കമ്മിറ്റി ചെയര്‍മാന്‍ ഇബ്രാഹിം അസീസിയാണു വെളിപെടുത്തിയത്.  

◾  ഇറാനെതിരായ ആക്രമണം മാറ്റിവെയ്ക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് നടപടിയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. സമാധാന കരാര്‍ സാധ്യമായില്ലെങ്കില്‍ ഇന്ന് ഇറാനെ ആക്രമിക്കാനായിരുന്നു ട്രംപിന്റെ നീക്കം.

◾  അമേരിക്ക ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ അത് വലിയ രക്തച്ചൊരിച്ചിലിന് കാരണമാകുമെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡിയാസ് കാനല്‍ പറഞ്ഞു. അമേരിക്കന്‍ മാധ്യമമായ 'ആക്സിയോസ്' പുറത്തുവിട്ട റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ക്യൂബയുടെ ഈ ശക്തമായ പ്രതികരണം.

◾  റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ ചൈനയിലേക്ക്. അമേരിക്ക - ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പുടിന്‍ ചൈനയില്‍ എത്തുന്നത്.

◾  അഫ്ഗാനിസ്ഥാനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിനും ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇന്നു പ്രഖ്യാപിക്കും. ഗോഹട്ടിയില്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തില്‍ ഇന്നു ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗം ടീമില്‍ വന്‍ അഴിച്ചുപണി നടത്തുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഒരു ടെസ്റ്റ് മത്സരവും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ പരമ്പരയിലുള്ളത്.

◾  വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള ലിസ്റ്റഡ് കമ്പനികളുടെ ലോക റാങ്കിംഗില്‍ ആദ്യ നൂറില്‍ നിന്നും ഇന്ത്യന്‍ കമ്പനികള്‍ പുറത്ത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ആദ്യമായാണിത്. 2025-ന്റെ തുടക്കത്തില്‍ മൂന്ന് ഇന്ത്യന്‍ കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്.ഡി.എഫ്.സി ബാങ്ക് എന്നിവയ്ക്ക് ആദ്യ നൂറിനുള്ളില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട്, ആഭ്യന്തര വിപണിയില്‍ ശക്തമായ തിരുത്തല്‍ നേരിട്ടതോടെ മിക്ക ഓഹരികളും പ്രധാന സൂചികയേക്കാളും നഷ്ടം രേഖപ്പെടുത്തുകയായിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ 6 ഇന്ത്യന്‍ കമ്പനികള്‍ക്ക് 100 ബില്യണ്‍ ഡോളറിന് (10,000 കോടി ഡോളര്‍) മുകളില്‍ വിപണി മൂല്യം ഉണ്ടായിരുന്നു. നിലവിലത് മൂന്ന് കമ്പനികളായി ചുരുങ്ങി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബിലുള്ളത്.
 
◾  എഐ ഡീപ്ഫേക്കുകള്‍ കണ്ടെത്തുന്നതിനുള്ള ശക്തമായ ടൂള്‍ അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്. 18 വയസിന് മുകളിലുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ടൂള്‍ ലഭ്യമാക്കും. ഉപയോക്താക്കളുടെ മുഖത്തിന് ഡിജിറ്റല്‍ സംരക്ഷണം ഒരുക്കുന്ന സംവിധാനമാണ് യൂട്യൂബിന്റെ എഐ ഡീപ്ഫേക്ക് ഡിറ്റെക്ഷന്‍ ടൂള്‍. പകര്‍പ്പവകാശമുള്ള സംഗീതവും സിനിമയുടെ ഭാഗങ്ങളും സ്വയം കണ്ടെത്തുന്ന യൂട്യൂബിന്റെ പ്രശസ്തമായ 'കണ്ടെന്റ് ഐഡി' സംവിധാനത്തിന് സമാനമായാവും ഇതും പ്രവര്‍ത്തിക്കുക. ഇത് പ്രവര്‍ത്തന സജ്ജമാക്കാന്‍ ഉപയോക്താക്കള്‍ സ്വന്തം മുഖത്തിന്റെ സെല്‍ഫി ശൈലിയിലുള്ള വീഡിയോ നല്‍കണം. യൂട്യൂബിന്റെ എഐ സംവിധാനം തുടര്‍ന്ന് പ്ലാറ്റ്ഫോം നിരന്തരം നിരീക്ഷിക്കും. സിസ്റ്റം ഒരു സാമ്യം കണ്ടെത്തുകയാണെങ്കില്‍ അത് ഉടന്‍ ഉപയോക്താവിനെ അറിയിക്കും. അവര്‍ക്ക് വീഡിയോ അവലോകനം ചെയ്തശേഷം ഉള്ളടക്കം നീക്കം ചെയ്യാന്‍ യൂട്യൂബിനോട് ഔദ്യോഗികമായി ആവശ്യപ്പെടാം.

◾  തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ 'പെദ്ധി' യുടെ ട്രെയ്‌ലര്‍ പുറത്ത്. ജൂണ്‍ 4 ന് ആണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തുക. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായ 'പെദ്ധി' ആയാണ് രാം ചരണ്‍ വേഷമിട്ടിരിക്കുന്നത്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവയില്‍ അഗ്രഗണ്യനായ ഒരു യുവാവായാണ് രാം ചരണ്‍ ചിത്രത്തിലെത്തുന്നത്. ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആണ് ചിത്രത്തിലെ നായിക. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ഈ ചിത്രത്തില്‍ ഒരു നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം ദിവ്യേന്ദു ശര്‍മ, ജഗപതി ബാബു, ബോമന്‍ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾  'തിരക്കിനിടയില്‍ അല്പനേരം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മെയ് 22ന് ചിത്രം തീയറ്ററില്‍ റിലീസാകുന്നു. ചിത്രത്തിന്റെ രചന, സംവിധാനം ജയന്‍ ആനിക്കാട് നിര്‍വഹിക്കുന്നു. ഒരേ പ്രദേശത്ത് താമസിക്കുന്ന നാല് കുടുംബങ്ങള്‍. ജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങളില്‍ മുന്നോട്ടുപോകുന്ന ഇവരുടെ ടീനേജ് പ്രായത്തിലേക്ക് എത്തുന്ന ഒരേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍.അവരുടെ കഥയാണ് ചിത്രം പറയുന്നത്. എത്ര തിരക്കുണ്ടെങ്കിലും മാതാപിതാക്കള്‍ അല്‍പസമയം കുട്ടികളോടൊപ്പം ചിലവഴിക്കണം എന്ന ശക്തമായ താക്കീതു സമൂഹത്തിനു നല്‍കുന്ന പ്രമേയമാണിത്. നിരഞ്ജന്‍, നവന്‍ലാല്‍, അനിരുധ്, ശിവാനി എന്നീ പുതുമുഖങ്ങളായ ടീനേജ് അഭിനേതാക്കളോടൊപ്പം അജിത് കൂത്താട്ടുകുളം, സുനില്‍രാജ് ,സിറില്‍,പ്രദീപ് നെയ്യാറ്റിന്‍കര, ആശാരാജ്, മുരളി കുട്ടമ്പുഴ, ശ്രീകണ്ഠന്‍ മാരാരിക്കുളം, നിത്യ എ മേനോന്‍,ദേവിക എന്നിവരും അഭിനയിക്കുന്നു.

◾  ടിവിഎസിന്റെ ചരിത്രത്തില്‍ ആദ്യമായി കമ്പനിയുടെ വരുമാനം 47,270 കോടി (472.7 ബില്യണ്‍ രൂപ)യിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 30 ശതമാനം വര്‍ധനവാണ് ഈ കണക്ക്. 2025 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി മൊത്തം 36,251 കോടി (362.5 ബില്യണ്‍ രൂപ) വരുമാനം നേടി. 2026 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 27.13 ലക്ഷം മോട്ടോര്‍സൈക്കിളുകള്‍ വിറ്റു, 2025 ല്‍ ഇത് 21.95 ലക്ഷം യൂണിറ്റായിരുന്നു, ഇത് ബ്രാന്‍ഡിന് 24% വളര്‍ച്ചയെ പ്രതിനിധീകരിക്കുന്നു. ഇതേ കാലയളവില്‍, ബ്രാന്‍ഡ് 24.13 ലക്ഷം സ്‌കൂട്ടറുകള്‍ വിറ്റു, 2025 സാമ്പത്തിക വര്‍ഷത്തിലെ 19.04 ലക്ഷം യൂണിറ്റുകളില്‍ നിന്ന് 27% വര്‍ധന. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന 33% വര്‍ദ്ധിച്ച് 3.71 ലക്ഷം യൂണിറ്റായി. 2026 ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി 12,808 കോടി വരുമാനം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി ആകെ 59 ലക്ഷം വാഹനങ്ങള്‍ വിറ്റു. ഇതില്‍ ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും ഉള്‍പ്പെടുന്നു.

◾  മണ്ണിന്റെ മണം നിറഞ്ഞ സ്വന്തം ഗ്രാമത്തില്‍നിന്ന് മരുഭൂമിയിലെ മരുപ്പച്ച തേടിയുള്ള ജീവിതയാത്ര. രണ്ട് ഭൂമികകളുടെയും രണ്ട് ജീവിത രീതികളുടെയും ഇടയിലുണ്ടായ വേദന നിറഞ്ഞതും സന്തോഷം നിറഞ്ഞതുമായ ജീവിതാനുഭവങ്ങളാണ് ഈ ആത്മകഥയുടെ ഹൃദയം. വേരുകളെ മറക്കാതെ ശിഖരങ്ങള്‍ ഉയര്‍ത്തിയ വ്യക്തിയുടെ ആത്മഭാഷണങ്ങള്‍. 'നന്മയുടെ സഹവര്‍ത്തിത്വം - മാറഞ്ചേരിയില്‍നിന്നും അബുദാബിയിലേക്കൊരു ജീവിതയാത്ര'. എ.ടി. അലി. ഗ്രീന്‍ ബുക്സ്. വില 272 രൂപ.

◾  പലരും സാധാരണമെന്ന് കരുതുന്ന അഞ്ച് ശീലങ്ങളാണ് പ്രധാനമായും കുടവയറിന് കാരണം. നമ്മുടെ ഭക്ഷണശീലം ഒരു ഘടകമാണ്. രാവിലെ ബ്രെഡ്, ഉച്ചയ്ക്ക് ചോറും രാത്രി ചപ്പാത്തിയും കഴിക്കുന്ന ഭക്ഷണക്രമം നമ്മളറിയാതെ തന്നെ ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റ് വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. അമിത കാര്‍ബോഹൈഡ്രേറ്റ് ശരീരത്തില്‍ ഗ്ലൂക്കോസായി മാറുന്നു. ഇത് ഊര്‍ജമായി ഉപയോഗിക്കപ്പെട്ടില്ലെങ്കില്‍ ശരീരത്തില്‍ കൊഴുപ്പായി സംഭരിക്കപ്പെടുകയും ഇത് തടിയും വയറും കൂടാന്‍ കാരണമാവുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദം ശരീരത്തിന്റെ രാസഘടനയില്‍ മാറ്റങ്ങള്‍ വരുത്തും. ഉറക്കക്കുറവ്, സമ്മര്‍ദം നിറഞ്ഞ ജോലി ശൈലി, തെറ്റായ ഭക്ഷണരീതി എന്നിവ കോര്‍ട്ടിസോളിന്റെ അളവ് കൂട്ടും. ഇത് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന അളവു വര്‍ധിപ്പിക്കും. ഉറക്കം കുറഞ്ഞാലും സമ്മര്‍ദം കൂടിയാലും വയറ്റിലെ കൊഴുപ്പ് വര്‍ധിക്കാന്‍ കാരണമാകും. വേഗത്തിലുള്ള നടത്തം, ജോഗിങ്, സൈക്കിളിങ് പോലെ ഹൃദയമിടിപ്പ് കൂട്ടുന്ന കാര്‍ഡിയോ വ്യായാമങ്ങള്‍ ദിവസവും കുറഞ്ഞത് 40 മിനിറ്റെങ്കിലും ചെയ്യേണ്ടതുണ്ട്. ശരീരം വിയര്‍ക്കുന്ന തരത്തിലുള്ള ചലനങ്ങള്‍ ആവശ്യമാണ്. സംസ്‌കരിച്ച ഭക്ഷണം അമിതമായി കഴിക്കുന്ന ശീലം ദഹനം മന്ദഗതിയിലാക്കുകയും, ഭക്ഷണത്തോടുള്ള ആസക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകും. കൂടാതെ, പാല്‍, പനീര്‍, തൈര് തുടങ്ങിയ പാല്‍ ഉത്പ്പന്നങ്ങള്‍ ദിവസത്തില്‍ പലതവണ കഴിക്കുന്ന ശീലം പരിമിതപ്പെടുത്തണം. പകരം, പഴങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 96.36, പൗണ്ട് - 129.17, യൂറോ - 112.19, സ്വിസ് ഫ്രാങ്ക് - 122.77, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.76, ബഹറിന്‍ ദിനാര്‍ - 255.40, കുവൈത്ത് ദിനാര്‍ -311.77, ഒമാനി റിയാല്‍ - 250.61, സൗദി റിയാല്‍ - 25.68, യു.എ.ഇ ദിര്‍ഹം - 26.21, ഖത്തര്‍ റിയാല്‍ - 26.44, കനേഡിയന്‍ ഡോളര്‍ - 70.16.
Previous Post Next Post
3/TECH/col-right