*🟨സഞ്ജു സാംസൺ കത്തിജ്വലിച്ചു ; ടി20 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ*
കൊൽക്കത്ത: ഈഡനിൽ വിൻഡീസിനെതിരേ സഞ്ജു കൊടുങ്കാറ്റായി മാറിയപ്പോൾ ടി 20 ലോകകപ്പ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ടോസ് നേടിയ ഇന്ത്യ, വെസ്റ്റ് ഇൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
196 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. തുടക്കത്തിലെ മൂന്ന് നിർണായക വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടപ്പെട്ടിട്ടും ഓപ്പണിങ്ങിലിറങ്ങിയ സഞ്ജു ഒരറ്റത്ത് ഉറച്ചുനിന്ന് കരുതലോടെ പോരാടുകയായിരുന്നു. തന്റെ കരിയറിലെ ബെസ്റ്റ് ഇന്നിങ്സായിരുന്നു സഞ്ജു ഇന്ന് ക്രീസിലെടുത്തത്. "
10 വീതം റൺസ് വീതമെടുത്ത അഭിഷേക് ശർമയുടേയും ഇഷാൻ കിഷന്റേയും വിക്കറ്റുകളും സൂര്യകുമാർ യാദവിന്‍റെ (18 റൺസ്) വിക്കറ്റുമാണ് ഇന്ത്യക്ക് തുടക്കത്തിൽ നഷ്ടമായത്. പിന്നീട് എത്തിയ തിലക് വർമ്മ, ജേസൺ ഹോൾഡറുടെ പന്തിൽ ഹേറ്റ്മെയറുടെ കൈയിൽ കുടുങ്ങി കളം വിട്ടു. ശേഷമെത്തിയ ഹാർദിക് പാണ്ഡ്യെ സഞ്ജുവിന് ഒപ്പം നിന്നു. 14 പന്തിൽ 17 റൺസെടുത്ത ഹാർദിക് പാണ്ഡ്യയെ ഷാമർ ജോസഫ് ജേസൺ ഹോൾഡറുടെ കൈകളിൽ എത്തിച്ചു. തുടർന്ന് ക്രീസിലെത്തിയ ശിവം ദുബെ സഞ്ജുവിനൊപ്പം ചേർന്ന് ഇന്ത്യയെ ജയത്തിലെത്തിക്കുകയായിരുന്നു.
ടി20 ക്രിക്കറ്റ് ലോകകപ്പ് സെമിപ്രവേശത്തിന് വെസ്റ്റിൻഡീസിനെതിരേ ഇന്ത്യയ്ക്ക് 196 റൺസ് ആയിരുന്നു വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഇരുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് നേടിയത്.
ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണർമാർ മികച്ച തുടക്കം നൽകിയ വിൻഡീസ് ഇടയ്ക്കൊന്ന് പതറിയെങ്കിലും പിന്നീട് ഇന്ത്യൻ ബൗളിങ്ങിനെ പ്രതിരോധിച്ച് തിരിച്ചുവരികയായിരുന്നു.
ഓപ്പർണമാരായ ഷായ് ഹോപ്പ് (33 പന്തിൽ 32), റോസ്റ്റൺ ചേസ് (25 പന്തിൽ 40), വമ്പനടിക്ക് മുതിർന്ന ഷിംറോൺ ഹെറ്റ്‌മെയർ (12 പന്തിൽ 27), റൂൽർഫോഡ് (9 പന്തിൽ 14) എന്നിവരാണ് പുറത്തായത്. ഇതിൽ ഹെറ്റ്മെയറിന്റെയും റൂതർഫോഡിന്റെയും ക്യാച്ച് കീപ്പർ സഞ്ജു സാംസണാണ് എടുത്തത്"
ആദ്യ വിക്കറ്റിൽ ഓപ്പണർമാർ എട്ടോവറിൽ 68 റൺസ് നേടിയ ശേഷമായിരുന്നു അവർക്ക് ക്ഷണത്തിൽ വിക്കറ്റുകൾ നഷ്ടമായത്. എന്നാൽ, പിന്നീട് ജേസൺ ഹോൾഡറും റോവ്മാൻ പവലുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാലിന് 119 എന്ന നിലയിൽ നിന്നാണ് അവർ സ്കോർ 195-ൽ എത്തിച്ചത്. ഹോൾഡർ 22 പന്തിൽ 37-ഉം പവൽ 19 പന്തിൽ 34-ഉം റൺസെടുത്തു. ടി20യിൽ വിൻഡീസിനുവേണ്ടി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന താരമെന്ന ബഹുമതിയും പവൽ സ്വന്തമാക്കി. 150 സിക്സാണ് സമ്പാദ്യം.
ഇന്ത്യയ്ക്കുവേണ്ടി ജസ്പ്രീത് ബുംറ രണ്ടും ഹർദിക് പാണ്ഡ്യയും വരുൺ ചക്രവർത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി."
*🟨മുന്‍ ഇറാന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹ്‌മദി നെജാദ് കൊല്ലപ്പെട്ടു*
ടെഹ്‌റാന്‍ : ഇന്നലെ തെഹ്റാനില്‍ നടന്ന യു.എസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ മുന്‍ ഇറാന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹ്‌മദി നെജാദ് കൊല്ലപ്പെട്ടു.
അഹ്‌മദി നെജാദിന്റെ വസതി സ്ഥിതി ചെയ്യുന്ന തെഹ്റാനിലെ നര്‍മക് പ്രദേശം ലക്ഷ്യമിട്ട് നടത്തിയ ഇസ്രായേല്‍- അമേരിക്കന്‍ സംയുക്ത ആക്രമണത്തില്‍ മഹ്‌മൂദ് അഹ്‌മദി നെജാദ് കൊല്ലപ്പെട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
അഹ്‌മദി നെജാദിന്റെ മൂന്ന് അംഗരക്ഷകര്‍ ഇന്നലെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റെവല്യൂഷണറി ഗാര്‍ഡിനോട് അടുത്ത മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കിഴക്കന്‍ തെഹ്റാനില്‍ മുന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹ്‌മദി നെജാദിന്റെ ഓഫിസ് ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ മഹ്ദി മുഖ്താരി, മുസ്തഫ അസീസി, ഹസ്സന്‍ മസ്ജിദി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വാര്‍ത്താ ഏജന്‍സിയായ മശ്രിഖ് ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. മഹ്‌മൂദ് അഹ്‌മദി നെജാദ് ഇറാന്‍ എക്‌സ്‌പെഡന്‍സി ഡിസേണ്‍മെന്റ് കൗണ്‍സില്‍ അംഗമായിരുന്നു. 2005 മുതല്‍ 2013 വരെ എട്ട് വര്‍ഷം ഇറാന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.
*🟨ഗൾഫിൽ യുദ്ധഭീതി; ആശങ്കയിലായി ജില്ലയിലെ പ്രവാസികളും കുടുംബങ്ങളും; നാട്ടിലേക്ക് മടങ്ങാനുള്ള വഴികൾ അടയുന്നു.*
*പശ്ചിമേഷ്യയിൽ ഇസ്രായേൽ-യു.എസ്. സംയുക്ത സേനയുടെ ഇറാൻ ആക്രമണത്തിന് പിന്നാലെ ഉടലെടുത്ത യുദ്ധസമാന സാഹചര്യം മലപ്പുറം ജില്ലയിലെ പ്രവാസികൾക്കിടയിലും അവരുടെ കുടുംബങ്ങൾക്കിടയിലും കനത്ത ആശങ്ക പടർത്തുന്നു. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ വലിയൊരു വിഭാഗം മലപ്പുറം ജില്ലക്കാരായതിനാൽ, ഈ പ്രതിസന്ധി ജില്ലയെ വല്ലാതെ ബാധിച്ചിട്ടുണ്ട്.*
*സൗദി അറേബ്യ, യു.എ.ഇ (ദുബായ്, അബുദാബി, ഷാർജ), ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി.*
*ശനിയാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ സർവീസ് നിർത്തിവെച്ചതോടെ യാത്രയ്ക്കായി എത്തിയവർക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. റമദാൻ പ്രമാണിച്ച് നാട്ടിലേക്ക് വരാൻ കാത്തിരുന്നവരും, അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് തിരിച്ചുപോകാൻ തയ്യാറെടുത്തവരുമാണ് ഇതോടെ കുടുങ്ങിയത്. പലരും ഇനി എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ്.*
*പ്രവാസികളുടെ സുരക്ഷയോർത്ത് നാട്ടിലെ കുടുംബങ്ങൾ ആകാംക്ഷയോടെയാണ് ഓരോ നിമിഷവും കഴിച്ചുകൂട്ടുന്നത്. പ്രവാസികൾ വിഡിയോ കോളുകളിലൂടെയും മറ്റും വീട്ടുകാരെ വിളിച്ച് തങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയും വിവരങ്ങൾ കൈമാറുകയും ചെയ്യുന്നുണ്ട്.*
*ഈ യുദ്ധഭീതി അവസാനിപ്പിക്കാൻ ലോകനേതാക്കളുമായി ഇന്ത്യ അടിയന്തരമായി ആശയവിനിമയം നടത്തണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. പ്രവാസികൾ ഇപ്പോൾ തങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ സുരക്ഷിതരാണെങ്കിലും, അടിയന്തരമായി സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങണമെന്നാണ് പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ഏക ആവശ്യം.*
*🟨യുദ്ധം പശ്ചിമേഷ്യയിൽ, പ്രത്യാഘാതം കേരളത്തിൽ; പ്രവാസികളുടെ ജോലി നഷ്ടപ്പെടും, സമ്പാദ്യം ഉപേക്ഷിക്കേണ്ടി വരും; എണ്ണവില കുതിക്കും, വിലക്കയറ്റം കുത്തനെ മേലേക്ക്; യുദ്ധഭീതിയിൽ ജില്ലയുടെ പ്രവാസലോകം.*
*ഇസ്രായേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു പ്രതിഭാസമല്ല, അത് മലപ്പുറം ജില്ലയുടെയും മലയാളികളുടെയും ഇന്ത്യയുടെയും സമ്പദ്‌വ്യവസ്ഥയെ നേരിട്ടു ബാധിക്കുന്ന ഗൗരവകരമായ ഒരു വിഷയമാണ്. ദൂരെ നടക്കുന്ന യുദ്ധമെന്ന് കരുതി തള്ളിക്കളയാവുന്നതല്ല ഇതിന്റെ പ്രത്യാഘാതങ്ങൾ.*
*പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പ്രവാസികളും മലയാളികളായതിനാൽ, ഈ സംഘർഷം ഏറ്റവും കൂടുതൽ ആഘാതം ഏൽപ്പിക്കുന്നത് മലപ്പുറം ജില്ലയെ ആണ്, കേരളത്തെയാണ്. യുദ്ധം രൂക്ഷമായാൽ ഒരുകോടിയോളം വരുന്ന പ്രവാസികൾക്ക് തങ്ങളുടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വരും.*
*ഒരു മനുഷ്യായുസ്സ് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത സമ്പാദ്യമെല്ലാം ഉപേക്ഷിച്ചുള്ള ഈ മടക്കം കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ അടിത്തറയെ പിടിച്ചുലയ്ക്കും. ഗൾഫ് രാജ്യങ്ങളിലെ സ്വദേശിവൽക്കരണവും തൊഴിൽ സാധ്യതകളിലെ കുറവും നിലനിൽക്കെ, യുദ്ധം കൂടി എത്തുന്നതോടെ പ്രവാസികളുടെ ഭാവി ചോദ്യചിഹ്നമായി മാറുകയാണ്.*
*ഇന്ത്യൻ കയറ്റുമതി മേഖലയെയും ഈ യുദ്ധസാഹചര്യം പ്രതികൂലമായി ബാധിക്കും. സുഗന്ധവ്യഞ്ജനങ്ങളും ബസുമതി അരിയും ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ വിപണിയെ ഇത് തകിടം മറിക്കും. കേരളത്തിൽ നിന്നുള്ള ഏലം കയറ്റുമതിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണിത്.*
*ഇതിലും ഭയാനകമാണ് ഹോർമുസ് കടലിടുക്ക് അടച്ചുകൊണ്ടുള്ള വാർത്തകൾ. ഇന്ത്യയുടെ ഇന്ധന ഉപഭോഗത്തിന്റെ വലിയൊരു ഭാഗം ആശ്രയിക്കുന്നത് ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതത്തെയാണ്. ഈ കടലിടുക്ക് അടയ്ക്കുന്നത് പെട്രോൾ, ഡീസൽ വില കുത്തനെ ഉയർത്താൻ കാരണമാകും.*
*ഇന്ധനവില വർധന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് വഴിവയ്ക്കുമെന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യതയാണ്. കൂടാതെ, ചരക്കുകപ്പലുകൾക്ക് ബദൽ മാർഗ്ഗങ്ങൾ തേടേണ്ടി വരുന്നത് യാത്രയുടെ ദൂരവും ചെലവും വർദ്ധിപ്പിക്കുകയും അത് സാധനങ്ങളുടെ ക്ഷാമത്തിലേക്ക് നയിക്കുകയും ചെയ്യും.*
*ഇറാനിലെ ഛാബഹാർ തുറമുഖത്ത് ഇന്ത്യ നടത്തിയ വൻ നിക്ഷേപത്തിന് യുദ്ധം കനത്ത നാശമാണ് വരുത്തിയത്. ഈ തുറമുഖത്തിന്റെ പുനർനിർമ്മാണം നടത്തണമെങ്കിൽ കോടിക്കണക്കിന് രൂപ വേണ്ടിവരും. ഇതെല്ലാം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ദോഷകരമായി ബാധിക്കും. നിലവിൽ പലയിടങ്ങളിലും അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ജോലിയും ശമ്പളവും നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് പ്രവാസികൾ കഴിയുന്നത്.*
*യുദ്ധം അവസാനിച്ചാലും ഈ പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ദീർഘകാലം വേണ്ടിവരുമെന്നത് തീർച്ചയാണ്. വരാനിരിക്കുന്ന ദിവസങ്ങൾ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികളുടേതാണെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ സാഹചര്യം.*
*🟨ഇസ്രയേലിലെ ബെയ്ത്ത് ഷെമെഷിൽ മിസൈൽ ആക്രമണം; പത്ത് പേർ കൊല്ലപ്പെട്ടു*
*ടെൽ അവീവ്:* ഇസ്രയേലിലെ ബെയ്ത്ത് ഷെമെഷ് നഗരത്തിൽ വ്യോമാക്രമണം. എട്ട് പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേറ്റു. ജറുസലേമിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന ബെയ്ത്ത് ഷെമെഷ്. മെഡിക്കൽ സംഘങ്ങളും ഹെലികോപ്റ്റർ സേവനങ്ങളും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. നഗരത്തിലെ ജനവാസ മേഖലയിലാണ് മിസൈൽ പതിച്ചതെന്ന് ദി ടൈംസ് ഓഫ് ഇസ്രായേൽ പത്രം റിപ്പോർട്ട് ചെയ്തു.
ഇറാൻ ശക്തമായി ആക്രമണം തുടരുമെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ പാത പിന്തുടരുമെന്നും ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സായുധ സേന ശക്തമായി ആക്രമണം നടത്തുമെന്നും പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി. ശത്രുക്കളുടെ സൈനിക താവളങ്ങൾ നശിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രത്യാക്രമണങ്ങൾ തുടരുകയാണ്. മിഡിൽ ഈസ്റ്റിലെ യുഎസ് സൈനികരെ പാർപ്പിക്കുന്ന 27 താവളങ്ങളിലും ടെൽ അവീവിലെ ഇസ്രയേൽ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്തിയതായാണ് വിവരം. ഖത്തറിലും യുഎഇയിലും സ്ഫോടനങ്ങൾ തുടരുന്നു.
പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഉൾപ്പെടുന്ന ഒരു ഇടക്കാല കൗൺസിൽ രാജ്യത്തെ മേൽനോട്ടം വഹിക്കുമെന്ന് ഇറാൻ സർക്കാർ അറിയിച്ചു. 24 പ്രവിശ്യകളിലായി നടന്ന ആക്രമണങ്ങളിൽ കുറഞ്ഞത് 201 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
ഖത്തർ, യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ, സൗദി അറേബ്യ, ഇറാഖ്, ഒമാൻ എന്നിവയുൾപ്പെടെ നിരവധി മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഇസ്രയേൽ യുഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇറാന്റെ പ്രതികാര ആക്രമണം. അതേസമയം, കുവൈത്തിൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർ അൽ-അദാൻ ആശുപത്രിയിൽ ചികിത്സയിലാണ്.
*🟨ഗള്‍ഫ് മേഖലയിലെ പരീക്ഷകള്‍ മാറ്റിവെച്ചു.*
10,12 ക്ലാസുകളില്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചതായി സിബിഎസ്‌ഇ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാഹചര്യം വിലയിരുത്തി തുടർ തീരുമാനം എടുക്കുമെന്ന് സിബിഎസ്‌ഇ അറിയിച്ചു. ബഹ്റൈൻ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തര്‍, സൌദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ മാര്‍ച്ച് 2 ന് തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. മാര്‍ച്ച് 3 ന് പ്രത്യേക യോഗം ചേര്‍ന്ന് തുടര്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കും പുതിയ തീയതി തീരുമാനിക്കുക എന്ന് സിബിഎസ്‌ഇ വൃത്തങ്ങള്‍ അറിയിച്ചു.
*🟨യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിനെ 'ഇറാൻ ഗാർഡുകൾ തകർത്തതായി ഇറാൻ ഗാർഡുകൾ* .
*ടെഹ്റാൻ* :യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിന് നേരെ നാല് ബാലിസ്റ്റിക് മിസൈലുകൾ പതിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു .
"കരയും കടലും തീവ്രവാദ ആക്രമണകാരികളുടെ ശവക്കുഴിയായി മാറുമെന്ന്" ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ആഴ്ചകളിൽ ഈ മേഖലയിലേക്ക് വിന്യസിച്ച രണ്ട് വിമാനവാഹിനിക്കപ്പലുകളിൽ ഒന്നാണ് യുഎസ്എസ് ലിങ്കൺ, ഇറാനിയൻ തീരങ്ങളോട് താരതമ്യേന അടുത്ത് നങ്കുരമിട്ട കപ്പലും ഇതായിരുന്നു. അമേരിക്കയുടെ അപമാന സ്തംഭമായ കപ്പലിനെയാണ് തകർത്തതെന്ന് അവകാശവാദമാണ് ഇറാൻ ഉയർത്തിയിരിക്കുന്നത്.
*🟨സര്‍വാധിപതിയാകാന്‍ ആഗ്രഹിക്കുന്ന അമേരിക്ക കൊള്ളസംഘത്തെ പോലെ പെരുമാറുന്നു; ഖമനയിയുടെ കൊലപാതകത്തെ അപലപിച്ച് ഉത്തര കൊറിയ*
*പ്യോംങ്യാംഗ്* : ഇറാനില്‍ യുഎസ്-ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് ഉത്തര കൊറിയ. തികച്ചും നിയമവിരുദ്ധമായ ആക്രമണമാണ് നടക്കുന്നതെന്നും രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിക്കുന്ന നടപടിയാണ് ഇതെന്നും ഉത്തര കൊറിയ പറഞ്ഞു. സര്‍വാധിപതികളാകാന്‍ ശ്രമിക്കുന്ന, കൊള്ളസംഘത്തെ പോലെ പെരുമാറുന്ന അമേരിക്കയില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉത്തര കൊറിയ പറഞ്ഞു. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവിന്റെ പ്രസ്താവന പുറത്തുവിട്ടത്.
*🟨ആര് ജയിക്കുമെന്ന് അറിയില്ല, പക്ഷെ മനുഷ്യത്വം ജയിക്കണം': ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ മമ്മൂട്ടി*
*തിരുവനന്തപുരം :* പശ്ചിമേഷ്യയിൽ രൂക്ഷമായ ഇസ്രയേൽ - അമേരിക്ക - ഇറാൻ യുദ്ധസാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് നടൻ മമ്മൂട്ടി രംഗത്ത്. ലോകത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യഥാർത്ഥ യുദ്ധത്തിൽ ആര് ജയിക്കുമെന്ന് അറിയില്ലെന്നും, പക്ഷെ ആത്യന്തികമായി 'മനുഷ്യർ ജയിക്കണം' എന്നാണ് തന്റെ ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു.
സിനിമയിലെ ചർച്ചകളിലും തർക്കങ്ങളിലും യുദ്ധങ്ങൾ ഉണ്ടാകാറുണ്ടെന്നും ചിലപ്പോൾ ഒരാൾ ജയിക്കുമെന്നും മറ്റു ചിലപ്പോൾ രണ്ടു കൂട്ടരും തോൽക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇസ്രയേലിന്‍റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി അടക്കം കൊല്ലപ്പെട്ടതിലും ഇറാന്‍റെ ഗൾഫ് മേഖലയിലേക്കടക്കമുള്ള തിരിച്ചടിയുടെയും പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം.
മാനവികതയ്ക്കും സമാധാനത്തിനും ഊന്നൽ നൽകിയുള്ള മമ്മൂട്ടിയുടെ വാക്കുകൾ വലിയ ശ്രദ്ധയാണ് നേടുന്നത്. ടി വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50-ാം വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
*🟨ഇറാൻ ആക്രമണം; മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടു; അഞ്ചുപേർക്ക് ഗുരുതരപരിക്കേറ്റതായും റിപ്പോർട്ട്*
*വാഷിങ്ടൺ:* ഇറാൻ ആക്രമണം ശക്തമാക്കിയതോടെ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെട്ടതായും അഞ്ചുപേർക്ക് ഗുരുതരപരിക്കേറ്റതായും സ്ഥിരീകരിച്ച് യുഎസ് സൈന്യം. ചിലർക്ക് ചെറിയ മുറിവുകളേറ്റിട്ടുണ്ട്. അവരെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുമെന്നും അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സുപ്രധാനമായ പോരാട്ടം തുടരുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. സാഹചര്യം പ്രതികൂലമായതിനാൽ കുടുംബാംഗങ്ങളുടെ സ്വകാര്യത കണക്കിലെടുത്ത് മരിച്ച സൈനികരുടെ വ്യക്തിവിവരങ്ങൾ അടുത്ത 24 മണിക്കൂർ നേരത്തേക്ക് പുറത്തുവിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ ആക്രമണം ശക്തമാക്കുന്നുവെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ഖ്വാമിലെ ജംകരാൻ പള്ളിയുടെ മിനാരത്തിൽ ഇറാൻ ചുവന്ന കൊടി ഉയർത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതികാരത്തിന്റേയും ക്രോധത്തിന്റേയും അടയാളമായാണ് പള്ളിമിനാരത്തിന് മുകളിൽ ഈ ചെങ്കൊടി ഉയർത്തുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ജിസിസി രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ നാല് പേർ മരിച്ചതായാണ് വിവരം. വ്യോമാക്രമണത്തിൽ യുഎഇയിൽ മൂന്നുപേരും കുവൈത്തിൽ ഒരാളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ജിസിസി രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങൾ ലക്ഷ്യം വെച്ചാണ് ഇറാൻ ആക്രമണം നടത്തുന്നത്.
ഇതിനിടെ, ഇസ്രായേലിലെ ബീറ്റ് ഷെമേഷ് നഗരത്തിലുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ പത്തുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇവിടെ 27 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
ശുഭദിനം.
*
Tags:
KERALA