2025 | നവംബർ 25 | ചൊവ്വ
1201 | വൃശ്ചികം 9 | ഉത്രാടം
1447 ജ : ആഖിർ 04
◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ മുന്‍ ദേവസ്വം പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എന്‍ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയില്‍ ഹാജരാക്കിയതില്‍ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികള്‍ക്ക് വെക്കണമെന്ന് ബിഎന്‍എസ് നിയമത്തില്‍ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി.
◾ ശബരിമല സന്നിധാനത്ത് വീണ്ടും തിരക്ക്. ഇന്നലെയെത്തിയത് ഒരു ലക്ഷത്തിനടുത്ത് ഭക്തര്‍. ശരംകുത്തിവരെ ഭക്തരുടെ നീണ്ട നിരയാണ്. ഇതോടെ ഇന്നത്തെ സ്‌പോട്ട് ബുക്കിങ് 5,000 ആക്കി പരിമിതപ്പെടുത്തി. വര്‍ധിച്ച തോതില്‍ ഭക്തജനങ്ങളുടെ വരവുണ്ടെങ്കിലും തിരക്ക് നിയന്ത്രണവിധേയമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
◾ ലൈംഗികാരോപണ കേസില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ശബ്ദരേഖ പുറത്ത്. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റേതെന്ന് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഗര്‍ഭഛിദ്രത്തിന് ആശുപത്രിയില്‍ പോകാന്‍ രാഹുല്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറയുമ്പോള്‍ പെണ്‍കുട്ടിയെ പരിഹസിക്കുന്നതും പുറത്തുവന്ന ശബ്ദരേഖയിലുണ്ട്. നേരത്തെ പുറത്തുവന്ന ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെ കണ്ടുപിടിച്ചിരുന്നു. അന്ന് അവര്‍ പരാതി നല്‍കാന്‍ സജ്ജമായിരുന്നില്ല. ഇപ്പോള്‍ ശബ്ദരേഖ പുറത്തുവന്നതിന് പിന്നില്‍ എന്താണ് കാരണം എന്ന് വ്യക്തമല്ല. രാഹുല്‍ പൊതുരംഗത്ത് സജീവമായ സാഹചര്യത്തില്‍ ഇരുവരുടെയും സമ്മതമില്ലാതെ മറ്റാരെങ്കിലും ഇത് പുറത്തുവിട്ടതാണോ എന്നും വ്യക്തമല്ല.
◾ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി അതീവ ഗുരുതരമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒരു പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചു എന്ന് മാത്രമല്ല, ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി എന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇത് രാഷ്ട്രീയ വിഷയമല്ലെന്നും സ്ത്രീത്വത്തിനെതിരായ കടന്നുകയറ്റവും ക്രിമിനല്‍കുറ്റവുമാണെന്ന് വി ശിവന്‍കുട്ടി ഫെയ്സ്ബുക്കില്‍ എഴുതിയ വിമര്‍ശനത്തില്‍ പറഞ്ഞു.
◾ ശാരീരികവും മാനസികവുമായ പീഡനങ്ങളും തിക്താനുഭവങ്ങളും അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് താങ്ങാകാന്‍ സര്‍ക്കാരും വനിത വികസന കോര്‍പ്പറേഷനും ഒപ്പമുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൗണ്‍സലിങ്ങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും 181 ഹെല്‍പ്പ് ലെന്‍ നിങ്ങള്‍ക്കായുണ്ടെന്നും മടിക്കേണ്ടതില്ലെന്നും നേരിട്ട് വിളിക്കാമെന്നും മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
◾ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായ തദ്ദേശപ്പോരിന് ചിത്രം തെളിഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആദ്യകണക്ക് പ്രകാരം 72,005 സ്ഥാനാര്‍ഥികളാണുള്ളത്. ഇതില്‍ 37,786 പേര്‍ സ്ത്രീകളാണ്. 34,218 പേര്‍ പുരുഷന്മാരും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ രണ്ടുപേരും ഇക്കുറി മത്സരത്തിനുണ്ട്. 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് രണ്ടുഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 11-നും.
◾ തദ്ദേശതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി തീര്‍ന്നപ്പോള്‍ വിമത ശല്യത്തില്‍ വലഞ്ഞ് മുന്നണികള്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ചിടങ്ങളില്‍ വിമതരുണ്ട്. കൊച്ചി കോര്‍പ്പറേഷനില്‍ പത്തിലേറെ വാര്‍ഡില്‍ യുഡിഎഫിന് വിമത ഭീഷണിയുണ്ട്. തൃശൂരില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും സിപിഐക്കും വിമതരുണ്ട്.
◾ സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കണ്ണൂരില്‍ 14 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 14 പേരും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളാണ്. ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ അഞ്ചിടത്താണ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കണ്ണപുരം ഗ്രാമ പഞ്ചായത്തില്‍ 6 സിപിഎം സ്ഥാനാര്‍ത്ഥികളും മലപ്പട്ടം ഗ്രാമ പഞ്ചായത്തില്‍ മൂന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളും എതിരാളികളില്ലാതെ വിജയിച്ചു.
◾ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയുടെ ശക്തികേന്ദ്രമായി മാറിയ പത്തനംതിട്ടയിലെ പന്തളത്ത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. പന്തളത്ത് നിന്നുള്ള ബിജെപിയുടെ പ്രമുഖ നേതാവും ജില്ലാ കമ്മിറ്റിയംഗവുമായ കൊട്ടയേത്ത് ഹരികുമാര്‍ പാര്‍ട്ടി വിട്ടു. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രസഹമന്ത്രിയുമായ വി മുരളീധരന്റെ അടുത്ത ബന്ധുവാണ് ബിജെപി വിട്ട ഹരികുമാര്‍. ഇനി സിപിഎമ്മിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് ഹരികുമാര്‍ വ്യക്തമാക്കി.
◾ കണ്ണൂര്‍ പയ്യന്നൂരില്‍ പൊലീസിന് നേരെ ബോംബറിഞ്ഞ കേസില്‍ സിപിഎമ്മുകാരായ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. സിപിഎം പ്രവര്‍ത്തകരായ ടി സി വി നന്ദകുമാര്‍, വി കെ നിഷാദ് എന്നിവരെയാണ് കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. വി കെ നിഷാദ് പയ്യന്നൂര്‍ നഗരസഭയില്‍ 46 ആം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റവും സ്ഫോടക വസ്തു നിരോധന നിയമവും തെളിഞ്ഞു. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും.
◾ വയനാട്ടില്‍ വിമതനായി മത്സരിക്കാന്‍ തീരുമാനിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയല്‍ പത്രിക പിന്‍വലിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിന് പിന്നാലെയാണ് ജഷീര്‍ പള്ളിവയല്‍ പത്രിക പിന്‍വലിച്ചത് എന്നാണ് വിവരം. തോമാട്ടുചാല്‍ ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാര്‍ത്ഥിയായാണ് ജഷീര്‍ പത്രിക നല്‍കിയിരുന്നത്. കോണ്‍ഗ്രസില്‍ വിശ്വാസം ഉണ്ടെന്നും പാര്‍ട്ടിക്ക് കളങ്കം വരുത്തില്ലെന്നും ജഷീര്‍ പള്ളിവയല്‍ പ്രതികരിച്ചു.
◾ കേരള ബാങ്കിന് പുതിയ ഭരണസമിതി. സിപിഎം മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ പ്രസിഡന്റായും മുന്‍ എംഎല്‍എ അഡ്വ. ടി.വി. രാജേഷ് വൈസ് പ്രസിഡന്റായും സ്ഥാനമേറ്റു. ഇന്നലെ വോട്ടെണ്ണലില്‍ വിജയിച്ചതിന് പിന്നാലെയാണ് ഇരുവരും ചുമതലയേറ്റത്. കേരള ബാങ്കിന്റെ ഹെഡ് ഓഫീസില്‍ വച്ചായിരുന്നു വോട്ടെണ്ണല്‍.
◾ കൊച്ചിയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു. സംശയാസ്പദമായി ഒന്നുമില്ലെന്നും അതിനാലാണ് വിശദമായ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചതെന്നും എറണാകുളം സൗത്ത് റെയില്‍വെ പൊലീസ് അറിയിച്ചു. പൊലീസ് സ്റ്റേഷനില്‍ നിന്ന് അഡ്വ. ബിഎ ആളൂരിന്റെ ഓഫീസിലേക്കാണ് ബണ്ടി ചോര്‍ പോയത്. ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ബണ്ടി ചോറിനെ ഇന്നലെ വൈകിട്ടോടെയാണ് വിട്ടയച്ചത്.
◾ കാഞ്ഞങ്ങാട് നഗരസഭ വനിതാ ചെയര്‍പേഴ്സണനെതിരെ 2013 ല്‍ നടത്തിയ പരാമര്‍ശത്തില്‍ ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത് തല്‍ക്കാലം കീഴടങ്ങേണ്ടെന്ന് സുപ്രീം കോടതി. 2013 ല്‍ പ്രസിദ്ധീകരിച്ച ലേഖനവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. സ്ത്രീയുടെ മാന്യതയെ ബാധിക്കുന്ന തരത്തില്‍ ലേഖനത്തില്‍ എഴുതിയെന്നായിരുന്നു കേസ്.
◾ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയതില്‍ രണ്ടുമാസമായി വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നെന്നും എന്നാല്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും സുമയ്യ. കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയുടെ നെഞ്ചിലാണ് ഗൈഡ് വയര്‍ കുടുങ്ങിക്കിടക്കുന്നത്. ശസ്ത്രക്രിയ്ക്കിടെ ഉണ്ടായ ഗുരുതര വീഴ്ചയെ തുടര്‍ന്നാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്.
◾ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരത്തിലോ ഉള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും നിലനില്‍ക്കുന്ന അന്തരീക്ഷസ്ഥിതി കാരണം നവംബര്‍ 26 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
◾ ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കാതിരുന്നതിനേക്കുറിച്ച് ചോദ്യങ്ങളും വിമര്‍ശനങ്ങളുമായി ബിജെപി. രാഹുല്‍ ചടങ്ങ് ബഹിഷ്‌കരിച്ചതാണെന്നും ജനാധിപത്യ പാരമ്പര്യങ്ങളെ ആവര്‍ത്തിച്ച് അവമതിക്കുന്നയാളാണ് അദ്ദേഹമെന്നും ബിജെപി ദേശീയവക്താവ് സി.ആര്‍. കേശവന്‍ ആരോപിച്ചു.
◾ വോട്ടര്‍പട്ടിക പുതുക്കലിന്റെ മറവില്‍ രാജ്യത്തുടനീളം അരാജകത്വം അഴിച്ചുവിട്ടിരിക്കുകയാണെന്നും തത്ഫലമായി മാനസിക സമ്മര്‍ദം മൂലം മൂന്നാഴ്ചയ്ക്കിടെ 14 ബിഎല്‍ഒമാര്‍ മരിച്ചെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എസ്‌ഐആര്‍ ഒരു പരിഷ്‌കാരമല്ല, മറിച്ച് അടിച്ചേല്‍പ്പിക്കപ്പെട്ട സ്വേച്ഛാധിപത്യമാണെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു. അധികാരത്തിലിരിക്കുന്നവരെ സംരക്ഷിക്കാന്‍വേണ്ടി ജനാധിപത്യം ബലികഴിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു. അതേസമയം വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികളുടെ സമ്മര്‍ദംമൂലം കുഴഞ്ഞുവീണു മരിക്കുകയോ ജീവനൊടുക്കുകയോ ചെയ്ത ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. കേരളമുള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളിലെ മരണപ്പെട്ട 14 ബിഎല്‍ഒമാരുടെ പേരുകളും ചിത്രങ്ങളുമാണ് കോണ്‍ഗ്രസ് സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ചത്.
◾ തമിഴ്നാട്ടില്‍ മഴക്കെടുതിയില്‍ മരണം നാലായി. ഡെല്‍റ്റ ജില്ലകളിലും തെക്കന്‍ തമിഴ്നാട്ടിലും വ്യാപകമായി കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി വീടുകളില്‍ വെള്ളം കയറിയതോടെ ആളുകള്‍ വന്‍ ദുരിതത്തിലായി. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
◾ യൂട്യൂബറെ ആക്രമിച്ച കേസില്‍ 4 ടിവികെ പ്രവര്‍ത്തകര്‍ ചെന്നൈയില്‍ അറസ്റ്റില്‍. വിജയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ യൂട്യൂബര്‍ കിരണ്‍ ബ്രൂസിനെ ആക്രമിച്ചതിനാണ് അറസ്റ്റ്. വടപളനി സ്വദേശികള്‍ ആയ ധനുഷ്, അശോക്, പാര്‍ത്ഥസാരഥി, ബാലകൃഷ്ണന്‍ എന്നിവര്‍ ആണ് അറസ്റ്റില്‍ ആയത്.
◾ ബെംഗളൂരു തമ്മനഹള്ളിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശിയും ബിബിഎം വിദ്യാര്‍ത്ഥിനിയുമാായ 21കാരി ദേവിശ്രീ ആണ് മരിച്ചത്. ഫ്ലാറ്റില്‍ ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്ത് പ്രേം വര്‍ധനെ കാണാനില്ല. ആണ്‍ സുഹൃത്ത് പ്രേം വര്‍ധന് ഒപ്പമായിരുന്നു ദേവിശ്രീ സുഹൃത്തായ മാനസയുടെ ഫ്ലാറ്റില്‍ എത്തിയത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് എത്തിയ മാനസ തിരികെ ഫ്ലാറ്റില്‍ എത്തിയപ്പോഴാണ് ദേവിശ്രീയെ കട്ടിലില്‍ മരിച്ച നിലയില്‍ കാണുന്നത്.
◾ മണിപ്പുരില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ആളുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്നലെ പുഖാവോയിലും ദൊലൈത്താബി ഡാമിന് സമീപത്തുമാണ് ഏറ്റുമുട്ടലുണ്ടായത്. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന്കാരണമായത്.
◾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ബിഹാറിലെ ഏഴ് നേതാക്കളെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അച്ചടക്കം ലംഘിച്ചുവെന്നും ആരോപിച്ചാണ് നടപടി.
◾ ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ തൊഴിലിടങ്ങളില്‍ ക്രമീകരണവുമായി സര്‍ക്കാര്‍. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ മാത്രം നേരിട്ട് ഓഫീസിലെത്തി ജോലി ചെയ്താല്‍ മതി. ബാക്കിയുള്ള 50 ശതമാനം പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കണമെന്നാണ് നിര്‍ദേശം. എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്റെ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ ലെവല്‍ 3 പ്രകാരമാണ് ഈ നിര്‍ദേശം.
◾ ദില്ലി വായുമലിനീകരത്തിന് എതിരായ പ്രതിഷേധത്തില്‍ അറസ്റ്റിലായവരില്‍ മലയാളികളും. തൃശ്ശൂര്‍, മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. ദില്ലിയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിലായാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടുപേരേയും പട്യാല കോടതിയില്‍ ഹാജരാക്കി. ഒരാള്‍ നിയമ ബിരുദ വിദ്യാര്‍ത്ഥിയും ഒരാള്‍ നിയമ ബിരുദം പൂര്‍ത്തിയാക്കിയ ആളുമാണ്. വായുമലിനീകരണത്തിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയവര്‍ അര്‍ബന്‍ നക്സലുകളാണെന്നാണ് ദില്ലി പൊലീസ് പറയുന്നത്.
◾ ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത്ക്രൂരമായി മര്‍ദിച്ചതായി ആരോപണം. വായു മലിനീരകണം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്ത്യാ ഗേറ്റില്‍ ഞായറാഴ്ചയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച്‌പോലീസ് ഇവരില്‍ പലരേയും അറസ്റ്റ് ചെയ്തു മാറ്റുകയായിരുന്നു.
◾ ദില്ലി വിമാനത്താവളത്തില്‍ വിമാനം റണ്‍വേ മാറിയിറങ്ങി. ലാന്‍ഡിങ് റണ്‍വേയ്ക്ക് പകരം വിമാനം ടേക്ക് ഓഫ് റണ്‍വേയിലാണ് ഇറങ്ങിയത്. ടേക്ക് ഓഫ് റണ്‍വേയില്‍ മറ്റു വിമാനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. കാബൂളില്‍ നിന്നുള്ള അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സ് വിമാനമാണ് റണ്‍വേ മാറി ഇറങ്ങിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
◾ എത്യോപ്യയിലെ അഗ്നിപര്‍വ്വതത്തില്‍ നിന്നുയര്‍ന്ന കട്ടിയുള്ള കരിമേഘ പടലം വടക്കന്‍ ഇന്ത്യയിലേക്ക് നീങ്ങുന്നതിനാല്‍ കൊച്ചിയിലേക്കുള്ളതടക്കം നിരവധി വിമാന സര്‍വീസുകള്‍ റദ്ദാക്കി. അഗ്നിപര്‍വ്വത ചാരം വിമാന എന്‍ജിനുകള്‍ക്ക് ഗുരുതരമായ തകരാറുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ആകാശ എയര്‍, ഇന്‍ഡിഗോ, കെ.എല്‍.എം തുടങ്ങിയ വിമാനക്കമ്പനികള്‍ തങ്ങളുടെ സര്‍വീസുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരിക്കുകയാണ്. ഏകദേശം 12,000 വര്‍ഷത്തിനിടെ ആദ്യമായി ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്.
◾ അരുണാചല്‍ പ്രദേശ് സ്വദേശിയായ ഇന്ത്യന്‍ യാത്രക്കാരിയെ ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തില്‍ 18 മണിക്കൂറിലധികം തടഞ്ഞുവെക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. നവംബര്‍ 21-ന് ലണ്ടനില്‍ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന പേം വാങ് തോങ്‌ഡോക് എന്ന യാത്രക്കാരിയാണ് ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടങ്കലില്‍ ആയത്. അവരുടെ ജന്മസ്ഥലം അരുണാചല്‍ പ്രദേശ് ആയതിനാല്‍ അത് 'ചൈനീസ് പ്രദേശം' ആണ് എന്ന വിചിത്രമായ വാദമുയര്‍ത്തിയാണ് ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞുവെച്ചത്. സംഭവത്തില്‍ ഇന്ത്യ ചൈനയ്‌ക്കെതിരെ ശക്തമായ നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം കാരണങ്ങളുടെ പേരില്‍ ഒരു യാത്രക്കാരിയെ തടഞ്ഞുവെക്കുന്നത് 'അസംബന്ധവും' അസ്വീകാര്യവുമാണ്' എന്ന് ഇന്ത്യ വ്യക്തമാക്കി. ബീജിംഗിലെ ചൈനീസ് സര്‍ക്കാരിനും ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസിക്കും ഇന്ത്യ ശക്തമായ നയതന്ത്ര പ്രതിഷേധക്കുറിപ്പും കൈമാറി.
◾ ദുബായ് എയര്‍ഷോക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് അപകടത്തില്‍ തകര്‍ന്ന സംഭവത്തിനുശേഷവും എയര്‍ഷോ തുടര്‍ന്നതില്‍ വിശദീകരണവുമായി സംഘാടകര്‍. ദുബായ് എയര്‍ഷോ സംഘാടകരാണ് ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയത്. തേജസ് അപകടത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന് ആദരവ് നല്‍കുന്നതിനുവേണ്ടിയാണ് എയര്‍ഷോ പുനരാരംഭിച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു.
◾ തേജസ് വിമാനാപകടം നടന്നതിന് പിന്നാലെ പൊട്ടിച്ചിരിച്ചുകൊണ്ട് വീഡിയോ പകര്‍ത്തിയ പാക് മാധ്യമപ്രവര്‍ത്തകന് രൂക്ഷ വിമര്‍ശനം. ദുബായ് എയര്‍ ഷോയിലായിരുന്നു ഇന്ത്യന്‍ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നു വീണത്. സംഭവത്തിന്റെ ദാരുണ ദൃശ്യങ്ങള്‍ പകര്‍ത്തിയ പാക് മാധ്യമപ്രവര്‍ത്തകന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് ദുരന്തത്തെ കുറിച്ച് പറയുന്നതിന്റെ ശബ്ദം വീഡിയോയില്‍ ഉണ്ടായിരുന്നു.
◾ യുകെയില്‍ അതിസമ്പന്നര്‍ക്ക് മേല്‍ അധിക നികുതി ചുമത്താനുള്ള ലേബര്‍ പാര്‍ട്ടി സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ രാജ്യം വിടാനൊരുങ്ങി ഇന്ത്യന്‍ വംശജനായ അതിസമ്പന്നനായ ലക്ഷ്മി മിത്തല്‍. ഉരുക്ക് വ്യവസായികളില്‍ പ്രധാനിയും യുകെയില്‍ സ്ഥിരതാമസമാക്കിയ ആളുമാണ് ലക്ഷ്മി മിത്തല്‍. രാജസ്ഥാന്‍ സ്വദേശിയായ ഇദ്ദേഹം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഉരുക്ക് കമ്പനിയുടെ ഉടമയാണ്. ഇദ്ദേഹത്തിന്റെ കുടുംബത്തിനാണ് ആര്‍സെലര്‍ മിത്തല്‍ കമ്പനിയുടെ 40 ശതമാനം ഓഹരിയും.
◾ കബഡി ലോകകിരീടം നേടി ഇന്ത്യന്‍ വനിതകള്‍. 11 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ചൈനീസ് തായ്‌പേയിയെ 35-28ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോം നിലനിര്‍ത്തിയ ഇന്ത്യ, ഒരു മത്സരവും തോല്‍ക്കാതെയാണ് കിരീടമണിഞ്ഞത്.
◾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയുടെ നില പരുങ്ങലില്‍. ഒന്നാം ഇന്നിങ്സില്‍ 201 റണ്‍സിന് പുറത്തായ ഇന്ത്യ 288 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി. ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 314 റണ്‍സിന്റെ ലീഡാണുള്ളത്. രണ്ടു ദിവസം ശേഷിക്കേ ഗുവാഹട്ടിയില്‍ തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യയ്ക്ക് കഠിനാധ്വാനം ചെയ്യേണ്ടി വരും.
◾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ മോശം പ്രകടനത്തിനു പിന്നാലെ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരേ ആരാധകരുടെ പ്രതിഷേധം. ഗംഭീറിനെ പുറത്താക്കൂ എന്ന ഹാഷ്ടാഗ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങാണ്.
◾ അദാനി ഗ്രീന്‍ എനര്‍ജിയിലെ 6 ശതമാനം ഓഹരി വില്‍ക്കാന്‍ ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍ എനര്‍ജീസ്. ഏതാണ്ട് 10,200 കോടി രൂപയോളം വരുന്ന ഓഹരികളാണ് കമ്പനി വില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് സബ്‌സിഡിയറി കമ്പനികളിലായി ഏകദേശം 19 ശതമാനം ഓഹരികളാണ് ടോട്ടല്‍ എനര്‍ജീസിനുള്ളത്. 15.58 ശതമാനം ഓഹരി ടോട്ടല്‍ എനര്‍ജീസ് റിന്യൂവബിള്‍സ് ഇന്ത്യന്‍ ഓഷ്യന്‍ ലിമിറ്റഡിനും 3.41 ശതമാനം ടോട്ടല്‍ എനര്‍ജീസ് സോളാര്‍ വിന്‍ഡ് ഇന്ത്യന്‍ ഓഷ്യന്‍ ലിമിറ്റഡിനുമാണ്. 2021ലാണ് 2.5 ബില്യന്‍ ഡോളര്‍ (22,300 കോടി രൂപ) മുടക്കി അദാനി കമ്പനിയിലെ ഓഹരികള്‍ ടോട്ടല്‍ എനര്‍ജീസ് വാങ്ങുന്നത്. നിലവില്‍ 8 ബില്യന്‍ ഡോളറാണ് (ഏകദേശം 71,350 കോടി രൂപ) ഈ ഓഹരികളുടെ മൂല്യം. നാല് വര്‍ഷത്തിനിടെ മൂന്ന് മടങ്ങോളം ഓഹരി വില വര്‍ധിച്ചതോടെയാണ് ലാഭമെടുക്കാന്‍ ടോട്ടല്‍ എനര്‍ജീസ് തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. ഈ ഓഹരികള്‍ അദാനി എനര്‍ജീസ് തന്നെ ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ തുടരുന്നു. നിലവില്‍ 1.69 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
◾ നെറ്റ്ഫ്ലിക്സിന്റെ ചരിത്രത്തിലെ ഹിറ്റുകളില്‍ ഒന്നായ 'സ്‌ട്രേഞ്ചര്‍ തിങ്‌സ്' സീരീസിന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിനായുള്ള ട്രെയിലര്‍ പുറത്തിറക്കി, ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലെത്തിച്ചിരിക്കുകയാണ്. വെക്നയെ എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ കഥാപാത്രങ്ങള്‍ വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനകളാണ് ട്രെയിലര്‍ നല്‍കുന്നത്. ഡഫര്‍ ബ്രദേഴ്‌സ് ഒരുക്കിയ ഈ അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍-ഹൊറര്‍ സീരീസിന്റെ പശ്ചാത്തലം 1980-കളിലെ സാങ്കല്‍പ്പിക നഗരമായ ഹോക്കിന്‍സ്, ഇന്ത്യാനയാണ്. 'അപ്‌സൈഡ് ഡൗണ്‍' എന്ന വിചിത്ര ലോകത്തേക്ക് തുറക്കുന്ന ഒരു കവാടവും, അവിടുത്തെ ഭീകര ജീവികളായ ഡെമോഗോര്‍ഗണുകളും വെക്നയുമാണ് കഥയിലെ പ്രധാന വെല്ലുവിളികള്‍. അമാനുഷിക ശക്തികളുള്ള ഇലവന്‍ എന്ന പെണ്‍കുട്ടിയും അവളുടെ കൂട്ടുകാരുമാണ് ഇതിനെ നേരിടുന്നത്. 80-കളിലെ നോസ്റ്റാള്‍ജിയയും മികച്ച കഥാപാത്രസൃഷ്ടിയും സീരീസിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. സീസണ്‍ 5-ന്റെ ആദ്യഭാഗമായ വോളിയം 1, നവംബര്‍ 26-ന് യുഎസിലും, 27-ന് ബുധനാഴ്ച രാവിലെ 6:30-ന് ഇന്ത്യയിലും നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ആരംഭിക്കും.
◾ തിയറ്ററുകളില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ചിത്രമാണ് 'പെറ്റ് ഡിറ്റക്ടീവ്'. ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഈ മാസം 28 മുതല്‍ ചിത്രം സീ 5 ല്‍ സ്ട്രീമിങ് ആരംഭിക്കും. ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീന്‍, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. പ്രനീഷ് വിജയനാണ് ചിത്രം സംവിധാനം ചെയ്തത്. വിനയ് ഫോര്‍ട്ട്, രണ്‍ജി പണിക്കര്‍, വിജയരാഘവന്‍, വിനായകന്‍, ഷോബി തിലകന്‍, ജോമോന്‍ ജ്യോതിര്‍, നിഷാന്ത് സാഗര്‍, ശ്യാം മോഹന്‍, അല്‍ത്താഫ് സലിം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീന്‍ വേഷമിട്ട ചിത്രം ഒരു കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സിബി 750 ഹോര്‍നെറ്റ് മോട്ടോര്‍സൈക്കിളിന്റെ അപ്‌ഡേറ്റ് ചെയ്ത 2026 മോഡല്‍ അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ചു. പുതിയ മോഡല്‍ പുതിയ കളര്‍ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചത്. റെഡ് ഫ്രെയിമുള്ള ഗ്രാഫൈറ്റ് ബ്ലാക്ക് ആന്റ് മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക്, വുള്‍ഫ് സില്‍വര്‍ മെറ്റാലിക്, ഇറിഡിയം ഗ്രേ മെറ്റാലിക്, ഗോള്‍ഡ്ഫിഞ്ച് യെല്ലോ, വുള്‍ഫ് സില്‍വര്‍ മെറ്റാലിക്, മാറ്റ് ജീന്‍സ് ബ്ലൂ മെറ്റാലിക്, മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക് എന്നിവയാണ് പുതിയ നിറങ്ങള്‍. ക്ലച്ച് ലിവര്‍ ഉപയോഗിക്കാതെ തന്നെ റൈഡര്‍മാര്‍ക്ക് ഗിയറുകള്‍ മാറ്റാന്‍ അനുവദിക്കുന്ന ഹോണ്ടയുടെ ഇ-ക്ലച്ച് സാങ്കേതികവിദ്യയാണ് ഈ മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും വലിയ പ്രത്യേകത. 9,500 ആര്‍പിഎമ്മില്‍ 90.5 ബിഎച്പിയും 7,250ആര്‍പിഎമ്മില്‍ 75 എന്‍എം ഉം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 755 സിസി പാരലല്‍-ട്വിന്‍ മോട്ടോര്‍ ആണ് ഇതിന് കരുത്തുപകരുന്നത്. ഹോണ്ട സിബി750 ഹോര്‍നെറ്റ് ഇന്ത്യയില്‍ 9.22 ലക്ഷം രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത് എക്‌സ് ഷോറൂം വിലയാണ്. 2026 മോഡലിന് ഇതില്‍ കൂടുതല്‍ വില ഉണ്ടാവാനാണ് സാധ്യത.
◾ ആദ്യമായി ഇന്ത്യയിലെത്തിയ റഷ്യക്കാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍. 555 വര്‍ഷങ്ങള്‍ക്കു മുന്‍പ് റഷ്യയിലെ ത്വേറില്‍നിന്ന് യാത്ര തിരിച്ച് ഇന്നത്തെ അസര്‍ബൈജാനിലൂടെയും ഇറാനിലൂടെയും ഒമാനിലൂടെയും കടല്‍മാര്‍ഗ്ഗം യാത്രചെയ്ത് ഗുജറാത്തില്‍ വന്നിറങ്ങിയ അഫനാസി നികിതിന്റെ അനുഭവങ്ങള്‍. വാസ്‌കോ ഡ ഗാമയ്ക്കു മുന്‍പ് കോഴിക്കോട്ട് എത്തിയ, രണ്ടു സംസ്‌കാരങ്ങളെ യാത്രയിലൂടെ ബന്ധിപ്പിച്ച സാഹസികനായ സഞ്ചാരിയുടെ യാത്രാവിവരണം. 'യാത്ര: മൂന്നു കടലുകള്‍ക്കപ്പുറം'. പരിഭാഷ - രതീഷ് സി നായര്‍. മാതൃഭൂമി. വില 161 രൂപ.
◾ ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ചേര്‍ക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് തക്കാളി. ലൈക്കോപീന്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ കൂടാതെ ബീറ്റാ കരോട്ടിന്‍, ഫിനോളിക് സംയുക്തങ്ങളായ ഹൈഡ്രോക്‌സിനോയ്‌നോയിഡ് പോലുള്ള മറ്റ് ആന്റിഓക്‌സിഡന്റുകളും തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം തക്കാളിയില്‍ ഏകദേശം 32 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ ഇവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ വയറിന് സംതൃപ്തി നല്‍കാനും അമിതമായി ഭക്ഷണം കഴിക്കുന്നതിന് ഒഴിവാക്കാനും സഹായിക്കും. തക്കാളിയില്‍ 95 ശതമാനവും വെള്ളമാണ്. അതുകൊണ്ട് തന്നെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന ലഘുഭക്ഷണമായും തക്കാളി കഴിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാനും ശരീരത്തില്‍ ജലാംശം ഉണ്ടാകേണ്ടത് പ്രധാനമാണ്. ഇത് മെറ്റബോളിസത്തെ വര്‍ധിപ്പിക്കാനും പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കും. മെറ്റബോളിസത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകമായ വിറ്റാമിന്‍ സിയും തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. തക്കാളിയില്‍ അടങ്ങിയ പൊട്ടാസ്യം രക്തസമ്മര്‍ദവും ദ്രാവക സന്തുലിതാവസ്ഥയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതില്‍ പ്രധാനമാണ്. എന്നാല്‍ വൃക്ക രോഗികള്‍, ആസിഡ് റിഫ്ലക്സ്, തക്കാളിയോട് അലര്‍ജി, സന്ധി വേദനയുള്ളവര്‍, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള രോഗാവസ്ഥ ഉള്ളവര്‍ തക്കാളി കഴിക്കുന്നതിന് മുന്‍പ് ഡോക്ടറെ സമീപിക്കണം.
*ശുഭദിനം*
*കവിത കണ്ണന്‍*
രാജകൊട്ടാരത്തില്‍ വിദൂഷകന്‍ കഥ പറഞ്ഞു കൊണ്ടിരിക്കുന്ന സമയം. ഇടയ്ക്കിടെ അദ്ദേഹം നല്ല തമാശകളും പറയുന്നുണ്ട്. പക്ഷേ രാജാവിന് കഥ ശരിക്ക് മനസ്സിലായില്ല. വിദൂഷകന്‍ തന്നെ കളിയാക്കുകയാണെന്ന് തെറ്റിദ്ധരിച്ച രാജാവ്, ദേഷ്യത്തോടെ വിദൂഷകന് ഒരു അടി കൊടുത്തു. വിദൂഷകന്‍ വേദനകൊണ്ട് പുളഞ്ഞു. ദേഷ്യം കൊണ്ട് പല്ലിറുമ്മി. എന്നാല്‍ തന്നെ അടിച്ചത് രാജാവാണ്, മറുത്തൊരക്ഷരം പോലും പറയുവാന്‍ കഴിയില്ല. ഒരു കാരണവും കൂടാതെ അടി കിട്ടിയതിലുള്ള ദേഷ്യം, എത്ര ശ്രമിച്ചിട്ടും വിദൂഷകന് നിയന്ത്രിക്കാനായില്ല. വിദൂഷകന്‍ തന്റെ തൊട്ടടുത്ത് നിന്നയാള്‍ക്ക് ഒരടി കൊടുത്തു. അയാള്‍ വിദൂഷകനോട് ചോദിച്ചു: 'അങ്ങെന്താണ് ഈ ചെയ്തത്? ഞാന്‍ അങ്ങയെ ഒന്നും ചെയ്തില്ലല്ലോ?' വിദൂഷകന്റെ മറുപടി: 'അതിനെന്താ? നീ നിന്റെ അടുത്ത് നില്‍ക്കുന്നയാള്‍ക്ക് ഒരടി കൊടുക്കൂ... ജീവിതം ഒരു വലിയ ചക്രം പോലെയാണ്. അത് കറങ്ങിവരുമ്പോള്‍ ഓരോരുത്തര്‍ക്കും അവരവര്‍ അര്‍ഹിക്കുന്നത് കിട്ടും... ഒട്ടും മടിക്കേണ്ട... അടുത്തിരിക്കുന്നയാള്‍ക്ക് അടി കൊടുത്തുകൊള്ളൂ...' ഇന്ന് നമുക്ക്ചുറ്റും കണ്ടുവരുന്നതും ഇതുതന്നെയാണ്. തന്റെ പകയും ദേഷ്യവും അടുത്തു നില്‍ക്കുന്നവരോടാണ് തീര്‍ക്കുന്നത്. വാസ്തവത്തില്‍, അവര്‍ ഒന്നും അറിഞ്ഞിട്ടുണ്ടാവില്ല. ഇന്നല്ലെങ്കില്‍ നാളെ, നമ്മള്‍ കൊടുത്തത് തിരികെ നമ്മളിലേക്ക് തന്നെ മടങ്ങിയെത്തും എന്ന കാര്യത്തില്‍ സംശയമില്ല. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങളെല്ലാം നമ്മുടെതന്നെ സൃഷ്ടിയാണ്. നല്ലതായാലും ചീത്തയായാലും നമ്മുടെ വിധിയെ സൃഷ്ടിക്കുന്നത് നമ്മള്‍ തന്നെയാണ്. ഇന്ന് നമ്മള്‍ ചെയ്യുന്ന കര്‍മ്മം നാളെ വിധിയുടെ രൂപത്തില്‍ നമ്മളെ തേടി വരുന്നു. നല്ല കര്‍മങ്ങളാണ് നല്ല ഭാവിയെ സൃഷ്ടിക്കുന്നത് - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA