Trending

ഡോ. എം.കെ. മുനീർ എംഎൽഎയുടെ ഇടപെടൽ ഫലം: നരിക്കുനി–മടവൂർ–കോഴിക്കോട് റൂട്ടിൽ കെഎസ്ആർടിസി സർവീസ് ഫെബ്രുവരി 2 മുതൽ പുനരാരംഭിക്കും

കൊടുവള്ളി:ഡോ. എം.കെ. മുനീർ എംഎൽഎയുടെ നിരന്തരമായ ഇടപെടലുകളുടെ ഫലമായി നരിക്കുനി–മടവൂർ–കോഴിക്കോട് റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് ഫെബ്രുവരി 2 (തിങ്കളാഴ്ച) മുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചു. പ്രദേശത്തെ രൂക്ഷമായ യാത്രാദുരിതത്തിന് പരിഹാരമാകുന്ന ഈ സർവീസ്, രാവിലെയും വൈകിട്ടുമുള്ള യാത്രാക്ലേശം ഗണ്യമായി കുറയ്ക്കാൻ സഹായകരമാകുമെന്ന് എംഎൽഎ വ്യക്തമാക്കി.

താമരശ്ശേരി ഡിപ്പോയിൽ നിന്ന് രാവിലെ 8.00ന് പുറപ്പെടുന്ന ബസ് പൂനൂർ, എളേറ്റിൽ വട്ടോളി, നരിക്കുനി, മടവൂർ, സിവിൽ സ്റ്റേഷൻ എന്നീ കേന്ദ്രങ്ങൾ വഴി രാവിലെ 9.50ന് കോഴിക്കോട് എത്തിച്ചേരും. തിരിച്ച് വൈകിട്ട് 5.10ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസ് നരിക്കുനി വഴി രാത്രി 7.00ഓടെ താമരശ്ശേരിയിൽ സർവീസ് അവസാനിപ്പിക്കും.

മടവൂർ സി.എം. മഖാം, സി.എം. സെന്റർ, നരിക്കുനി ബൈത്തുൽ ഇസ്സ, മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിലേക്കുള്ള യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഈ സർവീസ് വലിയ ആശ്വാസമാകും. കൂടാതെ മടവൂർ, നരിക്കുനി, കിഴക്കോത്ത്, കാക്കൂർ തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നുള്ള യാത്രക്കാർക്ക് വെള്ളിമാട്കുന്ന് മെഡിക്കൽ കോളേജ്, ജെഡിടി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇഖ്‌റ ഹോസ്പിറ്റൽ, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് സുഗമമായി എത്തിച്ചേരാനും ബസ് സഹായകരമാകും. സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് സമയക്രമം ക്രമീകരിച്ചിരിക്കുന്നതെന്നും അറിയിച്ചു.

 എംഎൽഎയുടെ   നേതൃത്വത്തിൽ മടവൂർ നരിക്കുനി ഗ്രാമപഞ്ചായത്തുകളിൽ സംഘടിപ്പിച്ച  ഗ്രാമയാത്രകളിൽ വിവിധ സംഘടനകളും ഭരണസമിതികളും സമർപ്പിച്ച നിവേദനങ്ങളെ തുടർന്ന് ഗതാഗത മന്ത്രിയുമായി  നടത്തിയ  ചർച്ചയുടെ അവസാനത്തിലാണ് സർവീസ് പുനരാരംഭിക്കാൻ വഴിയൊരുക്കിയത്.

ഇതിനൊപ്പം താമരശ്ശേരി ഡിപ്പോയുടെ പ്രസ്റ്റീജ് സർവീസായ താമരശ്ശേരി–കോയമ്പത്തൂർ റൂട്ടിലേക്ക് സ്വിഫ്റ്റിന്റെ പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ് (KS622) അനുവദിച്ചതായും എംഎൽഎ അറിയിച്ചു. കൂടുതൽ ബസുകൾ അനുവദിക്കുന്നതിനായി വകുപ്പ് മന്ത്രിയുമായി ആശയവിനിമയം തുടരുകയാണെന്നും, താമരശ്ശേരി ഡിപ്പോയുടെ സമഗ്ര നവീകരണത്തിനായുള്ള രൂപരേഖ തയ്യാറാക്കി വരുന്നതായും, അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Previous Post Next Post
3/TECH/col-right