2026 | മേയ് 18, തിങ്കള്‍
1201 | ഇടവം 4 , രോഹിണി
◾ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് ജൂണ്‍ 15 മുതല്‍ സൗജന്യ യാത്ര അനുവദിക്കാന്‍ വി.ഡി. സതീശന്‍ മന്ത്രിസഭയുടെ ആദ്യ യോഗം തീരുമാനിച്ചു. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ച് അവരെ സംരക്ഷിക്കുന്നതിനുള്ള നടപടികളുണ്ടാകുമെന്ന സുപ്രധാന തീരുമാനവും മന്ത്രിസഭ കൈക്കൊണ്ടു. മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി.ഡി. സതീശന്‍തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
◾ ആശാ വര്‍ക്കര്‍മാര്‍ക്ക് മൂവായിരം രൂപയുടെ ശമ്പള വര്‍ധന. അംഗന്‍വാടി ജീവനക്കാര്‍, പാചകത്തൊഴിലാളികള്‍, പ്രീ പ്രൈമറി അധ്യാപകര്‍, ആയമാര്‍ എന്നിവരുടെ പ്രതിഫലം ആയിരം രൂപ വീതം വര്‍ധിപ്പിക്കും. ആശാ വര്‍ക്കര്‍മാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കും. അവര്‍ക്കു നല്‍കിയ വാക്ക് പാലിക്കുകയാണ്. ആശാ വര്‍ക്കര്‍മാര്‍ക്ക് ഇപ്പോഴുള്ള പ്രതിഫലം ഒമ്പതിനായിരം രൂപയില്‍നിന്ന് പന്തീരായിരം രൂപയാകും. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു.
◾ പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നയിച്ച നവകേരള സദസിനിടെ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മര്‍ദിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2023 നവംബര്‍ 15 ന് ആലപ്പുഴയില്‍ പ്രതിഷേധിച്ചതിന് ഇപ്പോള്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട എ.ഡി. തോമസ് അടക്കമുള്ളവരെയാണു മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ മര്‍ദിച്ചത്. ഇതു സംബന്ധിച്ച കേസില്‍ കോടതി പുനരന്വേഷണം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല.
◾ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചു ധവളപത്രം പുറത്തിറക്കും. സാമ്പത്തിക വിദഗ്ധരടങ്ങുന്ന സംഘം പരിശോധിച്ചാണു ധവളപത്രം പുറത്തിറക്കുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു.
◾ നിയമസഭാ സമ്മേളനം മേയ് 21 ന് ആരംഭിക്കാന്‍ ഗവര്‍ണര്‍ക്കു ശുപാര്‍ശ ചെയ്തു. 21 ന് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടത്തും. 22 ന് സ്പീക്കറെ തെരഞ്ഞെടുക്കും. 29 നു നയപ്രഖ്യാപന പ്രസംഗം നടത്തും. ജി. സുധാകരനെ പ്രോ ടേം സ്പീക്കറായി തെരെഞ്ഞെടുക്കും. അഡ്വ. ജയ്ജു ബാബുവിനെ അഡ്വ ജനറലായി നിയമിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായി ടി. അസഫലിയെ നിയമിക്കും.
◾ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സതീശനു പിറകേ, 21 അംഗ മന്ത്രിസഭയിലെ മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വി.ഡി. സതീശന്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും മൂന്നാമതായി രമേശ് ചെന്നിത്തലയും സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് സണ്ണി ജോസഫ്, കെ. മുരളീധരന്‍,മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, എ.പി. അനില്‍കുമാര്‍, എന്‍. ഷംസുദ്ദീന്‍, പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീര്‍, വി.ഇ. അബ്ദുള്‍ ഗഫൂര്‍, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരെല്ലാം ദൈവനാമത്തിലും ഷിബു ബേബി ജോണ്‍, സി.പി ജോണ്‍ എന്നിവര്‍ സഗൗരവവുമാണു സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കു ശേഷം മന്ത്രിമാര്‍ രാജ്ഭവനിലേക്കു പോയി. തുടര്‍ന്ന് സെക്രട്ടറിയേറ്റിലെ ഓഫീസുകളിലെത്തി ചുമതലയേറ്റു.
◾ സത്യപ്രതിജ്ഞാ ചടങ്ങു നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലും സമീപ പ്രദേശത്തും ജനസാഗരം. അമ്പതിനായിരം പേരെയാണു പ്രതീക്ഷിച്ചതെങ്കില്‍ എത്തിയത് ലക്ഷത്തിലേറെ പേരാണ്. പതിറ്റാണ്ടിനുശേഷം യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തിയതിന്റെ ആവേശത്തില്‍ പതിനായിരക്കണക്കിനു പ്രവര്‍ത്തകരാണ് ഒഴുകിയെത്തിയത്. പല നിയുക്ത എംഎല്‍എമാര്‍ക്കും പ്രമുഖ പാര്‍ട്ടി നേതാക്കള്‍ക്കും മുന്‍നിരയില്‍ ഇരിപ്പിടം കിട്ടിയില്ല. അവര്‍ക്കായി മാറ്റിവച്ച മുന്‍നിര യിലേക്ക് പ്രവര്‍ത്തകര്‍ ഇരച്ചുകയറി ഇരിപ്പിടങ്ങള്‍ കൈക്കലാക്കി. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ടിവന്നു.
◾ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനു സാക്ഷ്യമേകാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഖാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കള്‍ എത്തി. ഇവരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ സ്വീകരിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖവീന്ദര്‍ സിംഗ് സുഖു, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കള്‍, മത മേലധ്യക്ഷന്മാര്‍ തുടങ്ങിയവരും ചടങ്ങിനെത്തി.
◾ സെക്രട്ടേറിയറ്റില്‍ നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടേയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടേയും ഒഓഫീസുകള്‍. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫീസ് നോര്‍ത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലായിരിക്കും. എ.പി. അനില്‍കുമാര്‍ മുന്‍പ് മന്ത്രിമാരായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന അതേ പഴയ ഓഫീസ് തന്നെ ഇത്തവണയും തെരഞ്ഞെടുത്തു.
◾ വയനാട് പഴയ വൈത്തിരിയില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. നമ്പിക്കൊല്ലി സ്വദേശിയായ നാരായണന്‍, ഭാര്യ സിജി, മകന്‍ അഭി (അമല്‍) എന്നിവരാണ് മരിച്ചത്.
◾ പിണറായി വിജയന്‍ ഉപജാപകസംഘത്തിന്റെ പിടിയിലായ ഏകാധിപതിയേപ്പോലെ ഭരിച്ചെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാ തുറന്നാല്‍ പുറത്തുവന്നിരുന്നതു മണ്ടത്തരമാണെന്നും സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. തിരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഇരുവര്‍ക്കുമെതിരേ വിമര്‍ശനം ഉയര്‍ന്നത്. കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, പാലക്കാട് ജില്ലാ കമ്മിറ്റികളിലും സമാനമായ വിമര്‍ശനങ്ങളുണ്ടായിരുന്നു.
◾ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മോദി ഉറപ്പു നല്‍കി. ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ പുതിയ കേരള ഗവണ്‍മെന്റിന് കേന്ദ്ര ഗവണ്‍മെന്റ് എല്ലാ പിന്തുണയും ഉറപ്പുനല്‍കുന്നുവെന്ന് മോദി എക്സില്‍ കുറിച്ചു.
◾ കേരളത്തില്‍ യുഡിഎഫ് നേടിയ മഹാവിജയത്തിന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനു നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. കേരളത്തിലെ ജനങ്ങള്‍ ഈ സര്‍ക്കാരിനുവേണ്ടി പോരാടി. അവരുടെ ശബ്ദമായിരിക്കും ഈ സര്‍ക്കാരിനെ നയിക്കുക. ഓരോ കേരളീയന്റെയും ശബ്ദമായി മാറുന്ന വി ഡി സതീശന്‍ ജിക്കും മന്ത്രിസഭയ്ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. രാഹുല്‍ഗാന്ധി പറഞ്ഞു.
◾ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റൊരാളെ പാര്‍ട്ടി നിയോഗിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്. പുതിയതായി തിരഞ്ഞെടുക്കപ്പെടുന്ന കെപിസിസി പ്രസിഡന്റുമായി സഹകരിച്ച് മന്ത്രിസഭ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
◾ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നതാകും യുഡിഎഫ് സര്‍ക്കാരിന്റെ ഭരണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന നിലയില്‍ ജനങ്ങള്‍ക്ക് സൈ്വര്യ ജീവിതം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്ത് എത്താന്‍ ഒരു പോരാട്ടവും നടത്തിയിട്ടില്ല. ഇഷ്ടമുള്ള വകുപ്പ് തെരഞ്ഞെടുക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. ചെന്നിത്തല പറഞ്ഞു.
◾ വി.ഡി സതീശന്‍ മന്ത്രിസഭയിലെ ഏറ്റവും ചെറുപ്പക്കാരനായ മന്ത്രി കൊടുങ്ങല്ലൂരില്‍നിന്നു ജയിച്ചുവന്ന മുപ്പത്തിയെട്ടുകാരനായ ഒ.ജെ ജനീഷ്. കഷ്ടപ്പാടുകളിലൂടെയാണു വളര്‍ന്നത്. തൊഴിലുറപ്പ് തൊഴിലാളിയുടെ മകനായി വളര്‍ന്ന ജനീഷ് പെരുമ്പാവൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായും ഇന്റര്‍നെറ്റ് കഫേയിലെ തൊഴിലാളിയായും ജോലി ചെയ്താണ് പഠനം പൂര്‍ത്തിയാക്കിയത്. പെരുമ്പാവൂരിലെ പോളി ടെക്നികില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ചാലക്കുടി സിദ്ധാര്‍ഥ ബാറിലെ ജീവനക്കാരനായിരുന്ന അച്ഛന്‍ ജനരഞ്ജന്‍ കുഴഞ്ഞുവീണു മരിച്ചത്. ജനീഷ് പിന്നീട് തൃശ്ശൂര്‍ ഗവണ്‍മെന്റ് ലോ കോളേജില്‍നിന്ന് എല്‍.എല്‍.ബി നേടി. നവകേരള സദസിനെതിരെയുള്ള പ്രതിഷേധത്തില്‍ 21 ദിവസം ജയില്‍വാസം അനുഭവിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വച്ചപ്പോഴണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായത്.
◾ പുറത്താക്കിയാലും താന്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് പാലക്കാട് മുന്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ പ്രതിപക്ഷ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് ഈ വിജയം. എല്ലാക്കാലവും പാര്‍ട്ടിക്കാരനാണ്. അതിനാല്‍ തന്നെ ഖേദമൊന്നുമില്ല. ജനപ്രതിനിധിയോ പാര്‍ട്ടി ഭാരവാഹിയോ ആകാതേയും മുന്നോട്ടു പോകാനാകുമെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയതായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.
◾ മന്ത്രിമാര്‍ക്ക് ഒരു മാസം ലഭിക്കുന്ന പ്രതിഫലം 97,429 രൂപ. അടിസ്ഥാന ശമ്പളം ക്ഷാമബത്ത, മണ്ഡല അലവന്‍സ്, യാത്രാ അലവന്‍സ് എന്നിവ ഉള്‍പെടെയാണിത്. കൂടാതെ മന്ത്രിമാര്‍ക്കെല്ലാം സകുടുംബം പൂര്‍ണ ചികിത്സാ പരിരക്ഷയും ലഭിക്കും. ഔദ്യോഗിക വസതിയും, കാറും, പൈലറ്റ് വാഹനവും പേഴ്സണല്‍ സ്റ്റാഫ് സൗകര്യവും ലഭിക്കും.
◾ യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാന്‍ സാധിക്കാത്തതിലെ വിഷമം പങ്കുവെച്ച് പി വി അന്‍വര്‍. കഴിഞ്ഞ ദിവസം തലസ്ഥാനത്തുണ്ടായ ചെറിയൊരു അപകടത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇദ്ദേഹത്തിന് പൂര്‍ണ്ണമായ ബെഡ് റെസ്റ്റ് നിര്‍ദ്ദേശിക്കുകയായിരുന്നു.
◾ ദേവികുളം മുന്‍ എംഎല്‍എ എകെ മണി സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ മുന്‍ എംഎല്‍എ എകെ മണി, മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാര്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജാ റാം, ഡ്രൈവര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. പുനലൂര്‍ - മുവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി എലിയറക്കലിന് സമീപത്താണ് അപകടം ഉണ്ടായത്.
◾ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയുംകുറിച്ച് ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്‍ നടത്തിയ പരാമര്‍ശങ്ങളെ ഇന്ത്യ തള്ളി. എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ജനാധിപത്യ രാജ്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
◾ ഗ്രേറ്റ് നികോബാര്‍ പദ്ധതി പാരിസ്ഥിതിക ദുരന്തത്തിന് വഴിയൊരുക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ്. റണ്‍വേയുടെ നീളം മൂന്നിരട്ടിയാക്കുന്നതിനും നാവിക ജെട്ടി നിര്‍മിക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് അഞ്ചു വര്‍ഷത്തിലേറെയായി അനുമതി ലഭിച്ചിട്ടില്ല. ഈ വികസനപദ്ധതികള്‍ക്കു പാരിസ്ഥിതിക ആഘാതം കൂറവായിരിക്കും. എന്നാല്‍ നാവിക തുറമുഖം അടക്കമുള്ള പദ്ധതികള്‍ വലിയ പരിസ്ഥിതി പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന് അയച്ച കത്തില്‍ പറഞ്ഞു.
◾ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിരുന്ന പാസഞ്ചര്‍ ട്രെയിനില്‍ അഗ്നിബാധ. ബിഹാറിലെ സാസാരാം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാറ്റ്നയിലേക്ക് പുറപ്പെട്ട ഭഭുവ-സാസാരാം-പട്ന ഇന്റര്‍സിറ്റി ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനിലെ കോച്ചിന്റെ ശുചിമുറിയില്‍ നിന്നാണ് തീ പടര്‍ന്നത്. നിരവധി യാത്രക്കാര്‍ കോച്ചില്‍ ഇരിപ്പുറപ്പിച്ചിരുന്നു. പുക ഉയര്‍ന്നതോടെ എല്ലാവരും പുറത്തേക്ക് ഇറങ്ങിയോടി.
◾ പ്രണയാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ യുവാവ് കഴുത്തറത്തു കൊലപ്പെടുത്തി. പ്രതിയായ യുവാവിനെ ആള്‍ക്കൂട്ടം ഓടിച്ചിട്ടു പിടികൂടി തല്ലിക്കൊന്നു. തെലങ്കാനയിലെ ജഡ്ചേര്‍ലയിലാണ് സംഭവം. സ്വകാര്യസ്‌കൂളില്‍ റിസപ്ഷനിസ്റ്റായ വൈഷ്ണവി(21)യെയാണ് തേജ എന്ന യുവാവ് കൊലപ്പെടുത്തിയത്. ആള്‍ക്കൂട്ട മര്‍ദനത്തില്‍ മാരകമായി പരിക്കേറ്റ തേജ ആശുപത്രിയില്‍ മരിച്ചു.
◾ തമിഴക വെട്രി കഴകം സര്‍ക്കാരിന് ആറുമാസത്തില്‍ കൂടുതല്‍ ആയുസുണ്ടാവില്ലെന്ന് ഡിഎംകെ എംഎല്‍എയും മുന്‍ മന്ത്രിയുമായ അനിത രാധാകൃഷ്ണന്‍. വിജയുടെ പാര്‍ട്ടിക്ക് നിയമസഭയില്‍ സ്വന്തമായി വ്യക്തമായ ഭൂരിപക്ഷമില്ലെന്നും മറ്റ് കക്ഷികളുടെ ദയയിലാണ് ഈ സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്നും അനിത രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
◾ വ്യോമാഭ്യാസ പ്രകടനത്തിനിടെ യുഎസ് നേവിയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് അഗ്നിഗോളമായി. വിമാനങ്ങളിലെ പൈലറ്റുമാര്‍ ഇജക്ട് ചെയ്ത് രക്ഷപ്പെട്ടു. അമേരിക്കയിലെ ഇദാഹോയില്‍ നടന്ന വ്യോമാഭ്യാസ പ്രകടനത്തിനിടെയാണ് യുഎസ് നാവികസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ചത്.
◾ നൈജീരിയയിലെ ബോര്‍ണോ സ്റ്റേറ്റില്‍ മൂന്ന് സ്‌കൂളുകളിലെ അമ്പതിലധികം കുട്ടികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. കാണാതായവരില്‍ ഭൂരിഭാഗവും അഞ്ചു വരെ വയസുള്ള കുട്ടികളാണ്. സായുധ സംഘങ്ങള്‍ ആക്രമണത്തിനു ശേഷമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്.
◾ തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ ലെവല്‍ ക്രോസിംഗില്‍ ബസിലേക്ക് ഗുഡ്സ് ട്രെയിന്‍ ഇടിച്ച് കയറി എട്ടു പേര്‍ മരിച്ചു. 32 ലേറെ പേര്‍ക്ക് ഗുരുതര പരിക്ക്. അസോക്ദിന്‍ ഡേങ് റോഡില്‍ എയര്‍പോര്‍ട്ട് റെയില്‍ ലിങ്കിന്റെ മക്കസാന്‍ സ്റ്റേഷനു സമീപമുള്ള റെയില്‍വേ ക്രോസിംഗിലുണ്ടായ അപകടത്തില്‍ ബസ് കത്തിച്ചാമ്പലായി.
◾ കേരളത്തില്‍ നിന്നൊരു വമ്പന്‍ പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) വരുന്നു. പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എന്‍ബിഎഫ്സി) മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ആണ് 4000 കോടി രൂപയുടെ ഐപിഒ നടത്തി ഓഹരി വിപണിയിലേക്ക് കടക്കാനൊരുങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2025-26) മുന്‍വര്‍ഷത്തെ 787 കോടി രൂപയില്‍ നിന്ന് 1640 കോടി രൂപയിലേക്ക് കമ്പനിയുടെ ലാഭം മുന്നേറിയിരുന്നു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലെ ഗോള്‍ഡ് ലോണ്‍ സ്ഥാപനമാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. ഐപിഒയ്ക്ക് മുന്നോടിയായി ഓഹരി വിഭജനം നടത്താനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. 10 രൂപ മുഖവിലയുള്ള ഓഹരിയെ 2 രൂപ മുഖവിലയുള്ള 5 ഓഹരികളായാണ് വിഭജിക്കുക. ഓഹരികളിലേക്ക് കൂടുതല്‍ നിക്ഷേപമൊഴുകാനും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം ഉയരാനും ഇതു സഹായിക്കുമെന്ന് കരുതുന്നു. ഐപിഒയ്ക്ക് പുറമേ, കടപ്പത്രങ്ങള്‍ പുറത്തിറക്കി 4000 കോടി രൂപവരെ സമാഹരിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.
◾ ഇന്ത്യന്‍ ഐ.ടി ഭീമനായ എച്ച്.സി.എല്‍.ടെക് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ സര്‍വം എ.ഐ-യില്‍ 150 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. സര്‍വം എ.ഐ സമാഹരിക്കുന്ന പുതിയ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായാണ് ഈ തുക വരുന്നത്. ഏകദേശം 1.5 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുന്ന ഈ റൗണ്ടിലൂടെ മൊത്തം 300 ദശലക്ഷം ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എച്ച്.സി.എല്‍.ടെക് നേതൃത്വം നല്‍കുന്ന ഈ നിക്ഷേപത്തില്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ബെസ്സമര്‍ വെഞ്ച്വര്‍ പാര്‍ട്‌ണേഴ്സും 50 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും. കൂടാതെ എന്‍വിഡിയ, പ്രോസ്പിരിറ്റി 7, ആക്ടിവേറ്റ് തുടങ്ങിയ പ്രമുഖ ആഗോള നിക്ഷേപകരും നിലവിലുള്ള നിക്ഷേപകരായ ഖോസ്ല വെഞ്ചേഴ്‌സ്, ലൈറ്റ്‌സ്പീഡ് എന്നിവരും ഇതില്‍ പങ്കാളികളാകും.
◾ കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'അച്യുത അവതാരം'. ചിത്രത്തിന്റെ ടീസര്‍ റിലീസായി. പാന്‍ ഇന്ത്യന്‍ തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈബര്‍ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രം റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറില്‍ രമേശ സി, രുദ്രമൂര്‍ത്തി, രാജേഷ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പ്രമുഖ നര്‍ത്തകിയും താരവുമായ മാളവിക നന്ദന്‍, അവിനാശ് (കാന്താര ഫെയിം), സീമ.ജി.നായര്‍ എന്നിവര്‍ക്കൊപ്പം നിരവധി അന്യഭാഷ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ഛായാഗ്രാഹകന്‍ ആനന്ദ് മീനാക്ഷിയാണ് ചിത്രില്‍ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രം ജൂണ്‍ മാസത്തോടെ തിയേറ്ററുകളില്‍ എത്തും. ഹരീഷ് മോഹനന്റെ വരികള്‍ക്ക് പ്രസന്ന കുമാര്‍ എം.എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
◾ വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രമാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്‌പോര്‍ട്സ് ഡ്രാമ ചിത്രം 'ഗാട്ട കുസ്തി 2' എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ജൂലായ് 3ന് റിലീസ് ചെയ്യും. ഐശ്വര്യ ലക്ഷ്മിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് ആയിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന ആകര്‍ഷണം. വീരയുടെയും കാര്‍ത്തിയുടെയും അവരുടെ മകളുടെയും ഇടയില്‍ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് രണ്ടാം ഭാഗത്തില്‍. കഥാപാത്രത്തിനുവേണ്ടി ഐശ്വര്യ ലക്ഷ്മി ഗുസ്തി പഠിച്ചിരുന്നു. ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവരാണ് മറ്റു താരങ്ങള്‍. വേല്‍സ് ഫിലിം ഇന്റര്‍നാഷണലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. ഇടവേളയ്ക്കുശേഷം ഐശ്വര്യ ലക്ഷ്മി നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രം ആണിത്.
◾ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡില്‍ ആദ്യ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു. ഈ കേന്ദ്രത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ടെസ്ലയുടെ മോഡല്‍ വൈ, പുതുതായി പുറത്തിറക്കിയ മോഡല്‍ വൈ എല്‍ എന്നീ വാഹനങ്ങള്‍ നേരിട്ട് കണ്ട് അനുഭവിക്കാന്‍ സാധിക്കും. മോഡല്‍ വൈ എല്‍ പതിപ്പിന് ഇന്ത്യയില്‍ 61.99 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. പുതുതായി വിപണിയിലെത്തിയ 'മോഡല്‍ വൈ എല്‍' ഒരു ആറ് സീറ്റര്‍ ഇലക്ട്രിക് എസ്യുവിയാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 681 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. വെറും അഞ്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള കരുത്തന്‍ മോട്ടോറാണ് ഇതില്‍. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മോഡല്‍ വൈ എല്ലിനായുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
◾ അരനൂറ്റാണ്ടു പിന്നിട്ട മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകം. മതിലുകള്‍, വിധേയന്‍, പൊന്തന്‍മാട, ഒരു വടക്കന്‍ വീരഗാഥ, ഡോ. ബാബാ സാഹേബ് അംബേദ്കര്‍ തുടങ്ങി കാതല്‍ ദ കോര്‍, നന്‍പകല്‍ നേരത്ത് മയക്കം, ഭ്രമയുഗം, കണ്ണൂര്‍ സ്‌ക്വാഡ് വരെയുള്ള എഴുപതോളം ചിത്രങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിച്ചുകൊണ്ട് മമ്മൂട്ടിയിലെ നടനെ ഒരു പുസ്തകംപോലെ വായിക്കുന്ന ഗ്രന്ഥം. മമ്മൂട്ടിയുടെ അഭിനയജീവിതത്തെ സമഗ്രാവലോകനത്തിനു വിധേയമാക്കുന്ന പഠനഗ്രന്ഥം. 'മമ്മൂട്ടി: ഒരു പുസ്തകം'. ഇ.ജയകൃഷ്ണന്‍. മാതൃഭൂമി. വില 272 രൂപ.
◾ പ്രായപൂര്‍ത്തിയായതിന് ശേഷം അമിതവണ്ണം ആകുന്നവരില്‍ കാന്‍സര്‍ സാധ്യത ഇരട്ടിയാണെന്ന് പുതിയ പഠനം. അമിതവണ്ണം അന്നനാളത്തിലെ അര്‍ബുദം, വയറിന്റെ മുകള്‍ഭാഗത്തെ ബാധിക്കുന്ന അര്‍ബുദം, മലാശയ അര്‍ബുദം, കരളിനെയും മൂത്രസഞ്ചിയെയും ബാധിക്കുന്ന അര്‍ബുദം, മള്‍ട്ടിപ്പിള്‍ മൈലോമ, പാന്‍ക്രിയാറ്റിക് കാന്‍സര്‍, വൃക്ക, തൈറോയ്ഡ് ഗ്ലാന്‍ഡ്, ഓവറികള്‍, എന്‍ഡോമെട്രിയം തുടങ്ങിയവയെ ബാധിക്കുന്ന അര്‍ബുദസാധ്യത വര്‍ധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അമിതവണ്ണം ഏതു തരം കാന്‍സറിനുള്ള സാധ്യതയും കൂട്ടുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. മുപ്പത് വയസ്സിന് മുമ്പ് അമിതവണ്ണക്കാരാകുന്ന പുരുഷന്മാരില്‍ കരളില്‍ അര്‍ബുദമുണ്ടാകുന്നതിനുള്ള സാധ്യത അഞ്ചു മടങ്ങ് കൂടുതലാണെന്നാണ് പഠനം പറയുന്നത്. പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള സാധ്യത ഇരട്ടിയും കുടലിലെ കാന്‍സറിനുള്ള സാധ്യത 58 ശതമാനവും കൂടുതലാണ്. അതുപോലെ തന്നെ മുപ്പതിന് മുമ്പെ അമിതവണ്ണമെത്തുന്ന സ്ത്രീകളില്‍ എന്‍ഡോമെട്രിയല്‍ കാന്‍സറിനുള്ള സാധ്യത 4.5 മടങ്ങ് കൂടുതലും പാന്‍ക്രിയാറ്റിക് കാന്‍സറിനുള്ള 67 ശതമാനവുമാണെന്ന് ഗവേഷകര്‍ പറയുന്നു. അമിതവണ്ണമാകുന്നതോടെ ഹോര്‍മോണ്‍ നിലയിലുണ്ടാകുന്ന മാറ്റങ്ങള്‍, മെറ്റബോളിസത്തിലെ തകരാറുകള്‍, ഇന്‍സുലിന്‍ നിലയിലെ വ്യതിയാനം, ശരീരത്തില്‍ വീക്കമുണ്ടാവുക തുടങ്ങിയവയാകാം അര്‍ബുദത്തിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ എന്നാണ് ഗവേഷകര്‍ കരുതുന്നത്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 96.28, പൗണ്ട് - 128.51, യൂറോ - 112.02, സ്വിസ് ഫ്രാങ്ക് - 122.62, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.85, ബഹറിന്‍ ദിനാര്‍ - 254.88, കുവൈത്ത് ദിനാര്‍ -311.88, ഒമാനി റിയാല്‍ - 250.30, സൗദി റിയാല്‍ - 25.60, യു.എ.ഇ ദിര്‍ഹം - 26.21, ഖത്തര്‍ റിയാല്‍ - 26.35, കനേഡിയന്‍ ഡോളര്‍ - 70.06.
Tags:
KERALA