Trending

സായാഹ്ന വാർത്തകൾ

2025 | ഡിസംബർ 11 | വ്യാഴം 
1201 | വൃശ്ചികം 25 |  പൂരം 

◾സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് . തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഉച്ചക്ക് രണ്ട് മണിയോടെ പോളിങ് 50 % കടന്നു. രണ്ടാം ഘട്ട പോളിംഗ് ദിവസവും എല്‍ഡിഎഫ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഉയര്‍ത്തി പിടിച്ചപ്പോള്‍ പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ പീഢന ആരോപണം ഉയര്‍ത്തി യുഡിഎഫ് പ്രതിരോധിച്ചു.

◾രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ലഭിച്ച പരാതി ആസൂത്രിതമാണെന്നാണ് യുഡിഎഫ് വിലയിരുത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പരാതിക്ക് പിന്നില്‍ ഒരു 'ലീഗല്‍ ബ്രെയിന്‍' ഉണ്ടെന്നും, ആ പരാതി എന്തിനാണ് തനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങള്‍ക്ക് കിട്ടിയതെന്നും അദ്ദേഹം ചോദിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്നും അദ്ദേഹം പറഞ്ഞു.

◾ലൈംഗിക വൈകൃത കുറ്റവാളികളെ 'വെല്‍ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ വന്നാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്നും ഇപ്പോള്‍ വന്നതിനേക്കാള്‍ അപ്പുറമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവന്നേക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട കെപിസിസി സണ്ണി ജോസഫിന്റെ പ്രതികരണത്തിലാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്മാര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചു.

◾രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്ന കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുലിനെതിരായ രണ്ടാമത്തെ പരാതി വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണെന്നും അത് അങ്ങനെ തന്നെയാണ് നല്‍കേണ്ടതെന്നും അതില്‍ ഒരു തെറ്റില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. അതേസമയം സിപിഎംമുന്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ട നീതിയാണ് സ്വീകരിച്ചതെന്നും 13 ദിവസം പരാതി പൂഴ്ത്തിവെച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

◾യുഡിഎഫ് വേട്ടക്കാര്‍ക്കൊപ്പമാണെന്ന് കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ കെ പി സി സി പ്രസിഡന്റ് ന്യായീകരിക്കുകയാണെന്നും നടിയ്ക്ക് നേരെയുണ്ടായ ആക്രമണക്കേസിലും യുഡിഎഫ് അതിജീവിതയ്ക്ക് ഒപ്പമല്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. രാഹുല്‍ വിഷയത്തില്‍ സണ്ണി ജോസഫിന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു ഗോവിന്ദന്‍.

◾രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളെ സ്ത്രീലമ്പടന്മാരെന്ന് പറഞ്ഞ് കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി രമേശ് ചെന്നിത്തല. സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി രണ്ടാഴ്ച കയ്യില്‍ വെച്ചിട്ടാണ് മുഖ്യമന്ത്രി ഈ വീമ്പു പറയുന്നതെന്നും തങ്ങളെ കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുതെന്നും രമേശ് ചെന്നിത്തല തുറന്നടിച്ചു. സ്ത്രീ പീഡകരെ പാര്‍ട്ടി കോടതിയില്‍ വിചാരണ ചെയ്ത്, അവര്‍ക്ക് പദവികള്‍ വാരിക്കോരി കൊടുക്കുന്ന മുഖ്യമന്ത്രിയാണ് വലിയ വര്‍ത്തമാനം പറയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

◾എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ഒരു ലൈംഗീകാരോപണം കൊണ്ടുവരിക എന്നത് മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ അടവാണെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രധാന പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് എല്ലാകാലത്തും പിണറായി നടത്താറുള്ളതെന്നും അതൊരു വിഫലശ്രമമാണെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസില്‍ രണ്ടാം പ്രതിയുടെ രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫും മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചത് ജോബി ജോസാണ് എന്നായിരുന്നു പരാതിക്കാരി ഉന്നയിച്ചിരുന്നത്. പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് മരുന്ന് എത്തിച്ചതെന്നാണ് ജോബിയുടെ വാദം. മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ജോബി ഹര്‍ജിയില്‍ പറയുന്നു.

◾സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതിയില്‍ ഒളിച്ചുകളിച്ച് ചലച്ചിത്ര അക്കാദമി. സംവിധായികയുടെ പരാതി അക്കാദമിക്ക് കിട്ടിയിരുന്നെന്ന് സമ്മതിച്ചെങ്കിലും തുടര്‍ നടപടി പരസ്യമാക്കാനാകില്ലെന്ന് വൈസ് ചെയര്‍പേഴ്സണ്‍ കുക്കു പരമേശ്വരന്‍  പ്രതികരിച്ചു. കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.

◾ഇടതുസഹയാത്രികനും മുന്‍എംഎല്‍എയും സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നിലപാട് വ്യക്തമാക്കി നടി മാലാ പാര്‍വതി. ഇദ്ദേഹം സഖാവായതിനാലും ഇടതുപക്ഷമായതിനാലും കൂടുതല്‍ ശക്തമായി അപലപിക്കുന്നുവെന്ന് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

◾നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കോടതിയില്‍ വിശ്വസിക്കുന്നു. കോടതിക്ക് അപ്പുറം ഒന്നും അറിയില്ല. നേരിട്ട് കുറ്റക്കാരായവരെ ശിക്ഷിച്ചു. എതിരഭിപ്രായം ഉള്ളവര്‍ക്ക് മേല്‍ കോടതിയെ സമീപിക്കാനുള്ള സംവിധാനം ഉണ്ടെന്നും സത്യന്‍ അന്തിക്കാട് പ്രതികരിച്ച.

◾തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിള്‍ വെടിക്കെട്ടെന്ന് മന്ത്രി കെ രാജന്‍. പൂരം വരാനിരിക്കുന്നതേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ അടൂര്‍ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നയം അല്ല എന്ന് എങ്ങനെ പറയാന്‍ പറ്റുമെന്ന് കെ രാജന്‍ ചോദിക്കുന്നു. യുഡിഎഫിന്റെ നയമല്ല പറഞ്ഞതെങ്കില്‍ യുഡിഎഫ് നടപടി എടുക്കണ്ടേയെന്ന് മന്ത്രി പ്രതികരിച്ചു.

◾തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകുമെന്ന് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കാര്‍ക്ക് തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ്. എല്‍ഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധവും എല്‍ ഡി എഫിന്റെ പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധവും ജനം തിരിച്ചറിയും എന്നും പറഞ്ഞു.

◾ഇന്ത്യയുടെ ജനാധിപത്യത്തെ രക്ഷിക്കാന്‍ പുതിയൊരു മുന്നേറ്റം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് അംഗം കെ.സി. വേണുഗോപാല്‍. ഏത് ആയുധമുപയോഗിച്ചും തങ്ങളെ അടിച്ചമര്‍ത്താനും ജയിലിലടയ്ക്കാനും ബിജെപി ശ്രമിക്കുമെങ്കിലും ജനകീയ മുന്നേറ്റം ഉയര്‍ന്നുവരികതന്നെ ചെയ്യുമെന്ന് ലോക്‌സഭയില്‍ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് വേണുഗോപാല്‍ പറഞ്ഞു.

◾വിസി നിയമന തര്‍ക്കത്തില്‍ കര്‍ശന ഇടപെടലുമായി സുപ്രീംകോടതി. സാങ്കേതിക, ഡിജിറ്റല്‍ സര്‍വ്വകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും. ജസ്റ്റിസ് ധൂലിയ സമിതിയോട് ഓരോ പേരുകള്‍ മുദ്രവച്ച കവറില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. വിസി നിയമനത്തില്‍ സമയവായത്തില്‍ എത്തിയില്ല എന്ന് നേരത്തെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും കേരള സര്‍ക്കാരും കോടതിയെ അറിയിച്ചിരുന്നു.

◾മസാല ബോണ്ട് ഇടപാടിലെ ഇ ഡി അഡ്ജ്യൂഡിക്കേഷന്‍ കമ്മിറ്റി നോട്ടീസിനെതിരെ കിഫ്ബി ഹൈക്കോടതിയെ സമീപിച്ചു. പ്രാഥമിക വാദം കേട്ട കോടതി ഹര്‍ജി ഇടക്കാല ഉത്തരവിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഹര്‍ജിയില്‍ അന്തിമ തീരുമാനമാകുംവരെ നോട്ടീസ് നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. മസാല ബോണ്ട് വഴി സമാഹരിച്ച പണം സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്കാണ് ഉപയോഗിച്ചതെന്നാണ് കിഫ്ബി വാദം.

◾തിരുവനന്തപുരം കടയ്ക്കാവൂര്‍ തൊപ്പിച്ചന്ത കണ്ണങ്കരയില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ശരീര അസ്ഥികൂടത്തിന് സമീപത്തായി തലയോട്ടിയും വസ്ത്രവും മുടിയും കണ്ടെത്തി. ശരീര അവശിഷ്ടങ്ങള്‍ക്ക് പത്തു ദിവസത്തോളം പഴക്കം വരുമെന്ന് പൊലീസ് അറിയിച്ചു. 75 വയസുള്ള ദേവദാസന്‍ എന്നയാളെ പത്ത് ദിവസമായി കാണാനില്ലെന്ന പരാതിയുണ്ട്. സമീപത്തുണ്ടായിരുന്ന കണ്ണാടിയും ചെരുപ്പും മരുമകന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

◾കൊല്ലം അഞ്ചലില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തവരാണ്. കരവാളൂര്‍ സ്വദേശികളായ ശ്രുതി ലക്ഷ്മി (16), ജ്യോതിലക്ഷ്മി (21), ഓട്ടോറിക്ഷ ഡ്രൈവര്‍ അക്ഷയ് (23) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

◾ഇന്‍ഡിഗോ സര്‍വീസ് പ്രതിസന്ധി ആസൂത്രിതമാണെന്ന സൂചനകള്‍ക്കിടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍. കമ്പനിക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി മുന്നറിയിപ്പ് നല്‍കി.

◾പാര്‍ലമെന്റില്‍ ശൈത്യകാല സമ്മേളനം തുടരുന്നതിനിടെ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയുടെ ബെര്‍ലിന്‍ യാത്രയെ വിമര്‍ശിച്ച് ബിജെപി. പ്രതിപക്ഷനേതാവെന്ന കടമ നിറവേറ്റുന്നതിനുപകരം വിദേശയാത്ര തിരഞ്ഞെടുക്കുന്ന രാഹുല്‍ പ്രതിപക്ഷ നേതാവല്ല, പര്യടനനേതാവാണെന്ന് ബിജെപി ദേശീയവക്താവ് ഷെഹ്സാദ് പൂനാവാല പരിഹസിച്ചു.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ കഴിഞ്ഞദിവസം നടന്ന 88 മിനിറ്റ് നീണ്ട കൂടിക്കാഴ്ച പാര്‍ലമെന്ററിനകത്ത് അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി. ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മിഷണറെ തിരഞ്ഞെടുക്കാനാണ് നേതാക്കള്‍ ചര്‍ച്ച നടത്തിയതെങ്കിലും കൂടിക്കാഴ്ച ഇത്രയും നീണ്ടുനില്‍ക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

◾ജഡ്ജിമാര്‍ വ്യക്തിപരമായ കവചംതീര്‍ക്കാനോ വിമര്‍ശനങ്ങളെ നിശ്ശബ്ദമാക്കാനുള്ള വാളായോ കോടതിയലക്ഷ്യ അധികാരത്തെ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. ജഡ്ജിമാരെ 'ഡോഗ് മാഫിയ' എന്നുവിളിച്ച് അധിക്ഷേപിച്ച സ്ത്രീക്ക് ഒരാഴ്ച തടവുശിക്ഷ വിധിച്ച ബോംബെ ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

◾ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ മകന്‍ ജോസ് ചാള്‍സ് മാര്‍ട്ടിന്‍ പുതുച്ചേരി കേന്ദ്രീകരിച്ച് രാഷ്ട്രീയ പാര്‍ട്ടി തുടങ്ങി. 'ജെസിഎം മക്കള്‍ മന്‍ട്രം' എന്ന സംഘടനയെ 'ലക്ഷ്യ ജനനായക കക്ഷി' എന്ന പേരില്‍ പാര്‍ട്ടിയായി പ്രഖ്യാപിക്കുകയായിരുന്നു. നടന്‍ വിജയ്യുടെ തമിഴക വെട്രി കഴകവുമായുള്ള സഖ്യസാധ്യതയാണ് ജോസ് ചാള്‍സ്തേടുന്നതെന്നാണ് സൂചന.

◾ഗോവയിലെ നിശാ ക്ലബ്ബിലുണ്ടായ അഗ്നിബാധയില്‍ 25 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തായ്ലാന്‍ഡിലേക്ക് മുങ്ങിയ ക്ലബ്ബ് ഉടമകള്‍ പിടിയില്‍. അഞ്ച് ദിവസത്തെ ഒളിവ് ജീവിതത്തിന് പിന്നാലെയാണ് സൗരഭ് ലുത്രയും സഹോദരന്‍ ഗൗരഭ് ലൂത്രയും തായ്ലാന്‍ഡിലെ ഫുകേതില്‍ അറസ്റ്റിലായത്. നോര്‍ത്ത് ഗോവയില്‍ ബിര്‍ച്ച് ബൈ റോമിയോ ലേന്‍ എന്ന നിശാക്ലബ്ബില്‍ ശനിയാഴ്ചയാണ് വലിയ അഗ്നിബാധയുണ്ടായത്.

◾വിമാന ജീവനക്കാര്‍ ഉള്‍പ്പെട്ട വന്‍ സ്വര്‍ണക്കടത്ത് സംഘം ചെന്നൈയില്‍ പിടിയില്‍. എമിറേറ്റ്സ് വിമാനത്തിലെ ജീവനക്കാരനായ ജയ്പൂര്‍ സ്വദേശി അടങ്ങുന്ന 5 പേരെയാണ് ചെന്നൈ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. വിമാന ജീവനക്കാരനില്‍ നിന്നായി 11.5 കോടി രൂപ വിലവരുന്ന 9.46 കിലോ സ്വര്‍ണം പിടികൂടി. വിമാനത്താവളത്തിലെ പരിശോധനയില്‍ നെഞ്ചിലും അരയിലും പ്രത്യേകം ബെല്‍റ്റുകളില്‍ ദ്രവരൂപത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കണ്ടെത്തുകയായിരുന്നു.

◾2024-ലെ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്തായതിനുശേഷം ബംഗ്ലാദേശ് ആദ്യമായി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു. അടുത്ത ദേശീയ തിരഞ്ഞെടുപ്പിന്റെ തീയതി ബംഗ്ലാദേശ് മുഖ്യ ഇലക്ഷന്‍ കമ്മിഷണര്‍ എ.എം.എം. നാസിറുദ്ദീന്‍ ഇന്ന് വൈകുന്നേരം ദേശീയചാനല്‍ വഴി.പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

◾വെനസ്വേലയുടെ പ്രസിഡന്റ് നിക്കൊളാസ് മദുറോയ്ക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കരീബിയന്‍ കടലില്‍ വെനസ്വേലയുടെ വമ്പന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്കന്‍ സേന. നാല് മാസമായി വെനസ്വേലയ്ക്ക് മേല്‍ പല രീതിയില്‍ നിരന്തര സമ്മര്‍ദ്ദം ചെലുത്തിയ ശേഷമാണ് നിലവിലെ നടപടി. ബുധനാഴ്ചയാണ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തതെന്നാണ് അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശദമാക്കിയത്.

◾അമേരിക്കയില്‍ സ്ഥിര താമസത്തിന് 'ട്രംപ് ഗോള്‍ഡ് കാര്‍ഡ്' വിസ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കി. വിദേശികള്‍ക്ക് ഒരു മില്യണ്‍ യുഎസ് ഡോളര്‍, ഏകദേശം 9 കോടി രൂപ നല്‍കി ട്രംപ് ഗോള്‍ഡ് കാര്‍ഡ് സ്വന്തമാക്കിയാല്‍ അവരുടെ വിസ അപേക്ഷ വേഗത്തിലാക്കാം.

◾യുഎസിന്റെ നിലപാടുകള്‍ ഇന്ത്യയെ റഷ്യയുമായി കൂടുതല്‍ അടുപ്പിക്കുകയാണെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍... പുതിനും ചേര്‍ന്നുള്ള കാര്‍യാത്രയ്ക്കിടെ പകര്‍ത്തിയ സെല്‍ഫിചിത്രം ഉയര്‍ത്തിക്കാണിച്ചാണ് കോണ്‍ഗ്രസ് അംഗം സിഡ്നി കാംലാഗര്‍ ഡോവ് ഇത്തരത്തില്‍ അഭിപ്രായം പ്രകടമാക്കിയത്.

◾പ്രശസ്ത ബ്രിട്ടീഷ് സീരീസ് 'പീക്കി ബ്ലൈന്‍ഡേഴ്സി'ലെ കഥാപാത്രങ്ങളെപ്പോലെ വസ്ത്രം ധരിച്ച് പൊതുസ്ഥലത്ത് നടന്നതിന് അഫ്ഗാനിസ്ഥാനിലെ നാല് യുവാക്കളെ പിടികൂടി തടവിലാക്കി. ഇവരെ പുനരധിവാസ തടങ്കലിലേക്കു മാറ്റി. എന്നാല്‍ നാല് പേരെയും ഔദ്യോഗികമായി അറസ്റ്റ് ചെയ്തിട്ടില്ല.

◾സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഗ്രാം വില 10 രൂപ കുറഞ്ഞ് 11,935 രൂപയും പവന്‍ വില 80 രൂപ കുറഞ്ഞ് 95,480 രൂപയിലുമെത്തി. 18 കാരറ്റിനും ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,815 രൂപയും പവന് 80 രൂപ കുറഞ്ഞ് 78,480 രൂപയുമായി. 14 കാരറ്റിന് ഗ്രാമിന് 7,645 രൂപയും ഒമ്പത് കാരറ്റിന് 4,935 രൂപയുമാണ് ഇന്ന് വില. യുഎസ് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് 4 ശതമാനത്തില്‍ നിന്നും 3.75 ശതമാനത്തിലേക്ക് കുറച്ചത് സ്വര്‍ണവില വീണ്ടും ഉയരാനുള്ള സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഔണ്‍സിന് 4170 ഡോളര്‍ വരെ പോയ അന്താരാഷ്ട്ര സ്വര്‍ണവില തിരിച്ചു കയറി 4245 ഡോളറിലേക്ക് എത്തുകയായിരുന്നു. ഇന്നിപ്പോള്‍ 4214 ഡോളറാണ് അന്താരാഷ്ട്ര വില. വെള്ളി വില ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 196 രൂപയായി. വെള്ളി വിലയില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ഒരു മാസത്തിനിടയില്‍ 15 ഡോളറിന്റെ വര്‍ധനയാണ് വെള്ളിയില്‍ രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വെള്ളി വില 62.45 ഡോളറിലാണ്.

◾ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ പരിശീലിപ്പിക്കുന്നതിനായി പകര്‍പ്പവകാശമുള്ള ഉള്ളടക്കങ്ങള്‍ ഉപയോഗിക്കുമ്പോള്‍, അതിന്റെ സ്രഷ്ടാക്കള്‍ക്ക് എ.ഐ കമ്പനികള്‍ റോയല്‍റ്റി നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ പാനല്‍. ഈ റോയല്‍റ്റി നിരക്കുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഒരു സമിതിയായിരിക്കും തീരുമാനിക്കുക. ഓപ്പണ്‍എഐ, ഗൂഗിള്‍ തുടങ്ങിയ ആഗോള കമ്പനികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനികള്‍ക്ക് ഇത് ബാധകമാകും. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് 'വണ്‍ നേഷന്‍, വണ്‍ ലൈസന്‍സ്, വണ്‍ പേയ്‌മെന്റ്: ബാലന്‍സിങ് എഐ ഇന്നൊവേഷന്‍ ആന്‍ഡ് കോപ്പിറൈറ്റ്' എന്ന വര്‍ക്കിംഗ് പേപ്പറില്‍ ഈ ശുപാര്‍ശ മുന്നോട്ട് വെച്ചത്. ചെറുകിട എഴുത്തുകാര്‍ക്കും സംഗീതജ്ഞര്‍ക്കും വാര്‍ത്താ പ്രസാധകര്‍ക്കും അവരുടെ ഉള്ളടക്കത്തിന് കൃത്യമായ പ്രതിഫലം ഉറപ്പാക്കാനും എ.ഐ കമ്പനികള്‍ക്ക് ഡാറ്റാ ലഭ്യത ഉറപ്പുവരുത്തി നവീകരണം പ്രോത്സാഹിപ്പിക്കാനും ഈ മാതൃക സഹായിക്കുമെന്നാണ് സര്‍ക്കാര്‍ പാനലിന്റെ വിലയിരുത്തല്‍.

◾മഹീന്ദ്ര അവരുടെ ഫ്‌ളാഗ്ഷിപ്പ് എസ്യുവിയായ എക്‌സ്യുവി 700നെ മുഖം മിനുക്കി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. പേരു പോലും എക്‌സ്യുവി 7എക്‌സ്ഒ എന്നു മാറ്റിയ ഈ മോഡല്‍ ജനുവരി അഞ്ചിന് വില്‍പനക്കെത്തും. നിലവില്‍ എക്‌സ്യുവി 700ന് മഹീന്ദ്ര 13.66 ലക്ഷം മുതല്‍ 23.71 ലക്ഷം രൂപ വരെയാണ്(എക്‌സ് ഷോറൂം) വിലയിട്ടിരിക്കുന്നത്. കൂടുതല്‍ പ്രീമിയം ഫീച്ചറുകളുമായെത്തുന്ന എക്‌സ്യുവി 7എക്‌സ്ഒക്ക് കൂടുതല്‍ വിലയും പ്രതീക്ഷിക്കാം. ഏകദേശം 14 ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെയാണ് എക്‌സ്യുവി 7എക്‌സ്ഒയുടെ പ്രതീക്ഷിക്കുന്ന വില. എക്‌സ്യുവി 700ന്റെ 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ തുടരാനാണ് സാധ്യത. 200എച്ച്പി, 380എന്‍എം, 2.0 ലീറ്റര്‍ ടര്‍ബോ പെട്രോളില്‍ 6 സ്പീഡ് മാനുവല്‍/ 6 സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍. 185എച്ച്പി, 450എന്‍എം, 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനിലും ഇതേ ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണുള്ളത്. ഡീസലില്‍ ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനും സാധ്യതയുണ്ട്. ബിഎന്‍സിപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ നേടിയിട്ടുണ്ട്.

◾ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുമെന്ന് വിദഗ്ധര്‍. ശൈത്യകാലത്ത് ഹൃദയത്തിലെ രക്തക്കുഴലുകള്‍ ചുരുങ്ങുന്നു. ഇത് സ്വഭാവികമായും രക്തസമ്മര്‍ദം വര്‍ധിക്കുന്നതിലേക്ക് നയിക്കുന്നു. ഇത് ഹൃദയത്തിന് അധിക സമ്മര്‍ദമുണ്ടാക്കുകയും കൂടുതല്‍ രക്തം പമ്പ് ചെയ്യേണ്ടതായി വരികയും ചെയ്യുന്നു. ഇത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ഈ കാലത്ത് രക്തം കട്ടപിടിക്കാനുള്ള പ്രവണത കൂടുതലായിരിക്കും. ഇത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും. അണുബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന സമയമാണ് ശൈത്യകാലം. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും രക്തം കട്ടപിടിക്കാനുള്ള പ്രവണ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കാം. ശൈത്യകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നത്, രക്തത്തിലെ ജലാംശം കുറയാനും നിര്‍ജ്ജലീകരണത്തിനും കാരണമാകുന്നു. ഇത് രക്തം കട്ടിയുള്ളതാക്കുകയും ഹൃദയത്തിന് സമ്മര്‍ദം ഉണ്ടാക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് മിതമായ വ്യായാമം എല്ലാ കാലാവസ്ഥയിലും പ്രധാനമാണ്. എന്നാല്‍ ശൈത്യകാലത്ത് പലരും വ്യായാമം മുടക്കുകയും വീടിനുള്ളില്‍ കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്യുന്നു. ഉദാസീനമായ ജീവിതശൈലി ശരീരത്തില്‍ രക്തയോട്ടം കുറയ്ക്കാനും പ്രതിരോധശേഷി മോശമാകാനും കാരണമാകുന്നു. ഇത് ഹൃദയസംബന്ധമായ അപകടസാധ്യത നിശബ്ദമായി വര്‍ധിക്കാന്‍ കാരണമാകുന്നു. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തണുപ്പുകാലത്ത് കഴിക്കുന്നത് ശരീരത്തില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത് ഹൃദയസംബന്ധമായ അപകടങ്ങളിലേക്ക് നയിക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 90.40, പൗണ്ട് - 120.87, യൂറോ - 104.78, സ്വിസ് ഫ്രാങ്ക് - 113.08, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 60.80, ബഹറിന്‍ ദിനാര്‍ - 239.89, കുവൈത്ത് ദിനാര്‍ -294.69, ഒമാനി റിയാല്‍ - 235.18, സൗദി റിയാല്‍ - 24.10, യു.എ.ഇ ദിര്‍ഹം - 24.47, ഖത്തര്‍ റിയാല്‍ - 24.95, കനേഡിയന്‍ ഡോളര്‍ - 65.47.
Previous Post Next Post
3/TECH/col-right