Trending

സായാഹ്ന വാർത്തകൾ

2025 | നവംബർ 29 | ശനി 
1201 | വൃശ്ചികം 13 |  പൂരുരുട്ടാതി 

◾  യുവതി നല്‍കിയ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ തിങ്കളാഴ്ച്ച പരിഗണിക്കുമെന്നാണ് സൂചന ലഭിച്ചിരുന്നത്. എന്നാല്‍ ഹര്‍ജി ബുധനാഴ്ച്ച പരിഗണിക്കാനായി തീരുമാനിക്കുകയായിരുന്നു. ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. അതേസമയം, ബുധനാഴ്ച്ച ജാമ്യം ലഭിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

◾  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുടര്‍ന്നു കണ്ടെത്തി അറസ്റ്റ് ചെയ്യേണ്ടെന്ന ധാരണയില്‍ പൊലീസെന്ന് റിപ്പോര്‍ട്ടുകള്‍. രാഹുലിന്റെ ജാമ്യാപേക്ഷ തള്ളുകയും തദ്ദേശതിരഞ്ഞെടുപ്പിനോട് അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുന്നതും കൂടുതല്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നും അത്തരമൊരു രാഷ്ട്രീയ ഉപദേശം പൊലീസിനു ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

◾  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ പരാതിയില്‍ പരാതിക്കാരിയുടെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണെന്നും, വിവാഹബന്ധം നീണ്ടു നിന്നത് ഒരു മാസം മാത്രമാണെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ആദ്യ വിവാഹം നടന്നത് 2024 ഓഗസ്ത് 22നാണെന്നും  വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും 4 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചതെന്നും ഒരു മാസത്തിനുള്ളില്‍ ബന്ധം ഒഴിഞ്ഞുവെന്നും യുവതി അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം കൊടുത്ത മൊഴിയില്‍ പറയുന്നു

◾  ലൈംഗിക പീഡന കേസില്‍ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ തിരുവനന്തപുരത്തെത്തി. ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുല്‍ നേരിട്ട് എത്തിയാണ് വക്കാലത്തില്‍ ഒപ്പിട്ടതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാനായാണ് ഇന്നലെ രാഹുല്‍ തലസ്ഥാനതെത്തിയത്.


◾  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടി നടപടിയെടുത്തതാണെന്നും വ്യക്തിപരമായ ആളുകളുടെ നിലപാട് പാര്‍ട്ടിയുടെ കൂട്ടായ തീരുമാനത്തെ ബാധിച്ചിട്ടില്ലെന്നും ഷാഫി പറമ്പില്‍ എംപി. രാഹുലുമായുള്ള തന്റെ അടുപ്പം എവിടെയും ഒരു തീരുമാനത്തിനും ബാധകമായിട്ടില്ലെന്നും നിലവില്‍ ആരോപണത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും രാഹുലിനെതിരായ കാര്യങ്ങള്‍ നിയമപരമായി പോകുന്നുണ്ടെന്നും അത് ആ രീതിയില്‍ പോകട്ടെയെന്നാണ് പറയാനുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.

◾  ശബരിമല കൊള്ള മറക്കാന്‍ മറ്റൊരു വിഷയം കൊണ്ടുവന്നാലും ഞങ്ങള്‍ അതില്‍ വീഴില്ലെന്നും രാഹുല്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. ആരോപണം ഉണ്ടായപ്പോള്‍ തന്നെ നടപടിയെടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അഭിമാനകരമായ തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തതെന്നും വിഡി സതീശന്‍ പറഞ്ഞു. ഒരു വിഷയത്തില്‍ ഒരാള്‍ക്കെതിരെ ഒരു നടപടി മാത്രമാണ് എടുക്കാനാകുക. രണ്ടു പ്രാവശ്യം നടപടിയെടുക്കാനാകില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

◾  രാഹുലിന് തെറ്റുപറ്റിയെന്നും എന്ന് കരുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എനിക്ക് ഒരു വാക്കും ഒരു നാക്കും മാത്രമേ ഉള്ളൂ. ശിക്ഷയ്ക്ക് അര്‍ഹതയുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ. ഉണ്ണിത്താന് മറുപടി പറയുന്നില്ല. ഉണ്ണിത്താന്‍ പറഞ്ഞതൊക്കെ ചരിത്രത്തില്‍ റെക്കോഡ് ചെയ്യപ്പെട്ടതാണെന്നും കെ സുധാകരന്‍ പറഞ്ഞു.

◾  രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗക്കേസില്‍ യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത് തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. വിവാഹ ബന്ധം നാലു ദിവസം മാത്രമേ നീണ്ടുനിന്നുള്ളൂ എന്ന അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത് തെറ്റാണ്. അവര്‍ ഇപ്പോഴും വിവാഹമോചിതരല്ല. താന്‍ വിവാഹത്തില്‍ പങ്കെടുത്ത ആളാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.


◾  ബലാല്‍സംഗക്കേസ് പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി കോണ്‍ഗ്രസ് മുഖപത്രം. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചതായിരുന്നു രാഹുല്‍ ചെയ്ത കുറ്റമെന്നും കോണ്‍ഗ്രസ് പത്രം വാദിക്കുന്നു. രാഹുലിനെ ന്യായീകരിച്ചാണ് മുഖപത്രത്തില്‍ ലേഖനമുള്ളത്.

◾  വീക്ഷണം പത്രത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ടുവന്ന മുഖപ്രസംഗം കോണ്‍ഗ്രസ്നിലപാടിന് എതിരാണെന്ന് കെപിസിസി അധ്യക്ഷന്‍  സണ്ണി ജോസഫ്. പാര്‍ട്ടി മുഖപത്രത്തില്‍ വരാന്‍ പാടില്ലാത്ത കാര്യം തിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾  യുവതിയുടെ ബലാത്സംഗക്കേസിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്ന് സൂചന. വെള്ളിയാഴ്ച രാവിലെ കുറച്ചുസമയം മൊബൈല്‍ ഫോണ്‍ ഓണ്‍ ആയിരുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കാന്‍ ഫോണിലൂടെ അഭിഭാഷകനുമായി സംസാരിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യുകയായിരുന്നു. പാലക്കാട് ജില്ല വിട്ടാല്‍ അത് മുന്‍കൂര്‍ ജാമ്യത്തെ ബാധിക്കുമെന്ന് രാഹുലിന് നിയമോപദേശം ലഭിച്ചെന്നാണ് സൂചന.

◾  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്ന ബലാത്സംഗക്കേസിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ കഴിയുന്നത് എഐസിസി ആസ്ഥാനത്താണോ, കെപിസിസി ആസ്ഥാനത്താണോ, ഡിസിസി ഓഫീസില്‍ ആണോ എന്നറിഞ്ഞാല്‍ മതിയെന്ന് മന്ത്രി വി ശിവന്‍ കുട്ടി പരിഹസിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങണമെന്നും മാന്യത ഉണ്ടെങ്കില്‍ രാജിവച്ച് പുറത്തു പോകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

◾  രാഹുല്‍ മാങ്കൂട്ടത്തിലെന്ന രാഷ്ട്രീയ അശ്ലീലത്തെ പേറി നടക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസെന്ന് സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ്. ഇത്തരം അശ്ലീലങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് സമയം കളയാത്തതാണ് നല്ലതെന്നും ഇത്തരം പ്രവൃത്തി നടത്തുന്നവരെക്കുറിച്ച് സംസാരിക്കാന്‍ പോലും താല്‍പര്യമില്ലെന്നും രാഹുലിനെ പേറി നടക്കുന്നത് കോണ്‍ഗ്രസിന്റെ ജീര്‍ണതയാണ് വെളിപ്പെടുത്തുന്നതെന്നും എന്‍ എന്‍ കൃഷ്ണദാസ് പറഞ്ഞു.

◾  ഇരയെ ആക്ഷേപിച്ചും രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും മഹിള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി ബിന്ദു ബിനു. ഫേസ്ബുക്കിലൂടെയാണ് ബിന്ദു ബിനു ഇരയെ അധിക്ഷേപിച്ചത്. ഇരയുടെ ആരോപണത്തിന് അടിസ്ഥാനമില്ലെന്നായിരുന്നു പോസ്റ്റില്‍ പറയുന്നത്. ഭര്‍തൃമതിയുടെ ത്വര കൊള്ളാം തുടങ്ങിയവ നിരവധി അധിക്ഷേപ പരാമര്‍ശങ്ങളാണ് പോസ്റ്റിലുള്ളത്. രാഹുലിനൊപ്പം ഉള്ള ചിത്രവും പങ്കുവെച്ച് കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്.

◾  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോള്‍ കേസ് എടുത്തത്  സിപിഎം കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ   രാഷ്ട്രീയ തന്ത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിജണ്ട് രാജീവ് ചന്ദ്രശേഖര്‍. തെരഞ്ഞെടുപ്പിന്റെ   പത്ത് ദിവസം മുന്‍പാണ്  കേസ് എടുത്തതെന്നും സ്വര്‍ണ്ണകൊള്ള മറച്ചുവെക്കാനാണ് തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാര്‍ കേസെടുത്തതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ റീല്‍ രാഷ്ട്രീയക്കാരനാണെന്നും ഉപതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഹുലിനെതിരെ ആരോപണം ഉണ്ടായിരുന്നുവെന്നും എന്നിട്ടും പാലക്കാട് ജനങ്ങളുടെ തലയില്‍ രാഹുലിനെ കെട്ടിവച്ചുവെന്നും അദ്ദേഹം പറഞ്ഞു

◾  അങ്കണവാടി ജീവനക്കാരിയെ അസഭ്യം പറഞ്ഞ് ഇടുക്കി വണ്ണപ്പുറത്തെ ഇടത് സ്ഥാനാര്‍ത്ഥി. സിപിഎം സ്ഥാനാര്‍ത്ഥി ലിജോ ജോസാണ് വോട്ട് ചോദിച്ചെത്തിയ സമയത്ത് അസഭ്യം പറഞ്ഞത്. അങ്കണവാടിയില്‍ കുട്ടികള്‍ ഉള്ളപ്പോഴാണ് സംഭവം. വണ്ണപ്പുറം പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയാണ് ലിജോ ജോസ്. അങ്കണവാടി ഹെല്‍പ്പര്‍ നബീസയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ഇവര്‍ കാളിയാര്‍ പൊലീസില്‍ പരാതി നല്‍കി.

◾  പുലിക്കളിക്ക് ധനസഹായം വൈകാന്‍ കാരണം ടൂറിസം വകുപ്പിന്റെ  അനാസ്ഥയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുലിക്കളി സംഘങ്ങളുടെ ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് നല്‍കിയില്ല.പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായം ഇനിയും ലഭിക്കാത്തത് വിവാദമായിരുന്നു. ഓരോ പുലിക്കളി സംഘത്തിനും മുന്നു ലക്ഷം രൂപയായിരുന്നു കേന്ദ്ര ധനസഹായം. സ്വന്തം ഇടപെടലിലൂടെയാണ് കേന്ദ്രത്തില്‍ നിന്ന് പണം വാങ്ങി നല്‍കിയതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.

◾  ഗള്‍ഫ് സന്ദര്‍ശനത്തിന്റെ  അവസാനഘട്ടമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി നാളെ ദുബായിലെത്തും. സന്ദര്‍ശനം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും ബഹിഷ്‌കരിക്കുമെന്നും ദുബായ് കെഎംസിസി അറിയിച്ചു. മുന്‍കൂട്ടി തീരുമാനിച്ച സന്ദര്‍ശന പരിപാടി ബഹിഷ്‌കരിക്കുന്നത് എന്തിനാണെന്നറിയില്ലെന്ന് സംഘാടക സമിതി പ്രതികരിച്ചു.

◾  എറണാകുളത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് കുത്തേറ്റു. എറണാകുളം ചേന്ദമംഗലത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഫസല്‍ റഹ്‌മാനെയാണ് കുത്തിപരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ വടക്കേക്കര സ്വദേശി മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനോജാണ് ഫസല്‍ റഹ്‌മാനെ കുത്തിപരിക്കേല്‍പ്പിച്ചത്. മനോജും ഫസലും തമ്മില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ഫസല്‍ കഴിഞ്ഞ ഭരണ സമിതിയില്‍ പഞ്ചായത്ത് അംഗമായിരുന്നു

◾  നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ മദ്യ ലഹരിയിലാണ് ഇയാള്‍ കൈ ഞെരമ്പ് മുറിച്ചത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടര്‍ന്ന് പാലാരിവട്ടം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് ചെയ്ത് വിട്ടയച്ചതിന് പിന്നാലെ കടയില്‍ നിന്ന് ബ്ലേഡ് വാങ്ങി കൈ ഞരമ്പ് മുറിക്കുകയായിരുന്നു.

◾  കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക അടിസ്ഥാനസൗകര്യ വികസന നിധിയില്‍ കേരളത്തിലെ കര്‍ഷകരെയും കാര്‍ഷിക സംരംഭകരെയും കാത്ത് 1101 കോടി രൂപ. അഞ്ചുവര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതിയുടെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കുകയാണ്. കാര്‍ഷികമേഖലയില്‍ കൂടുതല്‍ നിക്ഷേപം ലഭ്യമാക്കുകയാണ് അടിസ്ഥാന സൗകര്യ വികസന നിധിയുടെ ലക്ഷ്യമെന്ന് സംസ്ഥാന ടീം ലീഡര്‍ ഡി.എസ്. ബിജുകുമാര്‍ പറഞ്ഞു.

◾  തലശ്ശേരിയില്‍ പണിതീരാത്ത കെട്ടിടത്തില്‍ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി. കാണാതായ തമിഴ്‌നാട് സേലം സ്വദേശിനിയായ വയോധികയുടേതാണ് തലയോട്ടിയെന്നാണ് സംശയം. ഇവരുടെ മകള്‍ നല്‍കിയ പരാതിയില്‍ തലശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിക്ക് ആറു മാസം പഴക്കമുണ്ടെന്നാണ് സൂചന. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് വായോധികയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു.

◾  വടകര ഡിവൈഎസ്പി ഉമേഷിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ അദ്ദേഹത്തിനെതിരെ ഉടന്‍ കേസെടുത്തേക്കും. ഡിവൈ.എസ്.പി.ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാലക്കാട് എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. ചെര്‍പ്പുള്ളശ്ശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലാണ് ഡിവൈഎസ്പി ഉമേഷിനെതിരെ ആദ്യമായി ഗുരുതരമായ ആരോപണം ഉയര്‍ന്നത്. അനാശാസ്യ കേസില്‍ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നായിരുന്നു സിഐ യുടെ ആത്മഹത്യാക്കുറിപ്പിലെ പ്രധാന ആരോപണം.

◾  ഓപ്പറേഷന്‍ നുംഖോര്‍ പരിശോധനയുടെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ ഒരു വാഹനം വിട്ടു നല്‍കി. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്‍ഡ്ക്രൂയിസര്‍ വാഹനമാണ് വിട്ടു നല്‍കിയത്. അമിതിന്റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ തീരുമാനം. ബോണ്ടിന്റെയും 20ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി. വാഹനം ഉപയോഗിക്കരുത്, കേരളത്തിന് പുറത്തുകൊണ്ട് പോകരുത് തുടങ്ങി വ്യവസ്ഥകളോടെയാണ് വിട്ടു നല്‍കിയത്.

◾  ഒതായി മനാഫ് വധക്കേസില്‍ ഒന്നാം പ്രതി ഷെഫീഖിന് ജീവപര്യന്തം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. പിഴത്തുക രണ്ടാം സാക്ഷി ഫാത്തിമക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട മനാഫിന്റെ സഹോദരിയാണ് ഫാത്തിമ. കേസില്‍ ഒന്നാം പ്രതിയായ മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മറ്റു മൂന്നു പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു.

◾  കേശവദാസപുരം മനോരമ വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി കോടതി മുറിയില്‍ നിന്ന് ഇറങ്ങിയോടി. ബംഗാള്‍ സ്വദേശി ആദം അലിയാണ് പ്രതി. തൊട്ടടുത്ത വീട്ടില്‍ വീട്ടുജോലിക്കു വന്ന ആദം അലി വൃദ്ധയെ കൊലപ്പെടുത്തി കിണറ്റിലിട്ടെന്നാണ് കേസ്. കോടതിയില്‍ നിന്നും ഓടിയ പ്രതിയെ അഭിഭാഷകരും പൊലീസും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ശിക്ഷാ വിധി സംബന്ധിച്ച വാദം ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കാനിരിക്കെയാണ് പ്രതി കോടതിയില്‍ നിന്ന് ഇറങ്ങിയോടിയത്.

◾  ആനച്ചാലില്‍ സ്‌കൈ ഡൈനിങ്ങില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. നടത്തിപ്പുകാരായ പ്രവീണ്‍, സോജന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികള്‍ എന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. അഞ്ച് പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. ഇവരെ 3 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് താഴെയെത്തിച്ചത്.

◾  കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ഉണ്ടായ തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കി. ആശുപത്രിയിലെ സി ബ്ലോക്കിലാണ് ഇന്ന് രാവിലെ 9:45 ഓടെ തീ പടര്‍ന്നത്. ഒമ്പതാം നിലയിലുള്ള എസി പ്ലാന്റിനാണ് തീ പിടിച്ചത്. അഗ്നിശമന സേന എത്തി മറ്റു ഭാഗങ്ങളിലേക്ക് തീ പടരുന്ന സാഹചര്യം ഒഴിവാക്കി തീ നിയന്ത്രണ വിധേയമാക്കി.

◾  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

◾  കര്‍ണാടക മുഖ്യമന്ത്രി കസേരയ്ക്കായുള്ള തര്‍ക്കങ്ങള്‍ക്കിടെ സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ശനിയാഴ്ച രാവിലെ സിദ്ധരാമയ്യയുടെ വസതിയിലാണ് ഇരുവരും പ്രഭാതഭക്ഷണത്തിനായി ഒന്നിച്ചെത്തിയത്. പ്രഭാതഭക്ഷണത്തിന് ശേഷം ഇരുവരും ഒരുമിച്ച് വാര്‍ത്താമാധ്യമങ്ങളെ കണ്ടു. തങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ലെന്നും ഭാവിയിലും അതുണ്ടാവില്ലെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.

◾  സ്ത്രീകളുടെ ചേലാകര്‍മ്മം നിരോധിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും മറ്റുള്ളവര്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസയച്ചത്. ഈ ആചാരം ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും ഇത് കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും അവകാശപ്പെട്ട് ചേതന വെല്‍ഫെയര്‍ സൊസൈറ്റി എന്ന എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

◾  ദീര്‍ഘദൂര ട്രെയിന്‍ യാത്രകളില്‍ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് ഇനി തലയിണയും ബെഡ്ഷീറ്റും ലഭ്യമാക്കും. യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ച്, ആവശ്യക്കാര്‍ക്ക് പണം നല്‍കി ഉപയോഗിക്കാവുന്ന അണുവിമുക്തമാക്കിയ ബെഡ് റോളുകള്‍ അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ നല്‍കുമെന്ന് ദക്ഷിണ റെയില്‍വേയുടെ ചെന്നൈ ഡിവിഷന്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും.

◾  കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പുതിയ വഖഫ് ഭേദഗതി നിയമം 2025 നടപ്പിലാക്കാന്‍ മാസങ്ങളോളം വിസമ്മതിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഒടുവില്‍ വഴങ്ങി. സംസ്ഥാനത്തെ 82,000-ത്തോളം വഖഫ് സ്വത്തുക്കളുടെ വിവരങ്ങള്‍ ഡിസംബര്‍ 5-നകം കേന്ദ്ര പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഏപ്രിലിലാണ് വഖഫ് ഭേദഗതി നിയമം 2025 പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്.

◾  ഓടുന്ന ട്രെയിനില്‍ നിന്നു യുവതിയെ ടിടിഇ തള്ളിയിട്ട് കൊലപ്പെുത്തിയ സംഭവത്തില്‍ ടിടിഇയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ഈ മാസം 25ന് രാത്രിയാണ് സംഭവം. നാവികസേനാ ഉദ്യോഗസ്ഥനായ അജയ് സിങ്ങിന്റെ ഭാര്യ ആരതി യാദവാണ് (32) മരിച്ചത്.

◾  എ-320 വിമാനങ്ങളില്‍ സാങ്കേതിക തകരാറുണ്ടാകാന്‍ സാധ്യതയെന്ന മുന്നറിയിപ്പിന് പിന്നാലെ ഇന്ത്യയില്‍ 200-ല്‍ അധികം വിമാനങ്ങളില്‍ അടിയന്തര പരിശോധന നടക്കുമെന്ന് വിമാന കമ്പനികള്‍. ഈ പശ്ചാത്തലത്തില്‍ വിവിധ സര്‍വീസുകളെ ഇത് സാരമായി ബാധിച്ചേക്കുമെന്ന മുന്നറിയിപ്പും കമ്പനികള്‍ നല്‍കുന്നു. തീവ്രമായ സൗരവികിരണം കാരണം എയര്‍ബസ് എ-320 ശ്രേണിയിലുള്ള വിമാനങ്ങളിലെ ഫ്ലൈറ്റ് കണ്‍ട്രോള്‍ സിസ്റ്റത്തിന്റെ ഡാറ്റയില്‍ തകരാറുണ്ടാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.

◾  ചെങ്കോട്ട സ്ഫോടനത്തില്‍ പ്രതിയായ ഡോ ഷഹീന്റെ മുറിയില്‍ നിന്ന് 18 ലക്ഷം രൂപ കണ്ടെത്തി. തെളിവെടുപ്പിനിടെയാണ് എന്‍ഐഎ സംഘം പണം കണ്ടെത്തിയത്. ഷഹീന്റെയും മുസമ്മിലിന്റെയും വിവാഹ ചടങ്ങില്‍ പങ്കെടുത്തവരെ കണ്ടെത്താനും എന്‍ഐഎ നടപടി തുടങ്ങി. 12 പേരാണ് ചടങ്ങിന് എത്തിയത്. അതേസമയം, അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഡോ ആദിലിനെയും ഇന്ന് ഫരീദാബാദില്‍ എത്തിക്കും. അതിനിടെ, അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ഭൂമി തട്ടിപ്പ് നടത്തിയെന്നും ഇഡി കണ്ടെത്തി.

◾  ഡിറ്റ് വാ ചുഴലിക്കാറ്റില്‍ നാശനഷ്ടം കനത്തോടെ ശ്രീലങ്കയില്‍ ഡിസംബര്‍ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണസംഖ്യ നൂറ് കടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെലനി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്. രാജ്യത്ത് ഡിസംബര്‍ 16 വരെ സ്‌കൂളുകള്‍ അടച്ചിടും. കൊളംബോ തുറമുഖം താത്കാലികമായി അടച്ചു. 700 ലധികം വീടുകള്‍ തകര്‍ന്നതായാണ് കണക്കുകള്‍.

◾  സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 95,000ന് മുകളില്‍. ഇന്ന് പവന് ഒറ്റയടിക്ക് ആയിരം രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. 95,200 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 125 രൂപയാണ് വര്‍ധിച്ചത്. 11900 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അഞ്ചിന് 89,080 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് പടിപടിയായി വില ഉയരുന്ന കാഴ്ചയാണ് ദൃശ്യമായത്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്.

◾  വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റ് കരുത്തു പകരുന്ന ഈ സ്മാര്‍ട്ട്‌ഫോണില്‍ 7,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഐക്യൂഒഒ 15 ഒറിജിന്‍ഒഎസ് 6ലാണ് പ്രവര്‍ത്തിക്കുക. ചൈനയില്‍ ഇതിനകം ലഭ്യമായ പുതിയ ഉപയോക്തൃ ഇന്റര്‍ഫേസ്, ആപ്പിളിന്റെ ലിക്വിഡ് ഗ്ലാസ് ഡിസൈനിന് സമാനമാണ്. ആപ്പിളിന്റെ ഡൈനാമിക് ഐലന്‍ഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആറ്റോമിക് ഐലന്‍ഡ് ആണ് മറ്റൊരു പുതിയ കൂട്ടിച്ചേര്‍ക്കല്‍. ഇത് സ്‌ക്രീനില്‍ തത്സമയ അലര്‍ട്ടുകള്‍ കാണിക്കും. മ്യൂസിക് പ്ലേബാക്ക് കൈകാര്യം ചെയ്യുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ ഇത് അനുവദിക്കുകയും ചെയ്യുന്നു. ട്രിപ്പിള്‍ കാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ വരുന്നത്. ഡോള്‍ബി വിഷന്‍, വയര്‍ലെസ് ചാര്‍ജിങ് എന്നിവയാണ് മറ്റു സവിശേഷതകള്‍. 256, 512 ജിബി സ്റ്റോറേജുകളിലാണ് ഇത് വിപണിയില്‍ എത്തുന്നത്. 100വാട്ട് ഫ്‌ലാഷ് ചാര്‍ജാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

◾  ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ധുരന്ദറി'ലെ അതിമനോഹരമായൊരു പ്രണയ ഗാനം റിലീസ് ചെയ്തു. രണ്‍വീറിനൊപ്പം നായികയായി എത്തുന്ന സാറ അര്‍ജുനെയും വീഡിയോയില്‍ കാണാം. ശാശ്വത് സച്ച്‌ദേവാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അരിജിത് സിംഗ്, അര്‍മാന്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഇര്‍ഷാദ് കാമില്‍ ആണ്. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളില്‍ എത്തും. ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധുരന്ദര്‍. 'ഉറി ദ സര്‍ജിക്കല്‍' സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധര്‍. ജിയോ സ്റ്റുഡിയോസ് , ആ62 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങളിലെത്തുന്നു.

◾  ശ്രീനാഥ് ഭാസി നായകനായെത്തുന്ന പുതിയ ചിത്രമാണ് 'പൊങ്കാല'. ഞായറാഴ്ച റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി. സെന്‍സര്‍ ബോര്‍ഡിന്റെ വിലക്കിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. ചിത്രത്തിലെ എട്ട് റീലുകളിലെ 8 സീനുകള്‍ നീക്കം ചെയ്ത ശേഷം മാത്രമേ പുറത്തിറക്കാവു എന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച സീനുകള്‍ നീക്കം ചെയ്ത ശേഷം തൊട്ടടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.  ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് എ ബി ബിനില്‍ ആണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ആക്ഷനും ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. യാമി സോനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ബാബുരാജ്, സുധീര്‍ കരമന, സാദിഖ്, സമ്പത്ത് റാം, അലന്‍സിയര്‍, കിച്ചു ടെല്ലസ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോന്‍ ജോര്‍ജ്, മുരുകന്‍ മാര്‍ട്ടിന്‍ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

◾  പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര പുതിയ ഇലക്ട്രിക് എസ് യുവി പുറത്തിറക്കി. എക്‌സ്ഇവി 9എസ് എന്ന പേരിലാണ് പുതിയ വാഹനം അവതരിപ്പിച്ചത്. മൂന്ന് വേരിയന്റിലാണ് ഇലക്ട്രിക് കാര്‍ വിപണിയില്‍ ലഭ്യമാകുക. 19.95 ലക്ഷം രൂപയാണ്(എക്‌സ്-ഷോറൂം) പ്രാരംഭ വില. എക്‌സ് യുവി700ന്റെ ഒരു ഇവി പതിപ്പാണ് ഈ മോഡല്‍. ബ്രാന്‍ഡിന്റെ ഇലക്ട്രിക് എസ്യുവി പോര്‍ട്ട്ഫോളിയോയിലെ എക്‌സ് ഇവി 9ഇ, ബിഇ 6, എക്‌സ് യുവി 400 എന്നിവയ്‌ക്കൊപ്പമാണ് പുതിയ മോഡല്‍ ചേരുന്നത്. ഏഴ് സീറ്റുള്ള മഹീന്ദ്ര ഇലക്ട്രിക് എസ്യുവിയില്‍ നാല് ഡ്രൈവ് മോഡുകള്‍ (എവരിഡേ, റേസ്, റേഞ്ച്, സ്‌നോ), അഞ്ച് ലെവല്‍ റീജന്‍, 150 ലിറ്റര്‍ ഫ്രങ്ക് എന്നിവയും ഓഫറില്‍ ലഭ്യമാണ്. എക്‌സ് ഇവി 9ഇ, ബിഇ 6 എന്നിവയില്‍ നിന്ന് കടമെടുത്ത 59 കിലോവാട്ട്അവര്‍, 79 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കുകളാണ് പുതിയ മഹീന്ദ്ര മോഡല്‍ മുന്നോട്ടുവെയ്ക്കുന്നത്. രണ്ട് പതിപ്പുകളുടെയും ടോര്‍ക്ക് ഔട്ട്പുട്ട് 380 എന്‍എം ആണ്. അതേസമയം ചെറുതും വലുതുമായ ബാറ്ററി പായ്ക്കുകള്‍ക്ക് പവര്‍ യഥാക്രമം 228, 282 ബിഎച്പി ആണ്. 241 ബിഎച്പി  380 എന്‍എം ഉല്‍പ്പാദിപ്പിക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറുള്ള പുതിയ 70 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. ഏഴ് സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ മോഡലിന് സാധിക്കും.

◾  ഒരു വിവാഹം പുറത്തുനിന്ന് കാണുന്നതുപോലെ സുതാര്യമാണോ? നിക്, എയ്മി-സാധാരണ ജീവിതം നയിക്കുന്ന ദമ്പതികള്‍. എന്നാല്‍ അവരുടെ അഞ്ചാം വിവാഹവാര്‍ഷികദിനത്തില്‍ എയ്മിയെ കാണാതാകുന്നു. മാധ്യമത്തിന്റെയും പോലീസിന്റെയും കണ്ണുകള്‍ നിക്കിലേക്ക് തിരിയുന്നു. എയ്മിയുടെ സുഹൃത്തുക്കള്‍ പുറത്തുകൊണ്ടുവരുന്ന സത്യങ്ങള്‍, നിക്കിന്റെ കമ്പ്യൂട്ടറില്‍നിന്ന് കണ്ടെത്തുന്ന രഹസ്യങ്ങള്‍, ഫോണ്‍കോളുകള്‍... പ്രണയത്തിനും വിവാഹത്തിനും പിന്നിലെ ഇരുണ്ട സത്യങ്ങളിലേക്ക് നിങ്ങളെ വലിച്ചിഴയ്ക്കുന്ന ഒരു ത്രില്ലര്‍. 'ഗോണ്‍ ഗേള്‍'. ജിലിയന്‍ ഫ്ലിന്‍. വിവര്‍ത്തനം: ജോണി എം. എല്‍. ഡിസി ബുക്സ്. വില 664 രൂപ.

◾  അത്താഴം എപ്പോഴും ലളിതമായിരിക്കണമെന്നാണ് പൊതുവെ പറയാറ്. അത്താഴം തെറ്റിയാല്‍, അത് ദഹനത്തെയും മെറ്റബോളിസത്തെയും മോശമാക്കും. അതോടെ രാത്രിയിലെ ഉറക്കത്തെയും ബാധിക്കാം. അതുകൊണ്ട് തന്നെ ദിവസത്തെ അവസാന ഭക്ഷണമായ അത്താഴത്തിന് പ്രാധാന്യം കൂടുതലാണ്. മിക്കവാറും ആളുകള്‍ ചോറോ ചപ്പാത്തിയോ ആണ് അത്താഴത്തിന് തിരഞ്ഞെടുക്കുക. ഇവ രണ്ട് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതാണ്. എന്നാല്‍ അവയുടെ ദഹന ശേഷിയും നാരുകളുടെ അളവും വ്യത്യാസപ്പെട്ടിരിക്കുന്നു. ഗോതമ്പ് അല്ലെങ്കില്‍ മള്‍ട്ടിഗ്രെയിന്‍ മാവ് ഉപയോഗിച്ചാണ് സാധാരണ ചപ്പാത്തി ഉണ്ടാക്കുക. ഇതില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹിക്കാന്‍ സമയമെടുക്കാം. അതുകൊണ്ട് തന്നെ കൂടുതല്‍ നേരം വയറ് നിറഞ്ഞ തോന്നല്‍ ഉണ്ടാക്കാന്‍ സഹായിക്കും. കൂടാതെ ഊര്‍ജം പുറത്ത് വിടുന്നത് സ്ഥിരപ്പെടുത്താന്‍ സഹായിക്കും. ചപ്പാത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തും. എന്നാല്‍ അസിഡിറ്റിക്ക് സാധ്യതയുള്ളവരോ ദഹനശേഷി കുറവുള്ളവരോ ആയവര്‍ക്ക്, രാത്രിയില്‍ ചപ്പാത്തി കഴിക്കുന്നത് നല്ലതായിരിക്കില്ല. പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് ചോറ്. പ്രത്യേകിച്ച് തവിടു കളഞ്ഞ വെളുത്ത അരി കൊണ്ടുണ്ടാക്കിയ ചോറ്. രാത്രി നല്ല ഉറക്കത്തിനും വയറുവീര്‍ക്കുന്നത് കുറയ്ക്കാനും ഇത് സഹായിക്കും. എന്നാല്‍ വേഗത്തില്‍ ദഹിക്കുന്നതിനാല്‍ ചിലര്‍ക്ക് വീണ്ടും വിശക്കാനും സാധ്യതയുണ്ട്. പരിപ്പ്, പച്ചക്കറികള്‍ തുടങ്ങിയവക്കൊപ്പം ചോറ് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ വലിയ അളവില്‍ പ്രത്യേകിച്ച് കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ചോറ് കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ കാരണമാകും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.35, പൗണ്ട് - 118.25, യൂറോ - 103.59, സ്വിസ് ഫ്രാങ്ക് - 110.72, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.41, ബഹറിന്‍ ദിനാര്‍ - 237.07, കുവൈത്ത് ദിനാര്‍ -291.09, ഒമാനി റിയാല്‍ - 232.41, സൗദി റിയാല്‍ - 23.82, യു.എ.ഇ ദിര്‍ഹം - 24.33, ഖത്തര്‍ റിയാല്‍ - 24.59, കനേഡിയന്‍ ഡോളര്‍ - 63.75.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right