Trending

സായാഹ്ന വാർത്തകൾ

2025 | ഡിസംബർ 5 | വെള്ളി 
1201 | വൃശ്ചികം 19 |  രോഹിണി 

◾ ഇന്ത്യ സമാധാനത്തിന്റെ പക്ഷത്തെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യ യുക്രൈന്‍ സംഘര്‍ഷത്തിന് സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് പുടിന്‍ മോദിയോട് പറഞ്ഞു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം തീര്‍ക്കാനുള്ള ഇടപെടല്‍ വേണമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെടുമ്പോഴാണ് സമാധാനത്തിനുള്ള നിര്‍ദ്ദേശം നരേന്ദ്ര മോദി പരസ്യമായി മുന്നോട്ടു വച്ചത്. സമാധാനം ലോക പുരോഗതിക്ക് ആവശ്യമാണെന്നും മോദി ചൂണ്ടിക്കാട്ടി. പരിഹാരത്തിനുള്ള ശ്രമം താനും തുടരുന്നു എന്ന മറുപടിയാണ് പുടിന്‍ നല്കിയത്.

◾ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് ആചാരപരമായ വരവേല്പു നല്കി രാജ്യം. ഇന്നു രാവിലെ രാഷ്ട്രപതി ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേര്‍ന്നാണ് പുടിനെ സ്വീകരിച്ചത്. പിന്നീട് രാജ്ഘട്ടിലെ ഗാന്ധി സമാധിയിലെത്തി പുടിന്‍ പുഷ്പാര്‍ച്ചന നടത്തി.  പുടിന് മോദി ഭഗവദ് ഗീതയുടെ റഷ്യന്‍ തര്‍ജ്ജുമ സമ്മാനിച്ചു. രണ്ടു നേതാക്കളും ചേര്‍ന്ന് ഇന്ന് വ്യവസായികളെ കാണും. വൈകിട്ട് രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് ശേഷം 9 മണിക്ക് പുടിന്‍ റഷ്യയിലേക്ക് മടങ്ങും.

◾  ഇന്ത്യയും റഷ്യയും പരസ്പര സഹകരണത്തിനുള്ള നിരവധി കരാറുകളില്‍ വൈകാതെ ഒപ്പു വയ്ക്കും. ഹൈദരാബാദ് ഹൗസിലെ ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. സൈനിക സഹകരണം കൂട്ടാന്‍ ധാരണയുണ്ടാകും. ബഹികാരാകാശ, എഐ മേഖലകളിലുള്‍പ്പടെ യോജിച്ച നീക്കങ്ങള്‍ക്ക് കരാര്‍ ഒപ്പു വയ്ക്കും എന്നാണ് വിവരം.

◾ സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെ നടപ്പാക്കുവെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ . സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ നല്‍കുന്ന സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടേതെന്ന പേരില്‍ പലയിടത്തും വിതരണം ചെയ്തത് വ്യാജ അപേക്ഷകളെന്നാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി. പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കമ്മീഷന് പരാതികള്‍ എത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ വിശദീകരണം.


◾ കേരളത്തിലെ വിസി നിയമന കേസില്‍ കര്‍ശന താക്കീതുമായി സുപ്രീംകോടതി. ജസ്റ്റിസ് ധൂലിയ സമിതി നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ സമവായം ഉണ്ടായില്ലെങ്കില്‍ വിസി നിയമനം ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുഖ്യമന്ത്രി മെറിറ്റ് അവഗണിച്ചുവെന്ന് ഗവര്‍ണര്‍ക്കു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കോടതിയില്‍ കുറ്റപ്പെടുത്തി. വിസി നിയമനത്തിന് സുപ്രീംകോടതി ജസ്റ്റിസ് സുധാന്‍ഷു ധൂലിയ അധ്യക്ഷനായ രണ്ട് സെര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നു. രണ്ട് സമിതികളും നല്‍കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയെങ്കിലും നിയമനം നടന്നിരുന്നില്ല. വിസി നിയമനത്തില്‍ തര്‍ക്കം തുടരുന്നതില്‍ കേസ് പരിഗണിച്ച ജസ്റ്റിസ് ജെബി പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ബഞ്ച് കടുത്ത അതൃപ്തി അറിയിച്ചു. അതേസമയം വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രി ആക്ഷേപമുന്നയിച്ചു. മുന്‍ഗണന പട്ടിക സര്‍ക്കാര്‍ നല്‍കിയത്  സുപ്രീം കോടതി നിര്‍ദേശപ്രകാരമാണെന്നും ആ നിര്‍ദേശം ഗവര്‍ണര്‍ ലംഘിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

◾ പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ഇടപെടലില്‍ ജോണ്‍ ബ്രിട്ടാസ് എം പിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റ് അംഗങ്ങള്‍ സര്‍ക്കാരിന് വേണ്ട കാര്യങ്ങള്‍ നേടിയെടുക്കാന്‍ ബാധ്യതപ്പെട്ടവരാണെന്നും  ബ്രിട്ടാസ് മികച്ച ഇടപെടല്‍ ശേഷിയുള്ള എംപിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾  ബലാത്സംഗ കേസുമായി ബന്ധപ്പെട്ട്  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍  സെഷന്‍സ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാഹുലിന്റെ പുതിയ നീക്കം. കേസ് ഇന്ന് തന്നെ പരിഗണിക്കും. രാഹുല്‍ തത്ക്കാലം കീഴടങ്ങിയേക്കില്ലെന്നും നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നുമാണ് പുറത്തുവരുന്ന വിവരം.

◾ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസുകളില്‍ പൊലീസ് നടപടികളെല്ലാം ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ കണ്ണുവെട്ടിച്ച് ചിലര്‍ രാഹുലിന് സംരക്ഷണമൊരുക്കുന്നുവെന്നും രാഹുലിനെക്കുറിച്ച് പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജയിലില്‍ കിടന്ന എത്ര എംഎല്‍എമാരെ കോണ്‍ഗ്രസ് പുറത്താക്കിയെന്നും  ചോദിച്ച മുഖ്യമന്ത്രി രാഹുലിനെ എതിര്‍ത്താല്‍ വെട്ടുക്കിളിക്കൂട്ടം പോലെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും മുഖ്യമന്ത്രി രൂക്ഷഭാഷയില്‍ ചൂണ്ടിക്കാട്ടി.


◾ ലൈംഗിക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട് ഒളിവില്‍ തുടരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മാത്യു കുഴല്‍നാടന്‍. മിനിമോഹന്‍ മോഹന്‍ എന്ന ഫെയ്‌സ്ബുക് പ്രൊഫൈല്‍ ടാഗ് ചെയ്തുകൊണ്ട് പങ്കുവച്ച കുറിപ്പില്‍, രാഹുല്‍ മാങ്കൂട്ടത്തിലിനെ സെലിബ്രിറ്റി രാഷ്ട്രീയക്കാരനെന്ന് പരോക്ഷമായി വിമര്‍ശിക്കുന്നു. സഹപ്രവര്‍ത്തകന്റെ വീഴ്ചയില്‍ ഉള്ള വേദന പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പില്‍, രാഹുലിനെ അറിയാതെ വളര്‍ത്തിയവര്‍ തിരുത്തിയെന്നും അറിഞ്ഞും വളര്‍ത്തിയവര്‍ മിണ്ടാതിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.

◾  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബി അശോക് ഐഎഎസ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കി. സര്‍ക്കാര്‍ പദവിയിലിരിക്കെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഐഎജി ഡയറക്ടര്‍ ആയിരിക്കെ ബോര്‍ഡ് പ്രസിഡന്റായത് ചട്ടവിരുദ്ധം എന്നാണ് ആക്ഷേപം. അതേസമയം, ഇരട്ടപ്പദവി ഇല്ലെന്നും ബോര്‍ഡ് പ്രസിഡന്റ് ആയതില്‍ ചട്ടലംഘനം ഇല്ലെന്നും കെ ജയകുമാര്‍ പറയുന്നു. എന്നാല്‍ ജയകുമാറിനെ ദേവസ്വം പ്രസിഡന്റാക്കിയത് സര്‍ക്കാരിന്റെ തീരുമാനമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബി അശോകിന്റെ ഹര്‍ജി അസാധാരണ നടപടിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജയകുമാര്‍ വിരമിച്ച ഉദ്യോഗസ്ഥനാണെന്നും സര്‍വീസിന്റെ ഭാഗമല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇന്നലെ നടത്തിയ പരാമര്‍ശങ്ങള്‍ ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വന്‍ തോക്കുകള്‍ വരാനുണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞതെന്നും ബിജെപി-സിപിഎം അവിഹിത ബന്ധം പുറത്തായി എന്നും പ്രതിപക്ഷം പറഞ്ഞത് ശരിയായി എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കടകംപള്ളിയെ തൊടാത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത് കൊണ്ടാണെന്നും സതീശന്‍ പറഞ്ഞു.

◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളായ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. ഇരുവരുടെയും ജാമ്യാപേക്ഷ തളളിക്കൊണ്ടുളള ഉത്തരവിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. ഇരുവരുടെയും ജാമ്യാപേക്ഷ ജസ്റ്റീസ് ബദറുദ്ദീന്‍ ഇന്നലെ നിരസിച്ചിരുന്നു.

◾  ശബരിമല സ്വര്‍ണകേസില്‍ പ്രതിയായ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ് ബൈജുവിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കെ.എസ് ബൈജുവിന്റെ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. ഇതിനിടെ, ശബരിമല സ്വര്‍ണ കൊള്ളയിലെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി രേഖകള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

◾ കോഴിക്കോട് പേരാമ്പ്ര ഡിഗിനിറ്റി കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥി അബ്ദുള്‍ റഹിമാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പേരാമ്പ്ര പൊലീസാണ് കേസെടുത്തത്. സംഭവത്തിന് റാഗിംഗ് സ്വഭാവം ഉണ്ടായിട്ടും ഈ രീതിയില്‍ പൊലീസിനെ അറിയിക്കുന്നതില്‍ കോളേജിന് ഗുരുതര വീഴ്ച ഉണ്ടായെന്ന് ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിച്ചു. അബ്ദുള്‍ റഹ്‌മാനെ ഇന്നലെ കോളേജ് അധികൃതര്‍ സസ്‌പെന്റ് ചെയ്തിരുന്നു.

◾ കൊച്ചി പച്ചാളത്ത് റെയില്‍വെ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് സംശയിക്കുന്നത്. ഇന്ന് പുലര്‍ച്ചെ നാലരയോടെ മൈസൂരു- തിരുവനന്തപുരം കൊച്ചുവേളി എക്‌സ്പ്രസ് കടന്നുപോയതിനുശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്.

◾ താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചുരത്തില്‍ വാഹന ഗതാഗതം നിയന്ത്രിക്കും. ഗതാഗതനിയന്ത്രണത്തില്‍ നിന്ന് പൊതുഗതാഗതം ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ബസുകള്‍ നിയന്ത്രിച്ചായിരിക്കും കടത്തിവിടുക.

◾  തിരുവനന്തപുരത്ത് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ കൗണ്‍സിലര്‍ ഒരു ദിവസം കഴിഞ്ഞപ്പോള്‍ ബിജെപിയില്‍ തന്നെ തിരിച്ചെത്തി. പൂജപ്പുര വാര്‍ഡിലെ മുന്‍ കൗണ്‍സിലറും ബിജെപിയുടെ ജില്ലാ കമ്മിറ്റി അംഗവുമായ ബി വിജയലക്ഷ്മിയാണ് ബി ജെ പിയിലേക്ക് തിരിച്ചെത്തിയത്. അതേസമയം ബുധനാഴ്ച കെ മുരളീധരന്റെ സാന്നിധ്യത്തില്‍ വിജയലക്ഷ്മി ഡിസിസി ഓഫീസില്‍ വെച്ച് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.  വിജയലക്ഷ്മിയെ ആദരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് വ്യാജവാര്‍ത്ത വരുത്തിയെന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്.

◾ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് ജയശങ്കര്‍ (75) അന്തരിച്ചു. കേരള കൗമുദിയിലെ ലേഖകനായിരുന്നു. തിരുവനന്തപുരം ജഗതിയിലെ സഹോദരിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ആദ്യകാല തിരുവനന്തപുരം മേയര്‍മാരിലൊരാളായ സത്യകാമന്‍ നായരുടെ മകനാണ്.  മാധ്യമ പ്രവര്‍ത്തകരുടെ അവകാശ പോരാട്ടങ്ങളില്‍ മുന്നണിയില്‍ നിലകൊണ്ട ജയശങ്കര്‍ പത്രപ്രവര്‍ത്തക യൂണിയനെ കരുത്തുറ്റ സംഘടനയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു.

◾ ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ കൂട്ടമായി റദ്ദാക്കിയതോടെ രാജ്യമെങ്ങും വലഞ്ഞ് യാത്രക്കാര്‍. ദില്ലിയില്‍ നിന്ന് ഇന്ന് 3 മണിവരെയുള്ള എല്ലാ ഇന്‍ഡിഗോ വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 53 വിമാനങ്ങളും എത്തിച്ചേരേണ്ട 51 വിമാന സര്‍വീസുകളും റദ്ദാക്കി.  ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് പ്രധാന പ്രതിസന്ധി. ചട്ടം നടപ്പാക്കുന്നതില്‍ ഇന്‍ഡിഗോ കാട്ടിയ അലംഭാവം ആണ് പ്രതിസന്ധി രൂക്ഷം ആക്കിയതെന്നാണ് വിവരം.

◾ ഇന്‍ഡിഗോയുടെ നൂറുകണക്കിന് വിമാന സര്‍വീസുകള്‍ അപ്രതീക്ഷിതമായി റദ്ദാക്കിയതില്‍ വിമാനത്താവളങ്ങളില്‍ വന്‍ പ്രതിഷേധം. യഥാര്‍ത്ഥ കാരണം എന്തെന്ന് അധികൃതര്‍ വെളിപ്പെടുത്തണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്. അതേസമയം രാജ്യത്തുണ്ടായ വിമാന സര്‍വീസ് പ്രതിസന്ധി, കേന്ദ്രസര്‍ക്കാറിന്റെ കുത്തക വല്‍ക്കരണത്തിന്റെ ഫലമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ വിമര്‍ശിച്ചു.

◾  അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് ടു മി' എന്ന പുസ്തകം നിരോധിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പുറംചട്ടയില്‍ എഴുത്തുകാരി സിഗരറ്റ് വലിക്കുന്ന ചിത്രം ചേര്‍ത്തത് നിയമലംഘനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ചീഫ് ജസ്‌ററിസ് സൂര്യകാന്ത് ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി തള്ളിയത്. പുറംചട്ടയിലെ ചിത്രം പുകവലി പ്രോത്സാഹിപ്പിക്കുന്നതായി കാണുന്നില്ലെന്നും, അത് പുസ്തകത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

◾ കോടതികളിലെ ഭാഷ സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കവെ ഹിന്ദി അറിയില്ലെന്ന കാരണത്താല്‍ ദക്ഷിണേന്ത്യക്കാരെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയുണ്ടാവരുതെന്ന് സുപ്രീം കോടതി ജഡ്ജി ബി വി നാഗരത്‌ന വ്യക്തമാക്കി. നിയമ സംവിധാനത്തില്‍ എല്ലാതരം ഭാഷാ വൈവിധ്യങ്ങളും ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും ഭരണഘടനയുടെ എട്ടാം ഷെഡ്യൂള്‍ നിരവധി ഭാഷകളെ അംഗീകരിക്കുന്നുണ്ടെന്നും തന്റെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയപരമല്ലെന്നും മറിച്ച് ഇന്ത്യയുടെ വൈവിധ്യത്തിന്റെ യാഥാര്‍ത്ഥ്യത്തില്‍ ഊന്നിയുള്ളതാണെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.

◾  പുകയില ഉത്പന്നങ്ങള്‍ക്ക് മേല്‍ ഉയര്‍ത്തിയ തീരുവ ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ അനുസരിച്ച് സംസ്ഥാനങ്ങളില്‍ നിന്ന്  ഈടാക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇത് സെസ് അല്ല എക്‌സൈസ് ഡ്യൂട്ടിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പുകയില കര്‍ഷകരെയും ബീഡി തൊഴിലാളികളെയും ബില്‍ ദോഷകരമായി ബാധിക്കില്ലെന്നും രാജ്യത്ത് 49.82 ലക്ഷം രജിസ്റ്റര്‍ ചെയ്ത ബീഡി തൊഴിലാളികളുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

◾ ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് അടുത്തിടെ രൂപീകരിച്ച ജമാഅത്ത് ഉല്‍ മോമിനാത്ത് എന്ന വനിതാ വിഭാഗത്തില്‍ 5,000-ത്തിലധികം സ്ത്രീകളെ റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ട്. വലിയ തോതിലുള്ള റിക്രൂട്ട്‌മെന്റ് നടന്നതായാണ് ജെയ്ഷ് തലവന്‍ മസൂദ് അവകാശപ്പെടുന്നത്. ഇവരെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഇനി ജില്ലാ യൂണിറ്റുകള്‍ സ്ഥാപിക്കണമെന്നും ജെയ്ഷ് തലവന്‍ മസൂദ് അസ്ഹര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു.

◾ പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന ബലൂച് ലിബറേഷന്‍ ഫ്രണ്ട് ആദ്യമായി വനിതാ ചാവേര്‍ ഓപ്പറേറ്റീവിനെ ഉപയോഗിച്ച് ആക്രമണം നടത്തി. ചൈനീസ് കോപ്പര്‍, സ്വര്‍ണ്ണ ഖനന പദ്ധതി കേന്ദ്രമായ ചാഗൈയിലുള്ള അതിസുരക്ഷാ സംവിധാനങ്ങളുള്ള ഫ്രോണ്ടിയര്‍ കോര്‍പ്സ് കോംപ്ലക്സ് ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഞായറാഴ്ച വൈകുന്നേരം നടന്ന ഈ ആക്രമണത്തില്‍ ആറ് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

◾ ഇസ്രായേലിന്റെ പിന്തുണയോടെ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് വിരുദ്ധ സായുധ വിഭാഗത്തിന്റെ നേതാവ് യാസര്‍ അബു ഷബാബ് കൊല്ലപ്പെട്ടു. ഗാസ മുനമ്പില്‍ വെച്ച് അജ്ഞാതരുടെ ആക്രമണത്തില്‍ ഇദ്ദേഹം കൊല്ലപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം. ഗാസയില്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന ഇസ്രയേലുമായി സഹകരിക്കുന്ന ഹമാസ് വിരുദ്ധ, പോപ്പുലര്‍ ഫോഴ്സസ് നേതാവായിരുന്നു ഇദ്ദേഹം. 

◾ അടിസ്ഥാനപലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ നിരക്ക് 5.25 ശതമാനമായതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കില്‍ കുറവുണ്ടാകും. മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് തീരുമാനം അറിയിച്ചത്. നിരക്ക് കുറവ് ഉടനടി പ്രാബല്യത്തില്‍ വരുമെന്നും നിലവില്‍ ഉയര്‍ന്നുവരുന്ന മാക്രോ ഇക്കണോമിക് സാഹചര്യങ്ങളെയും ഭാവി പ്രതീക്ഷകളെയും കുറിച്ച് എംപിസി വിശദമായ വിലയിരുത്തല്‍ നടത്തിയതായി ഗവര്‍ണര്‍ പറഞ്ഞു. ഈ കലണ്ടര്‍ വര്‍ഷം ആര്‍ബിഐ എംപിസി ഇതുവരെ റിപ്പോ നിരക്ക് 125 ബേസിസ് പോയിന്റ് കുറച്ചു. ഫെബ്രുവരി മുതല്‍ നിരക്ക് കുറയ്ക്കല്‍ തുടങ്ങിയിരുന്നു. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ, നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായി കുറച്ചിരുന്നു. ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളിലും ഇത് നിലനിര്‍ത്തിയിരുന്നു. ഈ വര്‍ഷത്തെ ജിഡിപി വളര്‍ച്ച പ്രതീക്ഷ 6.80 ല്‍ നിന്ന് 7.30 ശതമാനമായി ഉയര്‍ത്തി. വിലക്കയറ്റ പ്രതീക്ഷ 2.6 ല്‍ നിന്നു രണ്ടു ശതമാനമായി കുറച്ചു. പണനയ പ്രഖ്യാപനത്തിനു ശേഷം രൂപ ദുര്‍ബലമായി, ഓഹരികള്‍ കയറി.

◾ മെമ്മറി, സ്റ്റോറേജ് ചിപ്പുകളുടെ വില വര്‍ധിച്ചതോടെ ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകളുടെ വിലയും വര്‍ധിപ്പിച്ചു. വ്യവസായിക ആവശ്യങ്ങള്‍ക്കും എ.ഐ ഗവേഷണങ്ങള്‍ക്കുമാണ് ഇപ്പോള്‍ ചിപ്പ് നിര്‍മാതാക്കളുടെ ശ്രദ്ധ. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആവശ്യമായ ചിപ്പുകള്‍ നിര്‍മിക്കാന്‍ ഇവര്‍ മടിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതാണ് മെമ്മറി ഡിവൈസുകളുടെ വില വര്‍ധിക്കാന്‍ ഇടയാക്കിയതെന്നാണ് സൂചന. കഴിഞ്ഞ ഒരു മാസത്തിനിടെ 20-60 ശതമാനം വരെയാണ് സ്റ്റോറേജ് ഡിവൈസുകളുടെ വില വര്‍ധിച്ചത്. വ്യവസായ മേഖലയില്‍ കൂടുതല്‍ ആവശ്യമായി വരുന്ന 1 ടി.ബി സ്റ്റോറേജ് ഡിവൈസുകളുടെ ക്ഷാമം അതിരൂക്ഷമാണ്. 512 ജി.ബി, 256 ജി.ബി സ്റ്റോറേജ് യൂണിറ്റുകളുടെ വിലയും കാര്യമായ വര്‍ധനയുണ്ടായി. സ്മാര്‍ട്ട്‌ഫോണുകളിലും കംപ്യൂട്ടറുകളിലും താത്കാലികമായി ഡാറ്റ ശേഖരിച്ച് വെക്കുന്ന ഡി റാമിന്റെ വില 18-25 ശതമാനമാണ് വര്‍ധിച്ചത്. വിവോ, ഓപ്പോ, റിയല്‍മീ തുടങ്ങിയ വിവിധ മോഡലുകളുടെ വില 500-2,000 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്.

◾ ഡ്യൂഡ് സിനിമയില്‍ തന്റെ പാട്ട് ഉപയോഗിച്ചതിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ നല്‍കിയ പരാതി ഒത്തുതീര്‍പ്പായി. സിനിമയുടെ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിനെതിരെയാണ് ഇളയരാജ മദ്രാസ് ഹൈക്കോടതിയില്‍ സമീപിച്ചിരുന്നത്. നിര്‍മാതാക്കള്‍ പണം നല്‍കാന്‍ തയ്യാറാവുകയായിരുന്നു. ചിത്രത്തില്‍ തന്റെ കറുത്ത മച്ചാന്‍, നൂറ് വര്‍ഷം എന്നീ പാട്ടുകള്‍ വികലമാക്കിയും, അനുമതിയില്ലാതെയും ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഇളയരാജ കോടതിയെ സമീപിച്ചത്. ഇളയരാജയ്ക്ക് നഷ്ടപരിഹാരമായി അമ്പത് ലക്ഷം രൂപ നല്‍കാമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. പണം നല്‍കിയതോടെ ഡ്യൂഡിലെ പാട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ ധാരണയായി. അതേസമയം അജിത് കുമാര്‍ നായകനായ ഗുഡ് ബാഡ് അഗ്ലിയില്‍ ഉപയോഗിച്ചിരുന്ന പാട്ടുകള്‍ ഒഴിവാക്കാനും നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് സമ്മതിച്ചു.

◾ രജനികാന്ത് നായകനായി എത്തിയ ബ്ലോക് ബസ്റ്റര്‍ ചിത്രം 'പടയപ്പ' വീണ്ടുമെത്തുന്നു. ചിത്രത്തിലെ രമ്യ കൃഷ്ണനുമായുള്ള കോമ്പോയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. പടയപ്പ ഡിസംബര്‍ 12ന് പുത്തന്‍ സാങ്കേതിക മികവില്‍ റീ റിലീസ് ചെയ്യും. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് റീ റിലീസ്. കെ.എസ്. രവികുമാറിന്റെ സംവിധാനത്തില്‍ 1999ല്‍ റിലീസ് ചെയ്ത ചിത്രമാണ് പടയപ്പ. ആക്ഷനും ഇമോഷനും മാസും എല്ലാം കോര്‍ത്തിണക്കിയ ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് രമ്യാ കൃഷ്ണന്റെ നിലാംബരി എന്ന കഥാപാത്രവും രജനികാന്തിന്റെ പടയപ്പ എന്ന വേഷവുമാണ്. ഇരുവരും ഒന്നിച്ചെത്തിയ സീനുകളും ഡയലോഗുകളും ഇന്നും വന്‍ ഹിറ്റാണ്. രജനിസത്തിന്റെ പീക്ക് ലെവല്‍ കണ്ട ചിത്രം 26 വര്‍ഷമാകുമ്പോഴാണ് വീണ്ടും തിയറ്ററിലേക്ക് എത്തുന്നത്. രജനീകാന്തിനൊപ്പം സൗന്ദര്യ, രമ്യ കൃഷ്ണന്‍, ശിവാജി ഗണേശന്‍, നാസര്‍, ലക്ഷ്മി, എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

◾ മഹീന്ദ്ര ഥാറിനോടുള്ള ഇഷ്ടം കൂടി രണ്ടാമതൊരു ഥാര്‍ കൂടി ഗാരിജിലെത്തിച്ചിരിക്കുകയാണ് ജോണ്‍ എബ്രഹാം. ഇത്തവണ ബ്ലാക്ക് ഥാറിനു കൂട്ടായി വൈറ്റ് കളര്‍ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. കസ്റ്റമൈസ് ചെയ്തെടുത്ത മുന്‍ ഥാര്‍, 5 ഡോര്‍ പതിപ്പ് ആയിരുന്നെങ്കില്‍ പുതിയത് 3 ഡോര്‍ ആണെന്നതാണ് എടുത്തു പറയേണ്ട സവിശേഷത. മഹീന്ദ്ര ഥാറിന്റെ സാധാരണ മോഡലില്‍ നിന്നും വ്യത്യസ്തമായി സ്റ്റെല്‍ത് ബ്ലാക്ക് നിറത്തിലുള്ളതാണ് ജോണ്‍ എബ്രഹാമിന്റെ മുന്‍ ഥാര്‍. കൂടാതെ സി പില്ലറില്‍ പേരിന്റെ ചുരുക്കെഴുത്തായ ജെഎ എന്ന ബാഡ്ജുമുണ്ട്. മെയ്ഡ് ഫോര്‍ ജോണ്‍ എബ്രഹാം എന്ന ആലേഖനവും ഈ വാഹനത്തില്‍ കാണുവാന്‍ കഴിയും. 2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍, 2.2 ലീറ്റര്‍ ഡീസല്‍ എന്നിവയാണ് 3 ഡോറിലെ എന്‍ജിന്‍ ഓപ്ഷനുകള്‍. ടര്‍ബോ പെട്രോളിലും 2.2 ലീറ്റര്‍ ഡീസലിലും 6 സ്പീഡ് എംടി(മാനുവല്‍ ട്രാന്‍സ്മിഷന്‍), 6 സ്പീഡ് എടി(ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍) ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണുള്ളത്.

◾ മുപ്പത്തിനാലാം വയസ്സില്‍ റിപ്പോര്‍ട്ടിങ്ങിനിടയില്‍ കാട്ടാനയുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ട എ.വി. മുകേഷ്, മാതൃഭൂമി ഓണ്‍ലൈനില്‍ എഴുതിയിരുന്ന കോളമായിരുന്നു 'അതിജീവനം.' നൂറ്റിയമ്പതിലധികം ലക്കങ്ങളിലൂടെ ഇന്ത്യയിലുടനീളമുള്ള ചെറുജീവിതങ്ങളുടെ അതിജീവനം അദ്ദേഹം രേഖപ്പെടുത്തി. സഹാനുഭൂതി ജീവിതചര്യയായ ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ, സര്‍വ്വോപരി ഒരു മനുഷ്യന്റെ മനസ്സാക്ഷിയാണ് ഈ രേഖപ്പെടുത്തലുകള്‍. ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തനചരിത്രത്തിലെതന്നെ സവിശേഷ ഏടായ 'അതിജീവന'ത്തിലെ തിരഞ്ഞെടുത്ത കുറിപ്പുകളുടെ സമാഹാരം. ക്യാമറയെ അതിജീവനത്തിനുള്ള ഉപകരണമായി അവസാനശ്വാസം വരെ കൊണ്ടുനടന്ന ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ കുറിപ്പുകള്‍. 'അതിജീവിതം: 'അതിജീവന'ത്തിന്റെ കുറിപ്പുകള്‍'. മുകേഷ് എ.വി. മാതൃഭൂമി. വില 187 രൂപ.

◾  കാല്‍ വിരലുകളിലെ രോമങ്ങളുടെ വളര്‍ച്ചയും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് ഡോ. ശ്രദ്ധേയ് കത്യാര്‍. കാല്‍ വിരലുകളില്‍ കാണപ്പെടുന്ന രോമങ്ങളുടെ ഡെന്‍സിറ്റി ആരോഗ്യകരമായ രക്തക്കുഴലുകളുടെ സൂചനയാണെന്ന് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഹൃദയത്തിന്റെയും ശരീരത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ശരീരത്തില്‍ മെച്ചപ്പെട്ട രക്തയോട്ടം ഉണ്ടെന്നതിന്റെ സൂചനയാണ് കാല്‍ വിരലുകളിലെ രോമവളര്‍ച്ച. മുടിയിഴകള്‍ക്ക് ജീവനോടെയിരിക്കാന്‍ സ്ഥിരമായ രക്തയോട്ടം ആവശ്യമാണ്. അതുപോലെ, ഇന്‍സുലിന്‍ പ്രതിരോധം രക്തക്കുഴലുകളെ ബാധിക്കും. കാലക്രമേണ, ഉയര്‍ന്ന ഇന്‍സുലിനും ഗ്ലൂക്കോസും ധമനികളെ കട്ടിയുള്ളതാക്കും. ഇത് അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയുന്നതിന് കാരണമാകുമെന്നും ഡോക്ടര്‍ പറഞ്ഞു. രക്തചംക്രമണം കുറയുമ്പോള്‍, കാല്‍വിരലിലെ രോമം കനംകുറഞ്ഞതായി മാറുകയോ അപ്രത്യക്ഷമാവുകയോ ചെയ്യും. പ്രമേഹ രോഗത്തിനും ആദ്യകാല പെരിഫറല്‍ ആര്‍ട്ടറി മാറ്റങ്ങളിലും ഇത് സാധാരണമാണെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഈയൊരു സൂചനവെച്ച് മാത്രം രോഗനിര്‍ണയം നടത്താനാകില്ല. എന്നാല്‍, തണുത്ത പാദങ്ങള്‍, മരവിപ്പ് അല്ലെങ്കില്‍ തരിപ്പ്, മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക, പേശിവലിവ് തുടങ്ങിയ മറ്റ് പല ലക്ഷണങ്ങളോടൊപ്പം കാലില്‍ മുടിയില്ലാത്തതും ശ്രദ്ധയില്‍പ്പെടുകയാണെങ്കിലും ഒരു വിദഗ്ധന്റെ അഭിപ്രായം തേടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 90.03, പൗണ്ട് - 120.27, യൂറോ - 104.97, സ്വിസ് ഫ്രാങ്ക് - 112.12, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 59.73, ബഹറിന്‍ ദിനാര്‍ - 238.84, കുവൈത്ത് ദിനാര്‍ -293.45, ഒമാനി റിയാല്‍ - 233.17, സൗദി റിയാല്‍ - 23.99, യു.എ.ഇ ദിര്‍ഹം - 24.47, ഖത്തര്‍ റിയാല്‍ - 24.58, കനേഡിയന്‍ ഡോളര്‍ - 64.57.
Previous Post Next Post
3/TECH/col-right