കോഴിക്കോട്: സംസ്ഥാനത്ത് പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. ഒരു സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താവിന് 21 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. ഇതുവരെ 17 ദിവസം കഴിഞ്ഞാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. രണ്ട് സിലിണ്ടര്‍ ഉള്ളവര്‍ക്ക് ഇനി 30 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയൂ.
ഗ്യാസ് സിലിണ്ടറുകളുടെ വിതരണം തടസപ്പെടാനുള്ള സാധ്യതയുമുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജവിതരണ ശൃംഖലയിലെ തടസവും കപ്പല്‍ സര്‍വീസുകളുടെ കുറവുമാണ് പാചകവാതക ക്ഷാമത്തിന് ഇടയാക്കുന്നത്. സിലിണ്ടര്‍ വിതരണം പരിമിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി ഗ്യാസ് ഏജന്‍സികള്‍ പറയുന്നു.
അതേ സമയം രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് വിലവർധനയ്ക്ക് കാരണമായത്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 60 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും കൂടിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
വില വർധനയോടെ പ്രമുഖ നഗരങ്ങളിലെ സിലിണ്ടർ നിരക്ക് കൂടി. കൊച്ചി: 920.50 രൂപ, ഡൽഹി: 913 രൂപ, മുംബൈ: 912.50 രൂപ, ചെന്നൈ: 928.50 രൂപ, കൊൽക്കത്ത: 930 രൂപ എന്നിങ്ങനെയാണ്.
ഫെബ്രുവരിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 49 രൂപയും, ജനുവരി ഒന്നിന് 111 രൂപയും വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വലിയൊരു തുക വീണ്ടും വർധിപ്പിച്ചിരിക്കുന്നത്.