Trending

പ്രഭാത വാർത്തകൾ.

2025  ഡിസംബർ 12  വെള്ളി 
1201  വൃശ്ചികം 26   ഉത്രം 
1447  ജ : ആഖിർ 21

◾ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മുപ്പതാമത് പതിപ്പിന് ഇന്ന് തിരുവനന്തപുരത്ത് തിരശ്ശീല ഉയരും. എട്ട് ദിവസം തിരുവനന്തപുരത്തെ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളില്‍നിന്നുള്ള 206 ചലച്ചിത്രങ്ങള്‍ കാണികള്‍ക്ക് വിരുന്നാകും. 26 വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

◾ ഇന്ത്യയിലെ ആദ്യത്തേയും ദക്ഷിണേഷ്യയിലെ ഏറ്റവും വലുതുമായ സമകാലിക കലാമേളയായ കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം ലക്കത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് ആറിന് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബിനാലെയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ഈ രാജ്യാന്തര പ്രദര്‍ശനത്തില്‍ 25ലധികം രാജ്യങ്ങളില്‍ നിന്നുള്ള 66 ആര്‍ട്ടിസ്റ്റ് പ്രോജക്റ്റുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോര്‍ട്ട്കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസാണ് പ്രധാന വേദി. പ്രദര്‍ശനങ്ങള്‍ മാര്‍ച്ച് 31ന് സമാപിക്കും.

◾ സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പില്‍ 76.08 ശതമാനം പോളിംഗ്. ഏറ്റവും കൂടുതല്‍ പോളിങ് വയനാട്ടിലാണ്. രാത്രി 9 മണി വരെയുള്ള കണക്കുകള്‍ പ്രകാരം വയനാട്് 78.3, തൃശൂര്‍ 72.46, മലപ്പുറം 77.43, കാസര്‍കോട് 74.86, പാലക്കാട് 76.27, കോഴിക്കോട് 77.26, കണ്ണൂര്‍ 76.77 ശതമാനമാണ് പോളിംഗ്.

◾ 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരുമെന്നും അതില്‍ തര്‍ക്കമില്ലെന്നും രാഹുല്‍ പ്രതികരിച്ചു. പറയാനുള്ളതെല്ലാം കോടതിയില്‍ പറയുമെന്നും രാഹുല്‍ പറഞ്ഞു.
◾ ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ സ്വീകരണം. വോട്ട് ചെയ്യാന്‍ എത്തിയ രാഹുലിനെ ബൊക്കെ നല്‍കിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എല്ലാം പറയുമ്പോഴും രാഹുല്‍ തങ്ങളുടെ എംഎല്‍എ ആണെന്നാണ് കെഎസ്യു ജില്ലാ സെക്രട്ടറി അടക്കം പറയുന്നത്. രാഹുലിനൊപ്പം പോയാല്‍ എന്താണെന്നും പാലക്കാട്ടെ എംഎല്‍എ അല്ലേയെന്നും പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

◾ കണ്ണൂരില്‍ വിവിധ ഇടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് മര്‍ദനമേറ്റതായി പരാതി. ചെറുകുന്ന് മുണ്ടപ്പുറം പോളിങ് സ്റ്റേഷനില്‍ വെച്ച് മുണ്ടപ്പുറം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുജീബ് റഹമാനെ സിപിഎം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് മര്‍ദനം എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. അതുപോലെ ശ്രീകണ്ഠാപുരത്തെ ബൂത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിക്കും മര്‍ദനമേറ്റെന്ന് പരാതിയുണ്ട്.

◾ വടക്കാഞ്ചേരി നഗരസഭ 20-ാം ഡിവിഷനില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി. മങ്കര തരു പീടികയില്‍ അന്‍വറാണ് (42) പിടിയിലായത്. മങ്കര സ്വദേശിയായ ഇയാള്‍ക്ക് കുളപ്പുള്ളിയില്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ട്. അവിടെ ചെയ്ത അന്‍വര്‍ വീണ്ടും ഇന്ന് വോട്ട് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഇയാളുടെ കൈയ്യിലെ പഴയ മഷിയടയാളം കണ്ടതോടെയാണ് കള്ളവോട്ട് ശ്രമം പൊളിഞ്ഞത്.

◾ സ്ത്രീലമ്പടന്മാരും ലൈംഗിക വൈകൃതമുള്ളവരും ഉള്ളത് എവിടെയാണെന്ന് മുഖ്യമന്ത്രി കണ്ണാടിയില്‍ നോക്കി ചോദിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ഇത്തരം ആരോപണം ഉന്നയിക്കുന്ന മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിയിലെ മുഖങ്ങളെക്കൂടി ഓര്‍ക്കണം. യഥാര്‍ത്ഥ വിഷയങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രതികരണം മുഖ്യമന്ത്രിയും സിപിഎമ്മും നടത്തുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
◾ നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍  വാദിക്കും. എന്നാല്‍ പ്രതികള്‍ ഏഴര വര്‍ഷം വരെ തടവുശിക്ഷ അനുഭവിച്ചതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നാണ് പ്രതിഭാഗം നിലപാട്. ശിക്ഷാവിധി ഇന്ന് തന്നെ പ്രഖ്യാപിച്ചാല്‍ കേസില്‍ ദിലീപിനെ വെറുതെ വിട്ട വിധി പകര്‍പ്പും ഇന്നുതന്നെ പുറത്ത് വന്നേക്കും.

◾ നടിയെ ആക്രമിച്ച കേസില്‍ ആരാണ് പള്‍സര്‍ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് എന്ന് കണ്ട് പിടിച്ചാല്‍ ദിലീപ് എങ്ങനെ ഈ കേസില്‍ പ്രതി ആയി എന്ന സത്യം പുറത്ത് വരുമെന്ന് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. ഹൈക്കോടതിയില്‍ പോയി ദിലീപിനെ ശിക്ഷിക്കാന്‍ നോക്കുന്ന വിഡ്ഢികള്‍ തല കുത്തി മറിഞ്ഞാലും ഈ കേസില്‍ ഇനിയൊരു വിധി വരില്ല. കാരണം ദിലീപ് അല്ല ഇത് ചെയ്തത് എന്നതാണ് പരമമായ സത്യം. സത്യം ഈ ഭൂമിയില്‍ ജയിക്കുമെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

◾ കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിലാണ് കഴിഞ്ഞ് പന്ത്രണ്ട് ദിവസമായി രാഹുല്‍ ഈശ്വര്‍ റിമാന്‍ഡില്‍ കഴിയുന്നത്. ജാമ്യാപേക്ഷ രണ്ടു തവണ തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തള്ളിയിരുന്നു. ജാമ്യാപേക്ഷ ഈ മാസം പതിനഞ്ചിന് വീണ്ടും പരിഗണിക്കും. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ലെന്നും പാസ് വേഡ് നല്‍കാത്തതിനാല്‍ ലാപ് ടോപ്പ് പരിശോധിക്കാനാകുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്.

◾ പീഡകന് വേണ്ടി ജയ് വിളിക്കുന്ന കുറേ എണ്ണങ്ങളെ കാണുമ്പോ പുച്ഛവും അതിനപ്പുറം പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പും മാത്രെ ഉള്ളൂവെന്നും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്നാലും അതി ജീവിതയ്ക്കൊപ്പം എന്ന ഡയലോഗാണ് കൂട്ടത്തില്‍ ലാസ്റ്റ് കോമഡിയെന്നും ഭാഗ്യലക്ഷമി ഫേസ്ബുക്കില്‍ കുറിച്ചു.

◾ നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന്‍ ടൊവിനോ തോമസ്. അതിജീവിതക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ടൊവിനോ തോമസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനായി താനും കാത്തിരിക്കുകയാണെന്നും ടൊവിനോ തോമസ് പറഞ്ഞു.

◾ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്കായുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 മുതല്‍ ജനുവരി നാല് വരെയാകും അവധിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

◾ മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് ആലുവ റൂറല്‍ എസ്പി. കൂടുതല്‍ പേര്‍ പ്രതികളായുണ്ടോ എന്ന് പരിശോധിക്കും. പെണ്‍കുട്ടിയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്നും എസ് പി വ്യക്തമാക്കി. ചിത്രപ്രിയയെ ആണ്‍സുഹൃത്ത് അലന്‍ തലക്കടിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്നും പൊലീസ് വ്യക്തമാക്കുന്നു. പെണ്‍കുട്ടിക്ക് ലഹരി നല്‍കിയായിരുന്നോ കൊലപാതകമെന്നും സംശയമുണ്ട്. കൊലയ്ക്ക് മുന്‍പ് ഇരുവര്‍ക്കുമിടയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായും പൊലീസ് അറിയിച്ചു

◾ തിരഞ്ഞെടുപ്പ് ആസന്നമായ പശ്ചിമ ബംഗാളില്‍, വോട്ടര്‍ പട്ടികയുടെ പ്രത്യേക സൂക്ഷ്മ പരിശോധനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യപ്പെട്ടാല്‍ അടുക്കള സാധനങ്ങള്‍ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ സ്ത്രീകളോട് അവര്‍ ആഹ്വാനം ചെയ്തു. കൃഷ്ണനഗറില്‍ നടന്ന റാലിയിലാണ് മമതയുടെ ഈ ശക്തമായ പ്രതികരണം.

◾ അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദഭരണ പ്രദേശത്തും എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി ഒരാഴ്ച കൂടി നീട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. യുപിയില്‍ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് രണ്ടാഴ്ച നീട്ടിയപ്പോള്‍ പശ്ചിമബംഗാളിന്റെ ആവശ്യം കമ്മീഷന്‍ തള്ളി. കേരളത്തില്‍ കരട് പട്ടിക 23 ന് തന്നെ പ്രസിദ്ധീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. എസ്ഐആര്‍ ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ ഭരണ പ്രതിപക്ഷ വാക്പോര് തുടരുകയാണ്.

◾ വോട്ട് ചോരി'യില്‍ താന്‍ നടത്തിയ വാര്‍ത്താസമ്മേളനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ചിട്ടും മറുപടി ലഭിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ അമിത് ഷാ ഉപയോഗിച്ചത് മോശം ഭാഷയാണെന്നും അദ്ദേഹം മാനസികമായി സമ്മര്‍ദത്തിലാണെന്നും അതാണ് പാര്‍ലമെന്റില്‍ കണ്ടതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

◾ ദില്ലി കലാപകേസില്‍ ഉമര്‍ ഖാലിദിന് ദില്ലി കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ഈമാസം 16 മുതല്‍ 29 വരെയാണ് കോടതി ജാമ്യം അനുവദിച്ചത്. ബന്ധുക്കളെയല്ലാതെ മറ്റാരെയും കാണരുതെന്നും വീട്ടിലും വിവാഹ ചടങ്ങു നടക്കുന്നിടത്തും മാത്രം പോകണമെന്നുമുള്ള നിര്‍ദേശങ്ങള്‍ കോടതി നല്‍കിയിട്ടുണ്ട്. 2020 സപ്റ്റംബറില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദ് അഞ്ച് വര്‍ഷത്തിലധികമായി ജയിലിലാണ്. യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് ഉമര്‍ ഖാലിദിനെതിരെ ചുമത്തിയിട്ടുള്ളത്.

◾ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ഒന്നിലധികം സംസ്ഥാനങ്ങളില്‍ റെയ്ഡുകള്‍ നടത്തി. മഹാരാഷ്ട്രയില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പിന്തുണയോടെയാണ് സംഘങ്ങള്‍ റെയ്ഡുകള്‍ നടത്തിയതെന്നും മറ്റ് മേഖലകളില്‍ കേന്ദ്ര സുരക്ഷാ സേന സഹായിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇന്നലെ പുലര്‍ച്ചെ 40 സ്ഥലങ്ങളില്‍ റെയ്ഡുകള്‍ നടത്തിയത്.

◾ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ടെലിഫോണില്‍ വിളിച്ചെന്നും സംഭാഷണം ഊഷ്മളമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി  എക്സില്‍ കുറിച്ചു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും, സംഭാഷണത്തിലൂടെ  ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിലെ പുരോഗതി വിലയിരുത്തിയെന്നും മോദി പറഞ്ഞു.

◾ അമേരിക്കക്ക് പിന്നാലെ, ഇന്ത്യക്ക് മേല്‍ 50 ശതമാനം നികുതി ചുമത്തി മെക്സിക്കോ. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം വരെ നികുതി ചുമത്താന്‍ മെക്സിക്കോ അംഗീകാരം നല്‍കി. ആഭ്യന്തര വ്യവസായത്തെയും ഉല്‍പ്പാദകരെയും സംരക്ഷിക്കുന്നതിനായാണ് മറ്റ് രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുന്നത്. താരിഫുകള്‍ 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും.

◾ പാകിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങള്‍ക്കുള്ള നൂതന സാങ്കേതികവിദ്യയും വില്‍ക്കുന്നതിനായി 686 മില്യണ്‍ ഡോളറിന്റെ ഒരു പ്രധാന ആയുധ കരാറിന് അമേരിക്ക അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. ലിങ്ക്-16 സിസ്റ്റങ്ങള്‍, ക്രിപ്‌റ്റോഗ്രാഫിക് ഉപകരണങ്ങള്‍, ഏവിയോണിക്‌സ് അപ്‌ഡേറ്റുകള്‍, പരിശീലനം, സമഗ്രമായ ലോജിസ്റ്റിക്കല്‍ പിന്തുണ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നുവെന്ന് പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി യുഎസ് കോണ്‍ഗ്രസിന് അയച്ച കത്ത് ഉദ്ധരിച്ച് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

◾ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യക്ക് 51 റണ്‍സിന്റെ വമ്പന്‍ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 46 പന്തില്‍ 90 റണ്‍സെടുത്ത ക്വിന്‍ണ്‍ ഡി കോക്കിന്റെ മികവില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ  19.1 ഓവറില്‍ 162 റണ്‍സിന് ഓള്‍ ഔട്ടായി.  34 പന്തില്‍ 62 റണ്‍സുമായി പൊരുതിയ തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടത്തിനും ഇന്ത്യയെ വമ്പന്‍ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല.

◾ രാജ്യത്തെ മുന്‍നിര സ്വര്‍ണ പണയ എന്‍ബിഎഫ്‌സിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ വിപണി മൂല്യം 1.5 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലു പിന്നിട്ടു. 2025 ജൂണ്‍ 9നാണ് കമ്പനി ഒരു ട്രില്യണ്‍ രൂപയെന്ന മൂല്യത്തിലേക്ക് ആദ്യമായി എത്തിയത്. തുടര്‍ന്നുള്ള അഞ്ചു മാസങ്ങള്‍ കൊണ്ട് അടുത്ത 50,000 കോടി രൂപയെന്ന മൂല്യവും കൂട്ടിച്ചേര്‍ക്കുകയായിരുന്നു. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ 59-ാമത്തെ കമ്പനിയായി മുത്തൂറ്റ് ഫിനാന്‍സ് മാറി. ലിസ്റ്റു ചെയ്ത സാമ്പത്തിക സേവന കമ്പനികളില്‍ പന്ത്രണ്ടാം സ്ഥാനവും മുത്തൂറ്റ് ഫിനാന്‍സിനുണ്ട്. പണയമായി സ്വീകരിച്ചിട്ടുള്ള ആകെ സ്വര്‍ണം ഒരു വര്‍ഷം മുന്‍പുള്ള 199 ടണ്ണില്‍ നിന്ന് 209 ടണ്ണായി ഉയര്‍ന്നു. ഗ്രൂപ്പിന്റെ ആകെ ശാഖകള്‍ 7524 കേന്ദ്രങ്ങളിലേക്കു വിപുലീകരിക്കുകയും ചെയ്തു. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ 7,283 കോടി രൂപയാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ വരുമാനം. 2,412 കോടി രൂപയാണ് ഈ പാദത്തിലെ ലാഭം.

◾ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങിയ കുടുംബ ചിത്രം 'അമ്പലമുക്കിലെ വിശേഷങ്ങള്‍' ചിത്രത്തിന്റെ പുതിയ ഗാനം പുറത്തെത്തി. മലരേ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയത്. അരുള്‍ ദേവ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും നിഖില്‍ മാത്യുവും ചേര്‍ന്നാണ്. ഡിസംബര്‍ 12ന് ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്കെത്തും. അമ്പലമുക്ക് എന്ന നാട്ടിന്‍പുറത്തെ മനോഹരമായ കാഴ്ചകളും കുടുംബ ബന്ധങ്ങളും ഇഴചേരുന്ന ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, ലാല്‍, ഗണപതി എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ചന്ദ് ക്രിയേഷന്‍സിന്റെ ബാനറില്‍ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്നു. മേജര്‍ രവി, അസീസ് നെടുമങ്ങാട്, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മ്മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, ഹരികൃഷ്ണന്‍, മനോജ് ഗിന്നസ്, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍ ഉല്ലാസ് പന്തളം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഹണി റോസ് ചിത്രം 'റേച്ചല്‍' റിലീസ് മാറ്റിവെച്ചു. പുതിയ റിലീസ് തീയതി ഉടന്‍ പുറത്തുവിടുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം നവാഗതയായ ആനന്ദിനി ബാലയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഇറച്ചിവെട്ടുകാരിയായ കഥാപാത്രമായാണ് ഹണി റോസ് എത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. ഹണി റോസിനെ കൂടാതെ ബാബുരാജും റോഷന്‍ ബഷീറുമാണ് പ്രധാന വേഷങ്ങളില്‍. ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി കെ ജോണ്‍, ദിനേശ് പ്രഭാകര്‍, ഡേവിഡ്, പോളി വത്സന്‍, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ എത്തുന്നുണ്ട്. ഒരു റിവഞ്ച് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.

◾ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്‌സസില്‍ ആര്‍എക്‌സ്  350 എച്ച് നിരയിലേക്ക്  പുതിയ എസ് യുവിയായ എക്‌സ്‌ക്വിസിറ്റ്' ഗ്രേഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 89.99 ലക്ഷം രൂപ മുതല്‍ വിലയുള്ള ( എക്‌സ് ഷോറൂം) ഈ പുതിയ വേരിയന്റ് ഹൈബ്രിഡോട് കൂടിയ 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ആണ് വാഗ്ദാനം ചെയ്യുന്നത്. എട്ട് സ്പീഡ് ഇ-സിവിടി യൂണിറ്റുമായി ജോടിയാക്കിയ എന്‍ജിന്‍ 190 ബിഎച്ച്പിയും 242 എന്‍എം ടോര്‍ക്കുമാണ് പവറായി പുറപ്പെടുവിക്കുന്നത്. അകത്തളത്തില്‍ വിശാലമായ കാബിന്‍, ഇലക്ട്രിക് പവര്‍ ഉപയോഗിച്ച് ക്രമീകരിക്കാവുന്ന സീറ്റുകള്‍, ആംബിയന്റ് ലൈറ്റിങ് അടക്കം ആഡംബര സുഖസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 21സ്പീക്കര്‍ മാര്‍ക്ക് ലെവിന്‍സണ്‍ സൗണ്ട് സിസ്റ്റം, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്റര്‍, ക്രോസ്-ട്രാഫിക് അലര്‍ട്ട് തുടങ്ങിയ പ്രീമിയം സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നു. എട്ട് വര്‍ഷത്തെ വാഹന വാറണ്ടിയും അഞ്ച് വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സും ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

◾ അക്കാക്കയ്ക്കും അച്ഛമ്മയ്ക്കുമൊപ്പം കഥകള്‍ കേട്ട് കുട്ടിക്കാലം ചെലവഴിക്കുകയാണ് ഉണ്ണിനങ്ങ. കഥകള്‍ കേട്ടും അതു കൂട്ടുകാര്‍ക്കായി പറഞ്ഞുകൊടുത്തും ഉണ്ണിനങ്ങ ഭാവനാലോകമൊരുക്കുന്നു. അച്ഛനും അമ്മയും അടുത്തില്ലെന്ന സങ്കടം അകറ്റാനും ഒപ്പം സംശയങ്ങളിലൂടെ, അതിശയങ്ങളിലൂടെ, ചോദ്യങ്ങളിലൂടെ, കൊച്ചുകൊച്ച് അറിവുകളിലേക്കു വളരാനും ഉണ്ണിനങ്ങയ്ക്കു കഴിയുന്ന ആഹ്ലാദകരമായ കഥ കൊച്ചുവായനക്കാര്‍ക്കായി പങ്കുവെക്കുകയാണ് 'ഉണ്ണിനങ്ങയുടെ വീണാട്ടങ്ങള്‍'. ഷീല എന്‍.കെ. മാതൃഭൂമി. വില 119 രൂപ.

◾ പെണ്‍കുട്ടികള്‍ക്ക് സാധാരണ 14-15 വയസു വരെയും ആണ്‍കുട്ടികള്‍ക്ക് 16-18 വയസുവരെയുമാണ് പൊക്കം വെക്കുക. അതു കഴിഞ്ഞാല്‍ പിന്നെ പതിയെ പൊക്കം വെയ്ക്കുന്ന പ്രക്രിയ മന്ദഗതിയിലാകും. എന്നാലും പൊക്കമില്ലായ്മ പരിഹരിക്കാന്‍ ദിവസവും തൂണില്‍ തൂങ്ങിപ്പിടിച്ചു വ്യായാമം ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ വ്യായാമത്തിനൊപ്പം ദിവസവും അല്‍പം മുരിങ്ങ കൂടി ഡയറ്റില്‍ ചേര്‍ത്താല്‍ അത്ഭുതകരമായ വ്യത്യാസം മാസങ്ങള്‍ക്കുള്ളില്‍ കാണാനാകുമെന്നാണ് ഡയറ്റീഷ്യന്മാര്‍ അവകാശപ്പെടുന്നത്. എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു സൂപ്പര്‍ഫുഡ് ആണ് മുരിങ്ങ. ഇതില്‍ അടങ്ങിയ കാത്സ്യം, മഗ്നീഷ്യം എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും. രക്തത്തില്‍ കാത്സ്യത്തിന്റെ ആഗിരണം മികച്ചതാക്കാന്‍ മഗ്നീഷ്യം സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയ വിറ്റാനിന്‍ സി കൊളാജന്‍ നിര്‍മാണം വര്‍ധിപ്പിക്കും. ഇത് എല്ലുകളുടെയും ബന്ധിത കലകളുടെയും ആരോഗ്യത്തിന് അനിവാര്യമാണ്. വിറ്റാമിന്‍ എ കോശത്തിന്റെ തകരാറുകള്‍ പരിഹരിക്കും. ഇതില്‍ അടങ്ങിയ സിങ്ക് എല്ലുകളുടെ വികാസത്തിനും പരിക്കുകള്‍ പരിഹരിക്കപ്പെടുന്നത് വേഗത്തിലാക്കുകയും ചെയ്യുന്നു. ദിവസവും മുരിങ്ങ കഴിക്കുന്നതിനൊപ്പം പ്രോട്ടീനും കാത്സ്യവും അടങ്ങിയ ഭക്ഷണങ്ങളും വെള്ളവും നന്നായി കുടിക്കണം. ഇതിനൊപ്പം വ്യായാമത്തിലും ശ്രദ്ധിക്കണം. സ്‌ട്രെച്ചിങ്, യോഗയും തുങ്ങിപ്പിടിച്ചുള്ള വ്യായാമവും ഉള്‍പ്പെടുത്താം. ഇത് പോസ്ചര്‍ മെച്ചപ്പെടാന്‍ സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*
കാട്ടിലെ കേമനായിരുന്നു ആന.  പക്ഷേ, ആനയിപ്പോള്‍ പ്രായധിക്യത്താല്‍ ക്ഷീണിതനാണ്.  സങ്കടപ്പെട്ടിരിക്കുന്ന ആനയോട് പ്രാവ് ചോദിച്ചു: എന്താണ് പ്രശ്‌നം?  ആന പറഞ്ഞു:  തീറ്റ തേടാന്‍ ഇപ്പോള്‍ ബുദ്ധിമുട്ടായി. അന്ന് ആനയ്ക്ക് വേണ്ട അന്നം നല്‍കിയത് പ്രാവായിരുന്നു.  ഇത് കണ്ട് മയിലും ആനയ്ക്ക് വേണ്ടി അടുത്തദിവസം ഭക്ഷണമൊരുക്കി.  അതിനടുത്തദിവസം ആനയ്ക്ക് ഭക്ഷണം നല്‍കാമെന്ന് ഏറ്റത് ഒരു പഞ്ചവര്‍ണ്ണതത്തയായിരുന്നു.  തത്ത ആനക്കായി ഗംഭീരസദ്യതന്നെ തയ്യാറാക്കിയിരുന്നു.  പക്ഷേ, പിറ്റേന്ന് മുതല്‍ ആനയെകാണുമ്പോള്‍ മറ്റ് മൃഗങ്ങള്‍ കളിയാക്കി ചിരിക്കാന്‍ തുടങ്ങി.   ഇത്രയും പ്രതാപശാലിയായ ആന, പക്ഷികളുടെ വീട്ടില്‍ കയറിയിറങ്ങി ഭക്ഷണം കഴിക്കാനും മാത്രം അധഃപതിച്ചിരിക്കുന്നു.. ഇത് കേട്ട് വിഷമം തോന്നിയ ആന തന്റെ സങ്കടം സിംഹത്തോട് പങ്കുവെച്ചു.  സിംഹം പറഞ്ഞു: നീ അവസാനം ഭക്ഷണം കഴിച്ചത് പഞ്ചവര്‍ണ്ണതത്തയുടെ അടുത്തുനിന്നുമല്ലേ.. അതാണ് നിനക്ക് പറ്റിയ തെറ്റ്.. ബഹുവര്‍ണ്ണങ്ങളുണ്ടെങ്കിലും അതിന്റെ ഉളളിലിരുപ്പ് ശരിയല്ല... ആന അത് ശരിവെച്ചു. വര്‍ണ്ണത്തിളക്കമുളളവരെല്ലാം വിശ്വാസയോഗ്യരല്ല. കേള്‍ക്കാന്‍ ഇഷ്ടമുളള പലരും ഒപ്പം കൂടുന്നത് നമ്മെ സഹായിക്കാന്‍ വേണ്ടിയല്ല, അത് കേള്‍ക്കുന്നതിലൂടെയുളള സുഖം ആസ്വദിക്കുന്നതിന് വേണ്ടിയാണ്.   ആളുകളെ മനസ്സിലാക്കാന്‍ നമ്മുടെ ആയുസ്സ് മതിയാകില്ല.  എല്ലാം ആരുടേയും മുന്നില്‍ വിശദീകരിക്കേണ്ട ആവശ്യമില്ല.  എന്തു പറയുമ്പോഴും അവനവനെക്കുറിച്ചുളള ആത്മബോധം നമ്മുടെ ആത്മവിശ്വാസത്തെ രൂപപ്പെടുത്തും. - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right