2025 നവംബർ 13 വ്യാഴം
1201 തുലാം 27 മകം
1447 ജ : അവ്വൽ 22
◾ ഡല്‍ഹിയില്‍ നടന്നത് ഭീകരവാദ നീക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്ഫോടനത്തിന് പിന്നില്‍ ഗൂഢാലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ചെങ്കോട്ട സ്ഫോടനത്തില്‍ കേന്ദ്ര മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. രണ്ടുമിനിറ്റ് നേരം മൗനം ആചരിച്ചു. ദേശവിരുദ്ധ ശക്തികളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി. ഇവരെ കണ്ടെത്താന്‍ നിര്‍ദേശംനല്‍കിയെന്നും ഭീകരതയ്‌ക്കെതിരേ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് പ്രതികരണം. ഡല്‍ഹിയിലേത് നീചമായ ഭീകരാക്രമണമാണെന്നും അവരെ സഹായിച്ചവരെയും സ്‌പോണ്‍സര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും കേന്ദ്രമന്ത്രിസഭ പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കുന്നു. അതേസമയം, സ്ഫോടനത്തില്‍ പരിക്കേറ്റവരെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എല്‍എന്‍ജെപി ആശുപത്രിയിലെത്തി.
◾ ഡല്‍ഹിയിലെ ചെങ്കോട്ട സ്ഫോടനത്തിലെ പ്രതികള്‍ ഉപയോഗിച്ചിരുന്ന രണ്ടാമത്തെ കാര്‍ കണ്ടെത്തി. ചുവന്ന എക്കോ സ്പോര്‍ട്ട് കാറാണ് കണ്ടെത്തിയത്. ഫരീദാബാദ് പൊലീസാണ് വാഹനം പിടികൂടിയത്. DL 10 CK 0458 എന്ന നമ്പര്‍ കാറാണ് പൊലീസ് കണ്ടെത്തിയത്. ഖണ്ഡവാലി ഗ്രാമത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന നിലയിലായിരുന്നു കാര്‍. അതേസമയം, സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലി നഗരത്തില്‍ ഉടനീളം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് പൊലീസ്.
◾ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് നാളെ മുതല്‍ നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കും. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24.
◾ സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിയമപരമാണോയെന്ന് പരിശോധിക്കാന്‍ ആന്റി ഡിഫെയ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിക്കും. ഇത് സംബന്ധിച്ച് ജില്ലകളില്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവിട്ടു.
◾ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ സഹകരിക്കാന്‍ കോണ്‍ഗ്രസ്. ഓരോ നിയോജകമണ്ഡലത്തിന്റെയും ചുമതല ഓരോ കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ക്ക് നല്‍കാന്‍ കെപിസിസി ഭാരവാഹി യോഗത്തില്‍ തീരുമാനമായി. പാര്‍ട്ടിയുടെ ബൂത്ത് ലെവല്‍ ഏജന്റുമാരെ വോട്ടു ചേര്‍ക്കാനും പാര്‍ട്ടി അനുകൂല വോട്ട് ഉറപ്പിക്കാന്‍ സജീവമായി ഇറക്കാനാണ് തീരുമാനം. ഏജന്റുമാര്‍ ഇല്ലാത്തിടത്ത് പത്തു ദിവസത്തിനകം ആളെ നിയോഗിക്കാനാണ് തീരുമാനം.
◾ പിഎം ശ്രീ പദ്ധതിയില്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റ കാര്യം അറിയിച്ചത്. ഇതുവരെയും കത്തയക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ നേരില്‍ കാണുകയും കത്ത് വൈകുന്നതില്‍ പാര്‍ട്ടിയുടെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേന്ദ്രത്തിന് കത്തയച്ചത്.
◾ വീട്ടമ്മയായ യുവതിയുടെ മൊബൈല്‍ നമ്പര്‍ കബളിപ്പിച്ച് കൈക്കലാക്കി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സിവേണുഗോപാല്‍ എം പി ക്കെതിരെ സൈബര്‍ ആക്രമണം. യുവതി പരാതി നല്‍കിയതോടെ മൈസൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൈസൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇരിക്കൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. മൈസൂരില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ചാണ് സൈബര്‍ ആക്രമണം നടത്തിയത്.
◾ എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്വാധീന മേഖലയായ പിണറായി ഡിവിഷനില്‍ നിന്നാണ് അവര്‍ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്.
◾ ഡെപ്യൂട്ടി കലക്ടര്‍ക്ക് പിഴയിട്ട് ഹൈക്കോടതി. നിലവില്‍ കോട്ടയം ഡെപ്യൂട്ടി കലക്ടറായ എസ് ശ്രീജിത്തിനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പതിനായിരം രൂപ പിഴയിട്ടത്. പാലക്കാട് ഡെപ്യൂട്ടി കലക്ടര്‍ ആയിരിക്കെ തന്റെ ഭൂമി നെല്‍വയല്‍ ഡേറ്റാ ബാങ്കില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കണ്ണാടി സ്വദേശിയുടെ അപേക്ഷ തളളിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. നെല്‍വയല്‍ ഡേറ്റാ ബാങ്കില്‍ നിന്ന് ഈ ഭുമിയെ ഒഴിവാക്കാന്‍ ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് ഉണ്ടായിരിക്കെ ഉദ്യോഗസ്ഥന്‍ അത് പരിഗണിക്കാതിരുന്നതിനാണ് നടപടി.
◾ കൊച്ചി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എന്‍ഡിഎയില്‍ ഭിന്നത. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ നിന്നും ബിഡിജെഎസ് വിട്ടുനിന്നു. ബിഡിജെഎസ് ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കിയില്ലെന്നാണ് പരാതി. അതേസമയം, ഹിജാബ് വിവാദം ഉണ്ടായ സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. പള്ളുരുത്തി കച്ചേരിപ്പടിയിലാണ് ജോഷി കൈതവളപ്പില്‍ മത്സരിക്കുന്നത്.
◾ മൂന്നാറില്‍ വീണ്ടും ഓണ്‍ലൈന്‍ ടാക്സി തടഞ്ഞതായി പരാതി. മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാരാണ് വിദേശ വിനോദ സഞ്ചാരികളെ തടഞ്ഞത്. വിനോദ സഞ്ചാരികള്‍ മൂന്നാറില്‍ നിന്ന് കൊച്ചിയിലേക്ക് പോകാന്‍ തുടങ്ങുന്നതിനിടയാണ് സംഭവം. ഇസ്രായേലില്‍ നിന്നുള്ള വനിതകളെയാണ് ഡ്രൈവര്‍മാര്‍ തടയാന്‍ ശ്രമിച്ചത്. ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ മൂന്നാര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇടപെടുകയായിരുന്നു.
◾ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഗണിച്ചിട്ടുണ്ടെങ്കിലും മുന്‍വര്‍ഷങ്ങളിലുണ്ടായിരുന്ന പ്രാതിനിധ്യം ഇത്തവണയുണ്ടായില്ലെന്ന് അബിന്‍ വര്‍ക്കി ആരോപിച്ചു.പ്രാതിനിധ്യം തോല്‍ക്കുന്ന സീറ്റുകളില്‍ മാത്രമാകരുതെന്നും ഇനിയും നേതൃത്വം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു.
◾ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് മുന്നണി വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫിന്റെ അടിത്തറ വിപുലമാകുമെന്നും യുഡിഎഫിലേക്ക് പുതിയ കക്ഷികള്‍ വരുമെന്നും സതീശന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിപുലീകൃത മുന്നണിയായെന്നും സതീശന്‍ പറഞ്ഞു.
◾ ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന്റെ സസ്പെന്‍ഷന്‍ കേന്ദ്ര സര്‍ക്കാര്‍ 6 മാസത്തേക്ക് നീട്ടി. എന്‍ പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണം തുടരുന്നതിനാല്‍ സസ്പെന്‍ഷന്‍ നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു.
◾ ആലപ്പുഴ ബുധനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ സ്വര്‍ണ പണയം തിരിമറി നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബാങ്കിലെ മുന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അനീഷയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനൂര്‍ സ്വദേശിയായ രാഹുല്‍ 2022 ല്‍ ബുധനൂരിലെ സര്‍വ്വീസ് സഹകരണ ബാങ്കില്‍ അഞ്ചേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചിരുന്നു.തിരിമറിയില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്.
◾ സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യ പബ്ലിക് സ്‌കൂളില്‍ തുടക്കമായി. ജോസ് കെ മാണി എംപിയാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. സ്റ്റേറ്റ്, സിബിഎസ്ഇ കലോത്സവങ്ങള്‍ ഒന്നിച്ചു നടത്തുന്നതിനെപ്പറ്റി സര്‍ക്കാരും മാനേജ്മെന്റുകളും ചിന്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
◾ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ കൊച്ചിയില്‍ വിജിലന്‍സിന്റെ പിടിയിലായി. തേവര കെഎസ്ഇബി ഓഫീസിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രദീപനാണ് അറസ്റ്റിലായത്. പനമ്പള്ളി നഗറില്‍ നിര്‍മാണം നടക്കുന്ന നാല് നില അപ്പാര്‍ട്ട്മെന്റിലെ താല്‍ക്കാലിക വൈദ്യുതി കണക്ഷന്‍ സ്ഥിരപ്പെടുത്താനാണ് പ്രദീപന്‍ ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് കെട്ടിട ഉടമ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ആദ്യ ഗഡുവായി തൊണ്ണൂറായിരം രൂപ കൈമാറുന്നതിനിടെയാണ് പ്രദീപനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
◾ ബാംഗ്ലൂര്‍-ഗോവ സ്റ്റഡി ടൂര്‍ റദ്ദായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരികെ നല്‍കാതിരുന്ന ടൂര്‍ ഓപ്പറേറ്റര്‍ക്ക് തിരിച്ചടിയായി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്. 1.25 ലക്ഷം രൂപ ടൂര്‍ ഓപ്പറേറ്റര്‍ നല്‍കണമെന്നാണ് ഉത്തരവ്. തേവര, സേക്രഡ് ഹാര്‍ട്ട് കോളേജ് വിദ്യാര്‍ത്ഥിയായ ഹെലോയിസ് മാനുവല്‍, കലൂരില്‍ പ്രവര്‍ത്തിക്കുന്ന ബി.എം ടൂര്‍സ് & ട്രാവല്‍സ് എന്ന സ്ഥാപനത്തിനെതിരെ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
◾ ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. പത്ത് മണിയോടെ ട്രെന്‍ഡ് വ്യക്തമാകും. പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് മഹാഭൂരിപക്ഷത്തോടെ എന്‍ ഡി എ ഭരണം തുടരുമെന്നാണ്. ആര്‍ ജെ ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായുമെന്ന് പ്രവചിക്കുന്ന സര്‍വെ ഫലങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും മഹാസഖ്യത്തിന് ഭരണം കിട്ടുമെന്ന് ആരും പ്രവചിച്ചിട്ടില്ല. എന്നാല്‍ തേജസ്വി യാദവ് മുഖ്യമന്ത്രിയാകണമെന്ന് 34 മുതല്‍ 37 ശതമാനം വരെയാളുകള്‍ താല്‍പര്യപ്പെട്ടുന്നു എന്നാണ് വിവിധ സര്‍വെകള്‍ പറയുന്നത്. പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ലെന്നും സര്‍വേകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
◾ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് മുന്‍തൂക്കം പ്രവചിച്ച് ആക്സിസ് മൈ ഇന്‍ഡ്യ എക്സിറ്റ് പോള്‍ ഫലവും. വിവിധ വിഭാഗങ്ങളിലായി നടത്തിയ സര്‍വേയുടെ വിവരങ്ങള്‍ പുറത്ത് വിടുമ്പോള്‍ 43% വോട്ടര്‍മാരുടെ പിന്തുണ എന്‍ഡിഎക്കാണ്. തൊട്ട് പിന്നില്‍ 41 ശതമാനത്തിന്റെ പിന്തുണയാണ് മഹാസഖ്യത്തിന് പ്രവചിക്കുന്നത്.പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് 4 ശതമാനം പേരുടെ പിന്തുണയുണ്ട്. അതേസമയം തേജസ്വി യാദവ് എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളെയും തള്ളിയിരുന്നു.
◾ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയില്‍ നിന്ന് വാരണാസിയിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ലാന്‍ഡ് ചെയ്തയുടന്‍ നടത്തിയ പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമായിരുന്നു എന്ന് വ്യക്തമായി. ഭീഷണി സന്ദേശം ലഭിച്ചതോടെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം അതീവ ജാഗ്രതയിലാണ്.
◾ ഒരിക്കല്‍ അമേരിക്ക ഭീകരനായി പ്രഖ്യാപിക്കുകയും തലയ്ക്ക് 10 മില്യണ്‍ ഡോളര്‍ പാരിതോഷികം നിശ്ചയിക്കുകയും ചെയ്ത സിറിയന്‍ പ്രസിഡന്റും മുന്‍ അല്‍ഖ്വയിദ കമാന്‍ഡറുമായിരുന്ന അഹമ്മദ് അല്‍-ഷറഅയെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ സ്വീകരിച്ചു. ചരിത്രത്തിലെ പ്രധാനപ്പെട്ടതും അപ്രതീക്ഷിതവുമായ നയതന്ത്ര നീക്കമായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. 1946-ല്‍ സിറിയ സ്വാതന്ത്ര്യം നേടിയ ശേഷം ഒരു സിറിയന്‍ നേതാവ് വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്നത് ഇത് ആദ്യമാണ്.
◾ ലോകത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ന്യൂയോര്‍ക്കിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ ഇന്ത്യന്‍ വംശജന്‍ സൊഹ്റാന്‍ മംദാനിയുടെ വിജയത്തില്‍ പ്രതികരിച്ച് അതിസമ്പന്നനായ ബാരി സ്റ്റേണ്‍ലിച്. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ മംദാനിയുടെ നയങ്ങള്‍ ന്യൂയോര്‍ക്ക് നഗരം മുംബൈ പോലെയാകാന്‍ കാരണമാകുമെന്ന് അദ്ദേഹം വിമര്‍ശിച്ചു. നഗരത്തില്‍ നിന്ന് വന്‍കിട കണ്‍സ്ട്രക്ഷന്‍ കമ്പനികളെയടക്കം ആട്ടിയോടിക്കുന്നതാണ് മംദാനിയുടെ നയമെന്ന് അദ്ദേഹം വിമര്‍ശിച്ചു.
◾ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. ജനപ്രതിനിധി സഭാംഗങ്ങളായ ഡെമോക്രാറ്റുകളാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ണായക ഇ മെയിലുകള്‍ പുറത്തുവിട്ടത്. എപ്സ്റ്റീന്റെ ഇരകള്‍ക്കൊപ്പം ഡോണള്‍ഡ് ട്രംപ് മണിക്കൂറുകള്‍ ചെലവിട്ടുവെന്നും ഒരു ഇ മെയിലിലെ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച വൈറ്റ് ഹൗസ്, പ്രസിഡന്റിനെ കരിതേക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രതികരിച്ചു.
◾ സെപ്റ്റംബര്‍ പാദഫലം പുറത്തുവന്നപ്പോള്‍ ഏവിയേഷന്‍ രംഗത്തെ മുന്‍നിരക്കാരായ സ്‌പൈസ്‌ജെറ്റും ഇന്‍ഡിഗോയും വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. രണ്ടാംപാദത്തില്‍ സ്‌പൈസ്‌ജെറ്റിന്റെ വരുമാനം ഇടിയുകയും നഷ്ടം വര്‍ധിക്കുകയും ചെയ്തു. കമ്പനിയുടെ വരുമാനം മുന്‍ വര്‍ഷം സമാനപാദത്തിലെ 915 കോടി രൂപയില്‍ നിന്ന് 13 ശതമാനം താഴ്ന്ന് 792 കോടിയായി. ഈ പാദത്തില്‍ നഷ്ടത്തിലും വര്‍ധനയുണ്ടായി. 2024 സെപ്റ്റംബര്‍ പാദത്തില്‍ 458 കോടി രൂപയായിരുന്നു നഷ്ടമെങ്കില്‍ ഇപ്പോഴത് 621 കോടി രൂപയായി. ഇതിനിടെ കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ കോടതിയിലുമെത്തിയിരുന്നു. ഇന്‍ഡിഗോയും സെപ്റ്റംബര്‍ പാദത്തില്‍ കനത്ത നഷ്ടം നേരിട്ടു. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ നഷ്ടം 2,582 കോടി രൂപയാണ്. മുന്‍ വര്‍ഷം സമാനപാദത്തിലെ നഷ്ടം 986.7 കോടി രൂപയാണ്. സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 9.3 ശതമാനം വര്‍ധിച്ചിരുന്നു. ചെലവ് വര്‍ധിച്ചതാണ് നഷ്ടത്തിന്റെ ആഘാതം കൂടാന്‍ കാരണം. മുന്‍ വര്‍ഷത്തെ 16,970 കോടിയില്‍ നിന്ന് 18,555 കോടി രൂപയായിട്ടാണ് വരുമാനം ഉയര്‍ന്നത്. വിമാന ഇന്ധന വില അടക്കം കൂടിയത് ചെലവ് കൂടാന്‍ ഇടയാക്കി.
◾ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവര്‍സീസ് വിതരണ ഡീല്‍ സ്വന്തമാക്കി ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ബ്രഹ്‌മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ 'കാട്ടാളന്‍'. ഫാര്‍സ് ഫിലിംസ് ആയി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പന്‍ വിദേശ റിലീസിനായി 'കാട്ടാളന്‍' ഒരുങ്ങുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാകുന്നതിന് മുന്‍പു തന്നെ മലയാള സിനിമയിലെ പ്രീ റിലീസ് ബിസിനസ് റെക്കോര്‍ഡുകള്‍ പലതും മാറ്റി എഴുതുകയാണ് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിക്കുന്ന 'കാട്ടാളന്‍'. 'മാര്‍ക്കോ' എന്ന പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ആക്ഷന്‍ ത്രില്ലറിന് ശേഷം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രമാണിത്. നവാഗതനായ പോള്‍ ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി അവതരിപ്പിക്കുന്ന സിനിമ മെഗാ ക്യാന്‍വാസിലാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിലെ നായകനായ ആന്റണി വര്‍ഗീസിന്റെ സ്റ്റൈലിഷ് വൈല്‍ഡ് ഗെറ്റപ്പാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പുറത്ത് വിട്ടത്.
◾ അരുള്‍നിധിയും മംമ്ത മോഹന്‍ദാസും പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം 'മൈ ഡിയര്‍ സിസ്റ്ററി'ന്റെ ടൈറ്റില്‍ പ്രൊമോ വിഡിയോ പുറത്തിറങ്ങി. സിനിമയ്ക്കുള്ളിലെ സിനിമ എന്ന തരത്തില്‍ ഷൂട്ടിനിടയിലെ രസകരമായ മുഹൂര്‍ത്തങ്ങളാണ് വിഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. പ്രഭു ജയറാം രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'മൈ ഡിയര്‍ സിസ്റ്റര്‍' പാഷന്‍ സ്റ്റുഡിയോസ്, ഗോള്‍ഡ്‌മൈന്‍സ് എന്നീ പ്രൊഡക്ഷനുകളുടെ ബാനറില്‍ സുധന്‍ സുന്ദരവും മനീഷ് ഷായും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കടുത്ത മെയില്‍ ഷോവനിസ്റ്റായ പച്ചൈ കൃഷ്ണനും ഫെമിനിസ്റ്റും മൂത്ത സഹോദരിയുമായ നിര്‍മലാദേവിയും തമ്മിലുള്ള ആശയപരമായ സംഘര്‍ഷമാണ് ചിത്രത്തിന്റെ പ്രമേയം. 2024ല്‍ പുറത്തിറങ്ങിയ വിജയ് സേതുപതി ചിത്രം 'മഹാരാജ'യ്ക്ക് ശേഷം മംമ്തയുടേതായി പുറത്തിറങ്ങുന്ന തമിഴ് ചിത്രമാണ് 'മൈ ഡിയര്‍ സിസ്റ്റര്‍'. അരുണ്‍പാണ്ഡ്യന്‍, മീനാക്ഷി ഗോവിന്ദരാജന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
◾ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ പുതിയ ബൈക്ക് വിപണിയില്‍ ഇറക്കി. യമഹ എക്‌സ്എസ്ആര്‍155 എന്ന പേരിലുള്ള ബൈക്കിന് 1,49,990 രൂപയാണ് പ്രാരംഭവില (ഡല്‍ഹി എക്‌സ്‌ഷോറൂം). യമഹയുടെ ആധുനിക-റെട്രോ കുടുംബത്തിലെ ഏറ്റവും ഒതുക്കമുള്ള മോഡലാണിത്. വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷനോടുകൂടിയ 155സിസി, ലിക്വിഡ്-കൂള്‍ഡ്, ഫോര്‍-വാല്‍വ് സിംഗിള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. അസിസ്റ്റ്-ആന്‍ഡ്-സ്ലിപ്പര്‍ ക്ലച്ചുള്ള ആറ്-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ എന്‍ജിന്‍ 18.1 ബിഎച്പി കരുത്തും 14.2 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. സിറ്റി ഡ്രൈവിന് യോജിച്ച തരത്തിലാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡ്യുവല്‍-ചാനല്‍ എബിഎസും ട്രാക്ഷന്‍ നിയന്ത്രണവും ബൈക്കിനുണ്ട്. തലകീഴായ ഫ്രണ്ട് ഫോര്‍ക്കുകളും ലിങ്ക്ഡ്-ടൈപ്പ് മോണോഷോക്കുമാണ് മറ്റു പ്രത്യേകതകള്‍. പതിനേഴു ഇഞ്ച് വീല്‍ ബേസോടെ അവതരിപ്പിച്ച ഈ മോഡല്‍ മെറ്റാലിക് ഗ്രേ, വിവിഡ് റെഡ്, ഗ്രേയിഷ് ഗ്രീന്‍ മെറ്റാലിക്, മെറ്റാലിക് ബ്ലൂ, എന്നിങ്ങനെ നാല് പെയിന്റ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു.
◾ ഫിക്ഷനെ അതിന്റെ ഉന്മത്തരീതിയില്‍ വായനക്കാരനെ അനുഭവിപ്പിക്കാന്‍ ഒരു സര്‍ഗാത്മക എഴുത്തിന് എത്രകണ്ടു സാധിക്കുന്നു എന്നതാണ് അതിന്റെ ഭാവനയുടെ റിച്ടര്‍ സ്‌കെയില്‍. ആര്‍ജിത ബോധ്യങ്ങളെ കട പുഴയ്ക്കുന്നതു തന്നെ ആയിരിക്കണം അത്. കല്പിത ഭാവനയുടെ എഴുതാ പ്പുറങ്ങളിലേക്ക് എഴുത്തുചാട്ടങ്ങള്‍ നടത്തുന്ന വി ജയദേവിന്റെ ഏറ്റവും പുതിയ നോവല്‍. 'പാഹിമാം'. വി ജയദേവ്. ലോഗോസ് ബുക്സ്. വില 180 രൂപ.
◾ ഈ മൂന്ന് ഭക്ഷണങ്ങള്‍ ദിവസവും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സറിനെ തടയാന്‍ സഹായിക്കും. ബ്രൊക്കോളി, വെളുത്തുള്ളി, ക്യാരറ്റ് എന്നിവയാണിവ. ബ്രൊക്കോളിയില്‍ ക്യാന്‍സര്‍ വിരുദ്ധ ഏജന്റുകളിലൊന്നായ സള്‍ഫോറാഫെയ്ന്‍ എന്ന ഒരു തന്മാത്ര അടങ്ങിയിരിക്കുന്നു. സള്‍ഫോറാഫെയ്ന്‍ ശരീരത്തെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുക മാത്രമല്ല ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്താന്‍ കഴിയും. ബ്രൊക്കോളി പതിവായി കഴിക്കുന്നത് സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ്, വന്‍കുടല്‍ ക്യാന്‍സറുകള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. കൂടാതെ, ഹോര്‍മോണുകളെ സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു ബയോആക്ടീവ് സംയുക്തമായ ഇന്‍ഡോള്‍-3-കാര്‍ബിനോള്‍ ബ്രോക്കോളി നല്‍കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ബ്രോക്കോളി ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ഗണ്യമായി ശക്തിപ്പെടുത്തും. അല്ലിസിന്‍ എന്ന സംയുക്തം വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്നു. ഇത് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. വെളുത്തുള്ളി പതിവായി കഴിക്കുന്നവര്‍ക്ക് ആമാശയം, വന്‍കുടല്‍, സ്തനങ്ങള്‍, അന്നനാളം എന്നിവയുടെ അര്‍ബുദ സാധ്യത കുറവാണെന്ന് ചില പഠനങ്ങള്‍ പറയുന്നു. മറ്റൊരു ഭക്ഷണമാണ് ക്യാരറ്റ്. ക്യാരറ്റില്‍ കരോട്ടിനോയിഡുകള്‍, ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ക്യാന്‍സറിന് കാരണമാകുന്ന കോശങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ക്യാരറ്റ് കൂടുതലായി അടങ്ങിയ ഭക്ഷണക്രമം ശ്വാസകോശം, ആമാശയം, പ്രോസ്റ്റേറ്റ് തുടങ്ങിയ അര്‍ബുദ സാധ്യത കുറയ്ക്കുന്നതായി ഗവേഷണങ്ങള്‍ പറയുന്നു.
➖➖➖➖➖➖➖➖
Tags:
KERALA