Trending

സായാഹ്ന വാർത്തകൾ

2025 | ഡിസംബർ 13 | ശനി 
1201 | വൃശ്ചികം 27 |  അത്തം 

◾ സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ യുഡിഎഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ കോര്‍പ്പറേഷനുകള്‍ മുതല്‍ ഗ്രാമ പഞ്ചായത്തുകളില്‍ വരെ സര്‍വ്വാധിപത്യം നഷ്ടപ്പെട്ട് എല്‍ഡിഎഫ്  തകര്‍ന്നടിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ച് സംസ്ഥാനത്തെ പല ജില്ലകളിലും എന്‍ഡിഎ പ്രബലമായ കക്ഷിയായി ഉയര്‍ന്നു വന്നു. ത്രിതല പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ തുടങ്ങിയ സമസ്ത രംഗത്തും യുഡിഎഫ് മുന്നിട്ട് നില്‍ക്കുകയാണ്. മൂന്നാം എല്‍ഡിഎഫ് സര്‍ക്കാരെന്ന ഇടതുപക്ഷത്തിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയായാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂചന നല്‍കുന്നത്..

◾ സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍  കൊല്ലം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നീ കോര്‍പ്പറേഷനുകള്‍ നേടി യുഡിഎഫ് മുന്നേറിയപ്പോള്‍ തിരുവനന്തപുരം പിടിച്ചെടുത്ത് എന്‍ഡിഎ ശക്തി പ്രകടമാക്കി. കനത്ത മത്സരം നേരിട്ട കോഴിക്കോട് മാത്രമാണ് നേരിയ സീറ്റിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ഒന്നാം സ്ഥാനത്തെത്തിയത്. 54 മുനിസിപ്പാലിറ്റികള്‍ യുഡിഎഫ് നേടിയപ്പോള്‍ 28 എണ്ണം മാത്രമാണ് എല്‍ഡിഎഫിന് നേടായനായത്. എന്‍ഡിഎ ക്ക് ഇത്തവണയും 2  മുനിസിപ്പാലിറ്റി മാത്രമാണുള്ളത്. പതിനാല് ജില്ലാ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 7 വീതമാണുള്ളത്. യുഡിഎഫ് 77 ബ്ലോക്ക് പഞ്ചായത്തുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് 65 എണ്ണം നേടി. അഞ്ഞൂറിനടുത്ത് ഗ്രാമപഞ്ചായത്തുകള്‍ നേടി യുഡിഎഫ് താഴേ തട്ടിലും ശക്തി പ്രകടമാക്കിയപ്പോള്‍ 350നടുത്തെണ്ണം മാത്രമാണ് എല്‍ഡിഎഫിന് ഒപ്പം നിന്നത്. 25 ഗ്രാമ പഞ്ചായത്തുകളില്‍ എന്‍ഡിഎയും ഭരണം ഉറപ്പിച്ചു.

◾ ബിജെപിക്കും തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിത നേട്ടമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ചെങ്കോട്ട തകര്‍ത്താണ് ബിജെപിയുടെ പടയോട്ടം. മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി എല്‍ഡിഎഫിനെ പിന്നിലാക്കി നിലവില്‍ 50 വാര്‍ഡുകളിലും മുന്നേറുകയാണ്.  50 സീറ്റിലും മുന്നേറി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ ബിജെപി മേയര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. 

◾ പാലക്കാട് നഗരസഭയ്ക്ക് പിന്നാലെ തൃപ്പൂണിത്തുറ നഗരസഭയിലും ഭരണം പിടിച്ച് എന്‍ഡിഎ. ചരിത്രത്തില്‍ ആദ്യമായിട്ടാണ് തൃപ്പൂണിത്തുറ നഗരസഭ ഭരണം ബിജെപി പിടിച്ചെടുക്കുന്നത്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎയുടെ വിജയം. തൃപ്പൂണിത്തുറ നഗരസഭ കാലങ്ങളായി എല്‍ഡിഎഫും യു.ഡി.എഫും മാറി മാറിയാണ് ഭരിച്ചുവന്നിരുന്നത്. 21 സീറ്റുകള്‍ എന്‍ഡിഎ നേടിയപ്പോള്‍ 20 സീറ്റുകളാണ് എല്‍ഡിഎഫ് ഇത്തവണ നേടിയത്. അതേസമയം പാലക്കാട് നഗരസഭയിലും ബിജെപി ഭരണം നിലനിര്‍ത്തി. എന്‍ഡിഎ 25 സീറ്റിലും യു.ഡി.എഫ് 18 സീറ്റുകളിലും എല്‍ഡിഎഫ് ഒമ്പത് സീറ്റുകളിലുമാണ് പാലക്കാട് മുന്നേറുന്നത്. പാലക്കാട് നഗരസഭയില്‍ 25 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.



◾ എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. ഒരിടത്തും എല്‍ഡിഎഫിന് വിജയിക്കാനായില്ല. മൂവാറ്റുപ്പുഴ, ആലുവ, അങ്കമാലി, ഏലൂര്‍, കളമശ്ശേരി, കോതമംഗലം, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, പിറവം, തൃക്കാക്കര,മരട്, കൂത്താട്ടുകുളം എന്നീ 12 നഗരസഭകളിലും യുഡിഎഫ് വിജയിച്ചപ്പോള്‍ തൃപ്പൂണിത്തുറയില്‍ എന്‍ഡിഎയാണ് വിജയിച്ചത്.

◾ തിരുവനന്തപുരം നഗരസഭയില്‍ എന്‍ഡിഎ മേയര്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിച്ച മുന്‍ ഡിജിപി ശ്രീലേഖ ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു കയറിയപ്പോള്‍, അപ്രതീക്ഷിത ഭൂരിപക്ഷവുമായി കൊടുങ്ങാനൂരില്‍ വിവി രാജേഷിന് വിജയം നേടാനായി.

◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയതയാണ് ഇടത് മുന്നണിയുടെ തോല്‍വിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സര്‍ക്കാരിനെ ജനം വെറുക്കുന്നു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും സിപിഎം കളിച്ച ഭൂരിപക്ഷ വര്‍ഗ്ഗീയ പ്രീണനത്തിന്റെ ഗുണഭോക്താവാണ് ബിജെപിയെന്നും സതീശന്‍ വിമര്‍ശിച്ചു. എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ടെന്നും തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് കാരണം ടീം യുഡിഎഫാണെന്ന് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

◾ തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം കൂട്ടായ പരിശ്രമത്തിന്റെ ഫലമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. നേതാക്കന്മാരുടെയും ജനങ്ങളുടെയും ശക്തമായ പിന്തുണക്ക് വലിയ നന്ദി അറിയിക്കുന്നതായും സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയും ഐക്യജനാധിപത്യ മുന്നണി കക്ഷികളും കൂട്ടായ പരിശ്രമമാണ് നടത്തിയത്.  സഹകരിച്ച ജനങ്ങളോടും മാധ്യമങ്ങളോടും നന്ദി അറിയിക്കുന്നു. കോണ്‍ഗ്രസിനെ ജനങ്ങള്‍ മനസ്സിലാക്കി. ഇത് സെമി ഫൈനലാണ്. നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വലിയ വിജയം ഉറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.



◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് വലിയ മുന്നേറ്റമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. യുഡിഎഫിന് ഉണ്ടായ വിജയം താല്‍ക്കാലികമാണെന്നും സര്‍ക്കാരിന്റെ ഭരണ പരാജയം ഇതോടെ വ്യക്തമായെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപിക്ക് കിട്ടിയത് വലിയ മുന്നേറ്റമാണ്. ബിജെപി മുന്നോട്ടുവെച്ച വികസിത കേരളം ജനങ്ങള്‍ സ്വീകരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിജയം അത് തെളിയിക്കുന്നുതാണ്. കേരളത്തില്‍ 20% വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾ പിണറായി വിജയന്റെ കൊള്ളയ്ക്കുള്ള ജനത്തിന്റെ മറുപടിയാണ് യുഡിഎഫിന്റെ മുന്നേറ്റമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷനേതാവുമായ കെ സുധാകരന്‍. ജനങ്ങള്‍ യുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ചു എന്നതിന്റെ തെളിവാണിതെന്നും കെ സുധാകരന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് യുഡിഎഫിന് ഊര്‍ജ്ജം നല്‍കുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

◾ വിവാദ പരാമര്‍ശവുമായി മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ച ആളുകള്‍ തങ്ങള്‍ക്കെതിരായി വോട്ടു ചെയ്തു എന്നായിരുന്നു മണിയുടെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ എല്‍ഡിഎഫ് കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് എംഎം മണിയുടെ പ്രതികരണം. വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചുവെന്നും എംഎം മണി വിമര്‍ശിച്ചു.

◾ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണയ്ക്ക് അട്ടിമറി വിജയം. അഭിമാനകരമായ വിജയമാണെന്നും സന്തോഷമുണ്ടെന്നും വൈഷ്ണ സുരേഷ് പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ് ജനങ്ങള്‍ നല്‍കിയ വിജയമാണ്. വോട്ടര്‍ പട്ടികയിലെ പേരുമായി ബന്ധപ്പെട്ട പ്രശ്നത്തിനിടെ പറഞ്ഞതും സത്യം വിജയിക്കുമെന്നാണ്.പ്രയ്തനവും കഠിനാധ്വാനവും ജനങ്ങള്‍ തിരിച്ചറിഞ്ഞ് വലിയ പിന്തുണ നല്‍കി. വളരെയധികം സന്തോഷമുണ്ടെന്നും ജനങ്ങളോട് നന്ദിയുണ്ടെന്നും വൈഷ്ണ സുരേഷ് പറഞ്ഞു. 363 വോട്ട് നേടിയാണ് വൈഷ്ണ വിജയിച്ചത്.

◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല വിവാദം ശക്തമായ പ്രചരണ വിഷയമായിട്ടും പത്തനംതിട്ടയിലെ പന്തളം മുനിസിപ്പാലിറ്റിയില്‍ ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി പിന്തള്ളപ്പെട്ടു. എല്‍ഡിഎഫും യു.ഡി.എഫിനും നഗരസഭയില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. 14 സീറ്റില്‍ വിജയിച്ച എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു. 11 സീറ്റുമായി യു.ഡി.എഫ് മുഖ്യപ്രതിപക്ഷമായി. ഒന്‍പത് സീറ്റ് മാത്രം നേടിയ ബി.ജെ.പിയും പ്രതിപക്ഷത്തിരിക്കും.

◾ ഒരു വീട്ടില്‍ നിന്ന് മൂന്ന് സ്വതന്ത്ര കൗണ്‍സിലര്‍മാരെ ജയിപ്പിച്ച് പാല. സിപിഎം പുറത്താക്കിയതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകള്‍ ദിയ ബിനു, ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കക്കണ്ടം എന്നിവരാണ് പാലാ നഗരസഭയിലേക്ക് ജയിച്ചത്. പാലാ നഗരസഭയിലെ 13,14, 15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്. പാലായില്‍ നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം നിരസിച്ചതിനെത്തുടര്‍ന്നാണ് ബിനു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറങ്ങിയത്.

◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളില്‍ രണ്ടിടത്ത് യു.ഡി.എഫിന് വന്‍ മുന്നേറ്റം. കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്നേറുന്നത്. കിഴക്കമ്പലത്തും ഐക്കരനാടും ട്വിന്റി20യാണ് ലീഡ് ചെയ്യുന്നത്. കുന്നത്തുനാടില്‍ ഏഴു സീറ്റുകളിലേക്ക് ട്വിന്റി 20 ഒതുങ്ങി. കുന്നത്തുനാടില്‍ 17 ഇടങ്ങളില്‍ യുഡിഫ് ആണ് ലീഡ് ചെയ്യുന്നത്.

◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചതോടെ പ്രതികരണവുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവര്‍ കേള്‍ക്കേണ്ടത് കേള്‍ക്കുക തന്നെ ചെയ്യുമെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. ഫേസ്ബുക്ക് പേജിലൂടെയാണ് രാഹുല്‍ പ്രതികരണം നടത്തിയത്.

◾ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചെയ്യാനെത്തിയ പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് വാര്‍ഡില്‍ കോണ്‍ഗ്രസിന് ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രശോഭ് ആണ് ജയിച്ചത്. എട്ട് വോട്ടിനാണ് ജയം. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കുന്നത്തൂര്‍മേട് ബൂത്തിലെത്തി വോട്ട് ചെയ്തത്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍ തോറ്റു. അടൂര്‍ നഗരസഭ എട്ടാം വാര്‍ഡിലാണ് ഫെന്നി മത്സരിച്ചിരുന്നത്. അവിടെ ബിജെപി സീറ്റ് നിലനിര്‍ത്തി.

◾ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയ മുന്‍ എംഎല്‍എ അനില്‍ അക്കര വിജയിച്ചു. അടാട്ട് പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ നിന്ന് ജനവിധി തേടിയ അദ്ദേഹം 300-ലധികംവോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചുകയറി.

◾ കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് തരംഗം. കഴിഞ്ഞതവണ നഷ്ടപ്പെട്ട കോര്‍പ്പറേഷന്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. വിമതരെ കൊണ്ട് പൊറുതിമുട്ടിയെ കൊച്ചിയില്‍ എല്ലാ പ്രതിസന്ധികളും മറികടന്നാണ് കോണ്‍ഗ്രസിന്റെ വമ്പന്‍ വിജയം.76 വാര്‍ഡുകളില്‍ 45 വാര്‍ഡുകളിലാണ് യുഡിഎഫ് മുന്നേറ്റം. എല്‍ഡിഎഫ് 24 ഇടത്തും അഞ്ചിടത്ത് എന്‍ഡിഎയുമാണ് മുന്നിട്ടുനില്‍ക്കുന്നത്.

◾ വഖഫ് ഭൂമിയുടെ പേരില്‍ സമരം നടന്ന പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ മുനമ്പം കടപ്പുറം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി കുഞ്ഞിമോന്‍ അഗസ്റ്റിന്‍ വിജയിച്ചു. സിപിഎം സ്ഥാനാര്‍ഥി റോക്കി ബിനോയിയെ 31 വോട്ടുകള്‍ക്കാണ് കുഞ്ഞിമോന്‍ പരാജയപ്പെടുത്തിയത്.കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്ന 500-ല്‍ അധികം വരുന്ന ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ഒരു വര്‍ഷം നീണ്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ഫലം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

◾ കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ലതികാ സുഭാഷിന് വമ്പന്‍ തോല്‍വി. 48-ാം വാര്‍ഡായ തിരുനക്കരയില്‍ ലതികാ സുഭാഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ലതിക. യുഡിഎഫിലെ സുശീല ഗോപകുമാറാണ് ഇവിടെ വിജയിച്ചത്.

◾ തൃക്കാക്കര നഗരസഭയില്‍ ദമ്പതികള്‍ക്ക് വിജയം. സിപിഎം സ്ഥാനാര്‍ഥികളായി മത്സരിച്ച സി.എ നിഷാദും ഭാര്യ റസിയ നിഷാദുമാണ് ഒരു വീട്ടിലേക്ക് വിജയം കൊണ്ടുവന്നത്. നിലവിലെ കൗണ്‍സിലറായ റസിയ നിഷാദ് കൊല്ലംകുടിമുകളില്‍ നിന്നാണ് മത്സരിച്ചത്. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ സി.എ. നിഷാദ് കരുണാലയം വാര്‍ഡില്‍ നിന്നാണ് ജനവിധി തേടിയത്.

◾ നിലമ്പൂരില്‍ എല്‍ഡിഎഫില്‍ നിന്ന് ഭരണം തിരിച്ചുപിടിച്ച് യുഡിഎഫ്. 36 വാര്‍ഡുകളില്‍ യുഡിഎഫ് 28 വാര്‍ഡുകളിലും എല്‍ഡിഎഫ് 7 ഇടങ്ങളിലും വിജയിച്ചു. അംഗത്വം കൂട്ടാനുള്ള ബിജെപിയുടെ ശ്രമം ഫലം കണ്ടില്ല. എങ്കിലും ഒരംഗത്തെ നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചു. ഇടതുമായി തെറ്റിയ പിവി അന്‍വറിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫിനൊപ്പം ചേരാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും യുഡിഎഫ് അത് പരിഗണിച്ചിരുന്നില്ല.

◾ കട്ടിപ്പാറയില്‍ വിവാദമായ ഫ്രഷ്‌കട്ട് കോഴിയറവു മാലിന്യ സംസ്‌കരണ പ്ലാന്റ് സമരത്തില്‍ പ്രതിയായി ഒളിവില്‍ പോയി ഒടുവില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സൈനുല്‍ആബിദീന് വിജയം. ഒറ്റ ദിവസം പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താതെയും വോട്ടുചെയ്യുക പോലും ചെയ്യാത്ത സ്ഥാനാര്‍ഥിയാണ് സൈനുല്‍ അബിദീന്‍ എന്ന ബാബു കുടുക്കില്‍. 225 വോട്ടുകള്‍ക്കായിരുന്നു ബാബുകുടുക്കിലിന്റെ വിജയം.

◾ സന്നിധാനത്ത് എത്തുന്ന എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡിജിപി റവാഡാ ചന്ദ്രശേഖര്‍. കുടുംബത്തോടൊപ്പം സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എല്ലാ ദിവസവും 80,000ത്തിനു മുകളില്‍ ഭക്തര്‍ സന്നിധാനത്ത് എത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 85000ത്തിലധികം ഭക്തരാണ് എത്തുന്നത്. സ്പോട്ട് ബുക്കിംഗ് എണ്ണം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡുമായും ഹൈക്കോടതിയുമായും ആശയവിനിമയം നടത്തിയതിനു ശേഷം തീരുമാനിക്കുമെന്നും ഡിജിപി പറഞ്ഞു

◾ ബാങ്കുകളുടെ സര്‍വീസ് ചാര്‍ജുകള്‍ ഏകീകരിക്കാനും ഉപഭോക്താക്കള്‍ക്ക് അധികഭാരമാകുന്ന ഫീസുകള്‍ ഒഴിവാക്കാനും റിസര്‍വ് ബാങ്ക് നടപടി തുടങ്ങി. ബാങ്കിങ് രംഗത്തെ ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആര്‍.ബി.ഐ.യുടെ ഈ നിര്‍ണായക നീക്കം. നിലവില്‍, ഓരോ ബാങ്കുകളും ഓരോ രീതിയിലാണ് സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുന്നത്. ഇത് സാധാരണക്കാര്‍ക്ക് വലിയ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഈ സാഹചര്യം ഒഴിവാക്കാനായി ബാങ്കുകളുമായി ആര്‍.ബി.ഐ. കൂടിയാലോചനകള്‍ ആരംഭിച്ചു കഴിഞ്ഞു.

◾ രാജ്യത്തെ ആണവോര്‍ജ്ജ മേഖലയില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കുന്ന ബില്ലിന്  മന്ത്രിസഭയുടെ  അംഗീകാരം. 2047 ഓടെ 100 ജിഗാവാട്ട് ആണവോര്‍ജ്ജ ശേഷി കൈവരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്വകാര്യ നിക്ഷേപം അനുവദിക്കുന്നത്. പ്ലാന്റ് ഓപ്പറേറ്റര്‍മാരെ സംരക്ഷിക്കുന്നതിനും ഉപകരണ വിതരണക്കാരുടെ ബാധ്യത പരിമിതപ്പെടുത്തുന്നതിനുമായി സിവില്‍ ബാധ്യതാ നിയമം ഭേദഗതി ചെയ്യും.

◾ സൗദി അറേബ്യയിലെ വൈറല്‍ സോഷ്യല്‍ മീഡിയ താരം അബു മുര്‍ദാഅ്, ഹാഇല്‍ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. സ്‌നാപ്ചാറ്റ് താരമാണ് അബൂ മുര്‍ദാഅ്. ഒപ്പമുണ്ടായിരുന്ന മറ്റൊരു സോഷ്യല്‍ മീഡിയ താരം അബു ഹിസ്സയും അബു മുര്‍ദാഅിന്റെ പിതൃസഹോദര പുത്രനായ ദുബൈലിനും ഗുരുതര പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച ജീപ്പ് ബുള്‍ഡോസറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

◾ നവംബര്‍ ഒന്നിനും ഡിസംബര്‍ ആറിനും ഇടയില്‍ 60 പെണ്‍കുട്ടികളടക്കം 82 കുട്ടികളെ കാണാതായെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ മുംബൈ നഗരത്തില്‍ കനത്ത ജാഗ്രത. കാണാതായവരില്‍ 41 പെണ്‍കുട്ടികളും 13 ആണ്‍കുട്ടികളും 18 ന് അടുത്ത് പ്രായമുള്ളവരാണ്.

◾ ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി, 600 ദശലക്ഷം ഡോളറിന്റെ, ഏകദേശം 5000 കോടി രൂപയുടെ ധനസഹായം അനുവദിച്ച് ലോകബാങ്ക്. 27 കോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അയല്‍സംസ്ഥാനങ്ങളിലേക്കും ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമെന്നും സംസ്ഥാനങ്ങളെ നിക്ഷേപ സൗഹൃദമാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി സഹായിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കി.

◾ സമാധാന നൊബേല്‍ ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നര്‍ഗീസ് മുഹമ്മദിയെ  ഇറാന്‍ വീണ്ടും അറസ്റ്റ് ചെയ്തു. നടപടിയെ അപലപിച്ച സമാധാന നൊബേല്‍ സമിതി ഉപാധികളില്ലാതെ നര്‍ഗീസ് മുഹമ്മദിയെ വിട്ടയക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  കഴിഞ്ഞയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ ഖോസ്‌റോ അലികൊര്‍ദി എന്ന അഭിഭാഷകന്റെ അനുസ്മരണത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അറസ്റ്റ്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന അലി കൊര്‍ദിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അത് സര്‍ക്കാര്‍ നടത്തിയ കൊലപാതകമാണെന്നും അനുസ്മരണത്തില്‍ പങ്കെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. അലികൊര്‍ദി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് ഇറാന്‍ വിശദമാക്കുന്നത്.

◾ ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ത്രിദിന ഇന്ത്യാ സന്ദര്‍ശനം ആരംഭിച്ചു. കൊല്‍ക്കത്തയിലെത്തിയ മെസ്സി അദ്ദേഹത്തിന്റെ 70 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തു. മെസ്സിയോടൊപ്പം ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും കൊല്‍ക്കത്തയിലെ ചടങ്ങുകളില്‍ പങ്കെടുത്തു. നടന്‍ ഷാരൂഖ് ഖാനും മകനും ചടങ്ങില്‍ സന്നിഹിതരായി. മെസ്സി സാള്‍ട്ട് ലേക്ക് സ്്‌റ്റേഡിയത്തില്‍ ചുറ്റിനടന്ന് ആയിരക്കണക്കിന് ആരാധകരെ അഭിവാദ്യം ചെയ്തു.

◾ കൊല്‍ക്കത്തയില്‍ സാള്‍ട്ട് സ്റ്റേഡിയത്തിലിറങ്ങി കാണികളെ അഭിവാദ്യം ചെയ്ത് ലയണല്‍ മെസ്സി മടങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകര്‍. മെസ്സിയെ ശരിയായി കാണാന്‍ കഴിയാത്തതില്‍ ആരാധകര്‍ രോഷം പ്രകടിപ്പിച്ചു. സീറ്റുകള്‍ തല്ലിത്തകര്‍ത്തും ഗ്രൗണ്ടിലേക്ക് കുപ്പികളും മാലിന്യങ്ങളും എറിഞ്ഞുമാണ് ആരാധകര്‍  പ്രതിഷേധിച്ചത്. സംഘാടകര്‍ ആരാധകരുടെ വികാരം മുതലെടുക്കുകയായിരുന്നെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

◾ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ലയണല്‍ മെസ്സി പങ്കെടുത്ത് മടങ്ങിയതിനു പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ മാപ്പുചോദിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മാനേജ്‌മെന്റ് വീഴ്ച കണ്ട് ഞെട്ടിയെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ പ്രഖ്യാപിക്കുന്നുവെന്നും മമത പറഞ്ഞു.

◾ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റീറ്റെയ്ല്‍ പണപ്പെരുപ്പമുള്ള സംസ്ഥാനമായി തുടര്‍ച്ചയായ പതിനൊന്നാം മാസവും കേരളം. നവംബറിലെ കണക്കുകള്‍ പ്രകാരം, കേരളത്തിലെ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം 8.27 ശതമാനമാണ്. ദേശീയ ശരാശരിയായ 0.71 ശതമാനത്തേക്കാള്‍ ഏകദേശം 12 മടങ്ങ് കൂടുതലാണിത്. പണപ്പെരുപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയുടെ 2.64 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. 2.31 ശതമാനവുമായി ജമ്മു കശ്മീരാണ് മൂന്നാം സ്ഥാനത്ത്. കേരളത്തിലെ ഗ്രാമങ്ങളില്‍ പണപ്പെരുപ്പം 9.34 ശതമാനവും നഗരങ്ങളിലെ പണപ്പെരുപ്പം 6.33 ശതമാനവുമാണ്. പച്ചക്കറി, മാംസം, മത്സ്യം, മുട്ട, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധനവാണ് സംസ്ഥാനത്ത് സ്ഥിതി വഷളാക്കിയത്. നവംബറില്‍ ദേശീയതലത്തില്‍ പണപ്പെരുപ്പം 0.7 ശതമാനമായി വര്‍ധിച്ചു. ഒക്ടോബറില്‍ രേഖപ്പെടുത്തിയ 0.3 ശതമാനം എന്ന ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നാണ് ഈ വര്‍ധന. നവംബറിനെ അപേക്ഷിച്ച് ഡിസംബറില്‍ മിക്ക ഭക്ഷ്യവസ്തുക്കളുടെയും വില കൂടിയിട്ടുണ്ട് പ്രത്യേകിച്ചും തക്കാളിയുടെ വില കുത്തനെ ഉയര്‍ന്നത് ഈ മാസത്തെ കണക്കുകളില്‍ പ്രതിഫലിക്കുമെന്നും, ഇത് സാധാരണയായി ഡിസംബറില്‍ കാണുന്ന പച്ചക്കറി വിലകളിലെ കുറവിന് തിരിച്ചടിയാകുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

◾ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള തങ്ങളുടെ വരാനിരിക്കുന്ന ഫോള്‍ഡബിള്‍ ഫോണുകളില്‍ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മോട്ടറോളയുടെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ ക്ഷണക്കത്തില്‍ ബുക്ക് മാതൃകയിലുള്ള ഫോള്‍ഡബിള്‍ ഫോണിന്റെ സൂചന നല്‍കിയിട്ടുണ്ട്. ഇത് സാംസങ്ങിന്റെ ഗാലക്‌സി ദ ഫോള്‍ഡ് 7 ന് സമാനമായിരിക്കാം. ജനുവരി 6 ന് നടക്കാനിരിക്കുന്ന ലെനോവോ ടെക് വേള്‍ഡില്‍ ബുക്ക് മാതൃകയിലുള്ള ഫോള്‍ഡബിള്‍ ഫോണുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കുമെന്നാണ് സൂചന. ഫോള്‍ഡബിള്‍ ഫോണുകളുടെ വിപണി കൂടുതല്‍ സജീവമാകുന്ന സമയത്താണ് പുതിയ ഡിസൈനുമായി മോട്ടോറോള വരുന്നത്. സാംസങ്, വാവേ തുടങ്ങിയ എതിരാളികള്‍ ട്രിപ്പിള്‍ സ്‌ക്രീന്‍ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുമായാണ് വരുന്നത്. ലെനോവോ സബ് ബ്രാന്‍ഡ് ആയ മോട്ടോറോള ഈ വര്‍ഷം ആദ്യമാണ് റേസര്‍ 60 സീരീസ് പുറത്തിറക്കിയത്. 16 ജിബി + 512 ജിബി റാമും സ്റ്റോറേജ് കോണ്‍ഫിഗറേഷനുമുള്ള റേസര്‍ 60 അള്‍ട്രായുടെ ഇന്ത്യയിലെ വില 99,999 രൂപയാണ്. മറുവശത്ത്, റേസര്‍ 60 ന്റെ വില 49,999 രൂപയാണ്. 8 ജിബി + 256 ജിബി റാമും സ്റ്റോറേജ് കോണ്‍ഫിഗറേഷനുമുള്ള മോഡലാണിത്.

◾ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ഇതിഹാസ ചിത്രം 'വൃഷഭ'യിലെ ആദ്യ ഗാനം പുറത്ത്. 'അപ്പ' എന്ന ടൈറ്റിലോടെ ആണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. സാം സി എസ് ഈണം നല്‍കിയ ഗാനത്തിന്റെ മലയാളം വരികള്‍ രചിച്ചത് വിനായക് ശശികുമാര്‍. മധു ബാലകൃഷ്ണന്‍ ആണ് ആലാപനം. ഈ വര്‍ഷം ഡിസംബര്‍ 25ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. അച്ഛന്‍ - മകന്‍ ബന്ധത്തിന്റെ വികാരം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ദൃശ്യങ്ങളാണ് 'അപ്പ' എന്ന ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളില്‍ വിജയ് പ്രകാശ് ആണ് ഗാനം ആലപിച്ചത്. രണ്ടു വ്യത്യസ്ത ലുക്കിലാണ് മോഹന്‍ലാലിനെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പഴയകാല യോദ്ധാവിന്റെ ലുക്കിലും, പുതിയകാലത്തെ എക്സിക്യൂട്ടീവ് ലുക്കിലും ആണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. സമര്‍ജിത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയന്‍ സരിക, അജയ്, നേഹ സക്‌സേന, ഗരുഡ റാം, വിനയ് വര്‍മ, അലി, അയ്യപ്പ പി. ശര്‍മ്മ, കിഷോര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

◾ പ്രഭാസിന്റെ ഹൊറര്‍ - ഫാന്റസി ചിത്രം 'ദി രാജാസാബി'ന്റെ ലോകത്തേക്ക് വാതിലുകള്‍ തുറക്കുന്ന പ്രത്യേക എപ്പിസോഡ് പരമ്പരയുടെ പ്രഖ്യാപനം എത്തി. 'ലെഗസി ഓഫ് ദി രാജാസാബ്' എന്ന പേരിലാണ് ഈ പ്രത്യേക പരമ്പരയ്ക്ക് ആരംഭം കുറിക്കുന്നത്. സിനിമയുടെ സംവിധായകന്‍ മാരുതി ചിത്രത്തിന്റെ സവിശേഷതകളെ കുറിച്ച് പറയുന്നൊരു ഹ്രസ്വ ഇന്‍ട്രോ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ജനുവരി 9നാണ് 'രാജാസാബി'ന്റെ വേള്‍ഡ് വൈഡ് റിലീസ്. റിബല്‍ സ്റ്റാര്‍ പ്രഭാസ് അവതരിപ്പിക്കുന്ന രാജാസാബ് എന്ന കഥാപാത്രത്തേയും കഥ നടക്കുന്ന കാലഘട്ടത്തേയും ഭൂമികയേയുമൊക്കെ അടുത്തറിയാന്‍ സഹായിക്കുന്ന ഈ പ്രത്യേക എപ്പിസോഡ് പരമ്പര, സിനിമയെക്കുറിച്ചുള്ള കൂടുതല്‍ സൂചനകള്‍ നല്‍കും. ചിത്രത്തിന്റെ കഥാപരിസരം, കഥാപാത്രങ്ങള്‍, അതുപോലെ ചിത്രത്തിന്റെ പ്രത്യേകതകള്‍ എന്നിവയെക്കുറിച്ച് ഈ സീരീസിലൂടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്റേയും വേറിട്ട വേഷപ്പകര്‍ച്ചയുമുണ്ട്.

◾ ഹീറോ മോട്ടോകോര്‍പ്പിന്റെ ഇലക്ട്രിക് വാഹന യൂണിറ്റായ വിഡ, കുട്ടികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഇലക്ട്രിക് ഡേര്‍ട്ട് ബൈക്കായ ഡേര്‍ട്ട് ഇ കെ3 ഇന്ത്യയില്‍ പുറത്തിറക്കി. ആദ്യത്തെ 300 ഉപഭോക്താക്കള്‍ക്ക് ബാധകമായ ഈ ഇ-ബൈക്കിന്റെ എക്സ്-ഷോറൂം വില 69,990 രൂപ മുതല്‍ ആരംഭിക്കുന്നു. നാല് മുതല്‍ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കായിട്ടാണ് ഈ ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിലൂടെ കുട്ടികള്‍ക്ക് ഡേര്‍ട്ട് ബൈക്കിംഗിന്റെ ലോകം സുരക്ഷിതമായി ആസ്വദിക്കാന്‍ കഴിയും. ഡേര്‍ട്ട് ഇ കെ3 നൊപ്പം, വിഡ അതിന്റെ ഡേര്‍ട്ട് ബൈക്ക് സീരീസും പുറത്തിറക്കുന്നു. ഇതില്‍ 500വാട്ട് ഇലക്ട്രിക് മോട്ടോറും മണിക്കൂറില്‍ 360 വാട്ട് നീക്കം ചെയ്യാവുന്ന ലിഥിയം-അയണ്‍ ബാറ്ററിയും ഉണ്ട്. ലോ, മിഡ്, ഹൈ എന്നീ മൂന്ന് റൈഡിംഗ് മോഡുകള്‍ ഇതില്‍ ലഭ്യമാണ്, താല്‍പ്പര്യമുള്ള വാങ്ങുന്നവര്‍ക്ക് വിദ വെബ്‌സൈറ്റ് വഴി ഇ-ബൈക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം. ചുവപ്പ്, പര്‍പ്പിള്‍, വെള്ള എന്നീ മൂന്ന് കടും നിറങ്ങളില്‍ ഇത് ലഭ്യമാണ്. ഒരു ആമുഖ ഓഫറായി ആദ്യത്തെ 300 യൂണിറ്റുകള്‍ക്ക് 69 990 രൂപ. 2026 ജനുവരി 15 മുതല്‍ ഘട്ടം ഘട്ടമായി ഡെലിവറികള്‍ ആരംഭിക്കും.

◾ ടി.ഡി. രാമകൃഷ്ണണന്റെ റയില്‍വേ സര്‍വീസ് സ്റ്റോറി. ഓര്‍മയെഴുത്തിനപ്പുറം ഒരു കാലത്തിന്റെ സാമൂഹികാനുഭവംകൂടി പകര്‍ന്നുനല്‍കുന്ന രചന. തന്റെ നോവലെഴുത്തുപോലെതന്നെ വായനക്കാരനെ ഒപ്പം കൊണ്ടുനടന്ന് സ്ഥലകാലങ്ങള്‍ കാട്ടിത്തരുന്ന മാസ്മരികത. നാം ഒരിക്കലും പോയിട്ടില്ലാത്ത, പാര്‍ത്തിട്ടില്ലാത്ത അപരിചിത ദേശങ്ങള്‍, അനുഭവങ്ങള്‍ നമ്മുടേതുകൂടിയാകുന്ന ജീവിതാഖ്യാനം. 'റയില്‍ പയണങ്ങളില്‍'. ടി ഡി രാമകൃഷ്ണന്‍. മനോരമ ബുക്സ്. വില 275 രൂപ.

◾ രാത്രി വൈകി ഉറങ്ങുന്നത് കൃത്യമായ ഉറക്കം കിട്ടാതിരിക്കാനും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണവും അസ്വസ്ഥതയും നേരിടാന്‍ കാരണമാവുകയും ചെയ്യും. ഇത് പതിവാകുന്നതോടെ ഉറക്കമില്ലായ്മയിലേക്ക് നയിക്കും. എന്നാല്‍ രാത്രിയില്‍ നഷ്‌പ്പെടുന്ന ഉറക്കം വീണ്ടെടുക്കാന്‍ ഏതെങ്കിലും സമയത്ത് വളരെയേറെ നേരം കിടന്നുറങ്ങാമെന്ന ആശയവും അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍ പറയുന്നു. നിങ്ങള്‍ക്ക് ഉന്മേഷക്കുറവ് തോന്നുന്നുണ്ടെങ്കില്‍ പോലും പകല്‍ സമയത്ത് അമിതമായി ഉറങ്ങുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കും. പകല്‍ ഉറക്കത്തിന് പകരം വൈകുന്നേരം കഴിവതും നേരത്തെ ഉറങ്ങുന്നതാണ് ക്ഷീണം മാറാന്‍ നല്ലത്. കിടക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്ന ശീലവും ഉറക്കത്തെ തടസപ്പെടുത്താം. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് സൂര്യപ്രകാശം കൊള്ളാനും ഹാപ്പി ഹോര്‍മോണുകളായ സെറോടോണിനെ ഉണര്‍ത്താനും കഫീന് സമാനമായ ഉന്മേഷം നല്‍കാനും സഹായിക്കും. കൂടാതെ രാത്രി സ്‌ക്രീനില്‍ നിന്നുള്ള ബ്ലൂ ലൈറ്റും ബ്രൈറ്റ് ലൈറ്റും ഒഴിവാക്കി മുറിയില്‍ ആവശ്യത്തിന് ഇരുട്ട് ഉണ്ടാകുന്നത് സ്ലീപ് സൈക്കിള്‍ ക്രമീകരിക്കാന്‍ സഹായിക്കും. ഉറക്കത്തെ ക്രമപ്പെടുത്തുന്ന മെലാടോണിന്‍ ഉള്‍പ്പെടയുള്ള ഹോര്‍മോണുകളെ പ്രവര്‍ത്തിക്കാന്‍ വ്യായാമം പ്രധാനമാണ്. നടത്തമോ യോഗയോ പോലുള്ള ചെറുവ്യായാമങ്ങള്‍ ചെയ്യുന്നത് പോലും വലിയ മാറ്റങ്ങള്‍ വരുത്തും. രാത്രി ശരിക്കുറങ്ങിയില്ലെങ്കില്‍ വല്ലാത്ത ക്ഷീണം, സ്‌ട്രെസ് എന്നിവയെല്ലാം തോന്നുന്നുണ്ടെങ്കില്‍ ഉന്മേഷം വീണ്ടെടുക്കാന്‍ പകല്‍ ചെറുമയക്കമാകാം. 20 മിനിറ്റൊക്കെ നീണ്ടുനില്‍ക്കുന്ന ചെറുമയക്കങ്ങള്‍ നല്ലതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 90.58, പൗണ്ട് - 121.10, യൂറോ - 105.89, സ്വിസ് ഫ്രാങ്ക് - 113.17, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 60.19, ബഹറിന്‍ ദിനാര്‍ - 240.32, കുവൈത്ത് ദിനാര്‍ -295.36, ഒമാനി റിയാല്‍ - 235.59, സൗദി റിയാല്‍ - 24.14, യു.എ.ഇ ദിര്‍ഹം - 24.67, ഖത്തര്‍ റിയാല്‍ - 24.88, കനേഡിയന്‍ ഡോളര്‍ - 65.49.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right