*🟨"യൂറോപ്പിൽ പ്രകൃതിവാതക
വില കുതിച്ചുയർന്നു*
ലണ്ടൻ:പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോളതലത്തിൽ ഇന്ധനപ്രതിസന്ധി സൃഷ്‌ടിക്കുമെന്ന ആശങ്കയ്‌ക്ക് ആക്കം കൂട്ടി യൂറോപ്പിൽ പ്രകൃതിവാതക വില കുതിച്ചുയർന്നു. തിങ്കളാഴ്‌ച അമ്പത് ശതമാനത്തിന്റെ വർധനവാണുണ്ടായത്. പ്രകൃതിവാതകവില സൂചികയായ ഡച്ച് ടിടിഎഫ് നാച്ചുറൽ ഗ്യാസ് 45.7 ശതമാനം വർധിച്ച് 4989.23രൂപയിലെത്തി.ഖത്തറിലെ റിഫൈനറികൾക്ക് നേരെ ആക്രമണം ഉണ്ടായതിനെ തുടർന്ന് എൽഎൻജിയുടെ ഉൽപാദനം നിർത്തിവച്ചതാണ് വിലവർധനവിന് കാരണം.
ആഗോളതലത്തിൽ ഉപയോഗിക്കുന്ന പ്രകൃതിവാതകത്തിന്റെ 20 ശതമാനവും ഉൽപ്പാദിപ്പിക്കുന്നത് ഖത്തറാണ്. ഉൽപ്പാദനം നിർത്തിയത് വരുംദിവസങ്ങളിലും ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആഗോളതലത്തിൽ എണ്ണവിലയിലും വർധനവുണ്ടായി.
തിങ്കളാഴ്‌ച ബ്രെന്റ് ക്രൂഡ് ബാരലിന് പത്ത് ശതമാനം വർധിച്ച് 7,510.43 രൂപയായി. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കത്തിലും പ്രതിസന്ധിയുണ്ടായതോടെ എണ്ണവിലയും ലഭ്യതയും ഗുരുതരമായ നിലയിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ."
*🟨"ലഖ്‌നൗവിൽ വെജിറ്റേറിയൻ ബിരിയാണി കടയിലെ ഫ്രീസറിൽ യുവാവിന്റെ മൃതദേഹം*
ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ അടച്ചിട്ടിരുന്ന വെജിറ്റേറിയൻ ബിരിയാണി കടയിലെ ഡീപ്പ് ഫ്രീസറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബക്ഷി കാ തലാബ് പ്രദേശത്തെ ജിസിആർജി കോളേജ് ഗേറ്റിന് സമീപമുള്ള കടയിലാണ് സംഭവം. ബിഷൻപൂർ സ്വദേശിയായ വിജയ് പാൽ (38) ആണ് മരിച്ചത്.
കടയുടമയായ ശനി റാവത്തിന്റെ പിതാവ് മരിച്ചതിനെത്തുടർന്ന് കഴിഞ്ഞ നാല് ദിവസമായി കട അടച്ചിട്ടിരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ കട തുറന്ന ഉടമ ഫ്രീസർ പരിശോധിച്ചപ്പോഴാണ് ഉള്ളിൽ മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു.
മൃതദേഹത്തിൽ ബാഹ്യമായ പരിക്കുകളൊന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. മരിച്ച വിജയ് പാലിന്റെ പോക്കറ്റിൽ നിന്ന് ആധാർ കാർഡും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിജയ് പാൽ തന്റെ ഭാര്യയുമായി അഞ്ച് വർഷമായി വേർപിരിഞ്ഞു കഴിയുകയാണെന്നും മദ്യപാന ശീലമുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഇയാളെ കാണാതായത്. കട പ്ലാസ്റ്റിക് ഷീറ്റുകളും ടാർപോളിനും കൊണ്ട് മറച്ച താൽക്കാലിക നിർമ്മിതിയായതിനാൽ ഇയാൾ എങ്ങനെ അകത്തുകയറി എന്നും ഫ്രീസറിനുള്ളിലായി എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫ്രീസറിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഗോപാൽ കൃഷ്ണ ചൗധരി അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്."
*🟨യുദ്ധനിഴലില്‍ റംസാന്‍ ; പ്രതിസന്ധിയിൽ ഈദ് വിപണി*
ദുബായ്
സുഖകരമായ കാലാവസ്ഥയിലാണ് ഇത്തവണ ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ എത്തിയത്. സാധാരണഗതിയിൽ ഇഫ്താറുകളും രാത്രി സുഹൂര്‍ വരെ നീളുന്ന ഗബ്കകളും സൗഹൃദ വിരുന്നുകളും ഒക്കെയായി സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന മാസം. പ്രവാസികളും സ്വദേശികളും പള്ളികളില്‍ ഒത്തുചേര്‍ന്ന് നോമ്പ് തുറക്കുന്നതും വിഭവങ്ങള്‍ പങ്കുവെക്കുന്നതും പ്രവാസി സംഘടനകള്‍ ഒരുക്കുന്ന ഇഫ്താര്‍ വിരുന്നുകളും ഗള്‍ഫിലെ മനോഹരമായ കാഴ്‌ചകള്‍.
ഈ സമാധാനാന്തരീക്ഷത്തിലേക്കാണ് പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ എരിയുന്ന കനലുകള്‍ മിസൈലുകളായും ഡ്രോണുകളായും പതിച്ചത്. പരിഭ്രാന്തിയും ഭീതിയുമാണിവിടെ മുഴങ്ങുന്നത്.
ശനിയാഴ്‌ച ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ തുടങ്ങിയ ആക്രമണം ജനവാസ കേന്ദ്രങ്ങളിലേക്കും വ്യാപിച്ചു. പെട്ടെന്ന് അവസാനിക്കുമെന്ന് കരുതിയ സംഘര്‍ഷം ദീർഘിച്ചതോടെ പ്രവാസികളുടെ സ്വസ്‌ഥത നശിപ്പിച്ചു. പതിവ് ആഘോഷങ്ങളുടെ താളംതെറ്റിച്ചു.
ഗള്‍ഫിലുടനീളം പ്രവാസി സംഘടനകള്‍ നടത്താനിരുന്ന ഇഫ്താര്‍ വിരുന്നുകള്‍ ഒഴിവാക്കികൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ കൂടി ചേരുന്നതായതിനാല്‍ നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ അതിന് അനുമതിയും നല്‍കുകയില്ല.
സുരക്ഷാ ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളിലും തറാവീഹ് നമസ്‌കാരത്തിന്റെ സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സൗദിയിലെ മസ്ജിദുല്‍ ഹറം, മസ്ജിദുന്നബവി എന്നിവിടങ്ങളില്‍ തറാവീഹ് നമസ്‌കാരം പത്ത് റകഅത്തുകളും തുടര്‍ന്ന് മൂന്ന് വിത്‌റും എന്ന രീതിയിലാണിപ്പോള്‍. പ്രാർഥനകളുടെ ദൈര്‍ഘ്യം കുറച്ച് കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ഇമാമുമാര്‍ക്ക്
നിര്‍ദേശം നല്‍കി. ബഹ്‌റൈനില്‍ സുന്നി എന്‍ഡോവ്‌മെന്റ് ഡയറക്‌ടറേറ്റ് ജനറല്‍ തറാവീഹ് നമസ്‌കാരം പരമാവധി 25 മിനിറ്റിൽ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടു.
യുദ്ധസാഹചര്യം ഏറ്റവുമധികം പ്രതിസന്ധിയിലാക്കിയിരിക്കുന്നത് ബിസിനസ് മേഖലയെയാണ്. സജീവമായിരുന്ന മാളുകളെയും കടകളെയും യുദ്ധം ഉലച്ചു. പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് കോടികൾ നിക്ഷേപിച്ച മലയാളികളടക്കമുള്ള വ്യാപാരികള്‍ അനിശ്ചിതത്വത്തിലായി. വിതരണ ശൃംഖലയിലുണ്ടായ തടസ്സം കാരണം ഈദ് വില്‍പനയ്‌ക്കായി എത്തേണ്ട വസ്‌ത്രങ്ങളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും കെട്ടിക്കിടക്കുന്നു. സാധനങ്ങള്‍ വിറ്റ് പോകാത്ത അവസ്ഥ. മാളുകളിലും ചന്തകളിലും തിരക്ക് ഗണ്യമായി കുറഞ്ഞു. ആളുകള്‍ പണം കരുതിവെക്കാനും അത്യാവശ്യ സാധനങ്ങള്‍ മാത്രം വാങ്ങാനും താല്പര്യപ്പെടുന്നത് മലയാളികളടക്കമുള്ള കച്ചവടക്കാരെ ബാധ്യതയിലേക്ക് തള്ളിവിടുന്നു. ആഘോഷങ്ങളുടെ പൊലിമ കുറയുന്നതിനൊപ്പം വിമാന സര്‍വീസുകളെക്കുറിച്ചുള്ള ആശങ്കകള്‍ കൂടി ചേരുമ്പോള്‍ ഇത്തവണത്തെ പ്രവാസി ജീവിതം മ്ലാനമായി തുടരുന്നു."
*🟨"ദുബായ്, ദോഹ അസ്വസ്ഥം ; ഇന്ത്യൻ തൊഴിലാളികൾ ആശങ്കയിൽ*
*ഗൾഫിൽ ഭീതി ; ഇന്ത്യൻ തൊഴിലാളികൾ ആശങ്കയിൽ*
ദുബായ്
പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് മൂന്നാം ദിവസവും ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കി. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്ന് മരണം റിപ്പോര്‍ട്ടുചെയ്തു. വന്‍ നാശനഷ്ടവും ഉണ്ടായി.
*അരാംകോ റിഫൈനറിയില്‍ ആക്രമണം*
പ്രമുഖ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ രാസ് തനൂറയിലെ എണ്ണ ശുദ്ധീകരണ ശാലക്കുനേരെ തിങ്കളാഴ്ച പുലര്‍ച്ചെ ഡ്രോണ്‍ ആക്രമണമുണ്ടായി. രണ്ട് ഡ്രോണുകൾ പ്രതിരോധ സേന വെടിവെച്ചിട്ടെങ്കിലും അവശിഷ്ടങ്ങള്‍ പതിച്ച് റിഫൈനറിയില്‍ തീപിടുത്തമുണ്ടായി.
കിഴക്കന്‍ പ്രവിശ്യയിലെ ദമാമിന് സമീപമുള്ള റിഫൈനറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി കേന്ദ്രങ്ങളില്‍ ഒന്നാണിത്. പ്രതിദിനം 5,50,000 ബാരല്‍ എണ്ണയാണ് ഉല്‍പ്പാദന ശേഷി. ഇതോടെ ആഗോള വിപണിയില്‍ എണ്ണവില 10 ശതമാനത്തോളം വര്‍ധിച്ചു.
ആളപായമില്ലെന്നും തീപിടുത്തം നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. റിയാദിലെ ഇറാന്‍ അംബാസഡറെ വിളിച്ചുവരുത്തി സൗദി പ്രതിഷേധമറിയിച്ചു.
*ഖത്തര്‍ എല്‍എന്‍ജി
ഉൽപ്പാദനം നിര്‍ത്തി*
ഖത്തറിലെ പ്രധാന ഊര്‍ജ വ്യവസായ കേന്ദ്രങ്ങളായ മിസൈദ്, റാസ് ലഫാന്‍ എന്നിവിടങ്ങളില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. ഇതില്‍ ഒരു ഡ്രോണ്‍ മിസൈദിലെ പവര്‍ പ്ലാന്റിലെ ജലസംഭരണിയില്‍ പതിച്ചു, മറ്റൊന്ന് പതിച്ച് റാസ് ലഫാനിലെ വ്യവസായ ശാലയ്ക്ക് നാശനഷ്ടങ്ങള്‍ നേരിട്ടു. മുന്‍കരുതലിന്റെ ഭാഗമായി എല്‍എന്‍ജി ഉത്പാദനം
താല്‍ക്കാലികമായി നിര്‍ത്തി.
*ബഹ്‌റൈനില്‍ കപ്പലിന്
തീപിടിച്ചു;
തൊഴിലാളി മരിച്ചു*
ഇറാന്റെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ ബഹ്‌റൈനില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് സല്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന വിദേശ കപ്പലിന് തീപിടിച്ചു. ഏഷ്യക്കാരനായ ജീവനക്കാരൻ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മിന സല്‍മാന്‍ തുറമുഖത്തിന് സമീപമുള്ള തന്ത്രപ്രധാനമായ മാരിടൈം കേന്ദ്രത്തിലും വന്‍ തീപിടുത്തമുണ്ടായി. ജുഫൈറില്‍ യുഎസ് അഞ്ചാം കപ്പല്‍പടയുടെ ആസ്ഥാനത്തിന് നേരെയും മിസൈല്‍ ആക്രമണമുണ്ടായി. ബഹ്‌റൈന്‍ പ്രതിരോധ സേന 61 മിസൈലുകളും 34 ഡ്രോണുകളും വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ട്.
*യുഎഇ ആമസോണ്‍
ക്ലൗഡ് തകരാറില്‍*
യുഎഇയുടെ വിവിധ ഭാഗങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ തിങ്കളാഴ്ചയും ആക്രമണം അഴിച്ചുവിട്ടു. ദുബായിലെ വ്യവസായ മേഖലയിലും അബുദാബിയിലെ സായിദ് പോര്‍ട്ടിന് സമീപവും സ്‌ഫോടനങ്ങള്‍ ഉണ്ടായി. ആമസോണ്‍ വെബ് സര്‍വീസസിന്റെ ഡാറ്റാ സെന്ററിന് നേരെ ആക്രമണമുണ്ടായത് രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങളെ ഭാഗികമായി ബാധിച്ചു. ഇറാന്റെ നടപടിയെ ശക്തമായി അപലപിച്ച യുഎഇ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ഇറാനില്‍ നിന്ന് അടിയന്തരമായി തിരിച്ചുവിളിച്ചു.
*കുവൈത്തില്‍
ഇന്ധന ടാങ്കിന് തീപിടിച്ചു*
കുവൈത്തിലെ ദോഹ വെസ്റ്റ് പവര്‍ സ്റ്റേഷന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇന്ധന ടാങ്കിന് തീപിടിച്ചു. ഞായറാഴ്ച ആക്രമണത്തില്‍ ഒരാര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
*ദുബായ്, ദോഹ അസ്വസ്ഥം ; ഇന്ത്യൻ തൊഴിലാളികൾ ആശങ്കയിൽ*
ഏഴ് വർഷമായി റക്കിബ് സിക്ദർ (37) ദുബായിലെ പാർപ്പിട സമുച്ചയത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്‍തുവരികയാണ്. ദുബായ് സിലിക്കൺ ഒയാസിസ് എന്ന തിരക്കേറിയ വാണിജ്യ മേഖലയിലാണ്
താമസം. ഫെബ്രുവരി 28-ന് വൈകിട്ട്, സിക്ദർ റംസാൻ നോമ്പ് തുറന്ന് ഇന്ത്യയിലുള്ള കുടുംബത്തെ വിളിക്കാൻ ഒരുങ്ങുമ്പോഴാണ് പുറത്തേക്കിറങ്ങാന്‍ ആളുകള്‍ വിളിച്ചുപറയുന്നത് കേട്ടത്. “ഞങ്ങൾ പുറത്തേക്ക് ഓടി, ഒരു ഡ്രോൺ താഴേക്ക് വീഴുന്നത് പോലെ തോന്നി” സിക്ദർ പറഞ്ഞു.
യുഎഇ, ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ നഗരങ്ങളിൽ യുഎസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ വ്യോമാക്രമണം ശക്തമാക്കിയതോടെ ഈ മേഖലയിൽ താമസിക്കുന്ന ഇന്ത്യൻ തൊഴിലാളികള്‍ കടുത്ത ആശങ്കയിലാണ്.“രാത്രി ആർക്കും ഉറങ്ങാൻ കഴിഞ്ഞില്ല,” സിക്ദർ പറഞ്ഞു. “സ്‌ഫോടന ശബ്‌ദം കേൾക്കുമ്പോഴെല്ലാം ആളുകൾ ബാൽക്കണിയിലേക്ക് ഓടി.”
ജിസിസി രാജ്യങ്ങളിൽ 90 ലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. ദുബായിലെയും ഖത്തർ തലസ്ഥാനമായ ദോഹയിലെയും പ്രവാസി ഇന്ത്യക്കാര്‍ സ്ഥിതിഗതികള്‍ അവരെ എങ്ങനെ ബാധിക്കുന്ന കാര്യത്തിൽ ഉത്കണ്ഠാകുലരാണ്. ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, ദുബായിലെ പ്രമുഖ ഹോട്ടലായ ബുർജ് അൽ അറബ്, ജബൽ അലി പോർട്ട്, പാം ജുമൈറ ദ്വീപിലെ കെട്ടിടങ്ങള്‍ തുടങ്ങിയവയ്‌ക്ക് നാശനഷ്‌ടമുണ്ടായതായി ദുബായ് ഭരണകൂടം സ്ഥിരീകരിച്ചു.
ദുബായ് അധികൃതർ കൃത്യസമയത്ത് എല്ലാവരുടേയും ഫോണുകളിലേക്ക് വിവരം കൈമാറുന്നുണ്ട്. നിലവിലെ സാഹചര്യം, മിസൈൽ ഭീഷണി ഉണ്ടാവാന്‍ സാധ്യതയുള്ള മേഖല, അടുത്തുള്ള സുരക്ഷിതമായ കെട്ടിടം എന്നിവ ഈ മുന്നറിയിപ്പില്‍ ഉണ്ടാകും.
“ഇന്ത്യൻ മാധ്യമങ്ങളിലെ വാർത്തകൾ കണ്ടാൽ ദുബായ് കത്തിയെരിയുകയാണെന്ന് തോന്നും. എന്നാൽ കാര്യം അങ്ങനെയല്ല,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത 59കാരനായ ഇന്ത്യൻ ബിസിനസുകാരൻ ദേശീയമാധ്യമത്തോട് പറഞ്ഞു. “തീർച്ചയായും വെല്ലുവിളികളുണ്ട്, എന്നാൽ ഈ ആക്രമണങ്ങളെ തടയുന്നതിലും നിർദേശങ്ങൾ നൽകുന്നതിലും യുഎഇ അധികൃതർ മികച്ച പ്രവർത്തനമാണ് നടത്തുന്നത്.
"മുൻകരുതലെടുത്ത് ആളുകൾ ദൈനംദിന ജീവിതവുമായി മുന്നോട്ടുപോകുന്നു. ദുബായിലെ സ്വകാര്യ മേഖല സാധാരണ നിലയിൽ തുടരുന്നു” യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ എല്ലാ ഇന്ത്യൻ പൗരരും "അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും" അബുദാബിയിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.
*റദ്ദാക്കിയത് 3400 വിമാനങ്ങൾ*
സംഘർഷം തുടങ്ങിയശേഷം ഗൾഫ് രാജ്യങ്ങളിൽ റദ്ദാക്കിയത് 3,400-ലധികം വിമാനങ്ങള്‍. 300,000-ത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നു. ദുബായ്, ഷാർജ, അബുദാബി, ദോഹ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങൾ പ്രവർത്തനം നിർത്തി. ഈ മേഖലയിലെ ഭൂരിഭാഗം വ്യോമാതിർത്തികളും അടഞ്ഞുകിടക്കുകയാണ്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, മറ്റ് ഭൂഖണ്ഡങ്ങൾ എന്നിവയ്ക്കിടയിലുള്ള നിർണ്ണായക പ്രവേശന കവാടങ്ങളാണ് പശ്‌ചിമേഷ്യയിലെ വിമാനത്താവളങ്ങൾ. അതിനാൽ ലോകമാകമാനം പ്രതിസന്ധിയിലായിരിക്കയാണ്.
ഹമദ് ഇന്റർനാഷണൽ, ദുബായ്, അബുദാബി എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ ദുരിതം സമൂഹമാധ്യമങ്ങളിൽപങ്കുവച്ചിട്ടുണ്ട്. പലരും വിമാനത്താവളത്തിനുള്ളിൽത്തന്നെ കഴിയുന്നു."
*🟨"ട്രംപിന്റെ കുതന്ത്രത്തിൽ വീഴാതെ
ഗൾഫ് രാജ്യങ്ങൾ*
*റൂബിയോയുടെ
തന്ത്രത്തിൽ വീണ് ട്രംപ് ;
വാൻസിന് അതൃപ്‌തി*
വാഷിങ്‌ടൺ
ഇറാനെതിരെ ഇസ്രയേലുമായി ചേർന്ന് യുഎസ് നടത്തുന്ന യുദ്ധത്തിൽ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സംഘത്തില്‍ കടുത്ത ഭിന്നത. ട്രംപിന്റെ ഉപദേശകനും വൈസ് പ്രസിഡന്റുമായ ജെ ഡി വാൻസും വിദേശ സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിലാണ് ഭിന്നത രൂക്ഷം. റൂബിയോയുടെ നിർദേശം പരിഗണിച്ച് ട്രംപ് യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടതിൽ വാൻസിന് കടുത്ത എതിര്‍
പ്പുണ്ട്.
ട്രംപ് രണ്ടാമതും യുഎസ് പ്രസിഡന്റായതിനുശേഷം വിവിധ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങളും അധിനിവേശങ്ങളുടെയും സൂത്രധാരൻ റൂബിയോ ആണ്. "അവസാനമില്ലാത്ത യുദ്ധങ്ങൾ" അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വാഗ്‌ദാനംചെയ്‌ത് ട്രംപ് ഇപ്പോള്‍ ഒന്നിനു പിറകെ മറ്റൊന്നായി യുദ്ധങ്ങള്‍ ഏറ്റെടുക്കുകയാണ്. റൂബിയോയുടെ നവ-യാഥാസ്ഥിതിക യുദ്ധ അജൻഡ ട്രംപ് ഏറ്റെടുത്തതോടെ, അമേരിക്കൻ വിദേശനയത്തിൽ വലിയ മാറ്റമുണ്ടായി. അമേരിക്കയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും വിദേശ യുദ്ധങ്ങളിൽ ഇടപെടരുതെന്നുമാണ് വാൻസിന്റെ നിലപാട്. പാശ്ചാത്യ ആധിപത്യം ലക്ഷ്യമാക്കിയുള്ള റൂബിയോയുടെ നയം ട്രംപ് സ്വീകരിച്ചതോടെ വാൻസ് പിന്തള്ളപ്പെട്ടു.
എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കുമെന്നും കോപാകുലവും അക്രമാസക്തവും പൂർണമായും പ്രവചനാതീതവുമായ ലോകത്തിന് പുതിയ ഐക്യത്തിന്റെ മനോഭാവം നൽകുമെന്നുമാണ് ട്രംപ് വീണ്ടും പ്രസിഡന്റായപ്പോൾ ആദ്യപ്രസംഗത്തിൽ പറഞ്ഞത്. പുതിയ യുദ്ധങ്ങളൊന്നും ആരംഭിച്ചില്ല എന്നത് തന്റെ ആദ്യ ടേമിലെ വലിയ നേട്ടമായി ട്രംപ്
ഉയർത്തിക്കാട്ടിയിരുന്നു. എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധം വാൻസിന്റെ സ്വാധീനം കുറയ്‌ക്കുകയും റൂബിയോയുടെ പ്രാധാന്യം വർധിപ്പിക്കുകയുംചെയ്‌തു.
റിപ്പബ്ലിക്കന്‍ പാര്‍ടിക്കുള്ളില്‍ ഈ രണ്ട് ചിന്താഗതികളും പ്രബലം. സൈനികമായി ഇടപെട്ടും കാര്യങ്ങള്‍ അമേരിക്കയ്‌ക്ക് അനുകൂലമാക്കുക എന്ന മാര്‍ക്കോ റൂബിയോ പക്ഷത്തിന്റെ ചിന്താഗതിക്കൊപ്പമാണ് ഇപ്പോള്‍ ട്രംപ്. അതുകൊണ്ടുതന്നെ 2028ലെ തെരഞ്ഞെടുപ്പില്‍ ട്രംപിന് ശേഷം ആര് എന്ന ചോദ്യത്തിന് വാന്‍സിനേക്കാള്‍ മുന്‍ഗണന മാര്‍ക്കോ റൂബിയോക്ക് കിട്ടിയേക്കും.
*അമേരിക്കൻ ജനത
ട്രംപിനൊപ്പമില്ല*
ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം തള്ളി യുഎസ് ജനത. റോയിറ്റേഴ്‌സും ഐപിഎസ്‌ഒഎസും ചേർന്ന് നടത്തിയ സർവേയിൽ നാലിൽ ഒരാൾ മാത്രമാണ് ആക്രമണത്തെ ശരിവച്ചത്. 43 ശതമാനംപേരും ആക്രമണത്തെ അംഗീകരിച്ചില്ല. നീക്കം ശരിയാണോയെന്നതിൽ 29 ശതമാനം പേർക്ക് സംശയമുണ്ട്. ട്രംപ് പ്രതിനിധാനം ചെയ്യുന്ന റിപ്പബ്ലിക്കൻ പാർടി പ്രതിനിധികളിൽ 55 ശതമാനവും ആക്രമണത്തെ അംഗീകരിക്കുന്പോൾ 13 ശതമാനം എതിർത്തു, 29 പേർ സംശയം പ്രകടിപ്പിച്ചു. 42 ശതമാനം റിപ്പബ്ലിക്കൻമാരും ‘ യുഎസ് സൈനികർ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായാൽ’ പിന്തുണ തുടരില്ലെന്നും പ്രതികരിച്ചു.
അതേസമയം, ഡെമോക്രാറ്റുകൾ 74 ശതമാനവും എതിർത്തപ്പോൾ ഏഴ് ശതമാനം അംഗീകരിച്ചു. 19 ശതമാനം സംശയത്തിലാണ്. ഇറാനിൽ ആക്രമണം തുടങ്ങിയ ശനിയാഴ്‌ചയും ഞായറാഴ്‌ചയുമാണ് സർവേ നടത്തിയത്. യുഎസ് സൈനികർ കൊല്ലപ്പെട്ടെന്ന് ഞായറാഴ്‌ച സ്ഥിരീകരിച്ചിരുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തെ ന്യായീകരിച്ച് യുദ്ധം തുടരുമെന്ന ട്രംപിന്റെ നിലപാടിനോട് യുഎസ് ജനതയ്‌ക്ക് താൽപ്പര്യമില്ലെന്ന്
വ്യക്തമാക്കുന്നതാണ് സർവേ ഫലം.
*ട്രംപിന്റെ കുതന്ത്രത്തിൽ വീഴാതെ
ഗൾഫ് രാജ്യങ്ങൾ*
ഇറാനെതിരായി ജിസിസി രാജ്യങ്ങളെ രംഗത്തിറക്കി പശ്‌ചിമേഷ്യയിൽ സംഘർഷം കടുപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം പാളുന്നു. മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെ ഇറാൻ ആക്രമണം കടുപ്പിച്ചിട്ടും പ്രതിരോധിക്കുക മാത്രമേ ഗൾഫ് രാജ്യങ്ങൾ ചെയ്യുന്നുള്ളൂ. ഇറാനെ നേരിട്ട് ആക്രമിക്കാൻ സൗദി, ഖത്തർ, ഒമാൻ, ബഹ്‌റൈൻ യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ തയ്യാറായിട്ടില്ല.
ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് മേൽ സൗദി അറേബ്യ സമ്മർദ്ദം ചെലുത്തിയെന്ന റിപ്പോർട്ടുകൾ സൗദി തള്ളി. ഇറാനുമായി ഒരു കരാറിലെത്താനുള്ള ശ്രമങ്ങളെയാണ് രാജ്യം പിന്തുണയ്ക്കുന്നതെന്നാണ് സൗദി എംബസി വക്താവ് ഫഹദ് നാസറിന്റെ പ്രതികരണം. ഇറാനുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ഗൾഫ് സഹകരണസംഘത്തിലെ (ജിസിസി) രാഷ്ട്രങ്ങളെ വലിച്ചിഴയ്ക്കരുതെന്ന് ഖത്തർ മുൻ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ഷെയ്‌ഖ് ഹമദ് ബിൻ ജാസിം ബിൻ ജാബർ എക്‌സില്‍ കുറിച്ചു.
ഗള്‍ഫ് രാജ്യങ്ങളും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ ഉണ്ടായാൽ, അത് ഇരുവശത്തുമുള്ള വിഭവങ്ങളെ ഇല്ലാതാക്കും. പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ നമ്മെ സഹായിക്കുക എന്ന വ്യാജേന നിരവധി ശക്തികൾക്ക് നമ്മെ നിയന്ത്രിക്കാൻ അവസരം നൽകുകയും ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം."
*🟨ഗാന്ധിആശുപത്രി തകർത്തു*
*കനത്ത നാശം ; തകർന്നടിഞ്ഞ് ഇറാന്റെ പ്രധാന നഗരങ്ങൾ*
തെഹ്‌റാൻ
മൂന്നുദിവസമായി തുടരുന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിൽ തകർന്നടിഞ്ഞ് ഇറാന്റെ പ്രധാന നഗരങ്ങൾ . ഇറാൻ റെഡ് ക്രസന്റ് സൊസൈറ്റി കണക്കനുസരിച്ച്, മരണസംഖ്യ 555 കവിഞ്ഞു. 130-ലധികം നഗരങ്ങളിൽ വ്യോമാക്രമണമുണ്ടായി. സൈനിക കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്‌ടമുണ്ടായതായി ഉപഗ്രഹ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പേർഷ്യൻ ഗൾഫ് തീരത്തുള്ള ബുഷെർ ആണവ നിലയത്തിന് നാശനഷ്‌ടമുണ്ടായതായും റിപ്പോർട്ടുണ്ട്. ആണവ പദ്ധതിയുടെ പ്രധാന കേന്ദ്രങ്ങളായ ഇസ്‌ഫഹാൻ, നതാൻസ് എന്നിവിടങ്ങളിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ നാശമുണ്ടായി.
വ്യോമസേനാ ഷെൽട്ടർ, ഡ്രോൺ നിർമാണ കേന്ദ്രങ്ങൾ എന്നിവ തകർന്നു. കോനാരക് തുറമുഖ മേഖലയിലെ നാവികസേനാ കപ്പലുകൾക്ക് കേടുപാടുണ്ടായി. ഐആർജിസി ആസ്ഥാനം, ഇന്റലിജൻസ് മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവയുൾപ്പെടെയുള്ളവയ്‌ക്കും കനത്ത നാശനഷ്‌ടമുണ്ടായി.
ഇറാൻ റെവല്യൂഷണറി ഗാർഡ്‌സിന്റെ ആസ്ഥാനം തകർത്തതായി യുഎസ് അവകാശപ്പെട്ടു. ആയിരത്തിലധികം പ്രദേശങ്ങളിൽ ആക്രമണം നടത്തിയെന്നും അറിയിച്ചു. സ്‌ഫോടനങ്ങൾ രാജ്യത്തുടനീളം കെട്ടിടങ്ങളെ പിടിച്ചുകുലുക്കി. തെഹ്‌റാന് മുകളിൽ പുകപടലങ്ങൾ ഉയർന്നു."
*ആശുപത്രികൾക്കും
കനത്ത നാശനഷ്‌ടം*
യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ഇറാനിലെ നിരവധി ആശുപത്രികളും ആരോഗ്യസംവിധാനങ്ങളുമാണ് തകർന്നത്. തെഹ്റാൻ, ഇസഫഹാൻ, മറ്റ് പ്രധാന നഗരങ്ങൾ എന്നിവിടങ്ങളില ആശുപത്രി കെട്ടിടങ്ങൾക്ക് വ്യോമാക്രമണത്തിൽ നാശം സംഭവിച്ചു. വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടതും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും കാരണം പലയിടങ്ങളിലും ഗുരുതരമായി പരിക്കേറ്റവരെ ചികിത്സിക്കാനാകുന്നില്ല. ആംബുലൻസുകളും ആക്രമണത്തിനിരയായതായി റെഡ് ക്രസന്റ് അറിയിച്ചു.
*ഗാന്ധി ആശുപത്രി തകർത്തു*
യുഎസ്– ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ തലസ്ഥാനമായ തെഹ്‌റാനിലെ ഗാന്ധി ആശുപത്രി തകർത്തു. നിരവധി പേർക്ക് പരിക്കേറ്റു. തകർന്ന ആശുപത്രിയുടെ ദൃശ്യങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടു. ഇറാനിലെ പ്രധാന ആശുപത്രിയാണിത്. മെഡിക്കൽ ടൂറിസ്റ്റുകൾ കൂടുതലായി വരുന്നയിടമാണ്. 2009-ൽ സ്ഥാപിതമായ ഈ ആശുപത്രി 32,000 ചതുരശ്ര മീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു. 17 നിലകളിലായി ആശുപത്രി സേവനങ്ങളും 21 നിലകളിലായി ഹോട്ടലുകളുമുണ്ട്. വടക്കൻ തെഹ്‌റാനിലെ ഗാന്ധി സ്ട്രീറ്റിലാണ് ആശുപത്രി.
*"ബാഗ്‌ദാദിലും
ഇസ്രയേൽ–
യുഎസ്
ആക്രമണം*
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിന് തെക്ക് ജുർഫ് അൽ-സഖറിലെ ഇറാൻ അനുകൂല കതൈബ് ഹിസ്ബുള്ള ഗ്രൂപ്പിന്റെ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ– -യുഎസ് ആക്രമണം. വാഹനങ്ങളും വെയർഹൗസുകളും കത്തിനശിച്ചതായും വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
*യുഎസുമായി
ചർച്ചയ്‌ക്കില്ലെന്ന് ഇറാൻ*
യുഎസുമായി ചർച്ച നടത്തില്ലെന്നും ട്രംപിന്റെ ഭ്രാന്തമായ ഭാവനകൾ പശ്‌ചിമേഷ്യയെ കുഴപ്പത്തിലാക്കിയെന്നും ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി. ഇറാൻ ഉദ്യോഗസ്ഥർ ട്രംപ് ഭരണകൂടവുമായി ചർച്ചയ്ക്ക് ശ്രമിച്ചെന്ന മാധ്യമ റിപ്പോർട്ടുകൾ ലാരിജാനി എക്‌സിലൂടെ നിഷേധിച്ചു.
*ഇറാനെ ആക്രമിക്കാൻ
പദ്ധതിയിട്ടിരുന്നില്ലെന്ന് പെന്റഗൺ*
യുഎസ് സൈന്യം ഇറാനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നില്ലെന്ന് പെന്റഗൺ റിപ്പോർട്ട്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയ ആക്രമണത്തിന് മുമ്പ്, ഇറാനെ ആക്രമിക്കാൻ യുഎസ് പദ്ധതിയിട്ടിരുന്നില്ലെന്ന് പെന്റഗൺ ഉദ്യോഗസ്ഥർ കോൺഗ്രസിനെ അറിയിച്ചു. ഇറാൻ മിസൈലുകളും അനുകൂല സംഘടനകളും യുഎസ് താൽപ്പര്യങ്ങൾക്ക് ഭീഷണിയാണെങ്കിലും, ഇറാൻ ആദ്യം ആക്രമിക്കാൻ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിവരങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു."
*🟨യുദ്ധപ്പുകയിൽ ആഗോള വിപണി; ക്രൂഡ് ഓയിലിനും സ്വർണത്തിനും വില കുതിക്കുന്നു, ഓഹരി വിപണിയിൽ വൻ തകർച്ച*
കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ആഗോള സാമ്പത്തിക വിപണി കനത്ത പ്രതിസന്ധിയിൽ. ഇറാൻ-ഇസ്രയേൽ സംഘർഷം ആഗോളതലത്തിൽ ക്രൂഡ് ഓയിൽ, സ്വർണം എന്നിവയുടെ വില വർധനയ്ക്കും ഓഹരി വിപണികളുടെ തകർച്ചയ്ക്കും കാരണമായി.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം തടസ്സപ്പെട്ടതാണ് വിപണിയെ ആടിയുലയ്ക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതോടെ ക്രൂഡ് ഓയിൽ വിലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ബാരലിന് 77 ഡോളറായിരുന്ന വില ഒറ്റയടിക്ക് 80 ഡോളറിലേക്ക് ഉയർന്നു.
ഗൾഫ് രാജ്യങ്ങളിലെ എണ്ണ റിഫൈനറികൾ ലക്ഷ്യമിട്ടുള്ള മിസൈൽ ആക്രമണങ്ങൾ വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. ഇറാനിൽ നിന്നുള്ള എണ്ണ വിതരണം പൂർണ്ണമായും നിലച്ചതും മറ്റ് ജിസിസി രാജ്യങ്ങളിലെ ഉൽപ്പാദനം തടസ്സപ്പെട്ടതും വരും ദിവസങ്ങളിൽ ഇന്ധനവില ഇനിയും ഉയരാൻ കാരണമാകും.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ ഒഴുകുന്നത് വില വർധനയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ ദിവസം പവന് 1.30 ലക്ഷം രൂപ കടന്ന സ്വർണവിലയിൽ നേരിയ കുറവുണ്ടായെങ്കിലും വിപണിയിൽ കനത്ത അസ്ഥിരത തുടരുകയാണ്.
ഇന്ത്യൻ ഓഹരി വിപണിയായ സെൻസെക്‌സും നിഫ്റ്റിയും കനത്ത നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ലണ്ടൻ, യൂറോപ്യൻ എക്സ്‌ചേഞ്ചുകളിലും സമാനമായ തകർച്ച ദൃശ്യമാണ്.
പ്രധാന കമ്പനികളുടെ ഓഹരികളെല്ലാം നഷ്ടം നേരിടുന്നതിനാൽ വരും ദിവസങ്ങളിലും വിപണിയിൽ തകർച്ച തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്ക് വഴി ചരക്ക് നീക്കം നടത്തുന്ന എംഎസ്‌സി ഉൾപ്പെടെയുള്ള മുൻനിര ഷിപ്പിംഗ് കമ്പനികൾ താൽക്കാലികമായി സർവീസുകൾ
നിർത്തിവെച്ചിട്ടുണ്ട്. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കും.
*🟨"ട്രംപിന്റെയും നെതന്യാഹുവിന്റെയും ഗുണ്ടായിസം"; ഇറാൻ ആക്രമണത്തിൽ രൂക്ഷവിമർശനവുമായി ജാവേദ് അക്തർ*
മുംബൈ: ഇറാനിലെ സൈനിക-ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രമുഖ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തർ.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും നടപടികൾ വെറും 'ഗുണ്ടായിസം' ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇത്തവണ ട്രംപും ഇസ്രയേലും തങ്ങളുടെ പരിധി ലംഘിച്ചിരിക്കുകയാണെന്ന് ജാവേദ് അക്തർ പറഞ്ഞു. ഇറാഖിനെ തകർത്തതുപോലെ ഇറാനെതിരെയും ഇത്തരത്തിലുള്ള ധിക്കാരം കാണിക്കാൻ അവരെ അനുവദിച്ചാൽ ലോകത്തിന് മുന്നിൽ അവരുടെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെടും.
മറ്റെല്ലാ ഗുണ്ടകളെയും പോലെ നെതന്യാഹുവും ട്രംപും മറ്റുള്ളവരെ ചുവരിലേക്ക് ചേർത്തുനിർത്തുകയാണ്. ഒടുവിൽ തിരിച്ചടിക്കുകയല്ലാതെ മറ്റ് വഴികളില്ലാത്ത അവസ്ഥയിലേക്ക് അവർ രാജ്യങ്ങളെ എത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി വധിക്കപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുകയാണ്. ദുബായ്, ദോഹ ഉൾപ്പെടെയുള്ള ഗൾഫ് മേഖലകളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ പ്രത്യാക്രമണം ആരംഭിച്ചതോടെ മേഖല കനത്ത സംഘർഷഭരിതമാണ്. ഈ സാഹചര്യത്തിലാണ് ലോകനേതാക്കളുടെ ഏകപക്ഷീയമായ നടപടികളെ വിമർശിച്ച് ജാവേദ് അക്തർ രംഗത്തെത്തിയത്."
*🟨"ഓൺലൈൻ വാതുവെപ്പ് കേസ്: 1,810 കോടിയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടി*
ന്യൂഡൽഹി: വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വൻ നടപടിയുമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിലെ പ്രധാന പ്രതികളുടെയും സഹായികളുടെയും 1,810 കോടി രൂപയുടെ ആസ്തികൾ കൂടി ഇഡി താൽക്കാലികമായി കണ്ടുകെട്ടി.
ഇതോടെ ഈ കേസിൽ ഇതുവരെ കണ്ടുകെട്ടിയ ആകെ ആസ്തികളുടെ മൂല്യം 2,600 കോടി രൂപയായി ഉയർന്നു. ബാങ്ക് നിക്ഷേപങ്ങൾ, ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ, ഭൂമി, കെട്ടിടങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്ഥാവര-ജംഗമ ആസ്തികളാണ് ഇഡി പിടിച്ചെടുത്തത്.
ഇതിൽ പ്രധാന പ്രതിയായ സൗരഭ് ചന്ദ്രാക്കറുടെയും സഹായികളുടെയും ഉടമസ്ഥതയിലുള്ള വിദേശ കമ്പനികളുടെ നിക്ഷേപങ്ങളും ഉൾപ്പെടുന്നു. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹവാലാ ഇടപാടുകാരനായ ഹരിശങ്കർ തിബ്രേവാളിന്റെ നിയന്ത്രണത്തിലുള്ള കമ്പനികൾ വഴി ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിച്ച 74.28 കോടി രൂപയുടെ ബാങ്ക് ബാലൻസും ഇതിൽ ഉൾപ്പെടുന്നു.
മഹാദേവ് ഓൺലൈൻ ബുക്ക് എന്ന വാതുവെപ്പ് ആപ്പ് വഴി പൊതുജനങ്ങളെ വഞ്ചിച്ചും നിയമവിരുദ്ധമായി പണം സമ്പാദിച്ചും ലഭിച്ച തുക ഹവാലാ ഇടപാടുകളിലൂടെയും ബിനാമി അക്കൗണ്ടുകളിലൂടെയും വെളുപ്പിച്ചതായാണ് അന്വേഷണ ഏജൻസി കണ്ടെത്തിയത്.
ഛത്തീസ്‌ഗഢ് പൊലീസിന്റെ എഫ്‌ഐആർ അടിസ്ഥാനമാക്കി തുടങ്ങിയ അന്വേഷണം നിലവിൽ അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക ഇടപാടുകളിലേക്കും സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖരിലേക്കും നീണ്ടിട്ടുണ്ട്.
ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതികളായ സൗരഭ് ചന്ദ്രാക്കർ, രവി ഉപ്പൽ എന്നിവരെ ഇന്ത്യയിലെത്തിക്കാനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ഇഡി അറിയിച്ചു."
*🟨വയനാടിനായി കൊടുത്തവരും,കൊടുക്കാത്തവരും; ചർച്ചയായി കണക്കുകൾ*
*തിരുവനന്തപുരം:* ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങൾക്കായി സർക്കാർ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളോട് സഹായമഭ്യർത്ഥിച്ച് ധന സമാഹരണം നടത്തിയപ്പോൾ പല കോണ്‍ഗ്രസുകാരും പണം നൽകരുതെന്ന് പറഞ്ഞുവെന്ന ആക്ഷേപം വീണ്ടും ചര്‍ച്ചയാകവേ വൈറല്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി കണ്ടന്‍റ് ക്രിയേറ്റര്‍ അജയ് ബാലചന്ദ്രന്‍. വയനാട് ദുരന്തത്തെത്തുടർന്ന് സി എം ഡി ആർ എഫ് ഫണ്ടിലേയ്ക്ക് ഏതൊക്കെ എം എൽ എമാരും എം പിമാരും ധനസഹായം നൽകിയിട്ടുണ്ട് എന്ന് ധനകാര്യ (ഫണ്ട്സ്) വകുപ്പിലേയ്ക്ക് ഒരു വിവരാവകാശാപേക്ഷ സമര്‍ര്‍പ്പിച്ചുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
*'ഞാൻ ഒരു ചെറിയ തുക സംഭാവന ചെയ്തിട്ടുള്ള ആളാണ്. ഏതൊക്കെ ജനപ്രതിനിധികൾ കൊടുത്തു എന്നറിയണമല്ലോ?*
ട്രാൻസാക്ഷൻ സമയത്ത് പേര് കൃത്യമായി രേഖപ്പെടുത്താത്തതോ, ബാങ്കിലേയ്ക്ക് നേരിട്ട് ക്യാഷ് ആയി അടച്ചതോ ആയ ട്രാൻസാക്ഷനുകൾ ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന വിശദീകരണത്തോടെ തന്ന വിവരങ്ങളാണിത്. ഇങ്ങനെ വിവരങ്ങൾ ക്രോഡീകരിച്ച് നൽകിയ ധനകാര്യവകുപ്പിന് നന്ദി. അവർ തന്ന അതേ ഓർഡറിലാണ് ഇതെഴുതിയിരിക്കുന്നത്. പകർത്തി എഴുതിയതിൽ കഴിയുന്നത്ര തെറ്റുണ്ടാവാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്.
ഇതൊരു റോ ഡേറ്റ പോസ്റ്റാണ്. കൂടുതൽ വിശകലനത്തിന് മുതിരുന്നില്ല. ഏറ്റവും ഉയർന്ന തുക നൽകിയ ജനപ്രതിനിധി (എം പി ആയാലും എം എൽ എ ആയാലും) ശ്രീ കെ ടി ജലീലാണ്. മൂന്ന് ലക്ഷം രൂപ. എല്ലാവരും കൊടുത്തിട്ടില്ല എന്നത് വ്യക്തം. ആരൊക്കെ കൊടുത്തില്ല എന്നത് ഈ പോസ്റ്റിൽ പരിശോധിക്കുന്നില്ല'. -അദ്ദേഹം കുറിച്ചു.
*എം പിമാർ:*
1. ഡോ. വി ശിവദാസൻ: 1,10,000
2. ജോൺ ബ്രിട്ടാസ്: 1,10,000
3. കെ രാധാകൃഷ്ണൻ: 1,00,000
4. ഹൈബി ഈഡൻ: 1,00,000
5. ബെന്നി ബഹനാൻ : 1,00,000
6. എം കെ രാഘവൻ: 1,00,000
7. ജെബി മാത്തർ ഹിഷാം : 1,00,000
8. ആന്റോ ആന്റണി പുന്നതാണിയിൽ: 1,00,000
9. എൻ കെ പ്രേമചന്ദ്രൻ: 1,00,000
10. രാജ്മോഹൻ ഉണ്ണിത്താൻ: 1,00,000
*എം എൽ എമാർ:*
1. പിണറായി വിജയൻ 1,00,000
2. കെ എൻ ബാലഗോപാൽ 1,00,000
3. പി രാജീവ് 1,22,222
4. ഡോ. ആർ ബിന്ദു: 2,00,000
5. പി പ്രസാദ്: 1,00,000
6. ജി ആർ അനിൽ: 1,00,000
7. സജി ചെറിയാൻ: 1,00,000
8. വി എൻ വാസവൻ: 1,00,000
9. ജെ ചിഞ്ചുറാണി: 1,00,000
10. വീണ ജോർജ്ജ്: 1,00,000
11. എം ബി രാജേഷ്: 98,185
12. രാമചന്ദ്രൻ കടന്നപ്പള്ളി: 1,00,000
13. പി എ മുഹമ്മദ് റിയാസ്: 1,00,000
14. കെ കൃഷ്ണൻകുട്ടി: 1,00,000
15. കെ രാജൻ: 98,185
16. വി ശിവൻകുട്ടി: 1,00,000
17. എ കെ ശശീന്ദ്രൻ: 98,185
18. ഒ ആർ കേളു: 1,00,000
19. വി അബ്ദുറഹിമാൻ 1,00,000
20. കെ ബി ഗണേശ് കുമാർ 1,00,000
21. റോഷി അഗസ്റ്റിൻ: 98,185
22. എം വി ഗോവിന്ദൻ മാസ്റ്റർ: 50,000
23. എൻ ജയരാജ്: 1,00,000
24. ചിറ്റയം ഗോപകുമാർ: 1,00,000
25. വി ഡി സതീശൻ: 1,00,000
26. രമേശ് ചെന്നിത്തല: 50,000
27. ടി സിദ്ദിഖ്: 50,000
28. സി ആർ മഹേശ്: 50,000
29. ജോൺ ഫെർണാണ്ടസ്: 25,000
30. ടി ജെ വിനോദ്: 50,000
31. എം എൽ എ ഓഫീസ്, നിലമ്പൂർ: 50,000
32. എ എൻ ഷംസീർ: 98,185
33. മാത്യു ടി തോമസ്: 50,000
34. വാഴൂർ സോമൻ: 1,45,500
35. സെബാസ്റ്റ്യൻ കുളത്തുങ്കൽ 50,000
36. അൻവർ സാദത്ത്: 50,000
37. ഇ ചന്ദ്രശേഖർ: 50,000
38. സി കെ ആശ: 50,000
39. വി ശശി: 50,000
40. ഇ കെ വിജയൻ: 50,000
41. പി ബാലചന്ദ്രൻ: 50,000
42. വി ആർ സുനിൽ കുമാർ 50,000
43. ജി എസ് ജയലാൽ 50,000
44. എം വിജിൻ: 50,000
45. എച്ച് സലാം 50,000
46. ജെനിഷ് കുമാർ കെ യു 50,000
47. അൻസലൻ കെ 50,000
48. സി കെ ഹരീന്ദ്രൻ: 50,000
49. രാജഗോപാലൻ: 50,000
50. ബാബു കെ (നെന്മാറ) 50,000
51. പി എസ് സുനിൽ (പുനലൂർ) 50,000
52. എൻ കെ അക്ബർ (ഗുരുവായൂർ) 50,000
53. ആന്റണി ജോൺ (കോതമംഗലം) 50,000
54. ചിത്തരഞ്ജൻ (ആലപ്പുഴ) 50,000
55. വി ജോയ് (വർക്കല) 50,000
56. കെ പി കുഞ്ഞഹമ്മദ് കുട്ടി 50,000
57. പി മമ്മിക്കുട്ടി (ഷോർണൂർ) 50,000
58. എ സി മൊയ്ദീൻ (കുന്നംകുളം) 50,000
59. ഡി കെ മുരളി (വാമനപുരം) 50,000
60. മുരളി പെരുനെല്ലി (മണലൂർ) 50,000
61. എം നൗഷാദ് (ഇരവിപുരം) 50,000
62. എ പ്രഭാകരൻ (മലമ്പുഴ) 50,000
63. കെ ഡി പ്രസേനൻ (ആലത്തൂർ) 50,000
64. കെ പ്രേംകുമാർ (ഒറ്റപ്പാലം) 50,000
65. കെ കെ രാമചന്ദ്രൻ 50,000
66. ടി പി രാമചന്ദ്രൻ (പേരാമ്പ്ര) 50,000
67. കെ ശാന്തകുമാരി (കൊങ്ങാട്) 50,000
68. ഐ ബി സതീശ് (കാട്ടാക്കട) 50,000
69. പി വീ ശ്രീനിജിൻ (കുന്നത്തുനാട്) 50,000
70. ജി സ്റ്റീഫൻ (അരുവിക്കര) 50,000
71. ഡോ. സുജിത്ത് വിജയൻപിള്ള 50,000
72. കെ വി സുമീഷ് (അഴീക്കോട്) 50,000
73. തോട്ടത്തിൽ രവീന്ദ്രൻ 50,000
74. കെ എൻ ഉണ്ണികൃഷ്ണൻ (വൈപ്പിൻ) 50,000
75. ദലീമ (അരൂർ) 50,000
76. കെ കെ ശൈലജ ടീച്ചർ (മട്ടന്നൂർ) 50,000
77. സേവിയർ ചിറ്റിലപ്പള്ളി 50,000
78. സി എച്ച് കുഞ്ഞമ്പു: 50,000
79. സജീവ് ജോസഫ്: 50,000
80. മധുസൂദനൻ: 50,000
81. നന്ദകുമാർ പി: 50,000
82. പി വി അൻവർ: 50,000
83. കെ ജെ മാക്സി: 50,000
84. പി പി സുമോദ് 50,000
85. എം മുകേഷ്: 50,000
86. എം എസ് അരുൺകുമാർ 50,000
87. അംബിക ഒ എസ് 50,000
88. പി കെ കുഞ്ഞാലിക്കുട്ടി: 50,000
89. ഡോ. എം കെ മുനീർ: 50,000
90. എൻ എ നെല്ലിക്കുന്ന്: 50,000
91. പി ഉബൈദുള്ള: 50,000
92. പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ: 50,000
93. അബ്ദുൾ ഹമീദ്: 50,000
94. അഡ്വ. യു എ ലത്തീഫ്: 50,000
95. നജീബ് കാന്തപുരം: 50,000
96. കുരുക്കോലി മൊയ്ദീൻ: 50,000
97. എ കെ എം അഷറഫ്: 50,000
98. പി കെ ബഷീർ: 50,000
99. എൻ ഷംസുദ്ദീൻ: 50,000
100. കെ പി എ മജീദ്: 50,000
101. മഞ്ഞളാംകുഴി അലി: 50,000
102. ടി വി ഇബ്രാഹീം 50,000
103. ഇ ടി ടൈസൺ: 50,000
104. കടകമ്പള്ളി സുരേന്ദ്രൻ: 50,000
105. കാനത്തിൽ ജമീല: 50,000
106. എ രാജ: 50,000
107. പ്രമോദ് നാരായണൻ: 50,000
108. ഉമ തോമസ്: 50,000
109. തിരുവഞ്ചൂർ രാധാകൃഷ്ണൻ: 50,000
110. എ പി അനിൽകുമാർ: 50,000
111. കെ എം സച്ചിൻ ദേവ്: 50,000
112. പ്രതിഭ ഹരി: 50,000
113. കെ ടി ജലീൽ: 3,00,000
114. പി ടി എ റഹീം: 50,000
115. ലിന്റോ ജോസഫ്: 50,000
116. എം എം മണി: 50,000
117. വി കെ പ്രശാന്ത്: 50,000
118. മുഹമ്മദ് മുഹ്സിൻ: 50,000
119. അഡ്വ ജോബ് മൈക്കേൽ: 50,000
120. പി സി വിഷ്ണുനാഥ്: 50,000
121. ടി ജെ സനീഷ് കുമാർ ജോസഫ്: 50,000.
🟨സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു*
കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2026 ജനുവരി 31, ഫെബ്രുവരി 01 തിയ്യതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫല പ്രഖ്യാപനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് റഈസുല്‍ ഉലമാ ഇ.സൂലൈമാന്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു.
www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്.
6432 സെന്ററുകളിലായി 166840 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 160945 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 8560 സൂപ്പര്‍വൈസര്‍മാരും 240 സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്. അഞ്ചാം തരത്തില്‍ 95.37 ശതമാനവും ഏഴാം തരത്തില്‍ 97.81 ശതമാനവും പത്താം തരത്തില്‍ 97.43 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 96.98 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്.
8708 വിദ്യാര്‍ത്ഥികള്‍ ടോപ്പര്‍ ഗ്രേഡിനും 402 വിദ്യാര്‍ത്ഥികള്‍ ടോപ്പസ്റ്റ് ഗ്രേഡിനും അര്‍ഹരായി. അഞ്ചാം തരത്തില്‍ 17975 കുട്ടികളും ഏഴാം തരത്തില്‍ 9871 കുട്ടികളും പത്താം തരത്തില്‍ 5534 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 928 കുട്ടികളും എല്ലാ വിഷയത്തിലും A+ ഗ്രേഡ് നേടി.
കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി 240 ഡിവിഷന്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ കേമ്പുകളില്‍ 7985 അസിസ്റ്റന്റ് എക്‌സാമിനര്‍മാരും 363 ചീഫുമാരും മൂല്യനിര്‍ണ്ണയത്തിന് നേതൃത്വം നല്‍കി.
പുനര്‍ മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 05 മുതല്‍ 9 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് ( www.samastha.in > Apply for Revaluation ).
വിദ്യാര്‍ത്ഥികളെയും, പൊതുപരീക്ഷയും മൂല്യനിര്‍ണ്ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച അധ്യാപകരെയും, രക്ഷകര്‍ത്താക്കളെയും, മാനേജ്‌മെന്റിനേയും, ഓഫീസ് ജീവനക്കാരെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.
*🟨യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു*
യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്പെട്ട ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഖമനയിക്കൊപ്പം മകളും മരുമകനും കൊല്ലപ്പെട്ടിരുന്നു.
മുൻ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിംഗ് (ഐആർഐബി) ഡെപ്യൂട്ടി ഡയറക്ടർ ഹസ്സൻ ഖോജാസ്റ്റെ ബാഗർസാദെയുടെ സഹോദരിയായിരുന്നു മൻസൗരേഹ് ഖോജസ്തേഹ്. യുഎസും ഇസ്രായേലും ആക്രമണം നടത്തിയപ്പോൾ ഖമനയിക്കൊപ്പം ഇവരും ഉണ്ടായിരുന്നു. 1964ലാണ് ഖമനയി-മൻസൗരേഹ് വിവാഹിതരായത്.
ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ കണക്കനുസരിച്ച്, സംഘർഷത്തിന്റെ തുടക്കം മുതൽ കുറഞ്ഞത് 555 ഇറാനികൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഇറാനിലെ 130 ലധികം നഗരങ്ങൾ ആക്രമിക്കപ്പെട്ടുവെന്നും പറയുന്നു. ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനുശേഷം നാല് യുഎസ് സൈനികർ കൊല്ലപ്പെട്ടുവെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു.
🟨ജിദ്ദയിൽ നിന്നും ഇൻഡിഗോ ഇന്ന് പത്ത് പ്രത്യേക സർവീസുകൾ നടത്തും*
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് തടസപ്പെട്ട ഗൾഫ് വിമാന സർവീസുകൾ ഭാഗികമായി പുനഃരാരംഭിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരികെ എത്തിക്കുന്നതിനായി ഇൻഡിഗോയുടെ പത്ത് പ്രത്യേക റിലീഫ് വിമാനങ്ങൾ ചൊവ്വാഴ്ച സർവീസ് നടത്തുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
ഒമാനിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിച്ചിട്ടുണ്ട്. മസ്കറ്റിൽ നിന്ന് ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കായി ആറ് വിമാനങ്ങളാണ് ചൊവ്വാഴ്ച സർവീസ് നടത്തുന്നത്. എന്നാൽ ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ചൊവ്വാഴ്ച അർദ്ധരാത്രി വരെ നിർത്തിവെച്ചിരിക്കുകയാണ്.
വ്യോമയാന മന്ത്രി രാംമോഹൻ നായിഡുവിന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഗൾഫ് മേഖലയിലെ സംഘർഷം മൂലം തിങ്കളാഴ്ച മാത്രം 357 വിമാനങ്ങളാണ് റദ്ദാക്കേണ്ടി വന്നത്. സാഹചര്യം മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.
*🟨ഗൾഫ് മേഖലയിൽ ഇന്ത്യൻ യുദ്ധക്കപ്പലുകൾ ജാഗ്രതയിൽ; രക്ഷാപ്രവർത്തനത്തിന് സജ്ജമാകാൻ നിർദ്ദേശം*
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഗൾഫ് മേഖലയിലുള്ള ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. അത്യാവശ്യ ഘട്ടങ്ങളിൽ മാനുഷിക സഹായം എത്തിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കും സജ്ജമായിരിക്കാനാണ് നിർദ്ദേശം.
2019 മുതൽ ഇന്ത്യൻ ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്കായി 'ഓപ്പറേഷൻ സങ്കൽപി'ന്‍റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ ഒരു ഫ്രിഗേറ്റും ഒരു ഡിസ്ട്രോയറും ഗൾഫ് ഓഫ് ഏഡനിലും ഗൾഫ് ഓഫ് ഒമാനിലും വിന്യസിച്ചിട്ടുണ്ട്. ഇവയെ ഇപ്പോൾ രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ സജ്ജമാക്കി നിർത്തിയിരിക്കുകയാണ്. പ്രാദേശിക സമുദ്ര സുരക്ഷാ ഇടപഴകലുകളുടെ ഭാഗമായി ഐഎൻഎസ് സൂറത്ത് നിലവിൽ ബഹ്റൈനിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷാ സമിതി യോഗം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും അത് ഇന്ത്യയെയും പ്രവാസികളെയും എങ്ങനെയെല്ലാം ബാധിക്കുമെന്നും വിലയിരുത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മേഖലയിലെ സുരക്ഷാ സാഹചര്യം ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു. മുൻപും സമാനമായ പ്രതിസന്ധി ഘട്ടങ്ങളിൽ സമുദ്രമാർഗ്ഗം ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നാവികസേന വിജയകരമായി ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്. ശുഭദിനം.
Tags:
KERALA