Trending

എം.കെ മുനീർ എം.എൽ.എയുടെ ഇടപെടൽ: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പുതിയ കെട്ടിടം

താമരശ്ശേരി:മലയോര മേഖലയിലെ പ്രധാന ആരോഗ്യ കേന്ദ്രമായ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സ്ത്രീകൾ ക്കും കുട്ടികൾക്കും വേണ്ടി ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണത്തിനായി ഒന്നാംഘട്ട ഭരണാനുമതി ലഭിച്ചു. പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി മൂന്ന് കോടി എഴുപത്തിനാലു ലക്ഷം (₹3.74 കോടി) രൂപയുടെ തുക ഈ പദ്ധതിക്കായി അനുവദിച്ചതായി കൊടുവള്ളി നിയോജകമണ്ഡല എം.എൽ.എ ഡോ. എം.കെ. മുനീർ അറിയിച്ചു.

കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഏക താലൂക്ക് ആശുപത്രിയായ താമരശ്ശേരി ഗവൺമെൻറ് ഹോസ്പിറ്റൽ, മലയോര പ്രദേശങ്ങളിലെ ആയിരക്കണക്കിന് ജനങ്ങളുടെ പ്രധാന ആശ്രയകേന്ദ്രമാണ്. നിലവിൽ ആശുപത്രിയുടെ സൗകര്യങ്ങൾ അപര്യാപ്തമായതിനാൽ രോഗികൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്ന സാഹചര്യം നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ കെട്ടിടം നിർമ്മാണം സാധ്യമാകുന്നതോടെ ഇതിന് വലിയൊരു ആശ്വാസമായി തീരും.

2019-ൽ റൂറൽ ഇൻഫറാ ഡെവലപ്മെൻറ് പദ്ധതിയുടെ ഭാഗമായി നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി ഏകദേശം 13 കോടി രൂപ ചെലവിൽ കെട്ടിട നിർമ്മാണം ആരംഭിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും നബാർഡ് ഫണ്ടിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ പദ്ധതി നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. അതോടൊപ്പം പഴയ സ്ത്രീ കളുടെയും-കുട്ടി കളുടെയും വാർഡുകൾ ഉൾപ്പെട്ട കെട്ടിടം പൊളിച്ചുനീക്കേണ്ടി വന്നതും ആശുപത്രി പ്രവർത്തനങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

എം.എൽ.എയുടെ തുടർച്ചയായ ഇടപെടലും പരിശ്രമവുമാണ് ഇപ്പോൾ  പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി അനുമതി ലഭിക്കാനുള്ള കാരണമായത്.സാങ്കേതിക അനുമതി ഉടൻ ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണപ്രവർത്തനം വേഗത്തിൽ  ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും  ഡോ. എം കെ  മുനീർ എം.എൽ.എ വാർത്താക്കുറുപ്പിൽ  അറിയിച്ചു.
Previous Post Next Post
3/TECH/col-right