Trending

പ്രഭാത വാർത്തകൾ

2025  നവംബർ 23  ഞായർ 
1201  വൃശ്ചികം 7   മൂലം 
1447  ജ : ആഖിർ 2

◾ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് പിന്തുണ നല്കി ജി 20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനം. ഏതു തരത്തിലുള്ള ഭീകരതയേയും ശക്തമായി നേരിടണമെന്നും ഒരു രാജ്യവും ഭീകരവാദത്തിന് സഹായം നല്കരുതെന്നും പ്രഖ്യാപനം ആവശ്യപ്പെടുന്നു. വനിതകള്‍ നയിക്കുന്ന വികസനത്തിന് ഊന്നല്‍ നല്കണം എന്ന ഇന്ത്യയുടെ നിലപാടിനും പ്രഖ്യാപനത്തില്‍ ഇടം കിട്ടി. ഉച്ചകോടിയിലെ പ്രസംഗത്തില്‍ മയക്കുമരുന്നിനെതിരെ ജി 20 യോജിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മയക്കുമരുന്നിലൂടെയുള്ള പണമാണ് ഭീകരസംഘടനകളിലേക്ക് ഒഴുകുന്നത് എന്നും മോദി ചൂണ്ടിക്കാട്ടി.

◾ ഓസ്ട്രേലിയ- കാനഡ- ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു രാജ്യങ്ങളും ചേര്‍ന്നുള്ള സാങ്കേതിക സഹകരണ കൂട്ടായ്മയാണ് പ്രഖ്യാപിച്ചത്. ജി20 ഉച്ചകോടിക്കിടെ മൂന്നു നേതാക്കളും ചര്‍ച്ച നടത്തി. ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് പുതിയ പ്രഖ്യാപനം. മയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ ജി20 ഒറ്റക്കെട്ടായി നീങ്ങണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

◾  ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ ദേവസ്വം മുന്‍ പ്രസിഡണ്ട് എ പത്മകുമാറിന്റെ വീട്ടില്‍ നിന്ന് സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പിടിച്ചെടുത്ത് എസ്ഐടി. താന്‍ പ്രസിഡണ്ടാകുന്നതിന് മുമ്പ് തന്നെ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ നല്ല സ്വാധീനമുണ്ടായിരുന്നുവെന്നാണ് പത്മകുമാറിന്റെ മൊഴി. താനെടുത്ത തീരുമാനങ്ങള്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍ക്കും അറിവുണ്ടായിരുന്നുവെന്നും പത്മകുമാര്‍ മൊഴി നല്‍കി.

◾  ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി ദിവസേനയുള്ള സ്പോട്ട് ബുക്കിങ്ങിന്റെ എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപികരിച്ചു. പൊലീസ് കോഡിനേറ്റര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍, സ്പെഷ്യല്‍ കമ്മീഷണര്‍ എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍. ഒരു മിനിറ്റില്‍ 18 -ാം പടി കയറുന്ന തീര്‍ത്ഥാടകരുടെ എണ്ണം 85 ആക്കി ഉയര്‍ത്തും. ഇതിനായി പരിചയ സമ്പന്നരായ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കും. നിലയ്ക്കലിലെ പാര്‍ക്കിംഗ് സംവിധാനം വര്‍ദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. എല്ലാദിവസവും എഡിഎമ്മിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരാനും ഇന്നലെ പമ്പയില്‍ നടന്ന മന്ത്രിതല യോഗത്തില്‍ തീരുമാനമായിട്ടുണ്ട്
◾  പൊലീസ് അസോസിയേഷന്‍ പട്ടിക മറികടന്ന് ശബരിമലയില്‍ പൊലീസുകാരനെ ഡ്യൂട്ടിക്ക് നിയോഗിച്ചതില്‍ ഭീഷണിയുമായി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി. ശബരിമലയില്‍ ഡ്യൂട്ടി ചെയ്യുന്ന സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ക്കാണ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയുടെ ഭീഷണി. തിരുവല്ല സ്റ്റേഷനിലെ പൊലീസുകാരന്‍ പുഷ്പദാസിനെയാണ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി നിഷാന്ത് ചന്ദ്രന്‍ ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും പുറത്തവന്നു.

◾  അമീബിക് മസ്തിഷക ജ്വരം മൂലം സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട് പയ്യോളി തുറയൂര്‍ ചൂരക്കാട് വയല്‍ നെടുങ്കുനി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 17 പേരാണ് ഇതുവരെ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇതില്‍ ആറു പേര്‍ മരണത്തിന് കീഴടങ്ങി.

◾  പട്രോളിംഗിനിടെ ജമ്മുവിലെ പൂഞ്ചിലെ സുരന്‍കോട്ടില്‍ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃതു. മലപ്പുറം ചെറുകുന്ന് സ്വദേശിയായ സുബേദാര്‍ സജീഷ് കെ ആണ് വീരമൃത്യു വരിച്ചത്. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് കുടുംബശ്മശാനത്തിലായിരിക്കും.

◾  മാവേലിക്കര - ചെങ്ങന്നൂര്‍ സെക്ഷനില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാത്രിയില്‍ ഓടുന്ന ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചുവെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു.
◾  പൂജ ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം പാലക്കാട് ജില്ലയിലെന്ന് സൂചന. JD 545542 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമടിച്ചിരിക്കുന്നത്. പാലക്കാട് മുനിസിപ്പല്‍ സ്റ്റാന്റിന് സമീപത്തെ കിങ്സ് സ്റ്റാര്‍ ഏജന്‍സിയില്‍ നിന്നാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം.

◾  കേരള കോണ്‍ഗ്രസ് എം നേതാവ് സ്റ്റീഫന്‍ ജോര്‍ജ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കടുത്തുരുത്തിയില്‍ കാര്‍ നിര്‍ത്തി ഇറങ്ങുമ്പോള്‍ പിന്നാലെയെത്തിയ സ്വകാര്യ ബസ് കാറിലിടിക്കുകയായിരുന്നു. സ്റ്റീഫന്‍ ജോര്‍ജ് കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

◾  കൊല്ലത്തും തൃശൂരും ആലപ്പുഴയിലും എന്‍ഡിഎ, ബിജെപി സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളി. കൊല്ലത്ത് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പത്രികയാണ് തള്ളിയത്. ഇരുമ്പനങ്ങാട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ആര്‍.ടി.സുജിത്തിന്റെ പത്രികയാണ് തള്ളിയത്. സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിച്ച് ഒപ്പിട്ടയാള്‍ ഡിവിഷന് പുറത്തു നിന്നുള്ളയാളായതാണ് കാരണം. തൃശൂരില്‍ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശ പത്രികയും തള്ളി.

◾  കണ്ണൂരില്‍ ബിഎല്‍ഒ കുഴഞ്ഞുവീണു. അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടില്‍ രാമചന്ദ്രന്‍ (53) ആണ് കുഴഞ്ഞു വീണത്. എസ്ഐആര്‍ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ജോലിസമ്മര്‍ദമാണ് കുഴഞ്ഞ് വീണതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ഡിഡിഇ ഓഫീസിലെ ക്ലര്‍ക്കാണ് രാമചന്ദ്രന്‍. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ കഠിനമായ ജോലി സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നതെന്ന ആരോപണങ്ങളാണ് ഉയരുന്നത്.

◾  തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍, കണ്ണൂരില്‍ വോട്ടിടും മുമ്പ് ഇടതിന് മേല്‍ക്കെ. 9 ഇടത്ത് എല്‍ഡിഎഫിന് എതിരാളികളില്ല. മലപ്പട്ടം ഗ്രാമപഞ്ചായത്തില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ല. 12 ആം വാര്‍ഡിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. പഞ്ചായത്തിലെ മറ്റ് രണ്ടുവാര്‍ഡുകളിലെ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്കും എതിരാളികളില്ലായിരുന്നു.

◾  കണ്ണൂരില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണെന്നും ആന്തൂരില്‍ അഞ്ചാം പീടിക വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലിവ്യയെ സിപിഎം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ സ്ഥിതി പോലുമുണ്ടായെന്നും ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് ആരോപിച്ചു. ആന്തൂരില്‍ ഭീഷണി കാരണം രണ്ട് ഡിവിഷനുകളില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ യുഡിഎഫിന് കഴിഞ്ഞില്ലെന്നും മറ്റ് പലയിടത്തും സിപിഎം, സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയെന്നും സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച നാലുപേരെയും ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

◾  തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന തുടരുമ്പോള്‍ യുഡിഎഫിന് തിരിച്ചടി. കല്‍പ്പറ്റ നഗരസഭയില്‍ യുഡിഎഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാകേണ്ടിയിരുന്ന രവീന്ദ്രന്റെ പത്രിക തള്ളി. 23-ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ജി രവീന്ദ്രന്റെ പത്രികയാണ് തള്ളിയത്. പിഴ അടക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പത്രിക തള്ളിയത്.

◾  തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ നഗരസഭയില്‍ ബിജെപിക്ക് തിരിച്ചടി. വാടയ്ക്കല്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കെകെ പൊന്നപ്പന്റെ പത്രികയാണ് തള്ളി. മുന്‍പ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ കണക്കുകളും രേഖകളും ഹാജരാക്കാതിരുന്നതിനാലാണ് പത്രിക തള്ളിയത്. ഇവിടെ ബിജെപിക്ക് ഡമ്മി സ്ഥാനാര്‍ത്ഥികളില്ല.

◾  തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ട്രാന്‍സ് വുമണ്‍ അമേയ പ്രസാദിന് വനിതാ സംവരണ സീറ്റില്‍ മല്‍സരിക്കാമെന്ന് സ്ഥിരീകരണം. രേഖകള്‍ പ്രകാരം വനിതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേയയുടെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചത്. ട്രാന്‍സ് വുമണായ അമേയയുടെ വോട്ടര്‍പട്ടികയില്‍ ട്രാന്‍സ്ജെന്റര്‍ എന്ന് രേഖപ്പെടുത്തിയതാണ് ആശങ്കയുണ്ടാക്കിയത്.

◾  ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ട്രാന്‍സ് വുമണ്‍ അരുണിമ എം കുറുപ്പിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചു. സൂക്ഷ്മപരിശോധനയില്‍ അരുണിമയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. ഇതോടെ അരുണിമയ്ക്ക് മത്സരിക്കാം. വോട്ടര്‍ ഐഡി ഉള്‍പ്പടെയുള്ള അരുണിമയുടെ രേഖകളില്‍ സ്ത്രീ എന്നാണ് രേഖപ്പെടുത്തിയത്. അതുകൊണ്ട് സ്ത്രീ സംവരണ സീറ്റില്‍ മത്സരിക്കുന്നതിന് തടസമില്ല.

◾  തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന പരാതിയുമായി മുന്‍ കേന്ദ്ര തുറമുഖ വകുപ്പ് സെക്രട്ടറി കെ മോഹന്‍ദാസ് ഐഎഎസ്. കഴിഞ്ഞ തവണ കൊട്ടാരക്കരയില്‍ വോട്ട് ചെയ്ത തന്റെ പേര് ഇപ്പോള്‍ പട്ടികയില്‍ ഇല്ലെന്നാണ് ഫേസ് ബുക് കുറിപ്പില്‍ മോഹന്‍ദാസ് പറഞ്ഞത്. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചിട്ടും പേര് ഇല്ലെന്നാണ് പരാതി. തനിക്ക് വോട്ടില്ലെങ്കിലും ഭാര്യാ സഹോദരന്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് രണ്ടിടത്ത് വോട്ടുണ്ടെന്ന വിമര്‍ശനവും പോസ്റ്റിലുണ്ട്.

◾  തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സൂക്ഷ്മ പരിശോധനയില്‍ എറണാകുളത്ത് യുഡിഎഫിന് തിരിച്ചടി. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയി. നിലവിലെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍സി ജോര്‍ജിന്റെ പത്രികയാണ് തള്ളിപ്പോയത്. കടമക്കുടി ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു എല്‍സി. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാന്‍ കാരണം. ഇവിടെ കോണ്‍ഗ്രസിന് ഡെമ്മി സ്ഥാനാര്‍ത്ഥിയും ഉണ്ടായിരുന്നില്ല. ഫലത്തില്‍ കടമക്കുടി ഡിവിഷനില്‍ മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലാകും.

◾  വിവാരാവകാശ അപേക്ഷകളില്‍ വിവരം നല്‍കാതിരിക്കുകയോ, വിവരം നല്‍കുന്നതില്‍ കാല താമസം നേരിടുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്യുന്നത് വിവരാവകാശ നിയമത്തിന്റെ ലംഘനമാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍. ദേശീയ സമ്പാദ്യ പദ്ധതി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഹിയറിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  തൃശൂര്‍ രാഗം തീയറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ആക്രമിച്ച സംഭവത്തിലെ അന്വേഷണത്തില്‍ വഴിത്തിരിവ്. ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് പ്രവാസി വ്യവസായിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ച കാറിനെപ്പറ്റി പൊലീസിന് നിര്‍ണായക വിവരം ലഭിച്ചു. പ്രവാസി വ്യവസായിയുടെ വിശ്വസ്തന്റെ കാറാണിതെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. സുനിലും പ്രവാസി വ്യവസായിയും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ക്വട്ടേഷന്‍ നല്‍കുന്നതിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ നിഗമനം.

◾  എസ്ഐആര്‍ സമയക്രമം മാറ്റില്ലെന്നും ഡിസംബര്‍ 9 ന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച യോഗത്തില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നീട്ടണമെന്നാവശ്യം ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. ബിഎല്‍ഒ അനീഷ് ജോര്‍ജ്ജിന്റെ മരണത്തിന് കാരണം ജോലി സമ്മര്‍ദ്ദമെന്ന് സിപിഎം ആരോപിച്ചപ്പോള്‍ പാര്‍ട്ടി ഗ്രാമങ്ങളിലെ ബിഎല്‍ഒമാര്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ബിജെപി യോഗത്തില്‍ ആവശ്യപ്പെട്ടു.

◾  മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍ കുളിമുറിയില്‍ വഴുതി വീണു. വീഴ്ചയെ തുടര്‍ന്ന്. കാലിന്റെ അസ്ഥിക്ക് ഒടിവുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി ജി സുധാകരനെ പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓപ്പറേഷനും തുടര്‍ചികിത്സയും ഉള്ളതിനാല്‍ രണ്ട് മാസം പൂര്‍ണവിശ്രമത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

◾  പിവി അന്‍വറിന്റെ വീട്ടിലെയും സ്ഥാപനങ്ങളിലേയും റെയ്ഡുമായി ബന്ധപ്പെട്ട് വിശദമായ വാര്‍ത്താക്കുറിപ്പുമായി ഇഡി. 22.3 കോടിയുടെ ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പര്‍ട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളില്‍ വിവിധ ലോണുകള്‍ കെഎഫ്സി വഴി തരപ്പെടുത്തിയെന്നും ഇഡി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. വെള്ളിയാഴ്ചയാണ് അന്‍വറിന്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയത്.

◾  ബെംഗളൂരുവില്‍ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുവന്ന പണം കവര്‍ന്ന സംഭവത്തില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. പണം നിറക്കാന്‍ കരാറെടുത്ത സ്ഥാപനമായ സിഎംഎസിന്റെ ഡ്രൈവര്‍, കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേര്‍ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. പട്ടാപ്പകല്‍ വാഹനം തടഞ്ഞുനിര്‍ത്തി 7 കോടി 11 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തില്‍ നഷ്ടപ്പെട്ട പണത്തില്‍ ആറര കോടിയോളം രൂപ ഇതിനോടകം കണ്ടെടുത്തിട്ടുണ്ടെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കി.

◾  തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ ജോലി സമ്മര്‍ദത്തിനിടെ ഒരു മരണം കൂടി. പശ്ചിമ ബംഗാളിലെ നാദിയയില്‍ ബൂത്ത് ലെവല്‍ ഓഫീസറായി ജോലി ചെയ്തിരുന്ന 54കാരിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാമി വിവേകാനന്ദ സ്‌കൂളിലെ അധ്യാപികയായ റിങ്കു തരഫ്ദാറിനെ കൃഷ്ണനഗറിലെ അവരുടെ വസതിയിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എസ്ഐആര്‍ ജോലി തുടങ്ങിയതോടെ റിങ്കു കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു.

◾  ബംഗാളിലെ കിഴക്കന്‍ ബര്‍ദ്വാന്‍ ജില്ലയിലെ ഔസ്ഗ്രാമില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ മകന്‍ അറസ്റ്റില്‍. വിദ്യാര്‍ഥിനി കടയിലേക്ക് പോകും വഴിയായിരുന്നു ബലാത്സംഗം. കേസില്‍ 6 പേരാണ് ആകെ അറസ്റ്റിലായത്. ഇതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ഉള്‍പ്പെടെ നാലു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

◾  ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ വിജാപുര്‍ നഗരത്തിലെ സ്‌കൂള്‍ ക്യാംപസില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഇന്‍ജക്ഷന്‍ നല്‍കി പീഡിപ്പിച്ചു എന്ന് പരാതി. ആരോടെങ്കിലും സംഭവം  വെളിപ്പെടുത്തിയാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്നും പരാതിയില്‍ പറയുന്നു. അജ്ഞാതനായ വ്യക്തിയെ കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് പോലിസ് വ്യക്തമാക്കി.

◾  മഹാരാഷ്ട്രയില്‍ ഉദ്ധവ് വിഭാഗം ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും അടുക്കുന്നതില്‍ കോണ്‍ഗ്രസ് എതിര്‍പ്പുയര്‍ത്തിയതിന് പിന്നാലെ പ്രതിപക്ഷത്ത് വിള്ളല്‍. തമ്മിലുള്ള സഖ്യത്തെക്കുറിച്ച് കോണ്‍ഗ്രസിന് എന്ത് തോന്നുന്നു എന്നത് പ്രശ്നമല്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കോണ്‍ഗ്രസിന്റെ വ്യക്തിപരമായ തീരുമാനമാണിതെന്നും എന്നാല്‍ എംഎന്‍എസോ ശിവസേനയോ ആരുടെയും അനുവാദത്തിനായി കാത്തിരിക്കില്ലെന്നും റാവത്ത് പറഞ്ഞു. എന്നാല്‍ ശരദ് പവാറും ഇടതുപക്ഷ പാര്‍ട്ടികളും ഇക്കാര്യത്തില്‍ കൂടെയുണ്ടെന്നും അദ്ദേഹം എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു.

◾  സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്നു ചാടി എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തു. ജല്‍നയിലെ മസ്തഗഡില്‍ താമസിക്കുന്ന ആരോഹി ദീപക് (13) ആണ് മരിച്ചത്. ബിഡ്‌ലാന്‍ ജില്ലയിലെ സിടിഎംകെ ഗുജറാത്തി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ആരോഹി. അതേസമയം മകളുടെ മരണത്തിനു കാരണം അധ്യാപകരാണെന്നാരോപിച്ച് പിതാവ് ദീപക് അശോക് ബിഡ്‌ലാന്‍ രംഗത്തെത്തി.

◾  ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ജയ്ഷെ-മുഹമ്മദ് ഭീകരസംഘടനയിലെ ഓരാളെ കൂടി സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയും ജമ്മു കശ്മീരിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. പുല്‍വാമയില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന തുഫൈലാണ് പിടിയിലായത്. ശ്രീനഗര്‍ സ്വദേശിയായ ഇയാളെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.

◾  പ്രശസ്ത പഞ്ചാബി ഗായകന്‍ ഹര്‍മന്‍ സിദ്ധു (37) വാഹനാപകടത്തില്‍ മരിച്ചു. പഞ്ചാബിലെ മന്‍സ ജില്ലയില്‍വെച്ചായിരുന്നു അപകടം.

◾  റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനായി യുഎസ് മുന്നോട്ടുവെച്ച കരാറിന് ബദല്‍ നിര്‍ദേശങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളുമായി യുക്രൈന്‍. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാന്‍ യുഎസ്. യുക്രൈന് ഒരാഴ്ചത്തെ സമയപരിധി നല്‍കിയിരുന്നു. പിന്നാലെ, റഷ്യയുടെ ചില കടുത്ത ആവശ്യങ്ങള്‍ അംഗീകരിക്കുന്ന കരാറിന് ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാനുള്ള തീവ്രശ്രമത്തിലാണ് യുക്രൈനും യുറോപ്യന്‍ സഖ്യകക്ഷികളുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

◾  ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യദിനം കളിയവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ആറുവിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെന്ന നിലയില്‍. മുന്‍നിര ബാറ്റര്‍മാരുടെ ഭേദപ്പെട്ട പ്രകടനമാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 200 കടത്തിയത്.

◾  റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. ഗുജറാത്തിലെ ജാംനഗറിലെ റിഫൈനറിയിലേക്കുള്ള റഷ്യന്‍ ക്രൂഡോയിലിന്റെ ഇറക്കുമതിയാണ് നിര്‍ത്തിയത്. യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കയറ്റുമതി കൈകാര്യം ചെയ്യുന്ന റിഫൈനറിയില്‍ റഷ്യന്‍ ക്രൂഡോയില്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെച്ചതായും കമ്പനി അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം റഷ്യന്‍ എണ്ണ വാങ്ങുന്ന സ്ഥാപനമാണ് റിലയന്‍സ്. റഷ്യന്‍ എണ്ണ സംസ്‌കരിച്ച് പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാക്കി യൂറോപ്യന്‍ യൂണിയന്‍, യുഎസ്, മറ്റ് രാജ്യങ്ങളിലേക്ക് വലിയ തോതില്‍ കയറ്റുമതി ചെയ്യുന്നവരില്‍ പ്രമുഖരാണ് റിലയന്‍സ്. എന്നാല്‍, റഷ്യന്‍ എണ്ണ വരുമാനം ലക്ഷ്യമിട്ട് യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങളും, റഷ്യന്‍ ക്രൂഡില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങളുടെ ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ക്കും പിന്നാലെയാണ് റിലയന്‍സിന്റെ നീക്കം.

◾  സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ പി നിര്‍മ്മിച്ച്, അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എ ജെ വര്‍ഗീസ് ഒരുക്കുന്ന 'അടി നാശം വെള്ളപ്പൊക്കം' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഹൈറേഞ്ചില്‍ സ്ഥിതി ചെയ്യുന്ന ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ മൂന്നു നാലു വിദ്യാര്‍ത്ഥികളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം ഒരു മുഴുനീള കോമഡി ചിത്രം കൂടിയായിരിക്കുമെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേം കുമാര്‍ തന്റെ കോമഡി പ്രകടനവുമായി ശക്തമായി തിരിച്ചു വരുന്ന ചിത്രം കൂടിയാണ് അടിനാശം വെള്ളപൊക്കം എന്ന പ്രതീക്ഷ കൂടി ടീസര്‍ തരുന്നുണ്ട്. അതോടൊപ്പം ഷൈന്‍ ടോം ചാക്കോ , ബൈജു സന്തോഷ് എന്നിവരും ടീസറില്‍ കോമഡി രംഗങ്ങളുമായി മുന്‍പിട്ട് നില്‍ക്കുന്നുണ്ട്. മഞ്ജു പിള്ള, ബാബു ആന്റണി, ജോണ്‍ വിജയ്, അശോകന്‍, ശ്രീകാന്ത് വെട്ടിയാര്‍, വിനീത് മോഹന്‍, രാജ് കിരണ്‍ തോമസ്, സജിത്ത് തോമസ്, സഞ്ജയ് തോമസ്, പ്രിന്‍സ്, ലിസബേത് ടോമി തുടങ്ങിയവരും 'അടി നാശം വെള്ളപ്പൊക്കം' ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

◾  റോഷന്‍ മാത്യു, സെറിന്‍ ഷിഹാബ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത 'ഇത്തിരി നേരം' എന്ന ചിത്രത്തിലെ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. നിശയില്‍ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും ബേസില്‍ സി ജെ ആണ്. വീത്രാഗ് ആണ് ആലപിച്ചിരിക്കുന്നത്. പ്രണയത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ജിയോ ബേബിയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിശാഖ് ശക്തിയാണ്. നന്ദു, ആനന്ദ് മന്മഥന്‍, ജിയോ ബേബി, കണ്ണന്‍ നായര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അതുല്യ ശ്രീനി, സരിത നായര്‍, ഷൈനു. ആര്‍. എസ്, അമല്‍ കൃഷ്ണ, അഖിലേഷ് ജി കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂര്‍, മൈത്രേയന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മാന്‍കൈന്‍ഡ് സിനിമാസ്, ഐന്‍സ്റ്റീന്‍ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

◾  ഐക്കണിക്ക് ടൂവീലര്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ജനപ്രിയ മോട്ടോര്‍സൈക്കിള്‍ ഹിമാലയന്റെ പുതിയ മന ബ്ലാക്ക് കളര്‍ വേരിയന്റ് പുറത്തിറക്കി. ഇതിന്റെ എക്സ്-ഷോറൂം വില 3.37 ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഗോവയില്‍ നടക്കുന്ന മോട്ടോര്‍വേഴ്‌സ് 2025-ല്‍ വില പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും കടുപ്പമേറിയതുമായ പാസുകളിലൊന്നായ മന പാസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബൈക്കില്‍ കറുത്ത റാലി ഹാന്‍ഡ് ഗാര്‍ഡുകള്‍, ഒരു റാലി, ഒരു ഹൈ-മൗണ്ട് റാലി മഡ്ഗാര്‍ഡ് എന്നിവയും ഉണ്ട്. റാലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പിന്‍ഭാഗവും നീളമുള്ളതും പരന്നതുമായ സീറ്റും മന ബ്ലാക്ക് വേരിയന്റില്‍ ഉണ്ട്, ഇത് ദുഷ്‌കരമായ ഭൂപ്രദേശങ്ങളില്‍ മികച്ച നിയന്ത്രണം നല്‍കുന്നു. 40 ബിഎച്പി കരുത്തും 40 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 452 സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് ഈ മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു.

◾  ''ഞാന്‍ മനസ്സിലാക്കി - എന്റെ അമ്മയെ അല്ല, വിലാസിനി എന്ന സ്ത്രീയെ, അവരുടെ വിവാഹത്തെ, അവരുടെ ഭര്‍ത്താവിനെ, അവിഹിതഗര്‍ഭം ചുമന്ന അവരുടെ മകളെ, അവരുടെ ഒറ്റപ്പെടലിനെ, സങ്കടങ്ങളെ, ശമനം കിട്ടാതെപോയ ഉടല്‍പ്പെരുക്കങ്ങളെ, ഉറക്കം വെടിഞ്ഞ അനേകം രാത്രികളെ, അടുക്കളവട്ടത്തില്‍ ഊര്‍ന്നുവീണ കണ്ണീരിനെ, പറയാന്‍ കഴിയാതെ ഉള്ളിലൊളിപ്പിച്ച നോവുകളെ, കാലില്‍ തറച്ച മുള്ളുകളെ, സാന്ത്വനമായി വന്നെത്താത്ത സ്നേഹവിരലുകളെ, കുളിരായി പുണരാത്ത പ്രണയപ്പച്ചകളെ, എല്ലാത്തിനുമപ്പുറം നാല്പത്തിമൂന്നു വര്‍ഷം ഉള്ളിലെ ഗര്‍ഭത്തില്‍ അവര്‍ വഹിച്ച ജീവിതമെന്ന ചാപിള്ളയെ...''. 'പ്രണയക്കാവിലമ്മ'. മുഹമ്മദ് അബ്ബാസ്. എച്ച്ആന്‍ഡ്സി ബുക്സ്. വില 90 രൂപ.

◾  അകാല നര മറയ്ക്കാന്‍ പലതരം ചികിത്സകളും സംവിധാനങ്ങളും ഇന്ന് നിലവിലുണ്ടെങ്കിലും നരക്ക് പിന്നിലെ കാരണം കണ്ടെത്തി അവ പരിഹരിക്കുകയാണ് ഏറ്റവും ശാശ്വതമായ പരിഹാരം. വര്‍ധിച്ച മാനസികസമ്മര്‍ദവും പോഷകക്കുറവും മാറിമറിയുന്ന ജീവിത ശൈലിയുമാണ് ചെറുപ്പാക്കാരിലെ അകാലനരയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളെന്ന് ത്വക്ക് രോഗ വിദഗ്ധയായും സ്‌കിന്‍ കാന്‍സര്‍ സര്‍ജനുമായി ഡോ. നീര നാഥന്‍ പറയുന്നു. രക്തപരിശോധനയിലൂടെ പോഷകക്കുറവു കണ്ടെത്താവുന്നതാണ്. ഇരുമ്പ്, കോപ്പര്‍, വിറ്റാമിന്‍ ബി12, തൈറോയ്ഡ് എന്നിവയുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകള്‍ അകാല നരയിലേക്ക് നയിക്കാം. ഇവയുടെ അഭാവം പരിഹരിക്കുന്നത് മുടിക്ക് കറുത്ത നിറം ലഭ്യമാകാന്‍ സഹായിക്കും. പോഷകക്കുറവ് പരിഹരിക്കുന്നതിന് ചീര, മുരിങ്ങയില, നെല്ലിക്ക, നാരങ്ങ, മാതളം, ഈന്തപ്പഴം, ബദാം, വാല്‍നട്സ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. സമ്മര്‍ദം കൂടുമ്പോള്‍ മുടിയുടെ പിഗ്നെന്റേഷന്‍ കുറയുകയും മുടി നരയ്ക്കുകയും ചെയ്യുന്നു. മിക്കവാറും ആളുകള്‍ ഇത് കാര്യമാക്കാറില്ല. സമ്മര്‍ദം നിയന്ത്രിക്കുകയും മനസ് ശാന്തമാവുകയും ചെയ്യുന്നത് മുടിയുടെ കറുത്ത നിറം വീണ്ടെടുക്കാന്‍ സഹായിക്കും. യോഗ, മെഡിറ്റേഷന്‍, സംഗീതം, ജേണലിങ്, പ്രത്യേക ഹോബി വികസിപ്പിക്കുക തുടങ്ങിയവ മാനസിക സമ്മര്‍ദം കുറയ്ക്കാനും സന്തോഷിക്കാനും സഹായിക്കും. അമിതമായ പുകവലി മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് പിഗ്മെന്റ് കോശങ്ങളെ നശിപ്പിക്കുകയും മുടിയുടെ വേരിനെ നശിപ്പിക്കുകയും ചെയ്യുന്നു. ഇത് അകാലനരയ്ക്കുള്ള മറ്റൊരു പ്രധാന ഘടകമാണ്. മാത്രമല്ല, അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നതും മുടിയുടെ ആരോഗ്യത്തിന് ഹാനികരമാകാം. ഇത് അകാലനരയ്ക്ക് കാരണമാകും.

*ശുഭദിനം*
*കവിത കണ്ണന്‍*
വഴിയില്‍ പൂവന്‍കോഴിയെ കണ്ടപ്പോള്‍ കുറുക്കന്‍ ചോദിച്ചു: നിന്റെ അച്ഛന്റെ ശബ്ദം വളരെ മനോഹരമായിരുന്നു.  നിന്റെ ശബ്ദവും അങ്ങിനെ തന്നെയാണോ?  എന്റെ ശബ്ദവും മനോഹരമാണെന്ന് പറഞ്ഞ് പൂവന്‍ കൂവാനായി കണ്ണടച്ചു.  ആ തക്കം നോക്കി കുറുക്കന്‍ കോഴിയെ പിടിച്ചു ഓടി.  ഇത് കണ്ട് ആ നാട്ടിലെ നായ്ക്കള്‍ കുറുക്കന്റെ പിന്നാലെ ഓടി.  ഇത് കണ്ട് പൂവന്‍കോഴി പറഞ്ഞു:  ഞാന്‍ ഈ നാട്ടിലെ കോഴിയല്ലെന്ന് അവരോട് പറഞ്ഞാല്‍ തനിക്ക് രക്ഷപ്പെടാം.  ഇത് കേട്ടതും അത് പറയാനായി കുറുക്കന്‍ വായ തുറന്ന അവസരം നോക്കി പൂവന്‍കോഴി രക്ഷപ്പെട്ടു.   കുറുക്കന്‍ വിഷമത്തോടെ പറഞ്ഞു:  നിശ്ബ്ദമായി ഇരിക്കേണ്ട സമയത്ത് ശബ്ദിക്കരുത്.. അപ്പോള്‍ പൂവന്‍ കോഴി പറഞ്ഞു:  തുറന്നിരിക്കേണ്ടസമയത്ത് കണ്ണടക്കാന്‍ പാടില്ല.  ശബ്ദമുണ്ട് എന്നതിനാല്‍ എല്ലായിടത്തും ശബ്ദിക്കേണ്ടതില്ല. ശബ്ദമുണ്ടാക്കുന്നതിനേക്കാള്‍ പ്രയാസകരമാണ് നിശ്ബ്ദമാകാന്‍.   എല്ലായിടത്തും പ്രതികരിക്കാനുളള പ്രവണതയാണ് പല അപകടങ്ങള്‍ക്കും കാരണം.  എല്ലാവരോടും ഒരുപോലെ പെരുമാറേണ്ടതില്ല.. എന്തിനോടും എടുത്തുചാടി പ്രതികരിക്കേണ്ടതില്ല.  കണ്ണ് മഞ്ഞളിക്കുന്ന കാഴ്ചകളും കാതിന് ഇമ്പമേകുന്ന ശബ്ദങ്ങളും ചുറ്റുമുണ്ടാകും.. അവിടെ സ്വയം മറക്കാതിരുന്നാല്‍ കെണികളില്‍ വീഴാതിരിക്കാം. - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right