Trending

പ്രഭാത വാർത്തകൾ

2025  ഡിസംബർ 5  വെള്ളി 
1201  വൃശ്ചികം 19   രോഹിണി 
1447  ജ : ആഖിർ 14

◾ ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിലവില്‍ പ്രതികളായവര്‍ക്ക് മുകളിലുള്ള വന്‍തോക്കുകളെ വിട്ടുകളയരുതെന്നും, അവരിലേക്ക് അന്വേഷണം നീളണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കി. ലക്ഷക്കണക്കിന് വിശ്വാസികളുള്ള ശബരിമല പോലെ ഒരു ക്ഷേത്രത്തില്‍ നിന്ന് ഇത്രയും വലിയ സ്വര്‍ണക്കൊള്ള നടത്താന്‍ വലിയ വന്‍തോക്കുകളുടെ പിന്തുണയില്ലാതെ സാധ്യമല്ല എന്നും കോടതി നിരീക്ഷിച്ചു. ഇതുവരെ പ്രതി ചേര്‍ത്തവര്‍ക്കുമപ്പുറം ആളുകളുണ്ട് എന്ന കോടതിയുടെ വ്യക്തമായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണം വിപുലീകരിക്കുകയാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സ്ഥിരമായി ബന്ധമുള്ളവരിലേക്കും നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്കും അന്വേഷണം നീളണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

◾ ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളില്‍ നിന്ന് വ്യക്തമാണെന്നാണ് ഡിജിറ്റല്‍ തെളിവുകളടക്കം പരിശോധിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി, ജാമ്യാപേക്ഷ തള്ളികൊണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എന്ന പദവി ഉപയോഗിച്ച് കേസില്‍ സ്വാധീനം ചെലുത്തുകയും സാക്ഷികളെയും പരാതിക്കാരെയും ഭീഷണിപ്പെടുത്തുകയും തെളിവ് നശിപ്പിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്.

◾  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കാന്‍ തയാറെന്ന് പരാതിക്കാരി. പൊലീസ് അയച്ച ഇ-മെയിലിന് മറുപടി ആയാണ് യുവതി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കെപിസിസിക്ക് അയച്ച ഇ- മെയില്‍ ഡിജിപിക്ക് കൈമാറുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

◾  ജാമ്യം നിഷേധിച്ച ശേഷവും ഒളിവില്‍ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പൊലീസ് സംഘം രാഹുലിനായി നാടെങ്ങും തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇനിയും ഒളിസങ്കേതം കണ്ടെത്താനായിട്ടില്ല. എട്ടാം ദിവസം പിന്നിട്ട ഒളിവ് ജീവിതത്തിനിടെ പല തവണ മൊബൈല്‍ ഫോണും കാറും രാഹുല്‍ മാറി ഉപയോഗിക്കുന്നുണ്ട്. എം എല്‍ എയുടെ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
◾  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കീഴടങ്ങിയേക്കുമെന്നുള്ള അഭ്യൂഹത്തെ തുടര്‍ന്ന് കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതിയില്‍ ഇന്നലെ വന്‍ പൊലീസ് സന്നാഹമൊരുക്കി അധികൃതര്‍. ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം ഒരുക്കിയത്. അതേസമയം രാഹുല്‍ എത്തുകയാണെങ്കില്‍ ശക്തമായ രീതിയിലുള്ള പ്രതിഷേധ പ്രകടനം നടത്തുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രാഹുല്‍ എത്താത്തതിനെ തുടര്‍ന്ന് രാത്രി ഏഴരയോടെ മജിസ്ട്രേറ്റും കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങി.

◾  രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയതു രാജ്യത്ത് ഒരു പാര്‍ട്ടിയും എടുക്കാത്തതരം തീരുമാനമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ രാഹുലിനെതിരെ ലഭിച്ച പരാതി മണിക്കൂറുകള്‍ക്കകം ഞങ്ങള്‍ പൊലീസിനു കൈമാറിയെന്നും ബുധനാഴ്ച തന്നെ രാഹുലിനെ പുറത്താക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും സതീശന്‍ പറഞ്ഞു. രാഹുലിനെതിരെ മുന്‍പ് ഒരു പരാതിയും കിട്ടിയിട്ടില്ലെന്നും ആരോപണം ഉയരുകയും ശബ്ദരേഖ പുറത്തുവരികയും ചെയ്തപ്പോള്‍ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തുവെന്നും സതീശന്‍ വ്യക്തമാക്കി.

◾  രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ പാര്‍ട്ടിയുടെ നടപടിയെ അഭിനന്ദിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍. രാഹുല്‍ പാര്‍ട്ടിയോട് യുദ്ധപ്രഖ്യാപനം നടത്തിയിരുന്നുവെന്നും അതിനാണ് ഇപ്പോള്‍ അന്ത്യം കണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ മുഖം വികൃതമാക്കിയ പ്രവൃത്തിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയതെന്നും രാഹുലിനെതിരെ പറഞ്ഞവര്‍ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിയെന്നും എന്തൊക്കെ ആക്രമണം വന്നാലും നിലപാട് മാറ്റില്ല എന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു.

◾  രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രമാണെന്ന് ഷാഫി പറമ്പില്‍ എം പി. രാഹുല്‍ വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലുമായി വ്യക്തിപരമായി ഉണ്ടായിരുന്ന സൗഹൃദത്തെ പാര്‍ട്ടിയിലേക്ക് കൊണ്ട് വന്നിട്ടില്ലെന്നും രാഹുലിന്റെ സംഘടന പ്രവര്‍ത്തനത്തിലെ മികവാണ് പരിഗണിച്ചതെന്നും വ്യക്തിപരമായി ആരിലേക്കും ചൂഴ്ന്നിറങ്ങിയിട്ടില്ലെന്നും ആ സമയത്ത് ക്രിമിനല്‍ പരാതികള്‍ ഉണ്ടായിട്ടില്ലെന്നും രാഹുലിനെ രാഷ്ട്രീയമായി മാത്രമാണ് പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.
◾  പറമ്പില്ലാതെ മാങ്കൂട്ടം വളരില്ലെന്ന പരിഹാസവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.  ലൈംഗികാരോപണ കേസിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കിയതിനു പിന്നാലെയാണ് ഷാഫി പറമ്പില്‍ എംപിയെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും പരിഹസിച്ചുകൊണ്ടാണ് ശിവന്‍കുട്ടിയുടെ പോസ്റ്റ്. 

◾  ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്സണല്‍ സ്റ്റാഫും ഡ്രൈവറും കസ്റ്റഡിയില്‍. രാഹുലിന്റെ പാലക്കാട്ടെ എംഎല്‍എ ഓഫീസിലെ രണ്ടുപേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. രണ്ടുപേരെയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായാണ് സൂചന.

◾  ബലാത്സംഗ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ എം എല്‍ എ സ്ഥാനം കൂടി രാജിവെക്കണമെന്ന ആവശ്യവുമായി മന്ത്രി വി ശിവന്‍കുട്ടി. കോണ്‍ഗ്രസ് പുറത്താക്കിയ ബലാത്സംഗ കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ യെ ഇനിയും പാലക്കാട് മണ്ഡലം ചുമക്കണോ എന്നാണ് ശിവന്‍കുട്ടിയുടെ ചോദ്യം. രാഹുലിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജി കോണ്‍ഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

◾  ലൈംഗിക ആരോപണം വന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ കാവ്യനീതിയെന്ന് വിശേഷിപ്പിച്ച് ഡോ. സൗമ്യ സരിന്‍. എത്ര മൂടിയാലും സത്യം പുറത്തു വരിക തന്നെ ചെയ്യുമെന്നും ഇവിടെ അത് വളരെ വേഗത്തില്‍ ആയിപ്പോയി എന്നത് അതിന്റെ നൈതികഭംഗി കൂട്ടുന്നതേ ഉള്ളുവെന്നുമാാണ് പാലക്കാട് രാഹുലിനോട് പരാജയപ്പെട്ട പി സരിന്റെ ഭാര്യ കൂടിയായ ഡോ സൗമ്യ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നത്.

◾  ബലാത്സംഗ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പ്രതികരണവുമായി എംവി ഗോവിന്ദന്‍. രാഹുലിന്റെ രാജി കേരളം മുഴുവന്‍ ആവശ്യപ്പെടുന്നെന്നെന്നും കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം ആവശ്യപ്പെടുന്നെന്നും കേട്ടുകേള്‍വിയില്ലാത്ത പരാതികളാണ് വരുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. മുകേഷ് അന്നും ഇന്നും പാര്‍ട്ടി മെമ്പറല്ലെന്നും മുകേഷിനെതിരെ സംഘടനാ നടപടി എടുക്കാന്‍ മുകേഷ് സംഘടനയിലില്ലെന്നും മുകേഷിനെതിരെ പാര്‍ട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും കേസില്‍ തുടര്‍നടപടി വരുമ്പോള്‍ നോക്കാം എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

◾  രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയെയും പുറത്താക്കിയ കെപിസിസിയുടെ നടപടിയേയും സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. രണ്ടു തീരുമാനങ്ങളും പൊതുസമൂഹത്തിന് സന്തോഷം നല്‍കുന്നതാണെന്നും രാഹുലിനായി പാര്‍ട്ടിയില്‍ ഇനി ആരും വാദിക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ധാര്‍മികതയുണ്ടെങ്കില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നും പറഞ്ഞു.

◾  ബലാത്സംഗ കേസില്‍ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുലിനെതിരെ രണ്ടാമത്തെ പരാതി വന്നപ്പോള്‍ തന്നെ അക്കാര്യം പരിശോധിച്ച് നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും അത് ഇന്നലെ പ്രഖ്യാപിച്ചുവെന്നു മാത്രമേയുള്ളുവെന്നും വിഡി സതീശന്‍ പറഞ്ഞു. സമാനമായ കേസുകളില്‍ ആരോപണ വിധേയരായവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിനെയും വിഡി സതീശന്‍ വെല്ലുവിളിച്ചു.

◾  ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാല്‍ തൊട്ടു പിന്നാലെ ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് ആലോചന. ഹര്‍ജി ഇന്ന് ഉച്ചയോടെ ബെഞ്ചില്‍ കൊണ്ടുവരാന്‍ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുല്‍ മാങ്കൂട്ടത്തിലിനായി ഹാജരാവുക. അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാനുള്ള നീക്കം രാഹുലിന് ഇല്ല എന്നാണ് വിവരം.

◾  ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യമെന്നും കൂടാതെ പൊതുജനങ്ങളുടെ ഇടയിലുള്ള പാര്‍ട്ടിയുടെ ഇമേജ് നിലനിര്‍ത്തേണ്ടതുണ്ടെന്നും അത്തരം കാര്യങ്ങള്‍ ആലോചിച്ചാണ് കെപിസിസി ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും അത് എഐസിസി അഗീകരിക്കുകയും ചെയ്തുവെന്നും എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം രാഹുല്‍ ആണ് തീരുമാനിക്കേണ്ടത് എന്നും പറഞ്ഞു.

◾  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതില്‍ സന്തോഷം പ്രകടിപ്പിച്ച് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസ്. സ്ത്രീകള്‍ക്ക് ഒപ്പം കോണ്‍ഗ്രസ് നില്‍ക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നുവെന്നും തന്നെ സാംസ്‌കാരിക സാഹിതി വാട്സാപ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയ വ്യക്തി തന്നെ തിരിച്ചെടുത്തെന്നും ഷഹനാസ് കുറിച്ചു.

◾  കെടിയു ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനം പുതിയ നീക്കവുമായി ചാന്‍സിലറായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സാങ്കേതിക സര്‍വകലാശാല വിസിയായി സിസ തോമസിനെയും ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ പ്രിയ ചന്ദ്രനെ നിയമിക്കണമെന്നും കാട്ടി ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. വി സി നിയമനത്തിനായി കോടതി നിയോഗിച്ച ജസ്റ്റിസ് ധൂലിയ സമിതി നല്‍കിയ രണ്ട് പട്ടികയിലും ഇടം നേടിയവരാണിവരെന്നും ഇതിന് അനുവാദം നല്‍കണമെന്നുമാണ് പുതിയ സത്യവാങ്മൂലത്തിലെ ആവശ്യം.

◾  തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്ടിന് കീഴിലുള്ള എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. ഡിസംബര്‍ 9 ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്ഥാപനങ്ങള്‍ക്കും  ഡിസംബര്‍ 11ന്  തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ  സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

◾  വീട്ടിലെ ശുചിമുറിയില്‍ വീണ് കാലിന് പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയായിരുന്നു സന്ദര്‍ശനം. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം തുടങ്ങിയ സിപിഎം നേതാക്കളും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.

◾  പതിനായിരകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ രാജ്യവ്യാപകമായി അവതാളത്തില്‍. ഇതുവരെ 321 സര്‍വീസുകള്‍ റദ്ദാക്കി. സംഭവത്തില്‍ ഡിജിസിഎ അന്വേഷണം തുടങ്ങി. ജീവനക്കാര്‍ക്ക് അനുകൂലമായ നിയമങ്ങളില്‍ ഇളവ് നേടാനുള്ള വിമാന കമ്പനികളുടെ സമ്മര്‍ദ തന്ത്രമാണോ ഇതെന്ന് പരിശോധിക്കണമെന്ന് പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടു.

◾  അമേരിക്കയില്‍ നിന്ന് ഈ വര്‍ഷം നാടുകടത്തിയ ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം കഴിഞ്ഞ 16 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഈ വര്‍ഷം ഇതുവരെ 3,258 ഇന്ത്യക്കാരെ യുഎസ് നാടുകടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയെ അറിയിച്ചു. 2009 മുതല്‍ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ ആകെ എണ്ണം 18,822 ആണ്.

◾  ഇന്ത്യ-റഷ്യ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനെ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശേഷം ഇരുവരും ഒരു കാറിലാണ് പുട്ടിന്റെ താമസസ്ഥലത്തേക്കു പോയത്. പിന്നാലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ റഷ്യന്‍ പ്രസിഡന്റിന് വിരുന്നൊരുക്കി. പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. നിര്‍ണായക ചര്‍ച്ചകളും തന്ത്രപ്രധാനമായ നിരവധി യോഗങ്ങളും പ്രധാന പ്രഖ്യാപനങ്ങളുമാണ് കൂടിക്കാഴ്ചയില്‍ പ്രതീക്ഷിക്കുന്നത്.

◾  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്ത നേതാവെന്ന് വിശേഷിപ്പിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് പുടിന്‍ ആവര്‍ത്തിച്ചു. അമേരിക്ക ഇപ്പോഴും റഷ്യയില്‍ നിന്ന് ആണവ ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതേ അവകാശം ഇന്ത്യയ്ക്കും ഉണ്ടെന്ന് പുടിന്‍ പറഞ്ഞു. ഇരട്ട തീരുവ അടക്കം ട്രംപിന്റെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ ഉപദേശകര്‍ ആണെന്നും പുടിന്‍ കുറ്റപ്പെടുത്തി. ലക്ഷ്യം കൈവരിച്ച ശേഷം മാത്രമേ യുക്രെയിനെതിരായ യുദ്ധം നിറുത്തൂ എന്നും പുടിന്‍ പറഞ്ഞു.

◾  വിദേശികളായ പ്രമുഖര്‍ ലോക്‌സഭയിലെ പ്രതിപക്ഷനേതാവിനെ കാണുന്നത് പാരമ്പര്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രാലയവും ഈ മാനദണ്ഡം പാലിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്‍ ഇന്ത്യയിലെത്തുന്നതിനു മണിക്കൂറുകള്‍മുന്‍പ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് പുതിന്റെ പേരുപറയാതെയുള്ള പ്രതികരണം. ഇന്ത്യ സന്ദര്‍ശിക്കുന്ന പ്രമുഖരോട് പ്രതിപക്ഷനേതാവിനെ കാണരുതെന്ന് സര്‍ക്കാര്‍ പറയുന്നത് അരക്ഷിതാവസ്ഥകൊണ്ടാണെന്നും എന്നാല്‍ സര്‍ക്കാര്‍ മാത്രമല്ല, തങ്ങളും ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നവരാണെന്നും രാഹുല്‍ പറഞ്ഞു.

◾  ഛത്തീസ്ഗഡിലെ ബീജാപ്പൂരില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ 6 മാവോയിസ്റ്റുകളെ കൂടി വധിച്ചു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 18 ആയി. ഇന്നലെ ആരംഭിച്ച ഓപ്പറേഷനില്‍ മൂന്ന് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ രണ്ട് ജവാന്മാര്‍ അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

◾  വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ പ്രതിസന്ധി ഉടന്‍ തീര്‍ക്കുന്നതില്‍ നിസ്സഹായത പ്രകടിപ്പിച്ച് ഇന്‍ഡിഗോ. സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും സാധാരണ നിലയിലാകാന്‍ ഫെബ്രുവരി 10 വരെ സമയമെടുത്തേക്കാം എന്നാണ് ഇന്‍ഡിഗോ അറിയിച്ചത്. അതുവരെ വിമാന സര്‍വ്വീസുകള്‍ വെട്ടികുറയ്ക്കും. തല്‍ക്കാലം സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുന്നു എന്ന് ഇന്‍ഡിഗോ അറിയിച്ചു. യാത്രക്കാരോട് വാക്കു പാലിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്ന് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ് പ്രതികരിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് വിമാന സര്‍വീസുകള്‍ തടസ്സപ്പെടുന്നത്. പൈലറ്റുമാരില്ലാത്തതും സാങ്കേതിക പ്രശ്‌നങ്ങളും അടക്കം നിരവധി ഘടകങ്ങള്‍ പ്രതിസന്ധിക്ക് കാരണമാണെന്നാണ് വിമാന കമ്പനിയുടെ വിശദീകണം

◾  പാക്കിസ്ഥാന്റെ സംയുക്ത പ്രതിരോധ സേന മേധാവിയായി കരസേന മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ നിയമിച്ചു. അസിം മുനീറിനെ സിഡിഎഫ് മേധാവിയായി നിയമിക്കാനുള്ള ഷെഹ്ബാസ് ഷെരീഫിന്റെ ശുപാര്‍ശ പാക്ക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അംഗീകരിക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. സിഡിഎഫ് പദവി ലഭിച്ചതോടെ പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീര്‍ മാറി.

◾  കടബാധ്യതയെ തുടര്‍ന്ന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ലേലം ചെയ്യാന്‍ ഒരുങ്ങി പാകിസ്താന്‍. ഡിസംബര്‍ 23ന് ലേലനടപടികള്‍ നടക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

◾  ഡാറ്റ സെന്റര്‍ സ്ഥാപിക്കാന്‍ അദാനി ഇന്‍ഫ്ര (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന് 480 ഏക്കര്‍ ഭൂമി അനുവദിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. വിശാഖപട്ടണം, അനകപ്പള്ളി എന്നീ ജില്ലകളിലാണ് ഭൂമി. അദാനി-ഗൂഗ്ള്‍ കൂട്ടുകെട്ടില്‍ പ്രവര്‍ത്തിക്കുന്ന റെയ്ഡന്‍ ഇന്‍ഫോടെക് ഇന്ത്യയെന്ന കമ്പനിയാണ് ഒരു ഗിഗാവാട്ട് ശേഷിയുള്ള ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നത്. അദാനി ഇന്‍ഫ്ര ഉള്‍പ്പെടെ ആറ് കമ്പനികളെ നോട്ടിഫൈഡ് പങ്കാളിയായി റെയ്ഡന്‍ പ്രഖ്യാപിച്ചിരുന്നു. പട്ടികയിലെ ആദ്യ കമ്പനിയായതിനാല്‍ അദാനി ഇന്‍ഫ്രക്ക് ഭൂമി കൈമാറണമെന്നും റെയ്ഡന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിച്ചാണ് ഭൂമി അദാനി ഇന്‍ഫ്രക്ക് കൈമാറാന്‍ തീരുമാനിച്ചതെന്നും ഉത്തരവില്‍ പറയുന്നു. ഡാറ്റ സെന്ററിനായി 87,500 കോടി രൂപയാണ് വിവിധ ഘട്ടങ്ങളായി റെയ്ഡന്‍ ഇന്‍ഫോടെക് നിക്ഷേപിക്കുന്നത്. ഇതിന് പകരമായി സംസ്ഥാന സര്‍ക്കാര്‍ ഇന്‍സെന്റീവായി 22,000 കോടി രൂപയും നല്‍കും. റെയ്ഡന് പുറമെ നോട്ടിഫൈഡ് പാര്‍ട്ണര്‍മാരും ഈ ഇന്‍സെന്റീവിന് അര്‍ഹരാണ്.

◾  മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷെയിന്‍ നിഗം പൊലീസ് യൂണിഫോമില്‍ വീണ്ടും എത്തുന്ന 'ദൃഢം' സിനിമയുടെ ടൈറ്റില്‍ വീഡിയോ പുറത്ത്. 'കൊറോണ പേപ്പേഴ്സി'നും 'വേല'യ്ക്കും ശേഷം വീണ്ടും ശക്തനായ ഒരു പോലീസ് കഥാപാത്രമായാണ് ഷെയിന്‍ എത്തുന്നതെന്നാണ് ടൈറ്റില്‍ വീഡിയോ നല്‍കുന്ന സൂചന. എസ്.ഐ വിജയ് രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയിന്‍ അവതരിപ്പിക്കുന്നത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണെന്നാണ് ലഭിക്കുന്ന സൂചനകള്‍. ചിത്രത്തില്‍ ഷോബി തിലകന്‍, കോട്ടയം രമേഷ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, മാത്യു വര്‍ഗ്ഗീസ്, ജോജി കെ ജോണ്‍, ബിട്ടോ ഡേവിസ്, അഭിഷേക് രവീന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.

◾  പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഹൊറര്‍ ചിത്രം 'ഡീയസ് ഈറെ'യും രശ്മിക മന്ദാന പ്രധാന വേഷത്തിലെത്തിയ ചിത്രം 'ദ് ഗേള്‍ഫ്രണ്ട്' ഉം ഡിസംബര്‍ അഞ്ച് മുതല്‍ ഒടിടിയില്‍. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം 'ഡീയസ് ഈറെ' തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയിരുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെയും മനോരമ മാക്സിലൂടെയും ചിത്രം കാണാനാകും. ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡീയസ് ഈറെ. ആഗോളതലത്തില്‍ ചിത്രം 80.75 കോടി രൂപ നേടിയിട്ടുണ്ട്. രാഹുല്‍ രവീന്ദ്രന്‍ സംവിധാനം ചെയ്ത 'ദ് ഗേള്‍ഫ്രണ്ട്' ചിത്രത്തില്‍ ദീക്ഷിത് ഷെട്ടിയാണ് നായകനായെത്തുന്നത്. ഒരു ടോക്സിക് റിലേഷന്‍ഷിപ്പില്‍ നിന്ന് പുറത്തു കടക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് ദ് ഗേള്‍ഫ്രണ്ട്. ഡിസംബര്‍ 5 മുതല്‍ നെറ്റ്ഫ്ലിക്സില്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും.

◾  രണ്ടുദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇന്ത്യയിലെത്തുമ്പോള്‍ അദ്ദേഹത്തോടൊപ്പം സുരക്ഷാവാഹനവ്യൂഹവും ഉണ്ടാവും. നാലു വര്‍ഷത്തിനിടെ പുടിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. പ്രസിഡന്റിന്റെ വാഹനം ഓറസ് സെനറ്റ് ആണ്. റഷ്യന്‍ വാഹന നിര്‍മ്മാതാക്കളായ ഓറസ് മോട്ടോഴ്‌സിന്റെ ആഡംബര കാറാണിത്. റഷ്യയില്‍ നിന്ന് വിമാനത്തില്‍ ഇന്ത്യയിലെത്തിക്കുന്ന ഈ കവചിത ലിമോസിന്‍ കാറിലാണ് പുടിന്‍ ഇന്ത്യയില്‍ സഞ്ചരിക്കുക. കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്ന കാറാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. വെള്ളത്തില്‍ വീണാലും കാര്‍ പൊങ്ങിക്കിടക്കും. എല്ലാ ടയറുകളും നശിച്ചാലും കാര്‍ കൂടുതല്‍ വേഗത്തില്‍ ഓടിക്കാനും കഴിയും. 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി8 ഹൈബ്രിഡ് എന്‍ജിനാണ് ഇതിന്റെ കരുത്ത്. ഏകദേശം 6-9 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കും. പരമാവധി വേഗത 160 കിലോമീറ്റര്‍. ഏകദേശം 2.5 കോടി രൂപയാണ് വില.

◾  മലയാണ്മയുടെ സ്വത്വത്തെയും സംസ്‌കാരത്തെയും അരുമയോടെ വളര്‍ത്തി വലുതാക്കിയ മഹാനദിയാണ് ഭാരതപ്പുഴ എന്ന നിള. നിള മലയാളത്തിന്റെ ആത്മാവിലേക്കൊഴുകുന്ന ജീവിതനദിയാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആയിരമായിരം കഥകളും പുരാവൃത്തങ്ങളും ചരിത്രങ്ങളും നെഞ്ചിലടുക്കിപ്പിടിച്ചുകൊണ്ട് നിള ഒഴുകിക്കൊണ്ടിരിക്കുന്നു. നിളയുടെ കഥ നമ്മുടെ കലയുടെയും സാഹിത്യത്തിന്റെയും കഥയാണ്-- അറിവിനും അപ്പുറത്തുള്ള അനുഭൂതിയാണത്. നിളയുടെ മനസ്സിലൂടെ തീര്‍ത്ഥാടനം നടത്തുന്ന ഈ ഗ്രന്ഥം നമ്മുടെ സംസ്‌കൃതിയുടെ ഹൃദയരേഖയാണ്. 'നിളയുടെ തീരങ്ങളിലൂടെ'. ആലങ്കോട് ലീലാകൃഷ്ണന്‍. ഡിസി ബുക്സ്. വില 228 രൂപ.

◾  ആര്‍ത്തവ വേദന കുറയ്ക്കാന്‍ പലരും വേദനസംഹാരികളെയാണ് ആശ്രയിക്കുന്നത്. ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന ഘടകമാണ്. ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തവ സമയത്തെ വേദന അകറ്റാന്‍ മികച്ച ഒരു ഭക്ഷണമാണ് പാലക്ക് ചീര. ആര്‍ത്തവ സമയത്ത് ശരീരത്തില്‍ ഇരിമ്പിന്റെ അംശം കുറയാനിടയാകും. പാലക്ക് ചീരയില്‍ ധാരാളം അടങ്ങിയിരിക്കുന്ന ഇരുമ്പ് ക്ഷീണവും അസ്വസ്ഥതയും കുറയാന്‍ സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയ മഗ്നീഷ്യം ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഫുഡ്സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പ്രോസ്റ്റാഗ്ലാന്‍ഡിനുകള്‍ എന്ന സംയുക്തങ്ങള്‍ പ്രകാശനം മഗ്നീഷ്യം തടയുന്നതിലൂടെയാണ് പേശി സങ്കോചത്തിനും വേദനയും കുറയുന്നതെന്ന് പഠനത്തില്‍ വിശദീകരിക്കുന്നു. ഇത് കൂടാതെ ചീരയില്‍ അടങ്ങിയ കാല്‍സ്യം, വിറ്റാമിന്‍ കെ, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ പാലക്ക് ചീര എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ആന്റി-ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയതിനാല്‍ പാലക്ക് ചീര ഡയറ്റില്‍ പതിവാക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും മികച്ചതാണ്. ഗ്ലൈസമിക് സൂചിക വളരെ കുറവായതിനാല്‍ തന്നെ പാലക്ക് ചീര പ്രമേഹ രോഗികള്‍ക്കും കഴിക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
കുറുക്കന്‍ ദാഹിച്ചുവലഞ്ഞ് കാടിനരികിലുളള ഗ്രാമത്തിലൂടെ നടക്കുകയായിരുന്നു. അപ്പോഴാണ് കിണറിന് മുകളില്‍ രണ്ടറ്റത്തും കപ്പിയുമായി ഘടിപ്പിച്ച തൊട്ടികള്‍ കണ്ടത്.  കുറുക്കന്‍ അതിലെ ഒരു തൊട്ടിയില്‍ കയറി കിണററിലിറങ്ങി ധാരാളം വെള്ളം കുടിച്ചു.  ദാഹം മാറിയപ്പോഴാണ് കുറുക്കന് മറ്റൊരുകാര്യം മനസ്സിലായത്.  താന്‍ കിണറിനകത്ത് പെട്ടിരിക്കുന്നു.  എങ്ങനെ മുകളിലെത്തുമെന്ന് ആലോചിച്ചു നില്‍ക്കുമ്പോഴാണ് മുകളില്‍ നിന്ന് ചെന്നായ കുറുക്കനോട് ചോദിച്ചത്:  നീ അവിടെ എന്തെടുക്കുകയാണ്?  കുറുക്കന്‍ പറഞ്ഞു:  ഇവിടെ ധാരാളം മീന്‍ ഉണ്ട്.  ഞാന്‍ കഴിച്ചു മടുത്തു. നീയും വരൂ. ആ കയറിന്റെ മറുവശത്ത് ഉണ്ടായിരുന്ന രണ്ടാമത്തെ തൊട്ടിയില്‍ കയറി ചെന്നായ താഴെയെത്തി. മറുതൊട്ടിയില്‍ കയറിയ കുറുക്കന്‍ മുകളിലുമെത്തി.  താഴെ ഒരു മീന്‍പോലുമില്ലെന്ന് കണ്ട ചെന്നായക്ക് അപ്പോഴാണ് ചതി മനസ്സിലായത്.  വികാരമുദിക്കുമ്പോള്‍ പലപ്പോഴും വിചാരം അസ്തമിക്കുന്നു എന്നതാണ് ആകര്‍ഷണങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടം.  ആവശ്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. ആ ആവശ്യങ്ങള്‍ക്ക് എത്രമാത്രം അടിമപ്പെടുന്നു എന്നതിനനുസരി്ച്ചാണ് ഓരോരുത്തരുടേയും നിലനില്‍പ്പ്.  ചിലര്‍ പൊടുന്നനെ പ്രതികരിക്കും.  ചിലര്‍ സുരക്ഷിതപരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതു വരെ സംയമനം പാലിക്കും.  ഓരോ ആകര്‍ഷണത്തിലകപ്പെടുമ്പോഴും സ്വന്തം വില നഷ്ടപ്പെടാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right