Trending

സായാഹ്ന വാർത്തകൾ

2025 | ഡിസംബർ 29 | തിങ്കൾ 
1201 | ധനു 14 | രേവതി , അശ്വതി 

◾ ശബരിമല സ്വര്‍ണകൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം വിജയകുമാര്‍ അറസ്റ്റില്‍. പത്മകുമാര്‍ അധ്യക്ഷനായ ബോര്‍ഡിലെ അംഗമായിരുന്നു ഇയാള്‍. വിജയകുമാര്‍ എസ്ഐടി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചുവെന്നാണ് വിജയകുമാര്‍ പറഞ്ഞിരുന്നത്. താന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തീര്‍ത്തും നിരപരാധിയാണ്. സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നുമാണ് വിജയകുമാര്‍ പറഞ്ഞത്. കോടതിയില്‍ നല്‍കിയ മുന്‍കുര്‍ ജാമ്യപേക്ഷ വിജയകുമാര്‍ പിന്‍വലിക്കുകയും ചെയ്തു.

◾ ക്രിസ്മസ് ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പള്ളി സന്ദര്‍ശനത്തിനെതിരെ കത്തോലിക്ക സഭ മുഖപത്രം. ഹിന്ദുത്വ വര്‍ഗീയവാദികള്‍ അക്രമം അഴിച്ചുവിടുന്നതിനിടെയുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിദേശ രാജ്യങ്ങളിലെ ഭരണാധികാരികളെ കാണിക്കാനാകുമെന്ന് ദീപിക പത്രത്തിലെ മുഖപ്രസംഗം വിമര്‍ശിക്കുന്നു. അല്ലായിരുന്നെങ്കില്‍ പ്രധാനമന്ത്രി ആക്രമണങ്ങളെ അപലപിക്കുകയെങ്കിലും ചെയ്യുമായിരുന്നു എന്നാണ് വിമര്‍ശനം.

◾ തൃശൂര്‍ മറ്റത്തൂരിലെ കൂറുമാറ്റത്തില്‍ നടപടിയുമായി കോണ്‍ഗ്രസ്. 10 ദിവസത്തിനുള്ളില്‍ അയോഗ്യത നടപടികള്‍ ആരംഭിക്കും എന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് വ്യക്തമാക്കി. 10 ദിവസം എന്നത് കൂറുമാറിയവര്‍ക്ക് ചിന്തിക്കാനുള്ള സമയമാണെന്നും പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണമെന്നും ഇരുവരും രാജി വച്ചാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ എടുത്ത നടപടി ഡിസിസി പുനപരിശോധിക്കുമെന്നും രാജി വെച്ചില്ലെങ്കില്‍ അയോഗ്യരാക്കാനുള്ള നടപടി കോണ്‍ഗ്രസ് ആരംഭിക്കും എന്നും ടാജറ്റ് വ്യക്തമാക്കി.



◾ നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് നിയോഗിച്ച ജസ്റ്റിസ് വികെ മോഹനന്‍ കമ്മീഷന്റെ സ്റ്റേയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജസ്റ്റിസ് മോഹനന്‍ കമ്മീഷനെ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് ജസ്റ്റിസ് മോഹനന്‍ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷനെ സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ശരിവെച്ചിരുന്നു.

◾ ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രവാസി വ്യവസായിയുടെ മൊഴിയില്‍ കൂടുതല്‍ വ്യക്തത. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശമുണ്ടെന്ന് ഡി മണി പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളാണ് ഡി മണിയെ പരിചയപ്പെടുത്തുന്നത്.ശബരിമല ഉള്‍പ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളാണിതെന്നും ഇതൊക്കെ ഒരു പോറ്റി കൈമാറിയതാണെന്നുമാണ് മണി പറഞ്ഞത്.

◾ അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിന് നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ബുധനാഴ്ച ചോദ്യംചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. 2016 മുതല്‍ 2021 വരെ കാലയളവില്‍ സ്വത്തില്‍ 50 കോടി വര്‍ധനയുണ്ടായെന്നാണ് ഇഡി കണ്ടെത്തല്‍. വിജിലന്‍സ് എടുത്ത കേസിന്റെ തുടര്‍ച്ചയായാണ് ഇഡിയും കേസെടുത്തത്.

◾ വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തിന്റെ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ ഓഫീസുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നല്‍കുന്നതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താനാണ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ തീരുമാനം. വാടകക്ക് നല്‍കിയതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കും. മിക്ക കെട്ടിടങ്ങളും കടമുറികളും പല ആളുകള്‍ കൈമാറി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍.



◾ ഓഫീസ് കെട്ടിട വിവാദത്തില്‍ വികെ പ്രശാന്ത് എംഎല്‍എക്കെതിരെ കെ എസ് ശബരീനാഥന്‍. എംഎല്‍എ ഹോസ്റ്റലില്‍ പ്രശാന്തിന് മുറിയുണ്ടെന്നും പിന്നെ എന്തിനാണ് കോര്‍പറേഷന്‍ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിപ്പിക്കുന്നതെന്നുമാണ് ശബരീനാഥന്റെ ചോദ്യം. സാമൂഹിക മാധ്യമ പോസ്റ്റിലൂടെയാണ് ശബരീനാഥന്റെ പ്രതികരണം.

◾ എംഎല്‍എ ഹോസ്റ്റലില്‍ മുറിയുണ്ടെന്ന കവടിയാര്‍ കൗണ്‍സിലര്‍ കെ എസ് ശബരിനാഥന്റെ പരാമര്‍ശത്തിന് മറുപടിയുമായി വി കെ പ്രശാന്ത്. ബിജെപി അവരുടെ അജണ്ട നടപ്പിലാക്കുമ്പോള്‍ എംഎല്‍എ ആയിരുന്ന ശബരിനാഥനെ പോലെ ഒരാള്‍ പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ എന്ന് അദ്ദേഹമാണ് ചിന്തിക്കേണ്ടതെന്ന് വി കെ പ്രശാന്ത് പറഞ്ഞു. ഇത്തരം തിട്ടൂരങ്ങള്‍ക്ക് ശിരസ് കുനിക്കുകയാണെങ്കില്‍ കേരളത്തിന്റെ സ്ഥിതി എന്താവും എന്ന് അദ്ദേഹം ആലോചിക്കണം. ശാസ്തമംഗലത്തെ ഓഫീസ് മണ്ഡലത്തിലെ ജനങ്ങളുടെ സൗകര്യത്തിനാണെന്നും ശബരിനാഥിന്റെ സൗകര്യത്തിനല്ലെന്നും വി കെ പ്രശാന്ത് വ്യക്തമാക്കി.

◾ ഓഫീസ് കെട്ടിട വിവാദത്തില്‍ വി കെ പ്രശാന്ത് എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എംഎല്‍എ ഹോസ്റ്റലിലെ മുറി എംഎല്‍എയുടെ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നും മറ്റാവശ്യത്തിന് ആരെങ്കിലും ഉപയോഗിച്ചാല്‍ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടതെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. എംഎല്‍എ ഹോസ്റ്റലിലെ മുറി എന്ത് ചെയ്യുന്നുവെന്നത് പരിശോധിക്കേണ്ടതാണ്. കൗണ്‍സിലര്‍മാര്‍ക്ക് ഇരിക്കാന്‍ ഒരു കൊച്ചുമുറിയെങ്കിലും വേണമെന്നും അദ്ദേഹം പറഞ്ഞു.

◾ കോണ്‍ഗ്രസില്‍നിന്ന് കൂറുമാറി എല്‍ഡിഎഫ് പിന്തുണയോടെ അഗളി പഞ്ചായത്ത് പ്രസിഡന്റായ എന്‍.കെ. മഞ്ജു രാജിവെച്ചു. എന്നും അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്നും അന്നും .ഇന്നും അങ്ങനെ തന്നെയായിരിക്കുമെന്നും രാജി പ്രഖ്യാപിച്ചശേഷം മഞ്ജു പ്രതികരിച്ചു.



◾ പുതുവത്സരാഘോഷത്തിന് ഒരുങ്ങുന്ന ഫോര്‍ട്ട് കൊച്ചിയില്‍ കര്‍ശന സുരക്ഷ ക്രമീകരണങ്ങളുമായി പൊലീസ്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന്‍ ഒരുക്കുമെന്നും അട്ടിമറി സാധ്യത ഒഴിവാക്കാന്‍ മുന്‍കരുതലുകളെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. എക്സൈസും പ്രത്യേക പരിശോധനകള്‍ നടത്തും.

◾ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപിയുടെ ഇംഗ്ലീഷ് ഭാഷാ പരിമിതിയെ പരിഹസിക്കുന്നവര്‍ക്കെതിരെ വിമര്‍ശനവുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി. ഭരണത്തിന് നേതൃത്വം നല്‍കാനും ജനകീയ വിഷയങ്ങളില്‍ ഇടപെടാനും വേണ്ടത് ഭാഷാ നൈപുണ്യമല്ല, മറിച്ച് മനുഷ്യത്വപരമായ മനസ്സാണ് എന്ന നിലപാടാണ് അദ്ദേഹം പങ്കുവെച്ചത്. ബെംഗളൂരുവിലെ വീട് നഷ്ടപ്പെട്ടവരെ സന്ദര്‍ശിക്കുന്നതിനിടെ റഹീം നല്‍കിയ അഭിമുഖം ട്രോളുകള്‍ക്ക് ഇരയായ പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ പിന്തുണ.

◾ പത്തനംതിട്ട റാന്നിയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. റാന്നി വലിയപറമ്പില്‍ പടിയില്‍ വെച്ച് ടെംപോ ട്രാവലര്‍ വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ വാനിലുണ്ടായിരുന്ന തെലുങ്കാന സ്വദേശി രാജേഷ് ഗൗഡയാണ് (39) മരിച്ചത്. വാനിലുണ്ടായിരുന്ന പത്തുപേര്‍ക്ക് പരിക്കേറ്റു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് കണമലയില്‍ അന്നദാനം നടത്തിയിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

◾ മറ്റത്തൂര്‍ പഞ്ചായത്തിലെ അട്ടിമറിയില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഡിസിസി സെക്രട്ടറി ടിഎം ചന്ദ്രനടക്കമുള്ളവരുടെ ആരോപണങ്ങളില്‍ മറുപടിയുമായി സിപിഎമ്മിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസ് വിമതന്‍ കെആര്‍ ഔസേപ്പ്. മറ്റത്തൂരിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം താനെന്ന കുപ്രചരണം നടത്തുകയാണെന്നും താന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലില്ലെന്നും കെആര്‍ ഔസേപ്പ് പറഞ്ഞു.

◾ കാസര്‍കോട്പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഭരണം എല്‍ ഡി എഫിന്. വോട്ടെടുപ്പില്‍ എല്‍ ഡി എഫിനും യു ഡി എഫിനും ഒന്‍പത് വീതം വോട്ട് കിട്ടിയതോടെ നറുക്കെടുക്കുകയായിരുന്നു. എല്‍ ഡി എഫിലെ ഡോ. സി കെ സബിത പഞ്ചായത്ത് പ്രസിഡന്റായി.

◾ ചേവായൂര്‍ സ്റ്റേഷനിലെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് എന്‍ സുബ്രഹ്‌മണ്യന്‍. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചതിന് കലാപാഹ്വാനത്തിനാണ് സുബ്രഹ്‌മണ്യനെതിരെ കേസെടുത്തിരിക്കുന്നത്.മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ നല്‍കണമെന്ന് പിആര്‍ഡിക്ക് വിവരാവകാശം കൊടുക്കും എന്നും സുബ്രഹ്‌മണ്യന്‍ പറഞ്ഞു.

◾ ചങ്ങരംകുളത്ത് കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരന്‍ മരിച്ചു. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്റെ മകന്‍ അസ്ലം നൂഹാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി കല്ലും മണ്ണും വായില്‍ ഇടുകയായിരുന്നു.

◾ വിയ്യൂര്‍ ജയില്‍ പരിസരത്ത് നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ബാലമുരുകന്‍ തമിഴ്നാട്ടില്‍ പിടിയില്‍. തെങ്കാശി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തമിഴ്നാട്ടിലെ ട്രിച്ചിക്ക് സമീപം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ബാലമുരുകനെ തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം പിടികൂടുന്നത്.

◾ തിരുവനന്തപുരം കഴക്കൂട്ടത്ത് ദുരൂഹ നിലയില്‍ മരിച്ച നാല് വയസുകാരന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കഴക്കൂട്ടത്തെ ലോഡ്ജില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദാറാണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് മുന്നി ബീഗവും സുഹൃത്ത് തന്‍ബീര്‍ ആലവും പൊലീസ് കസ്റ്റഡിയിലാണ്.

◾ പക്ഷിപ്പനിയെ തുടര്‍ന്ന് ആലപ്പുഴയില്‍ ചിക്കന്‍ വിഭവങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം. ഇതോടെ ആലപ്പുഴയിലെ ഹോട്ടല്‍ വ്യാപാര മേഖല പ്രതിസന്ധിയിലായി. ശീതീകരിച്ച മാംസത്തിനു പോലും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമ സംഘടന ഭാരവാഹികള്‍ കലക്ടര്‍ക്ക് നിവേദനം നല്‍കി.

◾ യു ഡി എഫിന് ഭൂരിപക്ഷമുള്ള എരുമേലി പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം എല്‍ ഡി എഫിന്. സി പി എമ്മിലെ അമ്പിളി സജീവന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 24 അംഗങ്ങളുള്ള പഞ്ചായത്തില്‍ 9 പേര്‍ മാത്രമാണ് ഇന്ന് നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഏഴ് വോട്ടാണ് എല്‍ ഡി എഫിന് കിട്ടിയത്. ബി ജെ പിയിലെ കെ കെ രാജന് രണ്ട് വോട്ടും കിട്ടി. 14 യു ഡി എഫ് അംഗങ്ങളും ഒരു സ്വതന്ത്രനും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല

◾ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള യാത്രയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നത് ഇന്നത്തെ യുവതലമുറയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന 'വീര്‍ ബാല്‍ ദിവസ്' ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തുള്ള ജെന്‍സി, 'ജനറേഷന്‍ ആല്‍ഫ' എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന യുവാക്കളുടെ കഴിവില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ ഉന്നാവ് ബലാത്സംഗ കേസില്‍ നിര്‍ണ്ണായക ഇടപെടലുമായി സുപ്രീം കോടതി. കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവിന് സ്റ്റേ. ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കൂടുതല്‍ വാദത്തിലേക്ക് കടക്കാമെന്നാണ് സുപ്രീകോടതി അറിയിച്ചിരിക്കുന്നത്. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണം എന്നും കോടതി നിര്‍ദേശിച്ചു

◾ ദില്ലിയില്‍ വായു മലിനീകരണം വീണ്ടും അതീവ ഗുരുതരാവസ്ഥയിലേക്ക്. തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ വായുനിലവാര സൂചിക 400 നു മുകളില്‍ എത്തി. പലയിടത്തും എ ക്യൂ ഐ 450ന് മുകളിലാണ്. ഇതോടൊപ്പം ശക്തമായ മൂടല്‍മഞ്ഞും അനുഭവപ്പെട്ടതോടെ ദില്ലിയിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

◾ യുപിയിലെ ബദായൂനില്‍ ഒരു ഗ്രാമം മുഴുവന്‍ പേവിഷബാധ ഭീതിയില്‍. പിപ്രൗളി ഗ്രാമത്തിലാണ് 200 ഓളം പേര്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവയപ്പെടുത്തത്. നായയുടെ കടിയേറ്റ് ചത്ത എരുമയുടെ പാലില്‍ നിന്നുണ്ടാക്കിയ തൈര് കഴിച്ചതാണ് പരിഭ്രാന്തിക്ക് കാരണം. ഡിസംബര്‍ 23ന് നടന്ന ഒരു ശവസംസ്‌കാര ചടങ്ങിലാണ് ഗ്രാമവാസികള്‍ക്ക് ഈ തൈര് നല്‍കിയത് ഡിസംബര്‍ 26ന് എരുമ ചത്തതോടെയാണ് ഗ്രാമവാസികള്‍ വിവരമറിയുന്നത്

◾ ആകാശയാത്ര പ്രതിസന്ധിയില്‍ ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ സര്‍വീസുകള്‍ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. 10 ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കണം എന്നുള്ളതായിരുന്നു വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇത് പ്രാബല്യത്തിലാകുകയാണ്. നിലവില്‍ വെട്ടിക്കുറച്ചിരിക്കുന്നത് ദൈര്‍ഘ്യം കുറഞ്ഞ സര്‍വീസുകളാണ്. അന്വേഷണ റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍ നടപടികളും വൈകില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

◾ ടാറ്റാ നഗര്‍ - എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. രണ്ട് എസി കോച്ചുകള്‍ പൂര്‍ണമായും കത്തി നശിച്ചു. ബി 1, എം 2 കോച്ചുകളാണ് കത്തിയത്. കോച്ചുകളില്‍ ഉണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തി. ഒരാള്‍ മരിച്ചെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരിച്ചയാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ട്രെയിന്‍ അനകാപള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് തീപിടിത്തം ഉണ്ടായത്.

◾ ബെംഗളൂരു യെലഹങ്കയിലെ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് നിര്‍ണായക യോഗം ചേരും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഭവന നിര്‍മ്മാണ മന്ത്രി സമീര്‍ അഹമ്മദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. സിപിഎം വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതോടെ കോഗിലു ക്രോസിലെ കയ്യേറ്റമൊഴിപ്പിക്കല്‍ ദേശീയതലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇതിനുപിന്നാലെ വിഷയത്തില്‍ ഇടപെട്ട കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇന്ന് കര്‍ണാടക മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.

◾ പാകിസ്താന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് പാകിസ്താന്‍ കാലാവസ്ഥാ വകുപ്പിന്റെ (പിഎംഡി) മുന്നറിയിപ്പ്. ഇത് രാജ്യത്തെ യാത്ര, റോഡ് കണക്റ്റിവിറ്റി, പൊതു സുരക്ഷ എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഡിസംബര്‍ 29ന് രാത്രി മുതല്‍ പാകിസ്താനില്‍ ചുഴലിക്കാറ്റ് വീശിയടിക്കാനും ഡിസംബര്‍ 30ഓടെ ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

◾ കഴിഞ്ഞ മെയ് മാസത്തില്‍ ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' സൈനിക നടപടിക്കിടെ സുരക്ഷിതമായ ബങ്കറിലേക്ക് മാറാന്‍ സൈന്യം തനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി വെളിപ്പെടുത്തി. തന്റെ ഭാര്യയും മുന്‍ പ്രധാനമന്ത്രിയുമായ ബേനസീര്‍ ഭൂട്ടോയുടെ 18-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സിന്ധ് പ്രവിശ്യയിലെ ലാര്‍ക്കാനയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ അമേരിക്കയില്‍ രണ്ട് ഹെലിക്കോപ്റ്ററുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടാമത്തെയാള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 11 മണിയോടെയാണ് ന്യൂജേഴ്സിയില്‍ അപകടമുണ്ടായത്. രണ്ടിലും പൈലറ്റുമാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

◾ നൂറുമീറ്ററോ അതില്‍ക്കൂടുതലോ ഉയരമുള്ള കുന്നുകളെമാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കുമെന്ന പുതിയ നിര്‍വചനത്തിന് വ്യക്തത വേണമെന്ന് സുപ്രീംകോടതി. നേരത്തെ പുറപ്പെടുവിച്ചിരുന്ന ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. പുതിയ നിര്‍വചനം സംബന്ധിച്ച് ചില ചോദ്യങ്ങളും കോടതി സര്‍ക്കാരിനോട് ഉന്നയിച്ചിട്ടുണ്ട്.  

◾ ഗുഗിളിന്റെ സുന്ദര്‍ പിച്ചൈ, മൈക്രോ സോഫ്റ്റിന്റെ സത്യ നാദല്ല എന്നിവരെ മറികടന്ന് മറ്റൊരു ഇന്ത്യന്‍ വംശജ കോടീശ്വര പട്ടികയില്‍. അരിസ്റ്റ നെറ്റ്വര്‍ക്‌സിന്റെ പ്രസിഡന്റും സിഇഒയുമായ ജയശ്രീ ഉള്ളാള്‍ ആണ് 5.7 ബില്യണ്‍ ഡോളര്‍ അഥവാ 51,265 കോടി രൂപ ആസ്തിയുമായി ഹുറൂണ്‍ ഇന്ത്യയുടെ 2025ലെ സമ്പന്ന പട്ടികയില്‍ ഇടംപിടിച്ചത്.

◾ ചരിത്ത്രിലാദ്യമായി സംസ്ഥാനത്തെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപ കടന്നു. 2025 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് 3,03,464.57 കോടി രൂപയാണ് പ്രവാസി നിക്ഷേപം. മൂന്ന് മാസം മുമ്പ് ഇത് 2,86,987.21 കോടി രൂപയായിരുന്നു. ഒറ്റ പാദത്തില്‍ 16,476.79 കോടി രൂപ അഥവാ 5.75 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ പ്രവാസി നിക്ഷേപത്തില്‍ 634.92 കോടി അല്ലെങ്കില്‍ 2.31 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. പിന്നീട് 2015 മാര്‍ച്ചിലാണ് പ്രവാസി നിക്ഷേപം ആദ്യമായി ഒരു ലക്ഷം കോടി രൂപയിലെത്തിയത്. 2020 മാര്‍ച്ചില്‍ ഇത് ഇരട്ടിയായി. മൂന്ന് ലക്ഷം കോടി രൂപയിലെത്താന്‍ വീണ്ടും അഞ്ചുവര്‍ഷമെടുത്തു. സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് ഫെഡറല്‍ ബാങ്കില്‍ 85,250 കോടിയുടെ പ്രവാസി നിക്ഷേപമാണ് ഉള്ളത്. എസ്ബിഐ 80,234 കോടി, കനറാ ബാങ്ക് 21,914 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 18,338 കോടി, ഐസിഐസിഐ ബാങ്ക് 13,242 കോടി എന്നിങ്ങനെയാണ് മറ്റു ബാങ്കുകളിലെ പ്രവാസി നിക്ഷേപം.

◾ ഒരിക്കല്‍ ക്രിയേറ്റ് ചെയ്താല്‍ പിന്നീട് മാറ്റാന്‍ കഴിയില്ലെന്ന് കരുതിയിരുന്ന ജിമെയില്‍ ഐ.ഡികള്‍ ഇനി മാറ്റാം. ഇതുവരെ തേര്‍ഡ് പാര്‍ട്ടി ഇമെയില്‍ വിലാസങ്ങള്‍ ഗൂഗ്ള്‍ അക്കൗണ്ടില്‍ ലോഗിന്‍ ആയി ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഇമെയില്‍ വിലാസം മാറ്റാനുള്ള സൗകര്യം ലഭ്യമായിരുന്നത്. എന്നാല്‍ @gmail.com അവസാനിക്കുന്ന വിലാസങ്ങള്‍ മാറ്റാന്‍ സാധിക്കുമായിരുന്നില്ല. പുതിയ സംവിധാനപ്രകാരം @gmail.comന് മുമ്പുള്ള ഇമെയില്‍ വിലാസത്തിന്റെ ആദ്യ ഭാഗം  ഉപയോക്താക്കള്‍ക്ക് മാറ്റാന്‍ സാധിക്കും. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കോണ്‍ടാക്റ്റുകള്‍, ഫയലുകള്‍ എന്നിവക്ക് യാതൊരു നഷ്ടവും സംഭവിക്കാതെ ഇമെയില്‍ വിലാസം മാത്രം പുതുക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും. പഴയ ഇമെയില്‍ ഐ.ഡിയിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ പുതിയ ഇന്‍ബോക്സിലേക്കുതന്നെ ലഭ്യമാകും. അതേസമയം, ഇമെയില്‍ ഐ.ഡി മാറ്റുന്നതിന് ഗൂഗ്ള്‍ ചില നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരിക്കല്‍ ഇമെയില്‍ വിലാസം മാറ്റിയാല്‍ അടുത്ത 12 മാസത്തേക്ക് വീണ്ടും അത് മാറ്റാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കില്ല. കൂടാതെ, ഒരാള്‍ക്ക് തന്റെ അക്കൗണ്ടിന്റെ മുഴുവന്‍ കാലയളവില്‍ പരമാവധി മൂന്ന് തവണ മാത്രമേ ഇമെയില്‍ വിലാസം മാറ്റാന്‍ കഴിയൂ. ഗൂഗ്ള്‍ അക്കൗണ്ടിലെ 'മൈ അക്കൗണ്ട്' സെക്ഷനില്‍ പോയി  ഇമെയില്‍ ഐഡി മാറ്റാന്‍ സാധിക്കും.

◾ മലയാളികളുടെ മനസില്‍ നിവിന്‍ പോളിയ്ക്കുള്ള സ്ഥാനത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഉറപ്പിക്കുന്നതാണ് പുതിയ ചിത്രം 'സര്‍വ്വം മായ'യ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍. ക്രിസ്മസ് ദിവസമായ വ്യാഴാഴ്ചയാണ് സര്‍വ്വം മായ റിലീസ് ചെയ്യുന്നത്. ആദ്യത്തെ വിക്കെന്‍ഡില്‍ സര്‍വ്വം മായ കേരളത്തില്‍ നിന്ന് മാത്രമായി നേടിയിരിക്കുന്നത് 18.37 കോടിയാണ്. ചിത്രത്തിന്റെ ഇന്ത്യാ കളക്ഷന്‍ 6.60 കോടിയ്ക്ക് മുകളിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ സര്‍വ്വം മായ പിന്നിലാക്കിയിരിക്കുന്നത് മമ്മൂട്ടി ചിത്രം കളങ്കാവലിനെയാണ്. എമ്പുരാനും തുരടുമാണ് സര്‍വ്വം മായയ്ക്ക് മുന്നിലുള്ള ചിത്രങ്ങള്‍. കളങ്കാവലിന് പിന്നാലെ അഞ്ചാമതുള്ളത് ഡീയസ് ഈറെയും ആറാമതുള്ളത് ആലപ്പുഴ ജിംഖാനയുമാണ്. ഹൃദയപൂര്‍വ്വം, രേഖചിത്രം എന്നിയാണ് ഏഴിലും എട്ടിലുമുള്ളത്. സിനിമയുടെ ആഗോള കളക്ഷന്‍ 40 കോടി പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് സര്‍വ്വം മായ. റിയ ഷിബു, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി.

◾ മലയാളത്തില്‍ ഈ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രങ്ങളില്‍ ബോക്സ് ഓഫീസ് വിജയവും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രമായിരുന്നു കളങ്കാവല്‍. മമ്മൂട്ടി ഒരിക്കല്‍ക്കൂടി ഒരു നവാഗത സംവിധായകനൊപ്പം എത്തിയ ചിത്രത്തില്‍ വിനായകനായിരുന്നു ശരിക്കും നായകന്‍. മമ്മൂട്ടി പ്രതിനായകനും. ഡിസംബര്‍ 5 നായിരുന്നു ചിത്രത്തിന്റെ തിയറ്റര്‍ റിലീസ്. മമ്മൂട്ടി വില്ലനായി എത്തുന്നു എന്നതുള്‍പ്പെടെയുള്ള പല ഘടകങ്ങളാല്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഇത്. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ചിത്രം ബോക്സ് ഓഫീസിലും കുതിച്ചു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ജനുവരി മാസത്തില്‍ എത്തും എന്നതല്ലാതെ തീയതി അറിയിച്ചിട്ടില്ല. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിന് പിന്നാലെ ചിത്രത്തിന്റെ ഹിന്ദി ടീസറും സോണി ലിവ് പുറത്തുവിട്ടിട്ടുണ്ട്.

◾ ഇന്ത്യയിലെ മുന്‍നിര വൈദ്യുത സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജിയുടെ വാഹനങ്ങളുടെ വില വര്‍ധിക്കും. 2026 ജനുവരി ഒന്നു മുതല്‍ വാഹനങ്ങളുടെ വില വര്‍ധിക്കുമെന്ന് ഏഥര്‍ എനര്‍ജി തന്നെയാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വാഹന വിലയില്‍ 3,000 രൂപ വരെ വര്‍ധിക്കുമെന്നാണ് ഏഥര്‍ അറിയിച്ചിരിക്കുന്നത്. വാഹന നിര്‍മാണത്തിനു വേണ്ട വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ധനവും വിതരണ ശൃംഖലയിലെ മാറ്റങ്ങളുമാണ് വില വര്‍ധനവിന് പിന്നിലെന്നാണ് ഏഥര്‍ അറിയിക്കുന്നത്. ഏഥറിന്റെ ജനപ്രിയ 450 സീരീസില്‍ അടക്കം വില വര്‍ധനവുണ്ടാവും. 450എക്‌സ്, 450എസ് എന്നിവക്കു പുറമേ ഏഥറിന്റെ പുതിയ സീരീസായ ഏഥര്‍ റിസ്തക്കും വില കൂടും. 2025ലെ അവസാനമാസമായ ഡിസംബറില്‍ വില്‍പന കൂട്ടുകയെന്ന തന്ത്രവും ഏഥറിന്റെ നീക്കത്തിനു പിന്നിലുണ്ട്. 2025 ഡിസംബര്‍ 31നുള്ളില്‍ ഏഥര്‍ മോഡലുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 3000 രൂപ വരെയുള്ള വിലവര്‍ധനവ് ഒഴിവാക്കാനാവും. പ്രത്യേകം വര്‍ഷാവസാന ഓഫറുകളും ഏഥര്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. പഴയ ഇരുചക്രവാഹനങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്തു കൊണ്ട് പുത്തന്‍ ഏഥര്‍ സ്വന്തമാക്കാനാവും.

◾ പ്രണയത്തിന്റെ നൊമ്പരവും ചേര്‍ത്തുപിടിക്കലുകളുടെ സന്തോഷവും നഷ്ടപ്പെടലിന്റെ വിരഹവുമെല്ലാം പറയുന്ന കുറച്ച് കഥകളാണ് ഈ പുസ്തകത്തില്‍. യാഥാര്‍ത്ഥ്യവും സര്‍ഗ്ഗാത്മകതയും ഇടയ്ക്കെവിടെയോ കണ്ടുമുട്ടുന്ന സുന്ദരനിമിഷങ്ങള്‍കൊണ്ട് മനോഹരമായ രചന. എവിടെയോ കണ്ടുമറന്നതോ നിസ്സാരമെന്ന് തോന്നുന്നതോ ആയ ചില സംഭവങ്ങള്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അത് ഏറ്റവും ലളിതമായി ആവിഷ്‌കരിച്ചിരിക്കുകയാണിവിടെ. ഒരിക്കല്‍ക്കൂടി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്‍പതു കഥകള്‍ ചേര്‍ന്ന പുസ്തകം. 'ഹോപ്പ്'. അമല്‍ മൈക്കിള്‍. ഡിസി ബുക്സ്. വില 228 രൂപ.

◾ ആഘോഷവേളകളിലെ അമിതാവേശവും ജീവിതശൈലിയിലെ മാറ്റങ്ങളും കാരണം ഹൃദയത്തിനുണ്ടാകുന്ന പ്രത്യേക അവസ്ഥയാണ് 'ഹോളിഡേ ഹാര്‍ട്ട് സിന്‍ഡ്രോം'. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ ഈ അവസ്ഥ വ്യാപകമായി കണ്ടുവരുന്നതിനാലാണ് ഹോളിഡേ ഹാര്‍ട്ട് സിന്‍ഡ്രോം എന്ന് വിശേഷിപ്പിക്കുന്നത്. ആഘോഷവേളകളിലെ അമിതമായ മദ്യപാനം മൂലം ഹൃദയമിടിപ്പ് ക്രമരഹിതമാകുന്ന അവസ്ഥയാണ് ഹോളിഡേ ഹാര്‍ട്ട് സിന്‍ഡ്രോം. ഏട്രിയല്‍ ഫൈബ്രില്ലേഷന്‍ എന്നും ഈ അവസ്ഥയെ വിളിക്കാറുണ്ട്. ഹൃദയത്തിന്റെ മുകളിലെ അറകള്‍ ഒരു ക്രമരഹിതമായ രീതിയില്‍ ചുരുങ്ങുകയോ വിറയ്ക്കുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് ആട്രിയത്തില്‍ രക്തം അടിഞ്ഞുകൂടുന്നതിനും കട്ടപിടിക്കുന്നതിനും കാരണമാകും. ഈ കട്ടകള്‍ രക്തപ്രവാഹത്തില്‍ പ്രവേശിച്ചാല്‍, അവ തലച്ചോറിലേക്ക് സഞ്ചരിച്ച് സ്ട്രോക്കിനുള്ള സാധ്യത കൂട്ടുന്നു. ഹൃദയമിടിപ്പ് അസാധാരണമായി കൂടുക, നെഞ്ചുവേദന, ശക്തമായ ക്ഷീണം, തലകറക്കം, ബോധക്ഷയം, ശ്വാസതടസ്സം എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ഉയര്‍ന്ന കലോറി അടങ്ങിയ ഭക്ഷണങ്ങള്‍ വളരെ വേഗത്തില്‍ കഴിക്കുന്നതും ഉയര്‍ന്ന മദ്യപാനവുമാണ് പ്രധാന കാരണങ്ങള്‍. കൂടാതെ തുടര്‍ച്ചയായി ഉറക്കം തടസപ്പെടുന്നതും കാരണമാകാം. ഭക്ഷണ സമയത്തും ആഘോഷ സമയത്തും മിതത്വം പാലിക്കേണ്ടത് ഈ സാഹചര്യത്തില്‍ പ്രധാനമാണ്. മദ്യം പരിമിതപ്പെടുത്തുക, ജലാംശം നിലനിര്‍ത്തുക, ആവശ്യത്തിന് ഉറക്കം നേടുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക, നടത്തം പോലുള്ള നേരിയ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിവയിലൂടെ ഹോളിഡേ ഹാര്‍ട്ട് സിന്‍ഡ്രോം ഒഴിവാക്കാന്‍ സാധിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.95, പൗണ്ട് - 121.32, യൂറോ - 105.96, സ്വിസ് ഫ്രാങ്ക് - 114.04, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 60.31, ബഹറിന്‍ ദിനാര്‍ - 238.47, കുവൈത്ത് ദിനാര്‍ -292.50, ഒമാനി റിയാല്‍ - 233.88, സൗദി റിയാല്‍ - 23.98, യു.എ.ഇ ദിര്‍ഹം - 24.50, ഖത്തര്‍ റിയാല്‍ - 24.67, കനേഡിയന്‍ ഡോളര്‍ - 65.72.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right