Trending

സായാഹ്ന വാർത്തകൾ.

2025  നവംബർ 10  തിങ്കൾ 
1201  തുലാം 24   പുണർതം 

◾  സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജാഹാനാണ് പ്രഖ്യാപനം നടത്തിയത്. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ  നല്‍കാം. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.  സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതല്‍ നിലവില്‍ വന്നു. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

◾  സംസ്ഥാനത്തെ തദ്ദേശതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ഡിസംബര്‍ 9 നുള്ള ആദ്യഘട്ടത്തിലുള്ള വോട്ടെടുപ്പ്. ഡിസംബര്‍ 11 ന് നടക്കുന്ന രണ്ടാം ഘട്ടത്തില്‍ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും.

◾  സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള ഉള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. വര്‍ഗീയ കക്ഷികളുമായി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

◾  ഞങ്ങളുടെ എലാവരും പ്രമുഖ സ്ഥാനാര്‍ഥികളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാനത്ത് തദ്ദേശ തെരഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതികരണം. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് കഴിഞ്ഞുവെന്നും ഇടതുമുന്നണി വര്‍ദ്ധിത ആവേശത്തിലാണെന്നും കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം നേടുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

◾  സംസ്ഥാനത്ത് ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും രാഷ്ട്രീയ സംസ്‌കാരത്തില്‍ മാറ്റം കൊണ്ടുവരാന്‍ ലഭിച്ച അവസരമാണ് തദ്ദേശ തിരഞ്ഞെടുപ്പെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. രണ്ട് ദിവസത്തിനുള്ളില്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇതുവരെ പരിഹരിക്കാത്ത ജനങ്ങളുടെ പ്രശ്നങ്ങള്‍ ബിജെപി പരിഹരിച്ചിരിക്കുമെന്നും ബിജെപി അഴിമതിരഹിത ഭരണം കൊണ്ടുവരുമെന്നും  രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

◾  ശബരിമലയില്‍ കൊള്ള നടത്തിയവര്‍ക്ക് അനുകൂലമായി അയ്യപ്പന്‍ ചിന്തിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അയ്യപ്പന്‍ യു.ഡി.എഫിന് അനുകൂലമായി തീരുമാനം കൈക്കൊള്ളുമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വിജയിക്കുമെന്ന് പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും തീരുമാനങ്ങളെല്ലാം മുന്‍കൂട്ടിയെടുക്കാന്‍ കഴിഞ്ഞുവെന്നും ഒറ്റക്കെട്ടായി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. 

◾  കൊല്ലം കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ ഇടഞ്ഞ് കേരള കോണ്‍ഗ്രസ് (എം). മൂന്ന് സീറ്റ് വേണമെന്നാണ് കേരള കോണ്‍ഗ്രസ് (എം) ന്റെ ആവശ്യം. എന്നാല്‍ ഒരു സീറ്റ് നല്‍കാമെന്ന നിലപാടില്‍ നില്‍ക്കുകയാണ് സിപിഎം. കഴിഞ്ഞ തവണ മത്സരിച്ച പോര്‍ട്ട് ഡിവിഷന്‍ വേണമെന്നും പോര്‍ട്ട് ഡിവിഷന്‍ സിപിഐയുമായി വെച്ചു മാറില്ലെന്നും ജയസാധ്യതയില്ലാത്ത സീറ്റില്‍ മത്സരിക്കാനില്ലെന്നും കേരളാ കോണ്‍ഗ്രസ് (എം) വ്യക്തമാക്കി.

◾  തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് മുന്നോട്ടുവെച്ച വന്യജീവിഷയം, തെരുവ് നായ വിഷയം എന്നിവ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും ജോസ് കെ മാണി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജനം വോട്ട് ചെയ്യുമെന്നും യുഡിഎഫില്‍ ഉണ്ടായിരുന്നതിനേക്കാള്‍ പരിഗണനയാണ് എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസിന് കിട്ടുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി.


◾  മന്ത്രി കെ.ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയതിന് കോണ്‍ഗ്രസ് പുറത്താക്കിയ തലച്ചിറ അസീസിനെ സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് ബി. ഗണേഷ് കുമാര്‍ തലച്ചിറയിലെ വീട്ടിലെത്തി അസീസിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. ഇന്നലെയാണ് അസീസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. ഗണേഷ് കുമാര്‍ കായ്ഫലമുള്ള മരമെന്ന് അസീസ് വാഴ്ത്തിയിരുന്നു.

◾  കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണം പിടിച്ചടക്കാന്‍ സര്‍പ്രൈസ് മേയര്‍ സ്ഥാനാര്‍ത്ഥിയുമായി കോണ്‍ഗ്രസ്. സിനിമാ സംവിധായകന്‍ വി എം വിനുവിനെ കോഴിക്കോട്ടെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി മത്സരം കടുപ്പിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. വി എം വിനുവിനെ പാറോപ്പടിയിലോ ചേവായൂരിലോ മത്സരിപ്പിക്കും. വിഎം വിനുവുമായി രമേശ് ചെന്നിത്തലയും ഷാഫി പറമ്പിലും സംസാരിച്ചു. തുടര്‍ന്നാണ് മത്സരിക്കാന്‍ വിഎം വിനു സന്നദ്ധത അറിയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍.

◾  കേരളത്തില്‍ എല്ലായിടത്തും യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെ എസ് ശബരീനാഥന്‍. വിജയിക്കണം എന്ന ലക്ഷ്യം താഴെത്തട്ടിലുണ്ട്. പഴയ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോവുകയാണ്. ഇടതുപക്ഷത്തിനെതിരായ പൊതുവികാരം കോര്‍പ്പറേഷനുകളില്‍ അടക്കമുണ്ട്. ബിജെപി ഭരിക്കുന്ന പന്തളവും പാലക്കാടുമാണ് ഏറ്റവും മോശം ഭരണം നടക്കുന്ന മുന്‍സിപ്പാലിറ്റികളെന്നും കെ എസ് ശബരീനാഥന്‍ കൂട്ടിച്ചേര്‍ത്തു.

◾  തൃശൂര്‍ കോര്‍പ്പറേഷനിലടക്കം ബിജെപിയുടെ പ്രതീക്ഷ ഉയര്‍ന്നിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ബിജെപിയില്‍ ക്രമാതീതമായി പ്രതീക്ഷ വര്‍ധിച്ചുവെന്ന് ജനങ്ങള്‍ പറയുന്നതാണ് ഞങ്ങളുടെ ആത്മവിശ്വാസമെന്നും പോകുന്നയിടങ്ങളില്‍ നിന്നൊക്കെ ലഭിക്കുന്ന സൂചന അതാണെന്നും സുരേഷ് ഗോപി പറഞ്ഞു. സത്യസന്ധമായ പള്‍സ് തൃശൂരില്‍ നിന്നും അനുഭവപ്പെടുന്നുണ്ടെന്നും വികസിത് ഭാരത് 2047 എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഞങ്ങളുടെ പ്രവര്‍ത്തനം എന്നും അദ്ദേഹം പറഞ്ഞു.


◾  രാഷ്ട്ര നിര്‍മ്മിതിക്ക് ഏറ്റവും അധികം സംഭാവന നല്‍കിയിട്ടുള്ള ക്രൈസ്തവരെയും സിറോ മലബാര്‍ സമുദായത്തെയും അവഗണിക്കുന്നുവെന്ന് സിബിസിഐ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്. ദീപിക പത്രത്തിലാണ് അദ്ദേഹത്തിന്റെ ലേഖനം. 2.78 കോടി ക്രിസ്ത്യാനികളുടെ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ ചോദിച്ചു വാങ്ങേണ്ട സാഹചര്യമുണ്ടെന്നും ഈ അവകാശങ്ങള്‍ സര്‍ക്കാരുകളുടെ ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടാണ് സിബിസിഐ അധ്യക്ഷന്റെ ആവശ്യം

◾  നിര്‍മ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായി ഇടുക്കി വൈദ്യുതിനിലയം നാളെ മുതല്‍ ഒരുമാസം അടച്ചിടും. ഇതോടെ ഇടുക്കി അണകെട്ടില്‍ ഒരു മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. ജനറേറ്ററുകളുടെ വാള്‍വുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാല്‍ സുരക്ഷയെ ബാധിക്കുമെന്നും ചില വാള്‍വുകളില്‍ ഗുരുതര ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി. വൈദ്യുതി നിര്‍മ്മാണം പൂര്‍ണമായും നിര്‍ത്തിയായിരിക്കും അറ്റകുറ്റപ്പണി. ലോഡ് ഷെഡിംഗ് നടപ്പാക്കക്കേണ്ടി വരില്ല എന്നും മന്ത്രി പറഞ്ഞു.

◾  എന്‍എസ്എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ പടയൊരുക്കവുമായി നായര്‍ ഐക്യവേദി. ആലപ്പുഴ വള്ളികുന്നത്ത് വിവിധ നായര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നായര്‍ നേതൃസംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ അവഗണനയ്ക്കെതിരെയും സംഗമം പ്രതിഷേധമറിയിച്ചു. എന്‍എസ്എസിന്റെ സമീപകാല നിലപാടിനെതിരെയായിരുന്നു വള്ളികുന്നം വിദ്യാധിരാജാപുരത്ത് നായര്‍ ഐക്യവേദിയുടെ നേതൃസംഗമം. സമുദായ നന്മയ്ക്കായല്ല ഇന്നത്തെ എന്‍എസ്എസ് നേതൃത്വം പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമാണെന്നും സംഘാടകര്‍ ആരോപിച്ചു.

◾  പാലക്കാട് അട്ടപ്പാടി കരുവാര ഉന്നതിയില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം വിവരങ്ങള്‍ പുറത്ത്. നാലുവയസുകാരന്‍ അജിനേഷിന് തലക്കും നെഞ്ചിലും ഗുരുതര പരിക്കേറ്റിട്ടുണ്ട്. മരിച്ച ഏഴുവയസുകാരന്‍ ആദിക്ക് വലത് തുടയെല്ലിനും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. തുടയെല്ലിലെ മുറിവിലെ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

◾  കൊച്ചി തമ്മനത്ത് കൂറ്റന്‍ കുടിവെള്ള ടാങ്ക് തകര്‍ന്നു. ഇന്നലെ രാത്രിയാണ് സംഭവം. ജല അതോറിറ്റിയുടെ ഫീഡര്‍ ടാങ്കിന്റെ ഭിത്തിയാണ് തകര്‍ന്നത്. തുടര്‍ന്ന് മേഖലയാകെ വെള്ളക്കെട്ടിലായി. വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയിട്ടുണ്ട്. ഒരു കോടി 38 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് ആണ് തകര്‍ന്നത്. ഉമ തോമസ് എംഎല്‍എ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

◾  ജല അതോറിറ്റിയിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍മാരുടെ നിലവിലില്ലാത്ത നാലു ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ടു ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനൊരുങ്ങി സര്‍ക്കാര്‍. ഇവര്‍ക്കെതിരേയുള്ള നടപടികള്‍ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇടപെടല്‍.

◾  കാസര്‍കോട് ബളാലില്‍ വീട് വെക്കാന്‍ മണ്ണ് നീക്കിയതിന് നിര്‍ധന കുടുംബത്തിന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് 50,000 രൂപ പിഴയിട്ട സംഭവത്തില്‍ ഇടപെട്ട് കോണ്‍ഗ്രസ്. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് പാവപ്പെട്ട കുടുംബത്തോട് ചെയ്യുന്നത് വലിയ നീതികേടെന്ന് ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം പറഞ്ഞു.

◾  കണ്ണൂര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിയെ ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയാക്കി. കെ. ഷിജിനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയായി ഇന്നലെ തെരഞ്ഞെടുത്തത്. എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിലെ പതിനഞ്ചാം പ്രതിയാണ് ഷിജിന്‍. 2012 ല്‍ ഷുക്കൂറിനെ വധിക്കുമ്പോള്‍ മാടായി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡണ്ട് ആയിരുന്നു ഷിജിന്‍.

◾  വാഹനമോഷണക്കേസില്‍ പിടിയിലായ പ്രതി പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ ചാടിപ്പോയി. കര്‍ണാടക പോലീസ് തിരയുന്ന  കൊട്ടിയം സ്വദേശി രാജീവ് ഫെര്‍ണാണ്ടസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച വെളുപ്പിനെ ചാടിപ്പോയത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

◾  സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായി 2024 ല്‍ സഖ്യത്തിന് ശ്രമിച്ചുവെന്ന ബിജെപിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. സംസ്ഥാന പദവിക്ക് വേണ്ടിയോ, മറ്റൊരു ആവശ്യത്തിന് വേണ്ടിയോ ബിജെപിയുമായി സഖ്യത്തിന് ഞാന്‍ ശ്രമിച്ചിട്ടില്ലെന്ന് വിശുദ്ധ ഖുര്‍ആനില്‍ കൈ തൊട്ട് സത്യം വെക്കുന്നുവെന്നും ആരോപണമുന്നയിച്ച സുനില്‍ ശര്‍മ്മയെപ്പോലെ ഞാന്‍ ഉപജീവനത്തിനായി കള്ളം പറയാറില്ലെന്നും ഒമര്‍ അബ്ദുള്ള എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചു.

◾  വിമാനം 33000 അടി ഉയരത്തില്‍ പോകുന്നതിനിടെ എന്‍ജിന്‍ തകരാറുണ്ടായതിനെ തുടര്‍ന്ന് സ്പൈസ് ജെറ്റ് വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിംഗ്. മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട യാത്രാ വിമാനത്തിനാണ് എന്‍ജിന്‍ തകരാറ് അനുഭവപ്പെട്ടത്. എല്ലാ യാത്രക്കാരും സുരക്ഷിതരെന്നാണ് സ്പൈസ് ജെറ്റ് വിശദമാക്കിയിട്ടുള്ളത്. ലാന്‍ഡിംഗിന് പിന്നാലെ എമര്‍ജന്‍സി വാണിംഗ് പിന്‍വലിച്ചതായും വിമാനത്താവള അധികൃതര്‍ വിശദമാക്കി.

◾  റഷ്യയില്‍ പ്രതിരോധ മേഖലയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണ് അഞ്ച് പേര്‍ മരിച്ചു. വെള്ളിയാഴ്ച ആച്ചി-സു ഗ്രാമത്തിന് സമീപമാണ് കെഎ-226 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

◾  അമേരിക്കയില്‍ സര്‍ക്കാര്‍ ഷട്ട് ഡൗണ്‍ അവസാനിപ്പിക്കാന്‍ സെനറ്റില്‍ ഒത്തുതീര്‍പ്പ്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധന അനുമതി ബില്‍ ജനുവരി 31 വരെ സെനറ്റ് അംഗീകരിച്ചു. 8 ഡെമോക്രാറ്റ് അംഗങ്ങള്‍ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. ഡെമോക്രറ്റുകളുടെ പ്രധാന ആവശ്യമായ ആരോഗ്യ പരിരക്ഷ നികുതി ഇളവ് ഇപ്പോഴില്ല. ഇക്കാര്യം അടുത്ത മാസം പരിഗണിക്കാന്‍ ധാരണയായിട്ടുണ്ട്.

◾  തന്റെ കടുത്ത താരിഫ് നയങ്ങള്‍ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ആദരിക്കപ്പെടുന്നതുമായ രാജ്യമാക്കി മാറ്റിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്..ട്രംപ്. തന്റെ താരിഫ് നയത്തെ ന്യായീകരിച്ച ട്രംപ് അതിന്റെ എതിരാളികളെ വിഡ്ഢികള്‍ എന്നും വിശേഷിപ്പിച്ചു.

◾  സംസ്ഥാനത്തെ സ്വര്‍ണ വില വീണ്ടും 90,000ന് മുകളില്‍. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 11,925 രൂപയാണ് ഇന്നത്തെ വില. പവന് 880 രൂപ വര്‍ധിച്ച് 90,360 രൂപയിലുമെത്തി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ മാസം 17ന് രേഖപ്പെടുത്തിയ പവന് 97,360 രൂപയാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം 100 രൂപ കൂടി ഗ്രാമിന് 9,295 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,240 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,660 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 157 രൂപ. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകളും ചേര്‍ത്ത്  97,777 രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകും.

◾dailynewslive.  ഉപയോക്താക്കള്‍ക്ക് അധിക പരിരക്ഷ നല്‍കാന്‍ പുതിയ സുരക്ഷാ ഫീച്ചര്‍ പുറത്തിറക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹാക്കിങ് അല്ലെങ്കില്‍ ടാര്‍ഗെറ്റഡ് സൈബര്‍ ആക്രമണങ്ങളില്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ അപ്‌ഡേറ്റില്‍ പ്രൈവസി > അഡ്വാന്‍സ്ഡ് ഓപ്ഷനില്‍ 'സ്ട്രിക്ട് അക്കൗണ്ട് സെറ്റിങ്‌സ്' എന്ന പുതിയ ഓപ്ഷന്‍ ലഭ്യമാകും. സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന് ഉപയോക്താക്കള്‍ ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യണം. അജ്ഞാത അക്കൗണ്ടുകളില്‍ നിന്ന് അയക്കുന്ന മീഡിയയും അറ്റാച്ചുമെന്റുകളും തടയുക, വാട്‌സ്ആപ്പ് കോളും ചാറ്റുകളും പരിമിതപ്പെടുത്തുക, അനധികൃത മാറ്റങ്ങള്‍ തടയാന്‍ ചില സെറ്റിങ്‌സുകള്‍ ലോക്ക് ചെയ്യുക എന്നിവയും ഫീച്ചറിലുണ്ട്. എന്നാല്‍ ഫീച്ചര്‍ കോളിന്റെയും സന്ദേശത്തിന്റെയും ഗുണനിലവാരം കുറച്ചേക്കാമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു.

◾  ദുല്‍ഖര്‍ നായകനായെത്തുന്ന 'കാന്ത' ട്രെയ്‌ലര്‍ ഇതിനോടകം യൂട്യൂബില്‍ നിന്ന് 12 മില്ല്യണ്‍ കാഴ്ചക്കാരെയാണ് നേടിയത്. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായി എത്തും. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ തെലുങ്ക് ട്രെയ്‌ലര്‍ ഇതിനോടകം 7 മില്യണും തമിഴ് ട്രെയ്‌ലര്‍ 5 മില്യണ്‍ കാഴ്ചക്കാരെയുമാണ് നേടിയത്. നടിപ്പ് ചക്രവര്‍ത്തി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ടി കെ മഹാദേവന്‍ എന്ന നടന്‍ ആയാണ് ദുല്‍ഖര്‍ വേഷമിടുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് 'കാന്ത' കഥ പറയുന്നത്. സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാള്‍, നിഴല്‍കള്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.

◾  പ്രഭുദേവയുടെ 'വൂള്‍ഫ്' എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ കടുത്ത വിമര്‍ശനം. ചിത്രത്തിലെ 'സാസ സാസ' എന്ന ഗാനത്തില്‍ പ്രഭുദേവയുടെ കാലിലെ തള്ള വിരലില്‍ നടി ശ്രീഗോപിക കടിക്കുന്ന രംഗമാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. പ്രഭുദേവ, അനസൂയ ഭരദ്വാജ്, റായ് ലക്ഷ്മി, ശ്രീഗോപിക തുടങ്ങിയവരാണ് ഗാനത്തിലുള്ളത്. അതീവ ഗ്ലാമറസ് ആയാണ് നായികമാര്‍ ഗാനരംഗത്തില്‍ എത്തുന്നത്. ഗാനത്തിന്റെ അവസാന ഭാഗത്താണ് ശ്രീഗോപിക പ്രഭുദേവയുടെ വിരലില്‍ കടിക്കുന്ന രംഗമുള്ളത്. ബ്ലൂ ഫിലിമുകളുടെ നിലവാരത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് വിമര്‍ശനം. പ്രഭുദേവയുടെ മാര്‍ക്കറ്റ് ഇടിഞ്ഞതിനാലാണ് ഇത്തരം നിലവാരമില്ലാത്ത സീനുകളില്‍ അഭിനയിക്കുന്നത് എന്നും പ്രേക്ഷകര്‍ കമന്റ് ചെയ്യുന്നുണ്ട്. അംരീഷ് ആണ് ഈ ഗാനം ഒരുക്കിയത്. ഹരി ചരണിന്റേതാണ് ആലാപനം. പ്രഭുദേവയെ നായകനാക്കി വിനൂ വെങ്കിടേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൂള്‍ഫ്. മലയാളി താരം അഞ്ചു കുര്യനാണ് ചിത്രത്തിലെ നായിക.

◾  എക്‌സ്ട്രീം 125ആറിന്റെ പുതിയ ടോപ്പ് എന്‍ഡ് വേരിയന്റ് എക്‌സ്ട്രീം 125 ആര്‍ ഡ്യുവല്‍ ചാനല്‍ എബിഎസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഹീറോ മോട്ടോകോര്‍പ്. 1.04 ലക്ഷം രൂപ മുതലാണ് പുതിയ മോഡലിന്റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ചുവപ്പ്, വെള്ളി, പച്ച നിറങ്ങള്‍ക്കൊപ്പം കറുപ്പും ചേര്‍ത്തുള്ള ഡ്യുവല്‍ ടോണ്‍ കളര്‍ടോണാണ് പുതിയതായി എത്തിയിരിക്കുന്നത്. ഫീച്ചറുകളില്‍ റൈഡ് ബൈ വയര്‍ ത്രോട്ടില്‍, ക്രൂസ് കണ്‍ട്രോള്‍, റൈഡിങ് മോഡുകള്‍(പവര്‍, റോഡ്, ഇക്കോ) എന്നിവയാണ് പ്രധാനപ്പെട്ടവ. ഗ്ലാമര്‍ എക്‌സിലെ 4.2 ഇഞ്ച് എല്‍സിഡിയാണ് എക്‌സ്ട്രീം 125 ആറിലും നല്‍കിയിട്ടുള്ളത്. 125 സിസി വിഭാഗത്തില്‍ ആദ്യമായി ഡ്യുവല്‍ ചാനല്‍ എബിഎസും ഡ്യുവല്‍ ഡിസ്‌കുകളും അവതരിപ്പിക്കുന്നുവെന്നും എക്‌സ്ട്രീം 125 ആറിന്റെ ടോപ്പ് എന്‍ഡ് വകഭേദത്തിന്റെ സവിശേഷതയാണ്. 124.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് എക്‌സ്ട്രീം 125ആറിലുള്ളത്. 11.5എച്ച്പി കരുത്തും 10.5എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് ഗിയര്‍ബോക്‌സ്. എക്‌സ്ട്രീം 125ആര്‍ എബിഎസ് സിംഗിള്‍ സീറ്റ്(92,500), എക്‌സ്ട്രീം 125 ആര്‍ എബിഎസ് ഒബിഡി2ബി(92,500), എക്‌സ്ട്രീം 125ആര്‍ ഐബിഎസ് ഒബിഡി2ബി(89,000) എന്നിവയാണ് മറ്റു വേരിയന്റുകളും വിലയും.

◾  ആരാണെന്നറിയാത്ത ഒരു സഹായപ്രവര്‍ത്തകനെ അള്‍ജീരിയായില്‍ വെച്ച് കാണാതാകുന്നു. പേരറിയാത്ത മി. നോബഡിയെ അന്വേഷിച്ച് ഡിറ്റക്ടീവ് റഫീഖിന്റെ യാത്ര സ്വന്തം അസ്തിത്വം തേടിയുള്ള പ്രയാണമായി മാറുന്നു. മി. നോബഡി വര്‍ത്തമാനകാലത്തിന്റെ പരിച്ഛേദമാണെന്ന് വായനക്കാര്‍ തിരിച്ചറിയുന്നു. അഴിമതിയില്‍ മുങ്ങിയ സമൂഹത്തില്‍ സ്വന്തം വാക്കും അസ്തിത്വവും നഷ്ടപ്പെട്ട ഒരു ജനത, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളൊന്നുമില്ലാതെ ജീവിക്കുമ്പോള്‍ ''അയാള്‍ ജീവന്‍ നഷ്ടപ്പെടാതെ മരിക്കാന്‍ ആഗ്രഹിച്ചു'' എന്ന റഫീക്കിന്റെ ആത്മഗതം പ്രസക്തമാകുന്നു. സാഹിത്യത്തിനുള്ള 2023ലെ നജീബ് മഹ്ഫൂസ് മെഡല്‍ നേടിയ കൃതി. 'ആരുമില്ലാത്തവന്റെ തിരോധാനം'. അഹ്‌മദ് ത്വയ്ബാവി. പരിഭാഷ: അംജദ് അമീന്‍ കാരപ്പുറം, ഗ്രീന്‍ ബുക്സ്. വില 171 രൂപ.

◾  കണ്ണില്‍ നോക്കിയാല്‍ ഹൃദ്രോഗ സാധ്യത കണ്ടെത്താനാകുമെന്നാണ് പിഎംസി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നത്. സാധാരണ നേത്ര പരിശോധനയിലൂടെ ഹൃദയസംബന്ധമായ രോഗങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഗവേഷകയും മക്മസ്റ്റര്‍ യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്മെന്റ് ഓഫ് മെഡിസിനിലെ അസോഷ്യേറ്റ് പ്രഫസറുമായ മാരി പിജിയര്‍ പറയുന്നു. രക്ത പരിശോധനകളോ എക്കോ പരിശോധനകളോ ഇസിജിയോ നടത്തുന്നതിന് മുന്‍പ് തന്നെ രോഗ നിര്‍ണയം നേത്ര പരിശോധനയിലൂടെ നടത്താം. കണ്ണിലെ റെറ്റിനയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ വിലയിരുത്തിയാണ് ഇത് സാധ്യമാക്കുന്നത്. രക്തചംക്രമണത്തിലെ പ്രശ്നങ്ങളാണ് ഹൃദ്രോഗത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. റെറ്റിനയിലെ രക്തധമനികളുടെ ഭിത്തി കട്ടി കൂടുന്നതും തകരാര്‍ സംഭവിക്കുന്നതും ഹൃദയം ഉള്‍പ്പെടെ ശരീരത്തിലെ ഭാഗങ്ങളിലെ രക്തക്കുഴലുകളുടെ നാശത്തിന്റെ സൂചനയായി കണക്കാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. എഴുപതിനായിരത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്. ബയോളജിക്കല്‍ ഏജിങ്ങിന്റെ ആദ്യ ലക്ഷണങ്ങളും ഇവരില്‍ കാണപ്പെട്ടു. ഇവരില്‍ ഇന്‍ഫ്ലമേഷന്‍ കൂടുതലും ആയുസ്സ് കുറവുമാണെന്നു കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു. വാസ്‌കുലാര്‍ ഏജിങ് സാവധാനത്തിലാക്കാനും ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനുമുള്ള മരുന്നുകള്‍ കണ്ടെത്താനും ആയുസ്സ് വര്‍ധിപ്പിക്കാനും ഈ പഠനം സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.70, പൗണ്ട് - 116.83, യൂറോ - 102.67, സ്വിസ് ഫ്രാങ്ക് - 110.16, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.92, ബഹറിന്‍ ദിനാര്‍ - 235.28, കുവൈത്ത് ദിനാര്‍ -288.85, ഒമാനി റിയാല്‍ - 230.70, സൗദി റിയാല്‍ - 23.65, യു.എ.ഇ ദിര്‍ഹം - 24.15, ഖത്തര്‍ റിയാല്‍ - 24.37, കനേഡിയന്‍ ഡോളര്‍ - 63.30.
Previous Post Next Post
3/TECH/col-right