2026 മേയ് 13, ബുധന്‍
1201 മേടം 30, ഉത്രട്ടാതി
◾ തമിഴ്നാട് നിയമസഭയില്‍ വിജയ് സര്‍ക്കാര്‍ 144 എംഎല്‍എമാരുടെ പിന്തുണയുമായി വിശ്വാസവോട്ടു നേടി. എഐഎഡിഎംകെയിലെ 25 വിമത എം എല്‍ എമാര്‍ പിന്തുണച്ചതോടെ ആ പാര്‍ട്ടി പിളര്‍ന്ന നിലയിലായി. എഐഎഡിഎംകെയിലെ ഇപിഎസ് പക്ഷത്തെ 22 പേര്‍ മാത്രമാണ് അവിശ്വാസ പ്രമേയത്തെ എതിര്‍ത്തത്. ഡിഎംകെ അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അഞ്ച് എംഎല്‍എമാര്‍ വിട്ടുനിന്നു. കേവല ഭൂരിപക്ഷത്തിനു വേണ്ട 117 നു പകരം 119 പേരുടെ പിന്തുണയുമായാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്.
◾ കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം അനിശ്ചിതത്വത്തില്‍. വെള്ളിയാഴ്ച ഫലം പ്രസിദ്ധീകരിക്കുമെന്നാണു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഫലം പ്രസിദ്ധീകരിക്കുന്നതു വൈകിയാല്‍ വിദ്യാര്‍ഥികളുടെ ഉപരിപഠനത്തെ ബാധിക്കും.
◾ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 85.20 ആണ് വിജയശതമാനം. തിരുവനന്തപുരമാണ് മേഖലയില്‍ ഒന്നാം സ്ഥാനത്ത്.
◾ കേരളത്തിലെ മുഖ്യമന്ത്രി തര്‍ക്കം തുടരുന്നതിനിടെ വയനാട്ടിലെ കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ നോട്ടീസുകളും പോസ്റ്ററുകളും. കെ സി ചിലപ്പോള്‍ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ലെന്നാണ് ഇംഗ്ലീഷിലുള്ള നോട്ടീസിലുള്ളത്.
◾ മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ് നേതൃയോഗം. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പ്രഖ്യാപനം വൈകുന്നത് ശരിയല്ലല്ലോ, റെസ്പോണ്‍സബിള്‍ മാറ്ററല്ലേ ഹൈക്കമാന്‍ഡ് തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
◾ കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ പരിഹാസവുമായി ബിജെപി. ബൈനോക്കുലറിലൂടെ നോക്കിയിട്ടും മുഖ്യമന്ത്രിയെ കാണാന്‍ സാധിക്കുന്നില്ലെന്നും, അഞ്ചുവര്‍ഷത്തേക്ക് അഞ്ചു മുഖ്യമന്ത്രി ഉണ്ടാകുമെന്നാണ് സൂചനയെന്നും ബിജെപി വക്താവ് ഷെഹ്സാദ് പരിഹസിച്ചു.
◾ വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബെഹനാന്‍ എംപിക്കു മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പെരുമ്പാവൂരിലെ സ്വകാര്യ ചടങ്ങിന് എത്തിയപ്പോഴാണ് ബെന്നി ബെഹനാനോട് ഇക്കാര്യം ആവശ്യപ്പെട്ട് പ്രവര്‍ത്തകരെത്തിയത്.
◾ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍, ഇനി വന്നുവന്ന് യുഡിഎഫിനു വോട്ടു ചെയ്യാത്ത നമ്മളെയും ഡല്‍ഹിക്കു വിളിപ്പിക്കുമോ എന്നു പരിഹസിച്ച് സിപിഎം നേതാവ് എംഎം മണി. സാമൂഹ്യ മാധ്യമത്തിലുള്ള പോസ്റ്റിന് താഴെ നിരവധിപേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
◾ മുഖ്യമന്ത്രിയാകാന്‍ വി.ഡി സതീശന്‍ യോഗ്യനാണെന്നും തീരുമാനം വൈകുന്നത് ജനങ്ങളെ അധിക്ഷേപിക്കുന്നതിനു തുല്യമാണെന്നും സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍. യുഡിഎഫിന്റെ വിജയം വിസ്മയമല്ലെന്നും ജനങ്ങള്‍ ആഗ്രഹിച്ച മാറ്റമാണെന്നും അദ്ദേഹം പ്രതികരിച്ചു.
◾ കൊല്ലം ചാത്തന്നൂരില്‍ ലഹരി വേട്ടക്കിടെ പൊലീസുകാരനെ വാഹനമിടിച്ച് അപായപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമം. കാപ്പ കേസ് പ്രതി സനൂജിനെ 9.5 ഗ്രാം എംഡിഎംഎയുമായി പിടികൂടി. ഇയാളെ പിടികൂടാന്‍ ബൈക്കില്‍ പിന്‍തുടര്‍ന്ന സിവില്‍ പൊലീസ് ഓഫീസര്‍ ഷഫീക്കിനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണു കേസ്.
◾ കൊച്ചിയേയും ലക്ഷദ്വീപിനെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിന്‍ സര്‍വീസിന്റെ പരീക്ഷണപ്പറക്കല്‍ വിജയം. രാവിലെ 10.30ന് കൊച്ചിയില്‍നിന്നു പുറപ്പെട്ട വിമാനം 12:05 ന് അഗത്തിയില്‍ ലാന്‍ഡ് ചെയ്തു. എട്ടു യാത്രക്കാരെയും വഹിച്ച് കൊണ്ടായിരുന്നു പരീക്ഷണ പറക്കല്‍.
◾ ആലുവയിലെ ശുദ്ധീകരണ പ്ലാന്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കൊച്ചി നഗരത്തിലും വിവിധ പരിസരപ്രദേശങ്ങളിലും ഇന്ന് ശുദ്ധജലവിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കൊച്ചി കോര്‍പ്പറേഷനിലും ആലുവ, ഏലൂര്‍, കളമശ്ശേരി നഗരസഭകളിലും ജില്ലയിലെ ആറ് പഞ്ചായത്തുകളിലും വെള്ളമെത്തിയില്ല.
◾ എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍, പാര്‍ക്കിംഗ് ഫീസ് കുത്തനെക്കൂട്ടി ജിസിഡിഎയുടെ കൊള്ള. ഒരു ദിവസത്തേക്ക് ബൈക്കിന് 30 രൂപയുണ്ടായിരുന്നത് 120 രൂപയാക്കി വര്‍ധിപ്പിച്ചു. കാര്‍ പാര്‍ക്കിങ്ങിന് ഒരു ദിവസത്തേക്കുള്ള ഫീസ് 480 രൂപയാക്കി.
◾ സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡി മിന്നല്‍ മാജിക് ഈ മാസം അവസാനം വിപണിയില്‍ എത്തും. അര ലിറ്റര്‍ കുപ്പിക്ക് 400 രൂപയാണു വില. 9000 കെയ്സ് മദ്യമാണ് പ്രതിദിനം ഉത്പാദിപ്പിക്കുക.
◾ സംസ്ഥാനത്ത് നാളെ മുതല്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
◾ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. മാത്യക ചോദ്യപേപ്പര്‍ കേരളത്തിലെ രണ്ടു ജില്ലകളിലേക്കും എത്തിയെന്നാണ് കണ്ടെത്തല്‍. ചോദ്യപേപ്പര്‍ ലഭിച്ചെന്ന് രാജസ്ഥാന്‍ പൊലീസ് കണ്ടെത്തിയ ഇരുന്നൂറോളം വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സി ബി ഐക്ക് കൈമാറിയിരുന്നു.
◾ നീറ്റ് യുജി പരീക്ഷയുടെ ചോദ്യ പേപ്പര്‍ പത്തുലക്ഷം രൂപ നല്‍കിയാണ് രാജസ്ഥാനില്‍ അറസ്റ്റിലായ ശുഭം ഖൈര്‍നാര്‍ വാങ്ങിയത്. കൊറിയര്‍ സര്‍വീസ് വഴിയായിരുന്നു ഇടപാടുകള്‍. ശുഭത്തിന്റെ കൂട്ടാളി ധനഞ്ജയെ അന്വേഷണസംഘം തെരയുന്നുണ്ട്.
◾ നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന വിഷയത്തില്‍ രാജ്യവ്യാപകമായി വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. വിവിധ സംസ്ഥാനങ്ങളില്‍ എസ് എഫ് ഐ, കെ എസ് യു തുടങ്ങിയ സംഘടനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
◾ നീറ്റ് പരീക്ഷാ പരീക്ഷാ നടത്തിപ്പിന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കു പകരം കൂടുതല്‍ സുതാര്യമായ മറ്റൊരു സംവിധാനം വേണമെന്നു സുപ്രീംകോടതിയില്‍ ഹര്‍ജി. കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വീണ്ടും പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ സംഘടനയായ ഫെയ്മയാണ് ഹര്‍ജി നല്‍കിയത്.
◾ തന്റെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം പകുതിയായി വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശം നല്‍കി. പെട്രോള്‍, ഡീസല്‍ ഉപഭോഗം കുറയ്ക്കാനും അനാവശ്യമായ വിദേശ യാത്രകള്‍ ഒഴിവാക്കാനും പ്രധാനമന്ത്രി നേരത്തെ ആഹ്വാനം ചെയ്തതിന്റെ ഭാഗമായാണ് ഈ നീക്കം.
◾ പുതുച്ചേരി മുഖ്യമന്ത്രിയായി എന്‍ രംഗസ്വാമി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ലഫ്റ്റനന്റ് ഗവര്‍ണര്‍ കൈലാഷ് നാഥന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. അഞ്ചാം തവണയാണ് രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയാകുന്നത്. എന്‍ആര്‍ കോണ്‍ഗ്രസ് - ബിജെപി സഖ്യത്തിന്റെ രണ്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
◾ തമിഴ്നാട്ടില്‍ മുഖ്യമന്ത്രി വിജയ്യുടെ ജ്യോതിഷി റിക്കി രാധന്‍ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ച ഉത്തരവ് പിന്‍വലിച്ചു. നിയമനം വിവാദമായതോടെയാണു നടപടി. നിയമനത്തിനെതിരേയുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്.
◾ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ പതിവ് പരിശോധനകള്‍ക്കായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ വിമാന ഇന്ധന വില വര്‍ധനമൂലം എയര്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചു. പ്രതിദിനം 100 വിമാന സര്‍വീസുകള്‍ മൂന്നു മാസത്തേക്കു കുറയ്ക്കാനാണ് തീരുമാനം. ഡല്‍ഹിയില്‍ നിന്ന് ചിക്കാഗോ, സിംഗപ്പൂര്‍, ഷാങ്ഹായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കി. സാന്‍ ഫ്രാന്‍സിസ്‌കോ, പാരീസ്, ടൊറന്റോ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ കുറക്കുകയും ചെയ്തു.
◾ കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി ചുങ്കം ആറില്‍നിന്ന് 15 മായി വര്‍ദ്ധിപ്പിച്ചതിനെതിരെ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ രംഗത്ത്. ഇതുമൂലം കള്ളക്കടത്ത് വര്‍ദ്ധിക്കുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി. നേരത്തെ 15 ശതമാനം ഇറക്കുമതിചുങ്കം ആയിരുന്നപ്പോള്‍ ആയിരം ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. ആറു ശതമാനമാക്കിയപ്പോള്‍ 800 ടണ്ണായി ഇറക്കുമതി കുറഞ്ഞെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.അബ്ദുല്‍ നാസര്‍, പ്രസിഡന്റ് കെ.സുരേന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.
◾ ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ല. ഉദയനിധിക്ക് സനാതനം എന്തെന്ന് അറിയില്ലെന്നും സനാതന ധര്‍മ്മം രാജ്യത്തിന്റെ ആത്മാവാണെന്നും ഹൊസബല്ലെ പറഞ്ഞു.
◾ സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവിന്റെ ഇളയമകനും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അര്‍ദ്ധസഹോദരനുമായ പ്രതീക് യാദവ് (38) അന്തരിച്ചു. ബിജെപി നേതാവ് അപര്‍ണ യാദവാണ് ഭാര്യ.
◾ പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ പഴയ ക്രിമിനല്‍ കേസുകളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ നടന്ന ക്രിമിനല്‍ കേസുകളിലും അന്വേഷണം ശക്തമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
◾ പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കായി അമേരിക്കന്‍ പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപ് ബെയ്ജിങ്ങിലെത്തി. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനീസ് പ്രസിഡന്റിന്റെ സഹായം തനിക്ക് ആവശ്യമില്ലെന്ന് ചൈനയിലേക്ക് പുറപ്പെടും മുന്‍പ് ട്രംപ് പ്രതികരിച്ചു.
◾ 79 ാമത് കാന്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളില്‍ ഒന്നായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇത്തവണ ആറ് ഇന്ത്യന്‍ സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍, ചിദംബരം സംവിധാനം ചെയ്ത ബാലന്‍: ദ ബോയ് എന്നീ സിനിമകളും ഇത്തവണ കാനില്‍ പ്രദര്‍ശിപ്പിക്കും.
◾ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ പര്‍ദിസ് മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ ഒന്‍പതോളം ചെറിയ ഭൂചലനങ്ങള്‍ രേഖപ്പെടുത്തി. 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ഇതില്‍ ഏറ്റവും ശക്തമായത്.
◾ കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനു പിന്നാലെ കത്തിക്കയറി സ്വര്‍ണം. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 1,275 രൂപ വര്‍ധിച്ച് 15,390 രൂപയായി. പവന് 10,200 രൂപ ഉയര്‍ന്ന് 1,23,120 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 1,040 രൂപ ഉയര്‍ന്ന് 12,640 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,845 രൂപയാണ് വില. ഒമ്പത് കാരറ്റിന് 6,345 രൂപയുമായി. വെള്ളി വിലയും വന്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 3,200 രൂപയായി. പുതുക്കിയ കസ്റ്റംസ് വിജ്ഞാപന പ്രകാരം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി തീരുവ 4.35 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് ഉയര്‍ത്തിയത്. 2026 മെയ് 13 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. വിജ്ഞാപനപ്രകാരം ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിനും വെള്ളിക്കും ഇനി മുതല്‍ കൂടുതല്‍ നികുതി നല്‍കേണ്ടി വരും. അടിസ്ഥാന കസ്റ്റംസ് തീരുവയ്ക്ക് പുറമെ കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസ് കൂടി ചേരുന്നതോടെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും മൊത്തം നികുതി ഭാരം 15 ശതമാനമായി ഉയരും. നേരത്തെ ഇത് 6 ശതമാനമായിരുന്നു. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകര്‍ച്ച തടയുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
◾ ക്വാല്‍കോം തങ്ങളുടെ പുതിയ സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 5, സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 5 എന്നീ രണ്ട് സ്മാര്‍ട്ട്ഫോണ്‍ പ്രൊസസറുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച നിര്‍മിത ബുദ്ധി ക്യാമറ ടൂളുകളും ഗെയിമിംഗ് അനുഭവവും നല്‍കുമെന്നതാണ് സ്നാപ്ഡ്രാഗണ്‍ 6 ജെന്‍ 5 പ്രൊസസറിന്റെ പ്രധാന സവിശേഷത. ആപ്പുകള്‍ 20 ശതമാനം വേഗത്തില്‍ തുറക്കാനും, സ്‌ക്രീന്‍ സ്റ്റട്ടര്‍ 18 ശതമാനം കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ബജറ്റ്, മിഡ്-റേഞ്ച് സ്മാര്‍ട്ട്ഫോണുകളെ ലക്ഷ്യമിട്ടുള്ള സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 5 പ്രൊസസര്‍, ആപ്പുകള്‍ 43 ശതമാനം വേഗത്തില്‍ തുറക്കാനും സ്‌ക്രീന്‍ സ്റ്റട്ടര്‍ 25 ശതമാനം കുറയ്ക്കാനും സഹായിക്കും. സ്നാപ്ഡ്രാഗണ്‍ 4-സീരീസില്‍ ആദ്യമായി 90എഫ്പിഎസ് ഗെയിമിംഗ് പിന്തുണ സാധ്യമാക്കുന്നത് ഈ ചിപ്‌സെറ്റിലൂടെയാണ്. കൂടാതെ ഡ്യുവല്‍ സിം ഡ്യുവല്‍ ആക്ടീവ് സപ്പോര്‍ട്ടും ഇതില്‍ ലഭ്യമാണ്.
◾ യുവതാരങ്ങളും ശ്രദ്ധേയമായ താരനിരയും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം 'പ്രേംപാറ്റ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. യൂത്ത് റൊമാന്റിക് എന്റര്‍ടെയ്നറായ ചിത്രത്തിന്റെ ആദ്യ ലുക്കില്‍ തന്നെ സൗഹൃദവും തമാശകളും ആഘോഷിക്കുന്ന യുവത്വത്തിന്റെ നിറങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ലിജീഷ് കുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ആമിര്‍ പള്ളിക്കലാണ്. ജോമോന്‍ ജ്യോതിറാണ് നായകന്‍. നായികയുടെ മുഖം വെളിപ്പെടുത്താതെയാണ് ഫസ്റ്റ് ലുക്ക്. വെയ്റ്റിംഗ് ഫോര്‍ ആലിയ എന്ന കാപ്ഷനുമുണ്ട്. സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവന്‍, സഞ്ജു ശിവറാം, ഇര്‍ഷാദ് അലി, ബിബിന്‍ പെരുമ്പിള്ളി, സനീഷ് ഗിന്നസ് തുടങ്ങി താരങ്ങളോടൊപ്പം യുവതലമുറയിലെ ജുനൈസ് വി. പി, സാഫ് ബോയ്, നയന എല്‍സ, അശ്വിന്‍ വിജയന്‍, ടിസ് തോമസ്, ഇന്നസെന്റ്, വിഘ്‌നേഷ്, സല്‍മാനുല്‍ ഫാരിസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലന്‍- ദ് ബോയ്'യുടെ റിലീസ് തീയതി പുറത്ത്. 2026 ജൂണ്‍ 19 നു ചിത്രം തിയറ്ററുകളിലെത്തും. റിലീസിന് മുന്‍പായി ചിത്രത്തിന്റെ പ്രീമിയര്‍ ഈ മാസം കാന്‍സ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ നടക്കുമെന്നുള്ള വിവരം നേരത്തെ പുറത്തു വിട്ടിരുന്നു. മെയ് പതിനാലിനാണ് ചിത്രത്തിന്റെ പ്രീമിയര്‍ കാന്‍സില്‍ നടക്കുക. ചിത്രത്തിന്റെ മാര്‍ക്കറ്റിങ് സ്‌ക്രീനിംഗ് ആണ് കാന്‍സില്‍ നടക്കുക. കെ വി എന്‍ പ്രൊഡക്ഷന്‍സ്, തെസ്പിയന്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ജിത്തു മാധവന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. മലയാളം കൂടാതെ പാന്‍ ഇന്ത്യന്‍ റിലീസായി തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.
◾ നടപ്പ് സാമ്പത്തിക വര്‍ഷം രണ്ട് പുതിയ എസ്യുവികള്‍ പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ച് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ഒന്ന് പെട്രോള്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന, മിഡ്-സൈസ് എസ്യുവി ആയിരിക്കും. രണ്ടാമത്തേത് പ്രാദേശികമായി വികസിപ്പിച്ച ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള കോംപാക്ട് ഇലക്ട്രിക് എസ്യുവി ആയിരിക്കും. കോംപാക്ട് എസ്യുവി വിഭാഗത്തില്‍ ഹ്യുണ്ടായിയുടെ പ്രാദേശികമായി നിര്‍മ്മിച്ച ആദ്യത്തെ ഇലക്ട്രിക് വാഹനം ആയിരിക്കും ഇത്. നാലാം പാദത്തില്‍ ഏറ്റവും ഉയര്‍ന്ന ആഭ്യന്തര വില്‍പന കൈവരിച്ചതായി ഹ്യുണ്ടായ് അറിയിച്ചു. ഗ്രാമീണ മേഖലയിലെ വിപണി വിഹിതം റെക്കോര്‍ഡ് നേട്ടമായ 25 ശതമാനത്തില്‍ എത്തി. കൂടാതെ, സിഎന്‍ജി വാഹനങ്ങളുടെ വിഹിതം 18 ശതമാനമായി ഉയര്‍ന്നു. പൂനെയിലെ പ്ലാന്റില്‍ രണ്ടാം ഘട്ട വികസനത്തിന് ശേഷം പ്രതിവര്‍ഷം 70,000 കാറുകളുടെ അധിക ഉല്‍പ്പാദനം കൂടി കമ്പനി പ്രഖ്യാപിച്ചു. ഇതോടെ 2030-ഓടെ ഇന്ത്യയിലെ മൊത്തം വാര്‍ഷിക ഉല്‍പ്പാദന ശേഷി 11.4 ലക്ഷം കാറായി ഉയരും.
◾ തന്റെ ക്ലിനിക്കില്‍ നടക്കുന്ന, ചിരിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന, രസകരമായ അനുഭവങ്ങള്‍, ഡോക്ടര്‍ സരസമായി അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യരുടെ ഭയം, വിശ്വാസം, സ്നേഹം, ലാളിത്യം എന്നിവയെ ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. ഭാവനയുടെ മേമ്പൊടിയോടെ രചിച്ച സംഭവ കഥകള്‍. 'ഡോ.പ്രയോജനന്‍ കഥകള്‍'. ഡോ. എം.ജി ഷാജി. ഗ്രീന്‍ ബുക്സ്. വില 94 രൂപ.
◾ സ്മാര്‍ട്ട്ഫോണില്‍ പറ്റിയിരിക്കുന്ന രോഗാണുക്കള്‍ പലതരത്തിലുള്ള ആരോഗ്യ അപകടങ്ങള്‍ ഉണ്ടാക്കാമെന്ന് ആരോഗ്യവിദഗ്ധര്‍. കോള്‍ ചെയ്യുമ്പോഴോ ഫോണില്‍ സ്‌ക്രോള്‍ ചെയ്യുമ്പോഴോ ഈ രോഗാണുക്കള്‍ കൈകളിലും മുഖത്തും എളുപ്പത്തില്‍ പടരാം. ഇതുമൂലം ഭക്ഷ്യവിഷബാധ, വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി പോലുള്ള കുടല്‍ അണുബാധകള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. വേനല്‍ക്കാലം, മഴക്കാലം തുടങ്ങിയ ഈര്‍പ്പം കൂടുതലുള്ള കാലാവസ്ഥയില്‍ ഫോണുകളില്‍ ബാക്ടീരിയകള്‍ വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഉയര്‍ന്ന ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ ബാക്ടീരിയ പെരുകാനും ചൂടുകൂടുമ്പോഴും മഴക്കാലത്തും ആരോഗ്യഅപകടങ്ങള്‍ വര്‍ധിക്കാനും കാരണമാകുന്നു. ഇതിന് പരിഹാരമായി ആല്‍ക്കഹോള്‍ അടങ്ങിയ അണുനാശിനി വൈപ്പുകള്‍ ഉപയോഗിച്ച് ഫോണുകള്‍ ദിവസവും വൃത്തിയാക്കാം. കഠിനമായ കെമിക്കല്‍ ക്ലീനറുകളോ വൃത്തിയാക്കുമ്പോള്‍ അമിതമായ ഈര്‍പ്പമോ ഒഴിവാക്കുക, ഇവ ഫോണ്‍ കേടുവരുത്തും. വിയര്‍പ്പ്, അഴുക്ക്, ബാക്ടീരിയ എന്നിവ അടിഞ്ഞുകൂടാന്‍ സാധ്യതയുള്ളതിനാല്‍ ഫോണ്‍ കേസ് ഇടയ്ക്കിടെ വൃത്തിയാക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക, ഭക്ഷണത്തിന് മുന്‍പ് വൃത്തിയായി കൈകള്‍ കഴുകുക. പൊതുഗതാഗതം ഉപയോഗിച്ചതിന് ശേഷമോ, പൊതു പ്രതലങ്ങളില്‍ സ്പര്‍ശിച്ചതിന് ശേഷമോ ഫോണ്‍ കൈകാര്യം ചെയ്യുന്നതിന് മുമ്പ് കൈകള്‍ കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ ചെയ്യുക. മലിനമാകാന്‍ സാധ്യതയുള്ള പൊതു പ്രതലങ്ങളില്‍ ഫോണ്‍ വയ്ക്കുന്നത് ഒഴിവാക്കുക. കൈകഴുകല്‍ പോലെ, ഫോണ്‍ ശുചിത്വം ഒരു പതിവ് ആരോഗ്യ ശീലമാക്കുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.68, പൗണ്ട് - 129.40, യൂറോ - 112.10, സ്വിസ് ഫ്രാങ്ക് - 122.47, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 69.28, ബഹറിന്‍ ദിനാര്‍ - 253.71, കുവൈത്ത് ദിനാര്‍ -310.42, ഒമാനി റിയാല്‍ - 248.87, സൗദി റിയാല്‍ - 25.49, യു.എ.ഇ ദിര്‍ഹം - 26.08, ഖത്തര്‍ റിയാല്‍ - 26.25, കനേഡിയന്‍ ഡോളര്‍ - 69.85.
Tags:
KERALA