ഗൂഡല്ലൂരിൽ ഒരാളെ കടുവ കൊന്നു.
ഗൂഡല്ലൂർ: കടുവയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ഊട്ടിക്കടുത്ത കടിമണ്ടു സ്വദേശി പുഷ്തൽ കുട്ടനാണ് (57) കൊല്ലപ്പെട്ടത്. തോഡർ ഗോത്ര വിഭാഗത്തിൽപ്പെട്ട ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം രാത്രി കാണാതാകുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ നടത്തിയ അന്വേഷണത്തിലാണു കുറ്റിക്കാട്ടിനുള്ളിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശരീരത്തിന്റെ ഒരു ഭാഗം കടുവ ഭക്ഷിച്ച നിലയിലായിരുന്നു. വനപാലകരെ വിവരമറിയിച്ചതനുസരിച്ച് ഡിവൈഎസ്പി മണികണ്ഠൻ, ഫോറസ്റ്റ് ഓഫീസർ രാംപ്രസാദ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഊട്ടി ഗവ. ആശുപത്രിയിലേക്കു മാറ്റി.
കടുവയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ഊട്ടി സോളൂർ ജംഗ്ഷനിൽ ഊട്ടി-ഗൂഡല്ലൂർ ദേശീയപാത ഉപരോധിച്ചു.
*🟨ഔദ്യോഗിക വസതിയിൽ ബോംബ് ഭീഷണി; ഓസ്ട്രേലിയൻ പ്രധാനമന്ത്രിയെ ഒഴിപ്പിച്ചു*
സിഡ്നി: ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ വസതിക്ക് നേരെ ബോംബ് ഭീഷണി. കാൻബറയിലെ ഔദ്യോഗിക വസതിയായ ദ ലോഡ്ജിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. ഇതേ തുടർന്ന് ആന്റണി ആൽബനീസിനെ വസതിയിൽ നിന്ന് ഒഴിപ്പിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെ ആയിരുന്നു പ്രധാനമന്ത്രിയെ സുരക്ഷാ പരിശോധനകൾക്കായി ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചത്. തുടർന്ന് പാർലമെന്റ് ഹൗസിന് സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് പരിശോധന നടത്തി.
പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് രാത്രി ഒൻപതോടെ ആൽബനീസിന് വസതിയിലേക്ക് മടങ്ങിയെത്താൻ അനുമതി നൽകി. ആൽബനീസും നിരവധി ഫെഡറൽ എംപിമാരും സമീപ മാസങ്ങളിൽ ഭീഷണികൾ നേരിട്ടിരുന്നു. പിന്നാലെ ആന്റണി ആൽബനീസ് ഉൾപ്പെടുന്ന പൊതുപരിപാടികളിൽ സുരക്ഷ വർധിപ്പിച്ചിരുന്നു.
*🟨പാരീസിലെ ലൂവ്രെ മ്യൂസിയത്തിന്റെ ഡയറക്ടർ രാജിവച്ചു*
പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ലൂവ്രെ മ്യൂസിയത്തിന്റെ ഡയറക്ടർ ലോറൻസ് ഡെസ് കാർസ് രാജിവച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 19 ന് ലൂവ്രെ മ്യൂസിയത്തിൽ നടന്ന കവർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.
മോഷണം തടയാനുള്ള സാങ്കേതിക സംവിധാനങ്ങളൊന്നും മ്യൂസിയത്തിലുണ്ടായിരുന്നില്ലെന്ന് ലോറൻസ് ഡെസ് കാർസ് പറഞ്ഞു. സംഭവത്തിൽ നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നെപ്പോളിയൻ ചക്രവർത്തി ഭാര്യക്ക് നൽകിയ വജ്രവും മരതകവും നിറഞ്ഞ മാല ഉൾപ്പെടെ എട്ട് വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട സംഭവം ഫ്രാൻസിനെ ഞെട്ടിച്ചിരുന്നു.
ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ആർട്ട് ഗാലറികളിലൊന്നാണ് പാരീസിലെ ലൂവ്രെ മ്യൂസിയം. ഡെസ് കാർസ് നേരത്തെ രാജി സമർപ്പിച്ചിരുന്നെങ്കിലും ഫ്രഞ്ച് സർക്കാർ അംഗീകരിച്ചിരുന്നില്ല.
ഡിസംബർ മുതൽ തന്നെ മ്യൂസിയത്തിലെ പല ക്രമക്കേടുകളേക്കുറിച്ചും പരാതി ഉയർന്നിരുന്നു. ശമ്പളത്തിന് വേണ്ടിയുള്ള സമരങ്ങൾ മ്യൂസിയത്തിൽ പതിവായിരുന്നു. മ്യൂസിയത്തിലെ ജല ചോർച്ചകളും ടിക്കറ്റ് വിൽപനയിലെ തിരിമറിയും അടുത്തിടെ വലിയ രീതിയിൽ ചർച്ചയായിരുന്നു.
*🟨"ഇനി 'കേരള' അല്ല, ഔദ്യോഗിക പേര് 'കേരളം'; സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചു*
ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’എന്നതുമാറ്റി ‘കേരളം’ എന്നാക്കുന്നതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ബില്ല് രാഷ്ട്രപതി കേരള നിയമസഭയ്ക്ക് അയക്കും. പാർലമെന്റും ബിൽ പാസാക്കേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്നാക്കി മാറ്റാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് 2024 ജൂൺ 24ന് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് പുനർനാമകരണം ചെയ്യുന്നതിനായി ആർട്ടിക്കിൾ 3 പ്രകാരമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചത്.
ഇതേ വിഷയത്തിൽ 2023ലും നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ആ പ്രമേയത്തിൽ ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാംപട്ടികയിലും സംസ്ഥാനത്തിന്റെ പേര് കേരള എന്നത് മാറ്റി കേരളം ആക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഒന്നാംപട്ടികയിൽ മാത്രം ഭേദഗതി വരുത്തിയാൽ മതിയാകുമെന്നും എട്ടാം പട്ടികയിൽ പേര് മാറ്റം വരുത്തേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തിലാണ് പിന്നീട് പുതുക്കിയ പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചത്."
*🟨"വരുമാനം കൂടി; ജീവനക്കാർക്ക് അലവൻസ് നൽകാൻ പണമില്ലെന്ന് റെയിൽവേ*
ചെന്നൈ: വരുമാനം കൂടിയിട്ടും സാമ്പത്തിക പ്രതിസന്ധിയെന്ന പേരിൽ ജീവനക്കാരുടെ അലവൻസുകൾ തടഞ്ഞ് ദക്ഷിണ റെയിൽവേ. നൈറ്റ്, ഓവർ ഡ്യൂട്ടി, സ്‌പെഷ്യൽ അലവൻസുകൾ, വിവിധ യാത്രാഅലവൻസ്, അവാർഡുകൾ, മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ്തുടങ്ങിയവ നൽകുന്നതിലാണ് നിയന്ത്രണം. രണ്ടു മാസത്തെ അലവൻസുകളാണ് തടഞ്ഞത്.
2025-26 സാമ്പത്തിക വർഷത്തേക്ക് അനുവദിച്ച ബജറ്റ് വിഹിതത്തേക്കാൾ കൂടുതൽ തുക നിലവിൽ ചെലവായതിനാലാണ് നടപടിയെന്ന് ദക്ഷിണ റെയിൽവേ ആസ്ഥാനത്തുനിന്നുള്ള അറിയിപ്പിൽ പറയുന്നു. റെയിൽവേ ബോർഡ് പ്രത്യേക സാമ്പത്തിക ഗ്രാന്റ് അനുവദിക്കുമ്പോൾ ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ കുടിശ്ശിക ഏപ്രിലിലെ ശമ്പളത്തോടൊപ്പം വിതരണം ചെയ്യാൻ കഴിയുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.
*വരുമാനത്തിൽ 7.5 ശതമാനം വർധന*
എല്ലാ സോണുകളിലും റെയിൽവേയുടെ വരുമാനം വർധിക്കുമ്പോഴാണ് പണമില്ലെന്ന് പറഞ്ഞ് ജീവനക്കാരുടെ അലവൻസുകൾ പിടിച്ചുവെക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാൾ 7.5 ശതമാനം വർധനവാണ് ദക്ഷിണ റെയിൽവേയ്ക്ക് ഉണ്ടായത്. ഒമ്പത് മാസത്തെ കണക്കാണിത്. 57.9 കോടി യാത്രക്കാർക്ക് സർവീസ് നടത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6.2 ശതമാനത്തിന്റെ വർധനവുണ്ടായി. കഴിഞ്ഞ വർഷം 29.34 ദശലക്ഷം ടൺ ചരക്ക് കയറ്റിയപ്പോൾ ഇത്തവണ 30.54 ദശലക്ഷം ടൺ ചരക്ക് കയറ്റി.
*നടപടിയിൽ പ്രതിഷേധം*
"ജീവനക്കാരുടെ അലവൻസുകൾ തടഞ്ഞ് ദക്ഷിണ റെയിൽവേ നടപടിക്കെതിരെ പ്രതിഷേധവുമായി ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ രംഗത്തെത്തി. പുതിയ ഉത്തരവിന്റെ മറവിൽ ലോക്കോ റണ്ണിങ് ജീവനക്കാരുടെ ബേസിക് സാലറിയുടെ 30 ശതമാനത്തോളം തടയുകയാണ്. ലോക്കോ പൈലറ്റുമാരുടെയും ട്രെയിൻ മാനേജർമാരുടെയും ശമ്പളത്തിന്റെ 30 ശതമാനം റണ്ണിങ് അലവൻസാണ്. അലവൻസ് തടയുന്നതോടെ സാലറിയുടെ വലിയ ഭാഗം ഇല്ലാതെ പോകും. ഇത് ആദായനികുതി ഇളവുകളെ ബാധിക്കുമെന്നും ജീവനക്കാർക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുമെന്നും ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ദക്ഷിണമേഖലാ സെക്രട്ടറി കെ പി വർഗീസ് പറഞ്ഞു."
*🟨"ഹാപ്പി ലൈഫ്: 5 ലക്ഷം വീട് 20 ലക്ഷം പുഞ്ചിരി; പ്രഖ്യാപനം നിർവഹിച്ച് മുഖ്യമന്ത്രി*
തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ പുതുചരിത്രം തീർത്ത് കേരളം. സംസ്ഥാനത്തെ ഭവനരഹിതരില്ലാത്ത നാടാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ചു ലക്ഷം വീടുകൾ പൂർത്തിയായതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് നടന്ന വിപുലമായ ചടങ്ങിലായിരുന്നു ഈ ചരിത്ര പ്രഖ്യാപനം. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ സ്വാഗതം ആശംസിച്ചു.
ലൈഫ് മിഷനിലൂടെ പൂർത്തിയാക്കിയ അഞ്ച് ലക്ഷം വീടുകളിലെ 20 ലക്ഷത്തോളം മനുഷ്യരെ പ്രതിനിധീകരിച്ച് ഗുണഭോക്താക്കളായ, അമ്പൂരി ഗ്രാമപഞ്ചായത്തിലെ സജിത ഭവനിൽ സജിത കുമാരിയും, നെല്ലനാട് ഗ്രാമപഞ്ചായത്തിലെ സലീന മൻസിലിൽ മുംതാസും മുഖ്യമന്ത്രിയിൽ നിന്നും വീടിന്റെ മാതൃകയും താക്കോലും ഏറ്റുവാങ്ങി.
പദ്ധതിയുടെ ഭാഗമായി ഇതുവരെ 5,00,364 വീടുകളാണ് സംസ്ഥാനത്തൊട്ടാകെ പൂർത്തിയാക്കിയത്. ആകെ 20,831.60 കോടി രൂപ ചിലവഴിച്ച ഈ പദ്ധതിയിൽ 18,342.7 കോടി രൂപയും സംസ്ഥാനത്തിന്റെ വിഹിതമാണ്. കേന്ദ്ര വിഹിതമായി ലഭിച്ചത് 2488.89 കോടി രൂപ മാത്രമാണ്. 2017 മെയ് 23-ന് തുടക്കം കുറിച്ച ഈ ബൃഹദ് പദ്ധതിയിലൂടെ ഓരോ പത്തു മിനിറ്റിലും ഒരു വീട് എന്ന റെക്കോർഡ് വേഗതയിലാണ് നിർമ്മാണം പുരോഗമിച്ചത്. പ്രതിദിനം ശരാശരി 152 വീടുകൾ എന്ന നേട്ടം കൈവരിക്കാൻ ലൈഫ് മിഷന് സാധിച്ചു."
"രാവിലെ 11 മണിക്ക് കരകുളം പഞ്ചായത്തിലെ കോമളകുമാരിയുടെ പുതിയ വീട്ടിൽ നടന്ന ഗൃഹപ്രവേശ ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തു. വൈകിട്ട് നടന്ന പൊതുസമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ രാജൻ, കെ കൃഷ്ണൻകുട്ടി, വി അബ്ദുറഹ്മാന്‍ തുടങ്ങിയവർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു.
പാവപ്പെട്ടവർക്ക് ഭൂമി നൽകാൻ തയ്യാറായ സുമനസ്സുകളെയും ലൈഫ് മിഷനെ സഹായിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, ലയൺസ് ഇന്റർനാഷണൽ, ഹഡ്‌കോ തുടങ്ങിയ സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു. പട്ടികവർഗ്ഗ മേഖലയിൽ ഒരു വീടിന് ആറു ലക്ഷം രൂപ വീതം സഹായം നൽകുന്ന പ്രത്യേക പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഫ്ലാറ്റ് സമുച്ചയങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികൾ വരും ദിവസങ്ങളിൽ കൂടുതൽ ഊർജ്ജിതമാക്കുമെന്നും സർക്കാർ അറിയിച്ചു."
*🟨"ലൈഫ് വീടുകൾ കുടുംബങ്ങളുടെ ആത്മാഭിമാനം ഉയർത്തി*
തിരുവനന്തപുരം : ലൈഫ് പദ്ധതിയിൽ ലഭിച്ച വീട്, ഓരോ കുടുംബത്തിന്റെയും ആത്മാഭിമാനം വൻതോതിൽ ഉയർത്തുന്നതായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു വീട് സ്വന്തമായി ലഭിക്കുകയും ആ വീട്ടിൽ ആദ്യത്തെ ദിവസം ഉറങ്ങാൻ കിടക്കുകയും ചെയ്യുന്ന കുടുംബത്തിന്റെ മാനസിക നില ആലോചിച്ച് നോക്കൂ. സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ കഴിയുന്നു എന്ന ആത്മാഭിമാനം ഈ അഞ്ച് ലക്ഷം കുടുംബങ്ങളുടെയും മനസിലുണ്ടായി. അഞ്ച് ലക്ഷം കുടുംബം എന്ന് കണക്കാക്കുമ്പോൾ 20 ലക്ഷം വ്യക്തികളാണ് ലൈഫിന്റെ ഭാഗമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് ഭവനപദ്ധതിയിൽ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയായതിന്റെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അർഹതയുള്ളവർക്കാണ് വീട് ലഭിച്ചത്. മറ്റൊന്നും പരിഗണന വിഷയമായില്ല. കേരളം പല കാര്യങ്ങളിലും മാതൃക സൃഷ്‌ടിച്ച നാടാണ്. നല്ല നിലക്ക് ഇൗ പദ്ധതി മുന്നോട്ടു കൊണ്ടു പോകുമ്പോൾ ചിലർക്ക് അത് കണ്ണിലെ കരടായി. ലൈഫ് പദ്ധതിക്കെതിരെ നിലകൊണ്ടവരെ ജനം കൈയൊഴിയുന്ന സ്ഥിതിയുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതു പോലെ മാതൃകാപരമായ മറ്റൊരു പദ്ധതി രാജ്യത്ത് എവിടേയുമില്ല. ഏതെങ്കിലും സംസ്ഥാനം അഞ്ച് ലക്ഷം വീടുകൾ ജനങ്ങൾക്കായി ഇത്തരത്തിൽ പൂർത്തിയാക്കിയെന്ന് പറയാനാവില്ല. വീടുകൾക്ക് മുന്നിൽ ലോഗോ വയ്ക്കണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിർദേശം. എന്നാൽ അത്തരം നടപടികൾ ഗുണഭോക്താവിന്റെ ആത്മാഭിമാനത്തെ ബാധിക്കുന്ന പ്രശ്നമാണെന്നും ഒരു വീടിന്റെ മുന്നിലും ഒരു ലോഗോയും വയ്ക്കില്ലെന്നുമുള്ള നിലപാടായിരുന്നു സംസ്ഥാന സർക്കാരിന്റേത്."
"വീട് ആഗ്രഹിക്കുന്ന പാവങ്ങൾ ഇനിയുമുണ്ട്. അവർക്കുള്ള വീട് നിർമാണം എങ്ങനെ പൂർത്തീകരിക്കാമെന്നാണ് സർക്കാർ ചിന്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016ൽ അധികാരത്തിൽ എത്തിയപ്പോൾ എല്ലാ ദിവസവും ലഭിക്കുന്ന നിവേദനങ്ങളിൽ ഏറ്റവും കൂടുതൽ വീട് ആവശ്യപ്പെട്ടായിരുന്നു. തുടർന്നാണ് വീട് നൽകാനുള്ള ലൈഫ് പദ്ധതി ആവിഷ്‌കരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നാലര ലക്ഷം പേർക്ക് പട്ടയം സംസ്ഥാനത്ത് നാലര ലക്ഷം പേർക്ക് പട്ടയം എന്ന യാഥാർഥ്യം 26ന് പൂർത്തിയാകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വോട്ടര്‍പ്പട്ടിക തീവ്രപുനഃപരിശോധനയുമായി ബന്ധപ്പെട്ട നടപടികൾ റവന്യു വകുപ്പിന്റെ പ്രവർത്തനത്തെ ബാധിച്ചില്ലായിരുന്നെങ്കിൽ അഞ്ച് ലക്ഷം പേർക്ക് പട്ടയം സാധ്യമാകുമായിരുന്നു. നവകേരള സൃഷ്ടിക്കായി ലഭിച്ച സഹകരണവും പിന്തുണയും തുടർന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു."
*🟨പക്ഷിനിരീക്ഷണ യജ്ഞം പൂർത്തിയായി*
*ഇവിടെയുണ്ട് നാകമോഹനും മുത്തുപ്പിള്ളയും*
തിരുവനന്തപുരം: നഗരത്തിലെ തിരക്കുകൾക്കിടയിൽ, കോൺക്രീറ്റ് കെട്ടിടങ്ങൾക്കുള്ളിൽ നമ്മൾ മറന്നുപോയ ഒരു ലോകമുണ്ട്, പക്ഷികളുടെ ലോകം. പക്ഷിലോകത്തെ അടുത്തറിയാന്‍ ഒരു കൂട്ടം വിദ്യാർഥികളും അധ്യാപകരും കൈകോർത്തപ്പോൾ തലസ്ഥാനത്തുനിന്ന് കണ്ടെത്തിയത് 238 പക്ഷി ഇനങ്ങളെയാണ്. 13 മുതൽ 16 വരെ നടന്ന ആഗോള പക്ഷിനിരീക്ഷണ യജ്ഞത്തിൽ 125ഓളം പക്ഷിനിരീക്ഷകരുടെ സംഘം ജില്ലയുടെ വിവിധയിടങ്ങളില്‍ നടത്തിയ 1160 നിരീക്ഷണങ്ങളിലൂടെയാണ് പട്ടിക തയ്യാറാക്കിയത്.
11 ക്യാമ്പസുകളിൽനിന്നുള്ള 110 വിദ്യാർഥികൾ സ്മാർട്ട്ഫോണുകളും ബൈനോക്കുലറുകളുമായി നടത്തിയ നിരീക്ഷണത്തിലൂടെ ക്യാമ്പസുകൾ പക്ഷികളുടെ സുരക്ഷിത താവളങ്ങളാണെന്നും കണ്ടെത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസർ)നിന്നാണ് ഏറ്റവും കൂടുതൽ പക്ഷികളെ കണ്ടെത്തിയത്. 73 സ്‌പീഷീസുകൾ. പെരിങ്ങമല ഇക്ബാൽ കോളേജ്, വലിയമല ഐഐഎസ്‌ടി ക്യാമ്പസുകളിൽനിന്ന് 45 ഇനങ്ങളെ വീതം കണ്ടെത്തി. മാർ ഇവാനിയോസ്, ഓൾ സെയിന്റ്‌സ് കോളേജ് എന്നിവിടങ്ങളിൽനിന്ന് 25ഉം നീറമൺകര എൻഎസ്‌എസ് കോളേജ്, കാട്ടാക്കട ക്രിസ്‌ത്യൻകോളേജിൽനിന്ന് 24, എംജി കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, വഴുതക്കാട് വനിതാകോളേജ് എന്നിവിടങ്ങളില്‍നിന്ന് 23 ഇനങ്ങളെ വീതവും കണ്ടെത്തി. "
"ആര്യനാട് മഞ്ചാടി നിന്ന വിളയിൽ കരമനയാറ്റിന്റെ തീരത്തുകണ്ട മുപ്പത്തിയഞ്ചിലധികം വംശനാശ ഭീഷണി നേരിടുന്ന കന്യാസ്ത്രീക്കൊക്കുകൾ ഈ വർഷത്തെ ഗ്രേറ്റ് ബാക്ക്‌യാർഡ് ബേർഡ് കൗണ്ടിന്റെ പ്രധാന കണ്ടെത്തലാണ്. ചാരവരിയൻ പച്ചപ്രാവ്, പെരുംപ്രാവ്, കോഴിവേഴാമ്പൽ, വലിയപൊന്നി മരംകൊത്തി, നീലത്തത്ത, അസുരക്കാടൻ, ഗരുഡൻ ചാരക്കാളി, കരിംകൊക്കൻ, ഇത്തിക്കണ്ണിക്കുരുവി തുടങ്ങിയ തദ്ദേശീയ ഇനങ്ങളും പ്രധാനികളായിരുന്നു. ദേശാടന പക്ഷികളിൽ കാവി, ചീന മഞ്ഞക്കിളി, കാക്കത്തമ്പുരാൻ നാകമോഹൻ, തവിടൻ ഷൈക്ക്, കുറിക്കണ്ണൻ കാട്ടുപുള്ള്, തവിട്ടു പാറ്റപിടിയൻ, മുത്തുപ്പിള്ള, നീലച്ചെമ്പൻ പാറ്റപിടിയൻ, കാനകത്രിക പക്ഷികൾ, ഇളംപച്ചപ്പൊടിക്കുരുവി, റോസ് മൈന എന്നിവ ഉൾപ്പെടുന്നു. കാക്കത്തമ്പുരാട്ടിക്കുയിൽ, കിന്നരിപ്പരുന്ത്, വെള്ളിമൂങ്ങ, വെൺനീലി പാറ്റപിടിയൻ, മഞ്ഞപ്പിടലി മരംകൊത്തി തുടങ്ങിയവയാണ് മറ്റ് പ്രധാന ഇനങ്ങൾ."
*🟨പിച്ചവയ്ക്കുന്നു, സിംഹക്കൂട്ടിലെ കുഞ്ഞിക്കാലുകൾ*
തിരുവനന്തപുരം : മുലപ്പാലില്ലാത്ത നാളുകൾ, ശ്വാസം മുറിഞ്ഞ നിമിഷങ്ങൾ, ഇടയ്ക്ക് നിലച്ചുപോകുമെന്ന് ഭയപ്പെടുത്തിയ ഹൃദയമിടിപ്പ്... എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് തിരുവനന്തപുരം മൃഗശാലയിലെ കുട്ടിസിംഹങ്ങൾ പിച്ചവച്ചു തുടങ്ങി. നൈല–ലിയോ എന്നീ സിംഹങ്ങൾക്ക് ജനുവരി 21-ന് ജനിച്ച രണ്ട് കുഞ്ഞുങ്ങളാണ് മൃഗശാല ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കരുതലിൽ പുതുജീവൻ നേടിയെടുത്തത്. കഴിഞ്ഞ പ്രസവത്തിൽ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട നൈലയ്ക്ക് ഇത്തവണയും ബുദ്ധിമുട്ടായിരുന്നു.
പ്രസവത്തിന് സാധാരണയിൽ കൂടുതൽ സമയം എടുത്തതിനാൽ മൂന്ന് കുഞ്ഞുങ്ങളിൽ ഒരാളെ തുടക്കത്തിലേ നഷ്ടമായി. ശേഷിച്ച രണ്ട് കുഞ്ഞുങ്ങളുടെ നില അതീവ ഗുരുതരമായതോടെ വെറ്ററിനറി സർജൻ ഡോ. നികേഷ് കിരണിന്റെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ജിജോ, നഹാസ്, അനിമൽ കീപ്പർ അനിൽ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് ചികിത്സ ആരംഭിച്ചു. കുഞ്ഞുങ്ങൾ അതിജീവിക്കുമോ എന്ന സംശയമുണ്ടായിരുന്നതിനാൽ നൈലയുടെ പ്രസവവും കുഞ്ഞുങ്ങളുടെ പരിചരണവും അധികൃതർ പരസ്യപ്പെടുത്തിയിരുന്നില്ല.
ആദ്യത്തെ 10 ദിവസം കണ്ണുതുറക്കാതിരുന്ന കുഞ്ഞുങ്ങളെ ഇൻക്യൂബേറ്ററിലായിരുന്നു പരിപാലിച്ചിരുന്നത്. ഇതിനിടയിൽ പെൺകുഞ്ഞിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് അതീവ ഗുരുതരാവസ്ഥയിലായെങ്കിലും സംഘത്തിന്റെ 24 മണിക്കൂർ നീണ്ട പരിശ്രമം ഫലം കണ്ടു. ഫ്രഞ്ച് ബ്രാൻഡായ റോയൽ കാനിൻ പാൽപ്പൊടി നൽകിത്തുടങ്ങിയതോടെ കുഞ്ഞുങ്ങൾ ആരോഗ്യം വീണ്ടെടുത്തു. ജനിച്ചപ്പോൾ 1.850 കിലോ ഉണ്ടായിരുന്ന ആൺകുഞ്ഞ് ഇപ്പോൾ 3.150 കിലോയായും 1.650 കിലോ ഉണ്ടായിരുന്ന പെൺകുഞ്ഞ് 2.850 കിലോയായും ഭാരം കൂടി.
"ഏറ്റവും അപകടകരമായ ആദ്യ 30 ദിവസങ്ങൾ പിന്നിട്ടതായും ഇനിയും കടമ്പകൾ ബാക്കിയുണ്ടെന്നും മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി പറഞ്ഞു. ആശുപത്രിയിലെ നഴ്സറിയിൽ കഴിയുന്ന കുഞ്ഞുങ്ങൾ സ്വന്തമായി ഇറച്ചി കഴിച്ചു തുടങ്ങുന്നതോടെ (ഏകദേശം മൂന്ന് മാസത്തിനുശേഷം) തുറന്ന കൂടുകളിലേക്ക് മാറ്റും. അതിനുശേഷമായിരിക്കും കുഞ്ഞുങ്ങൾക്ക് പേരിടുകയെന്നും അവർ അറിയിച്ചു."
*🟨പശ്ചിമേഷ്യയില്‍ യുദ്ധഭീഷണി മുഴക്കി അമേരിക്ക; ഇറാനൊപ്പം റഷ്യ, ചൈന*
തെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക സൈനിക നീക്കം ശക്തമാക്കുന്പോൾ പ്രതിരോധം തീർക്കാൻ ചൈനയുമായും റഷ്യയുമായും കൈകോർത്ത് ഇറാൻ. റഷ്യയുമായി 50 കോടി യൂറോയുടെ മിസൈൽ കരാറിൽ ഒപ്പുവച്ച ഇറാന്‍, ചൈനയിൽ നിന്ന് അത്യാധുനിക സൂപ്പർസോണിക് ആന്റി-ഷിപ്പ് ക്രൂസ് മിസൈലുകൾ വാങ്ങാന്‍ കരാര്‍ ഉറപ്പിച്ചു. അത്യാധുനിക ഷോൾഡർഫയേർഡ് മിസൈലുകൾ വാങ്ങാൻ 50 കോടി യൂറോയുടെ ( 5366.15 കോടി രൂപ) രഹസ്യ കരാറിൽ ഇറാനും റഷ്യയും ഒപ്പുവെച്ചതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഡിസംബറിൽ മോസ്‌കോയിലാണ് നിർണായക കരാർ ഒപ്പിട്ടത്.
മൂന്ന് ഘട്ടമായി 2027 മുതൽ 2029 വരെയുള്ള കാലയളവിലാണ് ആയുധങ്ങൾ കൈമാറുകയെന്നാണ് റിപ്പോർട്ട്. ചൈനയില്‍ നിന്നും ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന, സിഎം-302 മിസൈലുകളാണ് ഇറാൻ വാങ്ങുന്നത്. കപ്പലുകളുടെ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ച് താഴ്ന്ന് പറക്കാന്‍ കഴിവുള്ള മിസൈലുകള്‍ക്ക് 290 കിലോമീറ്റർ ദൂരപരിധിയുണ്ട്. പേർഷ്യൻ ഗൾഫ് മേഖലയില്‍ അമേരിക്ക വിന്യസിച്ചിരിക്കുന്ന യുദ്ധകപ്പലുകളെ ലക്ഷ്യമിടാന്‍ ഈ മിസൈലുകള്‍ക്ക് സാധിക്കും."
"രണ്ട് വർഷമായി ഈ മിസൈലുകൾക്കായി ഇറാന്‍ ചര്‍ച്ച നടത്തിവരികയാണ്. ഇവ ഇറാന് ലഭിച്ചാല്‍ അത് യുഎസ് നാവികസേനയ്ക്ക് വലിയ ഭീഷണിയാകുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വർഷം ജൂണിൽ ഇറാന്റെ മൂന്ന് പ്രധാന ആണവനിലയങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തി. ഇതിന് പിന്നാലെയാണ്കൂടുതല്‍ ആയുധങ്ങള്‍ക്കായി ഇറാന്‍ റഷ്യയെയും ചൈനയെയും സമീപിച്ചത്. മേഖലയിൽ വിമാനവാഹിനിക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ച് യുദ്ധസമാനമായ അന്തരീക്ഷമാണ് ട്രംപ് ഭരണകൂടം സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച ഒമാൻ ഉൾക്കടലിൽ റഷ്യയും ഇറാനും സംയുക്ത സൈനികാഭ്യാസം നടത്തി. സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ യുദ്ധത്തിന് സജ്ജമാണെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. ഏത് യുദ്ധത്തിനെയും നേരിടാൻ സജ്ജമാണെന്നാണ് ഇറാന്റെ നിലപാട്."
*🟨"റെയിൽവേ 83,700 കോടിയുടെ ഓഹരി വിൽക്കുന്നു*
ന്യൂഡൽഹി : റെയിൽവേയുടെ ഓഹരികൾ സ്വകാര്യ മേഖലയ്‌ക്ക് വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. റെയിൽവേയുടെ ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളിലെ 83,700 കോടി രൂപ വിലമതിക്കുന്ന ഓഹരികളാണ് വിൽക്കുന്നത്. ഓഹരികൾ 2030 സാന്പത്തിക വർഷത്തോടെ വിൽക്കാനാണ് പദ്ധതി. ആസ്‌തി വിറ്റ് സന്പത്ത് വർധിപ്പിക്കുകയെന്ന കേന്ദ്രതന്ത്രത്തിന്റെ ഭാഗമായാണിത്.
86.36 ശതമാനം സർക്കാർ ഓഹരിയുള്ള ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ ഉൾപ്പെടെ സ്വകാര്യ മേഖലയ്‌ക്ക് വിട്ടുകൊടുക്കാനാണ് തീരുമാനം. റെയിൽ വികാസ് നിഗം (72.84%), ആർഐടിഇഎസ്(72.2%), ഐആർസിഒഎൻ ഇന്റർനാഷണൽ (65.17%), റെയിൽ ടെൽ കോർപറേഷൻ ഓഫ് ഇന്ത്യ (65.17%), ഐആർസിടിസി (62.4%), കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ (54.8%) എന്നീ സ്ഥാപനങ്ങളിലെ ആസ്‌തികളും വിൽക്കും. ഏഴ് സ്ഥാപനങ്ങൾക്കായി ഏകദേശം 3.5 ലക്ഷം കോടിയുടെ ആസ്‌തിയുണ്ടെന്നാണ് വിലയിരുത്തൽ. പൊതുമേഖലാ സ്ഥാപനങ്ങളിലെ ആസ്‌തികൾ വിൽക്കുകയെന്ന ലക്ഷ്യത്തോടെ 2025–26ലെ സാന്പത്തിക സർവേയിൽ സർക്കാർ കന്പനികളുടെ നിർവചനം കേന്ദ്ര സർക്കാർ മാറ്റിയിരുന്നു.
ഇതനുസരിച്ച് 26 ശതമാനം സർക്കാർ ഓഹരിയുണ്ടെങ്കിൽ കന്പനികളെ സർക്കാർ കന്പനി എന്ന് വിളിക്കാം. നിലവിൽ സർക്കാർ കന്പനികൾക്ക് 51 ശതമാനം ഓഹരിവേണം. ഉൗർജം, പെട്രോളിയം, വൈദ്യുതി, പ്രകൃതിവാതകം, വ്യോമയാനം, കൽക്കരി മേഖലകളിലെ സ്ഥാപനങ്ങളുടെ വിൽപ്പനയ്‌ക്കും കേന്ദ്രം പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ 2030നകം 1.79 ലക്ഷം കോടി സന്പാദിക്കാമെന്നാണ് കണക്കുകൂട്ടൽ. 2022–25 കാലയളവിൽ പൊതുമേഖല സ്ഥാപനങ്ങളിലെ ആസ്തി വിൽപ്പനവഴി 5.3 ലക്ഷം കോടി രൂപ സന്പാദിച്ചിരുന്നു. ആറ് ലക്ഷം കോടിയായിരുന്നു ലക്ഷ്യം."
*🟨"ഇംഗ്ലണ്ട് സെമിയിൽ*
പല്ലെക്കെലെ: ക്യാപ്‌റ്റൻ ഹാരി ബ്രൂക് തകർപ്പൻ സെഞ്ചുറിയുമായി നയിച്ചപ്പോൾ ഇംഗ്ലണ്ട് ട്വന്റ20 ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ. സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ചു. സെമിയിൽ സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീമാണ് ഇംഗ്ലണ്ട്. രണ്ട് കളിയിൽ ഒരു പോയിന്റ് മാത്രമുള്ള പാകിസ്ഥാന്റെ നില പരുങ്ങലിലായി. സ്‌കോർ: പാകിസ്ഥാൻ 164/9; ഇംഗ്ലണ്ട് 168/8 (19.1).
ഗ്രൂപ്പ് ഘട്ടത്തിൽ തപ്പിത്തടഞ്ഞ ഇംഗ്ലണ്ടിന്റെ മറ്റൊരു മുഖമായിരുന്നു ശ്രീലങ്കയിലെ വേദിയായ പല്ലെക്കെലെയിൽ കണ്ടത്. ക്യാപ്‌റ്റൻ ബ്രൂക്കിന്റെ ഒറ്റയാൾ പ്രകടനം കരുത്തുപകർന്നു. പാകിസ്ഥാൻ ഉയർത്തിയ 165 റൺ ലക്ഷ്യത്തിലേക്ക് മോശം തുടക്കമായിരുന്നു ഇംഗ്ലണ്ടിന്റേത്. ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ ഷഹീൻഷാ അഫ്രീദി ഓപ്പണർ ഫിൽ സാൾട്ടിനെ മടക്കി. വെല്ലുവിളി ഏറ്റെടുത്ത് ബ്രൂക്ക് സ്വയം മുന്നോട്ടുവന്നപ്പോൾ കളി മാറി. ട്വന്റി20യിൽ ആദ്യമായി മൂന്നാം നന്പറിലെത്തിയ ഇംഗ്ലീഷ് ക്യാപ്‌റ്റൻ കളംപിടിച്ചു. ജോസ് ബട്‌ലറും (2), ജേക്കബ് ബെതലും(8), ടോം ബാന്റനും (2) വേഗത്തിൽ മടങ്ങിയപ്പോൾ 7.1 ഓവറിൽ നാലിന് 58 റണ്ണെന്ന നിലയിലായി. സാം കറനെയും (15 പന്തിൽ 16) വിൽ ജാക്‌സിനെയും (23 പന്തിൽ 28) കൂട്ടുപിടിച്ച് അവിശ്വസനീയ പോരാട്ടമാണ് ബ്രൂക്ക് നടത്തിയത്.
പാകിസ്ഥാന്റെ നിഗൂഢ സ്‌പിന്നർ ഉസ്‌മാൻ താരിഖിനെവരെ വലംകൈയൻ ബാറ്റർ കൈകാര്യം ചെയ്‌തു. നാല് സിക്‌സറും പത്ത് ഫോറുമടിച്ച ബ്രൂക്കിനെ സെഞ്ചുറി പൂർത്തിയാക്കിയ ഉടൻ അഫ്രീദി ബൗൾഡാക്കി. ഇൗ ഘട്ടത്തിൽ നാല് വിക്കറ്റ് ശേഷിക്കെ പത്ത് റൺ മാത്രമായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. 19–ാം ഓവറിൽ ജാക്‌സിനെയും ജാമി ഒവർട്ടണെയും പുറത്താക്കി മുഹമ്മദ് നവാസ് പാകിസ്ഥാന്
പ്രതീക്ഷ നൽകിയെങ്കിലും ഇരുപതാം ഓവറിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി ജോഫ്ര ആർച്ചെർ ജയം കുറിച്ചു. പാകിസ്ഥാന് വേണ്ടി അഫ്രീദി നാല് വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാനായി 45 പന്തിൽ 63 റണ്ണെടുത്ത ഷാഹിബ്‌സാദ ഫർഹാനാണ് പൊരുതിയത്. തുടർച്ചയായി അഞ്ചാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയിലെത്തുന്നത്."
'ശുഭദിനം.