2025 നവംബർ 19 ബുധൻ
1201 വൃശ്ചികം 3 ചോതി
1447 ജ : അവ്വൽ 28
◾ വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന വിളനാശം ഇനിമുതല്‍ പ്രാദേശിക ദുരന്തമായി കണക്കാക്കി ധനസഹായം അനുവദിക്കുമെന്ന് കേന്ദ്രം. പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന വഴിയായിരിക്കും സമയബന്ധിതമായി ധനസഹായം ലഭ്യമാക്കുക. ഇതിനായുള്ള ചട്ടക്കൂടില്‍ കേന്ദ്രം ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തിയതായാണ് വിവരം. വന്യജീവി ആക്രമണം മൂലം കെടുതി നേരിടുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് വളരെ ആശ്വാസം നല്‍കുന്ന തീരുമാനമാണിത്. അടുത്ത വര്‍ഷം മുതല്‍ ഇത് നടപ്പാക്കിത്തുടങ്ങും എന്നാണ് വിവരം.
◾ കേരളത്തില്‍ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയത്. ഈ സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
◾ സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ന് 3 ജില്ലകളില്‍ കവചം സൈറണ്‍ മുഴങ്ങും. ആറര മണിക്ക് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് കവചം സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകള്‍ മുഴങ്ങുന്നത്. ഈ ജില്ലകളില്‍ നിലവില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നാണ് കവചം മുന്നറിയിപ്പിന്റെ ഭാഗമായുള്ള അറിയിപ്പ്.
◾ ശബരിമലയില്‍ തിരക്ക് നിയന്ത്രണവിധേയമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. നവംബര്‍ 17 ന് ഒരു ലക്ഷത്തിന് മുകളില്‍ തീര്‍ത്ഥാടകര്‍ വന്നുവെന്നും പെട്ടെന്ന് ജനമൊഴുക്ക് വന്നതാണ് പ്രശ്നമായതെന്നും ഡിജിപി വ്യക്തമാക്കി. വെര്‍ച്ചുല്‍ ക്യൂ ബുക്ക് ചെയ്ത ദിവസം തന്നെ വരണമെന്നു നിര്‍ദേശിച്ച ഡിജിപി സ്‌പോട്ട് ബുക്കിംഗ് നിയന്ത്രിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ശബരിമലയില്‍ ആവശ്യത്തിന് പൊലീസ് ഉണ്ടെന്നും 5000 ബസ് വന്നെന്നും വന്നവര്‍ക്ക് ദര്‍ശനം അനുവദിച്ചതായും ഡിജിപി പറഞ്ഞു. കേന്ദ്ര സേന വൈകാതെ എത്തുമെന്നും പത്തനംതിട്ട, കോട്ടയം ജില്ലാ ഇടത്താവളങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടി തുടങ്ങിയെന്നും ഡിജിപി വ്യക്തമാക്കി.
◾ പമ്പയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് അധികം കാത്തുനില്‍ക്കാതെ സുഗമമായി ദര്‍ശനം നടത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിലയ്ക്കലില്‍ നിയന്ത്രിക്കും. വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും കുടിവെള്ളവും ബിസ്‌കറ്റും ഉറപ്പാക്കും. ശുചിമുറികള്‍ കൃത്യമായി വൃത്തിയാക്കുന്നതിന് 200 പേരെ അധികമായി വിന്യസിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
◾ ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിനു പിന്നാലെ തീര്‍ത്ഥാടന കാലവും സര്‍ക്കാരും ദേവസ്വം ബോര്‍ഡും അവതാളത്തിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശബരിമലയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടുവെന്നും ഹൈക്കോടതി ഇടപെടണമെന്നും വിഡി സതീശന്‍ പറഞ്ഞു. മുന്നൊരുക്കങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം തടസമായെന്ന സര്‍ക്കാര്‍ വാദം അപഹാസ്യമാണെന്നും ശബരിമലയിലെ 'ഭയാനക' സാഹചര്യത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.
◾ ശബരിമല മണ്ഡലകാലം തുടങ്ങി 24 മണിക്കൂര്‍ തികയുന്നതിനു മുന്‍പു തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം പാളിയെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. പതിനഞ്ചും ഇരുപതും മണിക്കൂറുകള്‍ കാത്തു നിന്ന ശേഷവും ദര്‍ശനം കിട്ടാതെ നൂറുകണക്കിനു തീര്‍ഥാടകരാണ് മടങ്ങിപ്പോകുന്നത്. ശബരിമലയിലെ സ്ഥിതി ഭയാനകമാണെന്നു പുതുതായി ചുമതലയേറ്റ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പോലും തുറന്നു സമ്മതിച്ചത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് ചെന്നിത്തല പറഞ്ഞു.
◾ രമേശന്റെയും സതീശന്റെയും തലമുടിക്ക് നല്ല കറുപ്പാണെന്നും തലമുടി കറുത്തിട്ടാണോ വെളുത്തിട്ടാണോ എന്നതിലല്ല കാര്യമെന്നും നാടിനോട് പ്രതിബദ്ധതയുണ്ടോ എന്നതിലാണ് കാര്യമെന്നും നാടിന് വേണ്ടിയുള്ള നയവും അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയും വേണമെന്നും സിപിഎം സംസ്ഥാന സമിതി അംഗം എം വി ജയരാജന്‍. എല്‍ഡിഎഫ് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഹാളില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യവെയാണ് രമേശ് ചെന്നിത്തലയുടെയും വി ഡി സതീശന്റെയും തലമുടിയെ ജയരാജന്‍ ട്രോളിയത്.
◾ ശബരിമലയില്‍ കുഴഞ്ഞുവീണു മരിച്ച തീര്‍ത്ഥാടകയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ സഹായം ലഭിച്ചില്ലെന്ന് ആക്ഷേപം. മല കയറ്റത്തിനിടെ മരിക്കുന്ന തീര്‍ത്ഥാടകരുടെ മൃതദേഹം ദേവസ്വം ബോര്‍ഡിന്റെ ചിലവിലാണ് നാട്ടില്‍ എത്തിച്ചു നല്‍കുന്നത്. സംസ്ഥാനത്തു അകത്തേക്ക് ആണെങ്കില്‍ 30,000 രൂപയും മറ്റു സംസ്ഥാനങ്ങളിലേക്കാണെങ്കില്‍ ഒരു ലക്ഷം വരെ ആംബുലന്‍സിനുള്ള തുകയായി അനുവദിക്കാറുണ്ട്. എന്നാല്‍, ഈ സഹായം ലഭിച്ചില്ലെന്നാണ് പരാതി.
◾ എല്‍ഡിഎഫ് ഭരണകാലത്ത് കേരളത്തില്‍ വികസനവും യുഡിഎഫ് കാലത്ത് അധോഗതിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021ല്‍ തുടര്‍ഭരണം ഉണ്ടായതോടെ പുറകോട്ട് പോക്കുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ ദില്ലിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി കെവി തോമസിന്റെ വിമാനയാത്രക്ക് അധിക തുക ധന വകുപ്പ് അനുവദിച്ചു. വിമാനയാത്ര വകയില്‍ അഞ്ച് ലക്ഷം രൂപയാണ് അധികമായി അനുവദിച്ചത്. വിമാന ടിക്കറ്റെടുത്ത ഒഡെപെകിന് തുക കൈമാറും. റഡിഡന്റ് കമ്മീഷണറുടെ യാത്രാ ചെലവും ഇതേ ശീര്‍ഷകത്തിലാണ് അനുവദിക്കുന്നത്. തുകയുടെ 90 ശതമാനവും പക്ഷെ കെവി തോമസിന്റെ യാത്രക്കാണ് വിനിയോഗിക്കുന്നത്.
◾ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബര്‍ 23 ന് സ്‌കൂളുകളില്‍ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി അഞ്ചിന് ക്ലാസുകള്‍ പുനരാരംഭിക്കും.
◾ തൃശ്ശൂര്‍ അടാട്ട് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവ് ഹരീഷ് ബിജെപിയില്‍ ചേര്‍ന്നു. അടാട്ട് പഞ്ചായത്തില്‍ അനില്‍ അക്കര പണം വാങ്ങി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണെന്ന് ഹരീഷ് ആരോപിച്ചു. സിപിഎം- കോണ്‍ഗ്രസ് അന്തര്‍ധാര സജീവമാണെന്നും പതിനാലാം വാര്‍ഡില്‍ ഡിസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് അനില്‍ അക്കര സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നും 13ന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകുമെന്നും അനില്‍ അക്കര ഇടപെടുന്ന എല്ലാ വിഷയവും സെറ്റില്‍മെന്റിന്റേതാണെന്നും ഹരീഷ് പറഞ്ഞു.
◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ആരോപണവുമായി മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പ്രീജ സുരേഷ്. സീറ്റ് നല്‍കാന്‍ തയാറാകാതെ തന്നെ ചതിച്ചുവെന്നാണ് പ്രീജ സുരേഷിന്റെ ആരോപണം. തെരഞ്ഞെടുപ്പില്‍ രാഹുലിന് വേണ്ടി പണിയെടുത്തെന്നും വ്യാജനെന്ന് പലരും പറഞ്ഞപ്പോഴും ചേര്‍ത്തുപിടിച്ചെന്നും പ്രീജ ചൂണ്ടിക്കാട്ടി. എന്നാല്‍ വ്യാജനെന്ന കാര്യം ഇപ്പോള്‍ അനുഭവത്തിലൂടെ തെളിയുകയാണ് എന്നും അവര്‍ പറഞ്ഞു.
◾ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് സിപിഐ സ്ഥാനാര്‍ത്ഥി പിന്മാറി. വാട്സ്ആപ്പ് ഗ്രൂപ്പില്‍ കുറിപ്പിട്ടാണ് സ്ഥാനാര്‍ത്ഥിയുടെ പിന്മാറ്റം. തിരുവനന്തപുരം ഊരുട്ടമ്പലം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച ജോസാണ് അവിചാരിതമായി പിന്മാറിയത്. സ്ഥാനാര്‍ത്ഥി ഒളിവിലെന്നും സൂചന. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ അടക്കം സഹകരണം ലഭിക്കില്ലെന്ന ആശങ്കയാണ് പിന്മാറ്റ കാരണം എന്നാണ് പുറത്ത് വരുന്ന വിവരം.
◾ മലപ്പുറം ജില്ലയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയതായി ജില്ല കളക്ടര്‍ വി ആര്‍ വിനോദ്. ജില്ലയില്‍ 2898 ബിഎല്‍ഓമാരാണ് ഉള്ളത്. ഇവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടാകില്ല. ഡ്യൂട്ടി ഓര്‍ഡര്‍ ലഭിച്ചവര്‍ ഉടന്‍ ബന്ധപ്പെടണമെന്നും കളക്ടര്‍ അറിയിച്ചു.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ കാരാട്ട് ഫൈസല്‍ ഇടത് സ്ഥാനാര്‍ത്ഥിയാകും. കൊടുവള്ളി നഗരസഭയിലെ 24-ാം വാര്‍ഡിലാണ് കാരാട്ട് ഫൈസല്‍ മത്സരിക്കുക. ഇടത് സ്വാതന്ത്രനായാണ് ഇക്കുറി മത്സരിക്കുന്നത്. കഴിഞ്ഞ തവണ കൊടുവള്ളിയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ നിന്നാണ് കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്.
◾ കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സംവിധായകന്‍ വിഎം വിനുവിന് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയിലും പേരില്ലെന്ന് സ്ഥിരീകരണം. വിഎം വിനുവിന് 2020ലും വോട്ട് ഉണ്ടായിരുന്നില്ലെന്നും പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം വിനു വിനിയോഗിച്ചില്ലെന്നും അസി. റിട്ടേണിങ് ഓഫീസര്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ കോണ്‍ഗ്രസ് പരാതിയില്‍ തുടര്‍ നടപടിക്ക് സാധ്യതയില്ലെന്നും അസി. റിട്ടേണിങ് ഓഫീസര്‍ അറിയിച്ചു.
◾ വോട്ടര്‍ പട്ടികയില്‍ പേര് ഒഴിവാക്കപ്പെട്ട സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ച് കോഴിക്കോട് കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വിഎം വിനു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വിഎം വിനു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
◾ വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാസം. കുട്ടിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. വടകര എംഎസിടി കോടതിയാണ് കേസ് തീര്‍പ്പാക്കിയത്. ഇന്‍ഷുറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലാണ് കേസില്‍ നിര്‍ണ്ണായകമായത്.
◾ പാലത്തായി പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ മന്ത്രിയായിരുന്നപ്പോള്‍ ഇടപെട്ടില്ലെന്ന വിമര്‍ശനത്തില്‍ പ്രതികരിച്ച് കെ കെ ശൈലജ. കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലെന്നും നിക്ഷിപ്ത താല്പര്യക്കാരാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും കെ കെ ശൈലജ പ്രതികരിച്ചു. അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും അതിജീവിതയുടെ കുടുംബവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്നും ശൈലജ പറഞ്ഞു. പെണ്‍കുട്ടിയെ കൗണ്‍സില്‍ ചെയ്തവര്‍ മോശമായി പെരുമാറിയെന്നായിരുന്നു അതിജീവിതയുടെ അമ്മ നല്‍കിയ പരാതി. കൗണ്‍സിലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ കെ കെ ശൈലജ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നുണ്ടെന്നാണ് വിവരം.
◾ തൃശ്ശൂര്‍ വരന്തരപ്പിള്ളിയില്‍ അന്തര്‍ജില്ലാ വേട്ട സംഘം പിടിയിലായി. പാലക്കാട് തിരുവേഗപ്പുറം സ്വദേശി ഫിറോസ്, വരന്തരപ്പിള്ളി നാടാംപാടം സ്വദേശി റോയ്, അബു താഹിര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ച ഓട്ടോറിക്ഷയും ബൈക്കും പിടിച്ചെടുത്തു. വരന്തരപ്പിള്ളി പുലിക്കണ്ണി സെന്ററില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
◾ മുനമ്പം ഭൂമി തര്‍ക്കം വിഷയം സുപ്രീം കോടതിയില്‍. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിച്ചു. കേരള വഖഫ് സംരക്ഷണ വേദി, ടി എം അബ്ദുള്‍ സലാം എന്നിവരാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. 1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നുമായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ട്രൈബ്യൂണലില്‍ കേസ് നിലനില്‍ക്കെ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാകില്ലെന്നാണ് സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരുടെ വാദം.
◾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി വീണ്ടും ശശി തരൂര്‍ എംപി. രാംനാഥ് ഗോയങ്ക പ്രസംഗ പരമ്പരയിലെ പ്രഭാഷണം പങ്കുവെച്ചാണ് പുകഴ്ത്തല്‍. മോദിയുടെ പ്രസംഗം സാംസ്‌കാരിക ആഹ്വാനമായും സാമ്പത്തിക വീക്ഷണകോണില്‍ മികച്ചതായും തോന്നിയെന്നാണ് ശശി തരൂരിന്റെ കുറിപ്പ്. രാംനാഥ് ഗോയങ്കെ പ്രസംഗ പരമ്പരയിലെ പ്രഭാഷണത്തെയാണ് തരൂര്‍ വാനോളം പുകഴ്ത്തിയിരിക്കുന്നത്. ദേശീയതക്കായുള്ള ആഹ്വാനവും അഭിനന്ദനാര്‍ഹമെന്ന് തരൂര്‍ കുറിപ്പില്‍ പറയുന്നു.
◾ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും ചിദംബരത്തിന്റെ മകനുമായ കാര്‍ത്തി ചിദംബരം എംപി രംഗത്ത്. ഇന്ത്യയിലെ മിക്ക പാര്‍ട്ടികളും നിയന്ത്രിക്കുന്നത് കുടുംബങ്ങളാണെന്നും അതില്‍ മാറ്റം അനിവാര്യമാണെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു. സമൂഹം മാറുന്നതിന് അനുസരിച്ച് പാര്‍ട്ടികളിലും മാറ്റം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശി തരൂരിന്റെ കുടുംബാധിപത്യത്തിനെതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് കാര്‍ത്തി ചിദംബരത്തിന്റെയും വിമര്‍ശനം ഉയരുന്നത്.
◾ കര്‍ണാടകയിലെ ബെലഗാവിയില്‍ മൂന്നു യുവാക്കള്‍ ശ്വാസം മുട്ടി മരിച്ചു. അമന്‍ നഗര്‍ സ്വദേശികളായ റിഹാന്‍ (22), മൊഹീന്‍ (23), സര്‍ഫറാസ് (22) എന്നിവരാണ് മരിച്ചത്. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ മുറിയില്‍ ഇവര്‍ മരക്കരി കത്തിച്ചിരുന്നു. ഇതില്‍ നിന്നുള്ള വിഷപ്പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്.
◾ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തേജസ്വി യാദവ്. നിയമസഭയില്‍ പ്രതിപക്ഷ നേതാവാകാനില്ലെന്ന് ആദ്യം പറഞ്ഞ തേജസ്വി, പിതാവും ആര്‍ജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ആ സ്ഥാനം ഏറ്റെടുക്കാന്‍ പിന്നീട് സമ്മതിച്ചു. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തില്‍ എംഎല്‍എ ആയി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചുവെന്നും പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.
◾ ബിഹാറില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച സഖ്യകക്ഷികള്‍ക്കിടയിലെ ചര്‍ച്ചകള്‍ അവസാന നിമിഷം പ്രതിസന്ധിയിലായി. സുപ്രധാനമായ ആഭ്യന്തര വകുപ്പ് വിട്ടുനല്‍കാന്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു വിമുഖത കാണിക്കുന്നതാണ് ഇതിന് കാരണമെന്നാണ് വിവരം. നാളെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.
◾ മുന്‍കൂറായി പരിസ്ഥിതി അനുമതി ഇല്ലാത്ത പദ്ധതികള്‍ നിയമവിധേയമാക്കുന്നത് തടഞ്ഞ മുന്‍ വിധി സുപ്രീംകോടതി തിരിച്ചെടുത്തു. നിര്‍മാണത്തിനു ശേഷം പദ്ധതികള്‍ക്കോ കെട്ടിടങ്ങള്‍ക്കോ പരിസ്ഥിതി അനുമതി നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന വനശക്തി വിധിയാണ് ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കിയ ബെഞ്ച് പിന്‍വലിച്ചത്.
◾ കടുവ സഫാരികള്‍ക്ക് മാര്‍ഗ്ഗരേഖ പുറത്തിറക്കി സുപ്രീം കോടതി. കടുവകളുടെ ആവാസ സ്ഥലങ്ങളില്‍ കടുവ സഫാരികള്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കടുവ സങ്കേത കേന്ദ്രങ്ങളിലെ കോര്‍ മേഖലകളില്‍ സഫാരികള്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. വനേതര ഭാഗങ്ങളിലോ വനങ്ങള്‍ നശിച്ച ഭാഗത്തോ മാത്രമേ സഫാരികള്‍ അനുവദിക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു.
◾ ട്രെയിനില്‍ യാത്ര ചെയ്യുന്ന ഏതൊരു യാത്രക്കാരനും തുല്യമായ സുരക്ഷ, സംരക്ഷണം, ജാഗ്രത എന്നിവയ്ക്ക് അര്‍ഹതയുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. യാത്ര ചെയ്യുന്ന ക്ലാസ് അനുസരിച്ച് ഇതിന് മാറ്റം വരുത്തരുതെന്നും കോടതി വ്യക്തമാക്കി. തിരക്കേറിയ ട്രെയിനില്‍ നിന്ന് വീണ് ഇരു കാലുകളും നഷ്ടപ്പെട്ട യാത്രക്കാരന് സുരക്ഷിതമായ യാത്രാ സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിന് റെയില്‍വേ ഉത്തരവാദിയാണെന്ന് ജസ്റ്റിസ് ഹിമാന്‍ഷു ജോഷിയുടെ ബെഞ്ച് വിധിച്ചു.
◾ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ 28 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് സബ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. നാല് പുരുഷന്‍മാര്‍ തട്ടികൊണ്ടുപോയി മയക്കുമരുന്നു നല്‍കി 48 ദിവസം പീഡിപ്പിച്ചെന്ന് പരാതി നല്‍കാനെത്തിയ യുവതിയെ സബ് ഇന്‍സ്പെക്ടര്‍ ബലാത്സംഗം ചെയ്യുകയും മറ്റൊരു ഉദ്യോഗസ്ഥന്‍ 50,000 രൂപ തട്ടിയെടുടുക്കുകയും ചെയ്തെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
◾ വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് നിലവിലെ നിരക്കിനേക്കാള്‍ 10 ഇരട്ടി വരെ വര്‍ദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഉയര്‍ന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ബാധകമാക്കുന്നതിനുള്ള പ്രായപരിധി 15 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി മാറ്റി നിശ്ചയിച്ചിട്ടുമുണ്ട്. വാഹനങ്ങളുടെ പഴക്കം അനുസരിച്ച് സര്‍ക്കാര്‍ മൂന്ന് വിഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഫീസ് വര്‍ധിപ്പിച്ചിട്ടുള്ളത്.
◾ അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദീഖി കള്ളപ്പണ നിരോധന നിയമപ്രകാരം അറസ്റ്റില്‍. ഇന്നലെ നടന്ന റെയ്ഡിന് പിന്നാലെയാണ് ഇഡിയുടെ നടപടി. ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരന്‍ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ ഒന്നിലധികം നിക്ഷേപ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജാവേദ് അഹമ്മദും അറസ്റ്റിലാവുന്നത്. കലാപവും കൊലപാതകശ്രമവും ഉള്‍പ്പെടെ കുറഞ്ഞത് നാല് കേസുകളിലെങ്കിലും ഹമൂദിനെ വിവിധ അന്വേഷണ ഏജന്‍സികള്‍ തിരയുകയായിരുന്നു.
◾ ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ദില്ലി പൊലീസ്. ദില്ലി കലാപം സമൂഹത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള ശ്രമമായിരുന്നുവെന്നും സിഎഎയ്‌ക്കെതിരായ പ്രക്ഷോഭം മാത്രമായിരുന്നില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ദില്ലിയിലേത് സ്വയമേവയുണ്ടായ കലാപമായിരുന്നില്ലെന്നും നന്നായി രൂപകല്‍പ്പന ചെയ്തതും മുന്‍കൂട്ടി ആസൂത്രണം ചെയ്തതുമായിരുന്നുവെന്നും തുഷാര്‍ മേത്ത പറഞ്ഞു.
◾ പലസ്തീനിലെ അഭയാര്‍ഥി ക്യാംപില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 4 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ലെബനനിലെ സിഡോണ്‍ നഗരത്തിലെ ഐന്‍ അല്‍-ഹില്‍വേയിലെ ക്യാംപിലാണ് ആക്രമണമുണ്ടായത്. ക്യാംപിനകത്തുള്ള ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം.
◾ എ ഐ കമ്പനികളുടെ ഓഹരിമൂല്യത്തിന് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അസാധാരണ കുതിപ്പ് അവസാനിക്കുകയും, മൂല്യമിടിയുകയും ചെയ്താല്‍ അത് എല്ലാ കമ്പനികളെയും ബാധിക്കുമെന്ന് ഗൂഗിള്‍ മാതൃ കമ്പനി ആല്‍ഫബെറ്റിന്റെ സി ഇ ഒ സുന്ദര്‍ പിച്ചൈയുടെ മുന്നറിയിപ്പ്. എ ഐ ബബിള്‍ ഉടന്‍ പൊട്ടുമെന്ന ആശങ്ക പരക്കുന്നതിനിടെയാണ് പിച്ചൈയുടെ പ്രതിരണമെന്നത് ശ്രദ്ധേയമാണ്.
◾ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന ഗാസ സമാധാന പദ്ധതിക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി അംഗീകാരം നല്‍കി. ബ്രിട്ടന്‍, ഫ്രാന്‍സ്, സൊമാലിയ ഉള്‍പ്പെടെ 13 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ആരും എതിര്‍ത്ത് വോട്ട് ചെയ്തില്ല.
◾ ന്യൂയോര്‍ക്ക് സിറ്റിയുടെ നിയുക്ത മേയര്‍ സൊഹ്റാന്‍ മംദാനി 'ഇന്ത്യന്‍ ജനതയെ വെറുക്കുന്നുവെന്ന ഗുരുതര ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാമത്തെ മകന്‍ എറിക് ട്രംപ്. ഒരുകാലത്ത് ന്യൂയോര്‍ക്ക് ലോകത്തിലെ ഏറ്റവും മഹത്തായ നഗരമായിരുന്നുവെന്നും എന്നാല്‍ ഇന്ന് എല്ലാം നശിച്ച അവസ്ഥയാണെന്നും എറിക് അഭിപ്രായപ്പെട്ടു.
◾ ഏഷ്യാകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കായുള്ള യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനോട് ഇന്ത്യക്ക് തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗ്ലാദേശ് ഇന്ത്യയെ ഞെട്ടിച്ചത്. ഇരുടീമുകളും ഏഷ്യാകപ്പിന് യോഗ്യതനേടാതെ നേരത്തേ പുറത്തായതിനാല്‍ മത്സരഫലം അപ്രസക്തമാണ്.
◾ റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഒമാനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റ് ജയത്തോടെ ഇന്ത്യ എ ടീം സെമി ഫൈനലിന് യോഗ്യത നേടി. ദോഹയില്‍ നടന്ന മത്സരത്തില്‍ ഒമാന്‍ ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 17.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 44 പന്തില്‍ പുറത്താവാതെ 53 റണ്‍സ് നേടിയ ഹര്‍ഷ് ദുബെയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
◾ ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ നേരിടുന്നത് സമാനതകളില്ലാത്ത തകര്‍ച്ച. പ്രമുഖ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ മൂല്യം ഒരുമാസത്തിനിടെ 25-30 ശതമാനത്തിനടുത്താണ് ഇടിഞ്ഞത്. 1,26,000 ഡോളര്‍ വരെ ഉയര്‍ന്ന ബിറ്റ്‌കോയിന്‍ വില നിലവില്‍ 91,040 ഡോളറിലാണ്. നിക്ഷേപകരുടെ ക്രിപ്‌റ്റോ മൂല്യത്തില്‍ കഴിഞ്ഞ ആറാഴ്ച്ചയ്ക്കിടെ 1.2 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ക്രിപ്‌റ്റോകറന്‍സികളിലെല്ലാം വീഴ്ച്ച പ്രകടമാണെങ്കിലും സ്ഥിതിഗതികള്‍ ഇത്രത്തോളം രൂക്ഷമാക്കിയത് ബിറ്റ്‌കോയിന്റെ ഇടിവാണ്. കഴിഞ്ഞ 30 ദിവസത്തിനിടെ ദീര്‍ഘകാല നിക്ഷേപകര്‍ 8,15,000 ബിറ്റ്‌കോയിനാണ് വിറ്റഴിച്ചത്. 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഇടപാടാണിത്. ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ നല്കിയിരുന്ന പ്രമുഖ കമ്പനികളിലൊന്നായ ഡാപ്പ്‌റഡാര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. 2018ല്‍ ആരംഭിച്ച ബ്ലോക്ക്‌ചെയിന്‍ കേന്ദ്രീകൃത ഡാറ്റാ അനലിറ്റിക്‌സ് കമ്പനിയാണിത്.
◾ വിജയ്- സൂര്യ കൂട്ടുകെട്ടിലിറങ്ങിയ 'ഫ്രണ്ട്സ്' എന്ന ചിത്രത്തിന്റെ റീ റിലീസ് ട്രെയിലര്‍ റിലീസ് ചെയ്തു. നവംബര്‍ 21ന് ചിത്രം തിയറ്ററുകളില്‍ എത്തും. മികച്ച 4കെ ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം ജാഗ്വാര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ബി.വിനോദ് ജെയിന്‍ ആണ് വീണ്ടും തിയറ്ററില്‍ എത്തിക്കുന്നത്. റിലീസായത്തിന്റെ 24-ാം വര്‍ഷം ആണ് ഫ്രണ്ട്സ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. മലയാള സിനിമയിലെ വന്‍ ഹിറ്റുകളിലൊന്നായിരുന്നു സിദ്ദിഖ് സംവിധാനം ചെയ്ത ഫ്രണ്ട്സ്. സിദ്ദിഖ് തന്നെ ഈ സിനിമ 2001ല്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. വിജയ്, സൂര്യ, രമേശ് ഖന്ന എന്നിവരാണ് തമിഴില്‍ അഭിനയിച്ചത്. ദേവയാനി, വിജയലക്ഷ്മി, അഭിനയശ്രീ, വടിവേലു, ശ്രീമാന്‍, ചാര്‍ളി, രാജീവ്, രാധ രവി, സന്താന ഭാരതി, മദന്‍ ബോബ്, സരിത, സത്യ പ്രിയ, എസ്. എന്‍ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
◾ സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാര്‍ക്കറ്റിംഗ് അവതരിപ്പിക്കുന്ന 'ദശാവതാരം' മലയാളം ടീസര്‍ പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റര്‍ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബര്‍ 12 ന് കേരളത്തില്‍ റിലീസ് ചെയ്യും. സുബോധ് ഖാനോല്‍ക്കര്‍ രചിച്ചു സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ അവതരിപ്പിക്കുന്നത് മാക്സ് മാര്‍ക്കറ്റിംഗ് ബാനറില്‍ ഉമേഷ് കുമാര്‍ ബന്‍സാല്‍, ബവേഷ് ജനവ്ലേക്കര്‍, വരുണ്‍ ഗുപ്ത എന്നിവരാണ്. ദിലീപ് പ്രഭാവല്‍ക്കര്‍, മഹേഷ് മഞ്ജരേക്കര്‍, ഭരത് ജാദവ്, സിദ്ധാര്‍ത്ഥ് മേനോന്‍, പ്രിയദര്‍ശിനി ഇന്‍ഡാല്‍ക്കര്‍, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെര്‍ഡെ, സുനില്‍ തവാഡെ, ആരതി വഡഗ്ബാല്‍ക്കര്‍, ലോകേഷ് മിത്തല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മറാത്തി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തില്‍ തീയേറ്റര്‍ റിലീസായെത്തുന്നത്.
◾ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നേടാന്‍ സാധിക്കാതെ ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്റെ പ്രീമിയം എസ്യുവിയായ എക്‌സ്-ട്രെയില്‍. 2025 ഒക്ടോബറില്‍ ഈ എസ്യുവിയുടെ ഒരു യൂണിറ്റ് പോലും വിറ്റുപോയില്ല. കഴിഞ്ഞ അഞ്ച് മാസമായി വില്‍പ്പന പൂജ്യം യൂണിറ്റുകളില്‍ തുടരുന്നു എന്നതാണ് അതിലും അമ്പരപ്പിക്കുന്ന കാര്യം. 2025 മെയ് മാസത്തില്‍ 20 യൂണിറ്റുകള്‍ വിറ്റഴിച്ചെങ്കിലും അതിനുശേഷം വാഹനത്തിന്റെ വില്‍പ്പനയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നാണ്. 2025 മെയ് മാസത്തിനുശേഷം അതിന്റെ അക്കൗണ്ട് തുറന്നിട്ടുപോലുമില്ല. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പ്രീമിയം അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെ നിസ്സാന്‍ അവതരിപ്പിച്ച ഒരു ഉ1സെഗ്മെന്റ് എസ്യുവിയാണ് നിസ്സാന്‍ എക്‌സ്-ട്രെയില്‍. ആധുനിക രൂപവും ആഗോള രൂപകല്‍പ്പനയും പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഹൈബ്രിഡ് സാങ്കേതികവിദ്യ (അന്താരാഷ്ട്ര പതിപ്പില്‍), ഒന്നിലധികം ഡ്രൈവിംഗ് മോഡുകള്‍, 4ഡബ്ളിയുഡി ഓപ്ഷന്‍. പ്രീമിയം ഇന്റീരിയറും നൂതന സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നു.
◾ ചില ബന്ധങ്ങള്‍ അങ്ങനെയാണ്; ഒരു മധുരനൊമ്പരമായി ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാന്‍മാത്രം വിധിക്കപ്പെട്ടതായിരിക്കും. ചിലത് സമാന്തരരേഖകള്‍പോലെ നീണ്ടുപോകും. മറ്റു ചിലത്, ഉള്ളിലിരുന്ന് ശ്വാസംമുട്ടി മരിക്കും. ചിലതാകട്ടെ, തോളോടുതോള്‍ ചേര്‍ന്ന് എക്കാലവും നിലനില്‍ക്കും. അത് സൗഹൃദമായാലും പ്രണയമായാലും. ഉക്തി, മോഹിത്, രേണുക, അരവിന്ദ്, ലോകേശ്വര്‍നാഥ്, നരേന്ദ്രന്‍, വിശ്വംഭരി... താളം തെറ്റി തുടങ്ങിയ ഈ ജീവിതങ്ങള്‍ നമ്മോട് പറയുന്നതിതാണ്. ഈ കഥകള്‍ക്ക് ചോരയുടെ മണമുണ്ട്. കണ്ണീരിന്റെ നനവുണ്ട്. 'ആവേ മരിയ ആനന്ദവല്ലി'. കാവ്യ തെരേസ. ഡിസി ബുക്സ്. വില 379 രൂപ.
◾ പൂച്ചയുമായുള്ള സ്ഥിരമായ സഹവാസം മനുഷ്യരില്‍ 'സ്‌ക്രീസോഫ്രീനിയ' എന്ന മാനസികാരോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് പുതിയ പഠനം. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് റിസര്‍ച്ചിലെ ഗവേഷകര്‍ നടത്തിയ പഠനം സ്‌ക്രീസോഫ്രീനിയ ബുളളറ്റിനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 44 വര്‍ഷങ്ങളായി യുഎസ്, യുകെ എന്നിവയുള്‍പ്പെടെ 11 രാജ്യങ്ങളിലായി നടത്തിയ 17 പഠനങ്ങള്‍ വിശകലനം ചെയ്താണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. പൂച്ചകളുമായി സമ്പര്‍ക്കം പുലര്‍ത്താത്തവരെ അപേക്ഷിച്ച് പൂച്ചയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആളുകള്‍ക്ക് മാനസിക രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് ഗവേഷകരുടെ റിപ്പോര്‍ട്ടുകള്‍. പൂച്ചകളില്‍ സാധാരണയായി കാണപ്പെടുന്ന 'ടോക്‌സോപ്ലാസ്മ ഗോണ്ടി' എന്ന പാരസൈറ്റ് അവയോടൊപ്പമുള്ള സ്ഥിരമായ സഹവാസത്തെ തുടര്‍ന്ന് മനുഷ്യരുടെ ശരീരത്തില്‍ എത്തിപ്പെടുന്നു. ഈ പാരസൈറ്റ് ശരീരത്തില്‍ കയറി കേന്ദ്ര നാഡീവ്യൂഹത്തില്‍ എത്തിയാല്‍ ന്യൂറോ ട്രാന്‍സ്മിറ്ററുകളെ ബാധിക്കുകയും ഇത് വ്യക്തിത്വ മാറ്റങ്ങള്‍, മാനസിക രോഗ ലക്ഷണങ്ങള്‍, മാനസിക വൈകല്യങ്ങള്‍ എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട മറ്റൊരു പഠനത്തിലും പൂച്ച കടിച്ചതായി റിപ്പോര്‍ട്ട് ചെയ്തവരില്‍ കൂടുതല്‍ മാനസികരോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് പൂച്ചകളോടൊപ്പം കഴിയുന്നത് ഒരു വ്യക്തിക്ക് സ്‌കീസോഫ്രീനിയ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു വഴിപോക്കന്‍ 10-12 മൈലുകള്‍ക്കകലെയുള്ള ഒരു ആരാധനാലയത്തിലേക്ക് നടന്നുപോകുകയായിരുന്നു. അത് നല്ല ഇരുട്ടുള്ള രാത്രി ആയിരുന്നു. ഗ്രാമത്തിലെ പുറമ്പോക്കിലുള്ള ഒരു ചവിട്ടുവഴി ആയതുകൊണ്ട് അവിടെയെങ്ങും ആള്‍താമസം വളരെ കുറവായിരുന്നു. ഒരു കുടിലിനു മുന്നില്‍ ഒരു റാന്തല്‍ വിളക്കും കത്തിച്ചു വെച്ചിരിക്കുന്ന ഒരാളെ ആ വഴിപോക്കന്‍ കണ്ടു. അയാളോട് വഴിപോക്കന്‍ ചോദിച്ചു : 'ഈ അര്‍ദ്ധരാത്രിയില്‍ ഒരു റാന്തല്‍ വിളക്കും കത്തിച്ചുവെച്ച് ഇങ്ങനെ ഇരിക്കുന്നത് എന്തിനാണ്?'അയാള്‍ മറുപടി പറഞ്ഞു: 'ഞാന്‍ ആരാധനാലയത്തിലേക്ക് പോകാന്‍ വേണ്ടി പുറപ്പെട്ടതാണ്. നേരം വെളുക്കുന്നതിനുമുന്‍പ് എനിക്ക് ആരാധനാലയത്തിലേക്ക് എത്തുകയും വേണം. പക്ഷേ എന്റെ തലയില്‍ മുഴുവന്‍ ഭയം വല്ലാതെ നിറഞ്ഞിരിക്കുന്നു. ആരൊക്കെയോ പറഞ്ഞുകേട്ട ഭൂതങ്ങളും പിശാചുക്കളും എല്ലാംകൂടി എന്നെ വല്ലാതെ ശ്വാസംമുട്ടിച്ചു കൊണ്ടിരിക്കുന്നു. മാത്രവുമല്ല ഈ റാന്തല്‍ വിളക്ക് വളരെ ചെറുതാണ്. വെളിച്ചം കുറവാണ്. മൂന്നടി ദൂരത്തേക്ക് മാത്രമേ അതിന്റെ വെളിച്ചം കാണാന്‍ സാധിക്കുകയുള്ളൂ.' വഴിപോക്കന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: 'ഈ കണക്കുകളും കൊണ്ട് ഇവിടെയിരുന്നാല്‍ ഒരിക്കലും പുലരും മുന്‍പ് നിങ്ങള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുകയില്ല. ആദ്യം നിങ്ങളുടെ തലയിലുള്ള ഭാരത്തെ ഒഴിവാക്കുക. എന്നിട്ട് നടക്കാന്‍ തുടങ്ങുക. ഓരോ മൂന്നടി നടക്കുംതോറും അടുത്ത മൂന്നടിയിലേക്ക് വെളിച്ചം പടര്‍ന്നുകൊണ്ടിരിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. അതാണ് ജീവിതത്തിന്റെ പാഠം. അല്ലാതെ ഇല്ലാത്ത ഭൂതത്തിന്റെയും പിശാചിന്റെയും ഭാരം പേറി ഇവിടെ ഇങ്ങനെ ഇരുന്നുകഴിഞ്ഞാല്‍ നിങ്ങളുടെ ജീവിതം തന്നെ നിങ്ങള്‍ക്ക് എന്നന്നേക്കുമായി നഷ്ടമാവും. അതുകൊണ്ട് എഴുന്നേറ്റ് നടക്കുക'. നമ്മുടെ ചിന്തകളാണ് നമ്മെ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നത്. നമ്മുടെ കഴിഞ്ഞകാല അനുഭവങ്ങള്‍, അറിവുകള്‍, ഓര്‍മ്മകള്‍, സ്വപ്നങ്ങള്‍... ഇതെല്ലാം കൂടിക്കുഴഞ്ഞു കടന്നുവരുന്നതാണ് നമ്മുടെ ചിന്തകള്‍. അതിനകത്ത് ദുര്‍ഗന്ധം വമിക്കുന്ന ചപ്പു ചവറുകള്‍ പോലെ ചില ചിന്തകള്‍ കുമിഞ്ഞുകൂടി കിടക്കുന്നുണ്ടാകും. അവകൊണ്ട് നമുക്ക് ഒരു കാര്യവുമില്ല. അവ വെറും പാഴ് വസ്തുക്കളാണ്. പക്ഷേ നമ്മള്‍ അതും താങ്ങി നടക്കുന്നു. ആ ഭാരം മൂലം മറ്റൊരു ഭാരവും ചുമക്കാനാവാതെ നമ്മള്‍ തളരുന്നു. എന്താണ് നമുക്ക് വേണ്ടത് എന്നതിനേക്കാള്‍ എന്താണ് വേണ്ടാത്തത് എന്ന് മനസ്സിലാക്കലാണ് ജീവിത വിജയത്തിന്റെ അടിസ്ഥാനം. വീഴ്ചയുടേയും തോല്‍വിയുടേയും നിരാശയുടേയും ചെയ്തുപോയ അബദ്ധങ്ങളുടേയും ഓര്‍മകളുടെ ഭാരം ഇറക്കിവെക്കുക. മുന്നോട്ട് നടക്കുക... പ്രകാശത്തിലേക്ക് നടന്നുകയറുക. - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA