Trending

സായാഹ്ന വാർത്തകൾ.

2025 | നവംബർ 24 | തിങ്കൾ 
1201 | വൃശ്ചികം 8 |  പൂരാടം 

◾  നിര്‍മ്മാണം പൂര്‍ത്തിയായ അയോധ്യാ രാമക്ഷേത്രത്തിലെ ധ്വജാരോഹണം നാളെ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചടങ്ങ് നിര്‍വഹിക്കുക. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. നാളെ അയോധ്യയില്‍ മോദിയുടെ റോഡ് ഷോ നടക്കും. 2020 ല്‍ ക്ഷേത്ര നിര്‍മ്മാണം തുടങ്ങിയതും 2024 ല്‍ പ്രാണ പ്രതിഷ്ഠ നടത്തിയതും മോദിയായിരുന്നു. ചടങ്ങിന്റെ പശ്ചാത്തലത്തില്‍  അയോധ്യയില്‍ സുരക്ഷാ  ശക്തമാക്കി.

◾  ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സത്യവാചകം ചൊല്ലി കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പെടെ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും,അമിത് ഷായും, രാജ് നാഥ് സിങും ചടങ്ങിലെത്തി. ഹരിയാനയിലെ ഹിസാര്‍ സ്വദേശിയാണ് ജസ്റ്റിസ് സൂര്യകാന്ത്. കേരളത്തിലെ എസ് ഐ ആര്‍ കേസ് അടക്കം പരിഗണിക്കുന്നത് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചാണ്.

◾  തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രകടന പത്രിക അവതരിപ്പിച്ച് നേതാക്കള്‍. വി ഡി സതീശന്‍, സണ്ണി ജോസഫ്, അടൂര്‍ പ്രകാശ് എന്നിവര്‍ പത്രിക അവതരണത്തില്‍ പങ്കെടുത്തു. തെരുവുനായ ശല്യത്തില്‍ നിന്ന് കേരളത്തെ മുക്തമാക്കുമെന്നും സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്നും പ്രകടന പത്രിക അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ആശ്രയ 2 നടപ്പാക്കും. വന്യജീവികളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ പ്രദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കും. അതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. തദ്ദേശസ്ഥാപനങ്ങളില്‍ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തും. ഗ്രാമീണ റോഡുകള്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേകം പദ്ധതി തയ്യാറാക്കും. അതുപോലെ എല്ലാവര്‍ക്കും വീടും യുവജനങ്ങളെ മയക്കുമരുന്നില്‍ നിന്നും രക്ഷിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും പ്രകടന പത്രിക വ്യക്തമാക്കുന്നു.

◾  സിംഗപ്പൂരില്‍ ഒരു ബിസിനസ് തുടങ്ങാന്‍ മൂന്ന് ദിവസവും ഇന്ത്യയില്‍ അത് 114 ദിവസവും, കേരളത്തില്‍ അത് 236 ദിവസം വരെയാണ് എടുക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇങ്ങനെ തുടരാനാവില്ലെന്നും, നിക്ഷേപകരെ സംരക്ഷിക്കാനും ഹര്‍ത്താലുകള്‍ തടയാനും കേരളത്തില്‍ നിയമം വേണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. അമിത രാഷ്ട്രീയവത്കരണത്തില്‍ കേരളം രാജ്യത്തെ മോശം മാതൃകയെന്നും ശശി തരൂര്‍  ദുബായില്‍ കേരള ഡയലോഗ്സ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പറഞ്ഞു.

◾  എസ്ഐആര്‍ ജോലിക്കിടയുള്ള മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ പൂഞ്ഞാറിലെ ബിഎല്‍ഒ ആന്റണിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നേരില്‍ കണ്ടു. ജോലിയില്‍നിന്ന് വിടുതല്‍ നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ ആന്റണിയെ അറിയിച്ചു. എന്നാല്‍ ജോലിയില്‍ തുടരാം എന്നാണ് ആന്റണിയുടെ മറുപടി. കടുത്ത മാനസിക സംഘര്‍ഷം ഉണ്ടായപ്പോഴാണ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ശബ്ദ സന്ദേശം അയച്ചതെന്നും ആന്റണി ഉദ്യോഗസ്ഥരോട് പറഞ്ഞു.

◾  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റും മുന്‍ കമ്മീഷണറുമായ എന്‍ വാസുവിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. കൊല്ലം വിജിലന്‍സ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടി ഉത്തരവിറക്കിയത്. വാസുവിനെതിരെ മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കോടതിയില്‍ നിന്ന് വാസുവിനെ ഇറക്കുന്ന സമയത്തായിരുന്നു പ്രതിഷേധം.

◾  ശബരിമല സ്വര്‍ണ്ണപ്പാളി തട്ടിപ്പിന് സമാനമായി കൊച്ചിന്‍ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രത്തിലും സ്പോണ്‍സര്‍ഷിപ്പിലൂടെ തട്ടിപ്പിന് ശ്രമം നടന്നുവെന്ന് വെളിപ്പെടുത്തല്‍. എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തില്‍ ശ്രീകോവില്‍ സ്വര്‍ണ്ണം പൂശാനും ക്ഷേത്ര നവീകരണത്തിനുമായി 100 കോടിയുടെ സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനവുമായി ബെംഗളൂരു സ്വദേശി എത്തിയെന്നും സ്പോണ്‍സര്‍ഷിപ്പിന്റെ മറവില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമം തടഞ്ഞെന്നും  കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് ഓഫീസറായിരുന്ന ആര്‍ കെ ജയരാജ് വ്യക്തമാക്കി.

◾  കണ്ണൂരില്‍ അപ്പന്‍ ഇല്ലാത്ത പാര്‍ട്ടിയായി സിപിഎം മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ആന്തൂരിലും മലപട്ടത്തും സഖാക്കള്‍ അഴിഞ്ഞാടുകയാണെന്നും ജനാധിപത്യത്തില്‍ ഇങ്ങനെയൊരു രാഷ്ട്രീയപാര്‍ട്ടിയുണ്ട് എന്നത് ലജ്ജകരമാണെന്നും സുധാകരന്‍ പറഞ്ഞു. ഗുണ്ടകളായ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നേതാക്കളില്ലെന്നും ചോരത്തിളപ്പുള്ള കുട്ടികള്‍ ഞങ്ങള്‍ക്കും ഉണ്ടെന്ന് സിപിഎം മറക്കേണ്ടെന്നും എന്തുവിലകൊടുത്തും സിപിഎം ഭീഷണിയെ കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ വിമതനായി മത്സരിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒജെ ജനീഷ്. ജഷീറിന്റെ പ്രശ്നത്തില്‍ ഇന്ന് രമ്യമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഒജെ ജനീഷ് പറഞ്ഞു. ജഷീര്‍ ഉയര്‍ത്തിയ പ്രശ്നം പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാട് ജഷീര്‍ കൈക്കൊള്ളില്ലെന്നും ജനീഷ് പറഞ്ഞു. സംസ്ഥാനത്ത് നിരവധി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മത്സരിക്കാന്‍ അവസരം കിട്ടിയിട്ടുണ്ടെന്നും എന്നാലും അത് പൂര്‍ണ്ണമല്ലെന്നും ജനീഷ് വ്യക്തമാക്കി.

◾  ആലപ്പുഴ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുണ്ടായിരുന്ന തര്‍ക്കം സംസ്ഥാന നേതൃത്വങ്ങളുടെ ഇടപെടലോടെ പരിഹരിച്ചു. തര്‍ക്കത്തെ തുടര്‍ന്ന് ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച അമ്പലപ്പുഴ ഡിവിഷനില്‍ നിന്ന് ലീഗ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിക്കും. ഇതോടെ ഈ ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ എ. ആര്‍. കണ്ണന്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി തുടരും.

◾  പാലക്കാട് നഗരസഭയിലെ 50-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമേശ് കെ യുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിക്കാന്‍ ബിജെപി ശ്രമമെന്ന് പരാതി. മത്സരത്തില്‍ നിന്ന് പിന്മാറിയാല്‍ പണം തരാമെന്ന് നേതാക്കള്‍ വീട്ടിലെത്തി വാഗ്ദാനം ചെയ്തെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. നിലവിലെ സ്ഥാനാര്‍ത്ഥിയും കൗണ്‍സിലറും ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാനാര്‍ഥിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് വി കെ ശ്രീകണ്ഠന്‍ എം. പി ആരോപിച്ചു.

◾  മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ വനിത സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയതായി പരാതി. പത്തൊന്‍പതാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജസീദ കെസിയെ ആണ് ഭീഷണിപ്പെടുത്തിയത്. പത്രിക പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാവുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്. കാറില്‍ വീട്ടിലെത്തിയ രണ്ടംഗ സംഘമാണ് ഭീഷണിപ്പെടുത്തിയത്.

◾  സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ ഫോണിലൂടെ ഭീഷണിപെടുത്തിയ പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിക്ക് സസ്പെന്‍ഷന്‍. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി നിഷാന്ത് ചന്ദ്രനെയാണ് സസ്പെന്‍ഡ് ചെയ്തത്. തിരുവല്ല സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ പുഷ്പ ദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്. പൊലീസ് അസോസിയേഷന്‍ തയ്യാറാക്കിയ പട്ടിക മറികടന്ന് ശബരിമല ഡ്യൂട്ടി വാങ്ങിയതിനാലാണ് ഭീഷണിപ്പെടുത്തിയത്.

◾  കാസര്‍കോട്ട് ഗായകനും വ്ലോഗറുമായ ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കുണ്ടായ തിക്കിലും തിരക്കിലും സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സംഘാടകരായ അഞ്ചുപേര്‍ക്കെതിരെയും കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയുമാണ് കേസടുത്തത്. ഇന്നലെ രാത്രി ഉണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. മൂവായിരത്തോളം ആളുകളെ മാത്രമേ പ്രവേശിക്കാവൂ എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും 10000 ആളുകളെ പ്രവേശിപ്പിച്ചു എന്നാണ് എഫ്ഐആറിലുള്ളത്.

◾  വര്‍ക്കലയില്‍ അഞ്ച് വയസുകാരിയെ തെരുവുനായ ക്രൂരമായി ആക്രമിച്ചു. വെട്ടൂരിലെ ഷെഹീര്‍- ആമിന ദമ്പതികളുടെ മകളെയാണ് ആക്രമിച്ചത്. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. മുഖത്തും കൈകാലുകളിലും നായയുടെ ആക്രമണത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ കുട്ടിയ്ക്ക് ചികിത്സ നല്‍കി.

◾  കോഴിക്കോട് റിയല്‍എസ്റ്റേറ്റ് വ്യാപാരിയായ ആട്ടുര്‍ മുഹമ്മദെന്ന മാമിയുടെ തിരോധാന കേസ് അന്വേഷണത്തില്‍ ലോക്കല്‍ പോലീസിന് വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്. മാമിയെ കാണാതായ ദിവസം സിസിടിവി പരിശോധിക്കുന്നതിലുള്‍പ്പെടെ അന്വേഷണസംഘം വീഴ്ച വരുത്തിയെന്നാണ് നാര്‍ക്കോട്ടിക് എ സി പി ഉത്തരമേഖലാ ഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. നടക്കാവ് പോലീസ് സ്റ്റേഷനിലെ മുന്‍ എസ്എച്ച് ഒ ജിജീഷ് ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കെതിരെയാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. ലോക്കല്‍ പോലീസും ,പ്രത്യേക അന്വേഷണ സംഘവുമെല്ലാം അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.

◾  തൃശൂര്‍ രാഗം തീയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ആക്രമിച്ച സംഭവത്തില്‍ നാലു പേര്‍ കസ്റ്റഡിയില്‍. ക്വട്ടേഷന്‍ നല്‍കിയയാള്‍ ഉള്‍പ്പെടെയുള്ള നാലു പേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. തൃശൂര്‍ മണ്ണുത്തി സ്വദേശി സിജോയും സംഘവുമാണ് കസ്റ്റഡിയില്‍.  സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്കെത്തിയത്.

◾  കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയിലെത്തിയതായി വിവരം. നിലവിലെ കേസുകളില്‍ ജയിലില്‍ നിന്നും പുറത്ത് ഇറങ്ങിയിരുന്നു. കൊച്ചി സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് ഇന്നലെ ഇയാള്‍ എത്തിയത്. റെയില്‍വേ പൊലീസിനോട് ആളൂരിനെ കാണാനാണ് എത്തിയതെന്നും ആളൂര്‍ അന്തരിച്ച വിവരം എറണാകുളത്ത് എത്തിയതിന് ശേഷമാണ് അറിഞ്ഞതെന്നും ബണ്ടി ചോര്‍ പറഞ്ഞത്. ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ച് റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുകയായിരുന്നു എന്നും ദേവേന്ദര്‍ സിംഗ് എന്ന ബണ്ടി ചോര്‍ പറഞ്ഞു.

◾  കോഴിക്കോട് മേപ്പയ്യൂരില്‍ കാറിടിച്ച് കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നു. നെല്ല്യാടി ഭാഗത്തുനിന്ന് മേപ്പയ്യൂര്‍ ടൗണിലേക്ക് വരികയായിരുന്ന സ്വകാര്യ കാറാണ് അപകടത്തില്‍പ്പെട്ടത്. ഏഴര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് മേപ്പയ്യൂര്‍ ടൗണില്‍ വൈദ്യുതി മുടങ്ങി.

◾  ആലപ്പുഴ കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ കേസില്‍ ഒന്നാം പ്രതി നിലമ്പൂര്‍ സ്വദേശി പ്രബിഷിന് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി  വധശിക്ഷ വിധിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈതയാറില്‍ നിന്നു കണ്ടെത്തിയത്. കേസില്‍ അനിതയുടെ ആണ്‍ സുഹൃത്ത് മലപ്പുറം നിലമ്പൂര്‍ സ്വദേശി പ്രബീഷിനെയും ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശി രജനിയെയും പോലിസ് അറസ്റ്റു ചെയ്യുകയായിരുന്നു.

◾  കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോട്ടയം നഗരസഭ മുന്‍ കൗണ്‍സിലര്‍ അനില്‍കുമാറിനേയും മകന്‍ അഭിജിത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിജിത്തും കൊല്ലപ്പെട്ട ആദര്‍ശും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

◾  ബോളിവുഡ് ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ബോളിവുഡിന്റെ 'ഹീ-മാന്‍' എന്നായിരുന്നു ധര്‍മ്മേന്ദ്രയ്ക്ക് നല്‍കിയിരുന്ന വിശേഷണം. ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ അദ്ദേഹം 300ലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിന്ദി സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ റെക്കോര്‍ഡും ധര്‍മ്മേന്ദ്രയുടെ പേരിലാണ്. നടി ഹേമമാലിനിയാണ് ഭാര്യ. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ 6 മക്കളുണ്ട്.  

◾  തമിഴ്നാട് തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അഞ്ച് പേരും സ്ത്രീകളാണ്. മധുരയില്‍ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും, തെങ്കാശിയില്‍ നിന്ന് കോവില്‍പ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്.

◾  തെക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴയില്‍ മൂന്നുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. താമരഭരണി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൂത്തുക്കൂടി ജില്ലാ ഭരണകൂടം പ്രളയമുന്നറിയിപ്പ് നല്‍കി. അതേസമയം, കേരളത്തില്‍ ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

◾  ദില്ലി സ്ഫോടനം ചര്‍ച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും. കനേഡിയന്‍ പ്രധാനമന്ത്രിയുമായും ചര്‍ച്ച നടന്നു. ഡ്രോണ്‍ ആക്രമണം ചെറുക്കാനുള്ള സംവിധാനം ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും വരും. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ദക്ഷിണാഫ്രിക്കയില്‍ വച്ച് നടന്ന ജി20 ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി ദില്ലിയില്‍ തിരിച്ചെത്തി.

◾  ദില്ലിയിലെ ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് അല്‍ ഫലാഹ് സര്‍വകലാശാലയ്ക്ക് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ന്യൂനപക്ഷ പദവി എടുത്തു കളയാതെയിരിക്കാന്‍ കാരണം വ്യക്തമാക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ചെങ്കോട്ട സ്ഫോടനത്തില്‍ സര്‍വ്വകലാശാലയിലെ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

◾  സിന്ധ് ഭാവിയില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുണ്ടെന്ന സൂചന നല്കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.  ഇന്ന് സിന്ധിന്റെ മണ്ണ് ഇന്ത്യയുടെ ഭാഗമല്ലായിരിക്കാം, എന്നാല്‍ നാഗരികതയുടെ കാര്യത്തില്‍ സിന്ധ് എപ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കും. ഭൂമിയെ സംബന്ധിച്ചിടത്തോളം, അതിര്‍ത്തികള്‍ക്ക് മാറ്റം വരാം. നാളെ സിന്ധ് വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തില്ലെന്ന് ആര്‍ക്കറിയാം എന്നും അദ്ദേഹം പറഞ്ഞു.

◾  ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള നയതന്ത്ര കുറിപ്പ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു. ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നല്‍കികൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെയാണിത്. നേരത്തെ ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രേഖാമൂലം ഉന്നയിച്ചിരുന്നില്ല. രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പെടുകയാണെങ്കില്‍ അപ്പോള്‍ നിലപാട് അറിയിക്കുമെന്നാണ് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

◾  ഡിഎംകെയെ വിമര്‍ശിക്കുന്നതിലൂടെ വിജയ് യജമാനന്മാരെ തൃപ്തിപ്പെടുത്തുന്നുവെന്ന് ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍ പരിഹസിച്ചു. ബിജെപി ഡിഎംകെക്ക് എതിരായതിനാല്‍ വിജയ്ക്കും ഡിഎംകെയെ വിമര്‍ശിക്കേണ്ടി വരും. വിജയ് ഡിഎംകെയുടെ ലക്ഷ്യമല്ലെന്നും സ്വന്തം ആളുകളെ ലക്ഷ്യമിടുന്നത് വിജയുടെ സ്വഭാവത്തിന്റെ ഭാഗമാണെന്നും അതാണ് കരൂരില്‍ 41 പേര്‍ മരിക്കാന്‍ കാരണമായതെന്നും ഇളങ്കോവന്‍ ചൂണ്ടിക്കാട്ടുന്നു.

◾  ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി പ്രമേയം വേഗത്തില്‍ നടപ്പിലാക്കണമെന്നും ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഖത്തര്‍. ഈ നവംബര്‍ 17-ന് പുറപ്പെടുവിച്ച ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം വേഗത്തിലും ആത്മാര്‍ത്ഥമായും നടപ്പിലാക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.

◾  പെഷാവറില്‍ പാകിസ്ഥാന്‍ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേര്‍ സ്‌ഫോടനത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. കെട്ടിടത്തിലേക്ക് ഇരച്ചു കയറിയ സായുധ സംഘം വെടിവെപ്പും നടത്തി. ഭീകരാക്രമണമാണ് നടന്നതെന്ന് പാക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഖൈബര്‍ പഖ്തൂണ്‍ പ്രവിശ്യയുടെ തലസ്ഥാനമായ പെഷാവറിലെ അതീവ സുരക്ഷാ മേഖലയില്‍ ആക്രമണം ഉണ്ടായത്.

◾  കാനഡ സര്‍ക്കാര്‍ പൗരത്വ നിയമം പരിഷ്‌കരിക്കുന്നതിനായി ബില്‍ സി 3 അവതരിപ്പിച്ചു. ബില്‍ സി 3 നടപ്പിലാകുന്നതോടെ പൗരത്വവുമായി ബന്ധപ്പെട്ടുള്ള ദീര്‍ഘകാല പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. വിദേശത്ത് ജനിച്ച ആയിരക്കണക്കിന് ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെയുള്ള കനേഡിയന്‍ കുടുംബങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാകും.

◾  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്സ് സ്‌കോറായ 489 റണ്‍സിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 201 ന് എല്ലാവരും പുറത്തായി. 58 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളും 48 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറും മാത്രമാണ് ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. 6 വിക്കറ്റെടുത്ത മാര്‍ക്കോ ജാന്‍സനാണ് ഇന്ത്യയെ തകര്‍ത്തു കളഞ്ഞത്.

◾  പ്രമുഖ എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി 1.07 ബില്യണിലധികം ഡോളര്‍ (9600 കോടി രൂപ) പിഴ ചുമത്തി. കമ്പനിയുടെ യുഎസ് ഫിനാന്‍സിങ് വിഭാഗമായ ബൈജൂസ് ആല്‍ഫയില്‍ നിന്ന് ഫണ്ട് പിന്‍വലിച്ചത് മറച്ചുവച്ചെന്ന കണ്ടെത്തലിലാണ് നടപടി. മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ എഡ്‌ടെക് കമ്പനി പാപ്പരത്ത നടപടി നേരിടുന്നതിനിടെയാണ് പുതിയ തിരിച്ചടി. ഡിഫോള്‍ട്ട് വിധി എന്ന നിലയിലാണ് യുഎസ് കോടതി വന്‍ പിഴ ചുമത്തിയിരിക്കുന്നത്. ഒരു കക്ഷി വ്യവഹാരത്തില്‍ പങ്കെടുക്കാതിരിക്കുമ്പോഴോ കോടതി ഉത്തരവുകള്‍ അവഗണിക്കുമ്പോഴോ ആണ് ഇത്തരത്തില്‍ ഒരു നടപടി ഉണ്ടാകുന്നത്. ബൈജൂസ് ആല്‍ഫയില്‍ നിന്നും മിയാമി ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ടായ കാമ്ഷാഫ്റ്റ് ക്യാപിറ്റലിലേക്ക് 533 മില്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ ചെയ്ത സംഭവമാണ് കേസിന് ആധാരം. വിശ്വാസം ലംഘിച്ചതിന് 533 മില്യണ്‍ ഡോളറും കണ്‍വേര്‍ഷന്‍, സിവില്‍ ഗൂഢാലോചന തുടങ്ങിയവക്ക് 540.6 മില്യണ്‍ ഡോളറും ഉള്‍പ്പെടെയാണ് മൊത്തം 1.07 ബില്യണ്‍ ഡോളര്‍ പിഴ വിധിച്ചത്.

◾  ഇനി ആന്‍ഡ്രോയ്ഡിലും എയര്‍ഡ്രോപ്പ് പ്രവര്‍ത്തിപ്പിക്കാം.ഗൂഗ്ളിന്റെ തന്നെ സ്വന്തം സാങ്കേതികവിദ്യയാണ് ഇതിന് പിന്നില്‍. നിലവില്‍ ഇത് ആപ്പിളിന്റെ സഹകരണമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഭാവിയില്‍  സഹകരിക്കുന്നതിന് തങ്ങള്‍ തയ്യാറാണെന്ന് ഗൂഗ്ളിന്റെ വക്താവ് അലക്‌സ് മോറികോനി അറിയിച്ചു.  ക്വിക്ക് ഷെയറിന്റെ പുതിയ അപ്ഡേറ്റിലൂടെയാണ് ഇത് സാധിക്കുക. ക്വിക്ക് ഷെയറിന്റെ പുതിയ അപ്ഡേറ്റും ഐ.ഒ.എസിന്റെ എയര്‍ഡ്രോപ്പം ഉപയോഗിച്ചാണ് ഫയല്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കുക. നിലവില്‍ പിക്സെല്‍ 10 സീരിസുകളില്‍ ആണ് പുതിയ അപ്ഡേറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈകാതെ മറ്റുള്ളവയിലും ഉള്‍പ്പെടുത്തുമെന്നും ഗൂഗ്ള്‍ പറഞ്ഞു. ഇതിലൂടെ തേഡ് പാര്‍ട്ടി ആപ്പുകളുടെ സഹായമില്ലാതെ ഫയലുകള്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കും. ഫയല്‍ ഷെയര്‍ ചെയ്യുന്നതിന് ആദ്യം ഐഫോണില്‍ എയര്‍ഡ്രോപ്പ് ഓണ്‍ ചെയ്തിടണം. ശേഷം ആന്‍ഡ്രോയ്ഡില്‍ ക്വിക്ക് ഷെയര്‍ ഓണ്‍ ചെയ്യുമ്പോള്‍ എയര്‍ഡ്രോപ്പ് ഓണ്‍ ആക്കിയ ഐഫോണ്‍ കണ്ടെത്താന്‍ സാധിക്കും. തുടര്‍ന്ന് ഈ ഡിവൈസ് തെരഞ്ഞെടുത്ത് ഫയലുകള്‍ കൈമാറ്റം ചെയ്യാം.

◾  ആഡംബര എസ്യുവി കയേന്‍ ഇലക്ട്രിക്ക് ഇന്ത്യയില്‍ പുറത്തിറക്കി പോഷെ. അടിസ്ഥാന മോഡലിന് ഇന്ത്യയില്‍ 1.76 കോടി രൂപയാണ് എക്‌സ് ഷോറൂം വില. കയേന്‍ ഇലക്ട്രിക്ക്, കയേന്‍ ടര്‍ബോ ഇലക്ട്രിക്ക് എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് പോഷെ കയേന്‍ എത്തുന്നത്. കയേന്‍ ടര്‍ബോ ഇലക്ട്രിക്കിന് 1,156 പിഎസ് കരുത്തും പരമാവധി 1,500എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. റേഞ്ച് 623 കിലോമീറ്റര്‍. പരമാവധി വേഗത മണിക്കൂറില്‍ 260 കിലോമീറ്റര്‍. മണിക്കൂറില്‍ 0-100 കിലോമീറ്ററിലേക്ക് കുതിക്കാന്‍ 2.5 സെക്കന്‍ഡ് മതി കയേന്‍ ടര്‍ബോ ഇലക്ട്രിക്കിന്. 442പിഎസ് കരുത്തും 835എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന മോഡലാണ് കയേന്‍ ഇലക്ട്രിക്ക്. റേഞ്ച് 642 കിലോമീറ്റര്‍. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 230 കിലോമീറ്റര്‍. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗതയിലേക്കു കുതിക്കാന്‍ 4.8 സെക്കന്‍ഡ് മതി. 390 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജറാണ് രണ്ട് മോഡലുകള്‍ക്കും നല്‍കുന്നത്. 10 മിനുറ്റു ചാര്‍ജ് ചെയ്താല്‍ 325 കിലോമീറ്റര്‍ വരെ ലഭിക്കും. കയേന്‍ ഇലക്ട്രിക്കിന് പോഷെ 1.76 കോടി രൂപയാണ് വില. കൂടിയ മോഡലായ കയേന്‍ ടര്‍ബോ ഇലക്ട്രിക്കിന് 2.26 കോടി രൂപ വില വരും.

◾  പാവങ്ങള്‍, നോത്ര്ദാമിലെ കൂനന്‍ തുടങ്ങിയ ക്ലാസിക്കുകളുടെ സ്രഷ്ടാവായ വിക്തോര്‍ യൂഗോ ഇതിഹാസരചനകള്‍ സൃഷ്ടിക്കുക മാത്രമായിരുന്നില്ല, ഇതിഹാസസമാനമായ ഒരു കാലഘട്ടത്തിനു സാക്ഷിയായി ജീവിക്കുകകൂടിയായിരുന്നു. വിപ്ലവം, കലാപം, നാടുകടത്തല്‍, ഭഗ്നബന്ധങ്ങള്‍, വാക്കുകളോടുള്ള അടങ്ങാത്ത ഉപാസന- ഇങ്ങനെ പലതിലേക്കും വിക്തോര്‍ യൂഗോയുടെ ഓര്‍മ്മകള്‍ കടന്നുചെല്ലുന്നു. വാക്കുകള്‍ അനശ്വരമാണ്, ജീവിതം അനാദിയും എന്നു ജീവിച്ചുതെളിയിച്ച ഒരു മഹാസാഹിത്യകാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ആദ്യമായി മലയാളത്തില്‍. 'വിക്തോര്‍ യൂഗോയുടെ ഓര്‍മ്മക്കുറിപ്പുകള്‍'. മാതൃഭൂമി. വില 297 രൂപ.

◾  ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതായിട്ടുണ്ട്. ഇല്ലെങ്കില്‍ ആന്റിബയോട്ടിക്കുകളുടെ ഫലപ്രാപ്തി കുറയ്ക്കാന്‍ ഇത് കാരണമാകും. ആന്റിബയോട്ടിക്ക് ചികിത്സ ആരംഭിക്കുമ്പോള്‍, പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഭക്ഷണമാണ് കൂടുതല്‍ കഴിക്കേണ്ടത്. ഭക്ഷണക്രമം കൃത്യമായില്ലെങ്കില്‍ അത് ആന്റിബയോട്ടിക്കിന്റെ പ്രവര്‍ത്തനം താറുമാറാകും. ആന്റിബയോട്ടിക് ഉപയോഗിക്കുമ്പോള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഒന്നാണ് പാല്‍ ഉല്‍പ്പന്നങ്ങള്‍. ഇതില്‍ അടങ്ങിയ കാല്‍സ്യം ആന്റിബയോട്ടിക്കുകളുമായി പ്രതിപ്രവര്‍ത്തനം നടത്താന്‍ കാരണമായേക്കാം. ചിലരില്‍ ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാനും ഇത് ഇടയാക്കും. എന്നാല്‍ പ്രോബയോട്ടിക്കുകള്‍ അടങ്ങിയ യോഗര്‍ട്ട് കഴിക്കുന്നത് നല്ലതാണ്. അയണ്‍ അടങ്ങിയ ഭക്ഷണവും ആന്റിബയോട്ടിക് കഴിക്കുമ്പോള്‍ പ്രശ്നമാണ്. ആന്റിബയോട്ടിക് ഉപയോഗിക്കുമ്പോള്‍ അയണ്‍, കാല്‍സ്യം സപ്ലിമെന്റുകള്‍ ഒഴിവാക്കുകയോ, ഇവ കഴിക്കുന്ന ഇടവേള കുറഞ്ഞത് മൂന്നു മണിക്കൂര്‍ ആക്കുകയോ വേണം. ചിക്കന്‍ ലിവര്‍, റെഡ് മീറ്റ്, ഇല വര്‍ഗങ്ങള്‍, നട്‌സ്, ചോക്ലേറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കാം. ആന്റിബയോട്ടിക് മരുന്ന് കഴിക്കുന്നവര്‍ മദ്യം കഴിക്കുന്നത് തലകറക്കം, വയറുവേദന എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. നാരങ്ങ, ഓറഞ്ച് പോലെ സിട്രസ് പഴങ്ങള്‍ ആന്റിബയോട്ടിക് കഴിക്കുമ്പോള്‍ ഒഴിവാക്കണം. കൂടാതെ തക്കാളി, മുന്തിരി, ശീതളപാനീയങ്ങള്‍ തുടങ്ങി അസിഡിക് ആയ ഒന്നും ഉപയോഗിക്കരുത്. ഇത് ആന്റി ബയോട്ടിക്കിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിലെ ആന്റി ബയോട്ടിക് പ്രവര്‍ത്തനത്തെ തടയുന്നു. ഉയര്‍ന്ന അളവില്‍ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിവതും ഒഴിവാക്കാം. ചപ്പാത്തി തുടങ്ങിയ ഗോതമ്പ് വിഭവങ്ങളും ബീന്‍സ്, ബ്രക്കോളി തുടങ്ങി നാരുകള്‍ അടങ്ങിയ ഭക്ഷണം ആന്റിബയോട്ടിക്കിനൊപ്പം വേണ്ട. ഇവ ദഹനം സാവധാനത്തിലാക്കുകയും ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തന വേഗം കുറയ്ക്കുകയും ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.26, പൗണ്ട് - 116.96, യൂറോ - 102.93, സ്വിസ് ഫ്രാങ്ക് - 110.40, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.67, ബഹറിന്‍ ദിനാര്‍ - 236.77, കുവൈത്ത് ദിനാര്‍ -290.43, ഒമാനി റിയാല്‍ - 232.16, സൗദി റിയാല്‍ - 23.80, യു.എ.ഇ ദിര്‍ഹം - 24.29, ഖത്തര്‍ റിയാല്‍ - 24.50, കനേഡിയന്‍ ഡോളര്‍ - 63.32.
Previous Post Next Post
3/TECH/col-right