2025 നവംബർ 11 ചൊവ്വ
1201 തുലാം 25 പൂയം
1447 ജ : അവ്വൽ 20
◾ ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം ഉഗ്ര സ്ഫോടനം. രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്‌ഫോടനത്തില്‍ 13 മരണം. ഇന്നലെ വൈകീട്ട് 6.52 ന് ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡിലുണ്ടായ സ്ഫോടനത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഹരിയാന രജിസ്ട്രേഷനിലുള്ള ഐ 20 കാറാണ് പൊട്ടിത്തെറിച്ചത്. വാഹനത്തില്‍ ഒന്നിലധികം ആളുണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തുണ്ടായിരുന്ന എട്ട് കാറുകളും ഇലക്ട്രിക് ഓട്ടോറിക്ഷകളും പൊട്ടിത്തെറിച്ചതോടെ കാല്‍നടയാത്രക്കാര്‍ അടക്കമുള്ളവര്‍ മരണപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. അയല്‍സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾ ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മുഹമ്മദ് സല്‍മാന്‍ എന്നയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എച്ച് ആര്‍ 26 ഇ 7674 എന്ന കാറാണ് പൊട്ടിത്തെറിച്ചത്. പരുക്കേറ്റവര്‍ ദില്ലിയിലെ എല്‍എന്‍ജിപി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഫോടനം നടന്ന സ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ചു. സ്ഫോടനത്തിന്റെ കാരണം ഇപ്പോള്‍ പറയാറായിട്ടില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അമിത് ഷാ പറഞ്ഞു. അതേസമയം സ്ഫോടനം ഭീകരാക്രമണമെന്ന സൂചനയാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്നത്.
◾ ഡല്‍ഹി ചെങ്കോട്ടയിലെ സ്ഫോടനത്തിന് ഉപയോഗിച്ച കാറിന്റെ നിലവിലെ ഉടമ ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശി താരിഖ് എന്ന് സൂചന. മൊഹമ്മദ് സല്‍മാന്‍ ആയിരുന്നു വാഹനത്തിന്റെ ആദ്യ ഉടമ. സല്‍മാനേയും കാര്‍ സല്‍മാനില്‍ നിന്ന് വാങ്ങിയ ദേവേന്ദറേയും പൊലീസ് ചോദ്യം ചെയ്തു. വാഹനം സാമ്പത്തിക ഞെരുക്കം കാരണം വിറ്റെന്നാണ് സല്‍മാന്റെ ഭാര്യ വിശദമാക്കിയത്. മറ്റൊരാള്‍ക്ക് കാര്‍ കൈമാറിയെന്നാണ് ദേവേന്ദര്‍ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.
◾ ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ എന്‍ ഐ എ അടക്കമുള്ള എല്ലാ ഏജന്‍സികളും സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഹരിയാനയില്‍ നിന്ന് ഇന്നലെ അറസ്റ്റിലായ രണ്ട് ഡോക്ടര്‍മാര്‍ക്ക് ദില്ലി സ്ഫോടനത്തില്‍ പങ്കുള്ളതായി സംശയിക്കുന്നു. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കല്‍ കോളേജുമായി ബന്ധമുള്ള ഡോക്ടര്‍മാരില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റും ഒരു അസോള്‍ട്ട് റൈഫിള്‍ അടക്കമുള്ള ആയുധ ശേഖരം പിടിച്ചെടുത്തിരുന്നു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി ചെങ്കോട്ട സ്ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് ഒപ്പമുണ്ടെന്ന് വ്യക്തമാക്കിയ മോദി അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും വിവരിച്ചു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാര്‍ത്ഥനയും പ്രധാനമന്ത്രി പങ്കുവച്ചു. സ്ഫോടന ബാധിതര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ച് സാഹചര്യം വിലയിരുത്തിയെന്നും മോദി പറഞ്ഞു. ഡല്‍ഹി പൊലീസ് കമ്മിഷണര്‍ സതീഷ് ഗോള്‍ചയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ വിടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
◾ ഡല്‍ഹിയിലെ ബോംബ് സ്ഫോടനത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തി നമ്മുടെ രാജ്യത്തിനും അവിടുത്തെ ജനങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ദില്ലിയിലെ ജനങ്ങളോടൊപ്പം കേരളം നിലകൊള്ളുമെന്നും മുഖ്യമന്ത്രി എക്സില്‍ കുറിച്ചു. ഈ ഹീനകൃത്യത്തിന് പിന്നിലുള്ളവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാകുന്ന അത്തരം ശക്തികളെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
◾ ഡല്‍ഹി ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പൊലീസ് സുരക്ഷ കൂട്ടി. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നും തിരക്കുള്ള സ്ഥലങ്ങളില്‍ ശക്തമായ പട്രോളിംഗ് വേണമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ പൊലീസിന് നിര്‍ദേശം നല്‍കി. കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
◾ ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും ഭീഷണിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫിന് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയാണെന്നും സംസ്ഥാനത്ത് മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്നും ബിജെപി ചിത്രത്തിലില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഭരണാനുകൂല തരംഗം പ്രകടമാണെന്നും തുടര്‍ഭരണം തുടര്‍ക്കഥയാകുമെന്നും അദ്ദേഹം പറഞ്ഞു.
◾ കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുമെന്നും വിഡി സതീശന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുകയല്ല, പകരം സര്‍ക്കാരിനെ വിചാരണ ചെയ്യുകയാണ് ലക്ഷ്യം. ഇപ്പോള്‍ കേരളം ഭരിക്കുന്നത് ജനവിരുദ്ധസര്‍ക്കാര്‍ ആണെന്നുള്ളത് ജനങ്ങളെ ബോധിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു.
◾ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് പ്രമുഖരെ അണിനിരത്തി എല്‍ഡിഎഫ് 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇതോടെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ മത്സര ചിത്രം തെളിഞ്ഞു. നേരത്തെ കോണ്‍ഗ്രസും, ബിജെപിയും ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.
◾ രണ്ട് ഡസന്‍ പൊലീസിന്റെ അകമ്പടിയില്‍ ജീവിച്ചയാള്‍ ഒരു പട്ടി ചത്തു കിടന്നാല്‍ കുഴിച്ചിടാന്‍ വരുമോയെന്ന് തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി വി. ജോയ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖയ്ക്കെതിരെയാണ് ജോയിയുടെ ഒളിയമ്പ്. സാധാരണക്കാരുമായി ചേര്‍ന്നുനില്‍ക്കുന്ന ആളുകളെയാണ് യഥാര്‍ഥത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുന്‍പിലും പിറകിലും എസ്‌കോര്‍ട്ട് വാഹനങ്ങളും പൈലറ്റുമെല്ലാമായി പോയിട്ടുള്ളവര്‍ ഒരു സുപ്രഭാതത്തില്‍ ജനങ്ങളെ സേവിക്കാന്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് അത് കൃത്യമായി മനസിലാകുമെന്നും ജോയി പറഞ്ഞു.
◾ തൃശൂര്‍ കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലേക്കുമുള്ള ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. തൃശൂര്‍ കോര്‍പ്പറേഷനില്‍ 24 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കെപിസിസി സെക്രട്ടറിമാരായ ജോണ്‍ ഡാനിയേല്‍ പാട്ടുരായ്ക്കലിലും സിവില്‍ സ്റ്റേഷനില്‍ എ പ്രസാദും മത്സരിക്കും. തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ കോട്ടപ്പുറത്ത് മത്സരിക്കും. നാല് ജനറല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് വനിതകളെ മത്സരിപ്പിക്കുന്നുണ്ട്.
◾https://dailynewslive.in/ തിരുവനന്തപുരത്ത് എല്‍ഡിഎഫിനെ സഹായിക്കാനാണ് കെ.മുരളീധരന്‍ ശ്രമിക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിജെപി ജയിക്കാതിരിക്കാനാണ് യുഡിഎഫ് ഇപ്പോള്‍ കാണിക്കുന്ന ഉത്സാഹമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പലയിടത്തും എല്‍ഡിഎഫ്- യുഡിഎഫ് സഖ്യങ്ങളുണ്ടെന്നും യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുമായും എസ്ഡിപിഐയുമായും രഹസ്യ സഖ്യത്തിലാണെന്നും പാലക്കാടും പന്തളവും നില നിര്‍ത്തി കൂടുതല്‍ നഗരസഭകള്‍ എന്‍ഡിഎ പിടിച്ചെടുക്കും എന്നും അദ്ദേഹം പറഞ്ഞു.
◾ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റ് നല്‍കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. കോഴിക്കോട് കോര്‍പ്പറേഷനിലും സ്ഥാനാര്‍ഥി പട്ടികയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രതിനിധ്യം ഉണ്ടാകും. കൂടുതല്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയിലേക്ക് വരുമെന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയില്ലെന്ന് യുഡിഎഫ്. പാലക്കാട്ടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഏറെക്കുറെ പൂര്‍ത്തിയായെന്നും നേതാക്കള്‍ പറയുന്നു. അതേസമയം വെല്‍ഫയര്‍ പാര്‍ട്ടിക്ക് വേണ്ടി ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ലീഗ് നേതൃത്വം ധാരണയുണ്ടാക്കിയെന്ന ആരോപണവുമായി ലീഗ് മുന്‍ ഭാരവാഹികള്‍ രംഗത്തെത്തിയിരുന്നു. ജനകീയ കൂട്ടായ്മ രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു.
◾ പാലക്കാട് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായി മലപ്പുറം ജില്ല. ആതിഥേയരായ പാലക്കാട് രണ്ടാംസ്ഥാനവും കണ്ണൂര്‍ മൂന്നാംസ്ഥാനവും നേടി. 1548 പോയിന്റും 21 ഒന്നാംസ്ഥാനങ്ങളും നേടിയാണ് മലപ്പുറം ചാമ്പ്യന്മാരായത്. വയനാട് ദ്വാരക സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസാണ് സ്‌കൂളുകളില്‍ ചാമ്പ്യന്മാര്‍. കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് രണ്ടാംസ്ഥാനവും ഇടുക്കി കൂമ്പന്‍പാറ എഫ്എംജിഎച്ച്എസ്എസ് മൂന്നാംസ്ഥാനവും നേടി.
◾ പിഎം ശ്രീ സംബന്ധിച്ച് കേരള സര്‍ക്കാര്‍ എടുത്ത നിലപാട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചതായി മന്ത്രി വി ശിവന്‍കുട്ടി. രേഖാ മൂലമല്ല അറിയിച്ചതെന്നും പിഎം ശ്രീ മരവിപ്പിച്ചുവെന്ന് കേന്ദ്രത്തോട് വാക്കാല്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫണ്ട് നഷ്ടപ്പെടാതിരിക്കാനുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി ഇനി എല്ലാം വരുന്നിടത്ത് വെച്ച് കാണാമെന്നും ബിനോയ് വിശ്വം പറയുന്നത് ചോദ്യം ചെയ്യാനുള്ള ത്രാണിയും ശേഷിയും തനിക്ക് ഇല്ലെന്നും പറഞ്ഞു.
◾ ദുര്‍മന്ത്രവാദ പ്രവൃത്തികളും ആഭിചാര ക്രിയകളും തടയുന്നതിന് നിയമം അനിവാര്യമാണെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി.കോഴിക്കോട് നടന്ന ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. കോട്ടയത്ത് പെണ്‍കുട്ടിയുടെ പരാതി ലഭിച്ചത് കൊണ്ടുമാത്രമാണ് പൊലീസിന് കേസെടുക്കാന്‍ കഴിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
◾ കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസില്‍ സംസ്‌കൃത വകുപ്പ് മേധാവി ഡോ.സി.എന്‍. വിജയകുമാരിയുടെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. വിജയകുമാരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്റെ പരാതിയില്‍ ശ്രീകാര്യം പൊലീസാണ് കേസെടുത്തത്.
◾ കൊച്ചി തമ്മനത്ത് കൂറ്റന്‍ കുടിവെള്ള ടാങ്ക് തകര്‍ന്ന് മുടങ്ങിയ ജലവിതരണം പുനസ്ഥാപിക്കുന്നത് വൈകും. ഇന്ന് വൈകിട്ടോ നാളെയോ മാത്രമേ പമ്പിങ് തുടങ്ങാനാകുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ദിവസേന മൂന്നു തവണ പമ്പിങ് നടത്തുമെന്നും വെള്ളം എത്താത്തിടത്തേക്ക് ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
◾ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി ആശുപത്രിയില്‍ നിന്നുണ്ടായ അണുബാധയെ തുടര്‍ന്ന് മരിച്ചെന്ന പരാതിയില്‍ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുറത്ത് നിന്നുള്ള വിദഗ്ദ്ധര്‍ ആയിരിക്കും പരാതി അന്വേഷിക്കുക. ആശുപത്രിയില്‍ നിന്ന് അണുബാധ ഉണ്ടാകാനുള്ള സാധ്യത പൂര്‍ണമായി തള്ളുകയാണ് എസ്എടി ആശുപത്രി അധികൃതര്‍.
◾ കെഎസ്ആര്‍ടിസി ഇന്ധനക്ഷമത മെച്ചപ്പെടുത്താനുള്ള പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നു. വണ്‍ ലിറ്റര്‍ ഡീസല്‍ ചലഞ്ച് പോലുള്ള കര്‍മ്മപരിപാടികളിലൂടെ പ്രതിമാസം ഒരു കോടി രൂപ വരെ ലാഭിക്കാനും ഡീസല്‍ ചെലവ് 100 കോടിക്ക് താഴെ എത്തിക്കാനുമാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.
◾ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറിയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ. ജയകുമാറിനെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ടുവര്‍ഷത്തേക്കാണ് നിയമനം. ബോര്‍ഡ് അംഗമായി മുന്‍ മന്ത്രിയും സിപിഐ നേതാവുമായ കെ. രാജുവിനെയും നിയമിച്ചു
◾ നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി പരിഗണിക്കുന്നത് ഈ മാസം ഇരുപതിലേക്ക് മാറ്റി. വിസ്താര നടപടികള്‍ അവസാനഘട്ടത്തിലാണ്. ഇരുപതിനോ അതിനോടടുത്ത ദിവസങ്ങളിലോ വിധി പ്രസ്താവത്തിനുളള തീയതി നിശ്ചയിക്കുമെന്നാണ് കരുതുന്നത്. നടന്‍ ദിലീപ് എട്ടാം പ്രതിയായ കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുന്നത്. 2017 ഫെബ്രുവരി 17ന് യുവനടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തെന്നും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് കേസ്.
◾ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. രാജ്യത്തോടുള്ള ബഹുമാനവും അഭിമാനബോധവും വളര്‍ത്തുന്നതിനാണ് ഈ നീക്കമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗോരഖ്പൂരില്‍ നടന്ന 'ഏകതാ യാത്ര'യിലും വന്ദേമാതരം കൂട്ടത്തോടെ ആലപിക്കുന്ന പരിപാടിയിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ബീഹാറിലെ ജെന്‍ സി വോട്ടര്‍മാര്‍ക്കിടയില്‍ കാര്യമായ സ്വാധീനമൊന്നുമില്ലെന്ന് ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകനായ പ്രശാന്ത് കിഷോര്‍. ബീഹാറിലെ 'ജെന്‍ സി വോട്ടര്‍മാര്‍ ഒറ്റക്കെട്ടായ വിഭാഗമല്ല എന്നും, അവരുടെ സ്വഭാവങ്ങള്‍ തമ്മില്‍ മാറ്റമുണ്ടെന്നും, രാഹുല്‍ ഗാന്ധിയുടെ ആഹ്വാനങ്ങള്‍ക്കനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കില്ല എന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി.
◾ തിരുമല തിരുപ്പതി ദേവസ്ഥാനത്തെത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും ഭക്തര്‍ക്കും വിതരണം ചെയ്യുന്ന പ്രധാന വഴിപാട് നേദ്യമായ ശ്രീവരി ലഡു നിര്‍മ്മിക്കുന്നതിനായി ദേവസ്ഥാനത്തിന് വിതരണം ചെയ്ത മായം ചേര്‍ത്ത നെയ്യുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപയുടെ പണമിടപാട് നടന്നതായി അന്വേഷണ സംഘത്തിന്റെ ആരോപണം.ഉത്തര്‍പ്രദേശ് ആസ്ഥാനമായുള്ള പ്രീമിയര്‍ അഗ്രി ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധമുള്ള ഹവാല ഏജന്റുമാരില്‍ നിന്ന് 50 ലക്ഷം രൂപ സ്വീകരിച്ചതായാണ് കണ്ടെത്തല്‍.
◾ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയെ പ്രശംസിച്ച ശശി തരൂരിന്റെ പ്രസ്താവനക്ക് പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചും തരൂരിന് പരോഷ പിന്തുണ നല്‍കിയും ബിജെപി രംഗത്ത്. ഐ എന്‍ സി ഇപ്പോള്‍ ഇന്‍ടോളററ്റ് നാഷണല്‍ കോണ്‍ഗ്രസ് ആയോ എന്നും പൊതുജീവിതത്തില്‍ അടിസ്ഥാന മര്യാദ പ്രകടിപ്പിക്കുന്നത് പാര്‍ട്ടിക്ക് സഹിക്കാന്‍ പോലും കഴിയില്ലേ എന്നും ബിജെപി ദേശീയ വക്താവ് സി.ആര്‍. കേശവന്‍ ചോദിച്ചു.
◾ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആളുകള്‍ നമസ്‌കരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ, കര്‍ണാടകയില്‍ സര്‍ക്കാറിനെതിരെ ബിജെപി രംഗത്ത്. സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ആര്‍എസ്എസ് പഥ സഞ്ചലനം നടത്തിയപ്പോള്‍ എതിര്‍ത്ത കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ബി ജെ പി ആരോപിച്ചു.
◾ വിമാന യാത്രക്കിടെ പെണ്‍കുട്ടിയെ കയറിപ്പിടിച്ച ഇന്ത്യക്കാരന് 21 മാസം തടവ് ശിക്ഷ വിധിച്ച് കോടതി. മുംബൈ സ്വദേശിയായ ജാവേദ് ഇനാംദാര്‍ (34) ആണ് 12 കാരിയോട് ലൈംഗിക അതിക്രമം നടത്തിയതിന് ശിക്ഷിച്ചത്. 2024 ഡിസംബര്‍ 14ന് മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് ബ്രിട്ടീഷ് എയര്‍വേഴ്സില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇയാള്‍ ഉറങ്ങിക്കിടക്കുന്ന പെണ്‍കുട്ടിയെ ആക്രമിച്ചത്.
◾ ഭീകരാക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി കനത്ത പരിശോധന. പരിശോധനയില്‍ ഏഴുപേര്‍ അറസ്റ്റിലായതായി ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് പിടിയിലായത്. വൈറ്റ് കോളര്‍ ഭീകര സംഘമാണ് പിടിയിലായതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.
◾ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. ഏകദേശം 7.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 1000 മെട്രിക് ടണ്‍ സ്വര്‍ണമാണ് കണ്ടെത്തിയത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ വെച്ച് ഏറ്റവും വലുതാണിത്. നേരത്തെ ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് ഖനിയില്‍ നിന്ന് 900 മെട്രിക് ടണ്‍ സ്വര്‍ണശേഖരം കണ്ടെത്തിയിരുന്നു. ത്രിഡി ജിയോളജിക്കല്‍ മോഡലിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഹുനാനിലെ പിങ്ജിയാങ് കൗണ്ടിയില്‍ പരിശോധന നടത്തിയത്. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് രണ്ട് കിലോമീറ്റര്‍ ആഴത്തിലുള്ള സ്വര്‍ണ അയിരുകളെപ്പോലും കണ്ടെത്താനാകും. നിലവില്‍ രണ്ട് കിലോമീറ്റര്‍ ആഴത്തില്‍ 40 തരം സ്വര്‍ണ അയിരുകളെ കണ്ടെത്തിയെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതുതന്നെ 300 മെട്രിക് ടണ്‍ വരും. മൂന്ന് കിലോമീറ്റര്‍ വരെ പോയാല്‍ കൂടുതല്‍ സ്വര്‍ണനിക്ഷേപം കണ്ടെത്താനാകുമെന്ന് ത്രിഡി മോഡലിങ് സൂചന നല്‍കുന്നുണ്ട്. വാങ്കു പ്രദേശത്ത് പുറത്തെടുത്ത പാറകളുടെ സാമ്പികളുകളില്‍ 138ഗ്രാം സ്വര്‍ണം കണ്ടെത്തിയിരുന്നു. ഭൂമിക്കടിയിലെ ഖനിയില്‍ നിന്ന് ലഭിക്കുന്ന അയിരില്‍ എട്ട് ഗ്രാമിലധികം സ്വര്‍ണം അടങ്ങിയിട്ടുണ്ടെങ്കില്‍ വലിയ കാര്യമായാണ് ഗവേഷകര്‍ കാണുന്നത്. ഈ സാഹചര്യത്തില്‍ 138 ഗ്രാം ലഭിക്കുന്നത് അപൂര്‍വവും അസാധാരണവുമാണെന്ന് വിദഗ്ധര്‍ പറയുന്നു.
◾ ശ്രീനാഥ് ഭാസിയെ നായകനാക്കി എ.ബി ബിനില്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് പൊങ്കാല. ഡിസംബറില്‍ 5 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പള്ളത്തി മീനെ പോലെ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. രഞ്ജിന്‍ രാജ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനാന്‍ ഷാ ആണ്. കേരളത്തില്‍ മാത്രം 100 തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ബാബുരാജ്, സുധീര്‍ കരമന, സമ്പത്ത് റാം, അലന്‍സിയര്‍, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോന്‍ ജോര്‍ജ്, മുരുകന്‍ മാര്‍ട്ടിന്‍, യാമി സോന, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന പൊങ്കാല ശ്രീനാഥ് ഭാസിയുടെ മഞ്ഞുമ്മല്‍ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ്.
◾ ഹരീഷ് പേരടി, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, സെന്തില്‍ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന 'മധുര കണക്ക്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ഡിസംബര്‍ നാലിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ വിഷ്ണു പേരടി, പ്രദീപ് ബാല, രമേഷ് കാപ്പാട്, ദേവരാജ്, പ്രശാന്ത് കാഞ്ഞിരമറ്റം, ബെന്‍, നിഷ സാരംഗ്, സനൂജ, ആമിന നിജാം, കെപിഎസി ലീല, രമാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഹരിഷ് പേരടിയുടെ മകന്‍ വിഷ്ണു പേരടി, ഹരി എന്ന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ ശാന്തകുമാര്‍ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. സന്തോഷ് വര്‍മ്മ, നിഷാന്ത് കൊടമന എന്നിവര്‍ എഴുതിയ വരികള്‍ക്ക് പ്രകാശ് അലക്‌സ് സംഗീതം പകരുന്നു. ഹരിശങ്കര്‍, ജാസി ഗിഫ്റ്റ്, നിത്യ മാമ്മന്‍ എന്നിവരാണ് ഗായകര്‍.
◾ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് വിഡ ബ്രാന്‍ഡിന് കീഴില്‍ വിഡ വിഎക്‌സ്2 ഗോ 3.4 കിലോവാട്ട്അവര്‍ വേരിയന്റ് പുറത്തിറക്കി. 1.02 ലക്ഷം രൂപയാണ് സ്‌കൂട്ടറിന്റെ വില (എക്‌സ്-ഷോറൂം, ഡല്‍ഹി). ബാറ്ററിക്ക് വാടക നല്‍കുന്ന തരത്തിലുള്ള സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ സ്വീകരിക്കുന്നവര്‍ക്ക് 60,000 രൂപ മുതല്‍ ആരംഭിക്കുന്ന വിലയില്‍ സ്‌കൂട്ടര്‍ ലഭിക്കും. ഒരു കിലോമീറ്ററിന് 0.90 രൂപ നിരക്കിലാണ് വാടക നല്‍കേണ്ടി വരിക. പുതിയ വേരിയന്റില്‍ 3.4 കിലോവാട്ട്അവര്‍ ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ദൂരമാണ് വിഎക്‌സ്2 ഗോ 3.4 കിലോവാട്ട്അവര്‍ വാഗ്ദാനം ചെയ്യുന്നത്. നീക്കം ചെയ്യാന്‍ കഴിയുന്ന ഡ്യുവല്‍ റിമൂവബിള്‍ ബാറ്ററിയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 6 കിലോവാട്ട് പീക്ക് പവറും 26 എന്‍എം ടോര്‍ക്കും ഉള്ള ഇലക്ട്രിക് മോട്ടോറാണ് ഇതിന്റെ കരുത്ത്. മണിക്കൂറില്‍ പരമാവധി 70 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ മോഡല്‍ ഇക്കോ, റൈഡ് എന്നി രണ്ട് റൈഡിങ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു.
◾ തീരുമാനിച്ചുറപ്പിച്ച്, ''ഞാനിതാ ട്രിപ്പ് പോവുന്നേ'' എന്നും പറഞ്ഞുള്ള യാത്രകളല്ല ഇതില്‍. ജീവിതം മുഴുക്കെ അലഞ്ഞുതിരിയുന്ന ഒരാളുടെ ഒരുപ്പോക്കുകളും എത്തിപ്പെടലുകളുമാണ്... ലക്ഷ്യമൊന്നുമില്ലാത്ത അലച്ചിലുകള്‍ക്കിടയില്‍ നിന്നും അവിടുന്നുമിവിടുന്നുമൊക്കെയായി പൊരുത്തമൊന്നും നോക്കാതെ ചീന്തിയെടുത്ത ചില സന്ദര്‍ഭങ്ങളാണ് ഉള്ളടക്കം. ഏറെ കേട്ടതും വാഴ്ത്തപ്പെട്ടതുമായ ജനപ്രിയ വിനോദ കേന്ദ്രങ്ങളിലെ വിശേഷങ്ങളെക്കാള്‍, യാദൃശ്ചികമായി എത്തിപ്പെട്ട സ്ഥലങ്ങള്‍ സമ്മാനിച്ച കൗതുകങ്ങളുടെ താളുകള്‍. കാഴ്ചകളേക്കാള്‍ അനുഭവങ്ങള്‍, അനുഭൂതികള്‍ നിറച്ചുവെച്ച പുസ്തകം. 'നൂറു നൂറു യാത്രകള്‍'.
ശൈലന്‍. ഒലീവ് പബ്ളിക്കേഷന്‍സ്. വില 342 രൂപ.
◾ ഫുഡ് ഡെലിവറി ആപ്പുകളില്‍ നിന്ന് വാങ്ങുന്ന ടേക്കവേ ഭക്ഷണം കൊണ്ടുവരുന്ന കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ പലപ്പോഴും നമ്മള്‍ സൂക്ഷിച്ചു വയ്ക്കാറുണ്ട്. ഇതുകൂടാതെ, ലുക്ക് കൊണ്ട് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കും തവികള്‍ക്കും സ്പൂണുകള്‍ക്കും ആരാധകരേറെയാണ്. ഇവയെല്ലാം ആരോഗ്യത്തിന് ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. കറുത്ത പ്ലാസ്റ്റിക്ക് കൊണ്ടു ഉണ്ടാക്കുന്ന കണ്ടെയ്‌നറുകള്‍, പാത്രങ്ങള്‍, പ്ലേറ്റുകള്‍, കപ്പുകള്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന കുപ്പികള്‍ പോലുള്ള ഫുഡ് സര്‍വീസ് വെയര്‍, അടുക്കള പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ നമ്മള്‍ ദൈനംദിന ഉപയോഗിക്കുന്നവയാണ്. ടോക്സിക് ഫ്രീ ഫ്യൂച്ചര്‍, ആംസ്റ്റര്‍ഡാമിലെ വ്രിജെ സര്‍വകലാശാല ഗവേഷകര്‍ സംയുക്തമായ നടത്തിയ പഠനത്തില്‍ കറുത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മിക്കുന്ന വിവിധ ഗാര്‍ഹിക ഉല്‍പ്പന്നങ്ങളില്‍ ഉയര്‍ന്ന അളവില്‍ ഫ്ലേം-റിട്ടാര്‍ഡന്റ് കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉയര്‍ന്ന കാന്‍സര്‍ സാധ്യതയ്ക്കും ഹോര്‍മോണ്‍ പ്രവര്‍ത്തനം തടസപ്പെടുത്തുന്നതിനും കാരണമായേക്കാം. ടെലിവിഷന്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ റീസൈക്കിള്‍ ചെയ്താണ് ഇത്തരത്തിലുള്ള വിവിധ ഗാര്‍ഹിക ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളില്‍ മാരകമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. ഫ്ലേം റിട്ടാര്‍ഡന്റുകള്‍ അടങ്ങിയ റീസൈക്കിള്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് കറുത്ത നിറമായിരിക്കും. അതുകൊണ്ടാണ് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഇത്തരം മാരകമായ രാസവസ്തുക്കള്‍ കൂടുതലായി അടങ്ങിയിരിക്കുമെന്ന് കീമോസ്ഫിയര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു പ്രശസ്ത സ്ഥാപനത്തിന്റെ ജനറല്‍ മാനേജര്‍ അദ്ദേഹത്തിന്റെ സ്റ്റാഫ് മീറ്റിംഗില്‍ നിലവാരം കുറഞ്ഞ ഒരു തമാശ പറഞ്ഞു. സ്റ്റാഫ് മീറ്റിംഗില്‍ പങ്കെടുത്ത എല്ലാവരും അതുകേട്ട് പൊട്ടിച്ചിരിച്ചു. എന്നാല്‍ ഒരാള്‍ മാത്രം ചിരിക്കാതെ ഇരുന്നു. അതു കണ്ട് അയാളുടെ തൊട്ടടുത്തിരുന്നയാള്‍ 'നീയെന്താ ചിരിക്കാത്തത്?' എന്ന് ചോദിച്ചു. അപ്പോള്‍ അയാള്‍ മറുപടി പറഞ്ഞു: 'ഞാന്‍ ഇന്ന് ഈ സ്ഥാപനത്തിലെ ജോലി രാജി വെച്ചു... ' ജനറല്‍ മാനേജരെ പ്രീതിപ്പെടുത്താന്‍ 'ഇല്ലാത്ത ചിരി' ഇനി ചിരിക്കേണ്ട ആവശ്യമില്ലല്ലോ. ഇതുപോലെയാണ് നമ്മള്‍ കാണുന്ന പല പ്രതിച്ഛായകളും. അധികാരത്തിലിരിക്കുന്നവരോട് പലരും കാണിക്കുന്ന ബഹുമാനങ്ങളില്‍ ആത്മാര്‍ഥത ഉണ്ടാവണം എന്നില്ല. അരികില്‍ നില്‍ക്കുന്ന സമയത്ത് ബഹുമാനം കാണിക്കുന്നവര്‍ തന്നെ അവിടെ നിന്ന് മാറിക്കഴിഞ്ഞാല്‍ പരദൂഷണം പറയാനും തുടങ്ങും. നിര്‍ഭാഗ്യവശാല്‍ നമ്മുടെ പ്രതിച്ഛായകള്‍ സൃഷ്ടിക്കപ്പെടുന്നത് മറ്റുള്ളവരുടെ കണ്ണുകളിലൂടെയും വാക്കുകളിലൂടെയുമാണ്. മറ്റുള്ളവരുടെ കണ്ണിലൂടെ നമ്മളെ കാണാതെ നമ്മുടെ ഉള്ളിലേക്ക് നോക്കിക്കഴിഞ്ഞാല്‍ നമ്മുടെ പ്രതിച്ഛായ എന്താണെന്ന് തിരിച്ചറിയാന്‍ കഴിയും. മറ്റൊരാള്‍ നമ്മളെ പുകഴ്ത്തുന്ന സമയത്ത് അതില്‍ നമ്മള്‍ അമിതമായി ആഹ്ലാദിക്കാതിരിക്കുക. നമ്മെപ്പറ്റി ഒരാള്‍ അപവാദം പറഞ്ഞു എന്ന് കേള്‍ക്കുന്ന സമയത്ത് നമ്മള്‍ അതിയായി ദു:ഖിക്കാതിരിക്കുക. - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA