*മദ്യത്തിനു പേരിടൽ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു*
തൃശൂർ: മദ്യത്തിനു പേരിടാൻ ബിവറേജസ് കോർപറേഷൻ സമ്മാനം വാഗ്ദാനംചെയ്തു മത്സരം നടത്തിയതിനെതിരേ നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയൽ നൽകിയ പരാതിയിലാണു നടപടി. മദ്യത്തിനു പേരും ലോഗോയും ക്ഷണിച്ച നടപടി പിൻവലിക്കാൻ നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
*സ്വകാര്യബസുകളുടെ നിയമലംഘനം ഷാഡോ പോലീസിനെ വിന്യസിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്*
കൊച്ചി: നഗരത്തില്‍ മത്സരയോട്ടം നടത്തുന്ന സ്വകാര്യബസുകളുടെ നിയമലംഘനങ്ങള്‍ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സ്വകാര്യ ബസുകളില്‍ ഷാഡോ പോലീസിനെ വിന്യസിപ്പിക്കുന്നതിന്റെ പ്രായോഗികത പരിശോധിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി.
വഴിയടച്ച് വാഹനം നിര്‍ത്തിയും മറ്റ് വാഹനങ്ങള്‍ക്കിടയിലൂടെ കുത്തിക്കയറ്റിയും മണിക്കൂറുകള്‍ നീളുന്ന ഗതാഗതതടസത്തിന് കാരണമാകുന്ന സ്വകാര്യ ബസുകളെക്കുറിച്ചുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം ടൗണ്‍ഹാള്‍ ജംഗ്ക്ഷനിലും കളമശേരിയിലുമുണ്ടായ അപകടങ്ങളില്‍ ജീവന് നഷ്ടമായ സംഭവത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ കമ്മീഷന്റെ പരിഗണനയിലാണ്. ഇതിനുപുറമേയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.
അസി. കമ്മീഷണര്‍ ഓഫ് പോലീസ് (ട്രാഫിക്), ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ പരാതികളെക്കുറിച്ച് അന്വേഷിക്കണമെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ജില്ലാ പോലീസ് മേധാവിക്കും (സിറ്റി) റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്കി.
റോഡിന്റെ ഇടതുവശം ചേര്‍ന്നല്ലാതെ നിര്‍ത്തി ആളെകയറ്റുക, ലെയിന്‍ ട്രാഫിക് പാലിക്കാതിരിക്കുക, ജംഗ്ക്ഷനുകളില്‍ ഫ്രീ ലെഫ്റ്റ് അനുവദിക്കാതെ വഴി തടഞ്ഞുനിര്‍ത്തുക, സൈലന്‍സ് സോണില്‍ നിരോധിത ഹോണ്‍ ഉപയോഗിക്കുക, ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്യുക, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുക, മറ്റ് വാഹനങ്ങള്‍ ഒടിക്കുന്നവരെ ഭയപ്പെടുത്തുക തുടങ്ങിയ പരാതികള്‍ സ്വകാര്യ ബസ് ജീവനക്കാരെ കുറിച്ച് ഉണ്ടായിട്ടും പോലീസ് നിര്‍ജീവമാണെന്നാണ് ആക്ഷേപം. ഇത്തരം പരാതികള്‍ ഗൗരവമായി പരിശോധിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
സ്വകാര്യ ബസുകളുടെ മത്സരയോട്ടം കാരണം വൈറ്റില, ഇടപ്പള്ളി, കലൂര്‍, പാലാരിവട്ടം എന്നിവിടങ്ങളിലുണ്ടാകുന്ന ഗതാഗതകുരുക്കും പരിശോധിക്കണം. സ്വകാര്യബസുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന് കര്‍ശനവും ശക്തവുമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിയും ആര്‍ടിഒയും മടിക്കരുതെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു.
റോഡ് സുരക്ഷാ കമ്മീഷണര്‍ മോട്ടോര്‍ വെഹിക്കിള്‍സ്, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ, റോഡ് സുരക്ഷാ കമ്മീഷണര്‍ എന്നിവര്‍ ഒരുമാസത്തിനകം കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 22 ന് രാവിലെ 10 ന് പത്തടിപാലം റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഇവര്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
*പഞ്ചാബി ഗായകൻ ബി. പ്രാക്കിന് വധഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു*
ചണ്ഡീഗഡ്: പഞ്ചാബി ഗായകൻ ബി. പ്രാക്കിന് വധഭീഷണി. പ്രാക്കിന്റെ സഹപ്രവർത്തകനും ഗായകനുമായ ദിൽനൂറിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. 10 കോടി രൂപ വേണമെന്നും അല്ലാത്ത പക്ഷം കുഴിച്ചുമൂടുമെന്നുമാണ് ഭീഷണി.
പഞ്ചാബി ഗായകനും രാഷ്ട്രീയ നേതാവുമായിരുന്ന സിദ്ദു മുസെവാലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ലോറൻസ് ബിഷ്ണോയിയുടെ ഗുണ്ടാസംഘത്തിലുള്ള ആളാണ് വധഭീഷണി മുഴക്കിയതെന്ന് സംശയിക്കുന്നു. ലോറൻസിന്റെ സഹോദരൻ അൻമോൾ ബിഷ്ണോയി എന്ന് പരിചയപ്പെടുത്തികൊണ്ട് ഒരാൾ ദിൽനൂറിന് ശബ്ദ സന്ദേശമയക്കുകയായിരുന്നു.
ഒരാഴ്ചകകം 10 കോടി രൂപ കൊടുത്തില്ലെങ്കിൽ മണ്ണിൽ കുഴിച്ചിടുമെന്നും ഇതൊരു വ്യാജ സന്ദേശമായി കണരുതെന്നുമാണ് ശബ്ദ സന്ദേശത്തിലുണ്ടയിരുന്നത്. ഇതേ തുടർന്ന് ദിൽനൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
*മേരിലാൻഡിൽ 13 വയസുകാരിയെ കാണാതായി; സഹായം അഭ്യർഥിച്ച് പോലീസ്*
മേരിലാൻഡ്: ജർമൻ ടൗണിൽ 13 വയസുകാരിയെ കാണാതായി. ഏഞ്ചല റെയസ് എന്ന പെൺകുട്ടിയെയാണ് ഈ മാസം 13 മുതൽ കാണാതായത്.
മോണ്ട്ഗോമറി കൗണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളോട് സഹായം അഭ്യർഥിച്ചു.
*ഹൈവേയിൽ യുവാക്കളുടെ അപകടകരമായ ബൈക്ക് യാത്ര; കേസെടുത്ത് ട്രാഫിക്ക് പോലീസ്*
പാറ്റ്ന: ബിഹാറിലെ ഹൈവേയിൽ അപകടകരമായ ബൈക്ക് യാത്ര നടത്തിയ യുവാക്കൾക്കെതിരെ കേസെടുത്ത് ട്രാഫിക്ക് പോലീസ്. യുവാക്കൾ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ട്രാഫിക്ക് പോലീസ് കേസെടുത്തത്.
തിരക്കേറിയ റോഡിൽ അപകടമുണ്ടാകുന്ന തരത്തിൽ യുവാക്കൾ ബൈക്കോടിക്കുന്നതും ഒരു പോലീസ് വാഹനത്തെ പേടികൂടാതെ മറികടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വേഗത്തിൽ പായുന്ന രണ്ട് ബൈക്കുകളിൽ ഇരു കൈകളും ചേർത്ത് പിടിച്ച് സീറ്റിൽ നിന്നു കൊണ്ട് ബൈക്കോടിക്കുന്ന യുവാക്കൾ പോലീസ് വാഹനത്തെ ധൈര്യത്തോടെ മറികടക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിഹാർ പോലീസിനെതിരെ നിരവധി ആളുകൾ രംഗത്തെത്തി. ബിഹാറിലെ ആളുകൾക്ക് പോലീസിനെ ഭയമില്ലാതെയായെന്നും അതുകൊണ്ടാണ് അപകടരമായ രീതിയിൽ യുവാക്കൾ ബൈക്ക് ഓടിക്കുന്നതെന്ന് പലരും വിമർശിച്ചു. പോലീസ് ഇതോക്കെ വെറുതെ കണ്ടിരിക്കുമോ അതോ നടപടിയെടുക്കുമോയെന്നും പലരും ചോദിച്ചു.
*ഗോവയിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു; റഷ്യൻ പൗരൻ അറസ്റ്റിൽ*
പനാജി: ഗോവയിലെ മോർജിമിലും അരാംബോലിലും സ്ത്രീകൾ കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യൻ പൗരൻ അറസ്റ്റിൽ. മോർജിം സ്വദേശിനിയായ എലീന വനീവ (37), അരാംബോൾ സ്വദേശിനിയായ എലീന കസ്തനോവ (37) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ സുഹൃത്തും റഷ്യൻ പൗരനുമായ അലക്സി ലിയോനോവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച മോർജിമിലെ മുറിയിൽ വച്ച് വനീവയെ അലക്സി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം എലീന കസ്തനോവയെ അരാംബോളിലെ വീട്ടിൽ വച്ചാണ് കൊലപ്പെടുത്തിയത്. ആദ്യം കെട്ടിയിടത്തിന് ശേഷം കഴുത്തറുക്കുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയെ തുടർന്ന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ട രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
*അർത്തുങ്കലിൽ നട തുറന്നു*
ചേര്‍ത്തല: പ്രാര്‍ഥനാനിര്‍ഭരമായ മനസുകളുമായി ഒരു രാത്രി മുഴുവന്‍ കാത്തിരുന്ന വിശ്വാസികള്‍ക്കു ദര്‍ശനപുണ്യമേകി അര്‍ത്തുങ്കല്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുസ്വരൂപം നടതുറന്നു.
വിശുദ്ധഗ്രന്ഥ വായനയോടും മലയാളം, ലത്തീന്‍ ഭാഷകളിലുള്ള ഗാനശുശ്രൂഷയോടും കൂടെ പുലര്‍ച്ചെയാണു തിരുസ്വരൂപം പുറത്തെടുത്തു പരസ്യവണക്കത്തിനായി തിരുനടയില്‍ വച്ചത്.
വിശുദ്ധന്റെ തിരുസ്വരൂപം ദര്‍ശിക്കുവാനും വണങ്ങുവാനുമായി ഇന്നലെ രാത്രി മുതല്‍ വിശ്വാസിസഹസ്രങ്ങള്‍ പള്ളിയിലും മുറ്റത്തുമായി കാത്തിരിക്കുകയായിരുന്നു.
പള്ളിയില്‍ പ്രത്യേകം സൂക്ഷിച്ച അറയില്‍ നിന്നു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് അത്ഭുത തിരുസ്വരൂപം പുറത്തെടുക്കുന്നത്. ബസിലിക്ക റെക്ടര്‍ ഫാ.യേശുദാസ് കാട്ടുങ്കല്ത്തയ്യിലിന്റെ നേതൃത്വത്തിലാണു തിരുസ്വരൂപം പുറത്തെടുത്തത്. പ്രധാനതിരുനാള്ദിനം 20 നാണ്. കൃതജ്ഞതാദിനത്തോടെ 27ന് തിരുനാള്‍ സമാപിക്കും.
*കേരളം മാത്രമാണു പിടിവള്ളിയെന്നു സിപിഎം കേന്ദ്ര കമ്മിറ്റി*
തിരുവനന്തപുരം : ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാൻ പോകുന്ന അഞ്ചു സംസ്ഥാനങ്ങളിൽ പാർട്ടിക്കു ശുഭപ്രതീക്ഷയുള്ള ഏക സംസ്ഥാനം കേരളമാണെന്നും അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളാകണം രൂപപ്പെടുത്തേണ്ടതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി. ബംഗാളിൽ എത്ര സീറ്റുകൾ നേടാനാകുമെന്നതിൽ പോലും അവിടുത്തെ രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടിൽ വ്യക്തതയില്ല. തമിഴ്നാട്ടിലും ഇതേ നിലയാണ്.
പുതുച്ചേരിയിലും ആസാമിലും ഈ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് ഒന്നും ചെയ്യാനില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ കേരളത്തിൽ വലിയ ഭൂരിപക്ഷത്തിൽ ഭരണം തുടരേണ്ടതു പാർട്ടിയുടെ മാത്രമല്ല രാജ്യത്തെ ഇടതുപക്ഷത്തിന്റെ തന്നെ നിലനിൽപ്പിന്റെ ഭാഗമാണെന്നും കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയാണു റിപ്പോർട്ട് അവതരിപ്പിച്ചത്.
കേരളത്തിലെ സംഘടനാ സംവിധാനം ശക്തമാണ്. എന്നാൽ കഴിഞ്ഞ ഒൻപതു വർഷത്തെ ഇടതുപക്ഷ ഭരണത്തിന്റെ നേട്ടം പരിശോധിക്കുന്പോൾ ഇപ്പോൾ നടന്ന തദ്ദേശതെരഞ്ഞെടുപ്പു ഫലത്തിൽ അതു പ്രതിഫലിക്കുന്നില്ല. അതായതു വികസന കാര്യങ്ങളൊന്നും ജനങ്ങളിലെത്തിക്കാൻ സർക്കാരും പാർട്ടി സംവിധാനവും പരാജയപ്പെട്ടു എന്നുവേണം മനസിലാക്കാൻ.
ആവശ്യമായ തിരുത്തലുകൾ അതു സംഘടനാ സംവിധാനത്തിലായാലും ഭരണതലത്തിലായാലും വരുത്തിയേ മതിയാകൂ. ഇല്ലെങ്കിൽ വലിയ തിരിച്ചടിയാകും പൊതുവെ ഉണ്ടാകാൻ പോകുന്നതെന്നും കേരളത്തെ സംബന്ധിച്ചുള്ള കേന്ദ്ര കമ്മിറ്റിയുടെ സംഘടനാ റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ ജയിച്ചേ മതിയാകൂ. അതിനുള്ള രാഷ്ട്രീയ അന്തരീക്ഷം ഉണ്ട്. വിവാദങ്ങളിൽ പെടാതെ മൂന്നുമാസം സർക്കാരിന്റെ ജനകീയ പദ്ധതികൾ പൂർത്തീകരിക്കാനുള്ള അശ്രാന്തപരിശ്രമം നടത്തണം. നിലവിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ചു സ്ഥാനാർഥികളെ തീരുമാനിക്കാം. ഇതിനു പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ പരിപൂർണ അനുവാദമുണ്ടെന്നും ബേബി യോഗത്തിൽ പറഞ്ഞു.
*15, 20 വർഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് നിരക്ക് കുറച്ചു*
തിരുവനന്തപുരം: മോട്ടോർ വാഹനങ്ങളുടെ ഫിറ്റ്നസ് ഫീസ് നിരക്കിൽ കുറവു വരുത്തി സർക്കാർ ഉത്തരവിറക്കി.
10, 15, 20 വർഷം പഴക്കം വരുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് 50 ശതമാനത്തിൽ താഴെ ഇളവു വരുത്തി.
കേന്ദ്ര മോട്ടോർ നിയമമനുസരിച്ചു വാഹനങ്ങളുടെ കാലപ്പഴക്കം കണക്കിലെടുത്തു ഫിറ്റ്നസ് തുക കേന്ദ്ര സർക്കാർ 50 ശതമാനത്തിൽ അധികം വർധിപ്പിച്ചിരുന്നു. ഇതിനെതിരേ സംസ്ഥാനം കേന്ദ്രത്തോടു തുക കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന മോട്ടോർ വകുപ്പ് ഉത്തരവിറക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഓഫീസ് അറിയിച്ചു.
*കുടിവെള്ളം തേടി ഇത്തവണയും താമസം പുഴക്കരയിൽ*
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് പതിമൂന്ന് 55 ലെ താമസക്കാരായ ചതിരൂർ നൂറ്റിപ്പത്ത് സങ്കേതത്തിലെ കുടുംബങ്ങൾ ഇക്കുറിയും കക്കുവ പുഴക്കരയിൽ കുടിൽ കെട്ടി താമസം തുടങ്ങി. വേനൽ തുടങ്ങുന്നതോടെ 55 ലും 110 സങ്കേതത്തിലുമായി താമസിക്കുന്ന പണിയ വിഭാഗത്തിലെ കുടുംബങ്ങളാണ് പതിവുപോലെ പുഴക്കരയിലേക്ക് എത്തിയത്.
രൂക്ഷമായ കുടിവെള്ള ക്ഷാമവും തലമുറകളായി പിന്തുടരുന്ന ജീവിതരീതിയുമാണ് ഒരു പരിധിവരെ കുടുംബസമേതം ഇവരെ പുഴയോരത്തു താമസിക്കാൻ പ്രേരിപ്പിക്കുന്നത്. മഴയാരംഭിക്കുന്നതോടെ വീടുകളിലേക്ക് തിരിച്ചുപോകുന്നതാണ് ഇവരുടെ രീതി. വീടുകളുണ്ടെങ്കിലും വീടിനു പുറത്ത് ഇലാസ്റ്റിക് ഷെഡുകളിൽ അന്തിയുറങ്ങാനാണ് ഇവർക്കു താത്പര്യം.
ആറളം പഞ്ചായത്തിലെ ചതിരൂർ നൂറ്റിപ്പത്തിലെ താമസക്കാരെ ആറളം ഫാമിലേക്കു മാറ്റാൻ ശ്രമം നടന്നുവെങ്കിലും മൂന്നു കുടുംബങ്ങൾ മാത്രമാണു മാറിയത്. ബാക്കിവരുന്ന 25 ഓളം കുടുംബങ്ങൾ നൂറ്റിപ്പത്ത് സങ്കേതത്തിൽ തന്നെയാണു താമസം.
ഒരു വീട്ടിൽ തന്നെ കുടുംബവും ഉപകുടുംബവുമായി കൂട്ടുകുടുംബ വ്യവസ്ഥയ്ക്കു സമാനമായ രീതിയിലാണ് ഇവരുടെ ജീവിതം. ചെറിയ ഒരു വീട്ടിൽത്തന്നെ ഇരുപതിലധികം അംഗങ്ങൾ വരെയുണ്ട്. മഴ മാറുന്നതോടെ നൂറ്റിപ്പത്തിലെയും ബ്ലോക്ക് 13 ലെയും കുടുംബങ്ങളിൽ പലരും ഒത്തുചേർന്നാണ് പുഴയോരത്ത് കുടിൽകെട്ടി താമസിക്കാൻ എത്തുന്നത്.
*ഒരു കുടുംബം, 30 അംഗങ്ങൾ*
ആറളം ഫാമിൽ പുനരധിവാസം ആരംഭിച്ച് 20 വർഷമാകുമ്പോഴും ഇവിടുത്തെ യഥാർഥ പ്രശ്നങ്ങളെക്കുറിച്ച് ശരിയായ പഠനമോ പ്രശ്നപരിഹാരത്തിനുള്ള നടപടികളോ ഉണ്ടായിട്ടില്ല. പുനരധിവാസത്തിനു തെരഞ്ഞെടുത്ത മേഖലതന്നെ ശരിയല്ലെന്നും ആക്ഷേപമുണ്ട്. നിലവിലെ ഫാംമേഖല പുനരധിവാസത്തിനും വനത്തിനോടു ചേർന്നുകിടക്കുന്ന പ്രദേശം കാർഷികഫാമുമായിട്ടായിരുന്നു നിലനിർത്തേണ്ടിയിരുന്നത്. 20 വർഷം മുന്‍പ് ഒരു കുടുംബത്തിന് ഒരേക്കർ വീതം ഭൂമി ലഭിച്ചെങ്കിലും ഈ കുടുംബങ്ങൾ ഇന്ന് നിരവധി ഉപകുടുംബങ്ങളായി ഒരേയിടത്താണു ജീവിതം.
പുഴക്കരയിൽ താമസിക്കുന്ന ശോഭ എന്ന സ്ത്രീക്ക് നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമായി ആറു മക്കളുണ്ട്. ഇവർ ആറുപേരും വിവാഹം കഴിച്ചെങ്കിലും ശോഭയുടെ വീട്ടിൽത്തന്നെയാണു കഴിയുന്നത്. ഈ കുടുംബത്തിൽ മാത്രം കുട്ടികളുൾപ്പെടെ മുപ്പതിലേറെ അംഗങ്ങളാണുള്ളത്. ആദിവാസികളുടെ പുനരധിവാസം പൂർത്തിയാക്കാനോ ഉപകുടുംബങ്ങളെ പുനരധിവസിപ്പിക്കാനോ നടപടികളുണ്ടാകാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നത്. ഇതോടെ വീടുകൾക്ക് ചുറ്റും പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയാണ് ഇവരുടെ ജീവിതം.
*ബാഹ്യശക്തികളുടെ ഇടപെടൽ?*
സീസൺ അനുസരിച്ച് ബന്ധുക്കളും അല്ലാത്തവരുമായ നൂറ്റിപ്പത്ത് സങ്കേതത്തിലെ താമസക്കാർ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്നത് പതിവാണ്. നൂറ്റിപ്പത്തിലെ സ്ഥലം തിരികെ കൊടുത്താൽ ആറളം പുനരധിവാസ മേഖലയിൽ സ്ഥലം നൽകാമെന്ന് ജില്ലാ ഭരണകൂടം സബ് കളക്ടർ കാർത്തിക് പാണിഗ്രഹിയുടെ നേതൃത്വത്തിൽ ഇവരെ അറിയിച്ചിരുന്നു. എന്നാൽ താമസക്കാർ ഭൂരിഭാഗവും ഇതിനു തയാറാകുന്നില്ലെന്നാണ് വിവരം. നൂറ്റിപ്പത്തിലും 55 ലും ചില ബാഹ്യശക്തികളുടെ ഇടപെടൽ നടക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുമുണ്ട്.
*ശുഭദിനം*
Tags:
KERALA