2026 | മേയ് 15, വെള്ളി
1201 എടവം 1, അശ്വതി
◾ ഇനി തീ വില. പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് മൂന്നു രൂപ വീതം വര്‍ധിപ്പിച്ചു. അടുത്ത ദിവസങ്ങളില്‍ ഇനിയും വര്‍ധനയുണ്ടാകും. പുതുക്കിയ നിരക്ക് പ്രകാരം ഡല്‍ഹിയില്‍ പെട്രോളിന് 97.77 രൂപയും ഡീസലിന് 99.67 രൂപയുമാണ്. കേരളത്തില്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 110.76 രൂപയും ഡീസലിന് 99.35 രൂപയുമായി. ഇന്ധന വില വര്‍ധനമൂലം യാത്രാച്ചെലവു മാത്രമല്ല, ചരക്കുനീക്ക ചെലവു വര്‍ധിക്കുന്നതിനാല്‍ സാധനങ്ങളുടെ വിലയും വര്‍ധിക്കും.
◾ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിച്ചു 99.07 ശതമാനം കുട്ടികള്‍ ആണ് വിജയിച്ചത്. ഐ.ടി. മിഷന്റെ 9188619958 എന്ന വാട്സാപ്പ് നമ്പറിലും 'നമ്മുടെ കേരളം' മൊബൈല്‍ ആപ്പിലും ഫലം ലഭിക്കും.
◾ വി.ഡി. സതീശന്‍ മന്ത്രിസഭ തിങ്കളാഴ്ച ആഘോഷപൂര്‍വ്വം അധികാരത്തിലേക്ക്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ എത്തും. കര്‍ണാടക, തെലങ്കാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഒരു ലക്ഷം പേര്‍ പങ്കെടുക്കും. മന്ത്രിമാരെല്ലാം തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
◾ മുസ്ലിംലീഗ് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍ എന്നീ നാലു പേരെ മന്ത്രിസ്ഥാനത്തേക്കു നിര്‍ദേശിച്ചു. കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷി നേതാവാകും. യുഡിഎഫ് മായുള്ള ചര്‍ച്ചയ്ക്കുശേഷം അഞ്ചാമത്തെ മന്ത്രിയെ തീരുമാനിക്കും. കാസര്‍കോടുനിന്ന് എ.കെ.എം. അഷ്റഫ് കോഴിക്കോടുനിന്ന് പാറക്കല്‍ അബ്ദുല്ല എന്നിവരാണ് പരിഗണനയില്‍.
◾ ചെന്നിത്തല തന്റെ നേതാവാണെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. മന്ത്രി സ്ഥാനം പാര്‍ട്ടി തീരുമാനിക്കുമെന്നും ഒരു ഉപാധിയും ഇല്ലെന്നും ചെന്നിത്തല. ചെന്നിത്തലയുടെ വസതിയില്‍ കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടു. നേരത്തെ സതീശന്‍ സന്ദര്‍ശിക്കാനെത്തും മുമ്പേ രമേശ് ചെന്നിത്തല വീട്ടില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു.
◾ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ സന്ദര്‍ശിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തേക്കിറങ്ങിവന്ന് സ്വീകരിച്ചു. പിണറായിയെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചതായി വി ഡി സതീശന്‍ അറിയിച്ചു. ഒരു സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളെ പുതിയ സര്‍ക്കാര്‍ അവസാനിപ്പിക്കല്ലെന്നും സര്‍ക്കാര്‍ തുര്‍ച്ചയാണെന്നും നിയുക്ത മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ചില കാര്യങ്ങളില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾ യുഡിഎഫ് മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രിയടക്കം 11 മന്ത്രിമാരും സ്പീക്കര്‍ സ്ഥാനവും ലഭിക്കുമെന്നു സൂചന. പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ചു മന്ത്രിസ്ഥാനം നല്‍കിയേക്കും. മറ്റു ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അന്തിമ തീരുമാനം ഉടനുണ്ടാകും.
◾ കോണ്‍ഗ്രസില്‍ ആരൊക്കെ മന്ത്രിയാകണമെന്ന കാര്യത്തില്‍ ഏകദേശ ധാരണയാകുന്നു. മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ എന്‍ ശക്തനോ സ്പീക്കര്‍ ആയേക്കും. മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്കാണു കൂടുതല്‍ സാധ്യത.
◾ വി.ഡി. സതീശന്‍ ജി. കാര്‍ത്തികേയന്റെ വസതി സന്ദര്‍ശിച്ചു. ഓര്‍മകള്‍ പങ്കുവച്ചപ്പോള്‍ കണ്ണു നിറഞ്ഞ സതീശനോട് 'ചീഫ് മിനിസ്റ്റര്‍ കരയാന്‍ പാടില്ലെ'ന്ന് കാര്‍ത്തികയേന്റെ പത്നി സുലേഖ ടീച്ചര്‍. കെ എസ് ശബരീനാഥനും കുടുംബാംഗങ്ങളും ചേര്‍ന്ന് സതീശനെ സ്വീകരിച്ചു.
◾ യാത്രാസുരക്ഷയ്ക്ക് പൈലറ്റും എസ്‌കോര്‍റ്റും ഒഴികെ മറ്റു വാഹനങ്ങള്‍ വേണ്ടെന്നു നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍. യാത്ര പോകുമ്പോള്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയുക്ത മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
◾ കറുത്ത കാര്‍ വേണ്ട, വെളുത്ത കാര്‍ മതിയെന്നു നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍. പിണറായി വിജയനു യാത്ര ചെയ്യാന്‍ പൊലീസ് ഫണ്ടില്‍നിന്നു വാങ്ങി നല്‍കിയ രണ്ടു കറുത്ത ഇന്നോവ കാറുകളും തിരികെ പൊലീസ് ഏറ്റെടുത്തു. സത്യപ്രതിജ്ഞക്കു ശേഷം മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാര്‍ക്ക് വെള്ള ഇന്നോവ ക്രിസ്റ്റ കാറുകളാണ് പൊതുഭരണവകുപ്പ് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടത്.
◾ മുഖ്യമന്ത്രി സ്ഥാനത്തേക്കു വി.ഡി സതീശനെയാണു താന്‍ പിന്തുണച്ചതെന്നു വെളിപ്പെടുത്തി കെ മുരളീധരന്‍. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായതിനെ മുരളീധരന്‍ പരിഹസിച്ചു. പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 102 സീറ്റ് യുഡിഎഫിന് കിട്ടി. പിണറായി പ്രതിപക്ഷ നേതാവാകുമ്പോള്‍ അടുത്ത തവണ യുഡിഎഫ് തൂത്തുവാരും. പിണറായി പ്രതിപക്ഷ നേതാവാകുന്നതാണ് യുഡിഎഫിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
◾ യുഡിഎഫ് ചെയ്തതുപോലെ സത്യപ്രതിജ്ഞ എല്‍ഡിഎഫ് ബഹിഷ്‌കരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദന്‍. ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പിലുണ്ടായ പരാജയം സംസ്ഥാന നേതൃത്വം ചര്‍ച്ച ചെയ്തു. പാര്‍ട്ടി ഘടകങ്ങളില്‍ ചര്‍ച്ച തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ പ്രശംസിച്ച് എല്‍ഡിഎഫ് നേതാവും ആര്‍ജെഡി സംസ്ഥാന അധ്യക്ഷനുമായ എം വി ശ്രേയാംസ് കുമാര്‍. സമ്മര്‍ദ്ദങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കാത്ത നിലപാടുളള നേതാവാണ് സതീശന്‍. പ്രതിപക്ഷ നേതാവായിരിക്കെ സതീശന്‍ നടത്തിയ ഇടപടലുകള്‍ മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾ പുതിയ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്നുവെന്ന് പി.ജെ കുര്യന്‍. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു തന്റെ തീരുമാനം വ്യത്യസ്തമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
◾ 'ബിജെപി കേരളം' എന്ന ഫേസ്ബുക്ക് പേജില്‍ വിവാദ പോസ്റ്റിട്ടതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരേ ഡിജിപിക്കു പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളമാണ് പരാതി നല്‍കിയത്. സമൂഹത്തില്‍ വര്‍ഗീയതയും ചേരിതിരിവും ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു.
◾ യുഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര ഉടനേ വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി മഹിളാ മോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. മെയ് 15 മുതല്‍ സൗജന്യ യാത്രയെന്ന വാഗ്ദാനം നടപ്പാക്കൂ എന്ന പ്ലക്കാര്‍ഡുകളുമായിട്ടാണ് മഹിള മോര്‍ച്ചാ പ്രവര്‍ത്തകര്‍ ബസില്‍ കയറി പ്രതിഷേധിച്ചത്.
◾ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അയിഷ പോറ്റി തോറ്റതിന് കോണ്‍ഗ്രസ് എഴുകോണ്‍, നെടുവത്തൂര്‍ മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു. ഡിസിസി ജനറല്‍ സെക്രട്ടറിയും ഉമ്മന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ ബ്രിജേഷ് എബ്രഹാമിന് നോട്ടീസ് നല്‍കി.
◾ കാസര്‍കോട് ജില്ലയിലെ മട്ടലായിയില്‍ ദേശീയപാത നിര്‍മ്മാണത്തിനിടെ ചെറുവത്തൂര്‍ മട്ടലായി ശിവക്ഷേത്രത്തിന് സമീപം വീണ്ടും വിള്ളല്‍. നേരത്തെ വിള്ളല്‍ ഉണ്ടായ സ്ഥലത്തുതന്നെയാണ് വീണ്ടും വിള്ളല്‍ രൂപപ്പെട്ടത്. 20 മീറ്ററിലധികം നീളത്തിലാണ് പുതിയ വിള്ളല്‍.
◾ വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണെന്നും പിടിക്കപ്പെട്ടാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും കെഎസ്ഇബി മുന്നറിയിപ്പ്. സ്വമേധയാ തെറ്റ് ഏറ്റുപറയുന്നവര്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കും, കൂടാതെ മോഷണം സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും ഉറപ്പുനല്‍കുന്നു.
◾ പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പില്‍ വീട്ടില്‍ അംബിക (60) ആണ് മരിച്ചത്. ഭര്‍ത്താവ് ചന്ദ്രന്‍ പ്രദേശത്ത് തന്നെയുള്ള ആളൊഴിഞ്ഞ പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ചു. കുടുംബ പ്രശ്നമാണ് കാരണം.
◾ ചോദ്യപേപ്പര്‍ ചോര്‍ന്നതുമൂലം റദ്ദാക്കിയ നീറ്റ് പുനഃപരീക്ഷ ജൂണ്‍ 21 ന് നടത്തും. അഡ്മിറ്റ് കാര്‍ഡുകള്‍ ജൂണ്‍ 14-നകം പുറത്തിറക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്നാണ് പുതിയ തിയ്യതി തീരുമാനിച്ചത്. റദ്ദാക്കിയ നീറ്റ് പരീക്ഷയുടെ ഫീസ് തിരികെ നല്‍കുമെന്നും, വരാനിരിക്കുന്ന പുനഃപരീക്ഷ സൗജന്യമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ അടുത്ത വര്‍ഷം മുതല്‍ നീറ്റ് യുജി പരീക്ഷ പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ആയി നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. പരീക്ഷാ സമ്പ്രദായത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയ്ക്കും സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കേന്ദ്രമന്ത്രിമാരുടെ നിര്‍ണ്ണായക യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മേയ് 21-ന് നടക്കുന്ന യോഗത്തില്‍ എല്ലാ കേന്ദ്ര കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും മറ്റ് സഹമന്ത്രിമാരും പങ്കെടുക്കും.
◾ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ അനധികൃതമായി വോട്ട് രേഖപ്പെടുത്തിയെന്നു സംശയിക്കുന്ന 25 വിദേശ പൗരന്മാരെ പോലീസ് അറസ്റ്റു ചെയ്തു. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്ത ശേഷം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചവരെ ചെന്നൈ, മധുര വിമാനത്താവളങ്ങളിലാണ് പിടികൂടിയത്. ഇമിഗ്രേഷന്‍ വിഭാഗം പാസ്‌പോര്‍ട്ട് പരിശോധിക്കുന്നതിനിടെ വിരലിലെ മായാത്ത മഷി ശ്രദ്ധയില്‍പ്പെട്ടതാണ് പിടിയിലാകാന്‍ കാരണം.
◾ ഗോവയിലെ കോണ്‍ഗ്രസ് നേതാവും മുന്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയുമായ ഡോ. കേതന്‍ ഭാട്ടികര്‍ (38) പാമ്പു കടിയേറ്റു മരിച്ചു. വ്യാഴാഴ്ച രാത്രി കര്‍ണാടകയിലെ ദാണ്ഡേലി ഗ്രാമത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പാമ്പുകടിയേറ്റത്.
◾ ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ രജിസ്റ്റര്‍ചെയ്ത കൈക്കൂലി, തട്ടിപ്പ് കേസ് പിന്‍വലിക്കുകയാണെന്ന് റിപ്പോര്‍ട്ട്. യുഎസ് നീതിന്യായ വകുപ്പാണ് കേസ് പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. അദാനിക്കെതിരേയുള്ള യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ സിവില്‍ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കം നടക്കുന്നതായും റിപ്പോര്‍ട്ട്.
◾ തമിഴ്നാട്ടില്‍ വീട്ടമ്മമാര്‍ക്കുള്ള പ്രതിമാസ വേതന പദ്ധതിയില്‍ ഈ മാസത്തെ വിഹിതം കൈമാറി. 1000 രൂപ രാവിലെ ബാങ്ക് അക്കൌണ്ടില്‍ എത്തി. പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുമെന്ന് ഇന്നലെ വിജയ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. 60 വയസ്സിലേറെയുള്ളവരെ വയോജന പെന്‍ഷന്‍ പദ്ധതിയിലേക്കു മാറ്റി പ്രതിമാസം 1500 രൂപ നല്‍കാനാണ് ആലോചന.
◾ 2030 ആകുമ്പോഴേക്കും നിര്‍മിത ബുദ്ധി അമ്പതിനായിരം കോടി ഡോളറിലധികം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കു നല്‍കുമെന്ന് പഠനറിപ്പോര്‍ട്ട്. ഐബിഎമ്മും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബിസിനസ് വാല്യൂവും ഇന്ത്യ എഐയും നടത്തിയ പുതിയ പഠനത്തിലാണ് ലോകത്തിലെ ഏറ്റവും ചലനാത്മകമായ എഐ നയിക്കുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നു ചൂണ്ടിക്കാട്ടുന്നത്.
◾ രജനികാന്ത് നായകനാകുന്ന ജയിലര്‍ 2 ചിത്രീകരിക്കുന്ന സെറ്റില്‍ ഷോക്കറ്റ് യുവാവ് മരിച്ചു. സെറ്റ് നിര്‍മിക്കുന്നതിനിടെ 28 കാരനായ കാര്‍ത്തികേയനാണ് മരിച്ചത്.
◾ ആഗോള പ്രതിസന്ധിക്കിടെ ഇന്ധനവില കൂട്ടിയതിനെ വിഷയം രാഷ്ട്രീയവല്‍ക്കരിക്കേണ്ടെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി. വില വര്‍ധന സര്‍ക്കാരിന്റെ കൊള്ളയാണെന്നും വിലക്കയറ്റം രൂക്ഷമാക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.
◾ ന്യൂസിലാന്‍ഡില്‍ ഉപരിപഠനത്തിന് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിസ വൈകുന്നു. ചൈനീസ് വിദ്യാര്‍ത്ഥികളേക്കാള്‍ ഇരട്ടി സമയമാണ് ഇന്ത്യക്കാര്‍ക്ക് വേണ്ടിവരുന്നത്. ഇത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ആശങ്കയിലാക്കുന്നു. വിസ അപേക്ഷകള്‍ നിരസിക്കുന്നത് കുറഞ്ഞെങ്കിലും, നടപടിക്രമങ്ങളിലെ ഈ കാലതാമസം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
◾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശപര്യടനം ഇന്ന് ആരംഭിക്കും. അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ ചര്‍ച്ചയാകും.
◾ സൈനിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ഫതഹ്-4' ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 750 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഈ മിസൈല്‍ ഭൂമിയിലെയും കടലിലെയും ലക്ഷ്യസ്ഥാനങ്ങളെ കൃത്യതയോടെ തകര്‍ക്കാന്‍ ശേഷിയുള്ളതാണെന്ന് പാകിസ്ഥാന്‍ സൈന്യം അറിയിച്ചു.
◾ ഇസ്രായേലും ലെബനനും തമ്മിലുള്ള മൂന്നാം ഘട്ട സമാധാന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. അമേരിക്കയിലെ വാഷിംഗ്ടണിലുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ച എട്ടു മണിക്കൂറിലധികം നീണ്ടു.
◾ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്.പി.സി.എല്‍) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തന നേട്ടം കൈവരിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ലാഭത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ട്. സ്റ്റാന്‍ഡ്എലോണ്‍ ലാഭം 133 ശതമാനം വര്‍ദ്ധിച്ച് 17,175 കോടി രൂപയായും സംയോജിത ലാഭം 168 ശതമാനം ഉയര്‍ന്ന് 18,047 കോടി രൂപയിലുമെത്തി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റിഫൈനറി ഉല്‍പ്പാദനമായ 26.04 ദശലക്ഷം മെട്രിക് ടണ്ണായി. വിപണന മേഖലയില്‍ 51.45 ദശലക്ഷം മെട്രിക് ടണ്‍ വില്‍പ്പനയോടെ 3.3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഓഹരിയുടമകള്‍ക്ക് ഓരോ ഓഹരിക്കും 19.25 രൂപ വീതം ഫൈനല്‍ ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. നേരത്തെ നല്‍കിയ 5 രൂപയുടെ ഇടക്കാല ലാഭവിഹിതത്തിന് പുറമെയാണ്. കടബാധ്യതകള്‍ കുറയ്ക്കാനും റിഫൈനിംഗ് മാര്‍ജിന്‍ ബാരലിന് 8.79 ഡോളറായി ഉയര്‍ത്താനും കമ്പനിക്ക് സാധിച്ചു.
◾ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ നമ്മള്‍ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാന്‍ ഗൂഗിള്‍ ഉപയോഗിക്കുന്ന 'ക്യാപ്ച' സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. ചിത്രങ്ങളില്‍നിന്നും കാറുകളും സൈക്കിളുകളും കണ്ടെത്താന്‍ ആവശ്യപ്പെടുന്ന പഴയ രീതിക്ക് പകരം ഇനിമുതല്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടി വരും. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സ്‌ക്രീനില്‍ കാണുന്ന ക്യുആര്‍ കോഡ് നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യേണ്ടി വരും. ഗൂഗിള്‍ പ്ലേ സര്‍വീസസ് 25.41.30 അല്ലെങ്കില്‍ അതിനുമുകളിലുള്ള പതിപ്പുകളുള്ള ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഇത് സാധിക്കുക. ലോകമെമ്പാടുമുള്ള 5.3 ദശലക്ഷത്തിലധികം കമ്പനികള്‍ ഗൂഗിള്‍ റീകാപ്ച ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകളുടെ പൂര്‍ണവിവരങ്ങള്‍ ഗൂഗിളിന് എളുപ്പത്തില്‍ ലഭിക്കാന്‍ ഈ പുതിയ മാറ്റം വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
◾ കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന യുവതാരം വിഹാന്‍ വിഷ്ണുവിന്റെ പുതിയ ചിത്രം 'വലയ'ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ആയി. 'രഘുറാം' എന്ന ദ്വിഭാഷാ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുധീര്‍ സി ചക്കനാട്ട് സംവിധായക നിരയിലേക്ക് എത്തുന്ന ആദ്യ ചിത്രമാണ് 'വലയം'. വിഹാന്‍ വിഷ്ണുവിനൊപ്പം അക്രം, സുനില്‍ റാവുത്തര്‍, അനൂപ്, ജിറ്റി ജോസഫ്, അക്ഷയ തുടങ്ങി ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ഈ ത്രില്ലര്‍ ഹ്രസ്വചിത്രത്തിന്റെ കഥാരചന ആശ്രിത് സന്തോഷും തിരക്കഥ എഴുത്തുകാരനായ രഞ്ജിത്ത് കൃഷ്ണമോഹനുമാണ്. ആലിയ ഡ്രീം സിനിമസിന്റെ ബാനറില്‍ ആഷിഷ് എസ് ആണ് ഈ ഹ്രസ്വചിത്രം നിര്‍മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഉടന്‍ റിലീസിന് എത്തുമെന്ന് നിര്‍മ്മാതാവ് അറിയിച്ചു.
◾ ബോളിവുഡിലെ പ്രശസ്ത ചലച്ചിത്രകാരന്‍ സഞ്ജയ് ലീല ബന്‍സാലി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ധനുഷ് നായകന്‍. ബന്‍സാലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം കാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പുരാണ ചിത്രം ആയിരിക്കും. ശിവകാര്‍ത്തികേയന്റെ ഹീറോ, കാര്‍ത്തിയുടെ സര്‍ദാര്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പി.എസ് മിത്രന്‍ ആണ് സംവിധാനം. മിത്രന്റെ ഹിന്ദി അരങ്ങേറ്റം ആണ്. ബന്‍സാലിയും ധനുഷുമായി ആദ്യമായി കൈകോര്‍ക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട്. പാന്‍ ഇന്ത്യന്‍ സിനിമാറ്റിക് സംരംഭമായി ഒരുങ്ങുന്ന ചിത്രത്തില്‍ വന്‍ താരനിരയുണ്ട്. രാംചരണ്‍ തുടക്കത്തില്‍ താരനിരയിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് രാംചരണിന് പകരം ധനുഷിനെ കാസ്റ്റ് ചെയ്യുകയായിരുന്നു.
◾ ഇലക്ട്രിക് പോര്‍ട്ട്‌ഫോളിയോയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എക്സ്ഇവി 9ഇ ഇലക്ട്രിക് എസ്യുവിക്ക് ഈ മാസം മികച്ച കിഴിവ് വാഗ്ദാനം ചെയ്ത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. 1.40 ലക്ഷം രൂപ ക്യാഷ് കിഴിവ് ലഭിക്കും. പ്രാരംഭ എക്‌സ്-ഷോറൂം വില 21.90 ലക്ഷം രൂപ. 140 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യും. അതേസമയം, 7.2 കിലോവാട്ട് ചാര്‍ജ് ചെയ്താല്‍ 8.7 മണിക്കൂറും 11 കിലോവാട്ട് ചാര്‍ജ് ചെയ്താല്‍ 6 മണിക്കൂറും ചാര്‍ജ് ചെയ്യും. എക്സ്ഇവി 9ഇ 79 കിലോവാട്ട്അവറിന്റെ ബാറ്ററി വലുപ്പം 79 കിലോവാട്ട്അവര്‍ ആണ്. ഇതിന് 286എച്പി/380എന്‍എം മോട്ടോറാണുള്ളത്. ആര്‍ഡബ്ല്യുഡി ഡ്രൈവും ഇതിന്റെ എംഐഡിസി റേഞ്ച് 656കിമീ ആണ്. 170 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഇത് 20 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യും. അതേസമയം, 7.2 കിലോവാട്ട് ചാര്‍ജ് ചെയ്താല്‍ 11.7 മണിക്കൂറും 11 കിലോവാട്ട് ചാര്‍ജ് ചെയ്താല്‍ 8 മണിക്കൂറും ചാര്‍ജ് ചെയ്യും. ഇത് 6.8 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിമീ/അവര്‍ വേഗത കൈവരിക്കും.
◾ മസില്‍ ബാരല്‍ ശരീരത്തിന്റെ ശക്തിയല്ല, മനസ്സിന്റെ ഇരുണ്ട ശക്തിയാണ് ഇവിടെ പൊട്ടിത്തെറിക്കുന്നത്. കടലിന്റെ ഇരുണ്ട ഡെക്കുകളില്‍നിന്ന് അന്യദേശങ്ങളുടെ തീരങ്ങളിലേക്കും, അവിടെനിന്നു മനുഷ്യരുടെ ഉള്ളറകളിലേക്കും നീളുന്ന ഏഴു കഥകളുടെ കഠിനയാത്രയാണ് ഈ പുസ്തകം. ഇവിടെ ജിന്നുകളുണ്ട് പക്ഷേ, അവര്‍ ഭൂതങ്ങളല്ല. വേദനകൊണ്ട് രൂപംകൊണ്ട മനുഷ്യരാണ്. സ്‌നേഹവും കാമവും, പേടിയും ക്രൂരതയും, ഏകാന്തതയും അതിജീവനവും ഇവയെല്ലാം ഒരേ ശരീരത്തില്‍ സഹജീവനം ചെയ്യുന്ന കഥാപാത്രങ്ങള്‍. കടല്‍പോലെ ക്ഷുഭിതമായ മനസ്സുകളും, ജീവിതത്തിന്റെ കൊടുങ്കാറ്റില്‍ ദിശ തെറ്റുന്ന മനുഷ്യരും, ഒരിക്കല്‍ കണ്ടാല്‍ മറക്കാനാകാത്ത മുഖങ്ങളും. 'മസില്‍ ബാരല്‍'. ക്യാപ്റ്റന്‍ ഗോവിന്ദന്‍. മാതൃഭൂമി. വില 127 രൂപ.
◾ 40 വയസിന് താഴെയുള്ള മുതിര്‍ന്നവരില്‍ 20 ശതമാനത്തിലധികം പേര്‍ക്കും മാനസിക സമ്മര്‍ദം, വ്യായാമമില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയവ കാരണം ഉയര്‍ന്ന രക്തസമ്മര്‍ദം നേരിടുന്നുവെന്ന് ഐസിഎംആര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. രക്തസമ്മര്‍ദത്തെ നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകമാണ് ഭക്ഷണക്രമം. ഭക്ഷണത്തില്‍ ഉപ്പിന്റെ വര്‍ധിച്ച ഉപഭോഗം, മധുരപലഹാരങ്ങള്‍, ജങ്ക് ഫുഡ് എന്നിവ പതിവായാല്‍ രക്തസമ്മര്‍ദം ഉയരാനുള്ള സാധ്യത കൂടുതലാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങള്‍, മെലിഞ്ഞ പ്രോട്ടീന്‍, കൊഴുപ്പ് കുറഞ്ഞ പാല്‍ ഉല്‍പ്പന്നങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ വ്യായാമം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം സുഖമമാക്കാനും സഹായിക്കും. ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യുന്നതിനായി മാറ്റിവെക്കുക. വേഗത്തിലുള്ള നടത്തം, സൈക്ലിങ് അല്ലെങ്കില്‍ നീന്തല്‍ പോലുള്ള മിതമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതാണ്. വെയ്റ്റ് ലിഫ്റ്റിങ്, പുഷ്-അപ്പുകള്‍ പോലുള്ള ശക്തി പരിശീലന വ്യായാമങ്ങള്‍ ആഴ്ചയില്‍ രണ്ടുതവണ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും. മാനസിക സമ്മര്‍ദം കൈകാര്യം ചെയ്യുന്നതിന് ധ്യാനം, യോഗ പോലുള്ള പരിശീലിക്കുന്നത് ഗുണകരമാണ്. മാത്രമല്ല, ഉറക്കത്തില്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കുക. പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യം മോശമാക്കാനും രക്തസമ്മര്‍ദം ഉയരാനും കാരണമാകും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.89, പൗണ്ട് - 127.91, യൂറോ - 111.67, സ്വിസ് ഫ്രാങ്ക് - 122.16, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.71, ബഹറിന്‍ ദിനാര്‍ - 253.30, കുവൈത്ത് ദിനാര്‍ -310.70, ഒമാനി റിയാല്‍ - 249.39, സൗദി റിയാല്‍ - 25.42, യു.എ.ഇ ദിര്‍ഹം - 26.06, ഖത്തര്‍ റിയാല്‍ - 26.30, കനേഡിയന്‍ ഡോളര്‍ - 69.81.
Tags:
KERALA