Trending

പ്രഭാത വാർത്തകൾ

2026 ജനുവരി 11 ഞായർ
1201 ധനു : 27
1447 റജബ് : 21                                                                                                                                                                               *🔳ഹിയറിങ്ങിന് പ്രവാസികള്‍ നേരിട്ട് ഹാജരാകേണ്ടതില്ല; മറ്റു സംസ്ഥാനങ്ങളില്‍ പഠിക്കുന്നവര്‍ക്കും ആശ്വാസം*
തിരുവനന്തപുരം: എസ്ഐആറില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ആശ്വാസം. ഹിയറിങ് സമയത്ത് ഹാജരാകാതെ തന്നെ രേഖകള്‍ സമര്‍പ്പിക്കാം. അടുത്ത ബന്ധുക്കള്‍ രേഖകളുമായി ഹിയറിങ്ങിന് എത്തിയാല്‍ മതിയാകും. 

*🔳രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ*
പാലക്കാട്: രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ. ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ഷൊർണൂർ ഡിവൈഎസ്പി ഉൾപ്പെടെയുള്ള പ്രത്യേക പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഒരു യുവതി നൽകിയ പുതിയ പരാതിയിലാണ് പൊലീസിന്റെ നടപടി. ബലാത്സംഗവും ഗർഭച്ഛിദ്രത്തിനുള്ള പ്രേരണയുമുൾപ്പെടെ ആരോപിച്ചാണ് യുവതി പരാതി നൽകിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇ-മെയിൽ വഴിയാണ് പുതിയ പരാതി ലഭിച്ചത്. യുവതിയുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തിയെന്നുമാണ് സൂചന. ഇതിനു പിന്നാലെയാണ് പാതിരാത്രിയിൽ പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽനിന്നും രാഹുലിനെ പൊലീസ് സംഘം പിടികൂടിയത്. ഹോട്ടൽമുറിയിൽ പേഴ്സണൽ സ്റ്റാഫ് കൂടെയില്ലാത്ത സമയത്താണ് പൊലീസ് എത്തിയത്.

ഹോട്ടൽ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതിന് ശേഷമായിരുന്നു പോലീസിന്റെ നടപടി. തിരുവനന്തപുരത്തേക്കാണ് രാഹുലിനെ കൊണ്ടുപോകുന്നത് എന്നാണ് സൂചന. രണ്ടുദിവസമായി രാഹുൽ പാലക്കാട്ടുണ്ട്. ക്ഷേത്രച്ചടങ്ങുകളിലുൾപ്പെടെ പങ്കെടുത്തിരുന്നു. രാഹുൽ താമസിച്ചിരുന്ന റൂം നമ്പർ 2002 പോലീസ് സീൽചെയ്തു. കഴിഞ്ഞദിവസമാണ് രാഹുൽ ഇവിടെ മുറിയെടുത്തത്.

അതേസമയം, പുതിയ പരാതിയോടെ നിലവിൽ രാഹുലിനെതിരേ സമാനമായ മൂന്ന് കേസുകളാണുള്ളത്. ആദ്യ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യവും ലഭിച്ചു. കേസുകൾക്ക് പിന്നാലെ രാഹുലിനെ കോൺഗ്രസ് പുറത്താക്കി.

*🔳മകരവിളക്ക് ദർശനത്തിന് വെറും 4 ദിവസം മാത്രം ബാക്കി നിൽക്കെ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി; പ്രവേശനം 35,000 പേർക്ക് മാത്രമായി നിജപ്പെടുത്തി*
കൊച്ചി : മകരവിളക്ക് ദിനത്തിൽ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കേണ്ട ഭക്തരുടെ എണ്ണത്തിൽ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000 പേർക്ക് മാത്രമേ ശബരിമലയിൽ ദർശനം നടത്താൻ കഴിയൂ എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം അനുവദിക്കുക. 13 ന് വെർച്വൽ ക്യൂ വഴിയുള്ള 35,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രമേ ദർശനം നടത്താനാവുകയുള്ളൂ.

*🔳സ്‌കൂള്‍ബാഗിന്റെ അമിതഭാരം ആരോഗ്യത്തിന് ഭീഷണി; പഠനപരിഷ്‌കാരങ്ങള്‍ അനിവാര്യമെന്ന് എസ്സിഇആര്‍ടി റിപോര്‍ട്ട്*
തിരുവനന്തപുരം: സ്‌കൂള്‍ബാഗിന്റെ അമിതഭാരം വിദ്യാര്‍ഥികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ എസ്സിഇആര്‍ടി നടത്തിയ ഗവേഷണപഠനറിപോര്‍ട്ട്. ബാഗിന്റെ ഭാരംമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി പഠനപരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്ന് റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് പഠനം നടത്തിയത്. കുട്ടികളുടെ സ്‌കൂള്‍ബാഗിന്റെ ഭാരം അവരുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തില്‍ കൂടരുതെന്നതാണ് എന്‍സിഇആര്‍ടി നിര്‍ദേശിച്ച സ്‌കൂള്‍ബാഗ് നയം. എന്നാല്‍ ഈ മാനദണ്ഡം പലപ്പോഴും ലംഘിക്കപ്പെടുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ജില്ലയിലെ എട്ടു സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്നാണ് പഠനത്തിനായി വിവരങ്ങള്‍ ശേഖരിച്ചത്. ബാഗിന്റെ ഭാരം കുട്ടിയുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തില്‍ താഴെയെങ്കില്‍ സുരക്ഷിതം, 10-15 ശതമാനം മുന്‍കരുതല്‍ ആവശ്യമായ അവസ്ഥ, 15 ശതമാനത്തിനുമുകളില്‍ അപകടകരം എന്നിങ്ങനെയാണ് വിഭാഗീകരണം. ബാഗിന്റെ അമിതഭാരം തങ്ങള്‍ക്ക് പ്രശ്‌നമാണെന്ന് 27.12 ശതമാനം കുട്ടികള്‍ പഠനത്തില്‍ പ്രതികരിച്ചു. എല്‍പി വിഭാഗം മുന്‍കരുതല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. യുപി വിഭാഗം മുന്‍കരുതല്‍, അപകടകരം എന്നീ രണ്ടുവിഭാഗങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തിലെ കുട്ടികളാണ് കൂടുതലും അപകടസാധ്യതയിലുള്ളത്. 

*🔳നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശനെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണം'; എസ്‌കെഎസ്എസ്എഫ്*
മലപ്പുറം: ജമാഅത്തെ ഇസ് ലാമിയെ ഉയര്‍ത്തിക്കാട്ടി ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്തയുടെ വിദ്യാര്‍ഥി സംഘടനയായ എസ്‌കെഎസ്എസ്എഫ്. രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ സമാധാനകാംക്ഷികളായ മലയാളി സമൂഹം തിരിച്ചറിയണം. ചില നേതാക്കളെ സംഘപരിവാര്‍ ഭാഷയില്‍ സംസാരിക്കാന്‍ തുറന്ന് വിടുന്നത് ശരിയല്ല. നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശനെതിരേ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ചേര്‍ന്ന എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതേതര പാര്‍ട്ടികള്‍ മൃദുഹിന്ദുത്വം സ്വീകരിച്ചതിന്റെ തിക്തഫലം അനുഭവിച്ചതാണ്. വര്‍ഗീയതക്ക് ഒരു കാലത്തും ഇടം നല്‍കാത്ത കേരളത്തില്‍ അത്തരം പരീക്ഷണങ്ങള്‍ ആര് നടത്തിയാലും അതിനെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണം. അടിസ്ഥാന രഹിതമായ വാദങ്ങളുയര്‍ത്തി നിരന്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ സൃഹൃദ കേരളത്തിലെ സ്ഥിരം ശല്യക്കാരനായി മാറിയിരിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെതിരേ നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും വിദ്വേഷ പ്രചാരകര്‍ക്ക് ശക്തി പകരുന്ന വിധത്തില്‍ സംഘ് പരിവാര്‍ ഭാഷയില്‍ സംസാരിക്കാന്‍ ചില നേതാക്കളെ തുറന്ന് വിടുന്ന രീതി ഒട്ടും ശരിയല്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

*🔳ഇൻസ്റ്റഗ്രാമില്‍ ഗുരുതര സുരക്ഷാവീഴ്ച ; 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക് വെബ്ബില്‍*
ന്യൂഡല്‍ഹി:സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമില്‍ ഗുരുതര സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്.1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർന്നെന്നാണ് സൂചന.മാല്‍വെയർ ബൈറ്റ്സ് ആണ് വീഴ്ച പുറത്തുവിട്ടത്.ലൊക്കേഷൻ,ഫോണ്‍ നമ്പർ,ഇ മെയില്‍ അഡ്രസ് എന്നിവ അടക്കമാണ് ചോർന്നത്.വിവരങ്ങള്‍ ഡാർക് വെബ്ബില്‍ വില്‍പ്പനയ്ക്കത്തിയെന്നാണ് വിവരം.സൈബർ ആള്‍മാറാട്ടം,ഫിഷിംഗ് ക്യാമ്പയിൻ,ലോഗിൻ വിവരങ്ങള്‍ മോഷ്ടിക്കാനുള്ള ശ്രമം തുടങ്ങി പലവിധ കുറ്റകൃത്യങ്ങള്‍ക്കും ഹാക്കർമാർ ഈ വിവരങ്ങള്‍ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കുന്നു.ഇൻസ്റ്റഗ്രാം പാസ് വേഡ് റീസെറ്റ് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്ത് അക്കൗണ്ടുകള്‍ തട്ടിയെടുക്കാനാണ് കൂടുതല്‍ സാധ്യതയെന്നും മാല്‍വെയർബൈറ്റ്സ് കൂട്ടിച്ചേർത്തു.പല ഉപഭോക്താക്കളും തങ്ങള്‍ക്ക് ഇൻസ്റ്റഗ്രാം പാസ് വേഡ് റീസെറ്റ് ചെയ്യാനുള്ള സന്ദേശം ലഭിച്ചതായി പറയുന്നു. ചോർന്ന വിവരങ്ങള്‍ ഉപയോഗിച്ചാണ് അക്കൗണ്ടുകള്‍ തട്ടിയെടുക്കാനുള്ള ഈ ശ്രമം നടക്കുന്നത്. സംഭവത്തില്‍ ഇൻസ്റ്റാഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ ഇതുവരെയും വിശദീകരണം നല്‍കിയിട്ടില്ല.

*🔳കോഴിക്കോട്  മുണ്ടിക്കൽതാഴത്ത് കാറും ബൈക്കും കൂട്ടി ഇടിച്ച് അപകടം: 'ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ദാരുണാന്ത്യം*
കോഴിക്കോട് മുണ്ടിക്കൽത്താഴം കാസ ഹോട്ടലിനു സമീപം കാറും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ദാരുണാന്ത്യം.

 കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശി സതീഷ് കുമാർ (52) കൂടെ ബൈക്കിൽ ഉണ്ടായിരുന്ന ഉത്തർപ്രദേശ് സ്വദേശി ശിവശങ്കർ എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ച ബൈക്കും കെഎംസി ടി യുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

*🔳കുറ്റ്യാടിയില്‍ എസ്ഐആര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്കുള്ള ഹിയറിങ് ഒഴിവാക്കി ബിഎല്‍ഒയുടെ പിഴവില്‍ പട്ടികയില്‍ നിന്ന് പുറത്തായ 450 പേര്‍ക്കുള്ള ഹിയറിങ്ങാണ് ഒഴിവാക്കിയത്*
കോഴിക്കോട്: എസ്ഐആര്‍ ഫോം തെറ്റായി അപ്ലോഡ് ചെയ്തതിനെ തുടര്‍ന്ന് കുറ്റ്യാടിയില്‍ എസ്ഐആര്‍ പട്ടികയില്‍ നിന്ന് ഒഴിവായവര്‍ക്കുള്ള ഹിയറിങ് ഒഴിവാക്കി. റവന്യു അധികൃതര്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. കുറ്റ്യാടി മണ്ഡലത്തിലെ 106ാം നമ്പര്‍ ബൂത്തില്‍ 487 പേര്‍ക്കാണ് ഹിയറിങ്ങിനുള്ള നോട്ടീസ് ലഭിച്ചത്. ബൂത്തിലെ മൊത്തം വോട്ടര്‍മാരില്‍ പകുതിയോളം പേര്‍ക്കാണ് ഹിയറിങ് നോട്ടീസ് ലഭിച്ചത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്താവില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് റവന്യു അധികൃതരുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നത്. യോഗത്തിലാണ് ബിഎല്‍ഒയുടെ പിഴവ് മൂലം എസ്ഐആര്‍ പട്ടികയില്‍ നിന്ന് ഒഴിവായ 450 പേര്‍ക്കുള്ള ഹിയറിങ് ഒഴിവാക്കിയത്. രേഖകള്‍ തെറ്റായി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഹിയറിങ് നോട്ടീസ് ലഭിച്ച 37പേര്‍ ഹിയറിങ്ങിന് ഹാജരാവണം.

*🔳ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് നടത്തിയ വര്‍ഗീയ പ്രസ്താവനയില്‍ പ്രതികരണവുമായി എ കെ ബാലന്‍*
 തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് നടത്തിയ വര്‍ഗീയ പ്രസ്താവനയില്‍ പ്രതികരണവുമായി എ കെ ബാലന്‍. ജമാഅത്ത് ഇസ്‌ലാമിയുടെ വക്കീല്‍ നോട്ടിസ് കിട്ടിയെന്നും മാപ്പ് പറയാന്‍ മനസില്ലെന്നുമാണ് എ കെ ബാലന്റെ പ്രതികരണം. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ഇതിന്റെ പേരില്‍ ജയിലില്‍ പോകണം എന്നാണ് വിധിയെങ്കില്‍ ജയിലില്‍ പോകുമെന്നും എകെ ബാലന്‍ പറഞ്ഞു. എംപി, എംഎല്‍എ, മന്ത്രി എന്ന നിലയില്‍ ഞാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളില്‍ ഒരു രൂപത്തിലുമുള്ള ആക്ഷേപം ഉണ്ടാക്കിയിട്ടില്ല. പൊതുജീവിതത്തില്‍ ഇന്നേവരെ മതനിരപേക്ഷതക്ക് എതിരായിട്ടോ, മത ന്യൂനപക്ഷ വിരുദ്ധ സമീപനമോ എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, മത ന്യൂനപക്ഷ സംരക്ഷണവുമായി ബന്ധപ്പെട്ടുകൊണ്ട് ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തുന്ന ഫാസിസ്റ്റ് വെല്ലുവിളിക്ക് എതിരായി ശബ്ദിക്കാന്‍ പറ്റുന്ന സ്ഥലങ്ങളിലെല്ലാം ശബ്ദിച്ചിട്ടുണ്ട്. ഇത് അവസാനം വരെയുണ്ടാകും. ഇതാണ് എന്റെ ചരിത്രം -ബാലന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്‌ലാമിയാകും അഭ്യന്തര വകുപ്പ് ഭരിക്കുകയെന്നും അത് മറ്റൊരു മാറാട് കലാപത്തിലേക്ക് നയിക്കുമെന്നുമായിരുന്നു ബാലന്‍ പറഞ്ഞത്. പ്രസ്താവന തിരുത്തണമെന്നും മാപ്പുപറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി ജമാഅത്ത് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.
Previous Post Next Post
3/TECH/col-right