16-01-2026 വെള്ളി
*സമാധാനപരമായ പ്രതിഷേധങ്ങൾ അടിച്ചമർത്തി ; ഇറാന്റെ ഉദ്യോഗസ്ഥർക്ക് യുഎസ് ഉപരോധം*
വാഷിംഗ്ടൺ: സമാധാനപരമായ പ്രതിഷേധങ്ങൾ അടിച്ചമർത്തിയെന്ന് ആരോപിച്ച് ഇറാന്റെ ഉദ്യോഗസ്ഥർക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തി. ഇതോടൊപ്പം ഇറാനിലെ സാമ്പത്തിക ശൃംഖലകൾക്കുമെതിരെയും ഉപരോധം ഏർപ്പെടുത്തി.
സമാധാനപരമായ പ്രതിഷേധങ്ങൾ അക്രമാസക്തമായ രീതിയിൽ അടിച്ചമർത്തുകയും കോടിക്കണക്കിന് എണ്ണ വരുമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് നടപടികൾ പ്രഖ്യാപിച്ചത്.
ഉപരോധം നേരിടുന്നവരിൽ ഇറാന്റെ ദേശീയ സുരക്ഷക്കായുള്ള സുപ്രീം കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ഉൾപ്പെടുന്നുണ്ട്. അടിച്ചമർത്തൽ ഏകോപിപ്പിച്ചതായും പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗത്തിന് ആഹ്വനം ചെയ്തതുമായുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിനുമേലുള്ളത്.
ലോറെസ്റ്റാൻ, ഫാർസ് പ്രവിശ്യകളിലെ അടിച്ചമർത്തലിൽ പങ്കെടുത്തതിന് ഇറാന്റെ ലോ എൻഫോഴ്സ്മെന്റ് ഫോഴ്സിന്റെയും റെവല്യൂഷണറി ഗാർഡിന്റെയും നാല് പ്രാദേശിക കമാൻഡർമാർക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
*ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി മരിയ കൊരീന മച്ചാഡോ*
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി സമാധാന നൊബേൽ ജേതാവായ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോ. വൈറ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
വെനസ്വലേൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം തട്ടിക്കൊണ്ടുവന്ന് ജയിലിലടച്ച പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച മികച്ചതായിരുന്നു എന്ന് മച്ചാഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ച എന്തിനെ കുറിച്ചായിരുന്നുവെന്ന് മച്ചാഡോ പ്രതികരിച്ചില്ല.
വെനസ്വേലൻ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറിന മച്ചാഡോ 2002ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. മഡുറോയെ സ്ഥാനഭ്രഷ്ടനാക്കിയെങ്കിലും മരിയ നേതൃത്വം നല്കുന്ന പ്രതിപക്ഷത്തെ വെനസ്വേലൻ ഭരണം ഏല്പിക്കാൻ ട്രംപ് തയാറായില്ല
*പൊരിവെയിലിൽ ബാൻഡ് മത്സരം; പിന്നാലെ പരിക്കിന്റെ മേളം*
തൃശൂർ: ഹൈസ്കൂൾ വിഭാഗം ബാൻഡ് മത്സരത്തിൽ പരിക്കിന്റെ മേളം. ലാലൂരിലെ ഐ.എം വിജയൻ സ്പോർട്സ് കോംപ്ലക്സിലെ ടർഫിലായിരുന്ന മത്സരം. പ്രകടനം ഗംഭീരമാക്കാൻ പൊരിവെയിലത്തും ആവേശത്തോടെ ചുവടുവച്ച മത്സരാർഥികളിൽ ചിലരുടെ കാലിനു പരിക്കേറ്റു. മത്സരശേഷം കുഴഞ്ഞു വീണവരും തളർന്നുപോയവരും അതിലേറെ.
14 ജില്ലകളിൽ നിന്നെത്തിയ 19 ടീമുകളാണ് പൊരിവെയിലത്തു ചടുലമായും നിശ്ചയദാർഢ്യത്തോടെയും ബാൻഡ് മേളത്തിൽ പൊരുതിയത്.
രാവിലെ ഒന്പതിന് ആരംഭിക്കേണ്ടിയിരുന്ന മത്സരം രണ്ടുമണിക്കൂറിലേറെ വൈകിയതോടെ വസ്ത്രങ്ങളണിഞ്ഞ് മണിക്കൂറുകളോളം നിന്നശേഷമാണ് കുട്ടികൾ ചുട്ടുപൊള്ളുന്ന മൈതാനത്തെത്തിയത്. ഓരോ ടീമിന്റെയും പ്രകടനത്തിനുശേഷം ടീമംഗങ്ങളിൽ പലരും അവശരായാണ് കളംവിട്ടത്.
പരിപാടി കാണാനെത്തിയ രക്ഷിതാക്കളും അധ്യാപകരും സംഘാടകരുടെ മനസലിവില്ലായ്മയിൽ ആശങ്ക പ്രകടിപ്പിച്ചു. പൊള്ളുന്ന വെയിലത്തു വേണമായിരുന്നോ ഈ ബാൻഡ് മേളം എന്നായിരുന്നു അവരിൽ പലരുടെയും ചോദ്യം. ആർക്കും ഉത്തരമില്ലായിരുന്നു.
*റിപ്പബ്ലിക് ദിനാഘോഷത്തിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ മുഖ്യാതിഥികളാകും*
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ മുഖ്യാതിഥികളാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം യൂറോപ്യൻ കൗണ്സിൽ പ്രസിഡന്‍റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല ഫോണ്‍ ഡെർ ലെയനും ത്രിദിന സന്ദർശനത്തിനായി എത്തുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ജനുവരി 25 മുതൽ 27 വരെയുള്ള സന്ദർശനത്തിനിടയിലാണ് 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ യൂറോപ്യൻ യൂണിയൻ നേതാക്കൾ മുഖ്യാതിഥികളാകുക.
*ശബരിമല സ്വർണമോഷണക്കേസ്; ദ്വാരപാലക ശിൽപം മാറ്റിയ കേസിലും തന്ത്രി അറസ്റ്റിൽ*
*പത്തനംതിട്ട:* ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹം അനുവാദമില്ലാതെ മാറ്റിയതുമായി ബന്ധപ്പെട്ട കേസിലും തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. ജയിലിലെത്തിയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.
കട്ടിളപ്പാളിയിലെ സ്വർണ്ണമോഷണക്കേസിൽ നിലവിൽ റിമാൻഡിലുള്ള തന്ത്രിയെ, ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണ്ണം കവർന്ന രണ്ടാമത്തെ കേസിലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞ ദിവസം കോടതി അനുമതി നൽകിയിരുന്നു. ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞ സ്വർണ്ണപ്പാളികൾക്ക് തിളക്കം കുറഞ്ഞെന്നും അവ മാറ്റണമെന്നും നിർദ്ദേശിച്ചത് തന്ത്രിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനായി 'അനുജ്ഞാ കലശം' നടത്തിയതും ഇദ്ദേഹമാണ്.
തുടർന്ന് ഈ പാളികൾ സ്വർണ്ണം പൂശാനെന്ന വ്യാജേന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് വിട്ടുനൽകാൻ തന്ത്രി മൗനാനുവാദം നൽകിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ശ്രീകോവിൽ കട്ടിളപ്പാളി കേസിലെ സമാനമായ ഗൂഢാലോചനയും ഒത്താശയും ഈ കേസിലും നടന്നിട്ടുണ്ട്.
ആചാര ലംഘനം നടന്നിട്ടും തന്ത്രി ദേവസ്വം ബോർഡിനെ വിവരം അറിയിച്ചില്ല. കട്ടിളപ്പാളിക്കേസില്‍ തന്ത്രിയുടെ ജാമ്യാപേക്ഷ ജനുവരി 19ന് കോടതി പരിഗണിക്കും. ആചാരപരമായ കാര്യങ്ങളിൽ തന്ത്രിക്ക് അധികാരമുണ്ടെങ്കിലും വിഗ്രഹം പോലുള്ള മാറ്റങ്ങൾ വരുത്തുമ്പോൾ ദേവസ്വം ബോർഡിനെ അറിയിക്കണമെന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്ന് ബോർഡ് ആരോപിച്ചിരുന്നു.
*കൗൺസിലർ കുപ്പായം ഊരാൻ ശബരിനാഥൻ? ഉന്നം തിരുവനന്തപുരം സെൻട്രൽ; കവടിയാർ കൈവിടുമോയെന്ന ആശങ്കയിൽ കോൺഗ്രസ്; ചർച്ചകൾ സജീവം*
*തിരുവനന്തപുരം:* തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിനെ നയിച്ച മുൻ എംഎൽഎ കെ.എസ്. ശബരിനാഥൻ നിയമസഭയിലേക്ക് മത്സരിക്കാനൊരുങ്ങുന്നു. കവടിയാർ വാർഡിൽ നിന്ന് വിജയിച്ച് കൗൺസിലറായി തുടരുന്ന ശബരിനാഥനെ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രമുഖ മണ്ഡലങ്ങളിലൊന്നിൽ ഇറക്കാനാണ് പാർട്ടി ആലോചിക്കുന്നത്. ശബരിനാഥൻ മടങ്ങുന്നത് കവടിയാർ വാർഡിൽ പാർട്ടിയുടെ മേധാവിത്വത്തെ ബാധിക്കുമോ എന്ന ആശങ്ക പ്രാദേശിക നേതൃത്വത്തിനുണ്ട്.
കവടിയാറിലെ വെല്ലുവിളി കഴിഞ്ഞ തവണ വെറും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് പിടിച്ചെടുത്ത കവടിയാറിൽ, ഇത്തവണ ശബരിനാഥൻ 74 വോട്ടുകൾക്കാണ് വിജയിച്ചത്. ബിജെപിയുടെ മുതിർന്ന നേതാവ് എൻ. മധുസൂദനനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ശബരിനാഥൻ നിയമസഭയിലേക്ക് മാറിയാൽ ഉപതിരഞ്ഞെടുപ്പിലൂടെ വാർഡ് തിരിച്ചുപിടിക്കാൻ ബിജെപി ശക്തമായി രംഗത്തിറങ്ങും. ഇത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
തിരുവനന്തപുരം സെൻട്രലിൽ കണ്ണുവെച്ച് ശബരി അരുവിക്കരയിലേക്ക് മടങ്ങുന്നതിനേക്കാൾ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ മത്സരിക്കാനാണ് ശബരിനാഥന് താല്പര്യം. എന്നാൽ മുൻമന്ത്രി വി.എസ്. ശിവകുമാർ ഉൾപ്പെടെയുള്ളവർ ഈ സീറ്റിനായി രംഗത്തുള്ളത് വലിയ വെല്ലുവിളിയാണ്. കൂടാതെ, യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകളിൽ സി.പി. ജോണിനായി ഈ മണ്ഡലം ആവശ്യപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ കെ. മുരളീധരൻ തന്നെ മത്സരിക്കാനാണ് സാധ്യത കൂടുതൽ. തിരുവനന്തപുരം സെൻട്രൽ ലഭിച്ചില്ലെങ്കിൽ ശബരിനാഥനെ നേമത്തോ കഴക്കൂട്ടത്തോ പരിഗണിച്ചേക്കാം. നേമത്ത് വി. ശിവൻകുട്ടിയും രാജീവ് ചന്ദ്രശേഖറും എത്തുന്നതോടെ പോരാട്ടം കടുക്കും.
ആന്റണി രാജുവിന്റെ അയോഗ്യതയെത്തുടർന്ന് തിരുവനന്തപുരം സെൻട്രലിൽ തോമസ് ഐസക്കിനെ ഇറക്കി മണ്ഡലം പിടിക്കാനാണ് എൽഡിഎഫ് നീക്കം. തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിനെ വിജയകരമായി നയിച്ച ശബരിനാഥന് വിജയസാധ്യതയുള്ള സീറ്റ് നൽകണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. വരും ദിവസങ്ങളിലെ ചർച്ചകൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
*ചില നേതാക്കൾ സമുദായ വിരുദ്ധത പ്രകടിപ്പിക്കുമ്പോൾ ഭരണകൂടം നിശബ്ദരാകരുത്; സർക്കാരിനെ പരോക്ഷമായി വിമർശിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ*
*കോഴിക്കോട്:* സംസ്ഥാന സർക്കാരിനെ പരോക്ഷമായി വിമർശിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. ചില നേതാക്കൾ സമുദായ വിരുദ്ധത പ്രകടിപ്പിക്കുമ്പോൾ ഭരണകൂടം നിശബ്ദരാകരുതെന്നാണ് കാന്തപുരത്തിൻ്റെ വിമർശനം. ചിലർ ന്യൂനപക്ഷങ്ങളെ സംശയത്തിന്റെ നിഴലിലാക്കാൻ ശ്രമിക്കുന്നെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ചൂണ്ടിക്കാട്ടി.
എസ്എസ്എഫ് മുഖമാസികയായ രിസാലയിലെ ലേഖനത്തിലാണ് വിമർശനം. പൊലീസ് ഉൾപ്പടെ ഉദ്യോഗസ്ഥ ഭരണത്തിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്ന് അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പെട്ടു. അങ്ങനെ വരുമ്പോഴാണ് മറ്റൊരു പരീക്ഷണത്തിന് ജനം ചിന്തിക്കുക. നിസ്സംഗ നിലപാട് സമാധാനം ആഗ്രഹിക്കുന്നവർക്ക് ചേർന്നതല്ലെന്നും കാന്തപുരം പറയുന്നു.
*ഉണ്ണികൃഷ്‌ണൻ നമ്പൂതിരി പുരസ്‌കാരം ശ്രീനിവാസന്*
മലയാള സിനിമയിലെ മുത്തച്ഛനായി അറിയപ്പെട്ട ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം കഴിഞ്ഞ നാലുവർഷമായി നൽകിവരുന്ന പരസ്‌കാരം ഇത്തവണ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ്റെ ഓർമ്മയ്ക്ക് അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി സമർപ്പിക്കും
നടന്മാരായ മധു , ഇന്നസെൻ്റ, ജഗതി ശ്രീകുമാർ എന്നിവർക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്ക്‌കാരം നൽകിയിരുന്നത്.
ജനുവരി 24ന് വൈകുന്നേരം എറണാകുളത്ത് ശ്രീനാവസൻ്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരം നൽകും. ആരോഗ്യ,വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ശ്രീനിവാസൻ്റെ കുടുംബത്തിന് അവാർഡ് കൈമാറും.
വാർത്ത സമ്മേളനത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി, മന്ത്രി ടി.വി. രാജേഷ്, ടി.ഐ.മധുസൂദനൻ എം.എൽ.എ. പി. സന്തോഷ്, പി.വി. ഭവദാസൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.
*ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് പി പി ദിവ്യയെ ഒഴിവാക്കി; ഒഴിവാക്കാൻ സി പി ഐ എം സംസ്ഥാന നേതൃത്വം നിർദേശം നൽകി_*
ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് പി പി ദിവ്യയെ ഒഴിവാക്കി. ജോയിൻ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് മാറ്റിയത്.
ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് സിപി ഐ എം സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷൻ ഭാരവാഹികൾക്ക് നിർദേശം നൽകിയിരുന്നു. ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് സിപി ഐ എം നേരത്തെ തരം താഴ്ത്തിയിരുന്നു.
എ ഡി എം നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിൽ ആയതിന് പിന്നാലെ ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.സി എസ് സുജാത ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാവും. പ്രസിഡൻറ് സ്ഥാനത്തുനിന്ന് സൂസൻ കോടിയെ നീക്കി.
കെ എസ് സലീഖ പുതിയ സംസ്ഥാന പ്രസിഡൻറ് ആകും. മൂന്നുതവണ പ്രസിഡൻ്റായതു കൊണ്ടാണ് ഒഴിവാക്കിയതെന്ന് വിശദീകരണം. സിപിഎം സംസ്ഥാന സമിതിയിൽ നിന്നും സൂസൻ കോടിയെ ഒഴിവാക്കിയിരുന്നു. കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവർത്തനങ്ങളുടെ പേരിലായിരുന്നു നടപടി.
അതിജീവിതയായ കന്യാസ്ത്രീയ്ക്ക് ആവശ്യമായ സഹായം നൽകും. സാമ്പത്തികമായ സഹായം നൽകാനും ജനാധിപത്യ മഹിളാ അസോസിയേഷൻ തയ്യാർ. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ സർക്കാരിനോട് ആവശ്യപ്പെടും. പി പി ദിവ്യ ആവശ്യപ്പെട്ടതിനനുസരിച്ചാണ് ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കിയത് എന്ന് പി കെ ശ്രീമതി വ്യക്തമാക്കി.
*2024ൽ ബലാത്സംഗം ചെയ്തു എന്നു പറയുന്ന ആളെ 2025 ഒക്ടോബറിൽ ഒറ്റക്കു കാണണമെന്ന് പറയുന്നതിലെ ലോജിക് എന്ത്_'*
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതക്കെതിരെ ഫെന്നി നൈനാൻ
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ അഴിക്കുള്ളിലാക്കിയ മൂന്നാമത്തെ ബലാത്സംഗ പരാതിയിലെ അതിജീവിതക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ. രാഹുലിന്റെ അടുത്ത സുഹൃത്താണ് ഫെന്നി. 2024ൽ ബലാത്സംഗം ചെയ്തു എന്നു പറയുന്ന ആളെ 2025 ഒക്ടോബറിൽ ഒറ്റക്കു കാണണമെന്ന് പറയുന്നതിലെ ലോജിക് എന്താണെന്നാണ് ഫെനി ചോദിക്കുന്നത്. അതിജീവിതയുടെ ചാറ്റുകളുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് ഫെന്നിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
*ഇറാനെ ആക്രമിക്കാൻ സൗദി വ്യോമാതിർത്തി വിട്ടുനൽകില്ല; മേഖലയിൽ നയതന്ത്ര നീക്കങ്ങൾ സജീവം*
ജിദ്ദ: ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയതായി റിപ്പോർട്ട്. സൗദി സർക്കാറുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പിയും അൽ അറബിയ ന്യൂസ് പോർട്ടലുമാണ് ഇക്കാര്യം പുറത്തുവിട്ടത്. മേഖലയിൽ സംഘർഷ സാധ്യത നിലനിൽക്കെ സൗദിയുടെ ഈ നിലപാട് നിർണായകമാണ്.
ശുഭദിനം.
Tags:
KERALA