2025 | ഡിസംബർ 4 | വ്യാഴം
1201 | വൃശ്ചികം 18 | കാർത്തിക
◾ യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസില്‍ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യമില്ല. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി. രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായശേഷമാണ് വിധി പറഞ്ഞത്. ജാമ്യം കോടതി നിഷേധിച്ചതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. രാഹുല്‍ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നല്‍കുന്നത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തി രാഹുല്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഗര്‍ഭഛിദ്രത്തിനു സമ്മര്‍ദം ചെലുത്തിയായിരുന്നു ഭീഷണിയെന്നും ഫ്ളാറ്റില്‍നിന്നു ചാടുമെന്നു പറഞ്ഞുവെന്നുമാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി അറിയിച്ച സന്ദര്‍ഭത്തിലാണ് സണ്ണി ജോസഫിന്റെ പ്രതികരണം. പുറത്താക്കിയ നടപടി കോണ്‍ഗ്രസ് നേതാക്കളുമായും കോണ്‍ഗ്രസ് ഹൈക്കമാന്റുമായും ചര്‍ച്ച നടത്തി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. 2023ലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ്ഐആര്‍. പ്രതി പട്ടികയില്‍ രാഹുല്‍ മാത്രമാണുള്ളത്. ഫെന്നി നൈനന്‍ ഓടിച്ച കാറില്‍ പെണ്‍കുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുവെന്നും യുവതിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ ഉണ്ടായെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.
◾ മഹിള കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം.എ. ഷഹനാസ്. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫിയുടെ മൗനം പരിഹാസമായി തോന്നിയെന്നും താന്‍ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാല്‍ തെളിവ് പുറത്ത് വിടുമെന്നും പാര്‍ട്ടി നടപടിയേയും സൈബറാക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് വ്യക്തമാക്കി
◾ ആരോപണത്തിന് പിന്നാലെ സാംസ്‌കാരിക സാഹിതി ഗ്രൂപ്പില്‍ നിന്നും നീക്കിയെന്ന് കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം.എ. ഷഹനാസ്. വ്യക്തിപരമായ വിദ്വേഷത്തെ തുടര്‍ന്നാണ് നടപടിയെന്നും ഷഹനാസ് ആരോപിച്ചു. അതില്‍ പ്രതികരിച്ചതിന് പിന്നാലെ വീണ്ടും വാട്സാപ് ഗ്രൂപ്പില്‍ ആഡ് ചെയ്തുവെന്നും ജീവനോടെ വച്ചേക്കില്ല എന്ന് പറഞ്ഞ് പോലും സോഷ്യല്‍ മീഡിയയില്‍ മെസേജ് വന്നുവെന്നും ഷാഫിക്ക് അറിയാമായിരുന്നു എന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഷഹനാസ് ആവര്‍ത്തിച്ചു വ്യക്തമാക്കി.
◾ ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം. രാഹുലും ഫെനിയും ഉള്‍പ്പെടുന്ന പെണ്‍വാണിഭസംഘത്തില്‍ ഹെഡ്മാഷുമുണ്ടെന്ന് സിപിഎം ജില്ല സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു. സിപിഎം നേരത്തെ ഷാഫിക്കെതിരെ ഉന്നയിച്ച ആരോപണം ഷഹനാസ് ശരിവെച്ചുവെന്നും ഷാഫി അന്നേ നടപടി എടുത്തെങ്കില്‍ ഒരു പെണ്‍കുട്ടിയ്ക്കും ഈ ഗതി വരില്ലായിരുന്നുവെന്നും രാഹുല്‍ മങ്കൂട്ടത്തിലിന് ആരാണ് സംരക്ഷണം നല്‍കുന്നത് എന്ന് വ്യക്തമാകുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
◾ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരായ സ്ത്രീകളുടെയോ സാക്ഷികളുടെയും വിവരങ്ങള്‍ വെളിപ്പെടുന്ന വിധം നവമാധ്യങ്ങളില്‍ പോസ്റ്റിട്ടാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. രാഹുല്‍ ഈശ്വര്‍ പരാതിക്കാരിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് കോടതിക്ക് ബോധ്യമായതുകൊണ്ടാണ് റിമാന്‍ഡ് ചെയ്തത്. മോശം കമന്റിടുന്നവര്‍ക്ക് എതിരെയും നിയമ നടപടി ഉണ്ടാകുമെന്ന് സൈബര്‍ സെല്‍ ചുമതലയുള്ള എഡിജിപി പറഞ്ഞു.
◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍, കെപിസിസിക്ക് പരാതി നല്‍കിയ യുവതിയുടെ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചു. അയല്‍സംസ്ഥാനത്തുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കെപിസിസിക്ക് പരാതി അയച്ചത്. പരാതിക്കാരി മൊഴിയില്‍ ഉറച്ചുനിന്നാല്‍ രാഹുലിന് കുരുക്ക് മുറുകും.
◾ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍. ജോസ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മലയാളിയായ ഇയാള്‍ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍. ഇന്നലെ ഇയാള്‍ കസ്റ്റഡിയിലായതിനെ തുടര്‍ന്നാണ് പ്രത്യേക കേന്ദ്രത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. എന്നാല്‍ അവിടെയും രാഹുലിനെ കണ്ടെത്താന്‍ സാധിച്ചില്ല.
◾ തനിക്കെതിരായ സൈബര്‍ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇമെയില്‍ മുഖാന്തരമാണ് .പരാതി അയച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണം ഉന്നയിച്ച യുവതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടെന്ന പരാതിക്കെതിരേയാണ് സന്ദീപ് വാര്യരുടെ നീക്കം.
◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇന്നലെയാണ് രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ രാഹുല്‍ ഈശ്വറിനെ വിട്ടത്. ടെക്നോപാര്‍ക്കിലെ ഓഫീസിലെത്തിച്ച് തെളിവെടുത്തിരുന്നു. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ജയിലില്‍ അയച്ചത് മുതല്‍ നിരാഹാരത്തിലാണ് രാഹുല്‍ ഈശ്വര്‍.
◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ സംഘടനാ നടപടിയുടെ പേരില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ അധിക്ഷേപം നടത്തുന്നത് സിപിഎം അനുകൂലികളാണെന്ന് സംവിധായകനും നടനും റിയാലിറ്റി ഷോ താരവുമായ അഖില്‍ മാരാര്‍. വി.ഡി. സതീശനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് സൈബര്‍ ആക്രമണമെന്നും അഖില്‍ ആരോപിച്ചു. രാഹുലിനെ തള്ളിപ്പറയുന്ന കോണ്‍ഗ്രസ് നേതാക്കളെ തെറി പറയുന്നത് കോണ്‍ഗ്രസുകാരല്ല, മുഴുത്ത 'കമ്മി'കളാണെന്നും അഖില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
◾ സന്ദീപ് വാര്യരുടെ പോസ്റ്റ് സമൂഹമാധ്യത്തില്‍ ഷെയര്‍ ചെയ്ത കോഴിക്കോട് ചേളന്നൂര്‍ സ്വദേശി അറസ്റ്റില്‍.ചേളന്നൂര്‍ സ്വദേശി പയ്യട സന്തോഷ് കുമാര്‍ (56) നെയാണ് കോഴിക്കോട് റൂറല്‍ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയുള്ള പീഡന പരാതിയുടെ പാശ്ചാത്തലത്തില്‍ സന്ദീപ് വാര്യര്‍ സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്തതിനാണ് ഇയാള്‍ക്കെതിരെ പൊലീസ് നടപടി.
◾ ശബരിമല സ്വര്‍ണ കൊള്ളയില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പ പാളി കേസിലാണ് സിപിഎം നേതാവ് കൂടിയായ എ പത്മകുമാറിനെ എസ്ഐടി പ്രതി ചേര്‍ത്തത്. ഈ കേസില്‍ പത്മകുമാറിന്റെ അറസ്റ്റും രേഖപ്പെടുത്തി. നേരത്തെ സ്വര്‍ണ കട്ടിളപ്പാളി കേസിലാണ് പത്മകുമാറിനെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തിരുന്നത്. ചൊവ്വാഴ്ച ജയിലിലെത്തിയാണ് അന്വേഷണ സംഘം പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ ആറാം പ്രതിയാണ് എസ് ശ്രീകുമാര്‍. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൈമാറാന്‍ 2019ല്‍ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മഹസറില്‍ ഒപ്പ് വെച്ചയാളാണ് ശ്രീകുമാര്‍.
◾ ശബരിമല സ്വര്‍ണകൊള്ള കേസിലെ പ്രതിയായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജയശ്രീക്ക് തിരിച്ചടി. ജയശ്രീയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ജയശ്രീയുടെ ജാമ്യവും തള്ളിയത്. ഇരുവര്‍ക്കും ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസ്ഐടി അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതി കോടതിയുടെ നടപടി.
◾ ശബരിമല സ്വര്‍ണകൊള്ളയില്‍ ഇപ്പോള്‍ നടക്കുന്നത് കോടതിയുടെ മേല്‍നോട്ടത്തിലുള്ള പൊലീസ് അന്വേഷണമാണെന്നും ഇനി സിബിഐയും എന്‍ഐഎയും ഇഡിയും വരുമെന്നും അപ്പോള്‍ കിടന്ന് കയ്യും കാലുമിട്ട് അടിക്കരുതെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഒന്ന് വഴിമാറാന്‍ തള്ളിയതിനുള്ള നിയമ നടപടികള്‍ താന്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അതില്‍ എന്തോ സംഭവിച്ചെന്ന് പറഞ്ഞ് ഒറ്റിയ സമൂഹം കേരളത്തിലുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
◾ പിഎംശ്രീ കരാറില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലില്‍ കടുത്ത അതൃപ്തിയില്‍ സിപിഐ. ധര്‍മ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തലില്‍ സിപിഎം വിശദീകരിക്കണമെന്ന് ഡി രാജ ആവശ്യപ്പെട്ടു. അമര്‍ഷമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പരസ്യപ്രതികരണം വേണ്ടെന്നാണ് സിപിഐ സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. അതേസമയം കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി കേന്ദ്രവുമായി പാലമാകുന്നതാണ് തന്റെ പണിയെന്നും അല്ലാതെ പാരയാകുന്നതല്ലെന്നും കേരളത്തിന് ലഭിക്കേണ്ട ഫണ്ട് കിട്ടാനുള്ള ശ്രമമാണ് നടത്തിയതെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
◾ സര്‍ക്കാര്‍ തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നു. ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിലെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി കെഎസ്എഫ്ഡിസി അറിയിച്ചു. തിയറ്ററില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന സിനിമാസ്വാദകരുടെ ദൃശ്യങ്ങളാണ് അശ്ലീല വെബ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്.
◾ സര്‍ക്കാര്‍ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കെഎസ്എഫ്ഡിസി എംഡി. ദൃശ്യങ്ങള്‍ പുറത്തുപോയതില്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കെഎസ്എഫ്ഡിസി എംഡി പിഎസ് പ്രിയദര്‍ശന്‍ പറഞ്ഞു. തിയറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും വിഷയം ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ഹാക്കിംഗ് ആണെന്നാണ് പ്രാഥമിക സംശയമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.
◾ യുഡിഎഫ് ഭരിക്കുന്ന കോഴിക്കോട് കാരശ്ശേരി ബാങ്കില്‍ ഭരണം പിടിക്കാന്‍ സിപിഎം വഴിവിട്ട നീക്കം നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി ബാങ്ക് അധികൃതര്‍. 800 ഓളം പേര്‍ക്ക് വഴിവിട്ട് ഒറ്റ ദിവസം അംഗത്വം നല്‍കി എന്ന ആരോപണം തെറ്റാണെന്നാണ് ബാങ്ക് അധികൃതര്‍ വിശദീകരിക്കുന്നത്. ജീവനക്കാരുടെ അറിവോ സമ്മതമോ കൂടാതെ അവരുടെ യൂസര്‍ ഐ.ഡി ഉപയോഗിച്ച് അംഗങ്ങളെ ചേര്‍ത്തു എന്ന ആരോപണം തെറ്റാണെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.
◾ തൃശൂര്‍ കുന്നംകുളം ചൂണ്ടലില്‍ സ്‌കൂള്‍ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ ചൂണ്ടല്‍ പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും കാര്‍ യാത്രക്കാരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാര്‍ യാത്രക്കാരുടെ നില ഗുരുതരമാണ്.
◾ നെടുമ്പാശ്ശേരി വിമാനത്താവളം വഴി പക്ഷിക്കടത്ത്. തായ്ലന്റില്‍ നിന്ന് എത്തിയ കുടുംബമാണ് പക്ഷികളുമായി എത്തിയത്. വംശനാശ ഭീഷണി നേരിടുന്ന 11 പക്ഷികളെയാണ് കസ്റ്റംസ് കണ്ടെത്തിയത്. മലപ്പുറം സ്വദേശിയായ മര്‍വാനും ഭാര്യയും 14 വയസുള്ള മകനുമാണ് കോലാലംപൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് എത്തിയത്. ഇന്ന് പുലര്‍ച്ചെയോട് കൂടി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സിറ്റ് പോയിന്റില്‍ വെച്ച് തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.
◾ കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോകുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കണമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സംസ്ഥാനത്തെ തൊഴിലുടമകളോട് ബുധനാഴ്ച അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ ഡിസംബര്‍ 9, 11 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
◾ ഇടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും തുലാവര്‍ഷം സജീവമാകുന്നു. വടക്കന്‍ തമിഴ്നാട് മുതല്‍ കര്‍ണാടക, തമിഴ്നാട്, വടക്കന്‍ കേരളം വഴി ലക്ഷദ്വീപ് വരെ ഒന്നര കിലോമീറ്റര്‍ മുകളില്‍ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ സാഹചര്യം ശക്തമാക്കുന്നത്. ഇതിനൊപ്പം തന്നെ ന്യൂനമര്‍ദ്ദവും രൂപപ്പെട്ടതിനാല്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്.
◾ നിലവിലെ ടോള്‍ പിരിവ് സമ്പ്രദായം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും അവസാനിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ചു. ഈ സംവിധാനത്തിന് പകരമായി ഒരു ഇലക്ട്രോണിക് സംവിധാനം നിലവില്‍ വരും. ഇത് ഹൈവേ ഉപയോക്താക്കള്‍ക്ക് തടസമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ ചോദ്യോത്തര വേളയിലാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.
◾ വൈദ്യുതാഘാതമേറ്റ പാമ്പിന് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിച്ച് പാമ്പ് പിടിത്തക്കാരന്‍. എന്നാല്‍ ഈ രീതി ആരും അനുകരിക്കരുതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മൃഗഡോക്ടറുടെ സഹായം തേടുകയാണ് വേണ്ടതെന്നാണ് വിദഗ്ധാഭിപ്രായം. ഗുജറാത്തിലെ വല്‍സദ് ജില്ലയിലാണ് സംഭവം നടന്നത്.
◾ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ധരിക്കുന്ന വാച്ചിനെച്ചൊല്ലി പുതിയ വിവാദം. സിദ്ധരാമയ്യ 43 ലക്ഷം രൂപ വിലയുള്ള വാച്ചാണ് ധരിക്കുന്നതെന്നാണ് ബിജെപിയുടെ വിമര്‍ശനം. കഴിഞ്ഞദിവസം സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതിയിലെത്തിയപ്പോള്‍ ധരിച്ച വാച്ച് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സോഷ്യലിസ്റ്റാണെന്ന് അവകാശപ്പെടുന്ന സിദ്ധരാമയ്യക്ക് അത്യാഡംബര വാച്ച് കെട്ടുന്നതില്‍ കുഴപ്പമില്ലെന്നും ബിജെപി പരിഹസിക്കുന്നു.
◾ പാന്‍ മസാലയുടെ എല്ലാ പാക്കറ്റുകളിലും വലുപ്പമോ ഭാരമോ പരിഗണിക്കാതെ റീട്ടെയില്‍ വില്‍പന വില നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് ഉത്തരവിറക്കി. ലീഗല്‍ മെട്രോളജി റൂള്‍സ്, 2011 പ്രകാരമുള്ള മറ്റ് നിര്‍ബന്ധിത പ്രഖ്യാപനങ്ങളും ഇതോടൊപ്പം പാക്കറ്റുകളില്‍ രേഖപ്പെടുത്തണം. ജിഎസ്ആര്‍ 881(ഇ) വിജ്ഞാപനം വഴിയാണ് ചട്ടത്തില്‍ ഭേദഗതി വരുത്തിയത്. ഈ പുതിയ നിയമം 2026 ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ അധികൃതര്‍ അറിയിച്ചു
◾ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ശശി തരൂര്‍ രംഗത്ത്. പ്രതിപക്ഷം പാര്‍ലമെന്റില്‍ നിരുത്തരവാദിത്തപരമായി പെരുമാറുന്നുവെന്നും ചര്‍ച്ചകളിലൂടെ സര്‍ക്കാരിനെ വെല്ലുവിളിക്കുന്നതിന് പകരം ബഹളം വെച്ച് നടപടികള്‍ തടസ്സപ്പെടുത്തുന്നുവെന്നും ചോദ്യോത്തരവേളയും ശൂന്യവേളയും പോലെ കേന്ദ്രമന്ത്രിമാരെ മുള്‍മുനയില്‍ നിര്‍ത്താനുള്ള അവസരങ്ങള്‍ പാഴാക്കുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. യുപിഎ ഭരണകാലത്ത് ബിജെപി ചെയ്തത് ഇപ്പോള്‍ ഇന്ത്യ സഖ്യം ആവര്‍ത്തിക്കുന്നുവെന്നും നഷ്ടം സംഭവിക്കുന്നത് പ്രതിപക്ഷത്തിനാണെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
◾ പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവനീത് കുമാര്‍ സെഗാള്‍ രാജിവെച്ചു. രാജി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഒന്നര വര്‍ഷം കാലാവധി ഉള്ളപ്പോഴാണ് കാരണം ചൂണ്ടിക്കാട്ടാതെയുള്ള രാജി. 1988 ബാച്ച് യു പി കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. മുന്‍ ഉപരാഷ്ട്രതി ജഗദീപ് ധന്‍കര്‍ അദ്ധ്യക്ഷനായുള്ള സമിതിയാണ് സെഗാളിനെ നിയമിച്ചത്.
◾ കോണ്‍ഗ്രസ് എംപി രേണുക ചൗധരിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നല്‍കാന്‍ ബിജെപി. പാര്‍ലമെന്റില്‍ നായയുമായത്തിയ സംഭവത്തിലെ പ്രതികരണത്തിലാണ് നീക്കം. കുരയ്ക്കുകയും കടിക്കുകയും ചെയ്യുന്ന അകത്തിരിക്കുന്നവരേക്കാള്‍ ഭേദമാണ് നായയെന്നായിരുന്നു പ്രതികരണം. തുടര്‍ന്ന് നായയുടെ ശബ്ദം അനുകരിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു
◾ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ വിമാന സര്‍വീസുകള്‍ താറുമാറായി. കഴിഞ്ഞ ദിവസങ്ങളിലായി വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള നൂറിലധികം വിമാനങ്ങള്‍ ഇന്റിഗോ റദ്ദാക്കി. നിരവധി സര്‍വീസുകള്‍ വൈകി. ജീവനക്കാരുടെ കുറവ് ഉള്‍പ്പെടെ വിവിധ കാരണങ്ങളാണ് പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണമെന്നാണ് വിവരം. അതേസമയം സംഭവത്തില്‍ കേന്ദ്ര ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
◾ അഹമ്മദാബാദില്‍ ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബ്രിട്ടീഷ് പൗരന്മാരുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. യുകെയിലേക്ക് തിരിച്ചയച്ച നിരവധി മൃതദേഹങ്ങളില്‍ അപകടകരമാം വിധം ഉയര്‍ന്ന അളവില്‍ വിഷരാസവസ്തുക്കള്‍ കണ്ടെത്തിയതായി ബ്രിട്ടീഷ് ജുഡീഷ്യല്‍ ഓഫീസര്‍ വെളിപ്പെടുത്തി. അപകടത്തില്‍ മരിച്ച 53 ബ്രിട്ടീഷ് പൗരന്മാരുടെ കേസ് അന്വേഷിക്കുന്ന പ്രൊഫസര്‍ ഫിയോണ വില്‍കോക്സ്, ഡിസംബര്‍ രണ്ടിനാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
◾ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്ത അനുയായിയെന്ന് പേരുകേട്ടിരുന്ന മാര്‍ജോറി ഗ്രീന്‍ രാജി പ്രഖ്യാപിച്ചു. ജനുവരി 5 -ന് രാജിവയ്ക്കുമെന്നാണ് അറിയിപ്പ്.
◾ അമേരിക്കയില്‍ നവദമ്പതികളുടെ ദാരുണമരണത്തില്‍ ഇന്ത്യാക്കാരനെ ക്രിമിനല്‍ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഇന്ത്യാക്കാരന്‍ രജീന്ദര്‍ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. 32 വയസുകാരനായ ഇയാള്‍ അനധികൃത മാര്‍ഗങ്ങളിലൂടെയാണ് അമേരിക്കയിലെത്തിയത്. ഒറിഗോണില്‍ വെച്ച് നവംബര്‍ 24 ന് ഇയാള്‍ ഓടിച്ച സെമി ട്രക്ക് കാറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. കാറിലുണ്ടായിരുന്ന നവദമ്പതികളായ വില്യം മൈക്ക കാര്‍ട്ടറും ജെന്നിഫര്‍ ലിന്‍ ലോവറുമാണ് മരിച്ചത്.
◾ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കര്‍ശനമായ വസ്ത്രധാരണ രീതികളെ ന്യായീകരിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. നിര്‍ബന്ധിത ഹിജാബ് നിയമങ്ങള്‍ പരസ്യമായി ലംഘിക്കുന്ന ഇറാനിയന്‍ വനിതകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെയാണ്, അമേരിക്കയും പാശ്ചാത്യ മുതലാളിത്തവും സ്ത്രീകളുടെ അന്തസ്സ് ഇല്ലാതാക്കുന്നതെന്ന് ഖമേനി ഓണ്‍ലൈന്‍ പോസ്റ്റുകളിലൂടെ ആരോപിച്ചു.
◾ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 28 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 90.43 എന്ന സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതും ഇറക്കുമതിക്കാര്‍ക്ക് ഡോളര്‍ ആവശ്യകത വര്‍ധിച്ചതും രൂപയെ പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഇല്ലാത്തതുമാണ് ഇതിന് കാരണം. നാളെ പ്രഖ്യാപിക്കാനിരിക്കുന്ന റിസര്‍വ് ബാങ്കിന്റെ പണ വായ്പ നയവും രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നുണ്ട്. ഇന്നലെയാണ് ആദ്യമായി രൂപ 90 എന്ന നിലവാരത്തിലും താഴെ പോയത്. തുടര്‍ന്ന് 90.15 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വ്യാപാരം അവസാനിച്ചത്. രൂപയുടെ മൂല്യം താഴുന്നത് ഇറക്കുമതിച്ചെലവ് വര്‍ധിക്കാന്‍ കാരണമാകും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അടക്കം ഇറക്കുമതി ചെലവ് വര്‍ധിക്കുന്നത് പണപ്പെരുപ്പനിരക്ക് വീണ്ടും ഉയരാന്‍ കാരണമാകുമോ എന്ന ആശങ്ക വിപണിയില്‍ സൃഷ്ടിച്ചിട്ടുണ്ട്.
◾ ആസ്ട്രേലിയയില്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗത്തിന് നിരോധനം വരുന്നതോടെ 10 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ നിര്‍ജീവമാകും. ഡിസംബര്‍ പത്തോടെ ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, യുട്യൂബ്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് തുടങ്ങിയ പത്തിലധികം സമൂഹ മാധ്യമങ്ങളിലെ കുട്ടികളുടെ അക്കൗണ്ടുകളാണ് നിര്‍ജീവമാകുക. സമൂഹ മാധ്യമങ്ങളില്‍നിന്ന് ഈ അക്കൗണ്ടുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ 495 ലക്ഷം ആസ്ട്രേലിയന്‍ ഡോളര്‍ വരെ പിഴ നേരിടേണ്ടിവരും. നിയമം ലംഘിച്ചാല്‍ ടെക് കമ്പനികളാണ് പിഴയൊടുക്കേണ്ടിവരുക. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രായപരിധി പൂര്‍ത്തിയായാല്‍ മാത്രമേ സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കൂ. കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗം വിലക്കുന്നതിന് ആദ്യമായി നിയമം കൊണ്ടുവരുന്ന രാജ്യമാണ് ആസ്ട്രേലിയ. സമൂഹ മാധ്യമങ്ങളിലൂടെ കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍ ഒഴിവാക്കുക, ദോഷകരമായ ഉള്ളടക്കം കുറക്കുക, കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് നിയമം നടപ്പിലാക്കുന്നത്.
◾ പ്രേക്ഷകര്‍ക്ക് ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളുമായി 'ദി റൈഡി'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഡയസ്പോര്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മിച്ച് റിതേഷ് മേനോന്‍ സംവിധാനം ചെയ്യുന്ന 'ദ് റൈഡില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്‍, സുഹാസ് ഷെട്ടി എന്നിവരും നിര്‍മാതാക്കളാണ്. ഇവര്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റു പറയുന്ന ഒരു കാറിലെ യാത്രക്കാര്‍. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ചാണ് അവര്‍ അജ്ഞാതനായ ഒരാളോട് ഏറ്റുപറയുന്നത്. എന്നാല്‍ അതിലേറെ നിങ്ങള്‍ക്ക് പറയാനുണ്ടെന്നും ബാക്കിയാര് പറയുമെന്നും അയാള്‍ ചോദിക്കുന്നു. ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ചിത്രത്തിന്റെ പ്രമേയം.
◾ മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. സജു എസ് ദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍' എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. സജു എസ് ദാസ്, രാഹുല്‍ മാധവ്, നഞ്ചിയമ്മ, ലത ദാസ്, ശോഭിക ബാബു, ഷാജു ശ്രീധര്‍, മേജര്‍ രവി, ഗിന്നസ് പക്രു, ലക്ഷ്മി പ്രിയ, ജോണ്‍ അലക്സാണ്ടര്‍, തുഷാര പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭദ്ര ഗായത്രി പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. 2024 മെയ് 17 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഒന്നര വര്‍ഷത്തിന് ഇപ്പുറമാണ് ഒടിടിയിലേക്ക് എത്തുന്നത്. മനോരമ മാക്സിലൂടെ നാളെ മുതല്‍ ചിത്രം കാണാനാവും. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണ് ഇത്.
◾ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്‌സസില്‍ നിന്നുള്ള പുതിയ എസ് യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആര്‍എക്‌സ് ലൈനപ്പില്‍ പുതിയ കൂട്ടിച്ചേര്‍ക്കലായി ആര്‍എക്‌സ് 350എച്ച് ആണ് വിപണിയില്‍ കൊണ്ടുവന്നത്. 89.99 ലക്ഷം രൂപ മുതല്‍ വിലയുള്ള (എക്‌സ് ഷോറൂം) ഈ പുതിയ വേരിയന്റ് ഹൈബ്രിഡോട് കൂടിയ 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ ആണ് വാഗ്ദാനം ചെയ്യുന്നത്. എട്ട് സ്പീഡ് ഇ-സിവിടി യൂണിറ്റുമായി ജോടിയാക്കിയ എന്‍ജിന്‍ 190 ബിഎച്ച്പിയും 242 എന്‍എം ടോര്‍ക്കുമാണ് പവറായി പുറപ്പെടുവിക്കുന്നത്. രണ്ട് വേരിയന്റിലാണ് വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്. ഒന്ന് സ്റ്റാന്‍ഡേര്‍ഡ് ലെക്സസ് ഓഡിയോ സിസ്റ്റവും മറ്റൊന്ന് മാര്‍ക്ക് ലെവിന്‍സണ്‍ ഓഡിയോ പാക്കേജും. അതേസമയം, ടോപ്പ്-സ്‌പെസിഫിക്കേഷന്‍ മോഡലിന് 1.09 കോടി രൂപയാണ് വില വരിക.
◾ യാത്ര ഒരു വിടുതലാണ്. പുതിയത് തേടലാണ്. ഭാവനയ്ക്ക് പകരംവയ്ക്കാനുള്ള, എഴുതാനുള്ള ഉരുതേടലല്ല അത്. ശരീരവും മനസ്സും മറ്റൊരു ഭൂപ്രകൃതിയിലേക്ക്, ഭാഷയിലേക്ക്, ജീവിതസംവിധാനത്തിലേക്ക് ഹ്രസ്വമായെങ്കിലും കൊണ്ടുപോകലാണ്. യാത്ര ചെയ്ത് ഒരിടത്തെത്തുക എന്നതിനേക്കാള്‍ യാത്രചെയ്യുക എന്ന സഞ്ചാരത്തിന്റെ, ചലനത്തിന്റെ അനുഭവം സുഖം തരും. പുറപ്പെട്ടു കഴിഞ്ഞു, ഇതുവരെ കാണാത്തൊരിടത്ത് എത്താന്‍ പോകുകയാണ് എന്ന വിചാരം, അപരിചിതദേശങ്ങളില്‍ ഒറ്റയ്ക്കുള്ള യാത്രകളുടെ അനിശ്ചിതത്വം, പരാജയസാധ്യത, ക്ലേശം - ഒക്കെ സുഖമാണ്. കവി അനിത തമ്പി തന്റെ പലതരം യാത്രകളെക്കുറിച്ച് എഴുതുന്നു. 'എത്തല്‍'. ഡിസി ബുക്സ്. വില 209 രൂപ.
◾ ശരീരത്തില്‍ ജലാംശം കുറയുന്നത് നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കുന്നതിനെ തടസ്സപ്പെടുത്തുകയും ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. കാലാവസ്ഥ ഏതാണെങ്കിലും ദിവസവും രണ്ടര ലിറ്റര്‍ വരെ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കാറ്. പ്രത്യേകിച്ച് ശൈത്യകാലത്ത്, തണുപ്പാകുമ്പോള്‍ ദാഹം തോന്നാനുള്ള സാഹചര്യം കുറവാണെങ്കിലും വെള്ളം കൃത്യമായി കുടിക്കണം. ശരീരത്തില്‍ നിര്‍ജ്ജലീകരണമുണ്ടെന്ന് ഈ ലക്ഷണങ്ങള്‍ നോക്കി തിരിച്ചറിയാം. മൂത്രത്തിന്റെ നിറം മാറുമെന്നതാണ് പ്രധാന ലക്ഷണം. മൂത്രത്തിന്റെ നിറം കടുംമഞ്ഞ നിറത്തിലാവുന്നത് ആവശ്യത്തിന് വെള്ളം ശരീരത്തില്‍ ഇല്ലാത്തതിന്റെ സൂചനയാണ്. കാരണങ്ങളില്ലാതെയുള്ള ക്ഷീണം നിര്‍ജ്ജലീകരണത്തിന്റെ മറ്റൊരു ലക്ഷണമാണ്. തലവേദന, ആവശ്യത്തിന് ജലാംശം ശരീരത്തില്‍ ഇല്ലെങ്കില്‍ തലച്ചോറിലെ രക്തക്കുഴലുകള്‍ വലിഞ്ഞുമുറുകും. അത് തലവേദനയ്ക്ക് കാരണമാകാം. ഇടയ്ക്കിടെ വരുന്ന തലവേദനയ്ക്ക് നിര്‍ജ്ജലീകരണം കാരണമാകാം. ചുണ്ടും ചര്‍മവും വരണ്ടുണങ്ങുന്നുണ്ടെങ്കിലും നിര്‍ജലീകരണമുണ്ടോയെന്ന് സംശയിക്കാം. എന്നാല്‍ കഫീന്‍ അടങ്ങിയ കാപ്പി, ചായ പോലുള്ള പാനീയങ്ങള്‍ കുടിക്കുന്നത് നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ കാരണമാകും. നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ വെള്ളം അല്ലെങ്കില്‍ ജലാംശം ധാരാളം അടങ്ങിയ തണ്ണിമത്തന്‍, ഓറഞ്ച് പോലുള്ള പഴങ്ങളും കഴിക്കാവുന്നതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.99, പൗണ്ട് - 120.10, യൂറോ - 104.99, സ്വിസ് ഫ്രാങ്ക് - 112.35, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 59.54, ബഹറിന്‍ ദിനാര്‍ - 238.69, കുവൈത്ത് ദിനാര്‍ -293.14, ഒമാനി റിയാല്‍ - 233.94, സൗദി റിയാല്‍ - 23.97, യു.എ.ഇ ദിര്‍ഹം - 24.55, ഖത്തര്‍ റിയാല്‍ - 24.70, കനേഡിയന്‍ ഡോളര്‍ - 64.43.
➖➖➖➖➖➖➖➖
Tags:
KERALA