Trending

സായാഹ്ന വാർത്തകൾ.

2025 | ഡിസംബർ 26 | വെള്ളി 
1201 | ധനു 11 | ചതയം 

◾  സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ മേയര്‍മാരേയും നഗരസഭകളില്‍ അധ്യക്ഷന്മാരേയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ചരിത്രത്തിലാദ്യമായി കേരളത്തിലെ ബിജെപിയുടെ ആദ്യ മേയറായി തിരുവനന്തപുരത്ത് വി.വി.രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യുഡിഎഫ് ആദ്യമായി അധികാരം പിടിച്ച കൊല്ലം കോര്‍പ്പറേഷനില്‍ എ.കെ.ഹഫീസ് മേയറായി. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത കോഴിക്കോട് എല്‍ഡിഎഫിലെ ഒ.സദാശിവന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പ് ദിവസം കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായ തൃശ്ശൂരില്‍ നിജി ജസ്റ്റിന്‍ തന്നെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ വി.കെ.മിനിമോളും കണ്ണൂരില്‍ പി.ഇന്ദിരയും മേയറായി തിരഞ്ഞെടുക്കപ്പെട്ടു.

◾  ബിജെപി നേതാവ് വിവി രാജേഷ് ഇനി തലസ്ഥാന നഗരിയുടെ നാഥന്‍. തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി വിവി രാജേഷിനെ തെരഞ്ഞെടുത്തു. 51 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫിന്റെ കെ എസ് ശബരീനാഥന് 17 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ആര്‍ പി ശിവജിക്ക് 29 വോട്ടുകളാണ് ലഭിച്ചത്. തിരുവനന്തപുരം തിലകമണിഞ്ഞെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു. അതേസമയം തിരുവനന്തപുരത്തെ അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളില്‍ ഒന്നാക്കി മാറ്റുമെന്ന് തിരുവനന്തപുരം നിയുക്ത മേയര്‍ വി വി രാജേഷ് പറഞ്ഞു.

◾  തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചരിത്രത്തിലാദ്യമായി ഭരണം പിടിച്ച ബിജെപിയുടെ, മേയര്‍ സ്ഥാനാര്‍ത്ഥി വി.വി. രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ ആശംസകള്‍ അറിയിച്ചു. ഇന്ന് മേയര്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നേ വി വി രാജേഷ് മുഖ്യമന്ത്രിയെ ഫോണില്‍ വിളിക്കുകയായിരുന്നു.  

◾  കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം അവസാന നിമിഷം കൈവിട്ടുപോയതില്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ കടുത്ത അതൃപ്തിയിലെന്ന് റിപ്പോര്‍ട്ടുകള്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും മികച്ച വിജയം നേടുകയും ചെയ്ത ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രചരിച്ചിരുന്നു. അവസാന നിമിഷം വരെയും മേയറായേക്കുമെന്ന പ്രതീക്ഷ വെച്ചാണ് അവസാനം വിവി രാജേഷിനെ മേയറാക്കാനുള്ള തീരുമാനമായത്. എന്നാല്‍ അവസാന ഘട്ടത്തിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങളും പാര്‍ട്ടി തീരുമാനങ്ങളും തിരിച്ചടിയായതാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്. തന്റെ അതൃപ്തി അവര്‍ പാര്‍ട്ടിയെ നേരിട്ട് അറിയിച്ചതായാണ് സൂചന.



◾  തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വോട്ടെടുപ്പില്‍ പരാതിയുമായി സിപിഎം. ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത 20 പേരെ മാറ്റി നിര്‍ത്തണമെന്ന ആവശ്യമാണ് സിപിഎം കൗണ്‍സിലര്‍ എസ്.പി ദീപക് ഉന്നയിച്ചത്. ഡിജിറ്റല്‍ തെളിവുകള്‍ കൈവശമുണ്ടെന്നും നടന്നത് ചട്ടലംഘനമാണെന്നും സിപിഎം ഉന്നയിച്ചു. എന്നാല്‍ ഈ ആവശ്യം കളക്ടര്‍ അനിത കുമാരി അംഗീകരിച്ചില്ല.

◾  തൃശൂര്‍ മേയറായി ഡോ. നിജി ജസ്റ്റിന്‍ സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചെയ്ത നിജി ജസ്റ്റിനെ കോണ്‍ഗ്രസ് നേതാക്കള്‍ ഷാളണിയിച്ചും തലയില്‍ കിരീടം ചൂടിയുമാണ് സ്വീകരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം നിജി ജസ്റ്റിനെ മേയര്‍ കോട്ടണിയിച്ചു. 35വോട്ടുകള്‍ക്കാണ് നിജി ജസ്റ്റിന്‍ വിജയിച്ചത്.

◾  തൃശ്ശൂര്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതില്‍ അതൃപ്തി പരസ്യമാക്കി ലാലി ജെയിംസ്. പാര്‍ട്ടി നേതൃത്വം പണം വാങ്ങി മേയര്‍ പദവി വിറ്റെന്ന ഗുരുതര ആരോപണമാണ് ലാലി ജയിംസ് ഉന്നയിച്ചത് . നിയുക്ത മേയര്‍ നിജി ജസ്റ്റിനും ഭര്‍ത്താവും പെട്ടിയുമായി എഐസിസി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിന്റെ പേരില്‍ പാര്‍ട്ടി തന്നെ തഴയുകയായിരുന്നെന്നും അവര്‍ പറഞ്ഞു.

◾  കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതൃത്വം പണം വാങ്ങി മേയര്‍ പദവി വിറ്റെന്ന ഗുരുതര ആരോപണം ഉന്നയിച്ച ലാലി ജെയിംസിനെതിരെ തൃശൂര്‍ ഡിസിസി. നാല് പ്രാവശ്യം കൗണ്‍സിലറായ വ്യക്തിയാണ് ലാലിയെന്നും അവര്‍ ആര്‍ക്കാണ് കൗണ്‍സിലറാകാന്‍ പെട്ടി കൊടുത്തതെന്നും വ്യക്തമാക്കണമെന്ന് തൃശ്ശൂര്‍ ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പറഞ്ഞു. വൈകാരികമായി അല്ല ഇത്തരം സാഹചര്യങ്ങളില്‍ പ്രതികരിക്കേണ്ടതെന്നും അവര്‍ ഏത് സാഹചര്യത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും ടാജറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു.


◾  ഷൊര്‍ണൂര്‍ നഗരസഭാധ്യക്ഷയായി എല്‍ഡിഎഫ് വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച പി. നിര്‍മല തെരഞ്ഞെടുക്കപ്പെട്ടു. കേവല ഭൂരിപക്ഷമില്ലാത്ത എല്‍ഡിഎഫിനോട് പി നിര്‍മല അധ്യക്ഷ സീറ്റ് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഭരണം നിലനിര്‍ത്താന്‍ പി നിര്‍മലയെ പിന്തുണയ്ക്കാന്‍ സിപിഎം തീരുമാനിച്ചത്. 17 എല്‍ഡിഎഫ് അംഗങ്ങളും നിര്‍മലക്ക് വോട്ട് ചെയ്തു. നിര്‍മലയുടെ വോട്ടടക്കം ആകെ 18 വോട്ടുകള്‍ നേടി.

◾  ഒറ്റപ്പാലം നഗരസഭയില്‍ സിപിഎമ്മിലെ എം.കെ.ജയസുധ ചെയര്‍പഴ്സണായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എസ് സി വിഭാഗത്തിനു സംവരണം ചെയ്യപ്പെട്ട അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാന്‍ യുഡിഎഫിലും ബിജെപിയിലും പ്രതിനിധികളില്ലാത്തതാണ് ഏകപക്ഷീയമായ വിജയത്തിനു വഴിയൊരുക്കിയത്. സിപിഎം കൗണ്‍സിലര്‍ കെ.കെ.രാമകൃഷ്ണന്‍ നാമനിര്‍ദേശം ചെയ്ത ജയസുധയെ യുഡിഎഫ് നേതാവ് പി.എം.എ.ജലീല്‍ പിന്തുണച്ചതും ശ്രദ്ധേയമായി.

◾  രാഹുകാലം കഴിയാതെ ഓഫീസില്‍ കയറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ചെയര്‍പേഴ്സണ്‍ നിലപാടെടുത്തതോടെ മുക്കാല്‍ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥരും പാര്‍ട്ടിപ്രവര്‍ത്തകരും. പെരുമ്പാവൂര്‍ നഗരസഭയിലെ പുതിയ ചെയര്‍പേഴ്സണ്‍ യുഡിഎഫിന്റെ കെ.എസ് സംഗീതയാണ് രാഹുകാലം കഴിയും വരെ ഓഫീസില്‍ കയറില്ലെന്ന നിലപാടെടുത്തത്.

◾  വേങ്ങരയില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യ പ്രതിഷേധം. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് പോസ്റ്റര്‍ പ്രചാരണത്തിലേക്ക് എത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ സഹോദരി പുത്രനായ അബു താഹിറിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് നേതൃത്വം നിശ്ചയിച്ചതാണ് ഒരു വിഭാഗം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. 'വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്താണോ, സഹോദരി പുത്രന് തീറെഴുതി കൊടുക്കാന്‍?' എന്നാണ് പലയിടത്തും പ്രതൃക്ഷപ്പെട്ട പോസ്റ്ററുകളിലുള്ളത്.


◾  എറണാകുളത്തെ മേയര്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ ഞാന്‍ ഇടപ്പെട്ടില്ല എന്നതാണ് തനിക്കെതിരായ ഗുരുതരമായ ആരോപണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. 'തിരഞ്ഞെടുപ്പ് ജയിപ്പിക്കുന്നത് വരെ താന്‍ അവിടെയുണ്ടായിരുന്നു. താന്‍ ഇടപെടാന്‍ പാടില്ല. ഒരു മുതിര്‍ന്ന നേതാവും ഇടപെടാന്‍ പാടില്ല. ഇതിന് നടപടിക്രമം ഉണ്ടെന്നും സതീശന്‍ പറഞ്ഞു.

◾  ശബരിമല സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച തമിഴ്‌നാട്ടിലെ ഡി മണിയെ പ്രത്യേക സംഘം ചോദ്യം ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍. ഡി മണിയെന്ന് വ്യവസായി വെളിപ്പെടുത്തിയത് ദിണ്ടിഗല്‍ സ്വദേശി ബാലമുരുകനെയാണെന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ അടക്കം അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം കടത്തിയെന്നാണ് വ്യവസായിയുടെ മൊഴി. ഇതിലെ സത്യാവസ്ഥ വ്യക്തമാകുന്നതിനാണ് ചോദ്യം ചെയ്യല്‍. അതേസമയം, തനിക്ക് ശബരിമല സ്വര്‍ണക്കൊള്ളയുമായി യാതൊരു ബന്ധവുമില്ലെന്ന് ബാലമുരുഗന്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയില്ലെന്നും ഇയാള്‍ അവകാശപ്പെടുന്നുണ്ട്. നിലവില്‍ ശബരിമല സ്വര്‍ണതട്ടിപ്പുമായി ഇയാളെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും എസ്ഐടിക്ക് ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണം തുടരുകയാണ്.

◾  സോണിയ ഗാന്ധി - ഉണ്ണികൃഷ്ണന്‍ പോറ്റി ഫോട്ടോ വിവാദം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിണറായിയുടേത് വില കുറഞ്ഞ ആരോപണമാണെന്നും ഫോട്ടോ വിവാദം സിപിഎമ്മിന്റേത് യഥാര്‍ത്ഥ പ്രശ്നം മറയ്ക്കാനുള്ള ശ്രമമാണെന്നും സതീശന്‍ വിമര്‍ശിച്ചു. സോണിയ ഗാന്ധിയെ കാണാന്‍ ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല. അപ്പോയിന്‍മെന്റ് എടുത്താല്‍ ആര്‍ക്ക് വേണമെങ്കിലും സോണിയ ഗാന്ധി കാണാമെന്ന് വിഡി സതീശന്‍ പറഞ്ഞു. എന്നാല്‍, മുഖ്യമന്ത്രി കാണാന്‍ അത്ര എളുപ്പമല്ലല്ലോ എന്നും സതീശന്‍ പരിഹസിച്ചു.  

◾  സംസ്ഥാനത്തെ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനസമയം നീട്ടിയതില്‍ പ്രതിഷേധവുമായി കെജിഎംഒഎ. ഏകപക്ഷീയമായി രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ പ്രവര്‍ത്തനസമയം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി കെജിഎംഒഎ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നിലവിലുള്ള ജീവനക്കാരുടെ എണ്ണത്തില്‍ യാതൊരു വര്‍ധനവും വരുത്താതെയാണ് ജീവനക്കാരില്‍ അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്ന ഈ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് സംഘടന ആരോപിക്കുന്നു

◾  സിപിഐക്ക് ഇന്ന് നൂറ് വയസ്. 1925 ഡിസംബര്‍ 26ന് കാണ്‍പൂരിലാണ് പാര്‍ട്ടിയുടെ രൂപീകരണ സമ്മേളനം നടന്നത്. 100-ാം വാര്‍ഷികമായ ഇന്ന് ദില്ലിയില്‍ കേന്ദ്രകമ്മിറ്റി ഓഫീസായ അജോയ് ഭവനില്‍ ജനറല്‍ സെക്രട്ടറി ഡി രാജ പതാക ഉയര്‍ത്തും. സിപിഐയുടെ നൂറ് വര്‍ഷം- പാരമ്പര്യവും ഭാവിയുമെന്ന വിഷയത്തിലെ സെമിനാറില്‍ ഡി രാജ, അമര്‍ജീത് കൗര്‍, ആനി രാജ, പ്രകാശ് ബാബു തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും. പാര്‍ട്ടിയുടെ 100 വര്‍ഷത്തെ ചരിത്രം വ്യക്തമാക്കുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്

◾  വയനാട്ടില്‍ 6 ദിവസം മുമ്പ് ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവ കൂട്ടിലായി. രാത്രി ഒന്നരയോടെയാണ് കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയത്. 14 വയസുള്ള ആണ്‍ കടുവയാണ് കുടുങ്ങിയതെന്ന് വനം വകുപ്പ് അറിയിച്ചു. ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവയാണിതെന്നാണ് സ്ഥിരീകരണം. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

◾  തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യപന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ കൊച്ചിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ നന്ദിയോട് സ്വദേശി ശ്രീക്കുട്ടി ഒന്നരമാസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പൂര്‍ണമായും ബോധം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

◾  ഇലവീഴാപൂഞ്ചിറ മലനിരയില്‍ വന്‍ തീപ്പിടിത്തം. നിയന്ത്രണവിധേയമാക്കിയ തീ ഇന്നലെ രാത്രിയോടെ വീണ്ടും പടര്‍ന്നു. നിലവില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് സ്ഥലത്ത് തുടരുകയാണ്.

◾  ഉത്തര്‍പ്രദേശിലെ ഉന്നാവിലെ ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച് ഉന്നാവിലെ അതിജീവിത. സെന്‍ഗാറിന് ജാമ്യം ലഭിച്ചതോടെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും സിബിഐയും അഭിഭാഷകരും ഒത്തുകളിച്ചെന്നും അതിജീവിത പറഞ്ഞു. ബലാത്സംഗക്കേസില്‍ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ചത് ജഡ്ജിമാര്‍ പ്രതിക്കൊപ്പം നിന്നതുകൊണ്ടാണെന്നും സിബിഐയും അഭിഭാഷകരും ഒത്തുകളിച്ചെന്നും അതീജീവിത പറഞ്ഞു.

◾  ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ അക്രമം തുടര്‍ന്ന് വിഎച്ച്പി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍. അസമിലെ നല്‍ബേരിയില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്‌കൂളിനും നഗരത്തില്‍ സാധനങ്ങള്‍ വിറ്റ കടയ്ക്കും നേരെ അക്രമം ഉണ്ടായി. സംഭവത്തില്‍ വിഎച്ച്പി ജില്ല സെക്രട്ടറിയും ബജ്രംഗ്ദള്‍ കണ്‍വീനറുമടക്കം നാല് പേര്‍ അറസ്റ്റിലായി. അതേസമയം, മധ്യപ്രദേശില്‍ അതിക്രമം നടത്തിയ വനിത നേതാവിന് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

◾  പഞ്ചാബില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ മരം മുറിക്കുന്നത് ഹൈക്കോടതി വിലക്കി. പൊതുതാത്പര്യ ഹര്‍ജിയിലാണ് പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ജസ്റ്റിസ് സഞ്ജീവ് ബെറി എന്നിവര്‍ അടങ്ങിയ ബെഞ്ച് സുപ്രധാനമായ ഉത്തരവ് ഇറക്കിയത്.

◾  ഒഡീഷയില്‍ അന്യസംസ്ഥാന തൊഴിലാളിയെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാളില്‍ നിന്നുള്ള ജുവല്‍ ഷെയ്ഖ് എന്ന തൊഴിലാളിയാണ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശ് പൗരന്മാരാണെന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടം ആക്രമിച്ചതെന്ന് പരിക്കേറ്റ തൊഴിലാളികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

◾  സൈനികര്‍ക്കും ഓഫീസര്‍മാര്‍ക്കും ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഇന്ത്യന്‍ കരസേന. ഇനി മുതല്‍ സൈനികര്‍ക്ക് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകള്‍ കാണാനും നിരീക്ഷിക്കാനും അനുവാദമുണ്ടാകും. എന്നാല്‍, ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനോ കമന്റ് ചെയ്യാനോ ലൈക്ക് ചെയ്യാനോ പാടില്ല. അക്കൗണ്ട് ഉപയോഗിക്കാമെങ്കിലും നിശബ്ദ കാഴ്ചക്കാര്‍ ആയി മാത്രമേ സൈനികര്‍ക്ക് തുടരാനാകൂ.

◾  ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകളിലും ഗെയിമുകളിലും പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തെലങ്കാനയിലും മധ്യപ്രദേശിലുമായി മൂന്ന് യുവാക്കള്‍ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയില്‍ 18 വയസ്സുകാരനായ വിക്രം, ഒരു ലക്ഷം രൂപ ബെറ്റിംഗ് ആപ്പിലൂടെ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കീടനാശിനി കഴിച്ച് മരിച്ചു. .

◾  കാനഡയിലെ ടൊറന്റോ സര്‍വ്വകലാശാലയ്ക്ക് സമീപം ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ ശിവാങ്ക് അവസ്തിയാണ് കൊല്ലപ്പെട്ടത്. ടൊറന്റോ സര്‍വ്വകലാശാലയുടെ സ്‌കാര്‍ബറോ കാമ്പസിന് സമീപത്ത് വെച്ചാണ് 20 വയസ്സുകാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ശിവാങ്ക് മരിച്ചു. ഈ വര്‍ഷം ടൊറന്റോയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 41-ാമത്തെ കൊലപാതകമാണിത്.

◾  പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിനെതിരായ പരസ്യ വിമര്‍ശനത്തിന് പിന്നാലെ മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഉപദേശകന്‍ മിര്‍സ ഷഹ്സാദ് അക്ബറിന് നേരെ ആക്രമണം. യുകെയിലെ സ്വന്തം വസതിയില്‍ വെച്ചാണ്അക്ബറിന് നേരെ ആക്രമണം നടന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മൂക്കിനും താടിയെല്ലിനും ഒടിവ് സംഭവിച്ചു.

◾  ബംഗ്ലാദേശില്‍ തന്റെ പുറത്താക്കലിന് പിന്നാലെ അധികാരമേറ്റ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. നിലവില്‍ ബംഗ്ലാദേശ് ഭരിക്കുന്നത് മതേതരത്വം തകര്‍ക്കുന്ന സര്‍ക്കാരാണെന്ന് ഷെയ്ഖ് ഹസീന കുറ്റപ്പെടുത്തി. മുസ്ലിങ്ങളല്ലാത്തവര്‍ക്കെതിരെ വലിയ അതിക്രമം നടക്കുന്നു. അധികാരം നഷ്ടമായതിന് പിന്നാലെ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ ലക്ഷ്യം വയ്ക്കപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.

◾  വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം മാരകമായ വ്യോമാക്രമണം നടത്തിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്രിസ്മസ് ദിനത്തില്‍ നടന്ന ഈ സൈനിക നടപടിയില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നൈജീരിയയില്‍ ക്രിസ്ത്യാനികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ട്രംപ് നേരത്തെ നല്‍കിയ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ നീക്കം. നൈജീരിയന്‍ അധികൃതരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സോകോട്ടോ സ്റ്റേറ്റില്‍ ആക്രമണം നടത്തിയതെന്ന് യുഎസ് ആഫ്രിക്ക കമാന്‍ഡ് അറിയിച്ചു.

◾  സംസ്ഥാനത്ത് ലക്ഷം രൂപ കടന്ന പവന്‍ വില തുടര്‍ച്ചയായ മുന്നേറ്റത്തിലാണ്. ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 12,835 രൂപയും പവന് 560 രൂപ ഉയര്‍ന്ന് 1,02,680 രൂപയുമായി. ഇതോടെ ഡിസംബറില്‍ ഇതു വരെ പവന്‍ വിലയിലുണ്ടായത് 7,000 രൂപയുടെ വര്‍ധന. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,508 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വിവാഹ സീസണ്‍ അടുത്തുവരുന്നതും ആഗോള ട്രെന്‍ഡുകളും ചേരുന്നതോടെ വരും ദിവസങ്ങളിലും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവിലയില്‍ വര്‍ധനയ്ക്ക് ഇടയാക്കിയേക്കും. 18 കാരറ്റിന് ഗ്രാമിന് 55 രൂപ വര്‍ധിച്ച് 10,550 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,220 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,300 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വിലയും വന്‍ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. ഇന്ന് ഗ്രാമിന് 12 രൂപ വര്‍ധിച്ച് 240 രൂപയിലെത്തി. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,11,204 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.

◾  പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ ഫോണ്‍ വിപണിയില്‍. നര്‍സോ 90 സീരീസില്‍ നര്‍സോ 90 ഫൈവ് ജി, നര്‍സോ 90എക്‌സ് ഫൈവ് ജി എന്നി ഫോണുകളാണ് വില്‍പ്പനയ്ക്ക് എത്തിയത്. രണ്ട് ഫോണുകളിലും വലിയ ബാറ്ററി പായ്ക്കും പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള ഐപി66+ഐപി68+ഐപി69 റേറ്റിങ്ങുകള്‍, ഡ്യുവല്‍ കാമറ സജ്ജീകരണം എന്നിവയുണ്ട്. രണ്ട് പുതിയ ഫോണുകളും ആമസോണില്‍ ലഭ്യമാകും. 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള നര്‍സോ 90യുടെ ബേസ് വേരിയന്റിന് 16,999 രൂപയാണ് വില. 8ജിബി റാമും 128ജിബിയുമുള്ള വേരിയന്റിന് 18,499 രൂപ വിലയായി നല്‍കണം. മറുവശത്ത്, നാര്‍സോ 90എക്‌സിന്റെ ബേസ് വേരിയന്റിന് 13,999 രൂപയും 8ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 15,499 രൂപയുമാണ് വില. രണ്ട് ഫോണുകളും ഡിസംബര്‍ 24 മുതല്‍ ആമസോണിലും റിയല്‍മി ഇന്ത്യ സ്റ്റോറിലും ലഭ്യമാകും. റിയല്‍മി നര്‍സോ 90ല്‍ 120ഹെര്‍ട്സ് റിഫ്രഷ് റേറ്റും 1,400 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസ്സും ഉള്ള 6.57 ഇഞ്ച് എഫ്എച്ഡി+ അമോലെഡ് ഡിഡ്‌പ്ലേയാണ് വരുന്നത്. മീഡിയടെക് ഡൈമെന്‍സിറ്റി 6400 മാക്‌സ് ആണ് ഇതിന് കരുത്തുപകരുന്നത്. 7,000 എംഎഎച്ച് ബാറ്ററിയുള്ള ഫോണ്‍ 60വാട്ട് വയര്‍ഡ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്നു.

◾  'കട്ടപ്പനയിലെ ഋത്വിക് റോഷന് ' ശേഷം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'മാജിക് മഷ്റൂംസി'ന്റെ ടീസര്‍ പുറത്ത്. ചിത്രം ജനുവരി 23-ന് തിയേറ്ററുകളില്‍ എത്തും. അക്ഷയ ഉദയകുമാറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷ്റഫ് പിലാക്കല്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഹരിശ്രീ അശോകന്‍, അജു വര്‍ഗ്ഗീസ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബോബി കുര്യന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അഷറഫ് പിലാക്കല്‍, പ്രമോദ് വെളിയനാട്, അബിന്‍ ബിനോ, അരുണ്‍ പുനലൂര്‍, ശാന്തിവിള ദിനേശ്, മീനാക്ഷി ദിനേശ്, പൂജ മോഹന്‍രാജ്, മനീഷ കെ.എസ്, ആലീസ് പോള്‍, മാസ്റ്റര്‍ സൂഫിയാന്‍സാലി, മാസ്റ്റര്‍ ദ്രുപദ്, മാസ്റ്റര്‍ വൈഷ്ണവ്, ബേബി വൈദേഹി നായര്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. ശങ്കര്‍ മഹാദേവന്‍, കെഎസ് ചിത്ര, ശ്രേയാ ഘോഷാല്‍, വിനീത് ശ്രീനിവാസന്‍, ജാസി ഗിഫ്റ്റ്, ഹനാന്‍ ഷാ, റിമി ടോമി, രഞ്ജിനി ജോസ്, ഖദീജ നാദിര്‍ഷ തുടങ്ങിയവരാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിക്കുന്നത്.

◾  കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, സംവിധായകന്‍ ചിദംബരം എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രമാണ്. 'ഒരു ദുരൂഹ സാഹചര്യത്തില്‍'. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ക്രിസ്മസുമായി ബന്ധപ്പെട്ട അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനും, കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ഞുമ്മല്‍ ബോയ്സ് അടക്കമുള്ള വിജയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ചിദംബരത്തിന്റെ നടനായുള്ള അരങ്ങേറ്റമാണ് ഈ ചിത്രം. സുധീഷ്, ജാഫര്‍ ഇടുക്കി, രാജേഷ് മാധവന്‍, ഷാഹി കബീര്‍, കുഞ്ഞികൃഷ്ണന്‍ മാഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാജിക് ഫ്രെയിംസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫനും കുഞ്ചാക്കോ ബോബനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

◾  2026 ലെ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മാരുതി സുസുക്കി വിക്ടോറിസ്. സ്‌കോഡ കൈലാഖ്, മഹീന്ദ്ര എക്സ് ഇവി 9 ഇ എന്നിവയാണ് തൊട്ടു പുറകില്‍. വിക്ടോറിസിന്റെ ഹൈബ്രിഡ് മോഡലിനാണ് ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ളത്. 103 എച്ച്പി, 1.5 ലീറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍, 89എച്ച്പി, 1.5 ലീറ്റര്‍ പെട്രോള്‍- സിഎന്‍ജി, 116എച്ച്പി, 1.5-ലീറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനുകളാണ് മാരുതി വിക്ടോറിസിലുള്ളത്. ഗ്രാന്‍ഡ് വിറ്റാരക്കും ഹൈറൈഡറിനുമുള്ള എന്‍ജിന്‍, ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വിക്ടോറിസിലും ഉണ്ട്. സിഎന്‍ജിയില്‍ 5 സ്പീഡ് മാനുവല്‍ സ്‌ട്രോങ് ഹൈബ്രിഡില്‍ ഇ-സിവിടി, മൈല്‍ഡ് ഹൈബ്രിഡില്‍ 5സ്പീഡ് മാനുവല്‍/ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഉയര്‍ന്ന മൈല്‍ഡ് ഹൈബ്രിഡ് ഓട്ടോമാറ്റിക് വകഭേദങ്ങളില്‍ ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുമുണ്ട്. ഇതുകൂടാതെ ഗ്രീന്‍ കാര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തിരിക്കുന്നത് മഹീന്ദ്ര എക്സ് ഇവി 9 ഇയെയും പ്രീമിയം കാര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തിരിക്കുന്നത് വോക്സ് വാഗണ്‍ ഗോള്‍ഫ് ജിടിഐ യെയാണ്.

◾  അങ്ങനെയൊരു ദിവസമാണ് റേഡിയോയില്‍ ആ വാര്‍ത്ത കേട്ടത്. അമേരിക്കയിലെ ഏതോ വലിയ പട്ടണത്തില്‍ ബോംബ് വര്‍ഷിക്കപ്പെട്ട വാര്‍ത്ത. കസേരയിലിരിക്കുന്ന സ്ത്രീകളുടെ തലയ്ക്കു മുകളിലൂടെ ഗയ്‌നോര്‍ എന്നെ നോക്കി. ഞങ്ങളുടെ കണ്ണുകളുടക്കി. ആണവദുരന്തം അതിജീവിച്ച്, കുന്നിന്‍ചെരുവിലെ കുടിലില്‍ ഒറ്റപ്പെട്ട റൊവീനയും ഡിലനും ജീവിക്കാന്‍ പുതിയ കഴിവുകള്‍ പഠിക്കേണ്ടതുണ്ട്. 'നെബോയിലെ നീല പുസ്തകം'. മനോന്‍ സ്റ്റെഫാന്‍ റോസ്. വിവര്‍ത്തനം - എം.ശബരീഷ്, ജോസഫ് എ.യു. ഡിസി ബുക്സ്. വില 189 രൂപ.

 ◾  പോഷണത്തിന്റെ കാര്യമെടുത്താല്‍ കോഴിയിറച്ചിയും മുട്ടയും ഒന്നിനൊന്ന് മെച്ചം. കൊളീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം അടങ്ങിയ മുട്ട തലച്ചോറിനും കണ്ണുകള്‍ക്കും ചയാപചയ സംവിധാനത്തിനുമെല്ലാം ആരോഗ്യം നല്‍കും. പല തരം ശരീര പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പും ഇതില്‍ അടങ്ങിയിരിക്കുന്നു. മറുവശത്ത് കോഴിയിറച്ചിയാകട്ടെ പേശി  വളര്‍ത്താനും ഭാരം കുറയ്ക്കാനുമൊക്കെ നിര്‍ദ്ദേശിക്കപ്പെടുന്ന ലീന്‍ പ്രോട്ടീനാണ്. ഇതില്‍ ബി വൈറ്റമിനുകളായ നിയാസിനും ബി6 ഉം അടങ്ങിയിരിക്കുന്നു. ഈ പോഷണങ്ങള്‍ ഭക്ഷണത്തെ ഇന്ധനമാക്കി മാറ്റാന്‍ സഹായകമാണ്. തൈറോയ്ഡിന്റെ ആരോഗ്യം, എല്ലുകളുടെ കരുത്ത്, കോശങ്ങളുടെ അറ്റകുറ്റപണി എന്നിവയ്ക്ക് ആവശ്യമായ സെലീനിയവും ഫോസ്ഫറസും കോഴിയിറച്ചിയില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ തന്നെ കോഴിയുടെ നെഞ്ച് ഭാഗത്തെ ഇറച്ചി ഏറ്റവും കുറഞ്ഞ തോതിലുള്ള കൊഴുപ്പിനൊപ്പം ഉയര്‍ന്ന അളവിലുള്ള പ്രോട്ടീന്‍ ശരീരത്തിന് പ്രദാനം ചെയ്യുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കോഴിയിറച്ചി നല്ലതാണ്. ശരീരം മുട്ടയിലെ പ്രോട്ടീനെ വളരെയെളുപ്പത്തില്‍ കാര്യക്ഷമമായി വലിച്ചെടുക്കുമെന്നതിനാല്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ദഹനപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കുമെല്ലാം ധൈര്യമായി മുട്ട തിന്നാവുന്നതാണ്. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലുള്ള വിശപ്പ് നിയന്ത്രിക്കാനും മുട്ട നല്ലതാണ്. മുട്ടയെ അപേക്ഷിച്ച് കോഴിയിറച്ചി ദഹിക്കാന്‍ കുറച്ച് കൂടി സമയമെടുക്കും. ദീര്‍ഘനേരം വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ അമിതമായി വേവിച്ച ഇറച്ചി ദഹനത്തിന് നല്ലതല്ല.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.79, പൗണ്ട് - 121.11, യൂറോ - 105.79, സ്വിസ് ഫ്രാങ്ക് - 113.90, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 60.22, ബഹറിന്‍ ദിനാര്‍ - 238.23, കുവൈത്ത് ദിനാര്‍ -292.33, ഒമാനി റിയാല്‍ - 233.69, സൗദി റിയാല്‍ - 23.94, യു.എ.ഇ ദിര്‍ഹം - 24.54, ഖത്തര്‍ റിയാല്‍ - 24.63, കനേഡിയന്‍ ഡോളര്‍ - 65.63.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right