2025 ഡിസംബർ 27 ശനി
1201 ധനു 12 പൂരുരുട്ടാതി
1447 റജബ് 06
◾ മുന്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഒരുമിച്ചുള്ള ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നെടുത്ത ഫോട്ടോ പുറത്തു വിട്ട് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയ ഗാന്ധിയുമായി നില്‍ക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോള്‍ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേയെന്നാണ് ഷിബു ബേബി ജോണിന്റെ ചോദ്യം. ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്തായിരുന്നുവെന്നും, ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഇരുത്തി എന്താണ് ചര്‍ച്ച ചെയ്തതെന്നും, അത് കടകംപള്ളിയും സര്‍ക്കാരും വ്യക്തമാക്കണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
◾ മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പുറത്ത്. ആംബുലന്‍സ് കൈമാറ്റ ചടങ്ങിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സെക്രട്ടറിയേറ്റിലായിരുന്നു ആഗസ്റ്റ് 20ലെ പരിപാടി. ഈ പരിപാടിയുടെ ഫോട്ടോ വക്രീകരിച്ചതെന്നായിരുന്നു മുഖ്യമന്ത്രി വിശദീകരിച്ചത്. ഫോട്ടോ വിവാദത്തിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.
◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് ചിത്രങ്ങള്‍ കണ്ട് ഉറപ്പ് വരുത്തി പ്രവാസി വ്യവസായി. എസ്ഐടി കണ്ടത് താന്‍ കണ്ട ഡി മണിയെ തന്നെയെന്ന് ഉറപ്പിച്ച് പറയുകയാണ് പ്രവാസി വ്യവസായി. വ്യവസായിയില്‍ നിന്നും അന്വേണ സംഘം വീണ്ടും മൊഴിയെടുക്കും. താന്‍ ഡി മണിയല്ല എന്നും എംഎസ് മണിയാണെന്നുമാണ് മണിയുടെ വാദം. പൊലീസ് അന്വേഷിക്കുന്ന വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും എംഎസ് മണി പറഞ്ഞു.
◾ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മണിക്ക് എസ്ഐടിയുടെ നോട്ടീസ്. എം എസ് മണിയെന്നയാള്‍ക്കാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചത്. തിരുവനന്തപുരത്ത് നേരിട്ട് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് എസ്ഐടിയുടെ നോട്ടീസ്. എന്നാല്‍, നോട്ടീസ് നല്‍കിയിട്ടില്ലെന്നാണ് മണി പറയുന്നത്.
◾ മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ഡിസിസി പ്രസിഡന്റിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ അഴിമതി ആരോപണങ്ങളുന്നയിച്ച കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഡിസിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്. പണം വാങ്ങിയാണ് മേയര്‍ സ്ഥാനം വിറ്റതെന്ന് ലാലി ജെയിംസ് ഇന്നലെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.
◾ കോര്‍പ്പറേഷന്‍ ഭരണം നേടി അധികാരമേല്‍ക്കുന്നതിനു മുമ്പു തന്നെ അഴിമതിയാണ് തങ്ങളുടെ മുഖ്യ അജണ്ടയെന്ന് തൃശൂരിലെ കോണ്‍ഗ്രസ്സ് നേതൃത്വം തെളിയിച്ചതായി സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അഡ്വ. വി എസ് സുനില്‍കുമാര്‍. തൃശൂരില്‍ മേയര്‍ സ്ഥാനത്തിനുവേണ്ടി കോഴ ഇടപാട് നടന്നതായുള്ള ലാലി ജെയിംസിന്റെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐ തൃശൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ ആര്‍ ശ്രീലേഖയെ വീട്ടിലെത്തി കണ്ട് തിരുവനന്തപുരം മേയര്‍ വിവി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശ നാഥും. മേയര്‍ സ്ഥാനം നഷ്ടപ്പെട്ടതില്‍ അതൃപ്തിയുള്ള ശ്രീലേഖയെ അനുനയിപ്പിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ ശ്രമമെന്നാണ് വിവരം. ഇന്നലെ രാവിലേ മേയറുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയാകും മുമ്പ് ശ്രീലേഖ മടങ്ങിയിരുന്നു. അതേസമയം പ്രധാന നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം എന്നാണ് വിവി രാജേഷിന്റെ വിശദീകരണം. പ്രധാനപ്പെട്ട നേതാക്കളെയൊക്കെ പോയി കാണുന്നുണ്ടെന്നും ഇവിടെ നിന്നാണ് തുടക്കമെന്നും രാജേഷ് പ്രതികരിച്ചു.
◾ തൊടുപുഴ നഗരസഭയില്‍ അധ്യക്ഷ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും കോണ്‍ഗ്രസില്‍ തര്‍ക്കം. കോണ്‍ഗ്രസിന് അധ്യക്ഷസ്ഥാനം കിട്ടുന്ന ടേണില്‍ ലിറ്റി ജോസഫിന് ചുമതല കൊടുക്കണമെന്ന് മിനിറ്റ്സില്‍ ബ്ലോക്ക് പ്രസിഡന്റ് എഴുതിച്ചേര്‍ത്തതാണ് വിവാദമായത്. സംഭവത്തില്‍ അമര്‍ഷം രേഖപ്പെടുത്തിയ ഡിസിസി പ്രസിഡന്റ്, മിനുട്സ് തിരുത്താന്‍ നിര്‍ദേശം നല്‍കി. ബ്ലോക്ക് പ്രസിഡന്റിന്റെ നീക്കത്തിനെതിരെ കെപിസിസിക്ക് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലറും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ നിഷ സോമന്‍ അറിയിച്ചു.
◾ പാലക്കാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിനിടെ യുഡിഎഫ് കൗണ്‍സിലര്‍ പ്രശോഭിനെ വോട്ടെടുപ്പില്‍ നിന്ന് മാറ്റിനിര്‍ത്തി. കൗണ്‍സില്‍ ഹാളില്‍ വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നതിനിടെ വൈകിയെത്തിയെന്ന കാരണത്താലാണ് മാറ്റിനിര്‍ത്തിയത്. കൗണ്‍സില്‍ യോഗം ചേര്‍ന്ന് മിനിറ്റുകള്‍ വൈകി 2.37 നാണ് അദ്ദേഹം ഹാളിലെത്തിയത്. ബിജെപി അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്ത് വന്നതോടെ റിട്ടേണിങ് ഓഫീസര്‍ ഇദ്ദേഹത്തോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
◾ സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ പുതുതായി 5030 ബൂത്തുകള്‍ രൂപീകരിച്ചതില്‍ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരാതി. ഭൂമി ശാസ്ത്ര പരമായ അതിര്‍ത്തികള്‍ പാലിക്കാതെയാണ് ബൂത്തുകള്‍ തിരിച്ചതെന്നാണ് പരാതി. ചിലയിടങ്ങളില്‍ ഒരു വീട്ടിലെ വോട്ടര്‍മാര്‍ തന്നെ രണ്ട് ബൂത്തിലാകുന്ന സ്ഥിതിയുണ്ടെന്നും ആക്ഷേപമുണ്ട്.
◾ കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ചെയര്‍മാന്‍ സ്ഥാനം ജനറല്‍ ആയിരുന്നിട്ടും വനിതയെ ചെയര്‍പേഴ്‌സണ്‍ ആക്കി പുതു ചരിത്രം കുറിച്ച് സിപിഐ. വൈസ് ചെയര്‍ പേഴ്‌സണ്‍ സ്ഥാനം വനിതാ സംവരണമായതോടെ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍പേഴ്‌സണും വനിതകളായി മാറി. കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സനായി ഹണി പീതാംബരനേയും വൈസ് ചെയര്‍പേഴ്‌സണായി സുമിത നിസാഫിനേയും തെരഞ്ഞെടുത്തു.
◾ പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്ക് എംഎല്‍എ ഓഫീസ് നഷ്ടമായി. കെട്ടിട ഉടമയുടെ ഭാര്യ നഗരസഭയിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ചിരുന്നു. ഇവരെ ചെയര്‍പേഴ്‌സണ്‍ ആക്കണമെന്ന ആവശ്യം നടപ്പാകാതെ വന്നതോടെയാണ് എംഎല്‍എ ഓഫീസ് എല്‍ദോസ് കുന്നപ്പള്ളിക്ക് നഷ്ടമായത്. എംഎല്‍എ ഓഫീസിന്റെ ബോര്‍ഡ് ഇളക്കി മാറ്റി. ഇവിടുത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചാണ് കെട്ടിട ഉടമ അരിശം തീര്‍ത്തത്.
◾ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികള്‍ നേരിടുന്ന ഇന്ത്യ സഖ്യത്തില്‍ തുടരണമോയെന്ന് സിപിഎമ്മില്‍ പുനരാലോചനയെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സഖ്യത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ഇന്നലെ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തിലെ വികാരമെന്നാണ് വിവരം. കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് മുന്നണിയില്‍ തുടരണോയെന്ന് പാര്‍ട്ടിയില്‍ ആലോചന വരുന്നത്. അതേസമയം കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വിശദമായ ചര്‍ച്ച ഇന്നലത്തെ യോഗത്തില്‍ നടന്നില്ലെന്നാണ് വിവരം.
◾ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്ന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. സംസ്ഥാനത്തെ ഐ.ടി കമ്പനികളുമായി സഹകരിച്ചാണ് കേരള പോലീസ് പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ്സ് അബ്യൂസ് എന്ന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയില്‍ സഹകരിക്കുന്ന സ്ഥാപനങ്ങളില്‍ ലഹരി പരിശോധന തുടര്‍ച്ചയായി നടത്താനും പിടിക്കപ്പെടുന്നവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.
◾ തലസ്ഥാനത്ത് ആദ്യമായി മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ബി ജെ പി കൗണ്‍സിലര്‍മാര്‍ തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ മാരാര്‍ജി ഭവനിന് മുന്‍പില്‍ നിന്നുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് മുന്‍ ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ഔദ്യോഗിക വാഹനങ്ങളുടെ ചിത്രം പങ്കുവച്ച് 'കട്ട വെയ്റ്റിംഗ് KERALA STATE -1' എന്നാണ് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
◾ ബെവ്കോയില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ വില്‍പ്പന നടന്നെന്ന് കണക്ക്. ക്രിസ്മസ് വാര വില്‍പ്പനയായി കണക്കാക്കുന്നത് ഡിസംബര്‍ 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ്. അതില്‍ വലിയ വര്‍ധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഡിസംബര്‍ 24 ന് വൈകുന്നേരമാണ് വലിയ വര്‍ധനവ് ഉണ്ടായത്.
◾ ഇടുക്കി മേരികുളത്തിനു സമീപം മദ്യ ലഹരിയില്‍ സുഹൃത്തിനെ കൊലപ്പെടുത്തി. ഡോര്‍ലാന്റ് ഭാഗത്ത് താമസിക്കുന്ന പുളിക്കമണ്ഡപത്തില്‍ റോബിന്‍ തോമസ് (40) ആണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന റോബിന്റെ സുഹൃത്ത് സോജനെ ഉപ്പുതറ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ മലപ്പുറം തിരുവാലി പഞ്ചായത്തില്‍ യുഡിഎഫില്‍ തര്‍ക്കം രൂക്ഷം. പഞ്ചായത്ത് പ്രസിഡന്റ് പദവിയുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. രണ്ടര വര്‍ഷം പ്രസിഡണ്ട് സ്ഥാനം വേണമെന്ന് മുസ്ളിം ലീഗ് മുന്നണിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രസിഡന്റ് പദവി പങ്കുവെക്കാനില്ലെന്നും വൈസ് പ്രസിഡന്റ് സ്ഥാനം മാത്രമേ നല്‍കൂവെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. കോണ്‍ഗ്രസ് നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാത്ത സാഹചര്യത്തില്‍ നാളെ നടക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം.
◾ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ തലശ്ശേരി നഗരസഭ ചെയര്‍മാന്‍. 53 അംഗ കൗണ്‍സിലില്‍ 32 വോട്ട് നേടിയാണ് ഫസല്‍ വധക്കേസില്‍ എട്ടാം പ്രതിയായി ജാമ്യത്തില്‍ കഴിയുന്ന ചന്ദ്രശേഖരന്‍ തെരഞ്ഞെടുക്കപ്പെട്ടത്. 2013 മുതല്‍ കേസില്‍ ഗൂഢാലോചന കുറ്റത്തിന് അറസ്റ്റിലായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യത്തിലാണ്.
◾ 20 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച സിപിഎം നേതാവിന് ശിക്ഷിച്ച് ഒരുമാസത്തിനുള്ളില്‍ പരോള്‍. ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ പൊലീസിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാവായ പയ്യന്നൂരിലെ വി കെ നിഷാദിനാണ് പരോള്‍ ലഭിച്ചത്. ഒരുമാസം മുമ്പാണ് ഇയാളെ കോടതി 20 വര്‍ഷത്തെ തടവിന് വിധിച്ചത്. പയ്യന്നൂര്‍ നഗരസഭ കൗണ്‍സിലറായ വി കെ നിഷാദ് പിതാവിന് കാല്‍മുട്ടിന് ശസ്ത്രക്രിയയുണ്ടെന്ന് കാണിച്ചാണ് പരോള്‍ നേടിയത്. സ്വാഭാവിക നടപടിയുടെ ഭാഗമാണ് എന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം.
◾ പോക്സോ കേസില്‍ പ്രതിയായ കൊച്ചുമകന്റെ ആത്മഹത്യയില്‍ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്തു. കണ്ണൂര്‍ കൂത്തുപറമ്പിന് സമീപം നീര്‍വേലി നിമിഷ നിവാസില്‍ ഇ.കിഷന്‍ (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് ആത്മഹത്യ ചെയ്തത്.
◾ ഇടുക്കി നെടുംകണ്ടം ബോജന്‍ കമ്പനിയില്‍ ഇരട്ട സഹോദരങ്ങള്‍ പിതാവിന്റെ ജ്യേഷ്ഠനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മുരുകേശന്‍ (47)നെയാണ് കൊലപ്പെടുത്തിയത്. അനുജന്‍ അയ്യപ്പന്റെ മക്കളായ ഭൂവനേശ്വറും വിഗ്നേശ്വരും ചേര്‍ന്നാണ് കൊല ചെയ്തത്. തമിഴ്നാട് സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി ഇവിടെ സ്ഥിരതാമസക്കാരാണ്. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
◾ ബെംഗളൂരുവിലെ ബുള്‍ഡോസര്‍ നടപടിയില്‍ കര്‍ണാടക സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഫക്കീര്‍ കോളനിയും വസീം ലേഔട്ടും ബുള്‍ഡോസര്‍ വെച്ചു തകര്‍ത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കര്‍ണാടകയില്‍ കണ്ടതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
◾ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ബുള്‍ഡോസര്‍ വിവാദം. സര്‍ക്കാര്‍ ഭൂമി കയ്യേറി താമസിക്കുന്നവര്‍ എന്നാരോപിച്ച് ബെംഗളൂരു യെലഹങ്കയില്‍ മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്ത നടപടിയെ ചൊല്ലിയാണ് വിവാദം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
◾ ജന്മദിന ആഘോഷത്തിന് ശേഷം വീട്ടില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കൊണ്ടുപോയി ഐടി കമ്പനി മാനേജറെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ കമ്പനി സിഇഒ, വനിതാ എക്സിക്യൂട്ടീവ് ഹെഡ്, അവരുടെ ഭര്‍ത്താവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ഉദയ്പൂരില്‍ ഡിസംബര്‍ 20-നാണ് മനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്.
◾ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ രാജ്യത്ത് പലയിടത്തായി ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. തീവ്ര വലതു സംഘടനകള്‍ നടത്തിയ അതിക്രമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നതിനെ അദ്ദേഹം കുറ്റപ്പെടുത്തി. ഈ മൗനം അക്രമികള്‍ക്കുള്ള പരോക്ഷ പിന്തുണയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ 17 വര്‍ഷം ലണ്ടനില്‍ അഭയാര്‍ത്ഥിയായി കഴിഞ്ഞ മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശില്‍ തിരിച്ചെത്തിയതിനു പിന്നാലെ താരിഖ് റഹ്‌മാനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയി ജമാഅത്തെ ഇസ്ലാമി നേതാവും അഭിഭാഷകനുമായ ഷഹരിയാര്‍ കബീര്‍. ധാക്കയിലെത്തിയ താരിഖ് റഹ്‌മാന്‍ തന്റെ കാഴ്ചപ്പാട് വിശദീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് ഭീഷണി.
◾ സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായിറിപ്പോര്‍ട്ട്. 18 പേര്‍ക്ക് പരിക്കേറ്റു. അലാവൈറ്റ് വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശത്തെ പള്ളിയിലാണ് വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെ സ്‌ഫോടനം നടന്നത്.
◾ ജപ്പാനെ നടുക്കി അജ്ഞാത ദ്രാവകം കൊണ്ടുള്ള ആക്രമണം. മിഷിമ നഗരത്തിലെ യോക്കോഹാമ റബ്ബര്‍ കമ്പനിയുടെ ഫാക്ടറിയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് ഞെട്ടിക്കുന്ന ആക്രമണം നടന്നത്. കത്തികൊണ്ട് തൊഴിലാളികളെ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമി, അജ്ഞാതമായ ഒരു ദ്രാവകം സ്പ്രേ ചെയ്യുകയും ചെയ്തു. ആക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥനായ ടോമോഹാരു സുഗിയാമ അറിയിച്ചു.
◾ എച്ച്1ബി വീസ അഭിമുഖങ്ങള്‍ റദ്ദാക്കിയ നടപടിയില്‍ യുഎസിനെ ആശങ്ക അറിയിച്ച് ഇന്ത്യ. ഡിസംബര്‍ 15 മുതല്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന ആയിരക്കണക്കിന് അഭിമുഖങ്ങളാണ് യുഎസ് സര്‍ക്കാര്‍ റദ്ദാക്കിയത്. 2026 മേയ് വരെ ഇത്തരം അഭിമുഖങ്ങള്‍ മാറ്റിവച്ചിട്ടുണ്ടെന്നും പുനഃക്രമീകരിച്ച അഭിമുഖവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുന്ന ഇന്ത്യക്കാരില്‍ നിന്ന് സര്‍ക്കാരിന് നിവേദനങ്ങള്‍ ലഭിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
◾ അതിശക്തമായ ശീതക്കാറ്റിനെ തുടര്‍ന്ന് യുഎസില്‍ 1802 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും 22,349 വിമാനങ്ങള്‍ വൈകുകയും ചെയ്തു. തിരക്കേറിയ അവധിക്കാലത്ത്‌സര്‍വീസുകള്‍ റദ്ദാക്കിയതും വൈകിയതും യാത്രക്കാരെ പ്രതിസന്ധിയിലാക്കി. കടുത്ത ശീതക്കാറ്റ് മുന്നറിയിപ്പ് നിലനില്‍ക്കെ ആളുകള്‍ യാത്രകള്‍ മാറ്റിവയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
◾ രാജ്യത്തെ കുട്ടികള്‍ക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരം ഇന്ത്യയുടെ യുവ ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിക്ക്. വെള്ളിയാഴ്ച രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു വൈഭവിന് പുരസ്‌കാരം സമ്മാനിച്ചു.
◾ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ അനായാസ ജയം. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 13.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടമത്തില്‍ ലക്ഷ്യം മറികടന്നു. 42 പന്തില്‍ 79 റണ്‍സുമായി പുറത്താവാതെ നിന്ന് ഷെഫാലി വര്‍മായാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ട് മത്സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്.
◾ അനുബന്ധ സ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡില്‍ 250 കോടി രൂപയുടെ അധിക നിക്ഷേപം നടത്താന്‍ മണപ്പുറം ഫിനാന്‍സ് ബോര്‍ഡിന്റെ അംഗീകാരം. ഇത് ഒന്നോ അതിലധികമോ തവണകളായി കൈമാറും. 2015 ല്‍ ഏറ്റെടുത്ത എന്‍ബിഎഫ്സി-എംഎഫ്ഐ വഴിയുള്ള മൈക്രോ-ലെന്‍ഡിംഗ് പ്രവര്‍ത്തനങ്ങളിലെ വളര്‍ച്ചാവേഗം കൂട്ടുന്നതാണ് ഈ നീക്കം. ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി ഭുവനേഷ് താരാശങ്കറിനെ നിയമിക്കുന്നതിനും ബോര്‍ഡ് അംഗീകാരം നല്‍കി. ഇത് ഉടനടി പ്രാബല്യത്തില്‍ വരും. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ തരാശങ്കറിന് ആര്‍ബിഎല്‍ ബാങ്ക്, ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക്, സിറ്റിബാങ്ക് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ധനകാര്യ സേവന സ്ഥാപനങ്ങളിലായി മൂന്ന് പതിറ്റാണ്ടിന്റെ പരിചയമുണ്ട്. മണപ്പുറം ഫിനാന്‍സിന്റെ മൊത്തം വായ്പാ പരിധി 75,000 കോടിയായി ഉയര്‍ത്താനുള്ള നിര്‍ദ്ദേശവും ബോര്‍ഡ് അംഗീകരിച്ചു. വായ്പാ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാനുള്ള ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
◾ മോഹന്‍ലാല്‍ നായകനായി ഒടുവില്‍ വന്ന ചിത്രമാണ് 'വൃഷഭ'. നന്ദ കിഷോറാണ് സംവിധാനം നിര്‍വഹിച്ചത്. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയുള്ള കഥയാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിലെ പുതിയ ഒരു വീഡിയോ ഗാനം പുറത്തുവിട്ടതാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ആന്റണി സാംസണ്‍ ആണ്. എഡിറ്റിംഗ് കെ. എം. പ്രകാശ് നിര്‍വഹിച്ചിരിക്കുന്നു. സാം സി. എസ്. ആണ് സംഗീതം ഒരുക്കിയത്. സൗണ്ട് ഡിസൈന്‍ ഒരുക്കിയിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ആക്ഷന്‍ രംഗങ്ങള്‍ പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് സില്‍വ, നിഖില്‍ എന്നിവര്‍ ചേര്‍ന്നാണ് കൈകാര്യം ചെയ്തിരിക്കുന്നത്. റോഷന്‍ മേക്ക പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഷനയ കപൂര്‍, സഹറ എസ് ഖാന്‍ എന്നിവര്‍ നായികമാരാണ്. രാഗിണി ദ്വിവേദി, സമര്‍ജിത് ലങ്കേഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ജനാര്‍ദന്‍ മഹര്‍ഷിയും കാര്‍ത്തിക്കും ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്.
◾ ആദിത്യ ധര്‍ സംവിധാനത്തില്‍ രണ്‍വീര്‍ സിങ്ങ് നായകനായെത്തിയ 'ധുരന്ദര്‍' 1000 കോടി ക്ലബ്ബിലെത്തി. റിലീസ് ചെയ്ത് 21-ാം ദിവസമാണ് ചിത്രം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ഇതോടെ 2025ലെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡും 'ധുരന്ദറി'ന് ലഭിച്ചു. ഒപ്പം ആഗോളതലത്തില്‍ 1000 കോടി കലക്ഷന്‍ നേടുന്ന ഇന്ത്യന്‍ നായകന്മാരുടെ പട്ടികയിലും രണ്‍വീര്‍ സിങ്ങ് ഇടം നേടി. ആമിര്‍ ഖാന്‍, പ്രഭാസ്, ഷാരൂഖ് ഖാന്‍ എന്നിവര്‍ക്കൊപ്പമാണ് രണ്‍വീറിന്റെ നേട്ടം. ഇന്ത്യയില്‍ മാത്രം 'ധുരന്ദര്‍' 668.80 കോടിയും ആഗോള ബോക്സ് ഓഫീസില്‍ 1006.7 കോടിയും നേടി. റിലീസായി 21 ദിവസത്തിനകം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ 'ധുരന്ദര്‍' 2025ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങിനൊപ്പം സാറാ അര്‍ജുന്‍, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍, എന്നിവരും വേഷമിട്ടിട്ടുണ്ട്. 280 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. മൂന്ന് മണിക്കൂര്‍ 34 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
◾ ഇലക്ട്രിക് വാഹന ലോകത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ വിങ്സ് ഇവി. ഇലക്ട്രിക് ക്വാഡ്രിസൈക്കിളാണ് ഈ കമ്പനി നിര്‍മിക്കുന്നത്. മൂന്ന് പേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ പറ്റുന്ന വാഹനം. ഈ രീതിയിലായിരിക്കും വിങ്സ് ഇവിയുടെ റോബിന്‍ എന്ന ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ എത്തുന്നത്. സാധാരണ കാറുകളില്‍ നിന്നും വലുപ്പം തീരെ കുറവാണ്. അതായത് ഒരു ബൈക്കിന് സഞ്ചരിക്കന്‍ വേണ്ട സ്ഥലത്തു കൂടെ ഈ കാര്‍ സഞ്ചരിക്കും. ഇതിന്റെ പരമാവധി വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാണ്. കൂടാതെ ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍ സഞ്ചരിക്കാനും ഇതിന് കഴിയും. 0-40 കിലോമീറ്റര്‍/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ വെറും അഞ്ച് സെക്കന്‍ഡുകള്‍ മതി. 5.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് വാഹനത്തിന്. മൂന്ന് കിലോവാട്ട് ബിഎല്‍ഡിസി ഇലക്ട്രിക് മോട്ടോറുള്ള ഈ വാഹനം 6 കിലേവാട്ട് പവറും 282 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇ,എസ്,എക്‌സ് എന്നീ മൂന്ന് വേരിയന്റുകളില്‍ വിപണിയിലേക്കെത്തുന്ന റോബിന്‍ ഇവിക്ക് 1.99 ലക്ഷം രൂപ മുതല്‍ 2.99 ലക്ഷം രൂപ വരെയായിരിക്കും എക്‌സ്‌ഷോറൂം വില.
◾ വൈകുന്നേരം സ്‌കൂള്‍ബസ്സിന്റെ ഫസ്റ്റ് ട്രിപ്പില്‍ കയറിപ്പോകാനൊരുങ്ങുന്ന ഇന്ദുപോളിനെ കണ്ടപ്പോള്‍ ആകാശൊന്ന് ചിരിച്ചു. അവളും തിരിച്ചങ്ങ് ചിരിച്ചുകൊടുത്തു. ആ ചിരിയില്‍ അവനങ്ങ് ത്രസിച്ചുപോയി. ആ സെക്കന്റുതൊട്ട് അവന്റെ ബ്രെയിന്‍ ഫുള്‍ ബ്രൈറ്റായിട്ട് പുതിയ ചില സിഗ്നല്‍സിടാന്‍ തുടങ്ങി. അവളുടേത് ഒരു പ്രണയച്ചിരിയായിരുന്നില്ല എന്ന് ആകാശിനറിയില്ലായിരുന്നു. എന്നാല്‍, ഇത് ആകാശിന്റെയും ഇന്ദുപോളിന്റെയും പ്രണയകഥയാണ്. മലയാളസാഹിത്യം ഇതുവരെ ചെന്നെത്തിയിട്ടില്ലാത്ത ജെന്‍സിയുടെ പ്രണയലോകത്തെ കൗമാരത്തിന്റെ ഊര്‍ജ്ജവും നര്‍മ്മവും കലര്‍ന്ന ഭാഷയില്‍ ആവിഷ്‌കരിച്ച നോവല്‍. 'ആകാശവിസ്മയം'. വിനോയ് തോമസ്. ഡിസി ബുക്സ്. വില 209 രൂപ.
◾ ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് മഗ്നീഷ്യം. ഊര്‍ജ്ജ ഉല്‍പാദനം, പ്രോട്ടീന്‍ സിന്തസിസ്, പേശി, നാഡി പ്രവര്‍ത്തനം, രക്തസമ്മര്‍ദ്ദ നിയന്ത്രണം എന്നിവയില്‍ ഇത് സഹായിക്കുന്നു. മഗ്നീഷ്യം കുറവ്, അല്ലെങ്കില്‍ ഹൈപ്പോമാഗ്നസീമിയ, പല വ്യക്തികളെയും ബാധിക്കുന്നു. മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് പേശിവലിവ്, ക്ഷീണം, ബലഹീനത, ഓക്കാനം, വിശപ്പില്ലായ്മ, ക്രമം തെറ്റിയ ഹൃദയമിടിപ്പ്, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, അസ്ഥികളുടെ ആരോഗ്യം മോശമാകല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തിനും, വീക്കം നിയന്ത്രിക്കുന്നതിനും, ന്യൂറോണുകളെ സംരക്ഷിക്കുന്നതിനും മഗ്നീഷ്യം വളരെ പ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യത്തില്‍ മഗ്നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മഗ്നീഷ്യത്തിന്റെ അഭാവം ന്യൂറോഇന്‍ഫ്ലമേഷനും ഓക്സിഡേറ്റീവ് സ്ട്രെസ്സിനും കാരണമായേക്കാം. ഇവ രണ്ടും അല്‍ഷിമേഴ്സ് രോഗത്തിനുള്ള സാധ്യത കൂട്ടുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടാതെ, മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നത് വൈജ്ഞാനിക പ്രവര്‍ത്തനത്തിലെ വൈകല്യത്തിനും ഡിമെന്‍ഷ്യയുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ചീര, ഇലക്കറികള്‍, നട്‌സ്, ബദാം, കശുവണ്ടി, മത്തങ്ങ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവയില്‍ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. സമ്മര്‍ദ്ദം കുറയ്ക്കുന്നത് ആരോഗ്യകരമായ മഗ്നീഷ്യം അളവ് നിലനിര്‍ത്താന്‍ സഹായിക്കും, കാരണം സമ്മര്‍ദ്ദം ശരീരത്തിലെ മഗ്നീഷ്യത്തെ ഇല്ലാതാക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
തന്നെകാണാന്‍ ദുര്‍ഘടമായ കൊടുമുടിയുടെ മുകളിലെത്തിയ യുവാവിനോട് ഗുരു ചോദിച്ചു, നിങ്ങളെ ആരാണ് ഇങ്ങോട്ട് നയിച്ചത്? ഒരു നായയാണ്. അയാള്‍ മറുപടി പറഞ്ഞു. എങ്ങിനെ? ഗുരു ചോദിച്ചു. ഞാന്‍ യാത്ര തുടങ്ങിയത് ഒരു നദീതീരത്തുനിന്നാണ്. അവിടെ ദാഹിച്ചുവലഞ്ഞ ഒരു നായയെ കണ്ടു. നായ ഓരോ തവണയും വെള്ളത്തിലേക്ക് നോക്കുമ്പോഴും തന്റെ തന്നെ രൂപം കണ്ട് അത് പേടിയോടെ പിന്മാറി. അവസാനം ദാഹം സഹിക്കാനാകാതെ, അത് വെള്ളത്തിലേക്ക് തലയിട്ടു. അപ്പോള്‍ മറ്റേ നായ അപ്രത്യക്ഷമായി. വെള്ളത്തിനും തനിക്കുമിടയിലെ പ്രതിബന്ധം താന്‍ തന്നെയാണെന്ന് ആ നായക്കും ഒപ്പം എനിക്കും മനസ്സിലായി. പുറമെനിന്നുളളതിനേക്കാള്‍ ഉള്ളിലുളളതിനാണ് നമ്മെ ലക്ഷ്യസ്ഥാനത്തിലേക്കുളള യാത്രയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിക്കുക. നമ്മുടെ ഉള്ളിലുളള ഭയമാണ് തടസ്സങ്ങളുടെ രൂപത്തില്‍ നമുക്ക് മുന്നിലേക്ക് പ്രത്യക്ഷപ്പെടുന്നത്. അങ്ങനെവരുമ്പോള്‍ നാം സ്വയം ന്യായങ്ങള്‍ കണ്ടെത്തും. അത്തരം ന്യായങ്ങളെ മറികടക്കണമെങ്കില്‍ ഒന്നുകില്‍ നാം സ്വയം പ്രചോദിതമാകണം, അല്ലെങ്കില്‍ നിവൃത്തികേടുണ്ടാകണം. മറ്റൊരു മാര്‍ഗ്ഗവുമില്ലെങ്കില്‍ നാം സ്വയം ഭയത്തിന്റെ മതിലുകള്‍ ഭേദിക്കും. സ്വയം സൃഷ്ടിക്കുന്ന പേടിയുടെ മായാലോകത്ത് നിന്ന് പുറത്ത് കടക്കാത്തവരെല്ലാം സ്വന്തം മാളങ്ങളില്‍ ഒളിച്ചിരിക്കുകയേ ഉള്ളൂ. നമുക്ക് ഭയക്കാതെ മുന്നേറാന്‍ ശ്രമിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA