കൊടുവള്ളി:പെരുന്നാൾ തലേ ദിവസമായ കഴിഞ്ഞ ബുധനാഴ്‌ച രാത്രി കൊടുവള്ളി ബസ് സ്റ്റാന്റിനു സമീപം എം പി സി ആശുപത്രിക്ക് മുന്നിൽ വെച്ച് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച സംഭവത്തിൽ മൂന്നു പേരെ കൊടുവള്ളി പോലിസ് കസ്റ്റഡിയിലെടുത്തു.
കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, കുന്ദമംഗലം വേളാട്ടിൽ വി അർഷാദ്, കൊടുവള്ളി വടക്കെ പുരയിൽ മുഹമ്മദ് ഷാനിദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.സംഭവം വാർത്ത ആയതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച യാണ് കൊടുവള്ളി പോലീസ് BNS 285,288 വകുപ്പുകൾ ചേർത്ത് കേസെടുത്തത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരെ പിടികൂടിയത്.പ്രതികളിൽ ഒരാളെ കൂടി ഇനി പിടികൂടാനുണ്ട്.
ദേശീയപാതയ്ക്ക് നടുവിലായിരുന്നു പടക്കം പൊട്ടിച്ച് ഒരു കൂട്ടം യുവാക്കളുടെ അതിരുവിട്ട ആഘോഷം. കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിലാണ് സംഭവം. അർധരാത്രിയോടെ യുവാക്കൾ ദേശീയപാതയ്ക്ക് നടുവിൽ വച്ച് പടക്കം പൊട്ടിക്കുകയായിരുന്നു. യുവാക്കളുടെ അഭ്യാസ പ്രകടനത്തിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ദീർഘദൂര യാത്രക്കാർ അടക്കം നടുറോഡിൽ മണിക്കൂറുകളോളം കുടുങ്ങി. പെരുന്നാൾ തലേന്ന് ആയിരുന്നു ആഘോഷം.
തിരക്കേറിയ റോഡിൽ ബസ്സ് സ്റ്റാന്റിനു സമീപം റോഡിനു നടുവിൽ ആയിരുന്നു പടക്കം പൊട്ടിച്ചും വാഹനങ്ങൾ നിർത്തിച്ചും അപകടാവസ്ഥ സൃഷ്ടിച്ചുമായിരുന്നു ആഘോഷം. ഏറെ സമയം ഗതാഗത തടസം നേരിട്ടതോടെ അതുവഴി വന്ന യാത്രക്കാർ പ്രതിഷേധവുമായി എത്തി. ഇതോടെ തർക്കം കയ്യാങ്കളിക്കും വഴിവെച്ചിരുന്നു
Tags:
KODUVALLY