Trending

പ്രഭാത വാർത്തകൾ.

2025  നവംബർ 6  വ്യാഴം 
1201  തുലാം 20  ഭരണി, കാർത്തിക 
1447  ജ : അവ്വൽ 15

◾ ശബരിമല സ്വര്‍ണകൊള്ള കേസില്‍ കട്ടവരെയെല്ലാം കുടുക്കാനുറച്ച് ഹൈക്കോടതി. 2018 മുതലുള്ള എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് എസ്.ഐ.ടിയോട് ആവശ്യപ്പെട്ട ഹൈക്കോടതി നീക്കം 2018 മുതല്‍ 2025 വരെയുള്ള ദേവസ്വം ബോര്‍ഡ് ഭരണസമിതികളെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടക്കം ശ്രീകോവിലിന്റെ വാതിലില്‍ സ്വര്‍ണ്ണം പൂശിയതില്‍ നിന്നാണ് എന്ന് ഹൈക്കോടതി എസ്.ഐ.ടിയോട് വ്യക്തമാക്കി. വാതില്‍ സ്വര്‍ണ്ണം പൂശിയ കാലഘട്ടമായ 2019-ലെ കെ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് കോടതിയുടെ ഈ നിരീക്ഷണം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സന്നിധാനത്ത് പരമാധികാരിയാക്കി മാറ്റാന്‍ സഹായിച്ച, അദ്ദേഹത്തെ അവിടെ അവതരിപ്പിച്ച യഥാര്‍ത്ഥ 'മൂര്‍ത്തി' അഥവാ സ്‌പോണ്‍സര്‍ ആരാണെന്ന് കണ്ടെത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

◾ രണ്ടര കിലോ സ്വര്‍ണം പൊതിഞ്ഞ ശബരിമലയിലെ വാതിലുകള്‍ എവിടെയെന്ന് കണ്ടെത്തണമെന്ന് ഹൈക്കോടതി. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുവന്ന പുതിയ വാതിലുകളില്‍ 324 ഗ്രാം സ്വര്‍ണം മാത്രമാണുള്ളതെന്നും പ്രത്യേക അന്വേഷണ സംഘം ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ ആവശ്യപ്പെട്ടു. വിജയ് മല്യ 1998-ല്‍ സംഭാവന ചെയ്ത രണ്ടര കിലോ സ്വര്‍ണം പൊതിഞ്ഞ വാതിലുകള്‍ ദേവസ്വം ബോര്‍ഡിന്റെ ശേഖരത്തിലുണ്ടോയെന്ന് ചോദിച്ച കോടതി ഉണ്ണികൃഷ്ണന്‍ പോറ്റി അത് കൈവശപ്പെടുത്തിയോ എന്ന് കണ്ടത്തണമെന്നും സ്ട്രോങ്ങ് റൂമിലുള്ളത് യഥാര്‍ത്ഥ വാതില്‍പ്പാളി തന്നെയാണോ എന്ന് പരിശോധിക്കണമെന്നും പറഞ്ഞു.

◾  ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ അന്താരാഷ്ട്ര ബന്ധം കൂടി അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം വന്നത്. രാജ്യത്ത് നിന്നുള്ള അമൂല്യ വസ്തുക്കള്‍ കടത്തുന്ന സുഭാഷ് കപൂറിന്റെ റാക്കറ്റ് പോലുള്ള വലിയ അന്താരാഷ്ട്ര റാക്കറ്റുകള്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

◾  തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്തും ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സംശയ നിഴലിലെന്ന് റിപ്പോര്‍ട്ടുകള്‍. 2025ല്‍ അല്ല, 2024ലാണ് ദ്വാരപാലക ശില്പങ്ങളില്‍ വീണ്ടും സ്വര്‍ണം പൊതിയാന്‍ നീക്കം നടന്നതെന്നും അതിന് തിടുക്കം കൂട്ടിയെന്നുമാണ് കണ്ടെത്തല്‍. കോടതി അടക്കമുള്ള നിയമസംവിധാനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണ് നടന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. പാളികള്‍ കൊണ്ടുപോയത് മിനിട്സില്‍ ഇല്ലെന്നും നിരീക്ഷിച്ച കോടതി പിഎസ് പ്രശാന്തിന്റെ അധ്യക്ഷതയിലുള്ള ബോര്‍ഡിന് ഗുരുതര വീഴ്ച സംഭവിച്ചതായും കുറ്റപ്പെടുത്തി. എസ്.ഐ.ടി.യുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ ഗുരുതര പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.
◾  ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നിലവിലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിക്ക് കാലാവധി നീട്ടി കൊടുക്കാനുള്ള നീക്കമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കാലാവധി നീട്ടി നില്‍ക്കുന്നതിന് പകരം ബോര്‍ഡ് പിരിച്ചുവിട്ടു കുറ്റക്കാരെ അറസ്റ്റ് ചെയ്തു തെളിവുകള്‍ ശേഖരിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

◾  ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിനെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വാസു കുടുങ്ങുന്നതോടെ സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കുള്ള മന്ത്രിമാരും സിപിഎം നേതാക്കളും കുടുങ്ങുമെന്നും നിലവിലെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

◾  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പല നടപടികളും സംശയാസ്പദമാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍. അതിരൂക്ഷ വിമര്‍ശനം ഹൈക്കോടതിയില്‍ നിന്നുണ്ടായിട്ടും ആരോപണവിധേയരായ ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

◾  കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ച് നടത്തുമ്പോഴുള്ള ആശയക്കുഴപ്പത്തില്‍ വ്യക്തത വരുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനായി ജില്ലാ കളക്ടര്‍മാരുടെ അടിയന്തര ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നത്.  തെരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരെ എസ്ഐആറില്‍ നിന്ന് ഒഴിവാക്കാമെന്ന് മുഖ്യതെരഞ്ഞെുപ്പ് ഓഫീസര്‍ അറിയിച്ചു. മറ്റു ജീവനക്കാരെ ബിഎല്‍ഒമാരാക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി.
◾  തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക്. കേരളത്തില്‍ നടപ്പാക്കുന്ന എസ്ഐആറിനെ നിയമപരമായി നേരിടാന്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. സുപ്രീം കോടതിയെ സമീപിക്കുന്നതില്‍ നിയമോപദേശം തേടും. സര്‍ക്കാര്‍ കോടതിയില്‍ പോയാല്‍ കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ യോഗത്തില്‍ അറിയിച്ചു. അതേസമയം തീരുമാനത്തെ ബിജെപി എതിര്‍ത്തു.

◾  കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനോട് സഹകരിക്കണമെന്ന നിര്‍ദേശവുമായി സിറോ മലബാര്‍ സഭ. ഇടവകാംഗങ്ങള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. ബിഎല്‍ഒമാര്‍ വീടുകളില്‍ എത്തുമ്പോള്‍ അവരോടു സഹകരിക്കണം. ഫോമുകള്‍ യഥാവിധം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കുകയും വേണം. 2002ന് ശേഷം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്ന രേഖകള്‍ തയാറാക്കി വെക്കണമെന്നും പ്രവാസികള്‍ ഓണ്‍ലൈന്‍ മുഖേനയോ കുടുംബാംഗങ്ങള്‍ വഴിയോ ഫോം പൂരിപ്പിച്ചു നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

◾  പിഎം ശ്രീ കരാറില്‍ നിന്നുള്ള പിന്മാറ്റത്തില്‍ കത്തയക്കാത്തതില്‍ സിപിഎമ്മിനെ സിപിഐ അതൃപ്തി അറിയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ധാരണ തെറ്റിച്ചാല്‍ പരസ്യ പ്രതികരണത്തിന് മടിക്കില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചതായാണ് വിവരം. സാങ്കേതികമായ കാലതാമസമാണെന്നും ഉടന്‍ കേന്ദ്രത്തിന് കത്തയക്കുമെന്നും സിപിഎം നേതാക്കള്‍ വിശദീകരിച്ചെന്നും റിപ്പോര്‍ട്ടുകള്‍.

◾  സംസ്ഥാനത്ത് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കായുളള കമ്മീഷന്‍ പുനഃസംഘടിപ്പിച്ചു. ഹൈക്കോടതി റിട്ട. ജഡ്ജ് സി.എന്‍. രാമചന്ദ്രന്‍ നായരാണ് ചെയര്‍മാന്‍. സെബാസ്റ്റ്യന്‍ ചൂണ്ടല്‍, ജി.രതികുമാര്‍ എന്നിവര്‍ അംഗങ്ങളാകും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
◾  ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കായി 202 ഡോക്ടര്‍മാരുടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൂപ്പര്‍സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടേയും സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടേയും മറ്റ് ഡോക്ടര്‍മാരുടേയും ഉള്‍പ്പെടെയാണ് 202 തസ്തികകള്‍ സൃഷ്ടിച്ചത്.

◾  മുഖ്യമന്ത്രി പിണറായി വിജയന്‍ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ഇന്ന് കുവൈത്തിലെത്തും. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി കുവൈത്തില്‍ എത്തുന്നത്. കുവൈത്തില്‍ അറുപതോളം സംഘടനകള്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിക്കായി മെഗാ വേദി ഒരുക്കുന്നത്.

◾  ഈ വര്‍ഷത്തെ ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പ്രൊഫ. പാല്‍കുളങ്ങര കെ അംബിക ദേവിക്ക്. ഗുരുവായൂര്‍ ദേവസ്വം നല്‍കുന്ന പുരസ്‌കാരമാണിത്. കഴിഞ്ഞ ആറു പതിറ്റാണ്ടായി കര്‍ണാടക സംഗീത ശാഖയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.

◾  മന്ത്രി സജി ചെറിയാനെതിരായ പരാമര്‍ശം തിരുത്തി റാപ്പര്‍ വേടന്‍. മന്ത്രി അപമാനിച്ചതായി കരുതുന്നില്ലെന്നും കലാകാരന്‍ എന്ന നിലയില്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്ത ആളാണ് മന്ത്രിയെന്നും വേടന്‍ പറഞ്ഞു. തന്നെയും തന്നെപ്പോലെ സ്വതന്ത്ര കലാകാരന്മാര്‍ക്കും ഒരുപാട് എഴുതാനും സംഗീതം ഉണ്ടാക്കാനും അവസരം നല്‍കുന്നതാണ് അവാര്‍ഡെന്നും അദ്ദേഹം പറഞ്ഞു. വേടന് പോലും ചലച്ചിത്ര അവാര്‍ഡ് നല്‍കി എന്ന സംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്യമാണെന്ന് വേടന്‍ നേരത്തെ പറഞ്ഞിരുന്നു.

◾  കാലിക്കറ്റ് സര്‍വകലാശാല വിസി നിയമന നടപടികളുമായി രാജ്ഭവന്‍ വിജ്ഞാപനം ഇറക്കിയതിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. വിജ്ഞാപനം ഇറക്കിയത് തെറ്റാണെന്നും സര്‍ക്കാരിന്റെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ആര്‍ ബിന്ദു വ്യക്തമാക്കി. ഇതിനെതിരെ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഇറക്കേണ്ട വിജ്ഞാപനം രാജ്ഭവന്‍ ഇറക്കിയത് ഫെഡറിലസത്തെ തകര്‍ക്കലാണെന്നും മന്ത്രി വിമര്‍ശിച്ചു.

◾  വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട പ്രതി സുരേഷ് കുമാറിന്റെ തിരിച്ചറിയില്‍ പരേഡ് നടത്താന്‍ പൊലീസ്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ജയിലില്‍ വെച്ചായിരിക്കും തിരിച്ചറിയില്‍ പരേഡ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ശ്രീകുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

◾  മൂന്നാറില്‍ മുബൈ സ്വദേശിനിയായ വിനോദ സഞ്ചാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. യുവതിയെ ഭീഷണിപ്പെടുത്തിയ മൂന്നാറിലെ മൂന്ന് ടാക്സി ഡ്രൈവര്‍മാരുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്‍ഡ് ചെയ്തു. മൂന്നാറിലെ ടാക്സി ഡ്രൈവര്‍മാരായ വിനായകന്‍, വിജയകുമാര്‍, അനീഷ് കുമാര്‍ എന്നിവരുടെ ലൈസന്‍സ് ആണ് സസ്പെന്‍ഡ് ചെയ്തത്.

◾  അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവം കൊലപാതകമെന്നും ക്രൂരകൃത്യം ചെയ്തത് മാനസിക വിഭ്രാന്തിയുള്ള അമ്മൂമ റോസിലിയാണെന്നും സ്ഥിരീകരിച്ച് പോലീസ്. കുഞ്ഞിന്റെ കഴുത്തില്‍ മുറിവേല്‍പ്പിച്ചതെന്ന് കരുതുന്ന കത്തി പോലീസ് കണ്ടെടുത്തു. കറുകുറ്റി ചീനി സ്വദേശികളായ ആന്റണി-റൂത്ത് ദമ്പതികളുടെ മകള്‍ ഡെല്‍ന മറിയം സാറയാണ് കൊല്ലപ്പെട്ടത്.

◾  പോണ്ടിച്ചേരി സര്‍വ്വകലാശാല ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. സര്‍വ്വകലാശാലക്ക് കീഴിലെ മുഴുവന്‍ ക്യാമ്പസുകളിലും എസ്എഫ്ഐ യൂണിയന്‍ പിടിച്ചെടുത്തു. കാരക്കാല്‍ ക്യാമ്പസ് പോണ്ടിച്ചേരി കമ്മ്യൂണിറ്റി കോളേജ്, മാഹി ക്യാമ്പസ്, ആന്‍ഡമാന്‍ പോര്‍ട്ട് ബ്ലയര്‍ ക്യാമ്പസ് ഉള്‍പ്പടെ യൂണിയന്‍ എസ്എഫ്ഐക്കാണ്.

◾  ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞനാണെന്ന് നടിച്ച് ഇറാനിയന്‍ കമ്പനികളെ കബളിപ്പിക്കാന്‍ ശ്രമിച്ച 60-കാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ശാസ്ത്രീയ സഹകരണം , ഗവേഷണ പങ്കാളിത്തം എന്നീ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.

◾  ഉത്തര്‍പ്രദേശ് മിര്‍സാപൂരില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറ് പേര്‍ മരിച്ചു. ചുനാര്‍ റെയില്‍ വേ സ്റ്റേഷനില്‍ രാവിലെ 9.30 ഓടെയാണ് അപകടം ഉണ്ടായത്.കാര്‍ത്തിക പൂര്‍ണിമ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരില്‍ ലോക്കോ പൈലറ്റും ഉള്‍പ്പെടുന്നു.

◾  തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ ആരോപണവുമായി ടിവികെ നേതാവ് വിജയ്. കരൂര്‍ ദുരന്തം രാഷ്ട്രീയവത്കരിക്കില്ലെന്നാണ് സ്റ്റാലിന്‍ പറഞ്ഞതെന്നും എന്നാല്‍ നിയമസഭയില്‍ മുഖ്യമന്ത്രി എന്താണ് പ്രസംഗിച്ചതെന്നും തമിഴ്നാട്ടിലെ ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും വിജയ് പറഞ്ഞു. 2026 ല്‍ മത്സരം ഡിഎംകെയും ടിവികെയും തമ്മില്‍ മാത്രമാണെന്നും 100 ശതമാനം വിജയം നമുക്കൊപ്പമാണ് എന്നും വിജയ് പറഞ്ഞു.

◾  ബിഹാറില്‍ ഇന്ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കും. 18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. കഴിഞ്ഞതവണ ഈ സീറ്റുകളില്‍ 60 എണ്ണം വിജയിക്കാന്‍ ഇന്ത്യ സഖ്യത്തിന് കഴിഞ്ഞിരുന്നു. 59 സീറ്റുകളിലാണ് കഴിഞ്ഞതവണ എന്‍ ഡി എ വിജയിച്ചത്. വോട്ടെടുപ്പ് നടക്കുന്ന പറ്റ്ന അടക്കമുള്ള എല്ലായിടത്തും കനത്ത സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ പുറത്തുവിട്ട 'എച്ച്' ബോംബ് ആരോപണങ്ങള്‍ ബിഹാര്‍ ജനതയുടെ മനസിനെ എങ്ങനെ സ്വാധീനിക്കും എന്നതും ഇന്നത്തെ വോട്ടെടുപ്പില്‍ നിര്‍ണായകമാണ്.

◾  പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീരാമന്റെ ആദര്‍ശങ്ങളെ പ്രതിനിധീകരിക്കുമ്പോള്‍ ഇന്ത്യ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവും ലാലു പ്രസാദും ബാബര്‍-ഔറംഗസേബ് പാരമ്പര്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ശ്രീരാമനെ ആരാധിക്കുകയും ലക്ഷ്മണനെപ്പോലെ ഭക്തനായിരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് മാത്രമേ ബിഹാര്‍ മുഖ്യമന്ത്രിയാകാന്‍ അര്‍ഹതയുള്ളൂവെന്നും ഹിമന്ത പറഞ്ഞു. അസദുദ്ദീന്‍ ഉവൈസിക്ക് പാകിസ്താനിലേക്ക് ഒരു ടിക്കറ്റ് വാഗ്ദാനം ചെയ്ത ഹിമന്ത രാഹുല്‍ ഗാന്ധി രാജ്യത്തിന്റെ ശത്രുവാണെന്നും പറഞ്ഞു.

◾  ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചിട്ട ഒരാളുടെ മൃതദേഹം ഒരു വര്‍ഷത്തിനുശേഷം, ഗുജറാത്തിലെ അഹമ്മദാബാദില്‍ വീട്ടിനുള്ളില്‍ കുഴിച്ച നിലയില്‍ കണ്ടെത്തി. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇസ്രയേല്‍ അക്ബറലി അന്‍സാരിയുടെ മൃതേദഹമാണ് കണ്ടെത്തിയത്. ഭാര്യ റൂബിയും ഇമ്രാന്‍ അക്ബര്‍ഭായ് വഗേല എന്ന യുവാവും തമ്മിലുള്ള പ്രണയബന്ധത്തില്‍ ഭര്‍ത്താവായ മുഹമ്മദ് തടസമാകുന്നുവെന്ന് കണ്ടതോടെയാണ് കൊലപാതകം.

◾  ഇന്ത്യയുടെ ആസ്തി വീണ്ടെടുക്കല്‍ സംവിധാനത്തിന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ അഭിനന്ദനം. കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദത്തിന് പണം നല്‍കുന്നതും തടയാനുള്ള ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ആഗോള നിരീക്ഷണ സമിതിയായ എഫ്എടിഎഫ് അംഗരാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും ഫലപ്രദമായ സംവിധാനമാണിതെന്നും വിശേഷിപ്പിച്ചു.

◾  മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയില്‍ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്താന്‍ ജപ്പാനിലെ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍. ചൈനയെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു സുപ്രധാന നീക്കമായാണ് ഇതിനെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

◾  പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകള്‍ ഇന്ത്യക്കെതിരായ സംഘടിത ആക്രമണ പരമ്പരയ്ക്ക് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിനെ ലക്ഷ്യമിട്ട്, പാകിസ്താന്റെ പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനങ്ങളില്‍ ആശങ്കാജനകമായ വര്‍ധനവുണ്ടായതായി ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

◾  അമേരിക്കയിലെ കെന്റക്കിയിലെ വിമാനാപകടത്തില്‍ ഏഴ് പേര്‍ കൊല്ലപ്പട്ടതായി റിപ്പോര്‍ട്ട്. 11 ലേറെ പേര്‍ക്കാണ് പരിക്കേറ്റത്. കെന്റക്കിയിലെ ലൂയിസ് വില്ലേ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കാര്‍ഗോ വിമാനം ടേക്ക് ഓഫിന് പിന്നാലെ തകര്‍ന്നാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കെന്റക്കി ഗവര്‍ണര്‍ ആന്‍ഡ്രൂ ഗ്രഹാം ബെഷിയര്‍ വിശദമാക്കുന്നത്.

◾  ന്യൂയോര്‍ക്ക് മേയറായി സൊഹ്റാന്‍ മംദാനി ചരിത്ര വിജയം സ്വന്തമാക്കിയതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി എംഎല്‍എയും മുംബൈയിലെ ബിജെപി അധ്യക്ഷനുമായ അമിത് സതം.'ഒരു ഖാനെയും ഞങ്ങളിവിടെ മേയറാകാന്‍ അനുവദിക്കില്ല'എന്നാണ് അമിത് സതം പറഞ്ഞത്. അന്ധേരി വെസ്റ്റ് എംഎല്‍എയാണ് അമിത് സതം.

◾  ട്രംപ് വിരുദ്ധ വികാരം ശക്തമായ അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ അര്‍ദ്ധസഹോദരനും തോല്‍വി. സിന്‍സിനാറ്റി മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോറി ബോമാനാണ് പരാജയപ്പെട്ടത്. ഇന്ത്യന്‍ വംശജനായ അഫ്താബ് പുരേവാലിനോടാണ് തോല്‍വി ഏറ്റുവാങ്ങിയത്.

◾  പകരം തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്ക് എതിരെ ശക്തമായ വിമര്‍ശനം നടത്തി യു എസ് സുപ്രീംകോടതി. പകരം തീരുവ ഏര്‍പ്പെടുത്തിയതിന് കാരണമായി യു എസ് ഭരണകൂടം ഉന്നയിച്ച വാദങ്ങള്‍ അംഗീകരിക്കാവുന്നതാണോ എന്നതില്‍ സംശയമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതേസമയം രാജ്യ താത്പര്യം സംരക്ഷിക്കാനും അമേരിക്കയുടെ സാമ്പത്തിക രംഗം തകര്‍ച്ചയിലേക്ക് പോകാതിരിക്കാനും ആണ് പകരം തീരുവ വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയത് എന്നായിരുന്നു പ്രസിഡന്റ് അഡ്മിസ്ട്രേഷന് വേണ്ടി ഹാജരായ യു എസ് സോളിസിറ്റര്‍ ജനറല്‍ ജോണ്‍ സൗവറിന്റെ വാദം.

◾  ബാങ്കോക്കില്‍ നടക്കുന്ന വിശ്വസുന്ദരി 2025 സൗന്ദര്യമത്സരത്തിനിടെ സംഘാടകരില്‍ ഒരാള്‍ വിഡ്ഢിയെന്ന് വിളിച്ചെന്നും അപമര്യാദയായി സംസാരിച്ചുവെന്നും ആരോപിച്ച് മിസ് മെക്‌സിക്കോ ഫാത്തിമ ബോഷ് പ്രതിഷേധമുയര്‍ത്തി വേദിവിട്ട് ഇറങ്ങിപ്പോയി. ഇതോടെ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മത്സരാര്‍ഥികളില്‍ പലരും വേദിവിട്ടു. നാടകീയ രംഗങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ വൈറലായതോടെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നതിന്  തുടര്‍ന്ന് അപമര്യാദയായി സംസാരിച്ച ഇത്സാരഗ്രിസില്‍ പരസ്യമായി മാപ്പ് പറഞ്ഞു.

◾  വനിതാ ലോകകപ്പ് കിരീടം ആദ്യമായി സ്വന്തമാക്കിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങളും മുഖ്യ പരിശീലകന്‍ അമോല്‍ മജുംദാറും  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. വനിതാ ലോകകപ്പ് ചാമ്പ്യന്മാരായ ടീമിനെ പ്രധാനമന്ത്രി നേരിട്ട് അഭിനന്ദനമറിയിച്ചു. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ക്കു ശേഷം ഇന്ത്യന്‍ വനിതാ ടീം നടത്തിയ ശ്രദ്ധേയമായ തിരിച്ചുവരവിനെ പ്രധാനമന്ത്രി പ്രശംസിച്ചു.

◾  ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നാലാം ട്വന്റി-20 മത്സരം ഇന്ന് ക്വീന്‍സ്ലാന്‍ഡിലെ കരാര ഓവലില്‍ നടക്കും. കാന്‍ബറയില്‍ നടന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ആദ്യ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാണ്. ഇന്ത്യന്‍ സമയം 1.45 നാണ് മത്സരം ആരംഭിക്കുക.

◾  ഇന്ത്യയില്‍ കോള്‍ഗേറ്റ് കമ്പനിയുടെ വില്‍പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായ മൂന്നാമത്തെ സാമ്പത്തിക പാദത്തിലാണ് കമ്പനിയുടെ വില്‍പന കുത്തനെ ഇടിഞ്ഞത്. എന്നാല്‍ വില്‍പന ഇടിഞ്ഞതിന് വിചിത്ര മറുപടിയാണ് കമ്പനി പറയുന്നത്. പല്ലു തേക്കാന്‍ ഇന്ത്യക്കാര്‍ ടൂത്ത് പേസ്റ്റ് വാങ്ങുന്നില്ലെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ കുറച്ചു ടൂത്ത് പേസ്റ്റ് മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് നേരത്തെ തന്നെ കോള്‍ഗേറ്റ് പറഞ്ഞിരുന്നു. നഗരങ്ങളിലാണ് കോള്‍ഗേറ്റിന്റെ വില്‍പനയില്‍ ഏറ്റവും ഇടിവ് നേരിട്ടത്. ഗ്രാമീണ വിപണിയില്‍ ഈയിടെ പുറത്തിറക്കിയ കോള്‍ഗേറ്റ് സ്‌ട്രോങ് ടീത്ത് പോലും വിപണി പിടിച്ചില്ല. അടുത്ത കാലത്തൊന്നും മാര്‍ക്കറ്റ് തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്നാണ് കോള്‍ഗേറ്റ്-പാമോലിവ് ചെയര്‍മാനും ആഗോള ചീഫ് എക്സികുട്ടിവുമായ നോയല്‍ വലയ്സ് പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 6.3 ശതമാനത്തിന്റെ കുറവാണുണ്ടായത്. ടൂത്ത് പേസ്റ്റ് അടക്കമുള്ള ദന്ത സംരക്ഷണ ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി 18 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറച്ചിട്ടും കമ്പനിയുടെ വില്‍പനയില്‍ വര്‍ധനവുണ്ടായില്ല.

◾  ആന്റണി വര്‍ഗീസ് പെപ്പെയും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍, ടൈറ്റില്‍ പോസ്റ്റര്‍ എന്നിവ പുറത്ത്. 'തോട്ടം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് ഋഷി ശിവകുമാര്‍ ആണ്. ഒരു ആക്ഷന്‍ അഡ്വെഞ്ചര്‍ ഡ്രാമ ചിത്രമായാണ് 'തോട്ടം' എത്തുക എന്ന സൂചനയാണ് ടൈറ്റില്‍ ടീസര്‍ നല്‍കുന്നത്. കാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രൂ മെംബേര്‍സ്നെയും 'തോട്ടം' പരിചയപെടുത്തുന്നുണ്ട്. 'ദ ഷാഡോസ് സ്‌ട്രെയ്‌സ്', 'ദ നൈറ്റ് കംസ് ഫോര്‍ അസ്', 'ഹെഡ്ഷോട്ട്' തുടങ്ങിയ അന്താരാഷ്ട്ര ത്രില്ലര്‍ ചിത്രങ്ങളുടെ ആക്ഷന്‍ ഒരുക്കിയ മുഹമ്മദ് ഇര്‍ഫാന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി സംഘട്ടന സംവിധാനം നിര്‍വഹിക്കുന്നത്. 'അനിമല്‍' എന്ന ബോളിവുഡ് ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. 'രാജാറാണി', 'കത്തി', 'തെരി' തുടങ്ങിയ ചിത്രങ്ങളുടെ കാമറാമാന്‍ ജോര്‍ജ്സി.വില്യംസ് ഐഎസ്സി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ചമന്‍ ചാക്കോ ആണ്. 2026 തുടക്കത്തോടെ തോട്ടത്തിന്റെ ചിത്രീകരണം ആരംഭിക്കും.

◾  ബാഹുബലി യൂണിവേഴ്സിലേക്ക് പുതിയ ചിത്രം പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. 'ബാഹുബലി ദ് എറ്റേണല്‍ വാര്‍' എന്ന ആനിമേറ്റഡ് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. രണ്ട് ഭാഗങ്ങളിലായാകും പുതിയ ചിത്രം എത്തുക. 'സ്റ്റാര്‍ വാര്‍സ്: വിഷന്‍സ്', 'ദ് ബന്‍ഡിറ്റ്സ് ഓഫ് ഗോലാക്ക്' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഇഷാന്‍ ശുക്ലയാണ്  'ബാഹുബലി ദ് എറ്റേണല്‍ വാര്‍' സംവിധാനം ചെയ്യുന്നത്. 'ബാഹുബലി' സിനിമയിലെ നിര്‍ണായക സംഭവങ്ങള്‍ക്ക് പിന്നാലെ നടക്കുന്ന കഥയാണ് ആനിമേഷന്‍ സിനിമ പറയുന്നത്. അമരേന്ദ്ര ബാഹുബലിയുടെ മരണ ശേഷമുള്ള സംഭവങ്ങളാണ് ടീസറില്‍ കാണിച്ചിരക്കുന്നത്. 'അമരേന്ദ്ര ബാഹുബലിയുടെ മരണം അദ്ദേഹത്തിന്റെ അന്ത്യമായിരുന്നില്ല, നിത്യമായ ഒന്നിന്റെ തുടക്കമായിരുന്നു' എന്ന അടിക്കുറിപ്പോടെയാണ് പുതിയ ചിത്രത്തിന്റെ ടീസര്‍ എത്തിയത്. 'ബാഹുബലി' ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ടൈംലൈനിലാണ് 'ബാഹുബലി ദ് എറ്റേണല്‍ വാര്‍' എത്തുന്നത്. ഏകദേശം 120 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

◾  സ്‌ക്രാംബ്ലര്‍ 10° അനിവേഴ്‌സറിയോ റിസോമ എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാറ്റി. ഡ്യുക്കാറ്റിയുടെ എന്‍ട്രി ലെവല്‍ മോഡലായ സ്‌ക്രാംബ്ലര്‍ റിസോമയുടെ പത്താം വാര്‍ഷികം പ്രമാണിച്ചാണ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്. 73എച്ച്പി കരുത്തും 65.2 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 803സിസി എന്‍ജിനാണ് സ്‌പെഷല്‍ എഡിഷന്റേയും കരുത്ത്. സവിശേഷമായ സ്റ്റോണ്‍ വൈറ്റ്/മെറ്റല്‍ റോസ് നിറങ്ങളിലാണ് സ്‌ക്രാംബ്ലര്‍ റിസോമ എഡിഷന്‍ എത്തുന്നത്. വാഹനത്തിന്റെ റിസോമ സ്‌പെഷല്‍ ഭാഗങ്ങള്‍ക്ക് പ്രത്യേകം മെറ്റല്‍ റോസ് നിറവും നല്‍കിയിരിക്കുന്നു. രാജ്യാന്തര വിപണിയില്‍ ആകെ 500 യൂണിറ്റുകള്‍ മാത്രമാണ് സ്‌ക്രാംബ്ലര്‍ റിസോമ എഡിഷന്‍ ഡ്യുക്കാറ്റി പുറത്തിറക്കുന്നത്. ഇതില്‍ എണ്ണം പറഞ്ഞ യൂണിറ്റുകളാവും ഇന്ത്യയിലേക്കെത്തുക. 17.10 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ എക്‌സ് ഷോറൂം വില. ഇത് യാന്ത്രികമായി യാതൊരു വ്യത്യാസവുമില്ലാത്ത ഡ്യുക്കാറ്റി സ്‌ക്രാംബ്ലര്‍ ഐകണ്‍ ഡാര്‍ക്കിനേക്കാള്‍ 6.45 ലക്ഷം രൂപ കൂടുതലാണ്.

◾  'ഒറ്റയ്ക്കാക്കരുത്' എന്നത് ഏറ്റവും നിസ്സഹായമായ ഒരു നിലവിളിയാണ്. ഒപ്പമുണ്ടായിരുന്നവരൊക്കെ ഒഴിഞ്ഞോ അകന്നോ പോവുമ്പോള്‍ ഉള്ളിലുയരുന്ന നിലവിളി. നമുക്കു ചുറ്റിലുള്ളവരിലും ഈ നിലവിളി ഉണ്ടെങ്കിലും നിശ്ശബ്ദമായതുകൊണ്ട് നാം കേള്‍ക്കാതെ പോവുന്നതാണ്. ഒറ്റക്കായിപ്പോവുന്ന നമ്മുടെ പിടച്ചിലുകളും നമ്മെപ്പോലെ ഒറ്റപ്പെട്ടുപോയ ആരുടെയൊക്കെയോ നിസ്സഹായതയുമാണ് ഈ കുറിപ്പുകളില്‍ ഏറെയും. 'ഒറ്റയ്ക്കാക്കരുത്'. നജീബ് മൂടാടി. കറന്റ് ബുക്സ്. വില 198 രൂപ.

◾  രക്തത്തില്‍ ഷുഗറു കൂടിയെന്ന് കേട്ടാല്‍ ആദ്യം ഒഴിവാക്കുന്ന രണ്ട് കാര്യങ്ങള്‍ പഞ്ചസാരയും അരിയുമാണ്. ഇവ രണ്ടും പാടേ ഒഴിച്ചു നിര്‍ത്തിയാല്‍ മാത്രം മതി, രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രണത്തിലാകാനെന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാല്‍ ഒരു ടീസ്പൂണ്‍ പഞ്ചസാരയില്‍ അഞ്ച് ഗ്രാം ഷുഗറാണ് ഉള്ളത്. അത് ഒഴിവാക്കി, പഴുത്ത ഇടത്തരം വലിപ്പമുള്ള ഒരു മാങ്ങ കഴിക്കുകയാണെന്നിരിക്കട്ടെ, അതില്‍ ഏതാണ്ട് 40 മുതല്‍ 45 ഗ്രാം വരെ ഷുഗര്‍ ഉണ്ട്. ചപ്പാത്തിയാണ് തിരഞ്ഞെടുക്കുന്നതെങ്കിലോ ഒരെണ്ണത്തില്‍ ഏതാണ്ട് 15 ഗ്രാം ഷുഗറിന് തുല്യമായ കാര്‍ബ്സ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, ഒഴിവാക്കുന്നതിലല്ല അളവാണ് പ്രധാനം. പഞ്ചസാരയും അരിയും ഒഴിവാക്കി, ആരോഗ്യകരമായ ഗോതമ്പു ചപ്പാത്തി ആറും ഏഴും കഴിച്ചതു കൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടാകണമെന്നില്ല. നാം കഴിക്കുന്ന ഭക്ഷണത്തിനു രക്തത്തിലെ പഞ്ചസാരയുടെ അളവു വേഗം കൂട്ടുവാനുള്ള കഴിവുണ്ട്. പാന്‍ക്രിയാസ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിന്‍ നമ്മുടെ ഭക്ഷണത്തില്‍ക്കൂടി എത്തുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റി ശരീരത്തില്‍ സൂക്ഷിക്കുന്നു. ഇതു നടക്കാതെ വരുമ്പോള്‍ പഞ്ചസാര രക്തത്തില്‍ തന്നെ അവശേഷിക്കുകയും പ്രമേഹം ഉണ്ടാകുകയും ചെയ്യുന്നു. ചിട്ടയായ ഭക്ഷണക്രമവും വ്യായാമരീതിയും മാനസിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയുള്ള ജീവിതരീതിയും പ്രമേഹത്തിന്റെ പ്രീഡയബറ്റിക് ഘട്ടത്തിലുള്ളവരില്‍ പ്രമേഹം ഒഴിവായതായും നിരീക്ഷണങ്ങള്‍ തെളിയിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിടത്ത് ഒരു കര്‍ഷകനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പാടത്ത് വിളവെടുക്കാറായപ്പോള്‍ കിളികളുടെ ശല്യം വര്‍ദ്ധിച്ചു. കെണിയൊരുക്കി കിളികളെ പിടിക്കാന്‍ കര്‍ഷകന്‍ തീരുമാനിച്ചു. അദ്ദേഹം  പാടത്ത് അങ്ങിങ്ങായി വല വിരിച്ചു. അടുത്ത ദിവസം രാവിലെ പാടത്തു വന്നു നോക്കിയപ്പോള്‍ വലയില്‍ ധാരാളം കിളികള്‍ പെട്ടിരിക്കുന്നതായി കണ്ടു. കൂട്ടത്തില്‍ ഒരു കൊക്കും. കര്‍ഷകനെ കണ്ടയുടനെ കൊക്ക്  പറഞ്ഞു : 'എന്നെ രക്ഷിക്കണേ! ഞാന്‍ അബദ്ധത്തില്‍ വന്നുപെട്ടതാണ്. അങ്ങയുടെ ഒരു ധാന്യമണി പോലും ഞാന്‍ കഴിക്കാറില്ല. ഞാന്‍ മീന്‍ പിടിക്കാന്‍ വന്നതായിരുന്നു. കിളികളോട് ചങ്ങാത്തം കൂടി ഞാന്‍ ഈ വലയില്‍ പെട്ടുപോയതാണ്.' അപ്പോള്‍ കര്‍ഷകന്‍ കൊക്കിനോട് പറഞ്ഞു : 'കിളികള്‍ പിടിക്കപ്പെട്ടത് ധാന്യക്കതിര്‍ കഴിച്ചതിന്റെ പേരിലാണെങ്കില്‍ നീ പിടിക്കപ്പെട്ടത് ഈ കിളികളോട് ചങ്ങാത്തം കൂടിയതിന്റെ പേരിലാണ്.' നമ്മോട് അടുത്തിടപഴകുന്നവരുടെ ചിന്തകളും പ്രവര്‍ത്തികളും നമ്മില്‍ സ്വാധീനം ചെലുത്തും.  സുഹൃത്തുക്കളുടെ ഇഷ്ടങ്ങള്‍ക്കും ശീലങ്ങള്‍ക്കുമൊപ്പം നീങ്ങിയില്ലെങ്കില്‍ അവര്‍ നമ്മെ പുറത്താക്കിയേക്കാം. ഈയൊരു ഭയമാണ് നമ്മുടെ ആത്മാഭിമാനം പോലും നഷ്ടപ്പെടുത്തി അത്തരം ബന്ധങ്ങള്‍ തുടരാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. പരീക്ഷിച്ചറിഞ്ഞേ ഒരു സുഹൃത്തിനെ സ്വീകരിക്കാവൂ. നല്ലൊരു സുഹൃത്ത് എന്നും നമുക്കൊരു വഴികാട്ടിയായിരിക്കും. നിങ്ങള്‍ ഒരു പരുന്താകാന്‍ ആണ് ആഗ്രഹിക്കുന്നതെങ്കില്‍ കോഴിക്കുഞ്ഞുങ്ങള്‍ക്കൊപ്പം കറങ്ങി നടക്കരുത്. കാരണം എത്ര തന്നെ ഉയരത്തില്‍ പറക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചാലും അവര്‍ നിങ്ങളെ പിടിച്ചുവലിച്ചു കൊണ്ടേയിരിക്കും. അകപ്പെട്ടുപോകുന്ന ചില ചങ്ങാത്തങ്ങളാണ് നമ്മെ നാശത്തിലേക്ക് നയിക്കുന്നത്. - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right