2025 | നവംബർ 21 | വെള്ളി
1201 | വൃശ്ചികം 5 | അനിഴം
◾ ശബരിമല സ്വര്‍ണക്കൊള്ള കേസുമായുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും. എന്നാല്‍ സ്വര്‍ണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റേത് സ്വതന്ത്ര തീരുമാനമാണെന്നും അത് സര്‍ക്കാര്‍ അറിയണമെന്നില്ലെന്നും ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നില്‍ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
◾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെവിവരങ്ങള്‍ പുറത്ത്. സ്വര്‍ണക്കൊള്ളയ്ക്ക് തുടക്കമിട്ടത് പത്മകുമാറാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം അപഹരിക്കാന്‍ പത്മകുമാര്‍ ഒത്താശ ചെയ്തുകൊടുത്തുവെന്നും കൃത്യനിര്‍വഹണത്തില്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നും ബോര്‍ഡ് യോഗത്തിലെ മിനുട്‌സില്‍ കൃത്രിമം കാട്ടി കൊള്ളയ്ക്ക് തുടക്കമിട്ടു എന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വര്‍ണം പൊതിഞ്ഞ പിച്ചള എന്നായിരുന്നു ബോര്‍ഡിന്റെ നോട്ട്‌സില്‍ ഉണ്ടായിരുന്നത്. അത് വെട്ടി ചെമ്പ് എന്ന് സ്വന്തം കൈപ്പടയില്‍ എഴുതിവെച്ചു എന്നാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. സ്വന്തം നിലയ്ക്ക് വെട്ടിത്തിരുത്തുകയും തുടര്‍ന്ന് ബോര്‍ഡിന്റെ അനുമതി കൂടാതെ പ്രസിഡന്റ് എന്ന നിലയില്‍ സ്വന്തം നിലയ്ക്കുതന്നെ കൊണ്ടുപോവാന്‍ അനുവദിക്കുന്നു എന്നെഴുതി ഒപ്പിടുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
◾ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിന്റേത് അവധാനത ഇല്ലായ്മയാണെന്നും ഭരണപരമായ വീഴ്ചയിലാണ് പത്മകുമാറിന്റെ അറസ്റ്റെന്നും സിപിഎം മുതിര്‍ന്ന നേതാവ് പി ജയരാജന്‍. ഫയലുകളില്‍ ചെമ്പുപാളി എന്ന് ഉദ്യോഗസ്ഥര്‍ എഴുതിയത് തിരുത്തുന്നതില്‍ പത്മകുമാറിനും മുന്‍ ദേവസ്വം കമ്മീഷണര്‍ക്കും വീഴ്ച പറ്റിയെന്നും ഉത്തരവാദത്തപ്പെട്ടവര്‍ ഭരണപരമായ കാര്യങ്ങളില്‍ കാണിക്കുന്ന അവധാനതയില്ലായ്മ നീതീകരിക്കാന്‍ ആകില്ലെന്നും പി ജയരാജന്‍ പറയുന്നു.
◾ ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണംമുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് മാത്രമല്ല, നിലവിലെ ദേവസ്വംമന്ത്രി വി.എന്‍. വാസവനിലേക്കും എത്തണമെന്നതാണ് കോണ്‍ഗ്രസ് നിലപാടെന്ന് കെ. മുരളീധരന്‍.ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മാത്രമായി ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
◾ മണ്ഡലകാല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നതിനാല്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ഇന്ന് ശബരിമലയില്‍ എത്തും. യോഗം ചേരാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം മന്ത്രിക്ക് അനുമതി നല്‍കിയിരുന്നു. പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ യോഗം ചേരരുത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
◾ ശബരിമലയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വന്നതോടെ മണിക്കൂറുകളുടെ കാത്തുനില്‍പ്പിന് അവസാനം വന്നിരിക്കുകയാണ്. ഇന്നലെ മുതല്‍ കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. വലിയ നടപ്പന്തലിലെ കാത്തുനില്‍പ്പ് ഒഴിച്ചാല്‍ കാനന വഴിയില്‍ എവിടെയും നീണ്ട ക്യൂ ഇല്ല. അതിനാല്‍ കുടിവെള്ളമടക്കം ലഭ്യമല്ലെന്ന പരാതികളും കുറഞ്ഞു. സ്പോട് ബുക്കിങ് 5000 ആയി ചുരുക്കിയത് തിങ്കളാഴ്ച വരെ തുടരും.
◾ കേരളത്തില്‍ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ആവശ്യം അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ നാല്കക്ഷികള്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു. നവംബര്‍ 26-ന് ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ്ഐആര്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
◾ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാര്‍ക്ക് മുന്‍കൂര്‍ അനുമതി തേടിയ ശേഷം വീണ്ടും പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ക്ലീന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി വിധിക്കെതിരെയാണ് എം ആര്‍ അജിത് കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. അജിത്കുമാറിനെതിരേ സര്‍ക്കാര്‍ അനുമതിയില്ലാതെ വിജിലന്‍സ് അന്വേഷണം സാധ്യമല്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം അജിത്കുമാറിനെതിരായ വിജിലന്‍സ് കോടതിയുടെഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി. പരാമര്‍ശങ്ങള്‍ അനുചിതമാണെന്ന് കോടതി നിരീക്ഷിച്ചു.
◾ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഓഫീസുകളിലെ ക്രമക്കേട് കണ്ടെത്താന്‍ വിജിലന്‍സ് നടത്തിയ ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡില്‍ ജില്ലയിലെ രണ്ട് ക്ലാര്‍ക്കുമാര്‍ കുടുങ്ങി. ആലപ്പുഴ, കുട്ടനാട് ഡി ഇ ഒ ഓഫീസുകളിലെ ക്ലാര്‍ക്കുമാര്‍ ഓണ്‍ലൈനായി 2.17 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡിലെ കണ്ടെത്തല്‍. പണം എന്തിനുവേണ്ടിയാണ് കൈമാറിയതെന്ന് തുടരന്വേഷണത്തിലേ വ്യക്തമാകൂ എന്ന് ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
◾ കെഎസ്ഇബി മസ്ദൂര്‍ നിയമനവുമായി ബന്ധപ്പെട്ട് യോഗ്യത മാറ്റി സര്‍ക്കാര്‍ ഉത്തരവ്. ഇനിമുതല്‍ അപേക്ഷകര്‍ പത്താംക്ലാസും ഐടിഐയും പാസാകണമെന്നാണ് നിയമം. നിലവില്‍ എട്ടാം ക്ലാസ് പാസാകാത്തവര്‍ക്ക് അപേക്ഷിക്കാമായിരുന്നു. എന്നാല്‍ കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം യോഗ്യത മാറ്റുകയായിരുന്നു. മസ്ദൂര്‍ നിയമനത്തിന് ഇനിമുതല്‍ വനിതകള്‍ക്കും അപേക്ഷിക്കാമെന്നും കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി നിര്‍ദേശിക്കുന്നു.
◾ പിവി അന്‍വറിന്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന. ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്. കെഎഫ്സി ലോണുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. പിവി അന്‍വര്‍ ഒരു സ്ഥലത്തിന്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് പരാതി. കൊല്ലത്തെ വ്യവസായി മുരുഗേഷ് നരേന്ദ്രന്‍ ആണ് പരാതിക്കാരന്‍.. കെ എഫ് സിക്ക് 22.3 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി പരിശോധന.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും. ഇന്ന് മൂന്ന് മണിവരെ പത്രിക നല്‍കാം. ഇതുവരെ 95,369 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത് തൃശൂരിലാണ്. പലയിടത്തും മുന്നണികള്‍ക്ക് ഭീഷണിയായി വിമതര്‍ രംഗത്തുണ്ട്. ശനിയാഴ്ചയാണ് സൂക്ഷ്മപരിശോധന. പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി തീരുന്നത് തിങ്കളാഴ്ചയാണ്.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതില്‍ തെറ്റില്ലെന്ന് വി കെ ശ്രീകണ്ഠന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും സസ്പെന്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും യുഡിഎഫ് എംഎല്‍എയാണെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയുടെ ഔദോഗിക പാര്‍ട്ടി ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ലെന്നും എന്നാല്‍ സ്ഥാനാര്‍ഥികള്‍ക്കായി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വടക്കാഞ്ചേരി മുന്‍ എംഎല്‍എയും എഐസിസി അംഗവുമായ അനില്‍ അക്കരയ്ക്ക് പിന്തുണയുമായി എഐസിസി സെക്രട്ടറി ടിഎന്‍ പ്രതാപന്‍. അനില്‍ അക്കര വിശ്രമമില്ലാത്ത പോരാളിയാണെന്നും വലിയ പ്രതീക്ഷയാണെന്നും ഫേസ്ബുക്കില്‍ കുറിച്ചു. അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് എഐസിസി അംഗവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അനില്‍ അക്കര മത്സരിക്കുന്നത്.
◾ പാലക്കാട് നഗരസഭയില്‍ സിപിഎം പിന്തുണയില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ ഭാര്യ പത്രിക നല്‍കി. കൗണ്‍സിലര്‍ മണ്‍സൂര്‍ മണലാഞ്ചേരിയുടെ ഭാര്യ സഫിയയാണ് സിപിഎം പിന്തുണയില്‍ മത്സരിക്കുന്നത്. 38-ാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പൊതു സ്വതന്ത്രയായിട്ടാണ് മത്സരിക്കുന്നതെന്ന് മണ്‍സൂര്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ചെമ്പകത്തെ നിര്‍ത്തിയതില്‍ നേരത്തെ നേതൃത്വത്തിനെതിരെ മണ്‍സൂര്‍ പ്രതികരിച്ചിരുന്നു.
◾ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതയില്‍ പ്രതിഷേധിച്ച് കാസര്‍കോട് പടന്ന പഞ്ചായത്തിലെ യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികള്‍ കൂട്ടത്തോടെ രാജിവെച്ചു. ലീഗിന് അര്‍ഹതപ്പെട്ട സീറ്റ് കോണ്‍ഗ്രസിന് നല്‍കിയതിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യൂത്ത് ലീഗിനെ പാടെ തഴഞ്ഞതിലും പ്രതിഷേധിച്ചാണ് രാജി. നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പഞ്ചായത്ത് കമ്മിറ്റി യോഗത്തിലെത്തി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ലീഗ് നേതാക്കളെ ഉപരോധിക്കുകയും മുസ്ലീം ലീഗ് ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു.
◾ ആലപ്പുഴ ജില്ലാപഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ മുസ്ലിം ലീഗിന്റെ തീരുമാനം. കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ചയില്‍ ധാരണയാകാത്തതിനെ തുടര്‍ന്നാണ് ലീഗിന്റെ കടുത്ത തീരുമാനം. അമ്പലപ്പുഴ ഡിവിഷനില്‍ മുസ്ലീം ലീഗ് സ്ഥാനാഥിയെയും പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് മത്സരിക്കാനിരുന്ന സീറ്റിലാണ് ലീഗ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. അമ്പലപ്പുഴ ഡിവിഷനില്‍ ലീഗ് സ്ഥാനാര്‍ഥി ഇന്ന് പത്രിക നല്‍കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അല്‍ത്താഫ് സുബൈര്‍ ആണ് സ്ഥാനാര്‍ഥി.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം നിലനിന്ന അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എംപി പ്രവീണിന് സീറ്റ് നല്‍കിയില്ല. എആര്‍ കണ്ണനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ് കണ്ണന്‍.
◾ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടായ പാലക്കാട് ബി ജെ പിയിലെ പൊട്ടിത്തെറിയില്‍ നിലപാട് വ്യക്തമാക്കി സ്ഥിരം സമിതി അധ്യക്ഷനും ബി ജെ പി സ്ഥാനാര്‍ഥിയുമായ പി സ്മിതേഷ്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ മാത്രം പട്ടികയില്‍ പരിഗണിച്ചെന്ന നിലപാട് തനിക്കുമുണ്ടെന്ന് സ്മിതേഷ് വ്യക്തമാക്കി. പക്ഷേ തനിക്ക് കിട്ടിയത് ജയസാധ്യതയുള്ള സീറ്റെന്നും ബി ജെ പി സ്ഥാനാര്‍ഥി വിവരിച്ചു.
◾ വയനാട്ടിലെ തോമാട്ട്ചാല്‍ ഡിവിഷനില്‍ വിമതനായി മത്സരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയല്‍. തോമാട്ട്ചാല്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജഷീര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. തുടര്‍ന്ന് വിമതനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മീനങ്ങാടിയില്‍ പരിഗണിച്ചിരുന്നെങ്കിലും ജഷീര്‍ വഴങ്ങിയിരുന്നില്ല.
◾ തൃശ്ശൂര്‍ രാഗം തീയേറ്റര്‍ നടത്തിപ്പുകാരനായ സുനില്‍ കുമാറിനും ഡ്രൈവര്‍ അജീഷിനും വെട്ടേറ്റു. രാത്രി പത്തുമണിയോടെ വെളപ്പായയിലെ സുനിലിന്റെ വീടിനു മുമ്പിലായിരുന്നു സംഭവം. ക്വട്ടേഷന്‍ സംഘമാണ് അക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
◾ ഫോര്‍ട്ടുകൊച്ചിയില്‍ ചീനവലത്തട്ട് തകര്‍ന്ന് വിദേശികള്‍ അഴിമുഖത്തേക്ക് വീണു. കൊച്ചി കാണാനെത്തിയ വിദേശ സഞ്ചാരികള്‍ ചീനവല ഉപയോഗിച്ച് മീന്‍പിടിക്കുന്നതിനിടെയാണ് തട്ട് തകര്‍ന്ന് കായലില്‍ വീണത്. ഏഴ് പേരാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയത്. വലയുടെ പലകകള്‍ ദ്രവിച്ച നിലയിലാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും സഞ്ചാരികള്‍ കയറുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
◾ ഇടുക്കി ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ സ്‌കൂളിന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. സ്‌കൂളിനെതിരെ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ചെറുതോണി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഹെയ്സല്‍ ബെന്‍ (4) ആണ് മരിച്ചത്. വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് കാരണം സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം.
◾ ചെങ്കോട്ട സ്ഫോടനത്തില മാസ്റ്റര്‍ മൈന്‍ഡ് എന്ന് കരുതപ്പെടുന്ന 'ഉകാസ' കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഹിദ് ഫൈസലാണെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. 28 കാരനായ ഇയാള്‍ 2012 ല്‍ ഭീകരവാദവുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ രാജ്യം വിട്ടെന്നാണ് വ്യക്തമാകുന്നത്. രാമേശ്വരം കഫേ, മംഗളൂരു, കൊയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ സ്ഫോടനം നടത്തിയ പ്രതികളെ വിദേശത്തിരുന്ന് നിയന്ത്രിച്ചത് ഫൈസലായിരുന്നു. ചെങ്കോട്ട സ്ഫോടനം നടത്തിയ മുസമ്മിലിനെ നിയന്ത്രിച്ചിരുന്ന ഉകാസയും ഇയാള്‍ തന്നെയാണെന്നാണ് ദേശീയ അന്വഷണ ഏജന്‍സി കണക്കുകൂട്ടുന്നത്.
◾ ചെങ്കോട്ട സ്ഫോടനത്തിന്റെ ആസൂത്രകര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ പരിശീലനം കിട്ടിയതായി സൂചന. അറസ്റ്റിലായ മുസമ്മില്‍ തുര്‍ക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വിദേശത്തുള്ള ഭീകരസംഘങ്ങളുമായടക്കം ബന്ധം പുലര്‍ത്തിയ അറസ്റ്റിലായവര്‍ക്ക് വിദേശത്ത് പരിശീലനവും ലഭിച്ചിരുന്നുവെന്ന വിവരമാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്.
◾ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല. ഡിസംബര്‍ നാലിന് പൊതുയോഗം സംഘടിപ്പിക്കാന്‍ ടിവികെ നല്‍കിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു. കാര്‍ത്തിക ദീപം ആയതിനാല്‍ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം. ബാബറി മസ്ജിദ് ദിനമായ ഡിസംബര്‍ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു.
◾ ജയ്പൂരില്‍ 9 വയസ്സുകാരി സ്‌കൂളില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സിബിഎസ്ഇ അന്വേഷണ റിപ്പോര്‍ട്ട്. കുട്ടികളുടെ സുരക്ഷ സംരക്ഷണം, വിഷയത്തില്‍ സ്‌കൂളിന്റെ ഇടപെടല്‍ എന്നിവയില്‍ ഗുരുതര വീഴ്ചകള്‍ ഉണ്ടായെന്നും മരിച്ച ഒന്‍പതു വയസ്സുകാരി തുടര്‍ച്ചയായി അധിക്ഷേപങ്ങള്‍ നേരിട്ടിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ കര്‍ണാടകയെ നടുക്കിയ ബെംഗളൂരുവിലെ 7 കോടിയുടെ കവര്‍ച്ച കേസില്‍ നിര്‍ണായക സൂചനകള്‍ പൊലീസിന് ലഭിച്ചു. എ ടി എമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുവന്ന 7 കോടി കൊള്ളയടിച്ച സംഭവത്തിലെ മുഖ്യ സുത്രധാരര്‍ രണ്ട് മുന്‍ സൈനികരെന്നാണ് പൊലീസിന് ലഭിച്ച സൂചന. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച വാഹനം നല്‍കിയ ആളെ അടക്കം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
◾ അധ്യാപകരുടെ മാനസിക പീഡനം മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിവെച്ച് ദില്ലി മെട്രോയ്ക്ക് മുന്നില്‍ ചാടി പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷൌര്യ പാട്ടില്‍ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് സെന്റ് കൊളമ്പ സ്‌കൂളിലെ ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്പെന്‍ഡ് ചെയ്തു. കുട്ടിയുടെ അച്ഛന്‍ നല്‍കിയ മൊഴിയും ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശവും കണക്കിലെടുത്താണ് സ്‌കൂളിന്റെ നടപടി.
◾ യാത്രയയപ്പ് ചടങ്ങില്‍ വികാരാധീനനായി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്. അംബേദ്കറാണ് തന്റെ വഴികാട്ടിയെന്നും തന്റെ വിധിയിലൂടെ പൗരാവകാശമുയര്‍ത്തിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും ബിആര്‍ ഗവായ് പറഞ്ഞു. അധികാര പദവി ജനസേവനത്തിനുള്ള മാര്‍ഗമായിട്ടാണ് കാണുന്നത്. തന്റെ പ്രയാണത്തില്‍ സുപ്രീം കോടതിയിലെ സമൂഹം നല്‍കിയ പിന്തുണ വലുതാണെന്നും ബിആര്‍ ഗാവായ് പറഞ്ഞു. പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് തിങ്കളാഴ്ച്ച സ്ഥാനമേല്‍ക്കും.
◾ ദുബായ് എയര്‍ഷോയില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ തേജസ് എം.കെ 1 യുദ്ധവിമാനത്തില്‍ എണ്ണച്ചോര്‍ച്ചയെന്ന സോഷ്യല്‍ മീഡിയാ പ്രചാരണം തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. ഘനീഭവിച്ച ജലം പുറന്തള്ളുന്ന സ്വാഭാവിക നടപടിയാണ് ഇത്തരത്തില്‍ തെറ്റായി പ്രചരിപ്പിച്ചതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി. ദുബായ് പോലെ അന്തരീക്ഷ ആര്‍ദ്രത കൂടിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഇത് ചെയ്യാറുള്ളതാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വിശദീകരിച്ചു.
◾ ബംഗ്ലാദേശില്‍ ഭൂചലനം. ഭൂചലനത്തിന്റെ പ്രകമ്പനം കൊല്‍ക്കത്തയിലും സമീപ പ്രദേശങ്ങളിലും കൂടി അനുഭവപ്പെട്ടു. ഇന്ന് രാവിലെ 10:08 നാണ് നഗരത്തിന്റെ പല ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ബംഗ്ലാദേശിലെ നര്‍സിങ്ദിയുടെ തെക്ക്- പടിഞ്ഞാറ് ദിശയില്‍ 14 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രകമ്പനം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ മുന്‍കരുതല്‍ നടപടിയായി ജീവനക്കാരെ കെട്ടിടങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു. ഇതുവരെ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
◾ യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്. ഇന്ന് രാവിലെ 06:45 ന് ഷാര്‍ജയിലെ അല്‍ ദൈദില്‍ 13.3 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. രാവിലെ താപനില കുറഞ്ഞതോടെ ഉള്‍പ്രദേശങ്ങളില്‍ അതിശൈത്യം അനുഭവപ്പെട്ടു. അതേസമയം, പകല്‍ താപനില ക്രമേണ ഉയരുന്ന സാഹചര്യത്തില്‍ അധികൃതരും കാലാവസ്ഥാ വിദഗ്ധരും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
◾ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി അംഗീകരിക്കാതെ യുക്രൈന്‍. യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന പദ്ധതിയുടെ 28 പോയിന്റ് കരാറിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതായി എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ട്രംപിന്റെ പ്രതിനിധികള്‍ മുന്നോട്ടുവച്ച 28 നിബന്ധനകളടങ്ങിയ കരട് അംഗീകരിക്കുന്നത് റഷ്യയ്ക്കു മുന്നില്‍ കീഴടങ്ങുന്നതിന് തുല്യമാണെന്നാണ് യുക്രെയ്ന്‍ പറയുന്നത്. കരാറില്‍ തീരുമാനമായാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ കണക്കുകൂട്ടല്‍.
◾ വില കുറച്ച് വിപണി പിടിക്കുന്ന പതിവു നീക്കവുമായി റിലയന്‍സ് വീണ്ടുമെത്തുന്നു. ഇത്തവണ മൃഗങ്ങള്‍ക്കുള്ള തീറ്റയിലാണ് റിലയന്‍സ് കൈവച്ചിരിക്കുന്നത്. പെറ്റ് ഫുഡ് രംഗത്തുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് റിലയന്‍സ് വാഗീസ് എന്ന ബ്രാന്‍ഡുമായി എത്തുന്നത്. നെസ്ലെ, മാര്‍സ്, ഗോദറെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ഇമാമി എന്നീ വമ്പന്മാര്‍ വാഴുന്ന പെറ്റ് വിപണിയില്‍ 20 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ് റിലയന്‍സ് വാഗീസ് അവതരിപ്പിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ടിന് കീഴിലാണ് വാഗീസ് പ്രവര്‍ത്തിക്കുന്നത്. റിലയന്‍സ് റീട്ടെയ്ല്‍ ചെയ്‌നുകള്‍ അതിവേഗം വിപണി പിടിക്കാന്‍ വാഗീസിന് സാധിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. മറ്റ് പെറ്റ് ബ്രാന്‍ഡുകളേക്കാള്‍ 20 മുതല്‍ 50 ശതമാനം വരെ വിലകുറച്ച് നല്കാനാണ് വാഗീസ് ലക്ഷ്യമിടുന്നത്. മൊബൈല്‍ സേവനദാതാക്കളായി രംഗത്തെത്തിയ സമയത്ത് റിലയന്‍സ് ജിയോ സമാനമായ തന്ത്രമായിരുന്നു പയറ്റിയത്. കാമ്പകോള റീലോഞ്ച് ചെയ്തപ്പോഴും എതിരാളികളേക്കാള്‍ വലിയ വിലക്കുറവില്‍ വില്ക്കാന്‍ റിലയന്‍സ് ശ്രദ്ധിച്ചിരുന്നു.
◾ പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ സുരക്ഷാവീഴ്ച. ഫോണ്‍ നമ്പറുകളുമായി ബന്ധപ്പെട്ട് പ്ലാറ്റ്ഫോമിലെ ഏകദേശം 350 കോടി ഉപയോക്താക്കളാണ് സുരക്ഷാഭീഷണി നേരിടുന്നതെന്ന് വിയന്ന സര്‍വകലാശാലയിലെ ഗവേഷകരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 57 ശതമാനം കേസുകളിലും ഉപയോക്താക്കളുടെ പ്രൊഫൈല്‍ ഫോട്ടോകളും 29 ശതമാനം ഉപയോക്താക്കളുടെ പ്രൊഫൈലുകളിലെ ടെക്സ്റ്റും ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞതായും ഗവേഷകര്‍ അവകാശപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2017ല്‍ വാട്‌സ്ആപ്പിനും വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയ്ക്കും ഈ സുരക്ഷാവീഴ്ചയെ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സുരക്ഷ ഒരുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 50 കോടി വിവരങ്ങള്‍ ചോര്‍ത്തിയ 2021ലെ ഫെയ്‌സ്ബുക്ക് സ്ര്ക്രാപിങ് തട്ടിപ്പിനെ ഇത് മറികടക്കുമായിരുന്നുവെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. സുരക്ഷാപ്രശ്‌നം അംഗീകരിച്ച മെറ്റ, കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.
◾ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ നവംബറില്‍ തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ഐ20 ന് മികച്ച കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ മാസം ഈ കാര്‍ വാങ്ങുന്നവര്‍ക്ക് 85,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഈ മാസം ഈ കാറിന്റെ കിഴിവ് കമ്പനി 40,000 രൂപ വര്‍ദ്ധിപ്പിച്ചു. ഒക്ടോബറില്‍ 45,000 കിഴിവില്‍ ഈ കാര്‍ ലഭ്യമായിരുന്നു. ഐ20 എന്‍ലൈനിന് 70,000 വരെ കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ ജിഎസ്ടി 2.0 നടപ്പിലാക്കിയതിനുശേഷം ഈ കാറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 712,385 ആയി. ഇന്ത്യന്‍ വിപണിയില്‍, ഇത് മാരുതി ബലേനോ, ടൊയോട്ട ഗ്ലാന്‍സ, ടാറ്റ ആള്‍ട്രോസ് എന്നിവയുമായി മത്സരിക്കുന്നു. ഈ പ്രീമിയം ഹാച്ച്ബാക്കിന് 1.2 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തേകുന്നു. ഈ എഞ്ചിന്‍ 83 ബിഎച്പി പരമാവധി പവറും 115 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 5-സ്പീഡ് മാനുവല്‍, സിവിടി ട്രാന്‍സ്മിഷനുമായി ഇത് ജോടിയാക്കിയിരിക്കുന്നു. ഈ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ ഐഡല്‍ സ്റ്റോപ്പ് ആന്‍ഡ് ഗോ സവിശേഷതയും ലഭിക്കുന്നു.
◾ ഉയര്‍ന്ന അളവില്‍ പഞ്ചസാരയും ഉപ്പും കഴിക്കുന്നത് ദോഷകരമാണ്. എന്നാലും രണ്ടും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ പഞ്ചസാരയാണ് കൂടുതല്‍ വില്ലനെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരം ശരിയായി പ്രവര്‍ത്തിക്കാന്‍ ഉപ്പ് അത്യാവശ്യമാണ് എന്നാല്‍ പഞ്ചസാര അങ്ങനെയല്ല. ഡയബറ്റോളജി ആന്റ് മെറ്റബോളിക് സിന്‍ഡ്രോം ജേണലില്‍ 2014-ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, പഞ്ചസാര ഉപ്പിന്റെ പ്രതികൂല ഫലങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ സോഡിയത്തിന്റെ അളവു നിലനിര്‍ത്തുന്നതാന്‍ ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ഉപ്പ് ഉപയോഗം കൂടുന്നത് രക്തസമ്മര്‍ദം, ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗം എന്നിവയിലേക്ക് നയിക്കാം. ഉപ്പിന്റെ അമിത ഉപയോഗം ശരീരത്തില്‍ കൂടുതല്‍ വെള്ളം നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുകയും രക്തത്തിന്റെ അളവ് വര്‍ധിപ്പിക്കുകയും അതുവഴി ധമനികളില്‍ മര്‍ദം വര്‍ധിക്കുകയും ചെയ്യും. ക്രമേണ ധമനികളുടെ പാളികള്‍ക്ക് പരിക്കു സംഭവിക്കാനും പ്ലാക്ക് രൂപപ്പെടലിനും സാധ്യതയുള്ളതായി മാറുകയും ചെയ്യും. അതേസമയം പഞ്ചസാര ഭക്ഷണത്തോടുള്ള ആസക്തി വര്‍ധിപ്പിക്കുന്നതാണ്. അമിതമാകുന്നത് പ്രമേഹം, അമിതവണ്ണ തുടങ്ങിയ രോഗ സാധ്യത വര്‍ധിപ്പിക്കും. പഞ്ചസാര അധികം കഴിക്കുന്നത് ഹൃദയാരോഗ്യത്തെ നേരിട്ടു ബാധിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും കൂടുതല്‍ പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ കഴിക്കുന്ന മുതിര്‍ന്നവരില്‍, ഏറ്റവും കുറവ് കഴിക്കുന്നവരെ അപേക്ഷിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദ്രോഗവും ഉണ്ടാകാനുള്ള സാധ്യത 12 ശതമാനത്തിലധികം കൂടുതലാണെന്ന് ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.72, പൗണ്ട് - 116.15, യൂറോ - 102.47, സ്വിസ് ഫ്രാങ്ക് - 110.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.16, ബഹറിന്‍ ദിനാര്‍ - 235.34, കുവൈത്ത് ദിനാര്‍ -288.83, ഒമാനി റിയാല്‍ - 230.74, സൗദി റിയാല്‍ - 23.66, യു.എ.ഇ ദിര്‍ഹം - 24.14, ഖത്തര്‍ റിയാല്‍ - 24.40, കനേഡിയന്‍ ഡോളര്‍ - 62.97.
Tags:
KERALA