2025 | ഡിസംബർ 30 | ചൊവ്വ
1201 | ധനു 14 | ഭരണി
◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ നിര്‍ണ്ണായക ചോദ്യം ചെയ്യലാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് മണിക്കൂര്‍ സമയം നീണ്ടുനിന്ന ചോദ്യം ചെയ്യല്‍ നടന്നത്. മുന്‍മന്ത്രിയെന്ന നിലയില്‍ അറിയാവുന്നത് പറഞ്ഞു എന്നാണ് ചോദ്യം ചെയ്യല്‍ സ്ഥിരീകരിച്ചുകൊണ്ട് കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്.
◾ ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് നീട്ടി. ദ്വാരപാലക ശില്‍പ്പ കേസിലെ ജാമ്യാപേക്ഷയില്‍ 7നായിരിക്കും വിധി. അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റി , ഗോവര്‍ദ്ധന്‍, ഭണ്ഡാരി എന്നിവര്‍ക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നല്‍കി. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല സ്വര്‍ണ്ണകടത്ത് കേസില്‍ ദിണ്ഡിഗല്‍ മണിയെയും ബാലമുരുഗനേയും എസ്ഐടി ചോദ്യം ചെയ്തുവരികയാണ്.
◾ ശബരിമല സ്വര്‍ണക്കൊള്ളയില്‍ എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേത് ആയിരുന്നുവെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് അംഗം വിജയകുമാര്‍. തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിനറയാമെന്നും സഖാവ് പറഞ്ഞതുകൊണ്ട് താന്‍ ഒപ്പിടുകയാണ് ചെയ്തതെന്നും വിജയകുമാര്‍ പറഞ്ഞു. സ്വര്‍ണപ്പാളി പുതുക്കുന്ന കാര്യം സഖാവ് ബോര്‍ഡില്‍ പറഞ്ഞുവെന്നുമ അദ്ദേഹത്തെ വിശ്വസിച്ച് മറ്റൊന്നും വായിക്കാതെ താന്‍ ഒപ്പിട്ടുവെന്നും ഇനിയും പുറത്തു നിന്നാല്‍ സര്‍ക്കാരിന് നാണക്കേടായതുകൊണ്ടാണ് കീഴടങ്ങിയതെന്നുമാണ് വിജയകുമാറിന്റെ മൊഴി.
◾ ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചാ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. അന്വേഷണ സംഘത്തില്‍ 2 സിഐമാരെ കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനം. എസ്ഐടിയുടെ ആവശ്യം അംഗീകരിച്ച് കേരള ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് നടപടിയെടുത്തത്.
◾ ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് സമാനമായ ഫ്ലെക്സി നിരക്കുമായി കെസ്ആര്‍ടിസിയും. തിരക്ക് കൂടുന്ന ദിവസങ്ങളില്‍ നിരക്ക് 30 ശതമാനം ഉയര്‍ത്താനും യാത്രക്കാര്‍ കുറയുന്ന ദിവസങ്ങളില്‍ നിരക്ക് 15 ശതമാനം താഴ്ത്താനും കഴിയുന്ന ഫ്ലക്സി നിരക്ക് സംവിധാനമായിരുന്നു ഇതുവരെ. എന്നാല്‍ ഇങ്ങനെ ദിവസം നോക്കാതെ എപ്പോള്‍ തിരക്ക് കൂടുന്നവോ അപ്പോള്‍ നിരക്കുയര്‍ത്താനും യാത്രക്കാര്‍ കുറയുമ്പോള്‍ നിരക്ക് താഴ്ത്താനുമുള്ള 'ഡൈനാമിക് റിയല്‍ ടൈം ഫ്ലക്സി ഫെയര്‍' സംവിധാനമാണ് ഇനി മുതല്‍ നടപ്പാക്കാന്‍ കോര്‍പ്പറേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്.
◾ ഇ-ബസുകള്‍ നഗരത്തില്‍ മാത്രം ഓടിയാല്‍ മതിയെന്നും ഇ-ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണമെന്നും തിരുവനന്തപുരം മേയര്‍ വിവി രാജേഷ്. രാഷ്ട്രീയ സമ്മര്‍ദം കാരണം മറ്റ് സ്ഥലങ്ങളില്‍ ഓടിക്കുകയാണ്. നഗരത്തിന് പുറത്തേക്ക് നല്‍കിയ ബസുകള്‍ ഉടന്‍ തിരിച്ചെത്തിക്കണം. കോര്‍പ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയര്‍ പറഞ്ഞു.
◾ ഇ-ബസ്സുകള്‍ നഗരപരിധിയില്‍ മാത്രം ഓടിയാല്‍ മതിയെന്ന് മേയര്‍ വിവി രാജേഷ് പറഞ്ഞതില്‍ പ്രതികരണവുമായി മന്ത്രി വി ശിവന്‍കുട്ടി. പുത്തനച്ചി പുരപ്പുറം തൂക്കുമെന്നൊരു പഴഞ്ചൊല്ലുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ജനവിധി മാനിക്കുന്നുവെന്നും പ്രതിപക്ഷമെന്ന നിലയില്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്നും അദേഹം പറഞ്ഞു. പ്രധാനമന്ത്രി വരുമ്പോള്‍ ഞങ്ങള്‍ക്കും ആവശ്യം ഉന്നയിക്കാന്‍ ഉണ്ടെന്നും തെരുവുനായ ശല്യം ഒഴിവാക്കാനുള്ള നടപടി ആവശ്യപ്പെട്ട് മേയര്‍ കത്ത് നല്‍കണമെന്നും മന്ത്രി പറഞ്ഞു.
◾ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍. ഭാവിയിലേക്ക് നമ്മളെ നയിക്കാന്‍ ശ്രീനാരായണ ഗുരുദേവന്‍ മുന്നില്‍ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93 -ാമത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശിതരൂര്‍ എംപി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാവിലെ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തിയതോടെയാണ് ഈവര്‍ഷത്തെ ആഘോഷത്തിന് തുടക്കമായത്.
◾ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ ഓപ്പറേഷന്‍ ബാര്‍ കോഡില്‍ ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേടെന്ന് കണ്ടെത്തല്‍. ആലപ്പുഴയില്‍ ഒരു ബാറില്‍ നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി നല്‍കുന്നുവെന്ന ഞെട്ടിക്കുന്ന സംഭവവും പരിശോധനയില്‍ കണ്ടെത്തി. 3,56,000 രൂപ നല്‍കിയതിന്റെ രജിസ്റ്റര്‍ വിജിലന്‍സിന് ലഭിച്ചു. ഈ കണക്ക് ബാര്‍ മാനേജര്‍ എംഡിക്ക് നല്‍കിയതിന്റെ വാട്‌സ്ആപ്പ് സന്ദേശവും ലഭിച്ചിട്ടുണ്ട്. ബാറുകളില്‍ മദ്യം വിളമ്പുന്ന അളവിലും കുറവുള്ളതായി പരിശോധനയില്‍ തെളിഞ്ഞു. മിക്കബാറുകളും സ്റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി.
◾ പക്ഷിപ്പനിയെ തുടര്‍ന്ന് കോഴിയിറച്ചി വിഭവങ്ങള്‍ ജില്ലയില്‍ നിരോധിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ ഇന്ന് ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധം. ശീതീകരിച്ച ഇറച്ചി ഉപയോഗിക്കാന്‍ പോലും അനുമതി ഇല്ലെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. നിരോധനം തുടരണോ എന്ന കാര്യത്തില്‍ നാളെയാണ് അന്തിമ തീരുമാനം ഉണ്ടാകുക. അതേസമയം, ഹോട്ടലുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ വീട്ടില്‍ നിന്ന് ഭക്ഷണം കൊണ്ടുവരാന്‍ മറക്കല്ലേ എന്ന ഓര്‍മപ്പെടുത്തലുമായി ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ കളക്ടറുമായി ഹോട്ടലുടമകള്‍ ചര്‍ച്ച നടത്തിയിരുന്നു അത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നത്തെ സമരം.
◾ മറ്റത്തൂരില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജി വച്ച് പാര്‍ട്ടിക്ക് വിധേയരാകണമെന്ന് ഡി സി സി അധ്യക്ഷന്റെ അന്ത്യശാസനക്ക് മറുപടിയുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ടി എം ചന്ദ്രന്‍. ഡി സി സിയോട് ചര്‍ച്ചയില്ലെന്നും കെ പി സി നേതൃത്വവുമായി നേരിട്ട് ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും ടി എം ചന്ദ്രന്‍ പറഞ്ഞു.
◾ നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു വേര്‍പാട്. പക്ഷാഘാതത്തെ തുടര്‍ന്ന് 10 വര്‍ഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ.
◾ സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്ന് ഇഡിയുടെ ചോദ്യം ചെയ്യലില്‍ നടന്‍ ജയസൂര്യ വ്യക്തമാക്കി. ആപ്പിന്റെ പരസ്യത്തില്‍ അഭിനയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും, പരസ്യത്തില്‍ അഭിനയിക്കുന്നതിന് കരാര്‍ പ്രകാരം നല്‍കേണ്ട തുക തനിക്ക് മുഴുവനായി ലഭിച്ചില്ലെന്നും സേവ് ബോക്‌സ് ആപ്പില്‍ മറ്റ് സാമ്പത്തിക ഇടപാടുകളൊന്നും തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂര്‍ സ്വദേശി സ്വാതിക് റഹിം 2019ല്‍ തുടങ്ങിയ സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പുമായി ബന്ധപ്പെട്ടതാണ് തട്ടിപ്പ് കേസ്.
◾ ജപ്പാന്‍ ജ്വരം പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ജന്‍വാക്' വാക്സിനേഷന്‍ ക്യാമ്പെയ്ന്‍ ജനുവരിയില്‍ തുടങ്ങും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കുട്ടികള്‍ക്ക് വാക്സീനേഷന്‍ നല്‍കും. ആദ്യ ഘട്ടത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും, മാര്‍ച്ച് മാസത്തോടെ അങ്കണവാടികള്‍ കേന്ദ്രീകരിച്ചുമാണ് വാക്സീന്‍ നല്‍കുക.
◾ പുതിയ സര്‍ക്കാര്‍ ബ്രാന്‍ഡ് ബ്രാന്‍ഡിക്ക് ജനങ്ങള്‍ക്ക് പേര് നിര്‍ദ്ദേശിക്കാമെന്ന് ബെവ്കോ എംഡിയുടെ അറിയിപ്പ്. ബ്രാന്‍ഡിക്ക് ലോഗോയും തയ്യാറാക്കാം. പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പേരില്‍ നിന്നും നല്ലൊരു പേര് ബ്രാന്‍ഡിക്ക് നല്‍കും. അടുത്ത മാസം 7 നകം ലോഗോയും പേരും നല്‍കണമെന്നും തെരെഞ്ഞെടുക്കുന്ന പേര് നിര്‍ദ്ദേശിക്കുന്നയാളിന് 10,000രൂപ സമ്മാനമായി നല്‍കുമെന്നും ബെവ്കോ എംഡി അറിയിച്ചു.
◾ പൊലീസ് സ്റ്റേഷനില്‍ എത്തിയ ആളെ സിഐ മര്‍ദ്ദിച്ചതായി പരാതി. ഇടുക്കി അടിമാലി പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ ലൈജുമോന്‍ സിവി ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അടിമാലി സ്വദേശി പി ആര്‍ അനില്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്. അനില്‍കുമാര്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. അതേ സമയം, അനില്‍കുമാര്‍ പോലീസ് സ്റ്റേഷനില്‍ അനാവശ്യമായി ബഹളമുണ്ടാക്കിയെന്ന് സി ഐ ലൈജുമോന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.
◾ പാലക്കാട് യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. എലപ്പുള്ളി തേനാരിയിലാണ് സംഭവം. ഒകരംപള്ളി സ്വദേശിയായ വിപിനാണ് മര്‍ദനമേറ്റത്. തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് വിപിന്‍ പറഞ്ഞു. സംഭവത്തില്‍ ഗുണ്ടാസംഘത്തില്‍പ്പെട്ട ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവര്‍ അറസ്റ്റിലായി. മൂന്നുലക്ഷം രൂപയുടെ പലിശപ്പണം തിരിച്ചടച്ചില്ലെന്ന് പറഞ്ഞാണ് ആദ്യം മര്‍ദിച്ചത്. പിന്നാലെ ശ്രീകേഷിന്റെ വീട് ആക്രമിച്ചത് താനാണെന്ന് പറഞ്ഞ് മര്‍ദനം തുടര്‍ന്നുവെന്നും വിപിന്‍ പറയുന്നു.
◾ പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് ചാടിപ്പോയത്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് ദൃശ്യ എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി വിനീഷ് ജയിലിലായത്. കേസില്‍ അറസ്റ്റിലായ വിനീഷ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആയിരുന്നു. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
◾ മുന്‍ കടുത്തുരുത്തി എംഎല്‍എ പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. 1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു. ഏറ്റവും ഒടുവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ഒപ്പം ആയിരുന്നു.
◾ കരിപ്പൂര്‍ വിമാനത്താവളം കാണാന്‍ കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് വെങ്കുളത്തെ വ്യൂ പോയിന്റില്‍ നിന്ന് വീണ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിനാണ് മരിച്ചത്. താഴ്ച്ചയിലേക്ക് വീണ യുവാവിന്റെ കഴുത്തില്‍ കമ്പ് തറച്ചു കയറി. ഗുരുതര പരിക്കുകളോടെ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം.
◾ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചതിന് കാനഡയില്‍ മലയാളി വൈദികന്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയും സീറോ മലബാര്‍ സഭയിലെ വൈദികനുമായ ഫാദര്‍ ജെയിംസ് ചെരിക്കല്‍ എന്ന 60 കാരനാണ് അറസ്റ്റിലായത്. 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികളോടുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കാണ് ജെയിംസ് ചെരിക്കല്‍ അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ ടൊറന്റോ അതിരൂപത ജെയിംസ് ചെരിക്കലിനെ വൈദിക ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായിനീക്കി.
◾ സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ടതോടെ അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളില്‍ അണുനശീകരണവും ആരോഗ്യ പരിശോധനയും ശക്തമാക്കി തമിഴ്‌നാട്. പ്രധാനമായും നാടുകാണി ചുരം വഴി നീലഗിരിയിലേക്ക് എത്തുന്ന ചരക്കുവാഹനങ്ങളിലാണ് അണുനശീകരണം നടത്തുന്നത്. നാടുകാണിക്ക് പുറമെ വയനാട്ടില്‍ നിന്നുള്ള അതിര്‍ത്തി ചെക്‌പോസ്റ്റുകളായ പാട്ടവയല്‍, താളൂര്‍, ചോളാടി ചെക്‌പോസ്റ്റുകളിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്.
◾ കന്നഡ സീരിയല്‍ നടി നന്ദിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 26 വയസായിരുന്നു. ബെംഗളൂരുവിലെ കെങ്കേരിയിലെ താമസസ്ഥലത്താണ് നന്ദിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
◾ കര്‍ണാടകയിലെ കൊപ്പളയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഹൂളിഗമ്മ ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കിട്ടിയത്. ക്ഷേത്ര ദര്‍ശനത്തിന് എത്തിയവരാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡുകള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം.
◾ ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അതീവ ജാഗ്രത. ഏറ്റുമുട്ടലിനെ സാമുദായിക സംഘര്‍ഷമാക്കി സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാതെ വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ രണ്ട് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തി. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയാണ് വിലക്കിയിരിക്കുന്നത്.
◾ ദില്ലി വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരനെ മര്‍ദിച്ച കേസില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് വീരേന്ദര്‍ സെജ്വാളിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ കേസില്‍ ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ദില്ലി വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലില്‍ വെച്ചാണ് വീരേന്ദര്‍ സെജ്വാള്‍, അങ്കിത് ധവാനെന്ന യാത്രക്കാരനെ മര്‍ദിച്ചത്.
◾ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 80 വയസായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്‌സണായിരുന്നു. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇവര്‍ 1991 ലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്.
◾ അല്‍ ഖസാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്. ആഗസ്റ്റില്‍ നടന്ന ആക്രമണത്തിലാണ് അബു ഉബൈദ കൊല്ലപ്പെട്ടത്. ഗാസ തലവന്‍ മുഹമ്മദ് സിന്‍വര്‍ ഉള്‍പ്പെടെ ഉള്ളവരുടെ മരണവും ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ നേരത്തേ ഇസ്രായേല്‍ സേന അവകാശപ്പെട്ടിരുന്നതാണ്. മുഖം മറച്ച് പ്രത്യക്ഷപ്പെട്ടുള്ള വാര്‍ത്താ സമ്മേളനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു അബൂ ഉബൈദ.
◾ റെക്കോഡ് ഉയരത്തിലേക്ക് എത്തിയ സ്വര്‍ണവില പതിയെ താഴേക്ക്. ഡിസംബര്‍ 27ന് സര്‍വകാല റെക്കോഡായ 1,04,440 രൂപയിലെത്തിയ പവന്‍ വില അതിനുശേഷം താഴുന്ന പ്രവണതയാണ് ദൃശ്യമാകുന്നത്. ആഗോളതലത്തില്‍ ലാഭമെടുപ്പിലേക്ക് നിക്ഷേപകര്‍ മാറിയതാണ് ഒരു പവനില്‍ 5,000 രൂപയ്ക്കടുത്ത് കുറയാന്‍ വഴിയൊരുക്കിയത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,485 രൂപയാണ്. 265 രൂപയുടെ കുറവാണ് ഗ്രാമില്‍ ഉണ്ടായിരിക്കുന്നത്. ഒരു പവനില്‍ 2,120 രൂപയുടെ കുറവും ഇന്ന് രേഖപ്പെടുത്തി. ഇന്നത്തെ പവന്‍വില 99,880 രൂപ. ഡിസംബര്‍ ഒന്നിന് സംസ്ഥാനത്ത് സ്വര്‍ണവില പവന് 95,680 രൂപയായിരുന്നു. ഡിസംബര്‍ 23നാണ് വില ആദ്യമായി ഒരു ലക്ഷം തൊട്ടത്. ആഗോള തലത്തില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ രൂപപ്പെടുന്നുണ്ട്. ഇത് വരും ദിവസങ്ങളില്‍ സ്വര്‍ണത്തിലെ കയറ്റത്തിന് വഴിയൊരുക്കിയേക്കാം. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിക്കാനുള്ള സാധ്യതകളുണ്ടെങ്കിലും വെനസ്വേലയ്ക്കും ഇറാനുമെതിരേ യുഎസിന്റെ ഭീഷണി വര്‍ധിച്ചിട്ടുണ്ട്.
◾ രാജ്യത്ത് 3 ജി സേവനം അവസാനിപ്പിക്കാന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. രാജ്യമെമ്പാടും 4ജി എത്തുന്നതോടെ 3ജി സേവനങ്ങള്‍ നിര്‍ത്തും. നിലവില്‍ രാജ്യത്ത് 97,841 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചിലെ കണക്കുപ്രകാരം ബിഎസ്എന്‍എലിന് രാജ്യത്താകെ 58,919 എണ്ണം 3ജി ടവറുകളാണുള്ളത്. നിലവില്‍ 3ജി സേവനത്തിന് കമ്പനിയുമായി സഹകരിക്കുന്ന നോക്കിയ, ചൈനീസ് കമ്പനി സെഡ്ടിഇ എന്നിവയുമായുള്ള കരാറും ബിഎസ്എന്‍എല്‍ അവസാനിപ്പിക്കും. സെപ്റ്റംബറിലെ കണക്കുപ്രകാരം ബിഎസ്എന്‍എലിന് ആകെ 9.23 കോടി മൊബൈല്‍ വരിക്കാരാണുള്ളത്. അധികം വൈകാതെ ബിഎസ്എന്‍എല്‍ 5ജിയിലേക്കും പ്രവേശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ 7 കോടിപ്പേര്‍ ഇപ്പോഴും 3ജി സേവനമാണ് ഉപയോഗിക്കുന്നത്. ഇവര്‍ക്ക് ബിഎസ്എന്‍എല്‍ ഓഫിസിലെത്തി 4ജി സിം നേടാം. അതേസമയം, പഴയ 3ജി ഫോണുകളോ ഫീച്ചര്‍ ഫോണുകളോ ഉപയോഗിക്കുന്നവര്‍ 4ജി/5ജി ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടിവരും.
◾ വെറും അഞ്ച് ദിവസം കൊണ്ട് അമ്പത് കോടിയിലെത്തി നിവിന്‍ പോളി ചിത്രം 'സര്‍വ്വം മായ'. ദീലിപ് നായകനായ ഭഭബ, മോഹന്‍ലാല്‍ ചിത്രം വൃഷഭ എന്നിവയെ പിന്നിലാക്കിയാണ് സര്‍വ്വം മായ ക്രിസ്മസ് വിന്നറാകുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമുള്ള നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവിനാണ് ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കുന്നത്. ആദ്യ ദിവസം മൂന്നരക്കോടി നേടിയ ചിത്രത്തിന് പിന്നീടുള്ള ദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിനിമയിലെ യുവനടി റിയ ഷിബുവിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വന്ന നിവിന്‍ പോളി-അജു വര്‍ഗീസ് കോമ്പോയും ചിരി പടര്‍ത്തുന്നുണ്ട്. അഖില്‍ സത്യന്‍ ആണ് സിനിമയുടെ സംവിധാനം. പ്രീതി മുകുന്ദന്‍, ജനാര്‍ദ്ദനന്‍, രഘുനാഥ് പാലേരി, അല്‍ത്താഫ് സലീം, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
◾ ഷെയ്ന്‍ നിഗം നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം 'ഹാലി'ലെ പുതിയ ഗാനം റിലീസ് ചെയ്തു. നന്ദഗോപന്‍ വി സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് മുത്തു, നന്ദഗോപന്‍, രമ്യ നമ്പീശന്‍ എന്നിവര്‍ ചേര്‍ന്നാണ്. മുത്തുവാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ഷെയ്നിന്റെ മനോഹരമായ നൃത്തമാണ് ഗാനത്തിന്റെ പ്രധാന ഹൈലൈറ്റ്. ക്രിസ്മസ് റിലീസായി തിയറ്ററുകളില്‍ എത്തിയ ഹാല്‍ സംവിധാനം ചെയ്തത് വീരയാണ്. സിനിമയില്‍ സാക്ഷി വൈദ്യയാണ് നായികയായി എത്തിയത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ. മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ.യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
◾ ആഡംബര വാഹനങ്ങള്‍ മാത്രം അലങ്കാരമാകുന്ന മുകേഷ് അംബാനിയുടെ ഗാരിജിലേക്ക് മെഴ്സിഡീസിന്റെ പെര്‍ഫോമന്‍സ് എസ് യു വി ബ്രാബസ് ജി63 എ എം ജി കൂടി എത്തിയിരിക്കുന്നു. മെഴ്സിഡീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ ട്യൂണിങ് കമ്പനിയായ ബ്രാബസ് ആണ് ജി 63 ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നതും പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നതുമെല്ലാം. അത്തരത്തില്‍ ബ്രാബസ് കിറ്റുമായാണ് മുകേഷ് അംബാനിയുടെ പുതിയ ജി 63യും എത്തിയിരിക്കുന്നത്. സില്‍വര്‍ ഷെയ്ഡിലുള്ളതാണ് പുതു വാഹനം. കൂടെ ബ്രാബസ് കിറ്റും അലോയ് വീലുകളുമെല്ലാം നല്‍കിയിട്ടുണ്ട്. 4.5 ലീറ്റര്‍ വി8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ബ്രാബസ് 900 ജി 63 യ്ക്ക് കരുത്തേകുന്നത്. 900 പി എസ് പവറും 1250 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും ഈ എന്‍ജിന്‍. റെഗുലര്‍ പതിപ്പിന് കരുത്തേകുന്നത് 4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി8 എന്‍ജിനാണ്. 585 ബി എച്ച് പി പവറും 850 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും. ഒമ്പത് സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ്. റെഗുലര്‍ പതിപ്പിന് 3.30 കോടി രൂപയാണ് വില. എന്നാല്‍ ബ്രാബസ് കിറ്റ് കൂടി വരുന്നതോടെ വിലയില്‍ വര്‍ധനവുണ്ടാകും.
◾ സര്‍ഗാന എന്ന ടര്‍ക്കിഷ് വാക്കിന്റെ അര്‍ത്ഥം സൂചിമത്സ്യം എന്നാണ്. നീളന്‍ ദേഹവും കൂര്‍ത്തകൊക്കും മൂര്‍ച്ചയേറിയ പല്ലുകളുമുള്ള ഒരു മത്സ്യമാവാന്‍ ഒരു മനുഷ്യന് എങ്ങനെ കഴിയുന്നു? സര്‍ഗാന അതുതന്നെയാണ് അന്വേഷിക്കുന്നത്, താന്‍ എന്തുകൊണ്ട് ഒരു മനുഷ്യനല്ല എന്നത്. താന്‍ എഴുതുന്ന തിരക്കഥകളിലൂടെ, അതില്‍ അഭിനയിക്കുന്ന അനേകം കഥാപാത്രങ്ങളിലൂടെ, ഒടുവില്‍ ശരിക്കും കഥാപാത്രങ്ങളായി ജീവിച്ചുതുടങ്ങുന്ന മനുഷ്യരിലൂടെ, സ്വന്തം അസ്തിത്വം തേടുന്ന ഒരു മനുഷ്യന്റെ ജീവിതമാണ് ഹകന്‍ ഗുണ്ടായ് ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. തീവ്രമായ ജീവിതങ്ങള്‍, മൗലികതയുള്ള കഥാപാത്രങ്ങള്‍, മാനവികതയെ ലജ്ജിപ്പിക്കുന്ന വിധത്തിലുള്ള സന്ദര്‍ഭങ്ങള്‍ എന്നിവ ഒത്തുചേരുന്ന, വിഷാദവും തത്ത്വശാസ്ത്രവും ഇടകലര്‍ന്ന കൃതി. 'സര്‍ഗാന'. ഹകന്‍ ഗുണ്ടായ്. ഗ്രീന്‍ ബുക്സ്. വില 247 രൂപ.
◾ കരളിന്റെ ആരോഗ്യം തകരാറിലാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് ചര്‍മത്തിലെ മഞ്ഞ നിറം. ചുവന്ന രക്താണുക്കള്‍ വിഘടിക്കുമ്പോള്‍ ഉണ്ടാകുന്ന ബിലിറൂബിന്‍ സംസ്‌കരിക്കാന്‍ കരളിന് കഴിയാതെ വരുമ്പോഴാണ് ചര്‍മത്തിലെ നിറം മാറുന്നത്. കണ്ണിലും നേരിയ മഞ്ഞ നിറത്തില്‍ കാണാം. രാവിലെ ഉണരുമ്പോള്‍ താടിയെല്ലിന് ചുറ്റും കണ്ണുകളിലും വീക്കമുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ശരീരത്തില്‍ ദ്രാവകം കെട്ടിക്കിടക്കുന്നതിന്റെ സൂചനയാണിത്. കരളില്‍ കൊഴുപ്പ് അടിയുന്നതോടെ, രക്തക്കുഴലുകളില്‍ ദ്രാവകം നിലനിര്‍ത്താന്‍ ആവശ്യമായ പ്രോട്ടീനുകളുടെ ഉത്പാദനം കുറയുന്നു. ഇത് മുഖത്ത് സ്ഥിരമായ വീക്കം ഉണ്ടാക്കുന്നതിന് കാരണമായേക്കാം. താടിയെല്ലിന് ചുറ്റും കവിളുകളിലും നെറ്റിയിലും പെട്ടെന്നുണ്ടാകുന്ന മുഖക്കുരു അത്ര നല്ല സൂചനയല്ല. ഫാറ്റി ലിവര്‍ രോഗമുണ്ടെങ്കില്‍ കരളിന് വിഷാംശം പുറന്തള്ളാനോ ആന്‍ഡ്രോജനുകള്‍ പോലുള്ള ഹോര്‍മോണുകളെ സന്തുലിതമാക്കാനോ സാധിക്കില്ല. കരളിന്റെ ആരോഗ്യം തകരാറിലാകുമ്പോള്‍ ചര്‍മത്തിന്റെ സ്വാഭാവിക തിളക്കത്തെ ബാധിച്ചേക്കാം. ഫാറ്റി ലിവര്‍ രോഗം വിറ്റാമിന്‍ എ, ഇ എന്നിവയുടെ ആഗിരണം കുറയ്ക്കുകയും ഇത് ചര്‍മം വരണ്ടതാക്കുന്നതിനും ചൊറിച്ചിലിനും കാരണമാകുകയും ചെയ്തേക്കാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.79, പൗണ്ട് - 121.34, യൂറോ - 105.70, സ്വിസ് ഫ്രാങ്ക് - 113.77, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 60.20, ബഹറിന്‍ ദിനാര്‍ - 238.11, കുവൈത്ത് ദിനാര്‍ -291.65, ഒമാനി റിയാല്‍ - 233.51, സൗദി റിയാല്‍ - 23.94, യു.എ.ഇ ദിര്‍ഹം - 24.49, ഖത്തര്‍ റിയാല്‍ - 24.58, കനേഡിയന്‍ ഡോളര്‍ - 65.59.
Tags:
KERALA