Trending

സായാഹ്ന വാർത്തകൾ.

2025 | നവംബർ 12 | ബുധൻ 
1201 | തുലാം 26 |  ആയില്യം 

◾ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടും സിപിഎം നേതാവുമായ എ.പത്മകുമാറിന് കുരുക്കായി എന്‍ വാസുവിന്റെ റിമാന്റ് റിപ്പോര്‍ട്ട്. എന്‍ വാസു സ്വര്‍ണം ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെയെന്നാണ് റിമാന്റ് റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണം പൂശിയെന്ന പരാമര്‍ശം കമ്മീഷണര്‍ മന:പൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ പങ്ക് വ്യക്തമാക്കിയാണ് റിമാന്റ് റിപ്പോര്‍ട്ട് എന്നതാണ് ശ്രദ്ധേയം. ദേവസ്വം ഉദ്യോഗസ്ഥര്‍, പോറ്റി എന്നിവരുടെ മൊഴിയില്‍ വാസുവിന്റെ പങ്ക് വ്യക്തമാണെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിന്റെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ ഉന്നതങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. 2019ല്‍ എ പത്മകുമാര്‍ അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് കേസില്‍ പ്രതിപ്പട്ടികയിലുണ്ട്. പത്മകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അക്കാലയളവിലെ സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ മൊഴി അന്വഷണ സംഘം ശേഖരിച്ചു വരികയാണ്.

◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അഴിമതി നിരോധന വകുപ്പ്കൂടി ചുമത്തി എസ്ഐടി. എസ്ഐടി ഇന്നലെ പത്തനംതിട്ട കോടതിയിലാണ് അധിക റിപ്പോര്‍ട്ട് നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് എസ്ഐടി പറയുന്നു. കേസ് കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് മാറ്റാനാണ് തീരുമാനം.

◾ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ച വെള്ള ഹ്യൂണ്ടായ് ഐ20 കാര്‍, ഏകദേശം 12 ദിവസത്തോളം ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ ഫലാഹ് മെഡിക്കല്‍ കോളേജ് കാമ്പസില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു എന്ന് വിവരം. ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമര്‍ നബി, ആക്രമണം നടന്ന നവംബര്‍ 10-ന് രാവിലെ .പരിഭ്രാന്തനായി കോളേജ് കാമ്പസില്‍ നിന്ന് കാര്‍ പുറത്തേക്ക് ഓടിച്ചുപോയെന്ന് അന്വേഷണോദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

◾ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തില്‍ അമോണിയം നൈട്രേറ്റ് മാത്രമല്ല ഉയര്‍ന്ന സ്ഫോടനനിലവാരമുള്ള വസ്തുക്കളും ഉപയോഗിച്ചിരുന്നതായി ഫൊറന്‍സിക് സംഘം. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സ്ഫോടകവസ്തു സാമ്പിളുകളിലൊന്ന് അമോണിയം നൈട്രേറ്റിനേക്കാള്‍ ശക്തിയേറിയതാണെന്നാണ് നിഗമനം. സ്ഫോടകവസ്തുവിന്റെ സ്വഭാവം ലബോറട്ടറി പരിശോധനയ്ക്കുശേഷം സ്ഥിരീകരിക്കും.

◾ ഡല്‍ഹി ചെങ്കോട്ടയില്‍ സ്ഫോടനം നടന്ന സമയത്തെ ട്രാഫിക് സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സ്ഫോടനം നടന്ന ശേഷം സിസിടിവികള്‍ നിശ്ചലമാവുകയായിരുന്നു. റെഡ് ഫോര്‍ട്ട് ചൗക്ക് ട്രാഫിക് സിഗ്നലിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഡോ. മുസമ്മില്‍ ഒളിച്ചു താമസിച്ചത് ഹരിയാനയിലെ ഫരീദാബാദിലെ താഗ ഗ്രാമത്തിലാണെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഈ ഒളിത്താവളത്തില്‍ നിന്നും 2600 കിലോ സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയിരുന്നത്.

◾ ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വ്വകലാശാലയില്‍ പരിശോധനകള്‍ തുടരുന്നതായി പൊലീസ്. ഇവിടുത്തെ പള്ളിയിലെ പുരോഹിതനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗര്‍ സ്വദേശി മുഹമ്മദ് ഇഷ്താഖാണ് കസ്റ്റഡിയിലായത്. സര്‍വകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സര്‍വ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും പൊലീസ് അറിയിച്ചു.

◾ ഡല്‍ഹി ചെങ്കോട്ട സ്ഫോടനവുമായി ബന്ധമില്ലെന്ന് അല്‍ഫല സര്‍വകലാശാല. ചെങ്കോട്ട സ്ഫോടനത്തെ അപലപിച്ച് സര്‍വകലാശാല പ്രസ്താവന പുറത്തിറക്കി. സ്ഫോടനത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ സര്‍വകലാശാലയിലെ ജീവനക്കാര്‍ മാത്രമായിരുന്നു എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. സ്ഫോടനവുമായി സര്‍വകലാശാലയ്ക്ക് ബന്ധമുണ്ടെന്ന വാര്‍ത്തകളെ സര്‍വ്വകലാശാല നിഷേധിക്കുകയും സ്ഫോടനത്തില്‍ ഉപയോഗിച്ച തരത്തിലുള്ള രാസവസ്തുക്കളോ മറ്റു സാമഗ്രികളോ സര്‍വകലാശാലയില്‍ സൂക്ഷിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

◾ ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ 10 അംഗ സംഘം രൂപീകരിച്ച് എന്‍.ഐ.എ. എന്‍.ഐ.എ അഡീഷണല്‍ ഡയറ്കടര്‍ ജനറല്‍ വിജയ് സാഖ്റെയ്ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല. കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതിന് പിന്നാലെ ജമ്മു കശ്മീര്‍, ഡല്‍ഹി പൊലീസില്‍ നിന്ന് എന്‍ഐഎ കേസിന്റെ രേഖകള്‍ ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല.

◾ ഡല്‍ഹി ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികള്‍ കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിയതായി സൂചന. സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20 ക്ക് പുറമേ രണ്ട് കാറുകള്‍ കൂടി ഉമറും മുസമിലും വാങ്ങിയതായാണ് സൂചന. കാറുകള്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതായാണ് റിപ്പോര്‍ട്ട്.

◾ ഡല്‍ഹിയില്‍ റെഡ് ഫോര്‍ട്ടിനു സമീപം സ്ഫോടനം നടത്തിയ ഭീകരര്‍ക്ക് 3,200 കിലോ സ്ഫോടക വസ്തുക്കള്‍ ലഭിച്ചെന്ന് കണ്ടെത്തല്‍. ഇതില്‍ മൂന്നൂറ് കിലോ സ്ഫോടക വസ്തുക്കള്‍ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. ഭീകര സംഘത്തില്‍ കൂടൂതല്‍ പേരുണ്ടെന്ന നിഗമനത്തിലാണ് ഏജന്‍സികള്‍. ഭീകരരുമായി ബന്ധമുള്ള മറ്റിടങ്ങളിലും ഹരിയാന പൊലീസിന്റെ അടക്കം നേത്യത്വത്തില്‍ പരിശോധന നടക്കുകയാണ്. ഇതുവരെ കണ്ടെത്തിയത് 2900 കിലോ സ്ഫോടക വസ്തുക്കളാണ്.  

◾ ഏറ്റുമാനൂര്‍ ഉത്സവത്തിന് ആനകളെ വാടകയ്ക്കെടുത്ത വകയില്‍ 23.57 ലക്ഷം രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ രേഖ പുറത്ത്. ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ ദേവസ്വം ഉദ്യോഗസ്ഥന്‍ മുരാരിബാബുവായിരുന്നു ഉത്സവ നടത്തിപ്പിന്റെ സ്പെഷ്യല്‍ ഓഫീസര്‍. ഇക്കഴിഞ്ഞ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ ചെലവ് തുക ആവശ്യപ്പെട്ടാണ് ബോര്‍ഡിന് റിപ്പോര്‍ട്ട് കൊടുത്തത്.

◾ മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിയതായി അധികൃതര്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ ആണ് ഉത്പാദനം നിര്‍ത്തിവെച്ച് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്. ഇന്നലെ മുതല്‍ ഡിസംബര്‍ 10 വരെ നിര്‍ത്തിവയ്ക്കാന്‍ ആയിരുന്നു തീരുമാനം. പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. ഇതില്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച ശേഷമാണ് നിലയം അടക്കാന്‍ തീരുമാനം ആയത്.

◾ റോഡില്‍ അപകടമുണ്ടാകുമ്പോള്‍ നാട്ടുകാരുടെ കണ്ണുവെട്ടിക്കാന്‍ പിന്‍ഭാഗത്ത് നമ്പര്‍ പ്ലേറ്റ് മറച്ച് പായുന്ന ചരക്കുലോറികളെ പൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ്. അപകടമുണ്ടാക്കിയാലും പിടിക്കപ്പെടാതിരിക്കാനാണ് നമ്പര്‍ മറച്ചുള്ള ഈ തന്ത്രം. മറ്റു വാഹനങ്ങളെ ഇടിച്ചിട്ട് നിര്‍ത്താതെ മുങ്ങി ഇപ്പോഴും പിടികിട്ടാപ്പുള്ളികളായി വിലസുന്ന വാഹനങ്ങളില്‍ അധികവും ഇങ്ങനെ നമ്പര്‍ മറച്ചാണ് രക്ഷപ്പെടുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

◾ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നായ്ക്കളുടെ കടിയേറ്റ് മാനുകള്‍ ചത്ത സംഭവത്തില്‍ ജീവനക്കാരുടെ വീഴ്ച ഉള്‍പ്പടെ പരിശോധിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍. ജീവനക്കാര്‍ വാതില്‍ തുറന്നിട്ടോ എന്നതും പരിശോധിക്കും. സുരക്ഷാ പഴുതുകള്‍ പരിഹരിക്കുമെന്നും മാന്‍കൂട്ടിലും സിസിടിവി ക്യാമറയ്ക്ക് ശുപാര്‍ശ നല്‍കുമെന്നും പിഴവ് ആവര്‍ത്തിക്കാതിരിക്കാനുള്ള കരുതലെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് നഗരസഭയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിജെപിയില്‍ ഭിന്നത. ഭൂരിഭാഗവും സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍ പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥികളെന്നാണ് മറുഭാഗം ഉന്നയിക്കുന്നത്.സംഭവത്തില്‍ സംസ്ഥാന നേതൃത്വത്തെ വിളിച്ചു ഒരു വിഭാഗം പരാതി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

◾ കേരള സെനറ്റ് യോഗത്തില്‍ സിപിഎം അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മില്‍ വാക്കേറ്റം. ദീര്‍ഘമായ ഒരു ഇടവേളയ്ക്ക് ശേഷമാണ് കേരള സര്‍വകലാശാല സെനറ്റ് യോഗം ആരംഭിച്ചത്. ഇതിനിടെ ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു. ഗവേഷക വിദ്യാര്‍ത്ഥിയെ ജാതി പീഡനം നടത്തിയ കെ വിജയകുമാരിയെ പുറത്താക്കുക, ഡീന്‍ സ്ഥാനത്തു നിന്ന് പുറത്താക്കുക എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

◾ കേരള സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. സെനറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ വൈസ്ചാന്‍സിലറുടെ വാഹനം എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷ സാഹചര്യമുണ്ടായത്. വിസിയെ പുറത്തേക്ക് പോകാന്‍ അനുവദിക്കാതെ തടഞ്ഞിരിക്കുകയാണ് പ്രവര്‍ത്തകര്‍. സര്‍വകലാശാലയില്‍ തൊട്ട് മുന്‍പ് നടന്ന സെനറ്റ് യോഗത്തില്‍ നാടകീയ രംഗങ്ങളാണ് ഉണ്ടായത്.

◾ കോഴിക്കോട് നഗരത്തിലെ ഫ്രീ ബേര്‍ഡ്സ് പുനരധിവാസ കേന്ദ്രത്തില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായി. 11, 12,13 വയസ്സുള്ള പെണ്‍കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. എന്നാല്‍, മൂവരും സ്‌കൂളിലെത്തിയിട്ടില്ലെന്നാണ് വിവരം. രണ്ട് കുട്ടികള്‍ നടക്കാവ് ഗേള്‍സ് സ്‌കൂളിലും ഒരാള്‍ ചാലപ്പുറം സ്‌കൂളിലും ആണ് പഠിക്കുന്നത്. സംഭവത്തില്‍ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.

◾ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി കൊടിസുനിയെ ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയില്‍. തവനൂര്‍ ജയിലില്‍ നിന്നും കണ്ണൂരിലേക്ക് മാറ്റണമെന്നാണ് കൊടിസുനിയുടെ അമ്മയുടെ ആവശ്യം. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

◾ എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി, ഇവയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരുമെന്നും ഉത്തരവ് പുനപരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്നും കോടതി വ്യക്തമാക്കി. നിറം കലര്‍ത്തിയ കൃത്രിമ കുങ്കുവം കച്ചവടക്കാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തളളിയത്. സ്വാഭാവിക കുങ്കുമം വില്‍ക്കുന്നതിന് തടസമില്ല. രാസവസ്തുക്കള്‍ കലര്‍ന്ന കൃത്രിമ കുങ്കുമം മനുഷ്യനും ജീവജാലങ്ങള്‍ക്കും മാത്രമല്ല പരിസ്ഥിതിക്കും കോട്ടമുണ്ടാക്കുമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി

◾ താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡിജിപി യതീഷ് ചന്ദ്രക്കെതിരായ പരാതി ഐജി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥന്‍ ആന്വേഷിക്കണമെന്ന് ആവശ്യം. മേലുദ്യോഗസ്ഥനെതിരായ പരാതി കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചാല്‍ നിക്ഷ്പക്ഷത ഉണ്ടാകില്ലെന്ന് പരാതിക്കാരന്‍ പറയുന്നു. ഈ ആവശ്യം ഉന്നയിച്ച് വീണ്ടും ഡിജിപിക്ക് കത്തയച്ചു. കര്‍ഷക കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബിജു കണ്ണന്തറയാണ് പരാതി നല്‍കിയത്.

◾ മലപ്പുറം എടപ്പാളില്‍ മകളെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു. കണ്ടനകം സ്വദേശിനി അനിതാകുമാരി (57)യാണ് സെറിബ്രല്‍ പള്‍സി ബാധിച്ച മകള്‍ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. മകളെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചെന്നാണ് പൊലീസിന്റെ നിഗമനം.

◾ ചെങ്കോട്ട സ്ഫോടനത്തില്‍ സൈന്യം ഉപയോഗിക്കുന്ന തരം രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം ഉയരുന്നു. അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.  ഫരീദാബാദിലെ അറസ്റ്റുകള്‍ അറിഞ്ഞ ഡോ.ഉമര്‍ പരിഭ്രാന്തിയിലായെന്നും ഇല്ലെങ്കില്‍ ഇതിലും വലിയ ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

◾ ഡല്‍ഹി സ്ഫോടനത്തെക്കുറിച്ച് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ കള്ളപ്രചാരണം നടത്തുന്നു എന്ന് കേന്ദ്ര സര്‍ക്കാര്‍.സ്ഫോടനം ഇന്ത്യയുടെ നാടകം എന്നാണ് പാക് പ്രചാരണം. ഇസ്ലാമാബാദിലെ സ്ഫോടനം ഇന്ത്യ താലിബാന്‍ കൂട്ടുകെട്ട് ആസൂത്രണം ചെയ്തതെന്നാണ് പാക് മാധ്യമ പ്രചാരണം. ആക്രമണത്തില്‍ പാക് ഭീകര സംഘടന ആയ ജയ്ഷേ മുഹമ്മദിന്റെ പങ്ക് സംശയിക്കുമ്പോഴും ഇതുവരെയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

◾ ബിഹാറില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. നേതൃത്വത്തില്‍ ഉള്ള ചില നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് രാജിക്കത്തില്‍ പറയുന്നു. മറ്റു പാര്‍ട്ടിയില്‍ ചേരില്ലെന്നും അന്ത്യം വരെ കോണ്‍ഗ്രസ് ആശയങ്ങളില്‍ അടിയുറച്ചു നില്‍ക്കുമെന്നും അഹമ്മദ് വ്യക്തമാക്കി.  

◾ ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം എക്സിറ്റ് പോളുകളും എന്‍ഡിഎ സഖ്യം മികച്ച പ്രകടനത്തോടെ അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിച്ചപ്പോള്‍ ഹിന്ദി ന്യൂസ് പോര്‍ട്ടലായ ജേണോ മിറര്‍ നടത്തിയ എക്സിറ്റ് പോള്‍ ഇന്ത്യാ സഖ്യത്തിന് അനുകൂലം. ജേണോ മിറര്‍ നടത്തിയ എക്സിറ്റ് പോളില്‍ ഇന്ത്യാ സഖ്യം 130 മുതല്‍ 140 വരെ സീറ്റ് നേടുമെന്നാണ് പറയുന്നത്.

◾ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗന്‍യാനിന്റെ ക്രൂ മൊഡ്യൂളിന്റെ ഭാഗമായുള്ള പ്രധാന പാരഷൂട്ടുകളില്‍ നിര്‍ണായക പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. പൂര്‍ണമായി തുറക്കുന്നതില്‍ രണ്ട് പ്രധാന പാരഷൂട്ടുകള്‍ തമ്മില്‍ കാലതാമസമുണ്ടാകുമ്പോള്‍ മൊഡ്യൂള്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന പരീക്ഷണമാണ് നടത്തിയത്.

◾ ചൊവ്വാഴ്ച ഇസ്ലാമാബാദില്‍ 12 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാന്‍. തങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ എന്നറിയപ്പെടുന്ന പാകിസ്ഥാന്‍ താലിബാന്‍ അവകാശവാദമുന്നയിച്ചു. പാകിസ്ഥാനിലെ അനിസ്ലാമിക നിയമങ്ങള്‍ പ്രകാരം വിധികള്‍ നടപ്പിലാക്കിയ ജഡ്ജിമാര്‍, അഭിഭാഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ലക്ഷ്യമിട്ടതെന്ന് ടിടിപി പ്രസ്താവനയില്‍ പറഞ്ഞു.

◾ ചൈനയില്‍ നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്ത പാലം മാസങ്ങള്‍ക്ക് ശേഷം തകര്‍ന്നുവീണു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ് പാലം തകര്‍ന്നുവീണത്. എന്‍ജിനീയറിങ് മികവില്‍ ഏറെ പ്രശംസ നേടിയ ഹോങ്കി പാലമാണ് തകര്‍ന്നത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

◾ മലയാളി താരം സഞ്ജു സാംസണ്‍ ഐപിഎല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈയിലേക്ക് കൂടുമാറിയെന്ന് റിപ്പോര്‍ട്ടുകള്‍. ചെന്നൈ സൂപ്പര്‍ കിങ്സും രാജസ്ഥാനും തമ്മില്‍ താരക്കൈമാറ്റം സംബന്ധിച്ച് ധാരണയായതായി റിപ്പോര്‍ട്ടുകളുണ്ട്. രവീന്ദ്ര ജഡേജയും സഞ്ജുവും ഉള്‍പ്പെട്ട സ്വാപ് ഡീല്‍ വഴിയാണ് കൂടുമാറ്റമെന്നാണ് സൂചന. അതേസമയം രാജസ്ഥാനിലെത്തുന്ന ജഡേജയ്ക്ക് നായകസ്ഥാനം ലഭിച്ചേക്കാനും സാധ്യതയുണ്ട്.

◾ സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോള്‍ മ്യൂച്ച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ഒക്ടോബറില്‍ 19 ശതമാനം കുറവു വന്നു. 30,422 കോടി രൂപ സെപ്റ്റംബറില്‍ മ്യൂച്ച്വല്‍ ഫണ്ടുകളിലേക്ക് എത്തി. എന്നാലിത് ഒക്ടോബറില്‍ 24,691 കോടി രൂപയായി ഇടിഞ്ഞു. നിക്ഷേപകരുടെ രീതികളിലും ചിന്തകളിലും വന്ന മാറ്റമാണ് മ്യൂച്ച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപത്തില്‍ കുറവു വരാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണി മോശം പ്രകടനമാണ് നടത്തുന്നത്. മ്യൂച്ച്വല്‍ ഫണ്ടുകളിലായി ആകെയുള്ള നിക്ഷേപം 79.87 ലക്ഷം കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ഇത് 75.61 ലക്ഷം കോടി രൂപയായിരുന്നു. സ്‌മോള്‍ ക്യാപ് ഫണ്ടുകളിലേക്കുള്ള പണമൊഴുക്ക് മുന്‍ മാസത്തെ 4,363 കോടി രൂപയില്‍ നിന്ന് 3,476 കോടി രൂപയായി താഴ്ന്നു. ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ഉയര്‍ന്ന വില ഗോള്‍ഡ് ഇടിഎഫിലേക്കുള്ള നിക്ഷേപം ആകര്‍ഷകമാണെങ്കിലും ചെറിയ ഇടിവ് രേഖപ്പെടുത്തി. ഒക്ടോബറില്‍ 7,743 കോടി രൂപയായിരുന്നു. സെപ്റ്റംബറിലെ 8,363 കോടി രൂപയേക്കാള്‍ കുറവ്.

◾ ഇനി ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും സോറ ആപ്പ് ഉപയോഗിക്കാം. എ.ഐ വിഡിയോ ജനറേറ്റിങ് ആപ്പായ സോറ ആന്‍ഡ്രോയ്ഡില്‍ ലോഞ്ച് ചെയ്ത് ഓപണ്‍ എ. ഐ. സോറ2 ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് എ.ഐ വിഡിയോകള്‍ നിര്‍മിക്കാം. യു.എസ്, കാനഡ, തായ്വാന്‍, തായ്ലാന്‍ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ മാത്രമാണ് നിലവില്‍ ആപ്പ് ലഭ്യമാക്കിയിട്ടുള്ളത്. കാമിയോ ഫീച്ചര്‍ ഉള്‍പ്പെടെയുള്ള പ്രധാന അപ്ഡേറ്റുകള്‍ ആപ്പിലുണ്ട്. ആപ്പ് പുറത്തിറക്കി വളരെ കുറച്ച് ദിവസത്തിനുള്ളില്‍ ഒരു ദശലക്ഷം ഡൗണ്‍ലോഡുകളാണ് ഉണ്ടായത്. ചാറ്റ് ജി.പി.ടിയുടെ മാതൃ കമ്പനിയായ ഓപണ്‍ എ.ഐയുടെ സോഷ്യല്‍ വിഡിയോ ആപ്പാണ് സോറ. ഉപയോക്താക്കള്‍ സ്വന്തമായി വിഡിയോ നിര്‍മിക്കേണ്ടതില്ല എന്നതാണ് ആപ്പിന്റെ ഒരു പ്രത്യേകത. നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയാണ് കമ്പനി ആപ്പ് നിര്‍മിച്ചിരിക്കുന്നത് എന്നതിനാല്‍ വിഡിയോ, ആപ്പ് നിര്‍മിക്കും. കമ്പനിയുടെ പുതിയ വിഡിയോ മോഡലായ സോറ 2വില്‍ അധിഷ്ടിതമായാണ് സോറ ആപ്പ് നിര്‍മിച്ചിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ചെറു വിഡിയോകള്‍ നിര്‍മിക്കാനും മറ്റുള്ളവര്‍ നിര്‍മിച്ച വിഡിയോകള്‍ റീമിക്സ് ചെയ്യാനും സാധിക്കും. ദിവസവും വിഡിയോകള്‍ നിര്‍മിക്കാന്‍ പരിധിയുണ്ട്. ചാറ്റ് ജി.പി.ടി പ്രോ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് പ്രതിദിനം 100 വിഡിയോകള്‍ മാത്രമേ ലഭിക്കൂ.

◾ പുതു തലമുറ ഹൈലക്‌സ് പിക്ക്അപ്പ് ട്രക്ക് പുറത്തിറക്കി ടൊയോട്ട. പുത്തന്‍ സ്റ്റൈലില്‍ കൂടുതല്‍ ഫീച്ചറുകളുമായാണ് ഹൈലക്‌സ് എത്തുന്നത്. ആദ്യമായി ഇലക്ട്രിക്ക് മോഡലും ഹൈലക്‌സില്‍ ടൊയോട്ട പുറത്തിറക്കുന്നുണ്ട്. ഒമ്പതാം തലമുറ ഹൈലക്‌സ് ടൊയോട്ടയുടെ ആദ്യത്തെ ബോഡി ഓണ്‍ ഫ്രെയിം ഇവി കൂടിയാണ്. ടൊയോട്ടയുടെ ഐഎംവി ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് പുതിയ ഹൈലക്‌സിനെ ഒരുക്കിയിരിക്കുന്നത്. ഡ്യുവല്‍ മോട്ടോര്‍ സെറ്റ്അപ്പില്‍ 59.2 കിലോവാട്ട് ബാറ്ററിയാണ് ഹൈലക്‌സ് ഇവിയിലുള്ളത്. ഓള്‍ വീല്‍ ഡ്രൈവ് സൗകര്യമുള്ള വാഹനത്തിന് മുന്നില്‍ പരമാവധി 205 എന്‍എം ടോര്‍ക്ക് വരെയും പിന്നില്‍ 268.6എന്‍എം ടോര്‍ക്ക് വരെയും പുറത്തെടുക്കാനാവും. 715 കിലോഗ്രാമാണ് വാഹനത്തിന്റേ പേ ലോഡ് കപ്പാസിറ്റി. പിക്ക്അപ് ട്രക്കുകളുടെ വിഭാഗത്തിലെ തന്നെ മികച്ച ചാര്‍ജിങ് ഫീച്ചറുകളുമായാണ് ഹൈലക്‌സ് എത്തുന്നതെന്നും ടൊയോട്ട അറിയിക്കുന്നു. പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകളും ഹൈലക്‌സില്‍ ടൊയോട്ട അവതരിപ്പിച്ചിട്ടുണ്ട്. 2.7 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് തുടരുന്നത്.

◾ എല്ലാ വര്‍ഷവും നവംബര്‍ 12 നാണ് ലോക ന്യുമോണിയ ദിനം ആചരിക്കുന്നത്. കൊച്ചുകുട്ടികളെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുന്ന ഒരു ഗുരുതരമായ ശ്വാസകോശ അണുബാധയാണ് ന്യുമോണിയ. തണുപ്പുകാലത്ത് കുട്ടികള്‍ക്ക് ന്യുമോണിയ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം, തണുത്ത കാലാവസ്ഥയില്‍ രോഗ പ്രതിരോധശേഷി കുറയാന്‍ സാധ്യത ഉണ്ട്. ചുമ, കഫക്കെട്ട്, നെഞ്ചില്‍ പഴുപ്പ്, കഠിനമായ പനി, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി എന്നിവയാണ് കുട്ടികളിലെ ന്യുമോണിയയുടെ പ്രധാന ലക്ഷണങ്ങള്‍. കുട്ടികളില്‍ ന്യുമോണിയ വരാനുള്ള സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വ്യക്തിശുചിത്വമാണ് ന്യുമോണിയ വരാനുള്ള സാധ്യത കുറയ്ക്കാന്‍ പ്രധാനമായി വേണ്ടത്. ഇതിനായി സോപ്പും വെള്ളവും ഉപയോഗിച്ച് എപ്പോഴും കൈ കഴുകേണ്ടതിന്റെ പ്രാധാന്യം കുട്ടിയെ പഠിപ്പിക്കുക. പുറത്തുപോയി വന്നാല്‍ കൈകള്‍ നല്ലതുപോലെ കഴുകാനും ഭക്ഷണത്തിന് മുമ്പും ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷവും കൈകള്‍ കഴുകാനും കുട്ടികളെ ശീലിപ്പിക്കുക. രോഗ പ്രതിരോധശേഷി കൂട്ടുക എന്നതും പ്രധാനമാണ്. സമീകൃതാഹാരം ഏറെ പ്രധാനമാണ്. വ്യായാമം, മതിയായ ഉറക്കം എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാനും കുട്ടിയെ പ്രോത്സാഹിപ്പിക്കുക. പനി, ജലദോഷം, ചുമ, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തുടങ്ങിയവ ഉള്ളവരില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തുക. അതുപോലെ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ടിഷ്യൂ അല്ലെങ്കില്‍ കൈകള്‍ കൊണ്ട് മറയ്ക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക. വീട് വൃത്തിയായി സൂക്ഷിക്കേണ്ടതും പ്രധാനമാണ്. പൊടിയും അലര്‍ജിയും അടിഞ്ഞുകൂടുന്നത് കുറയ്ക്കാന്‍ തറ, ഫര്‍ണിച്ചറുകള്‍, പ്രതലങ്ങള്‍ എന്നിവ പതിവായി വൃത്തിയാക്കുക.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.60, പൗണ്ട് - 116.52, യൂറോ - 102.64, സ്വിസ് ഫ്രാങ്ക് - 110.85, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.92, ബഹറിന്‍ ദിനാര്‍ - 235.02, കുവൈത്ത് ദിനാര്‍ -288.52, ഒമാനി റിയാല്‍ - 230.45, സൗദി റിയാല്‍ - 23.63, യു.എ.ഇ ദിര്‍ഹം - 24.12, ഖത്തര്‍ റിയാല്‍ - 24.25, കനേഡിയന്‍ ഡോളര്‍ - 63.27.
Previous Post Next Post
3/TECH/col-right