Trending

സായാഹ്ന വാർത്തകൾ.

2025 | ഡിസംബർ 3 | ബുധൻ 
1201 | വൃശ്ചികം 17 |  ഭരണി 

◾  പി എം ശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തല്‍. അക്കാര്യത്തില്‍ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യസഭയിലായിരുന്നു ധര്‍മ്മേന്ദ്ര പ്രധാന്റെ വെളിപ്പെടുത്തല്‍. സര്‍വ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയില്‍ കേന്ദ്രവുമായി കേരളം ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ വ്യക്തമാക്കി.

◾  രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. ഉത്തരവ് പിന്നീടായിരിക്കും. സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയില്‍ ഒന്നര മണിക്കൂര്‍ നേരത്തെ വാദമാണ് പൂര്‍ത്തിയായത്. ഒരു രേഖ കൂടി ഹാജരാക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ എപ്പോഴാണ് വിധി വരുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അതേ സമയം, ഉത്തരവ് വൈകുമെങ്കില്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് പ്രോസിക്യൂഷന്‍ ഉറപ്പ് നല്‍കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരിക്കുകയാണ്. ഉറപ്പ് നല്‍കാനാവില്ലെന്ന് പ്രോസിക്യൂട്ടര്‍ മറുപടി നല്‍കി.

◾  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇന്നലെ ലഭിച്ച പരാതിയില്‍ വീണ്ടും ബലാത്സംഗ കേസെടുക്കും. ഗുരുതര സ്വഭാവമുള്ള പരാതി തള്ളിക്കളയാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. കേസെടുത്ത ശേഷം പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കാനാണ് തീരുമാനമെന്നും പൊലീസ് അറിയിച്ചു.

◾  ബലാത്സംഗ കേസില്‍ ഉള്‍പ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംരക്ഷിക്കില്ല. രാഹുലിനെ പുറത്താക്കുമെന്നാണ് വിവരം. ഇതുസംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും. കെപിസിസി ശുപാര്‍ശയോടെ എഐസിസി ഇതുസംബന്ധിച്ച തീരുമാനമെടുക്കും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കടുത്ത നടപടിയില്‍ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശം ഹൈക്കമാന്‍ഡ് നല്‍കി. രാഹുലിനെതിരെ ലഭിച്ച പരാതികളില്‍  കേരളത്തിന്റെ ചുമതലയുളള ദീപ ദാസ് മുന്‍ഷിയില്‍ നിന്നാണ് ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടിയത്.


◾  രാഹുല്‍ മാങ്കൂൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ മുരളീധരന്‍. പുകഞ്ഞ കൊള്ളി പുറത്തെന്നും ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. എം എല്‍ എ സ്ഥാനം തുടരണോയെന്ന് അദ്ദേഹം തീരുമാനിക്കണമെന്നും അത് പാര്‍ട്ടിയല്ല തീരുമാനിക്കേണ്ടതെന്നും പുകഞ്ഞ കൊള്ളിയോട് സ്‌നേഹമുള്ളവര്‍ക്കും പുറത്ത് പോകാമെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള പൊക്കിള്‍ കൊടി ബന്ധം പാര്‍ട്ടി അവസാനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ വിധി വന്ന ശേഷം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ കൂടുതല്‍ നടപടിയെന്ന് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് നേതാക്കള്‍ കൂടിയാലോചന നടത്തും. കെപിസിസി നേതൃത്വം  നടപടി എടുക്കും. പരാതി വരും മുമ്പ് തന്നെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതാണ്. ഇങ്ങനെ ഒരു നടപടി മറ്റേത് പാര്‍ട്ടി സ്വീകരിക്കുമെന്നും ചെന്നിത്തല ചോദിച്ചു.

◾  രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പാര്‍ട്ടിയുടെ തീരുമാനമാണ് തന്റെയും തീരുമാനമെന്നും കൂടുതല്‍ നടപടിയുടെ കാര്യം പാര്‍ട്ടി പ്രസിഡന്റ് പറയുമെന്നും ഷാഫി പറമ്പില്‍ എം പി. തന്റെ അടുപ്പവും അടുപ്പക്കുറവും തീരുമാനത്തെ ബാധിക്കില്ല. ഇപ്പോള്‍ രാഹുല്‍ നേരിടുന്ന കാര്യം പരിശോധിച്ചാല്‍ അത് മനസിലാകും. ഇനി എന്തെങ്കിലും ചെയ്യണമെങ്കില്‍ അതും പാര്‍ട്ടി ചെയ്യുമെന്നും ശബരിമല അഴിമതിയില്‍ സിപിഎം നടപടി എടുത്തില്ലെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ നടപടി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

◾  രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒരു നിമിഷം പോലും പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കരുതെന്ന് ഷാനിമോള്‍ ഉസ്മാന്‍. കുറ്റക്കാരന്‍ ആരായാലും പുറത്താക്കണമെന്ന് ദീപ്തി മേരി വര്‍ഗീസും പറഞ്ഞു. രാഹുല്‍ പൊതുരംഗത്ത് തുടരുന്നത് നാടിന് തന്നെ അപമാനമെന്നാണ് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടത്. രാഹുല്‍ എം എല്‍ എ സ്ഥാനമടക്കം രാജിവയ്ക്കണമെന്ന് കെ കെ രമ എം എല്‍ എ ആവശ്യപ്പെട്ടു. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് ജെബി മേത്തറും പറഞ്ഞു.



◾  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെപിസിസിക്ക് ഇന്നലെ നല്കിയ ലൈംഗിക പീഡന പരാതി വ്യാജമെന്ന് ആവര്‍ത്തിച്ച് രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍. പൊലീസ് അന്വേഷിച്ച് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ തയ്യാറാണെന്നും ഫെന്നി  വ്യക്തമാക്കി. അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ഫെന്നി നൈനാന്‍. ഹോം സ്റ്റേ പോലൊരു കെട്ടിടത്തിലെത്തിച്ചതും തിരികെ കൊണ്ടുപോയതും ഫെന്നി നൈനാന്‍ ആണെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.

◾  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തലയുടെ പ്രതികരണം എടുക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം. പാലക്കാട് കുത്തന്നൂരില്‍ ആണ് സംഭവം. ശബരിമല സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോദിക്കൂ എന്നു പറഞ്ഞാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞത്. ഇടപെടരുത്, താന്‍ മറുപടി പറയുകയാണ് എന്നു ചെന്നിത്തല പറഞ്ഞിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്മാറിയില്ല.

◾  രാഹുല്‍ കാരണം കോണ്‍ഗ്രസിന് പാലക്കാടുള്ള ഏക സീറ്റും നഷ്ടമാകുമെന്ന് സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ്. ഇങ്ങനെ ഒരാളെ പേറുന്നത് കോണ്‍ഗ്രസിന്റെ ഗതികേടാണെന്നും രാഷ്ട്രീയം മറന്ന് കോണ്‍ഗ്രസ് രാഹുലിനെതിരെ നടപടി എടുക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു. അന്വേഷണ സംഘം അറസ്റ്റ് വൈകിപ്പിക്കുന്നു എന്ന് കരുതുന്നില്ലെന്നും ഉചിതമായ സമയത്ത് അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

◾  രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന ബലാത്സംഗ പരാതിക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസിലും വിമര്‍ശനം ശക്തമാകുന്നു. എം എല്‍ എ സ്ഥാനമടക്കം രാജിവച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി പി ദുല്‍ഖിഫില്‍ രംഗത്തുവന്നു. ജനങ്ങളെ അതിവൈകാരികത കാണിച്ച് രാഹുല്‍ വഞ്ചിച്ചുവെന്നും പ്രസ്ഥാനത്തിന് പ്രയാസം ഉണ്ടാക്കാതെ എല്ലാ സ്ഥാനങ്ങളും രാഹുല്‍ ഉപേക്ഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

◾  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍. നാളെ വൈകിട്ട് 5 മണി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെര്‍ച്ച് ചെയ്യണമെന്നുമാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച സെഷന്‍സ് കോടതി പരിഗണിക്കും.

◾  ശബരിമല കേന്ദ്രത്തിന് എടുത്തുകൂടേയെന്ന് ചോദിക്കുന്നവരുണ്ടെന്നും ജനങ്ങളാണ് അത് തീരുമാനിക്കേണ്ടതെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മോദിയുടെ മേല്‍നോട്ടത്തില്‍ ശബരിമല വരണമെങ്കില്‍ അതിന് ജനങ്ങള്‍ തീരുമാനിക്കണം അപ്പോള്‍ അവിടെ മോഷണം പോയിട്ട് ഒന്ന് തൊട്ടുനോക്കാന്‍ പോലും കഴിയാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. 2036 ല്‍ ഒളിമ്പിക്‌സ് ഇന്ത്യയില്‍ വരുമെന്നും കേരളവും അതിന് സജ്ജമാകണമെന്നും കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെയും ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന്റെയും ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും അദ്ദേഹം ചോദിച്ചു.

◾  ശബരിമല സ്വര്‍ണകൊള്ള കേസില്‍ ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെ അന്വേഷണത്തിനായി ഒരു മാസം കൂടി സമയം നീട്ടി നല്‍കി ഹൈക്കോടതി. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയത്. കേസിലെ മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണം അവസാനിച്ചിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്‌ഐടി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഒരു മാസം കൂടി ഹൈക്കോടതി ദേവസ്വം ബെഞ്ച് അനുവദിച്ചത്.

◾  ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട്  പ്രതിയായ ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍.വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതി തള്ളി. പ്രായവും ആരോഗ്യപ്രശ്‌നവും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ഇതൊന്നും തന്നെ കോടതിയില്‍ നിലനിന്നില്ല. കട്ടിളപ്പാളി കേസില്‍ എന്‍.വാസു മൂന്നാം പ്രതിയാണ്.

◾  നാവിക സേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് വൈകിട്ട് നാല് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ എത്തും. രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും നാവിക സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ശംഖുമുഖത്തേക്ക് പോകുന്ന രാഷ്ട്രപതി നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങള്‍ വീക്ഷിക്കും. നാലരയോടെ പടക്കപ്പലുകളുംഅന്തര്‍വാഹിനികളും യുദ്ധവിമാനങ്ങളും ഉള്‍പ്പടെ അണിനിരക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ നടക്കും.

◾  ആലപ്പുഴ കാര്‍ത്തികപള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. കൈത്തോക്കില്‍ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് ബുള്ളറ്റുകളാണ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സ്‌കൂള്‍ അധികൃതര്‍ സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ട്യൂഷന് പോയപ്പോള്‍ അവിടത്തെ സമീപത്തെ പറമ്പില്‍ നിന്നാണ് വെടിയുണ്ടകള്‍ കിട്ടിയതെന്നാണ് വിദ്യാര്‍ത്ഥി നല്‍കിയ മൊഴി.

◾  തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി ഹിന്ദു ദൈവങ്ങള്‍ക്കെതിരായി നടത്തിയ പരാമര്‍ശം വിവാദത്തില്‍. മുഖ്യമന്ത്രി മതവികാരം വ്രണപ്പെടുത്തിയെന്നാണ് വ്യാപകമാവുന്ന വിമര്‍ശനം. പാര്‍ട്ടി യോഗത്തിനിടെ ഹിന്ദുക്കള്‍ക്ക് എത്ര ദൈവങ്ങളുണ്ടെന്നും മുന്ന് കോടിയോയെന്നും അതിന് കാരണമെന്തെണെന്നറിയോമോയെന്നും അദ്ദേഹം ചോദിച്ചു. വിവാഹം കഴിക്കാത്തവര്‍ക്ക് ഒരു ഭഗവാന്‍, രണ്ട് തവണ വിവാഹിതരായവര്‍ക്ക് മറ്റൊരു ദൈവം, മദ്യപാനികള്‍ക്ക് മറ്റൊരു ദൈവം, കോഴിയെ ബലി കൊടുക്കാനും പരിപ്പും ചോറും കൊടുക്കാന്‍ ഒരു ദൈവം. അങ്ങനെ ഓരോ വിഭാഗത്തിനും ഓരോ ദൈവം' എന്നാണ് തെലങ്കാന മുഖ്യമന്ത്രി സരസ സംഭാഷണം നടത്തിയത്.

◾  സഞ്ചാര്‍ സാഥി ആപ്പ് സംബന്ധിച്ചുള്ള വിവാദത്തിനിടെ കേന്ദ്ര സര്‍ക്കാരിനെ കൂട്ടായി കാണാന്‍ മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനികളുടെ ആലോചന. ആപ്പിള്‍, ഗൂഗിള്‍ കമ്പനികള്‍ സഞ്ചാര്‍ സാഥി ആപ്ലിക്കേഷന്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യില്ല എന്നാണ് വിവരം. ലോകത്ത് ഒരിടത്തുമില്ലാത്ത സര്‍ക്കാര്‍ നിര്‍ദേശമാണിതെന്നും ഇക്കോ സിസ്റ്റത്തെ തന്നെ നടപടി പ്രതികൂലമായി ബാധിക്കുമെന്നും ആപ്പിള്‍ വിലയിരുത്തുന്നു.എന്നാല്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ പാര്‍ലമെന്റ് സമ്മേളന സമയത്ത് അനാവശ്യ വിവാദം ഉണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

◾  കുടുംബത്തിലെ പതിമൂന്ന് പേരെ കൊലപ്പെടുത്തിയ യുവാവിനുള്ള വധശിക്ഷ നടപ്പിലാക്കാന്‍ താലിബാന്‍ കരുവാക്കിയത് 13കാരനെ. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റില്‍ എണ്‍പതിനായിരത്തോളം ആളുകളെ സാക്ഷിയാക്കി നടത്തിയ വധശിക്ഷ നടപ്പിലാക്കിയത് ബന്ധുക്കള്‍ നഷ്ടമായ 13കാരനെ ഉപയോഗിച്ചാണെന്ന് റിപ്പോര്‍ട്ട്. മംഗല്‍ എന്ന കുറ്റവാളിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്നാണ് താലിബാന്‍ സ്ഥിരീകരിക്കുന്നത്. പരസ്യമായി വധശിക്ഷ നടപ്പിലാക്കുന്നതിനെ ആഗോള തലത്തില്‍ അപലപിക്കുമ്പോള്‍ അത് തുടരുകയാണ് താലിബാന്‍ ചെയ്യുന്നത്.

◾  മിനസോട്ടയിലെ സൊമാലിയക്കാര്‍ക്കെതിരെ രൂക്ഷ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സൊമാലിയയില്‍ നിന്നുള്ള കുടിയേറ്റക്കാരെ ചവറ് എന്നാണ് ഡൊണാള്‍ഡ് ട്രംപ് വിളിച്ചത്. സൊമാലിയക്കാര്‍ക്കെതിരെ ഭരണകൂടം കുടിയേറ്റ നടപടികള്‍ വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ഇവരെ നാട്ടിലേക്ക് തിരിച്ചയയ്ക്കണമെന്നുമാണ് ഡൊണാള്‍ഡ് ട്രംപ് വിശദമാക്കിയത്.

◾  യൂറോപ്യന്‍ ശക്തികള്‍ യുദ്ധത്തിന്റെ പക്ഷത്തെന്ന് വിമര്‍ശിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍. എന്നാല്‍ യൂറോപ്യന്‍ ശക്തികള്‍ക്ക് യുദ്ധമാണ് വേണ്ടതെങ്കില്‍ യുദ്ധം ചെയ്യാന്‍ റഷ്യയും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു സംശയത്തിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. യൂറോപ് തങ്ങളുമായി യുദ്ധത്തിന് വന്നാല്‍ പിന്നെ ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്കും അവസരം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

◾  ഐഎസ്എല്‍ പ്രതിസന്ധി തീര്‍ക്കാന്‍ കേന്ദ്രകായിക മന്ത്രി വിളിച്ച നിര്‍ണായക യോഗം ഇന്ന്. ഇന്ത്യന്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട പ്രധാന പ്രതിനിധികളെല്ലാം ഡല്‍ഹിയിലെ യോഗത്തില്‍ പങ്കെടുക്കും. ഐഎസ്എല്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര മത്സരങ്ങള്‍ നടത്താനുള്ള വാണിജ്യ പങ്കാളികളെ കണ്ടെത്താന്‍ കഴിയാത്തതാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രതിസന്ധി. 

◾  സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കയറിയതും അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതുമാണ് പ്രധാന കാരണം. ഗ്രാമിന് 65 രൂപ വര്‍ധിച്ച് 11,970 രൂപയായി. പവന് 520 രൂപ വര്‍ധിച്ച് 95,760 രൂപയുമായി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 9,845 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,665 രൂപയും 9 കാരറ്റ് ഗ്രാമിന് 4,945 രൂപയുമാണ്. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 185 രൂപയിലാണ് വ്യാപാരം. അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞ ദിവസം ഒരു ശതമാനത്തോളം ഇടിഞ്ഞ സ്വര്‍ണവില ഇന്ന് കയറ്റത്തിലാണ്. നിലവില്‍ ട്രോയ് ഔണ്‍സിന് 4,222 ഡോളറെന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇതിലേക്ക് അടുക്കുന്നതിനിടെ ഇന്നലെ രണ്ടു തവണകളായി 440 രൂപ കുറഞ്ഞശേഷമാണ് ഇന്ന് സ്വര്‍ണവില തിരിച്ചുകയറിയത്.

◾  ടെലികോം വിപണിയില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിക്കൊണ്ട്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് സ്വകാര്യ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയയെ വരിക്കാരുടെ വളര്‍ച്ചയില്‍ മറികടന്നു. ട്രായിയുടെ കണക്കുകള്‍ പ്രകാരം 2025 ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി ബിഎസ്എന്‍എല്‍ 20 ലക്ഷത്തിലധികം പുതിയ വയര്‍ലെസ് ഉപയോക്താക്കളെ കൂട്ടിച്ചേര്‍ത്തു. ഇതേ കാലയളവില്‍ വിഐക്ക് 30 ലക്ഷത്തിലധികം വരിക്കാരെ നഷ്ടമായി. അതേസമയം ഭാരതി എയര്‍ടെല്‍ 1,252,874 (12.5 ലക്ഷം) വയര്‍ലെസ് വരിക്കാരെയും ബിഎസ്എന്‍എല്‍ 2,69,215 (2.6 ലക്ഷം) വരിക്കാരെയും റിലയന്‍സ് ജിയോ 1,997,843 (19.9 ലക്ഷം) വരിക്കാരെയും ഒക്ടോബര്‍ മാസത്തില്‍ ചേര്‍ത്തതായി ട്രായിയുടെ ഏറ്റവും പുതിയ ടെലികോം സബ്‌സ്‌ക്രിപ്ഷന്‍ ഡാറ്റ വ്യക്തമാക്കുന്നു. ജിയോക്ക് 41.36 ശതമാനവും എയര്‍ടെല്ലിന് 33.59 ശതമാനവും വോഡഫോണ്‍ ഐഡിയക്ക് 17.13 ശതമാനവും ബിഎസ്എന്‍എല്ലിന് 7.90 ശതമാനവും വിപണി വിഹിതമാണ് ഉളളത്.

◾  ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 'പ്രീ വെഡ്ഡിംഗ് ഷോ'ക്ക് ശേഷം യുവതാരം തിരു വീര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. 'ഓ സുകുമാരി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ് ആണ് നായികയായി വേഷമിടുന്നത്. ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് നവാഗതനായ ഭരത് ദര്‍ശന്‍ ആണ്. ചിത്രം നിര്‍മ്മിക്കുന്നത് ഗംഗ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഓ സുകുമാരി'. സൂപ്പര്‍ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കില്‍ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. സംവിധായകന്‍ ഭരത് ദര്‍ശന്‍ എഴുതിയ മനോഹരമായ കഥയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. കഴിഞ്ഞ മാസം 19 മുതലാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.

◾  മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച 'കളങ്കാവലി'ന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനു ഗംഭീര പ്രതികരണം. ബുക്കിംഗ് ആരംഭിച്ചു രണ്ടു ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ വമ്പന്‍ ആദ്യ ദിന പ്രീ സെയില്‍സ് ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ആഗോള തലത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ബുക്കിങ്ങിനു ലഭിക്കുന്നത്. ബുക്ക് മൈ ഷോ കൂടാതെ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട് തുടങ്ങിയ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെയും ചിത്രത്തിന്റെ ടിക്കറ്റുകള്‍ അഡ്വാന്‍സ് ആയി ബുക്ക് ചെയ്യാവുന്നതാണ്. ഡിസംബര്‍ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം വേഫറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച കളങ്കാവല്‍, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

◾  ആദ്യ ഇലക്ട്രിക് എസ്യുവി ഇ വിറ്റാരയെ പ്രദര്‍ശിപ്പിച്ച് മാരുതി സുസുക്കി. ഒറ്റ ചാര്‍ജില്‍ 543 കിലോമീറ്റര്‍ സഞ്ചരിക്കുന്ന ഇലക്ട്രിക് എസ്യുവി ബുക്കിങ് ഉടന്‍ ആരംഭിച്ച് അടുത്ത വര്‍ഷം വില്‍പന ആരംഭിക്കും. വാഹനത്തിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബാറ്ററി വാടകയ്ക്ക് നല്‍കുന്ന സ്‌കീമിലും ഇ വിറ്റാര സ്വന്തമാക്കാം. ചാര്‍ജ് ചെയ്യുന്നതിനായി ഏകദേശം 1,100 നഗരങ്ങളിലായി 2000-ത്തോളം ചാര്‍ജിങ് പോയിന്റുകള്‍ വികസിപ്പിച്ചിട്ടുണ്ട്. മാരുതി സുസുക്കി ഇ വിറ്റാര 49 കിലോവാട്ട്അവര്‍, 61 കിലോവാട്ട്അവര്‍ എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ ലഭ്യമാകും. ഇതില്‍ 61 കിലോവാട്ട്അവര്‍ ബാറ്ററി പാക്കിന് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ റേഞ്ച് 543 കിലോമീറ്ററാണ്. ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ ട്രിമ്മുകളില്‍ വില്‍പ്പനയ്‌ക്കെത്തും. 49 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് അടിസ്ഥാന മോഡലായ ഡെല്‍റ്റ ട്രിമ്മിലും, 61 കിലോവാട്ട്അവര്‍ ബാറ്ററി പാക്ക് സീറ്റ, ആല്‍ഫ ട്രിമ്മുകളിലും ആയിരിക്കും ലഭ്യമാവുക. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഇ വിറ്റാര 5-സ്റ്റാര്‍ സുരക്ഷാ റേറ്റിങ് നേടിയിരുന്നു. മൂന്നു വേരിയന്റുകളില്‍ 10 കളര്‍ ഓപ്ഷനുകളാണ് മാരുതി ഇ-വിറ്റാര വാഗ്ദാനം ചെയ്യുന്നത്.

◾  ഞാന്‍ മനസ്സിലാക്കി - എന്റെ അമ്മയെ അല്ല, വിലാസിനി എന്ന സ്ത്രീയെ, അവരുടെ വിവാഹത്തെ, അവരുടെ ഭര്‍ത്താവിനെ, അവിഹിതഗര്‍ഭം ചുമന്ന അവരുടെ മകളെ, അവരുടെ ഒറ്റപ്പെടലിനെ, സങ്കടങ്ങളെ, ശമനം കിട്ടാതെ പോയ ഉടല്‍പ്പെരുക്കങ്ങളെ, ഉറക്കം വെടിഞ്ഞ അനേകം രാത്രികളെ, അടുക്കളവട്ടത്തില്‍ ഊര്‍ന്നുവീണ കണ്ണീരിനെ, പറയാന്‍ കഴിയാതെ ഉള്ളിലൊളിപ്പിച്ച നോവുകളെ, കാലില്‍ തറച്ച മുള്ളുകളെ, സാന്ത്വനമായി വന്നെത്താത്ത സ്നേഹവിരലുകളെ, കുളിരായി പുണരാത്ത പ്രണയപ്പച്ചകളെ, എല്ലാത്തിനുമപ്പുറം നാല്പത്തിമൂന്നു വര്‍ഷം ഉള്ളിലെ ഗര്‍ഭത്തില്‍ അവര്‍ വഹിച്ച ജീവിതമെന്ന ചാപിള്ളയെ... മുഹമ്മദ് അബ്ബാസിന്റെ ഏറ്റവും പുതിയ നോവല്‍. 'പ്രണയക്കാവിലമ്മ'. എച്ച് & സി ബുക്സ്. വില : 90 രൂപ.

◾  രാവിലെ ഒരു കപ്പ് കാപ്പി കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുകയെന്നത് പലരുടെയും ശീലത്തിന്റെ ഭാഗമാണ്. കാപ്പി ഒരു ഇന്‍സ്റ്റന്റ് എനര്‍ജി ബൂസ്റ്ററാണ്. ഇത് ഉണര്‍ന്നിരിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. എന്നാല്‍ അതിനപ്പുറത്ത് ദിവസവും രണ്ട് കപ്പ് വരെ കാപ്പി കുടിക്കുന്നത് കരള്‍ അര്‍ബുദമായ ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമ പിടിപെടാനുള്ള സാധ്യത 35 ശതമാനം കുറയ്ക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. 1,30,000ത്തിലധികം ആളുകളില്‍ അടുത്തിടെ നടത്തിയ ഒരു പിയര്‍-റിവ്യൂഡ് ഡോസ്-റെസ്‌പോണ്‍സ് മെറ്റാ അനാലിസിസ് റിപ്പോര്‍ട്ടില്‍ ദിവസവും രണ്ട് കപ്പ് കാപ്പി വരെ കുടിക്കുന്നത്, ഹെപ്പറ്റോസെല്ലുലാര്‍ കാര്‍സിനോമയുടെ അപകടസാധ്യത 35 ശതമാനം വരെ കുറയ്ക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു. മദ്യപാനം, ഹെപ്പറ്റൈറ്റിസ് അണുബാധകള്‍, ബിഎംഐ എന്നിവ ക്രമീകരിച്ചതിനു ശേഷവും ഈയൊരു ബന്ധം ശക്തമായി നിലനിന്നുവെന്നും പഠനം പറയുന്നു. ആന്റിഓക്‌സിഡന്റുകള്‍, പോളിഫെനോളുകള്‍, ഡൈറ്റെര്‍പീനുകള്‍ എന്നിവയുള്‍പ്പെടെ ആയിരത്തിലധികം സജീവമായ സംയുക്തങ്ങള്‍ കാപ്പിയില്‍ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ഓക്‌സിഡേറ്റീവ് സമ്മര്‍ദം തടയുകയും കരള്‍ ഫൈബ്രോസിസിന്റെ പുരോഗതി മന്ദഗതിയിലാക്കുകയും ചെയ്യുന്നു. കരളിനുണ്ടാകുന്ന കേടുപാടുകള്‍ വിട്ടുമാറാതെയും നീണ്ടുനില്‍ക്കുകയും ചെയ്യുമ്പോള്‍ അത് സിറോസിസിലേക്ക് നയിച്ചേക്കാം. ഇത് കരള്‍ കാന്‍സര്‍ സാധ്യത ഗണ്യമായി വര്‍ധിപ്പിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 90.27, പൗണ്ട് - 119.54, യൂറോ - 105.08, സ്വിസ് ഫ്രാങ്ക് - 112.47, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 59.39, ബഹറിന്‍ ദിനാര്‍ - 239.43, കുവൈത്ത് ദിനാര്‍ -294.06, ഒമാനി റിയാല്‍ - 234.78, സൗദി റിയാല്‍ - 24.05, യു.എ.ഇ ദിര്‍ഹം - 24.49, ഖത്തര്‍ റിയാല്‍ - 24.75, കനേഡിയന്‍ ഡോളര്‍ - 64.62.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right