തടാകത്തിൽ നടക്കുന്നതിനിടയിൽ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു.
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങിൽ മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു. മരിച്ച രണ്ടു പേരിൽ ഒരാളുടെ മൃതദേഹം ലഭിച്ചു. രണ്ടാമത്തെയാള്‍ക്കായി തെരച്ചിൽ തുടരുകയാണ്.
മലപ്പുറം സ്വദേശി മാധവ് മധു, കൊല്ലം സ്വദേശി ബിനുപ്രകാശ് എന്നിവരാണ് മരിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് 5 പേർ രക്ഷപ്പെട്ടു. ഏഴ് പേരാണ് സംഘത്തിലുണ്ടായിരുന്നത്. സേന പോയിന്റിലെ തണുത്തുറഞ്ഞ തടാകത്തിൽ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
തടാകത്തിലൂടെ നടക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. മരിച്ചയാളുടെ മൃതദേഹം ഇവിടുത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാണാതായ ആള്‍ക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
*സംസ്ഥാന സ്കൂൾ കലോത്സവം; നാദവിസ്മയം തീർത്ത് ദേവ്ന*
തൃശൂർ: വേഗവിരലുകൾ കൊണ്ട് വീണ വാദനത്തിൽ നാദവിസ്മയം തീർത്ത ദേവ്നയ്ക്ക് തുടർച്ചയായ നാലാം വർഷവും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ്. ബിലഹരി രാഗത്തിൽ ചിട്ടപ്പെടുത്തിയ കനുകൊണ്ടിനി ശ്രീരാമുനി എന്ന കൃതി വേദിയില്‍ അവതരിപ്പിച്ചാണ് കണ്ണൂർ സെൻ തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ ദേവ്ന ജിതേന്ദ്ര കലോത്സവത്തിലെ താരമായത്.
നാദശ്രീ അനന്ത പദ്മനാഭന്റെ ശിഷ്യയായ സുമ സുരേഷ് വര്‍മയാണ് ദേവ്നയുടെ ഗുരു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗുരുവായൂര്‍ ചെമ്പൈ സംഗീത ഉത്സവം, കൊല്ലൂര്‍ മൂകാംബിക നവരാത്രി സംഗീത ഉത്സവം, മൃദംഗശൈലേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽ വീണ കച്ചേരി നടത്തുന്നുണ്ട് ഈ കൊച്ചു കലാകാരി.
ഈ വര്‍ഷം മക്രേരി ദക്ഷിണാ മൂര്‍ത്തി അനുസ്മരണ ത്യാഗരാജ സംഗീത ആരാധനയിലും ദേവ്ന വീണ വായിച്ചിരുന്നു. ചേലോറ ഹയർ സെക്കൻഡറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനായ ജിതേന്ദ്ര യുടെയും കോഴിക്കോട് നാഷണൽ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ. അനിന ത്യാഗരാജിന്റെയും മകളാണ് ദേവ്ന.
*വാജിവാഹന വിവാദം തന്ത്രിയെ അവഹേളിക്കാനെന്ന്*
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം ക്ഷേത്രം തന്ത്രി തട്ടിക്കൊണ്ടുപോയെന്ന രീതിയില്‍ എസ്ഐടി കേസെടുത്തത് തന്ത്രിമാരെ അവഹേളിക്കാന്വേണ്ടിയാണെന്നു തന്ത്രിമാരുടെ വിവിധ കൂട്ടായ്മകള്‍.
ക്ഷേത്രാധിഷ്ഠിത ആചാരങ്ങള്‍ നിര്‍വചിക്കുന്ന തന്ത്ര സമുച്ചയത്തിലെ വ്യവസ്ഥകള്‍പ്രകാരം വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണ്. തന്ത്രസമുച്ചയത്തിലെ വ്യവസ്ഥകള്‍ മനസിലാക്കിയാണ് ദേവസ്വം ബോര്‍ഡ് തന്ത്രിക്കു വാജിവാഹനം നല്‍കിയത്.
ബോർഡിന്റെ സമ്മതത്തോടെ തന്ത്രിക്കു ലഭിച്ച വാജിവാഹനം അദ്ദേഹത്തിന്റെ ഇല്ലത്തുനിന്ന് പിടിച്ചെടുത്തത് ശരിയായ നടപടിയല്ല. ചൈതന്യമുള്ള ഇത്തരം വസ്തുക്കള്‍ വീട്ടില്‍ കൊണ്ടുപോയി വയ്ക്കാന്‍ ചിലര്‍ ഭയക്കുമ്പോള്‍ അതു തിരിച്ചേൽപ്പിച്ചേക്കാം. തിരിച്ചേൽപ്പിച്ചില്ലെങ്കില്‍ കുറ്റവാളിയാകില്ലെന്നും അവര്‍ പറഞ്ഞു.
വാജിവാഹനം മോഷണം പോയെന്ന് ആരും പരാതി കൊടുത്തിട്ടില്ല. കോടതിയില്‍ ഹാജരാക്കാന്‍ വാജിവാഹനം തൊണ്ടിമുതലാണോയെന്നും തന്ത്രികൂട്ടായ്മകള് ചോദിച്ചു. സ്വര്‍ണം ചെമ്പാക്കി കൊള്ളയ്ക്കു കൂട്ടുനിന്ന എല്ലാവരെയും അണിയറയില്‍ നിര്‍ത്തിയിട്ട് തന്ത്രിയിലും മേല്ശാന്തിമാരിലും കുറ്റം ആരോപിക്കുന്നതു സംശയാസ്പദമാണ്.
അതേസമയം ശബരിമലയിലെ സ്വര്‍ണക്കൊള്ള മാത്രമല്ല അവിടെ നടക്കുന്ന ശാസ്ത്രവിരുദ്ധമായ എല്ലാപ്രവൃത്തികളും തടയാനുള്ള ഉത്തരവാദിത്വവും ക്ഷേത്രം തന്ത്രിക്കാണ്.
എന്നാല്‍, തന്ത്രിസ്വന്തം സ്ഥാനം നിലനിര്‍ത്താനോ സ്വാര്ഥലാഭത്തിനുവേണ്ടിയോ ഇതിനൊക്കെ മൗനാനുവാദം നല്കിയിട്ടുണ്ടെങ്കില് തന്ത്രിയും ശിക്ഷിക്കപ്പെടണമെന്നും അവര്‍ പറഞ്ഞു.
യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എന്‍.ഡി. നമ്പൂതിരി, തന്ത്രി സമാജം മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഈശാനന് നമ്പൂതിരി, അഖില കേരള തന്ത്രി സമാജം പ്രതിനിധി പരമേശ്വരന് ഭട്ടതിരിപ്പാട്, രാധാകൃഷ്ണന് പോറ്റി, എസ്.പി. ശ്രീനിവാസന് പോറ്റി, രാധാകൃഷ്ണന് പുന്നശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
*കെഎസ്ഇബിയിൽ വിജിലൻസ് മിന്നൽ പരിശോധന; വൻ ക്രമക്കേടുകൾ കണ്ടെത്തി*
തിരുവനന്തപുരം: കെഎസ്ഇബിയിൽ "ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട് ’എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി.
വൈദ്യുതി ബോർഡിൽ നടപ്പാക്കുന്ന കരാർ പ്രവൃത്തികളുടെ ടെൻഡർ അനുവദിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപക ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായാണ് കണ്ടെത്തൽ.
കരാറുകാരിൽനിന്ന് കമ്മീഷൻ ഇനത്തിൽ കൈക്കൂലിപ്പണം കൈപ്പറ്റുന്ന ചില ഉദ്യോഗസ്ഥർ കരാർ പ്രവൃത്തികളിൽ പരിശോധന നടത്താതെ ബിൽ മാറി പണം അനുവദിക്കുന്നു.
ഉപ യോക്താക്കളുടെ എനർജി ഉപയോഗം കണക്കാക്കാനുള്ള മീറ്റർ റീഡിംഗിൽ കൃത്രിമം നടത്തി അനധികൃത കിഴിവുകൾ പലയിടത്തും നൽകുന്നു. എനർജി മീറ്ററുകൾ തകരാറിലാക്കുകയോ തകരാറായതായി കാണിച്ചു മാറ്റി സ്ഥാപിക്കുകയോ ചെയ്യുന്നു. ഇതു ബോർഡിന് വലിയ സാന്പത്തികനഷ്ടമുണ്ടാക്കുന്നു.
കെഎസ്ഇബിയിൽ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്താനായി വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാമിന്റെ നിർദേശ പ്രകാരം സംസ്ഥാനത്തെ തെരഞ്ഞെടുത്ത 70 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിൽ ഇന്നലെ രാവിലെ 10.30 മുതലാണ് വിജിലൻസ് മിന്നൽ പരിശോധന തുടങ്ങിയത്.
പല ഓഫീസുകളിലും രാത്രി വൈകിയും പരിശോധന തുടരുകയാണ്. ഓഫീസുകളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈറ്റുകളിൽകൂടി പരിശോധന നടത്തിയ ശേഷമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുകയുള്ളൂവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
*സുതാര്യത വിശ്വാസ്യത വളർത്തും: ഓം ബിർള*
ന്യൂഡൽഹി: ജനാധിപത്യസ്ഥാപനങ്ങളുടെ പ്രസക്തി ജനങ്ങളെ സേവിക്കാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള.
എല്ലാവരെയും ഉൾക്കൊള്ളുന്നതും സുതാര്യതയുള്ളതും പൗരന്മാരോട് പൂർണ ഉത്തരവാദിത്വമുള്ളതുമാകുന്പോൾ പാർലമെന്റുകൾക്ക് നിലനിൽക്കാനും പൊതുജനവിശ്വാസം നേടാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
*തലയിലെ വ്രണത്തിൽ പുഴുക്കൾ; ആദിവാസി ബാലികയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം*
മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ആദിവാസി ബാലികയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം. പുഴുവരിക്കുന്ന വ്രണവുമായി എത്തിയ അഞ്ചുവയസുളള ബാലികയ്ക്കാണ് ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് ആദിവാസി കുടുംബം രംഗത്തുവന്നിരിക്കുന്നത്.
പോത്തുകല്‍ ചെമ്പ്ര നഗറിലെ സുരേഷ്, സുനിത ദമ്പതികളുടെ മകള്‍ സുനിമോള്‍ക്ക് ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. കുഞ്ഞിന്റെ തലയിലെ വ്രണം അഴുകിയ നിലയിലായിരുന്നു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്തതാണ്.
മഞ്ചേരി ആശുപത്രിയിലെത്തിച്ച കുട്ടിയെ ഇന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അതിന് ശേഷം വീട്ടിലേക്ക് പോകാൻ ഓട്ടോ വിളിച്ച്, ഡ്രൈവര്‍ കുഞ്ഞിനെ ഓട്ടോയിലേക്ക് കയറ്റുന്ന സമയത്താണ് തലയിലെ മുറിവിൽ പുഴുവുള്ളതായി കാണുന്നത്. തുടര്‍ന്ന് വീണ്ടും നിലമ്പൂര്‍ ആശുപത്രിയിലേക്ക് എത്തിച്ചു. കുഞ്ഞിന്റെ തലയിൽ നിന്ന് 30ലേറെ പുഴുക്കളെയാണ് നീക്കം ചെയ്തത്.
കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷിച്ച് പറയാമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
*കിവീസിനെതിരായ ടി20 പരമ്പര; ഇന്ത്യൻ ടീമിൽ അഴിച്ചുപണി*
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ അഴിച്ചു പണി. പരിക്കേറ്റ തിലക് വര്‍മയ്ക്ക് പകരമായി ശ്രേയസ് അയ്യരെയും വാഷിംഗ്ടണ്‍ സുന്ദറിന് പകരം രവി ബിഷ്ണോയിയേയും ടീമിൽ ഉൾപ്പെടുത്തി.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലാണ് ശ്രേയസ് അയ്യരെ ടീമിലെടുത്തത്. 21 നാണ് പരമ്പരയിലെ ആദ്യ മത്സരം. 2023ല്‍ ഓസ്ട്രേലിയ്ക്ക് എതിരായ ടി20 പരമ്പരയ്ക്ക് ശേഷം ആദ്യമായാണ് ശ്രേയ്യസ് ഇന്ത്യന്‍ ടീമിലെത്തുന്നത്.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ബോള്‍ ചെയ്യുന്നതിനിടെയാണ് വാഷിംഗ്ടൺ സുന്ദറിന് പരിക്കേറ്റത്. താരത്തിന് പരമ്പരയിലെ അഞ്ചു മത്സരവും നഷ്ടമാകും.
*ഇന്ത്യന്‍ ടീം:* സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ആദ്യ മൂന്ന് മത്സരങ്ങളില്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിംഗ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), രവി ബിഷ്ണോയ്.
*ബിജെപി ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾക്ക് തുടക്കം*
ന്യൂഡൽഹി: ബിജെപിയുടെ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള ഔദ്യോഗിക നടപടികൾക്കു തുടക്കമായി. ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന്റെ ഷെഡ്യൂൾ ഇന്നലെ പുറത്തിറക്കി.
വിജ്ഞാപനപ്രകാരം തിങ്കളാഴ്ചയാണു സ്ഥാനാർഥികൾ നാമനിർദേശപത്രികകൾ സമർപ്പിക്കേണ്ടത്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കും. അന്നുതന്നെ ഫലപ്രഖ്യാപനവുമുണ്ടാകും. ആക്ടിംഗ് പ്രസിഡന്റായ നിതിൻ നബീനു പുറമെ ആരും പത്രിക സമർപ്പിക്കാൻ സാധ്യതയില്ലാത്തതിനാൽ തെരഞ്ഞെടുപ്പ് നടക്കാതെതന്നെ നിതിൻ ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് ഉയർത്തപ്പെടും.
2020 മുതൽ ദേശീയ അധ്യക്ഷസ്ഥാനം വഹിക്കുന്ന ജെ.പി. നഡ്ഡയുടെ പിൻഗാമിയായാണു പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി നിതിൻ ചുമതലയേൽക്കുന്നത്.
*ബ്രിഹൺമുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പ്: മഹായുതിക്ക് ഗംഭീര വിജയം*
മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ബ്രിഹൺമുംബൈ കോർപറേഷൻ പിടിച്ചെടുത്ത് മഹായുതി സഖ്യം. നിലവിൽ ആകെയുള്ള 227 ഡിവിഷനുകളിൽ 118 എണ്ണത്തിലും മഹായുതി സഖ്യമാണ് മുന്നേറുന്നത്. 28 കൊല്ലം ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഭരിച്ച കൊർപറേഷനാണ് ബിജെപി-ശിവസേന (ഷിൻഡെ) സഖ്യം പിടിച്ചെടുത്തത്.
83 ഡിവിഷനുകളിൽ മാത്രമാണ് ശിവസേന-യുബിടി എംഎൻഎസ്-എൻസിപി എസ്പി സഖ്യം ലീഡ് ചെയ്യുന്നത്. അതേസമയം, ഒറ്റക്ക് മത്സരിച്ച കോൺഗ്രസ് ഒറ്റയക്കത്തിലൊതുങ്ങി. വെറും എട്ട് വാർഡുകളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.
2017 ലാണ് ഒടുവില്‍ ബിഎംസി തെരഞ്ഞെടുപ്പ് നടന്നത്. ഷെഡ്യൂൾ അനുസരിച്ച്, തെരഞ്ഞെടുപ്പ് 2022ല്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ കൊവിഡ് അടക്കമുള്ള കാരണങ്ങളാല്‍ തെരഞ്ഞെടുപ്പ് വൈകി.
രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന അഞ്ച് സീറ്റിലൊതുങ്ങി. ഇരു എൻസിപി പാർട്ടികൾക്കും ഒറ്റ സീറ്റിൽ പോലും വിജയിക്കാനായില്ല. മുംബൈയിൽ മാത്രമല്ല മഹാരാഷ്ട്രയിലെ മറ്റ് കോർപറേഷനുകളിലും മഹായുതി വൻ മുന്നേറ്റമാണ് നടത്തിയത്.
29 മുൻസിപ്പൽ കോർപറേഷനുകളിൽ 14 ഇടത്താണ് ബിജെപി സഖ്യം മുന്നേറുന്നത്. 13 ഇടങ്ങളിൽ ഇന്ത്യ മുന്നണിയാണ് ലീഡ് ചെയ്യുന്നത്.
*കെഎസ്ഐടിഎൽ കണ്സള്ട്ടന്റായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്*
കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ (കെഎസ്ഐടിഎല്‍) വരുമാനം ഓഡിറ്റ് ചെയ്യാനുള്ള സോഫ്റ്റ്വേര്‍ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടന്റായി ചുമതലപ്പെടുത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
കണ്‍സള്‍ട്ടന്‍സിയുടെ നേതൃത്വത്തില്‍ ഒരു മാസത്തിനകം പദ്ധതിക്കുള്ള റിക്വസ്റ്റ് ഫോര്‍ പ്രപ്പോസല്‍ തയാറാക്കും. തുടര്‍ന്ന് നടത്തിപ്പ് ഏജന്‍സിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ച് ഏപ്രില്‍ 30നകം ഈ ഘട്ടം പൂര്‍ത്തിയാക്കുമെന്നും ബോര്‍ഡ് അറിയിച്ചു.
നേരത്തേ ദേവസ്വം വൗച്ചറുകളിലും നിലയ്ക്കലിലെ പെട്രോള്‍ പമ്പിന്റെ കാഷ് രജിസ്റ്ററിലും സന്നിധാനത്തെ നെയ് വില്പനയിലും ലക്ഷങ്ങളുടെ തിരിമറി കണ്ടെത്തിയിരുന്നു. കണക്കെടുപ്പിന് മികച്ച സോഫ്റ്റ്വേര്‍ അനിവാര്യമാണെന്ന് ഈ കേസുകളില്‍ കോടതി വിലയിരുത്തിയിരുന്നു.
ഈ ഹർജിയിലാണു ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. അതേസമയം, ഐടി പാര്‍ക്കുകള്‍ ഒരുക്കുന്ന കമ്പനിയെന്നാണ് കെഎസ്ഐടിഎല്ലിന്റെ പ്രൊഫൈലില്‍ കാണുന്നതെന്ന് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി.
കെഎസ്ഐടിഎല്ലിന് സോഫ്റ്റ്വേറുമായി ബന്ധപ്പെട്ട സാങ്കേതികപരിജ്ഞാനം പരിശോധിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കിയ കോടതി തുടര്‍ന്ന് കെഎസ്ഐടിഎല്ലിനെ ഹര്‍ജിയില്‍ കക്ഷിചേര്‍ത്തു.
Tags:
KERALA