Trending

പ്രഭാത വാർത്തകൾ

2025  ഒക്ടോബർ 8  ബുധൻ 
1201  കന്നി 22   അശ്വതി 
1447  റ : ആഖിർ 15

◾  ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ഈ മാസം 18ന് ചെങ്ങന്നൂര്‍ മുതല്‍ പന്തളം വരെ യുഡിഎഫിന്റെ പദയാത്ര. 14ന് കാസര്‍കോട് നിന്ന് കെ.മുരളീധരന്റെയും പാലക്കാട് നിന്ന് കൊടിക്കുന്നില്‍ സുരേഷിന്റെയും തിരുവനന്തപുരത്ത് നിന്ന് അടൂര്‍ പ്രകാശിന്റെയും നേൃത്വത്തില്‍ മേഖല ജാഥകള്‍ തുടങ്ങും. ബെന്നി ബെഹ്നാന്‍ നയിക്കുന്ന മേഖല ജാഥ 15 ന് മുവാറ്റുപുഴയില്‍ നിന്ന് തിരിക്കും. നാലു മേഖല ജാഥകളും പതിനെട്ടിന് പന്തളത്ത് സംഗമിക്കും. മേഖല ജാഥകള്‍ ചെങ്ങന്നൂരില്‍ സംഗമിച്ച ശേഷം ആയിരിക്കും യുഡിഎഫ് നേതൃത്വത്തിലുള്ള പദയാത്ര. മേഖല ജാഥകളുടെയും പദയാത്രയുടെയും സമാപനം ജനകീയ സംഗമം ആക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണിയോഗം തീരുമാനിച്ചു.

◾ ശബരിമലയിലെ സ്വര്‍ണമോഷണത്തില്‍ ചില ഉദ്യോഗസ്ഥന്മാരെ ബലിയാടുകളാക്കി വമ്പന്‍ സ്രാവുകളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. സര്‍ക്കാരിന്റെ അറിവോടെ നടന്ന തട്ടിപ്പാണിതെന്നും ഇതിന്റെ നേട്ടം സര്‍ക്കാരിലെ പലര്‍ക്കും കിട്ടിയിട്ടുണ്ടെന്നും ശബരിമലയെ സാമ്പത്തിക സമാഹരണത്തിന്റെ ഉപാധിയായി കണ്ടതിന്റെ പരിണിത ഫലങ്ങളാണ് ഇതെല്ലാമെന്നും അദ്ദേഹം പറഞ്ഞു. ഇത്ര വലിയ കൊള്ള നടന്നിട്ടും അതിനെ കുറിച്ച് ഒരക്ഷരം മിണ്ടാന്‍ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ ശബരിമലയിലെ സ്വര്‍ണപ്പാളി കാണാതായതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതികൂട്ടിലാണെന്നും ഹൈക്കോടതി വിധിയിലൂടെ സര്‍ക്കാരിന്റെയും ബോര്‍ഡിന്റെയും പങ്ക് വ്യക്തമായെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. ക്ഷേത്ര വിശ്വാസത്തെയും ആചാരത്തെയും സാരമായി ബാധിച്ചുവെന്നും കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ശബരിമല സ്വര്‍ണപ്പാളി വിഷയം കോണ്‍ഗ്രസ് ഗൗരവമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

◾  ശബരിമല അയ്യപ്പന്റെ പൊന്നു കട്ട വിഷയത്തില്‍, മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞു കൊടുത്ത് സ്വയം രക്ഷപ്പെടാമെന്ന് ഈ 'അമ്പലം വിഴുങ്ങി സര്‍ക്കാര്‍' വിചാരിക്കണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആ മസാല പുരട്ടിയ വാര്‍ത്തകള്‍ക്ക് പിന്നാലെ പോകാന്‍ വിശ്വാസികളും അല്ലാത്തവരുമായ ഈ നാട്ടിലെ മനുഷ്യര്‍ തയ്യാറല്ലെന്നും രാഹുല്‍ ഫെയ്സ്ബുക്കില്‍ വ്യക്തമാക്കി. നാടിനെ കാക്കുന്ന അയ്യന്റെ പൊന്നു കക്കുന്ന സര്‍ക്കാരിന് എതിരെ ഈ നാട് മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും അതീതമായി സംഘടിക്കുമെന്നും സംസാരിക്കുമെന്നും പ്രതികരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
◾  ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ വീട്ടിലേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച്. മാര്‍ച്ച് തടയാന്‍ പൊലീസ് ശ്രമിച്ചു. പിന്നാലെ ശരണം വിളിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പിഎസ് പ്രശാന്തിന്റെ കോലം കത്തിച്ചു. 

◾  ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ കൂടുതല്‍ നടപടിയുണ്ടാകുമന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. ഇപ്പോള്‍ 2019ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരിലുള്ള ദ്വാരപാലക ശില്‍പങ്ങളുടെ വാറണ്ടി റദ്ദാക്കും. വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

◾  മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിലും സ്വര്‍ണം കാണാതായതായി പരാതി. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തില്‍ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായെന്നാണ് പരാതി. കാണിക്കയായി ലഭിച്ച 20 പവനോളം സ്വര്‍ണമാണ് കാണാതായത്. ടി ടി വിനോദ് കുമാര്‍ ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന 2016 മുതല്‍ ഏഴുവര്‍ഷത്തെ കാലയളവില്‍ കാണിക്കയായി ലഭിച്ച 20 പവനോളം സ്വര്‍ണ്ണ ഉരുപ്പടികള്‍ കാണാതായെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

◾  ഗുണനിലവാരം ഉറപ്പില്ലാത്തതിനെ തുടര്‍ന്ന് രണ്ട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് അടിയന്തരമായി നിര്‍ത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തമിഴ്‌നാട്ടിലെ ഒരു കമ്പനിയുടെ എല്ലാ മരുന്നുകള്‍ക്കും, ഗുജറാത്തിലെ ഒരു കമ്പനിയുടെ ചുമ സിറപ്പിനുമാണ് വില്‍പന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവര്‍ത്തിക്കുന്ന ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ നടപടി ആരംഭിച്ച സാഹചര്യത്തില്‍, ഈ കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തില്‍ ഉടനീളം നിര്‍ത്തിവെക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
◾  ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം വിട്ട് നല്‍കുന്നതില്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഇരുപത് വര്‍ഷത്തെ രേഖകള്‍ ഹാജരാക്കണമെന്നും ആവശ്യം തള്ളിയാല്‍ കാരണം സഹിതം കസ്റ്റംസ് ഉത്തരവിറക്കണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു. വിദേശത്ത് നിന്ന് എത്തിച്ച വാഹനത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടതായി നിലപാട് അറിയിച്ച കസ്റ്റംസ് ഇതുവരെയുള്ള അന്വേഷണ വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറി.

◾  കരുവന്നൂര്‍ ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകന്‍. കരുവന്നൂര്‍ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പണം കിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നിക്ഷേപകനായ കൂത്തുപാലക്കല്‍ സുരേഷ് ബാങ്കിനുള്ളിലെ കൗണ്ടര്‍ ടേബിളിലേക്ക് പെട്രോളൊഴിച്ചത്.

◾  കെഎസ്ആര്‍ടിസി ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം സ്വന്തമാക്കി. രണ്ടാമത്തെ ഉയര്‍ന്ന കളക്ഷനായ 9.41 കോടി രൂപ നേടിയത് ഒക്ടോബര്‍ 6 നാണ്. 2025 സെപ്റ്റംബര്‍ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആര്‍ടിസി നേടിയത്. 

◾  ആലപ്പുഴ അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. മൂന്ന് ദിവസം പ്രായവും 2.5 കിലോ ഗ്രാം ഭാരവുമുള്ള ആണ്‍ കുഞ്ഞിനെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സ്മരണാര്‍ത്ഥം കുരുന്നിന് അച്യുത് എന്ന് പേരിട്ടു. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത കുഞ്ഞ്, ബീച്ചിലെ വനിത ശിശു ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്
◾  മെഡിക്കല്‍ ഇന്‍ഷുറന്‍സ് ക്ലെയിം റീ ഇംപേഴ്സ്മെന്റ് നല്‍കാത്തതിനെതിരെ തേവര സ്വദേശി പി. എം. ജോര്‍ജ് നല്‍കിയ പരാതിയില്‍ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിക്ക് പിഴ ചുമത്തി എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. പോളിസി ഹോള്‍ഡര്‍ ആയിരുന്ന പരാതിക്കാരന്‍ ചികിത്സാ ചെലവായി ആവശ്യപ്പെട്ട 61,228.99 രൂപ, 'രോഗനിര്‍ണ്ണയത്തിനു മാത്രമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു' എന്ന കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനി നിഷേധിച്ചിരുന്നു. ഈ നടപടി സേവനത്തിലെ ന്യൂനതയാണെന്നും ഇന്‍ഷുറന്‍സ് പോളിസിയുടെ വ്യവസ്ഥകള്‍ തെറ്റായി പ്രയോഗിച്ചതാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.

◾  അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. നവംബര്‍ മാസം കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. സ്റ്റേഡിയം ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

◾  കൊച്ചിന്‍ ദേവസ്വം ബോര്‍ഡും ചിന്മയ മിഷനും തമ്മിലുള്ള കേസില്‍ കേരള ഹൈക്കോടതിക്കെതിരെ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഹര്‍ജിയിലെ ആവശ്യങ്ങള്‍ക്കും ഉന്നയിച്ച വിഷയങ്ങള്‍ക്കുമപ്പുറം ഹൈക്കോടതി അമ്പരിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുവെന്നും എതിര്‍കക്ഷിയെ കേള്‍ക്കാതെ തീരുമാനമെടുത്തത് സ്വാഭാവിക നീതിക്ക് എതിരായ നടപടിയാണെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി. നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ഗുരുതരമായി ബാധിക്കുന്ന നടപടിയാണിതെന്നും കോടതികളെ സമീപിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുമോ എന്ന് ഹര്‍ജിക്കാര്‍ ഭയപ്പെടുമെന്നും ഇത്തരം സമീപനം നീതിന്യായ വ്യവസ്ഥയെക്കുറിച്ച് തെറ്റായ പ്രതിച്ഛായയുണ്ടാകുമെന്നും ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

◾  പ്രമുഖ തമിഴ് വാര്‍ത്താ ചാനലായ പുതിയ തലമുറൈക്ക് അപ്രഖ്യാപിത വിലക്കുമായി തമിഴ്നാട് സര്‍ക്കാര്‍ . തമിഴ്നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേബിള്‍ ശൃംഖലയില്‍ നിന്നാണ് പുതിയ തലമുറൈയെ ഒഴിവാക്കിയത്. 15 ലക്ഷത്തോളം കുടുംബങ്ങളുള്ള നെറ്റ് വര്‍ക്കില്‍ നിന്ന് ചാനല്‍ നീക്കിയതിന്റെ കാരണം വിശദീകരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാരിന് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നതാണ് വിലക്കിന് കാരണമെന്നാണ് വിവരം.

◾  തമിഴ്നാട്ടില്‍ ഇനി 'രോഗികള്‍' ഇല്ല. ആശുപത്രിയില്‍ ചികിത്സക്കായി എത്തുന്നവര്‍ ഇനി 'മെഡിക്കല്‍ ഉപഭോക്താക്കള്‍'. സ്റ്റാലിന്‍ സര്‍ക്കാരാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.തമിഴ്നാട്ടില്‍ ഉടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഈ ഉത്തരവ് നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

◾  പണം നഷ്ടപ്പെടാതെ യാത്രാ പദ്ധതികള്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ഇന്ത്യന്‍ റെയില്‍വേ പുതിയ നയം നടപ്പാക്കുന്നു. കണ്‍ഫേം ആയ ട്രെയിന്‍ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതല്‍ ഫീസ് ഇല്ലാതെ ഓണ്‍ലൈനായി മാറ്റാം എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്‍ഡിടിവിയോട് പറഞ്ഞു. ജനുവരി മുതല്‍ പുതിയ നയം പ്രാബല്യത്തില്‍ വരും.

◾  ജാതി സര്‍വേ പൂര്‍ത്തിയാക്കുന്നതിനായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 8 മുതല്‍ 18 വരെ അവധി പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. അധ്യാപക സംഘടനകളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് അവധി തീരുമാനമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. അധ്യാപക സംഘടനകള്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ 10 ദിവസത്തെ അധിക സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം.

◾  ബിഹാറിലെ എസ്ഐആറിന് ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടെന്ന് സുപ്രീം കോടതി. അന്തിമ പട്ടികയില്‍ ചേര്‍ത്ത വോട്ടര്‍മാര്‍ മുമ്പ് കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരാണോ അതോ പൂര്‍ണ്ണമായും പുതിയ വോട്ടര്‍മാരാണോ എന്ന് ആശയക്കുഴപ്പമുണ്ടെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു. അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ 3.66 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ നല്‍കണമെന്നും ജസ്റ്റിസ് സൂര്യകാന്ത് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

◾  ഹരിയാനയില്‍ എഡിജിപിയെ മരിച്ച നിലയില്‍ കണ്ടെത്തി. എഡിജിപി പുരന്‍ കുമാറിനെയാണ് വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ത്ത നിലയിലാണ് കണ്ടെത്തിയത്. 2001 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് പുരന്‍ കുമാര്‍.

◾  സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം. അതിക്രമത്തിന് മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് കിഷോറിന്റെ വീട്ടിലേക്ക് ദളിത് സംഘടനകള്‍ മാര്‍ച്ച് നടത്തി. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ സുപ്രീംകോടതിക്ക് മുന്നില്‍ പ്രതിഷേധം നടന്നു. ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തില്‍ തെല്ല് പോലും കുറ്റബോധമില്ലെന്ന് അഭിഭാഷകന്‍ രാകേഷ് കിഷോര്‍ പ്രതികരിച്ചിരുന്നു. ശരിയെന്ന് തോന്നിയത് ചെയ്തെന്നും ദൈവമാണ് പ്രേരണയെന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം.

◾  എയര്‍ ഇന്ത്യാ വിമാനത്തില്‍ പക്ഷിയിടിച്ചു. കൊളംബോയില്‍ നിന്ന് ചെന്നൈയിലേക്കുള്ള എഐ274 വിമാനത്തിലാണ് പക്ഷിയിടിച്ചത്. 158 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷമാണ് പക്ഷി ഇടിച്ചെന്ന് അറിഞ്ഞതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

◾  ദില്ലി- കൊല്‍ക്കത്ത ദേശീയ പാതയില്‍ വന്‍ ഗതാഗതക്കുരുക്ക്. ബീഹാറിലെ റോഹ്താസിലുണ്ടായ കനത്ത മഴയെത്തുടര്‍ന്നാണ് ദില്ലി-കൊല്‍ക്കത്ത ഹൈവേയില്‍ കഴിഞ്ഞ നാല് ദിവസമായി കനത്ത ഗതാഗതക്കുരുക്ക് തുടരുന്നത്. റോഡ് നിര്‍മ്മാണവും വെള്ളക്കെട്ടും കാരണം നൂറുകണക്കിന് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഹൈവേയിലെ ഗതാഗതക്കുരുക്ക് ഇപ്പോള്‍ റോഹ്താസില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെയുള്ള ഔറംഗാബാദ് വരെ നീണ്ടിട്ടുമുണ്ട്. അതേ സമയം, ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അധികാരികളുടെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടാകുന്നില്ലെന്ന് ആരോപണമുയരുന്നുണ്ട്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോ റാഡ് നിര്‍മ്മാണ കമ്പനിയോ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

◾  കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.  ഇന്നലെ രാവിലെ മുതല്‍ പെയ്ത മഴയില്‍ പലയിടങ്ങളിലും വലിയ ഗതാഗതക്കുരുക്കും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.

◾  ഹിമാചല്‍ പ്രദേശിലെ ബിലാസ്പുര്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ മണ്ണും പാറകളും ബസിനുമുകളിലേക്ക് പതിച്ച് ബസിലുണ്ടായിരുന്ന 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. നിരവധി യാത്രക്കാര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം.  ബസ്സില്‍ 30-ല്‍ അധികം യാത്രക്കാരുണ്ടായിരുന്നു.

◾  ഉത്തരാഖണ്ഡില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ ബില്ലിന് അംഗീകാരം നല്‍കി ഗവര്‍ണര്‍ ഗുര്‍മിത് സിങ്. ബില്ല് പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനത്തെ എല്ലാ മദ്രസകളും ഉത്തരാഖണ്ഡ് ന്യൂനപക്ഷ വിദ്യാഭ്യാസ അതോറിറ്റിയില്‍ നിന്ന് അംഗീകാരം നേടണം. ഉത്തരാഖണ്ഡ് സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്യുകയും വേണം. സംസ്ഥാനത്ത് ഏകീകൃതവും ആധുനികവുമായ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു നിയമം കൊണ്ടുവരുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു.

◾  ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് പൊതുമേഖല ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ വരുത്തിയ കാലതാമസത്തില്‍ അതൃപ്തി രേഖപ്പെടുത്തി ദില്ലി ഹൈക്കോടതി. പൊതുമേഖലാ ജോലികളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് സംവരണം നടപ്പാക്കുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. 2014-ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംവരണ നയം നടപ്പാക്കാത്തതിനെ തുടര്‍ന്ന് കോടതി ഈ വിഷയം പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിക്കാന്‍ തീരുമാനിച്ചു.

◾  ദേശീയ പാത ശൃംഖലയിലുടനീളം ക്യുആര്‍ കോഡിലുള്ള പ്രോജക്ട് ഇന്‍ഫര്‍മേഷന്‍ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കാനൊരുങ്ങി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. യാത്ര ചെയ്യുമ്പോള്‍ അവശ്യ വിവരങ്ങള്‍ തല്‍ക്ഷണം ലഭ്യമാക്കുന്നതിനായാണ് പ്രോജക്ട് ഇന്‍ഫര്‍മേഷന്‍ സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. സുതാര്യത വര്‍ദ്ധിപ്പിക്കുകയും ഹൈവേ ഉപയോക്താക്കള്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കുകയുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചു.

◾  2025 ലെ ഭൗതിക ശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്കാണ് പുരസ്‌കാരം. ജോണ്‍ ക്ലാര്‍ക്, മൈക്കള്‍ എച്ച് ഡെവോറെറ്റ്, ജോണ്‍ എം മാര്‍ട്ടിനിസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. മാക്രോസ്‌കോപ്പിക് ക്വാണ്ടം മെക്കാനിക്കല്‍ ടണ്ണലിംഗും ഇലക്ട്രി സെര്‍ക്യൂട്ടിലെ ഊര്‍ജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്‌കാരം. മൂവരും കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഭാഗമായിരുന്നപ്പോള്‍ നടത്തിയ ഗവേഷണത്തിനാണ് അംഗീകാരം.

◾  റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 73-ാം ജന്മദിനം ആഘോഷിച്ച പുതിനെ ഫോണില്‍ വിളിച്ചാണ് മോദി ആശംസകള്‍ അറിയിച്ചത്. സംഭാഷണത്തിനിടെ, ഇരുനേതാക്കളും ഇന്ത്യ- റഷ്യ ഉഭയകക്ഷി അജണ്ടയുടെ പുരോഗതി വിലയിരുത്തുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുകയും ചെയ്തതായി പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

◾  ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടിനോട് വിയോജിച്ച് മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയെ തകിടം മറിക്കുന്ന രീതിയിലാണ് സര്‍ക്കാരിനെതിരെ ഈ പാര്‍ട്ടികള്‍ പരസ്യമായി രംഗത്തെത്തിയത്.

◾  ഗാസയില്‍ ശാശ്വതമായ വെടിനിര്‍ത്തലും ഇസ്രയേലിന്റെ പൂര്‍ണമായ പിന്മാറ്റവും വേണമെന്ന് ഹമാസ്. ഇന്ന് രണ്ടാം വട്ട ചര്‍ച്ച നടക്കാനിരിക്കെയാണ് നിലപാട് പ്രഖ്യാപനം. തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാര്‍ വേണമെന്നും ഹമാസ് നിലപാടറിയിച്ചു. അതേസമയം ഗാസയിലെ അധികാരം വിട്ട് ആയുധം താഴെവെച്ച് ഹമാസ് പൂര്‍ണമായും ഒഴിയണമെന്ന നിലപാടാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. അത് ഹമാസ് അംഗീകരിക്കുമോയെന്നത് നിര്‍ണായകമാണ്. ഇത് ചര്‍ച്ചയുടെ വിജയത്തെ വരെ നിര്‍ണയിക്കും.

◾  യു.പി.ഐ പേയ്‌മെന്റുകള്‍ക്കായി ബയോമെട്രിക് പ്രാമാണീകരണം ഇന്ത്യയില്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നു. ഒക്ടോബര്‍ 8 ഇത് ഔദ്യോഗികമായി അവതരിപ്പിക്കും. യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റര്‍ഫേസ് പോലുള്ള തല്‍ക്ഷണ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളുടെ സുരക്ഷിതത്വം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. യുപിഐ വഴി പണം അയക്കുമ്പോഴോ സ്വീകരിക്കുമ്പോഴോ വിരലടയാളം, മുഖം തിരിച്ചറിയല്‍ തുടങ്ങിയ ബയോമെട്രിക് ഡാറ്റകള്‍ ഉപയോഗിച്ച് പ്രാമാണീകരണം നടത്താന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സംവിധാനം. സര്‍ക്കാരിന്റെ ആധാര്‍ സിസ്റ്റത്തില്‍ സംഭരിച്ചിരിക്കുന്ന ബയോമെട്രിക് ഡാറ്റയായിരിക്കും പ്രാമാണീകരണത്തിനായി ഉപയോഗിക്കുക. പേയ്‌മെന്റുകള്‍ അംഗീകരിക്കുന്നതിനായി ഉപയോക്താക്കള്‍ അക്കങ്ങള്‍ ഉപയോഗിച്ചുളള പിന്‍ നല്‍കേണ്ട നിലവിലെ രീതിയില്‍ നിന്ന് ഇതോടെ മാറ്റം സംഭവിക്കും. മുംബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ പുതിയ ബയോമെട്രിക് സവിശേഷത യുപിഐ പ്രവര്‍ത്തിപ്പിക്കുന്ന നാഷണല്‍ പേയ്‌മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രദര്‍ശിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യു.പി.ഐ യില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് പിന്‍ നമ്പറുകളെ ആശ്രയിക്കുന്നത് ഇതിലൂടെ കുറയ്ക്കാനാകുമെന്നും വിലയിരുത്തുന്നു.

◾  പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്ന 'ഡ്യൂഡി'ലെ പുതിയ ഗാനം പുറത്ത്. 'സിങ്കാരി' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. സഞ്ജയ് സെംവിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സായ് അഭ്യങ്കറാണ്. പ്രദീപ് രംഗനാഥനൊപ്പം അപര്‍ണ ഹരികുമാര്‍, യാസിനി, സുസ്മിത നരസിംഹ, രാജീവ് ഗണേഷ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വിഡിയോ സ്വന്തമാക്കിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വിഡിയോ സ്വന്തമാക്കിയത്. പ്രദീപ് രംഗനാഥിന്റെ ആലാപനത്തിന് വലിയ അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്. സായ് അഭ്യങ്കര്‍  പ്രദീപ് രംഗനാഥന്‍ കോംബോ അടിപൊളിയാണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. നേരത്തെ പുറത്തുവന്ന ചിത്രത്തിലെ 'ഊരും ബ്ലഡ്' എന്ന ഗാനവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പുറത്തിറങ്ങിയ ആദ്യ ദിവസങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ട ഗാനം പിന്നീട് വൈറലാവുകയായിരുന്നു.

◾  'കാന്താര ചാപ്റ്റര്‍ 1' കേരളത്തില്‍ അടക്കം മികച്ച ബോക്സ് ഓഫീസ് കളക്ഷന്‍ നേടുകയാണ്. ഇപ്പോഴിതാ റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തില്‍ 300 കോടി എന്ന നേട്ടം ആഗോളതലത്തില്‍ നേടി കാന്താര ചാപ്റ്റര്‍ 1 പ്രദര്‍ശനം തുടരുകയാണ്. പ്രമുഖ ട്രാക്കര്‍ന്മാരുടെ റിപ്പോര്‍ട്ട് പ്രകാരം 370 കോടിയാണ് ഇതുവരെ കാന്താര 1 നേടിയിരിക്കുന്ന കളക്ഷന്‍. 255.75 കോടിയാണ് ചിത്രത്തിന്റെ ഡൊമസ്റ്റിക് കളക്ഷന്‍. ഗ്രോസ് കളക്ഷന്‍ 307 കോടിയും ആണ്. ഓവര്‍സീസില്‍ നിന്നും 63 കോടി രൂപയാണ് പടം കളക്ട് ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്. കര്‍ണാടകയിലെ ഏറ്റവും വലിയ ഓപ്പണിംഗ് വാരാന്ത്യ കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് കാന്താര ച്പ്റ്റര്‍ 1. 183 കോടിയാണ് കെജിഎഫ് 2 നേടിയതെങ്കില്‍, ആദ്യ വാരാന്ത്യത്തില്‍ 183.60 കോടിയാണ് കാന്താര നേടിയത്. 125 കോടി രൂപ മുടക്കിയാണ് കാന്താര ചാപ്റ്റര്‍ 1 ഒരുക്കിയിരിക്കുന്നത്. ആദ്യഭാഗമായ കാന്താരയുടെ ബജറ്റിനെക്കാള്‍ പതിന്മടങ്ങ് കൂടുതലാണിത്. 16 കോടിയായിരുന്നു കാന്താരയുടെ ബജറ്റ്. 407.82 കോടി രൂപ ചിത്രം ആഗോള തലത്തില്‍ കളക്ട് ചെയ്യുകയും ചെയ്തു. കാന്താര ചാപ്റ്റര്‍ 1 ആയിരം കോടി തൊടുമെന്നാണ് ട്രാക്കര്‍ന്മാരുടെ വിലയിരുത്തല്‍.

◾  പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഏറ്റവും ജനകീയ മോഡലുകളില്‍ ഒന്നായ വെന്യുവിന്റെ രണ്ടാം തലമുറ മോഡല്‍ നവംബര്‍ നാലിന് വിപണിയില്‍ അവതരിപ്പിക്കും. ഇതിനു പിന്നാലെ, പുതുക്കിയ വെന്യു എന്‍ ലൈനിന്റെ അരങ്ങേറ്റവും ഉടന്‍ തന്നെ ഉണ്ടായേക്കാം. പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, ലംബമായി അടുക്കിയിരിക്കുന്ന പ്രൊജക്ടര്‍ യൂണിറ്റുകളുള്ള സ്പ്ലിറ്റ് ഹെഡ്ലാമ്പ് ഡിസൈന്‍, ചതുരാകൃതിയിലുള്ള ഇന്‍സേര്‍ട്ടുകളുള്ള പുതിയ ഗ്രില്‍, പുതിയ അലോയ് ഡിസൈന്‍, പുതിയ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, റൂഫ് റെയിലുകള്‍, സംയോജിത ഹൈ-മൗണ്ടഡ് സ്റ്റോപ്പ് ലൈറ്റുള്ള സ്പോയിലര്‍ എന്നിവയാണ് പുതിയ വെന്യൂവില്‍ വരുന്ന മാറ്റങ്ങള്‍. മുന്‍ പതിപ്പിനെ അപേക്ഷിച്ച് ഡിസൈനില്‍ നിരവധി മാറ്റങ്ങളുമായാണ് പുതിയ വെന്യു വിപണിയില്‍ എത്തുക. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഡിസിടി ഗിയര്‍ബോക്സുകളുമായി ഇണക്കിചേര്‍ത്ത 1.2 ലിറ്റര്‍ എന്‍എ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളുമായി പുതിയ വെന്യു അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നു.

◾  നാടിനോടെന്നപോലെ നഷ്ടപ്പെടുന്ന മൂല്യങ്ങളോടുമുള്ള ഗൃഹാതുരതയാണ് മുനവ്വര്‍ വളാഞ്ചേരിയുടെ പ്രവാസസംബന്ധിയായ രചനകളുടെ സവിശേഷത. ആ മൂല്യചാരുത ജ്വലിച്ചുനില്‍ക്കുന്ന  കഥകളാണ് ഈ സമാഹാരത്തിലുള്ളത്. അതിര് ഭേദിക്കുന്ന മനുഷ്യബന്ധങ്ങളോടു പോലും പുലര്‍ത്തുന്ന ആര്‍ദ്രത പുസ്തകത്തെ അത്യന്തം ശ്രദ്ധേയമാക്കുന്നുണ്ട്. മാനുഷിക പരിഗണനയും മാനവികതയും സഹാനുഭൂതിയും നിറഞ്ഞ കഥാലോകം. മുനവ്വര്‍ വളാഞ്ചേരിയുടെ ഏറ്റവും പുതിയ കഥാസമാഹാരം. 'പകല്‍ക്കിനാവുകള്‍'. മുനവ്വര്‍ വളാഞ്ചേരി. മാതൃഭൂമി. വില 187 രൂപ.

◾  ഡയറ്റില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പൊതുവെ സുരക്ഷിതമാണ്. എന്നാല്‍ പൈനാപ്പിള്‍ പോലുള്ള പഴങ്ങള്‍ നേരം തെറ്റിയാണ് കഴിക്കുന്നതെങ്കില്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്തേക്കും. വിറ്റാമിന്‍ ബി1, വിറ്റാമിന്‍ സി തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുള്ള പൈനാപ്പിളില്‍ ഇരുമ്പിന്റെ അംശവും ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനപ്രക്രിയക്ക് സഹായിക്കുന്ന പൈനാപ്പിള്‍ ആഹാര ശേഷം ശീലമാക്കുന്നത് ഉചിതമാണെന്നാണ് പലരും കരുതുന്നത്. പൈനാപ്പിള്‍ കഴിക്കാന്‍ ഏറ്റവും ഉചിതമായ സമയം ദിവസത്തിന്റെ ആദ്യ പകുതിയിലാണെന്നും പൈനാപ്പിളിനൊപ്പം മറ്റ് ഭക്ഷണം ഉള്‍പ്പെടുത്താത്തതാണ് നല്ലതെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ എല്ലാവര്‍ക്കും പൈനാപ്പിള്‍ ഗുണകരമാകണമെന്നില്ലെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പ്രമേഹരോഗികള്‍ക്ക് പൈനാപ്പിള്‍ വിപരീതഫലം ഉണ്ടാക്കാം. പൈനാപ്പിളിന്റെ ഗ്ലൈസെമിക് സൂചിക ഉയര്‍ന്നതായതിനാല്‍ പ്രമേഹരോഗികള്‍ക്ക് ഇത് ഉചിതമല്ല. എന്നാല്‍ ചെറിയ അളവില്‍ പൈനാപ്പിള്‍ കഴിക്കുന്നത് പ്രശ്നമല്ല. ഇതില്‍ അടങ്ങിയിട്ടുള്ള മറ്റ് പോഷകങ്ങള്‍ ശരീരത്തിന് ആവശ്യമായതിനാലാണ് ചെറിയ അളവില്‍ പൈനാപ്പിള്‍ കഴിക്കാമെന്ന് നിര്‍ദേശിക്കുന്നത്. പൈനാപ്പിള്‍ ജ്യൂസ് കുടിക്കുമ്പോള്‍ ഷുഗറിന്റെ അളവ് സാധരണയില്‍ നിന്നും അധികമാകുന്നതുകൊണ്ടു തന്നെ ഇത് ഒഴിവാക്കുന്നതാണ് ഉത്തമം.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ പ്രശസ്തനായ ചിത്രകാരനാണ്.  നഗ്നചിത്രങ്ങളും അയാളുടെ രചനയുടെ ഭാഗമായി മാറാറുണ്ട്.   തന്റെ ചെറിയ മകള്‍ അത് കാണരുതെന്ന് കരുതി അയാള്‍ മുറി അടിച്ചിട്ടാണ് നഗ്നചിത്രങ്ങള്‍ വരയ്ക്കാറ്.  ഒരിക്കല്‍ ഇത്തരം ചിത്രം വരക്കുമ്പോള്‍ മുറി അടച്ചിടാന്‍ അദ്ദേഹം മറന്നുപോയി. മകള്‍ മുറിയിലേക്ക് കടന്നുവന്നു.  ഏകദേശം പൂര്‍ത്തിയാകാറായ ചിത്രം കുറച്ച് നേരം നോക്കി നിന്നതിന് ശേഷം അവള്‍ ചോദിച്ചു: ഇത് ശരിയല്ല.  ഞാന്‍ പുറത്തിറങ്ങിയാല്‍ എപ്പോഴും ഷൂ ധരിക്കണമെന്ന് പറയുന്ന അച്ഛന്‍ ഇവളെ എന്താണ് ഷൂ ധരിപ്പിക്കാത്തത്.  നമ്മള്‍ നോക്കുന്നതേ കാണൂ.. കാണുന്നതേ നോക്കൂ.. എല്ലാവരുടേയും കാഴ്ചയും കാഴ്ചപ്പാടും ഒരുപോലെയല്ല. ഒരാള്‍ എന്ത്കാണുന്നത് എന്നതിന് അയാളുടെ ആഗ്രഹങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടായിരിക്കും.  തനിക്കൊരു ഇഷ്ടവുമില്ലാത്ത കാര്യം ആരുടേയും കണ്ണില്‍ പെടില്ല.  കണ്ടാല്‍ തന്നെ ശ്രദ്ധിക്കില്ല.   കളളന്റെ നോട്ടം പൂട്ടിലേക്കും, തുന്നല്‍ക്കാരന്റെ നോട്ടം മററുളളവരുടെ വസ്ത്രങ്ങളിലേക്കും ആകുന്നത് ഒരേ കാരണം കൊണ്ടാണ്.   ആഗ്രഹങ്ങളെ ക്രമീകരിക്കുക എന്നതാണ് നമ്മുടെ ചുവടുകള്‍ കാര്യക്ഷമമാക്കാനുളള മാര്‍ഗ്ഗം.  കാണേണ്ടവയെ മാത്രം കാണാനും കാണരുതാത്തവയെ അവഗണിക്കാനും ശീലിച്ചാല്‍ ജീവിതം സമാധാനപൂര്‍ണ്ണമായി തീരും. - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right