2025 | ഡിസംബർ 12 | വെള്ളി
1201 | വൃശ്ചികം 26 | ഉത്രം
◾ ലോകഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി നാളെ ഇന്ത്യയിലെത്തും. നാലുനഗരങ്ങളില്‍ മൂന്നുദിവസം വിവിധ പരിപാടികളില്‍ മെസ്സി പങ്കെടുക്കും. ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തിനായ് നാളെ പുലര്‍ച്ചെ ഒന്നരയോടെ കൊല്‍ക്കത്തയിയിലെത്തുന്ന മെസി വിവിധ പരിപാടികള്‍ക്കുശേഷം നാളെ ഉച്ചതിരിഞ്ഞ് ഹൈദരാബാദിലേക്കു തിരിക്കും. അവിടെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ചില പരിപാടികളില്‍ പങ്കെടുത്തശേഷം ഞായറാഴ്ച ഉച്ചയോടെ മുംബൈയിലെത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങും.
◾ ത്രിദിന സന്ദര്‍ശനത്തിനായ് ഇന്ത്യയിലെത്തുന്ന മെസ്സിയെ കാണാനും കൂടെനിന്ന് ഫോട്ടോ എടുക്കാനും ആരാധകര്‍ക്ക് അവസരം. എന്നാല്‍ ഇതിനായി പത്ത് ലക്ഷം രൂപ മുടക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 10 ലക്ഷത്തിന്റെ പ്രീമിയം ടിക്കറ്റെടുത്താല്‍ ആരാധകര്‍ക്ക് മെസ്സിയെ കണ്ട് കൈകൊടുക്കുകയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്യാം. എന്നാല്‍ 100 പേര്‍ക്ക് മാത്രമേ ഈ അവസരമുള്ളൂ. ഇപ്പോഴത്തെ ക്ലബ്ബായ ഇന്റര്‍ മയാമിയിലെ സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരും കൂടെയുണ്ടാകുമെന്നാണ് വിവരം.
◾ മൂനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മുനമ്പം കമ്മീഷന്റെ പ്രവര്‍ത്തനം തുടരാമെന്നും അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് തടയണമെന്ന വഖഫ് സംരക്ഷണ വേദി നല്‍കിയ അപ്പീലിലാണ് കോടതിയുടെ നടപടി. സംസ്ഥാന സര്‍ക്കാര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് നല്‍കി. ജനുവരി 27ന് കേസ് വീണ്ടും പരിഗണിക്കും.
◾ നടി ആക്രമിക്കപ്പെട്ട കേസിന്റെ കോടതി നടപടികളെ കുറിച്ച് വളച്ചൊടിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനെതിരെ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് മാധ്യമങ്ങള്‍ക്കും അഭിഭാഷകര്‍ക്കും മുന്നറിയിപ്പ് നല്‍കി. കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികള്‍ക്ക് കാരണമാകുമെന്ന് ജഡ്ജി വ്യക്തമാക്കി. തന്നെക്കുറിച്ച് വ്യക്തിപരമായി വരുന്ന ലേഖനങ്ങളില്‍ തനിക്ക് പ്രശ്നമില്ല. എന്നാല്‍, കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോര്‍ട്ടിംഗുകള്‍ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജഡ്ജി പറഞ്ഞു. കേസിന്റെ കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്യുകയോ, മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജഡ്ജി മുന്നറിയിപ്പ് നല്‍കി.
◾ നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധി ഉടന്‍. 6 പ്രതികളുടെ ശിക്ഷാവിധിയാണ് ഇന്ന് പ്രഖ്യാപിക്കുക. പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും കോടതിയിലെത്തിച്ചത്. വീട്ടില്‍ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ കോടതിയെ അറിയിച്ചു. രണ്ടാം പ്രതി മാര്‍ട്ടിന്‍ താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു. മൂന്നാം പ്രതി മണികണ്ഠന്‍ കോടതിയെ അറിയിച്ചത് മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ്. കുടുംബ പശ്ചാത്തലം പറഞ്ഞ് തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്നാണ് നാലാം പ്രതി വിജീഷ് കോടതിക്ക് മുന്നില്‍ പറഞ്ഞത്. കേസിലെ അഞ്ചാം പ്രതി വടിവാള്‍ സലിമും പറഞ്ഞത് താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ്. ആറാം പ്രതി പ്രദീപ് കരഞ്ഞുകൊണ്ടാണ് കോടതിയില്‍ സംസാരിച്ചത്. പ്രതികളോട് സംസാരിച്ചതിന് ശേഷം, പങ്കാളിത്തം അനുസരിച്ചല്ലേ ശിക്ഷ വേണ്ടത് എന്നായിരുന്നു കോടതിയുടെ ചോദ്യം.
◾ തനിക്കെതിരെ രൂക്ഷമായ സൈബര്‍ അധിക്ഷേപം നടക്കുന്നുവെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. വ്യക്തി അധിക്ഷേപവും നുണ പ്രചരിപ്പിക്കലും ഉണ്ടാകുന്നുവെന്നും അഭിഭാഷക മാധ്യമങ്ങളോട് വ്യക്തമാക്കി. വക്കാലത്ത് അവസാനിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും ടി ബി മിനി വ്യക്തമാക്കി. പച്ചക്കള്ളം പറഞ്ഞുള്ള സൈബര്‍ അധിക്ഷേപമാണ് നടക്കുന്നതെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു.
◾ നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം ലഭിക്കണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി അജകുമാര്‍. എട്ടാം പ്രതിയായ ദിലീപിനെതിരെയും ശക്തമായ തെളിവുകള്‍ ഹാജരാക്കിയെന്നാണ് വിശ്വസിക്കുന്നത്. എട്ടാം പ്രതി കുറ്റവിമുക്തമാക്കപ്പെട്ടത് എന്തുകൊണ്ടെന്ന് വിധി ന്യായം പരിശോധിച്ച ശേഷം മനസ്സിലാക്കും. വിധിന്യായം കാണാതെ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് പറയുന്നവരോട് സഹതപിക്കാന്‍ മാത്രമേ കഴിയൂവെന്നും കൂട്ടിച്ചേര്‍ത്തു.
◾ തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. കഴിഞ്ഞ 51 വര്‍ഷമായി മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്ന തന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്താണ് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.
◾ തദ്ദേശ തെരഞ്ഞെടുപ്പിലെ പോരാട്ടത്തിനിടെ തലസ്ഥാന സിപിഎമ്മില്‍ പൊട്ടിത്തറിയെന്ന് വിവരം. വോട്ടെടുപ്പിന് മുന്‍പ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് - ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ നേതാക്കള്‍ തമ്മിലെ വാഗ്വാദവും പോര്‍വിളിയുമുണ്ടായിയെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു തര്‍ക്കങ്ങളത്രയും എന്നാണ് വിവരം.
◾ തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂല ജനവിധി ഉണ്ടാകുമെന്നും ഭരണത്തുടര്‍ച്ചയിലേക്കുള്ള കാല്‍വെയ്പാകും ഫലമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ജനങ്ങള്‍ ജീവിത അനുഭവങ്ങളെ മുന്‍ നിര്‍ത്തി വോട്ട് ചെയ്യുമെന്നും അത് ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്നും ശബരിമല വിഷയം ജനം തിരിച്ചറിവോടെ പരിശോധിക്കുമെന്നും കുറ്റക്കാരെ പിടികൂടുന്നതില്‍ സര്‍ക്കാരിന് അമാന്തമില്ലെന്നും ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നും മറച്ചു വെയ്ക്കാനില്ലെന്നും എംഎ ബേബി പറഞ്ഞു.
◾ സ്ത്രീലമ്പടന്‍' പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസിനെതിരായ സ്ത്രീലമ്പടന്‍ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി സ്വയം പ്രതിരോധത്തില്‍ ആവുകയാണ് ചെയ്തതെന്ന് കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മുഖം വികൃതമായി. ആരാണ് ഈ ഉപദേശങ്ങള്‍ നല്‍കുന്നത്. മുഖ്യമന്ത്രി ആക്രമിച്ചാല്‍ കോണ്‍ഗ്രസ് ഭയക്കില്ല. സിപിഎമ്മിനെ കുറിച്ചും വിലയിരുത്താനുള്ള ഒന്നായി മുഖ്യമന്ത്രിയുടെ പ്രസ്താവന മാറി. രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് ക്ലിയര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഡിസംബര്‍ 18 ന് ജാമ്യഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ആദ്യമായിട്ടാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജാമ്യാപേക്ഷ നല്‍കുന്നത്. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികള്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും അപ്പോഴൊന്നും ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല.
◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. കട്ടിളപ്പാളി കേസില്‍ പത്മകുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതിയാണ് തള്ളിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹര്‍ജിയില്‍ പറയുന്നത്.
◾ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ മുന്നറിയിപ്പുമായി മുസ്ലീം ലീഗ്. നേതാക്കള്‍ അപക്വമായ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും, ഇത്തരം പ്രസ്താവനകള്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന് ആലോചിക്കണമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും മുസ്ലീം ലീഗിന്റെ ഔദ്യോഗിക നിലപാടാണ് വ്യക്തമാക്കുന്നതെന്നും പിഎംഎ സലാം അറിയിച്ചു.
◾ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ വിവരം. ഒക്ടോബര്‍ 22 നാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിനായി പത്തനംതിട്ടയില്‍ എത്തിയത്.രാഷ്ട്രപതിയുമായി പത്തനംതിട്ട പ്രമാടത്ത് ഇറങ്ങിയ വ്യോമസേനയുടെ ഹെലികോപ്ടറിന്റെ ടയറുകള്‍ പുതുതായി തയ്യാറാക്കിയ ഹെലിപ്പാഡിന്റെ കോണ്‍ക്രീറ്റില്‍ താഴുകയായിരുന്നു. രാഷ്ട്രപതി ഇറങ്ങിയ ശേഷം പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് കോപ്റ്റര്‍ തള്ളി മാറ്റുകയായിരുന്നു.
◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ അന്വേഷിച്ചിരുന്ന ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി. എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാനിയാണ് അന്വേഷണ ഉദ്യോഗസ്ഥ. രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗകേസിന്റെ അന്വേഷണ ചുമതലയും എസ്പി പൂങ്കുഴലിക്കാണ്.
◾ പീഡകരിലും ക്രിമിനലുകളിലും ഇടതെന്നും വലതെന്നും ഒരു വ്യത്യാസവുമില്ലെന്ന് ഡോ. സൗമ്യ സരിന്‍. പിടി കുഞ്ഞുമുഹമ്മദിനെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു പ്രതികരണം. രൂപത്തിലും ഭാവത്തിലും വ്യത്യാസം ഉണ്ടെന്നേ ഉള്ളുവെന്നും മനസ്സാക്ഷിയുള്ള ഒരു പാര്‍ട്ടിക്കാരനും അത് സാധിക്കില്ലെന്നും കൃത്യമായ അന്വേഷണങ്ങളിലൂടെ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് എതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍, പുറം ലോകം കാണിക്കാതെ അകത്തിടാനുള്ള നിയമവും നെഞ്ചുറപ്പുമാണ് ആവശ്യമെന്നും കേരളത്തിലെ സര്‍ക്കാരും നിയമസംവിധാനവും അത് കാണിക്കും എന്ന് തന്നെ വിശ്വസിക്കുന്നുവെന്നും ഡോ. സൗമ്യ സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു
◾ മൂന്നാര്‍ കുണ്ടളയില്‍ കടുവ ഇറങ്ങി എന്ന പേരില്‍ നടക്കുന്നത് വ്യാജപ്രചരണമെന്ന് വനംവകുപ്പ്. പ്രചരിക്കുന്ന ദൃശ്യങ്ങള്‍ നാലുവര്‍ഷം മുമ്പുള്ളതാണെന്നും ഈ ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ലെന്നും ഛത്തീസ്ഗഡ് ബിജാപൂരില്‍ 2021ല്‍ ഇറങ്ങിയ കടുവയും കുഞ്ഞുങ്ങളുമാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്നും വനംവകുപ്പ് വിശദീകരിച്ചു. അനാവശ്യമായി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കി.
◾ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതിനും ഇരട്ടവോട്ട് ചെയ്യാന്‍ ശ്രമിച്ചതിനും രണ്ടു പേര്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായി. പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഇരട്ട വോട്ടിന് ശ്രമിച്ച യുവതിക്കും മൊറയൂര്‍ ഗ്രാമപഞ്ചായത്തില്‍ ആളുമാറി വോട്ട് രേഖപ്പെടുത്തിയ യുവാവിനുമെതിരെയാണ് കേസ്. സ്ഥാനാര്‍ഥികളുടെ ബൂത്ത് ഏജന്റുമാരുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഫലപ്രദമായ ഇടപെടലോടെയാണ് സംഭവങ്ങള്‍ പുറത്തായത്.
◾ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കായി പാരഡി പാട്ടുണ്ടാക്കിയതിന് പ്രതിഫലം ലഭിച്ചില്ലെന്ന് ഗായകന്‍ അന്‍വര്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പണം ലഭിച്ചില്ലെന്ന് ഗായകന്‍ പറഞ്ഞു. പണം ലഭിക്കാത്തതില്‍ മുന്നറിയിപ്പായി മറ്റൊരു പാരഡി പാട്ടും ഗായകന്‍ പുറത്തിറക്കി. ആദ്യത്തെ നാല് വരിയാണ് ഇപ്പോള്‍ പുറത്തിറക്കുന്നതെന്നും ഇനിയും പണം ലഭിച്ചില്ലെങ്കില്‍ പേര് വെളിപ്പെടുത്തി പാട്ടിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ മലയാറ്റൂരില്‍ 19 വയസുകാരി ചിത്രപ്രിയയെ ആണ്‍ സുഹൃത്ത് അലന്‍ തലക്കടിച്ച് കൊന്നത് കൃത്യമായ ആസൂത്രണത്തോടെയെന്നും കൊലയ്ക്ക് മുന്‍പ് ഇരുവര്‍ക്കുമിടയില്‍ രൂക്ഷമായ തര്‍ക്കമുണ്ടായതായും പൊലീസ് വ്യക്തമാക്കി. നേരത്തെ മുതലേ ശല്യം ചെയ്ത അലനെ പെണ്‍കുട്ടി അകറ്റി നിര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.അതേസമയം പൊലീസ് കണ്ടെത്തലുകളില്‍ സംശയമുന്നയിച്ച് കൊല്ലപ്പെട്ട ചിത്രപ്രിയയുടെ ബന്ധു ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ടു. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ചിത്രപ്രിയ അല്ല എന്നാണ് ബന്ധു ശരത് ലാല്‍ പറയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുവെന്നും പൊലീസ് പറഞ്ഞ പല കാര്യങ്ങളിലും കളവുണ്ടെന്നും ശരത് ലാല്‍ പറയുന്നു.
◾ ജീവപര്യന്തം തടവുകാരനെ ജയിലിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സംഭവം. ഹരിദാസ് എന്നയാളാണ് മരിച്ചത്. 58 വയസ്സായിരുന്നു. ജയില്‍ വര്‍ക്ക്ഷോപ്പിനുള്ളിലാണ് ഇയാള്‍ ജീവനൊടുക്കിയത്. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
◾ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ലോക്സഭാ അംഗങ്ങളുടെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ ശശി തരൂര്‍. തുടര്‍ച്ചയായ മൂന്നാം തവണയാണ് തരൂര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഡിസംബര്‍ 19 ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിനു മുമ്പ്, ഇതുവരെയുള്ള പ്രകടനം അവലോകനം ചെയ്യുന്നതിനും ബിജെപിക്കെതിരായ ആക്രമണങ്ങള്‍ പുനഃക്രമീകരിക്കുന്നതിനുമായി രാഹുല്‍ ഗാന്ധിയാണ് ഇന്ന് രാവിലെ കോണ്‍ഗ്രസിന്റെ 99 എംപിമാരെ യോഗത്തിന് ക്ഷണിച്ചത്.
◾ തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഓഫീസറായ സുപ്രിയ സാഹുവിന് 2025-ലെ യുണൈറ്റഡ് നേഷന്‍സിന്റെ പരമോന്നത പരിസ്ഥിതി ബഹുമതിയായ 'ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത്' പുരസ്‌കാരം ലഭിച്ചു. പരിസ്ഥിതിക്കായി പ്രചോദനമാകുന്ന പ്രവര്‍ത്തന വിഭാഗത്തിലാണ് സുപ്രിയ സാഹുവിനെ യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം തിരഞ്ഞെടുത്തത്.
◾ സര്‍ക്കാര്‍ പദ്ധതികളോ സാമ്പത്തിക പ്രോത്സാഹനങ്ങളോ അല്ല, പ്രത്യയശാസ്ത്രമാണ് സംസ്ഥാനത്തെ വോട്ടിംഗ് രീതികളെ നിര്‍ണയിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. 10,000 രൂപയോ ഒരു ലക്ഷം രൂപയോ ആകട്ടെ, എത്ര പണം വാഗ്ദാനം ചെയ്താലും ഒരു മുസ്ലീം വോട്ടര്‍ ഒരിക്കലും തനിക്ക് വോട്ട് ചെയ്യില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2026 ലെ അസം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി 21 ലക്ഷം സ്ത്രീകള്‍ക്ക് 10,000 രൂപ വീതം കൈമാറുന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മഹിള റോസ്ഗര്‍ യോജനയ്ക്ക് സമാനമായ എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ബിജെപി മുഖ്യമന്ത്രിയുടെ മറുപടി.
◾ ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. നാല് ഫ്ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ ഡിജിസിഎ നീക്കം ചെയ്തു. എയര്‍ലൈന്‍സ് സുരക്ഷ, പ്രവര്‍ത്തനക്ഷമത എന്നിവയുടെ മേല്‍നോട്ട ഉത്തരവാദിത്വം ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. അതേസമയം, ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വിശദീകരണം നല്‍കാന്‍ കമ്പനി സിഇഒയെ വീണ്ടും വിളിപ്പിച്ച് ഡിജിസിഎ. നാലംഗ സമിതിക്ക് മുന്നില്‍ ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് ഹാജരാകണമെന്നാണ് നിര്‍ദേശം.
◾ മദ്യപിച്ച് സൈക്കിളോടിച്ചതിന് പിന്നാലെ ജപ്പാനില്‍ ഏകദേശം 900 പേരുടെ കാര്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കി. കാറോടിക്കുമ്പോള്‍ ഇവര്‍ അപകടം വരുത്താനുള്ള സാധ്യതയുണ്ട് എന്ന് കാണിച്ചാണ് ഇവരുടെ ലൈസന്‍സ് റദ്ദ് ചെയ്തിരിക്കുന്നത്. സൈക്കിള്‍ യാത്രക്കാര്‍ക്ക് കര്‍ശനമായ പിഴ ചുമത്തുന്ന ട്രാഫിക് നിയമങ്ങള്‍ അടുത്തിടെയാണ് ജപ്പാനില്‍ നിലവില്‍ വന്നത്.
◾ അണ്ടര്‍ 19 ഏഷ്യാകപ്പില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി. ടൂര്‍ണമെന്റില്‍ യുഎഇക്കെതിരായ ഉദ്ഘാടന മത്സരത്തിലാണ് താരം തകര്‍ത്തടിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ വൈഭവ് 171 റണ്‍സെടുത്താണ് പുറത്തായത്. 56 പന്തില്‍ നിന്നാണ് താരം സെഞ്ചുറി തികച്ചത്. 14സിക്സറുകളും 9 ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
◾ വിദേശ പരമ്പരകള്‍ക്കായി പോകുന്ന ഇന്ത്യന്‍ താരങ്ങളില്‍ പലരും തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് മന്ത്രിയുമായ റിവാഭ ജഡേജ. എന്നാല്‍ തന്റെ ഭര്‍ത്താവായ രവീന്ദ്ര ജഡേജ ഇത്തരം കാര്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും റിവാബ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു. എന്നാല്‍ റിവാബയുടെ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശമനമാണ് ഉയര്‍ന്നത്. ജഡേജയൊഴികെ മറ്റ് താരങ്ങളെയെല്ലാം സംശയമുനയില്‍ നിര്‍ത്തുന്നതാണ് റിവാബയുടെ പ്രസ്താവന എന്നാണ് വിലയിരുത്തല്‍. ഏതൊക്കെ താരങ്ങളാണ് ഇത്തരത്തില്‍ തെറ്റായ വഴിയിലൂടെ പോകുന്നതെന്ന് റിവാബ തെളിച്ചു പറയണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.
◾ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ മുന്നേറ്റം. ഗ്രാം വില ഒറ്റയടിക്ക് 175 രൂപ വര്‍ധിച്ച് 12,160 രൂപയിലെത്തി. പവന്‍ വില 1,400 രൂപ വര്‍ധിച്ച് 97,280 രൂപയിലുമെത്തി. ഒക്ടോബര്‍ 17ന് കുറിച്ച് റെക്കോഡ് റേറ്റായ 97,360 രൂപയ്ക്ക് തൊട്ടരികെ എത്തിയിരിക്കുകയാണ് ഇതോടെ പവന്‍ വില. അന്താരാഷ്ട്ര സ്വര്‍ണവില ഇന്ന് ഔണ്‍സിന് 4,270 ഡോളറും രൂപയുടെ വിനിമയ നിരക്ക് 90.46 ലുമാണ്. രൂപ കൂടുതല്‍ ദുര്‍ബലമായതാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില ഇത്രമാത്രം ഉയരാന്‍ ഇടയാക്കിയത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചതും സ്വര്‍ണത്തെ വീണ്ടും കുതിപ്പിലാക്കി. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് റെക്കോഡിലാണ്. ഗ്രാമിന് 10,060 രൂപ. പവന്‍ വില 80,480 രൂപയുമായി. ഒക്ടോബര്‍ 17ന് കുറിച്ച ഗ്രാമിന് 10,005 രൂപ എന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. 14 കാരറ്റിന് ഗ്രാമിന് 115 രൂപ വര്‍ധിച്ച് 7,790 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 5,025 രൂപയുമായി. ഇന്ന് വെള്ളി വില ചരിത്രത്തില്‍ ആദ്യമായി 200 രൂപ കടന്നു. വെള്ളി വില ഗ്രാമിന് 201 രൂപയാണ്. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഇന്ന് 1,05,000 രൂപയ്ക്ക് മുകളില്‍ നല്‍കണം.
◾ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ പരിശീലിപ്പിക്കുന്നതിനായി തങ്ങളുടെ കോപ്പീറൈറ്റുള്ള ഉള്ളടക്കം വന്‍തോതില്‍ പകര്‍ത്തിയെന്ന ഗുരുതരമായ ആരോപണവുമായി ഡിസ്നി ഗൂഗിളിനെതിരെ രംഗത്ത്. വന്‍ പകര്‍പ്പവകാശ ലംഘനമാണ് ആരോപിച്ച് ഗൂഗിളിന്റെ ജനറല്‍ കൗണ്‍സിലിന് ഡിസ്നിയുടെ അഭിഭാഷകര്‍ കത്ത് അയച്ചു. ഇത് ഉടന്‍ നിര്‍ത്തലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 'ഫ്രോസണ്‍', 'ദ ലയണ്‍ കിംഗ്', 'മോവാന', 'ഗാര്‍ഡിയന്‍സ് ഓഫ് ദ ഗാലക്‌സി', 'സ്റ്റാര്‍ വാര്‍സ്' തുടങ്ങിയ പ്രമുഖ ഡിസ്‌നി ഫ്രാഞ്ചൈസികളിലെ കഥാപാത്രങ്ങളെ അനുകരിക്കുന്ന ഉള്ളടക്കം ഗൂഗിളിന്റെ എ.ഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് അനുമതിയില്ലാതെ നിര്‍മ്മിക്കുന്നതായാണ് ആരോപണം. ഡിസ്നിയുടെ പ്രശസ്തമായ കഥാപാത്രങ്ങളെ വന്‍തോതില്‍ പുനഃസൃഷ്ടിച്ച് വിതരണം ചെയ്യുന്ന ഒരു 'വെര്‍ച്വല്‍ വെന്‍ഡിംഗ് മെഷീന്‍' ആയാണ് ഗൂഗിള്‍ ജെമിനി പ്രവര്‍ത്തിക്കുന്നത്. അതേസമയം തങ്ങളുടെ എ.ഐ മോഡലുകളെ പൊതുവായി ലഭ്യമായ വിവരങ്ങളില്‍ നിന്നാണ് പരിശീലിപ്പിക്കുന്നതെന്നും ഡിസ്നിയുമായി നല്ല ബന്ധം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും ഗൂഗിള്‍ പ്രതികരിച്ചു.
◾ ഡിസി കോമിക്സിന്റെ സൂപ്പര്‍ഹീറോ ചിത്രം 'സൂപ്പര്‍ഗേള്‍' ടീസര്‍ ട്രെയിലര്‍ എത്തി. ഹൗസ് ഓഫ് ദ് ഡ്രാഗണ്‍സില്‍ റെനിറ ടാര്‍ഗേറിയന്റെ ചെറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ മില്ലി അല്‍കോക്ക് ആണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. 'ക്രുവല്ല' സിനിമയുടെ സംവിധായകനായ ക്രെയ്ഗ് ഗില്ലെസ്പിയാണ് സംവിധാനം. ലോബോയായി ജേസണ്‍ മൊമൊവ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരാകര്‍ഷണം. ടീസര്‍ ട്രെയിലറിലും ഈ കഥാപാത്രത്തെ കാണാം. സൂപ്പര്‍മാന്‍ ആയി ഡേവിഡ് കോരെന്‍സ്വെറ്റും അതിഥിവേഷത്തില്‍ എത്തിയേക്കും. ജയിംസ് ഗണ്‍ ആണ് നിര്‍മാണം. ചിത്രം അടുത്ത വര്‍ഷം ജൂണ്‍ 26ന് തിയറ്ററുകളിലെത്തും.
◾ പ്രശസ്ത നടന്‍ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും' കേരളാ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തില്‍ ആണ് ചിത്രം ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. രവിശങ്കറിന്റെ തിരക്കഥയില്‍, രാജേഷ് മാധവന്‍ സംവിധാനം ചെയ്ത ചിത്രം, 2026 ജനുവരിയില്‍ തീയേറ്ററുകളിലെത്തും. സാമൂഹിക- ആക്ഷേപ ഹാസ്യം എന്ന ജോണറില്‍ ഒരുക്കിയ ചിത്രത്തില്‍, സുട്ടു എന്ന നായയും നൂറോളം പുതുമുഖ അഭിനേതാക്കളും പരിശീലനം ലഭിച്ച നാനൂറിലധികം മൃഗങ്ങളും ആണ് അഭിനയിച്ചിരിക്കുന്നത്. പട്ടട എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഗോപാലന്‍ മാസ്റ്റര്‍, ചാരുലത, ബാബുരാജ്, ബാബുരാജിന്റെ നായയായ സുട്ടു എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധവും ചിത്രത്തിന്റെ ഇതിവൃത്തത്തിന്റെ ഭാഗമാണ്.
◾ ടാറ്റ മോട്ടോഴ്‌സ് ഹാരിയറിന്റെ പെട്രോള്‍ വേരിയന്റ് ഇറക്കുന്നു. അതിനുശേഷം സഫാരിയുടെ പെട്രോള്‍ വേരിയന്റ് അടുത്തതായി വരും. ഇതുവരെ, ഈ രണ്ട് വാഹനങ്ങളും ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ എഞ്ചിനുകളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഹാരിയറിന്റെ പെട്രോള്‍ വേരിയന്റ് ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുന്നോടിയായി ഡീലര്‍ഷിപ്പുകളിലേക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ഡയറക്ട്-ഇഞ്ചക്ഷന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനായ ഹൈപ്പീരിയന്‍ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 170 കുതിരശക്തിയും 280 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുള്ള പുതിയ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഹാരിയറിന് കരുത്ത് പകരുന്നത്. നിലവില്‍, സഫാരിയുടെ വില 14.66 ലക്ഷം രൂപ എക്സ്-ഷോറൂം മുതല്‍ ആരംഭിക്കുമ്പോള്‍, ഹാരിയര്‍ എക്സ്-ഷോറൂം വില 14 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു.
◾ ടോള്‍സ്റ്റോയ് ലോകത്തിനു സംഭാവന ചെയ്ത ഏറ്റവും ഇതിഹാസതുല്യമായ കൃതി അദ്ദേഹത്തിന്റെ ജീവിതമായിരുന്നു. കയറ്റിറക്കങ്ങളുടെയും അന്തസ്സംഘര്‍ഷങ്ങളുടെയും ധര്‍മ്മസമരങ്ങളുടെയും രാഷ്ട്രീയനാടകങ്ങളുടെയും ഇടയില്‍ ജീവിച്ച ഒരാള്‍... വ്യക്തിജീവിതത്തിലെ ഇരുണ്ട മുഹൂര്‍ത്തങ്ങളുടെ പേരില്‍ നിത്യവും ക്രൂശിതനായ ഒരാള്‍... ധര്‍മ്മത്തില്‍ മഹാത്മാഗാന്ധിക്കും വഴികാട്ടിയായ ഒരാള്‍... അങ്ങനെ ആ 'കൃതി'യുടെ സംഭവബഹുലമായ 'അദ്ധ്യായ'ങ്ങള്‍ അനവധിയാണ്. അതിന്റെയെല്ലാം സത്തയെ ചോരാതെ അവതരിപ്പിക്കുകയാണ് ഈ ജീവിതാഖ്യാനം. വിശ്വസാഹിത്യകാരനായ ലിയോ ടോള്‍സ്റ്റോയിയെക്കുറിച്ച് മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ജീവചരിത്രകാരനുമായ കെ. സുരേന്ദ്രന്‍ രചിച്ച കൃതി. 'ടോള്‍സ്റ്റോയിയുടെ കഥ'. മാതൃഭൂമി. വില 229 രൂപ.
◾ മാംസാഹാരങ്ങള്‍ ഒഴിവാക്കി സസ്യാഹാരത്തിലേക്ക് മാറുന്നത് ദഹനവ്യവസ്ഥയ്ക്കും കുടലിന്റെ ആരോഗ്യത്തിലും ഗണ്യമായ മാറ്റങ്ങള്‍ കൊണ്ടു വരുമെന്ന് ചെന്നൈ അപ്പോളോ ക്ലിനിക്കിലെ ഫാമിലി ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. യശോദ കുമാര്‍ റെഡ്ഡി പറയുന്നു. സസ്യാഹാരത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനം സുഗമമാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. മാത്രമല്ല, ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. നാരുകള്‍ കൂടുതലായി കഴിക്കുന്നത് മലവിസര്‍ജനം സുഗമമാക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും. കൃത്യമായ സസ്യാഹാരം ശീലമാക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, അമിതവണ്ണം, പ്രമേഹം എന്നിവ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി വെളുത്തുള്ളി, ഉള്ളി, ഓട്‌സ്, ബാര്‍ലി, പയറുവര്‍ഗ്ഗങ്ങള്‍, വാഴപ്പഴം, തൈര്, മോര്, ഇഡ്ഡലി, ദോശ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് കുടലിലെ നല്ല ബാക്ടീരിയയെ പ്രോത്സാഹിപ്പിക്കും പ്രീബയോട്ടിക്സായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ മാംസാഹാരത്തില്‍ നിന്ന് പെട്ടെന്ന് സസ്യാഹാരത്തിലേക്ക് മാറുമ്പോള്‍ ചിലര്‍ക്ക് ഗ്യാസ്, വയറുവീര്‍ക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവപ്പെടാം. സാവധാനം നാരുകളുടെ അളവ് കൂട്ടുകയും അതനുസരിച്ച് വെള്ളം കുടിക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ ഒരു സസ്യാഹാര ഡയറ്റ് പിന്തുടരാന്‍ സഹായിക്കും. എന്നാല്‍ കൃത്യമായ ക്രമീകരണമില്ലെങ്കില്‍ ഇതേ ഭക്ഷണരീതി ആരോഗ്യത്തെ വിപരീതമായി ബാധിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. വിറ്റാമിന്‍ ബി12, ഇരുമ്പ്, കാല്‍സ്യം, ഒമേഗ-3 കൊഴുപ്പുകള്‍ എന്നിവയുടെ കുറവിന് ഈ രീതി ചിലപ്പോള്‍ കാരണമായേക്കാം. ഇത് എല്ലു പൊട്ടുക, ഇന്‍സുലിന്‍ പ്രതിരോധം, മറ്റ് മെറ്റബോളിക് പ്രശ്നങ്ങള്‍ എന്നിവയുടെ അപകടസാധ്യത വര്‍ധിപ്പിച്ചേക്കാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 90.35, പൗണ്ട് - 120.93, യൂറോ - 106.05, സ്വിസ് ഫ്രാങ്ക് - 113.69, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 60.30, ബഹറിന്‍ ദിനാര്‍ - 239.70, കുവൈത്ത് ദിനാര്‍ -294.60, ഒമാനി റിയാല്‍ - 234.97, സൗദി റിയാല്‍ - 24.08, യു.എ.ഇ ദിര്‍ഹം - 24.58, ഖത്തര്‍ റിയാല്‍ - 24.84, കനേഡിയന്‍ ഡോളര്‍ - 65.67.
➖➖➖➖➖➖➖➖
Tags:
KERALA