Trending

പ്രഭാത വാർത്തകൾ

2025 | ഒക്ടോബർ 7 | ചൊവ്വ 
1201 | കന്നി 21 |  രേവതി 
1447  റ : ആഖിർ 14

◾ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യവുമായി ഗാസയിലെ ബന്ദികളുടെ കുടുംബങ്ങളുടെ കൂട്ടായ്മ. നൊബേല്‍ കമ്മിറ്റിക്ക് അയച്ച കത്തിലാണ് 'ഹോസ്റ്റേജസ് ആന്‍ഡ് മിസിങ് ഫാമിലീസ് ഫോറം' എന്ന ബന്ദികളുടെ കൂട്ടായ്മ ഈ ആവശ്യം ഉന്നയിക്കുന്നത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് നീക്കം.

◾ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ അന്തിമ ധാരണയിലെത്താന്‍ ലക്ഷ്യമിട്ട് ഹമാസും ഇസ്രയേലും ചര്‍ച്ച തുടങ്ങി. ഈജിപ്ഷ്യന്‍ നഗരമായ ഷാം എല്‍-ഷൈഖിലാണ് ഇരുവിഭാഗവും അനൗദ്യോഗിക ചര്‍ച്ച തുടങ്ങിയത്. പലസ്തീന്‍ തടവുകാരെ മോചിപ്പിച്ച് എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ശ്രമമാണ് ചര്‍ച്ചയ്ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. സമാധാന പദ്ധതിയോട് ഹമാസ് അനുകൂലിക്കുന്നുവെങ്കിലും ഗാസയുടെ ഭാവിയും നിരായുധീകരണവും ഇവര്‍ അംഗീകരിച്ചിട്ടില്ല.

◾ ഇസ്രയേലും ഹമാസും തമ്മില്‍ ഈജിപ്തില്‍ ഗാസ സമാധാന ചര്‍ച്ച തുടങ്ങും മുന്നേ അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മധ്യസ്ഥത ചര്‍ച്ചക്കായി നിയോഗിക്കപ്പെട്ടവരോട് കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചെന്നും ചര്‍ച്ചകള്‍ വിജകരമായി പുരോഗമിക്കുകയാണെന്നും ആദ്യ ഘട്ട ചര്‍ച്ച ഈ ആഴ്ച പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ വിശദീകരിച്ചു. അമേരിക്കക്ക് പുറമെ ഈജിപ്ത്, ഖത്തര്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ട്രംപ് മുന്നോട്ടുവച്ച 20 ഇന നിര്‍ദ്ദേശങ്ങളിലാണ് ഇസ്രയേലും ഹമാസും തമ്മില്‍ ഈജിപ്തില്‍ ചര്‍ച്ച നടക്കുക.

◾ സംസ്ഥാന പൊലീസ് സേനയില്‍ ക്രിമിനലുകള്‍ക്ക് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് സീനിയര്‍ ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് സേന മാതൃകാപരമായി പ്രവര്‍ത്തിക്കണമെന്നും തെറ്റിനെതിരെ കടുത്ത നടപടിയെടുക്കുമെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുമെന്നും നീതി നടപ്പിലാക്കാന്‍ ആരുടേയും അനുമതിക്കായി കാത്തുനില്‍ക്കരുതെന്നും മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
◾  സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് കൈമാറി. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കുന്നതാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തെ തുടര്‍ന്നാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.

◾  അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മരുന്ന് നല്‍കരുതെന്നും ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്ന് നല്‍കരുതെന്നും മൂന്നംഗ വിദഗ്ധ സമിതി ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി ബോധവത്ക്കരണവും ശക്തമാക്കും. കുട്ടികള്‍ക്കുള്ള മരുന്നുകള്‍ അവരുടെ തൂക്കത്തിനനുസരിച്ചാണ് ഡോക്ടര്‍മാര്‍ ഡോസ് നിശ്ചയിക്കുന്നത്. അതിനാല്‍ ഒരു കുഞ്ഞിന് കുറിച്ച് നല്‍കിയ മരുന്ന് മറ്റ് കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പാടില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മന്ത്രി വീണാ ജോര്‍ജ വ്യക്തമാക്കി. അതേസമയം കോള്‍ഡ്രിഫ് സിറപ്പിന്റെ കുട്ടികളുടെ ചുമ മരുന്ന് വില്‍പന കേരളത്തില്‍ നിര്‍ത്തി.

◾  ശൈത്യകാല ഷെഡ്യൂളില്‍ കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ താല്‍ക്കാലിക വെട്ടിക്കുറവ് മാത്രമാണ് വരുത്തിയതെന്നും പലതും തിരിച്ചുകൊണ്ടു വരുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 2025 ഒക്ടോബര്‍ അവസാനം മുതല്‍ മാര്‍ച്ച് 26 വരെ നീണ്ടു നില്‍ക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ ഗണ്യമായ കുറവ് വരുത്തിയത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു എയര്‍ ഇന്ത്യ അധികൃതരുടെ പ്രതികരണം.

◾  പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. അട്ടപ്പാടി സ്വദേശിയായ ശാന്തകുമാര്‍ ആണ് മരിച്ചത്. താവളം- മുള്ളി റോഡിലാണ് സംഭവം. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു. വീഴ്ചയില്‍ വാരിയെല്ല് പൊട്ടുകയും കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാളെ മണ്ണാര്‍ക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
◾  എയ്ഡഡ് നിയമനത്തിലെ ഭിന്നശേഷി സംവരണ തീരുമാനത്തില്‍ കെസിബിസിയുമായി സമവായത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ നിയമോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമിസ് കാത്തോലിക്ക ബാവയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. സഭയുടെ ആശങ്ക തീര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

◾  സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ കടുത്ത സമരത്തിലേക്ക് നീങ്ങാന്‍ കോണ്‍ഗ്രസ്. സംസ്ഥാനവ്യാപകമായ് നാല് മേഖലാജാഥകള്‍ നടത്താനാണ് തീരുമാനം. പന്തളത്ത് ജാഥകളും മഹാസമ്മേളനവും സംഘടിപ്പിക്കും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധം ശക്തമാക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം.

◾  ഒരാളുടെയും വിശ്വാസത്തെയോ ആചാരത്തെയോ തകര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും ഒരു കുറ്റവാളിയെയും രക്ഷപെടാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും  സത്യം കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇ പി ജയരാജന്‍.  ഇതാണ് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയ്യപ്പ സംഗമം സര്‍ക്കാരിന് സല്‍പ്പേരുണ്ടാക്കിയെന്നും വിവാദങ്ങള്‍ അയ്യപ്പ സംഗമത്തിന് ശേഷം ഉയര്‍ന്ന് വന്നതാണെന്നും അന്വേഷണത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

◾  ശബരിമലയിലെ മാത്രമല്ല ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുളള കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളുടേയും സ്വത്തുക്കള്‍ പരിശോധിച്ച് രേഖപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. സമഗ്രമായ പരിശോധന ക്ഷേത്ര ഭൂമിയിലും സ്വര്‍ണ്ണ ശേഖരത്തിലും ആവശ്യമാണ്. ശബരിമലയില്‍ മാത്രമാണോ മറ്റു ക്ഷേത്രങ്ങളിലും മോഷണം നടന്നിട്ടുണ്ടോ എന്ന സംശയം ശക്തമാണ്. ഇതുവരെ 25,000 ഏക്കര്‍ ക്ഷേത്രഭൂമി കേരളത്തിലെ ദേവസ്വങ്ങള്‍ക്ക് നഷ്ടമായിട്ടുണ്ടെന്നും ഇതു തിരിച്ചു പിടിക്കാന്‍ ബോര്‍ഡുകള്‍ യാതൊന്നും ചെയ്യുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾  നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം ദേവസ്വം മന്ത്രിയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അപലപനീയമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ദേവസ്വം വകുപ്പ് മന്ത്രിയെ 'കള്ളന്‍' എന്ന് ആവര്‍ത്തിച്ച് അഭിസംബോധന ചെയ്തത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. എത്ര ശക്തമായ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കിടയിലും ഇത്തരം നിലവാരം കുറഞ്ഞ പദപ്രയോഗങ്ങള്‍ കേരള നിയമസഭയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾  കേരളം എല്ലാത്തിലും നമ്പര്‍ വണ്ണാണെന്ന് മത്സരിച്ച് പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മുന്‍ദേവസ്വംവകുപ്പ് മന്ത്രി ജി. സുധാകരന്‍. ഇവിടെ എന്തൊക്കെ വൃത്തികേടുകള്‍ നടക്കുന്നുവെന്നും അതിലും മുന്‍പന്തിയിലാണെന്നും സ്വര്‍ണപ്പാളി മോഷ്ടിച്ചുകൊണ്ടുപോയിയതിലും നമ്മള്‍ നമ്പര്‍ വണ്ണാണെന്നും സുധാകരന്‍ പരിഹസിച്ചു. ആലപ്പുഴയില്‍ കെപിസിസി സാംസ്‌കാരിക സാഹിതിയുടെ തെക്കന്‍ മേഖലാ ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുഖംമൂടി ധരിച്ച് ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം. രാത്രി എംഎല്‍എ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തി ഉദ്ഘാടനം ചെയ്യുന്നത് പ്രതീകാത്മകമായി ചിത്രീകരിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. പാലക്കാട് നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ ഫ്ലാഗ് ഓഫ് രാഹുല്‍ മാങ്കൂട്ടത്തില്‍ ആരേയും അറിയിക്കാതെ രഹസ്യമായി നടത്തി എന്നാണ് പ്രതിഷേധക്കാരുടെ വിമര്‍ശനം. മുന്‍കൂട്ടി അറിയിക്കുന്ന ഉദ്ഘാടന പരിപാടിയാണെങ്കില്‍ തടയുമെന്നും ബിജെപി പ്രവര്‍ത്തകര്‍ അറിയിച്ചു.

◾  ബ്രഹ്‌മഗിരിക്കെതിരെ പോലീസില്‍ പരാതി. ബഡ്സ് ആക്ട് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് 14 ലക്ഷം രൂപ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട നൗഷാദ് ആണ് പരാതി നല്‍കിയിരിക്കുന്നത്. മുന്‍പ് കൊടുത്ത പരാതി ബ്രഹ്‌മഗിരി സിഇഒ ആയിരുന്ന സുനില്‍കുമാര്‍ സമ്മര്‍ദ്ദം ചെലുത്തി പിന്‍വലിപ്പിച്ചു എന്ന് നൗഷാദ് ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് സിഇഒ പരാതി പിന്‍വലിപ്പിച്ചതെന്നും നൗഷാദ് പറഞ്ഞു. ബ്രഹ്‌മഗിരിയുടെ ആസ്ഥാനം ഉള്‍പ്പെടുന്ന മീനങ്ങാടി സ്റ്റേഷനിലാണ് നൗഷാദ് പരാതി നല്‍കിയിരിക്കുന്നത്.

◾  കേരള സ്റ്റേറ്റ് ഇന്റസ്ട്രിയല്‍ എന്റര്‍പ്രൈസിസ് എംഡിയായ ഡോ.ശ്രീകുമാറിനെതിരെ രജിസ്റ്റര്‍ ചെയ്ത ലൈംഗീകാരോപണ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി തിരുവനന്തപുരം സിജെഎം കോടതിയില്‍ മ്യൂസിയം പൊലീസ് അപേക്ഷ നല്‍കി. ഓഫീസില്‍ വച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ശ്രീകുമാര്‍ പെരുമാറിയെന്നാണ് പരാതി. എന്നാല്‍ പിഎഫിലെ അടക്കം ചില ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ വൈരാഗ്യമാണ് തനിക്കെതിരായ പരാതിയെന്നാണ് ശ്രീകുമാര്‍ പറയുന്നത്.



◾  പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും കയ്യേറ്റം ചെയ്തതിനും സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ ചൊക്ലി ലോക്കല്‍ സെക്രട്ടറി ടി ജയേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിതോരണങ്ങള്‍ നീക്കം ചെയ്യാന്‍ എത്തിയ പൊലീസ് സംഘത്തെ ഇന്നലെ രാത്രിയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവര്‍ തടഞ്ഞത്. കത്തികൊണ്ട് വരയ്ക്കുമെന്നും ചൊക്ലി സ്റ്റേഷനില്‍ നിന്നെയൊന്നും നിര്‍ത്തില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആറില്‍ പറയുന്നു.

◾  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കു നേരെ കോടതി മുറിയില്‍ നടന്ന അക്രമശ്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷമാണ് സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സനാതന ധര്‍മ്മത്തിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്.

◾  സിഎംആര്‍എല്‍ -എക്സാലോജിക് മാസപ്പടി ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ പരിഹാസവുമായി എ റഹീം എംപി. മാത്യു കുഴല്‍നാടന് അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോം എന്ന രോഗമാണെന്നാന്നും ഇപ്പോഴത് സുപ്രീം കോടതിയും ശരിവച്ചെന്നും റഹീം പരിഹസിച്ചു. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഇറങ്ങിയതായിരുന്നു കുഴല്‍നാടനെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

◾  കൊല്ലം അഞ്ചലില്‍ അമിത വേഗതയില്‍ ഹെല്‍മറ്റ് ധരിക്കാതെയെത്തിയ ബൈക്ക് യാത്രികനെ തടഞ്ഞു നിര്‍ത്തിയ പൊലീസിന് നേരെ കയ്യേറ്റം. അഞ്ചല്‍ എസ്ഐ പ്രജീഷ്‌കുമാറിനെയാണ് പനയഞ്ചേരി സ്വദേശി സുരാജും മക്കളായ അഹമ്മദും അബ്ദുള്ളയും ചേര്‍ന്ന് ആക്രമിച്ചത്. കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി പ്രതികളെ അറസ്റ്റ് ചെയ്തു.

◾  എറണാകുളം കോതമംഗലത്ത് ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. മേതല സ്വദേശി ബിജുവാണ് അറസ്റ്റിലായത്. അടിമാലിയില്‍ നിന്നും കോതമംഗലത്തേക്കുള്ള യാത്രാമധ്യേയാണ് സംഭവം. പ്രതി ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

◾  മലപ്പുറം കൊണ്ടോട്ടി അരൂരില്‍ എംഡിഎംഎയുമായി കാപ്പ പ്രതിയടക്കം നാലു പേര്‍ പൊലീസ് പിടിയില്‍. അരൂര്‍ സ്വദേശി ഷഫീഖ്, വാഴക്കാട് സ്വദേശി നൗഷാദ്, കൊട്ടപ്പുറം സ്വദേശി ഷാക്കിര്‍, ഇല്ലത്തുപടി സ്വദേശി റഷാദ് മുഹമ്മദ് എന്നിവരെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 153 ഗ്രാം എംഡിഎംഎയും അരലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും രണ്ട് കാറുകളും പിടിച്ചെടുത്തു.

◾  നെയ്യാറ്റിന്‍കര കാഞ്ഞിരംകുളത്ത് പൗള്‍ട്രി ഫാമില്‍ തെരുവുനായ ആക്രമണം. നൂറുകണക്കിന് കോഴികളെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു. കാഞ്ഞിരകുളം കഴിവൂരില്‍ രാജു-സുനിതകുമാരി ദമ്പതികള്‍ നടത്തിവരികയായിരുന്നു ഐശ്വര്യ പൗള്‍ട്രി ഫാമില്‍ ആയിരുന്നു സംഭവം. ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചതെന്ന് ഉടമകള്‍ പറഞ്ഞു.

◾  സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും നാളെ മുതല്‍ 3 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

◾  ലവ് ജിഹാദി'ന് ഇരയായ നിങ്ങളുടെ മകള്‍ തിരികെ വരാന്‍ വിസമ്മതിച്ചാല്‍ വിഷം കൊടുത്ത് കൊല്ലണമെന്ന വിവാദ പരാമര്‍ശവുമായി തെലങ്കാനയിലെ ഗോഷാമഹല്‍ എംഎല്‍എ ടി രാജാ സിങ്. മധ്യപ്രദേശില്‍ ദസറ ആഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്കിടെയായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം.

◾  വ്യാജ പര്‍ച്ചേസ് ഓര്‍ഡറുകളും രേഖകളും ഉപയോഗിച്ച് തൊഴിലുടമയെ കബളിപ്പിച്ച് 5.72 കോടി രൂപയുടെ സ്വര്‍ണ്ണ നാണയങ്ങള്‍ കൈക്കലാക്കിയ ജീവനക്കാരന്‍ മുംബൈയില്‍ അറസ്റ്റില്‍. സുനില്‍ ഗുപ്ത എന്നയാളാണ് സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നത്. വാന്റായ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

◾  രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള സിറപ്പുകള്‍ നിര്‍ദ്ദേശിക്കുകയോ നല്‍കുകയോ ചെയ്യരുതെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയത്. മധ്യപ്രദേശിലും രാജസ്ഥാനിലും ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ആശുപത്രികള്‍ക്ക് പുറമെ ഫാര്‍മസികള്‍ക്കും ക്ലിനിക്കുകള്‍ക്കും ഡോക്ടര്‍മാര്‍ക്കും അടക്കം എല്ലാവര്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

◾  14 കുട്ടികളുടെ മരണത്തിനിടയാക്കിയ വിഷ മരുന്ന് ദുരന്തത്തില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ഉദ്യോഗസ്ഥരുടെ നിയമപരമായ അറിവില്ലായ്മയുടെ ഉത്തമ ഉദാഹരണമാണിതെന്നും ഭരണകൂടത്തിന്റെയും, മരുന്ന് നിര്‍മ്മാതാക്കളുടെയും വീഴ്ച ഒളിപ്പിക്കാനാണ് തിടുക്കത്തിലുള്ള നടപടി എന്നാണ് ഐഎംഎയുടെ വാദം. ഭരണകൂടം അനുമതി നല്‍കിയ മരുന്ന് കുറിച്ച് നല്‍കിയ ഡോക്ടര്‍ എന്ത് പിഴച്ചുവെന്നും ഐഎംഎ പ്രതികരിച്ചു.

◾  സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത അഭിഭാഷകന്‍ രാകേഷ് കിഷോറിനെ വിട്ടയച്ചു. കേസ് എടുക്കേണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരമാണ് വിട്ടയച്ചത്. അതേസമയം, ഇയാളെ ബാര്‍ കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തു. കൗണ്‍സില്‍ അച്ചടക്ക നടപടികളും ആരംഭിച്ചിട്ടുണ്ട്.

◾  ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്ക്കുനേരെ സുപ്രീം കോടതിയില്‍ ഉണ്ടായ ആക്രമണത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിസുമായി താന്‍ സംസാരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ആക്രമണം  ഓരോ ഇന്ത്യക്കാരനെയും രോഷാകുലരാക്കിയിരിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇത്തരം നിന്ദ്യമായ പ്രവൃത്തികള്‍ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ലെന്നും വ്യക്തമാക്കി.

◾  ഒഡിഷയിലെ കട്ടക്കില്‍ ദുര്‍ഗാ പൂജയോട് അനുബന്ധിച്ച് നടന്ന വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷാവസ്ഥയ്ക്ക് അയവില്ല. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് നിരോധനം നീട്ടി. പ്രദേശത്ത് നിരോധനാജ്ഞയും നീട്ടി. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലും കട്ടക്ക് ജില്ലാ ഭരണകൂടം ആശങ്ക പ്രകടിപ്പിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പും നല്‍കി.

◾  ലഡാക്കില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബി.ആര്‍.ഒ). ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗത യോഗ്യമായ പാതയെന്ന റെക്കോര്‍ഡ് ഇനി മിഗ് ലായ്ക്ക് സ്വന്തം. സമുദ്രനിരപ്പില്‍ നിന്ന് 19,400 അടി ഉയരത്തിലാണ് പുതുതായി പൂര്‍ത്തിയാക്കിയ ലികാരു-മിഗ് ലാ-ഫുക്ചെ റോഡ് സ്ഥിതി ചെയ്യുന്നത്.

◾  തമിഴ്നാട് ചെങ്കല്‍പ്പേട്ടിലെ വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്ന് കാണാതായ സിംഹം കൂട്ടില്‍ തിരിച്ചെത്തി. സിംഹം തന്നെ തിരിച്ചെത്തുകയായിരുന്നുവെന്ന് മൃഗശാല ഡയറക്ടര്‍ റിറ്റോ സിറിയക് പ്രതികരിച്ചു. സിംഹം ആരോഗ്യവാനെന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്നും മൃഗശാല ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു. നടന്‍ ശിവകാര്‍ത്തികേയന്‍ ദത്തെടുത്തിരുന്ന സിംഹം ആണിത്.

◾  ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ 6,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 14 നാണ്. വോട്ടര്‍ പട്ടികയില്‍ പരാതികളുണ്ടെങ്കില്‍ ഇനിയും കമ്മീഷനെ സമീപിക്കാം എന്ന് കമ്മീഷന്‍ വ്യക്തമാക്കി. ബിഹാറില്‍ ആകെ 7.43 കോടി വോട്ടര്‍മാരാണുള്ളത്. അതില്‍ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉള്‍പ്പെടുന്നു. 90,712 പോളിംഗ് സ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.

◾  നിയമസഭാ തിരഞ്ഞെടുപ്പില്‍ ബുര്‍ഖ ധരിച്ചെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയാന്‍ ബിഹാറിലെ എല്ലാ പോളിങ് ബൂത്തുകളിലും പ്രത്യേകം ജീവനക്കാരെ നിയോഗിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. ബിഹാര്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനായി തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അംഗന്‍വാടി ജീവനക്കാരെയാണ് ഇതിനായി നിയോഗിക്കുക.

◾  ഇന്ത്യയുമായുണ്ടായ നാലുദിവസത്തെ സൈനിക സംഘര്‍ഷത്തില്‍ ചൈനീസ്  നിര്‍മിത ആയുധങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ചതായി ഉന്നത പാക് സൈനിക ഉദ്യോഗസ്ഥന്‍. ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് പാക് സായുധസേനയുടെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി ഈ അവകാശവാദം ഉന്നയിച്ചത.  

◾  പാകിസ്ഥാന്‍ അപൂര്‍വ ധാതു നിക്ഷേപങ്ങളുടെ ആദ്യ ബാച്ച് അമേരിക്കയിലേക്ക് അയച്ചു. അമേരിക്കന്‍ കമ്പനിയുമായി കഴിഞ്ഞ മാസം ഒപ്പിട്ട കരാറിന് പിന്നാലെയാണ് ആദ്യ ഘട്ടമായി ധാതുസമ്പത്ത് അയച്ചത്. ഈ കരാറും ചരക്ക് നീക്കവും പാകിസ്താനില്‍ പ്രതിഷേധങ്ങള്‍ക്കിടയാക്കി. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് ഇത് രഹസ്യ ഇടപാട് ആണെന്ന് ആരോപിച്ചു.

◾  2025 ലെ വൈദ്യശാസ്ത്ര നൊബേലിന് മൂന്ന് പേര്‍ അര്‍ഹരായി. മേരി ഇ ബ്രന്‍കോവ്, ഫ്രെഡ് റാംസ്ഡെല്‍, ഷിമോണ്‍ സാകാഗുച്ചി എന്നിവര്‍ 2025 ലെ വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹരായി. പെരിഫറല്‍ ഇമ്മ്യൂണ്‍ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേല്‍. മേരി ഇ ബ്രണ്‍കോവ് സിയാറ്റിലിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്ഡെല്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സ് സ്ഥാപകനും ഷിമോണ്‍ സാകാഗുച്ചി ജപ്പാനിലെ ഒസാക സര്‍വകലാശാലയിലെ ഗവേഷകനുമാണ്.

◾  സ്ഥാനമേറ്റ് 26ാം ദിവസം അപ്രതീക്ഷിത രാജി പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ന്യു. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോയ്ക്ക് ഇദ്ദേഹം രാജിക്കത്ത് നല്‍കിയത്. കഴിഞ്ഞ മന്ത്രിസഭയിലെ ഒട്ടു മിക്ക അംഗങ്ങളെയും നിലനിര്‍ത്തിയ കോര്‍ന്യുവിന്റെ നടപടിക്കെതിരെ ഭരണകക്ഷിക്ക് ഉള്ളില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

◾  ഇസ്രയേലിന്റെ സമുദ്ര ഉപരോധം ലംഘിച്ച് ഗാസയിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമത്തിനിടെ അറസ്റ്റിലായ  സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെയേയും 170 മറ്റു ആക്ടിവിസ്റ്റുകളേയും ഇസ്രയേല്‍ നാടുകടത്തി. ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടിലയുടെ ഭാഗമായ 341 പേരെ ഇതിനോടകം നാടുകടത്തിയതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 138 പേര്‍ ഇനി ഇസ്രയേല്‍ പോലീസിന്റെ കസ്റ്റഡിയില്‍ അവശേഷിക്കുന്നതായാണ് വിവരം.

◾  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഇന്ത്യയിലെ ഔദ്യോഗിക അംബാസഡറായി മലയാളി താരം സഞ്ജു സാംസണെ നിയമിച്ചു. ഇന്ത്യയില്‍ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പദ്ധതികളുടെ ഭാഗമായാണ് സഞ്ജുവിനെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ബ്രാന്‍ഡ് പ്രോത്സാഹിപ്പിക്കുന്നതിലും രാജ്യത്തുടനീളമുള്ള ആരാധകരുമായി സംവദിക്കുന്നതിലും സഞ്ജു നിര്‍ണായക പങ്ക് വഹിക്കുമെന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

◾  സെപ്റ്റംബറിലും ഓഹരി വിപണിയില്‍ വില്‍പ്പനക്കാരായി വിദേശ നിക്ഷേപകര്‍. സെപ്റ്റംബറില്‍ 23,885 കോടിയുടെ നിക്ഷേപമാണ് ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വലിച്ചത്. ഇതോടെ 2025ല്‍ ഇതുവരെ വിദേശനിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 1.6 ലക്ഷം കോടി രൂപയായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ മൂന്നാ മാസമാണ് വിദേശനിക്ഷേപകര്‍ മൊത്തത്തില്‍ വില്‍പ്പനക്കാരായി മാറിയത്. ഓഗസ്റ്റില്‍ 34,990 കോടിയും ജൂലൈയില്‍ 17,700 കോടിയുമാണ് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത്. അമേരിക്കന്‍ വ്യാപാര നയം, എച്ച്-1 ബി വിസ ഫീസ് വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്കയില്‍ 50 ശതമാനം വരെ താരിഫ് ഉയര്‍ത്തിയത് വിപണിയെ കാര്യമായി ബാധിച്ചതായി വിപണി വിദഗ്ധര്‍ പറയുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും വിപണിയില്‍ പ്രതിഫലിച്ചു. എന്നാല്‍ ഭാവിയില്‍ സ്ഥിതിഗതികള്‍ ഇന്ത്യയ്ക്ക് അനുകൂലമാകുമെന്നും വിപണി വിദഗ്ധര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

◾  നിഖില വിമല്‍ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം 'പെണ്ണ് കേസ്' നവംബറില്‍ റിലീസിനൊരുങ്ങുന്നു. ഇക്കാര്യമറിയിച്ച് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഒഫിഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തില്‍ നിഖിലയ്‌ക്കൊപ്പം  ഹക്കീം ഷാജഹാന്‍, അജു വര്‍ഗ്ഗീസ്, രമേശ് പിഷാരടി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.ഇവരെല്ലാരും ഒന്നിച്ചുള്ള ഒരു രസകരമായ പോസ്റ്റര്‍ ആണ് ചിത്രത്തിന്റേതായി പുറത്തുവന്നിട്ടുള്ളത്. പേരിലെ വ്യത്യസ്തതയ്ക്ക് ചിത്രത്തിന്റെ പ്രമേയത്തില്‍ എത്ര മാത്രം സ്വാധീനം ഉണ്ടെന്നെല്ലാം സിനിമ പ്രേമികള്‍ക്കിടയില്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.  നവാഗതനായ ഫെബിന്‍ സിദ്ധാര്‍ഥ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പെണ്ണ് കേസ്'. 2025 നവംബറില്‍ തിയറ്ററുകളില്‍ എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രശ്മി രാധാകൃഷ്ണനും ഫെബിന്‍ സിദ്ധാര്‍ഥും ചേര്‍ന്നാണ്.

◾  കേരള രാഷ്ട്രീയത്തിലെ കഴിഞ്ഞ 80 വര്‍ഷ കാലയളവിലെ സംഭവവികാസങ്ങള്‍ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം 'ദി കൊമ്രേഡി'ന്റെ ടൈറ്റില്‍ പോസ്റ്റര്‍ കോഴിക്കോട് വച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് റിലീസ് ചെയ്തു. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ദി കൊമ്രേഡില്‍ മലയാളത്തിലെ പ്രമുഖ താരനിര തന്നെ അണിനിരക്കുന്നുണ്ട്. വെള്ളം, സുമതി വളവ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച മുരളി കുന്നുംപുറത്ത് വാട്ടര്‍മാന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് പി.എം. തോമസ് കുട്ടിയാണ്. കേരള രാഷ്ട്രീയത്തിന്റെ സംഭവ വികാസങ്ങള്‍ പശ്ചാത്തലമാക്കി പ്രേക്ഷകന് തിയേറ്റര്‍ എക്സ്പീരിയന്‍സ് സമ്മാനിക്കുന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്. കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മലയാളത്തിലെ പത്തോളം മുഖ്യധാരാ അഭിനേതാക്കളും മറ്റു പ്രഗത്ഭരായ താരങ്ങളും അണിനിരക്കുന്ന പൊളിറ്റിക്കല്‍ ചിത്രമായിരിക്കും ദി കൊമ്രേഡ്.

◾  ബൊലേറോയുടേയും ബൊലേറോ നിയോയുടേയും പുതുക്കിയ പതിപ്പുമായി മഹീന്ദ്ര. ബൊലേറോയുടെ വില 7.99 ലക്ഷം രൂപ മുതലും ബൊലേറോ നിയോയുടെ വില 8.49 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നത്. ഏറെ മാറ്റങ്ങളുമായിട്ടാണ് ഇരുവാഹനങ്ങളും വിപണിയിലെത്തിയിരിക്കുന്നത്. നാല് മോഡലുകളിലായി ബൊലേറോയും ബൊലേറോ നിയോയും എത്തുന്നത്. ബൊലേറോ ബി4 (7.99 ലക്ഷം രൂപ), ബി6 (8.69 ലക്ഷം രൂപ), ബി6 (ഒ) (9.09 ലക്ഷം രൂപ), ബി 8 (9.69 ലക്ഷം രൂപ). ബൊലേറോ നിയോ എന്‍4 (8.49 ലക്ഷം രൂപ), എന്‍8 (9.29 ലക്ഷം രൂപ), എന്‍ 10 (9.79 ലക്ഷം രൂപ), എന്‍ 11 (9.99 ലക്ഷം രൂപ). 76 ബിഎച്ച്പി കരുത്തും 210 എന്‍എം ടോര്‍ക്കുമുള്ള 1.5 ലീറ്റര്‍ എം ഹോക്ക് ഡീസല്‍ എന്‍ജിനാണ് പുതിയ ബൊലേറോ മോഡലില്‍. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും. ബൊലേറോ നിയോയില്‍ 100 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലീറ്റര്‍, മൂന്ന് സിലിണ്ടര്‍ എംഹോക്ക് 100 ഡീസല്‍ എന്‍ജിന്‍ നിലനിര്‍ത്തുന്നു. റിയര്‍ വീല്‍ ഡ്രൈവ്, ലാഡര്‍-ഫ്രെയിം എസ്യുവിയായ ബൊലേറോ നിയോ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സോടെ മാത്രമാണ് ലഭിക്കുന്നത്.

◾  മനുഷ്യഗണത്തിന് തീരാക്കൗതുകമാണ് എന്നും വന്യജീവികള്‍. സ്വന്തം പരിമിതികള്‍ക്കും ദൗര്‍ബ്ബല്യങ്ങള്‍ക്കുമുള്ള പരിഹാരങ്ങള്‍ വന്യജീവികളിലുണ്ടെന്ന മനുഷ്യഭാവനയുടെ പേരില്‍ കാലങ്ങളായി ഇവര്‍ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നു. യാതൊരു ശാസ്ത്രീയാടിത്തറയുമില്ലെങ്കിലും നാഗമാണിക്യത്തിനും ഗജമുത്തിനും ലില്ലിപ്പുട്ടിനുമൊക്കെ പിന്നാലെ ഭാഗ്യാന്വേഷികള്‍ ദുരാഗ്രഹത്തോടെ ഇപ്പോഴും സഞ്ചരിക്കുന്നുണ്ട്. കെട്ടുകഥകളും ശാസ്ത്രവിരുദ്ധതയും അന്ധവിശ്വാസങ്ങളുംകൊണ്ട് നിറംപിടിപ്പിച്ച  വന്യജീവിക്കള്ളക്കടത്തിന്റെ അറിയപ്പെടാത്ത വഴികളിലൂടെ ഒരു വനംവകുപ്പുദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണപരമ്പരകളുടെ ത്രസിപ്പിക്കുന്ന ഓര്‍മ്മകള്‍ സമാഹരിക്കുകയാണ് ഈ പുസ്തകത്തില്‍. ഒരു വനപാലകന്റെ ഉദ്വേഗജനകമായ സര്‍വീസോര്‍മ്മകള്‍. 'നാഗമാണിക്യം... ഗജമുത്ത്... വെള്ളിമൂങ്ങ... വനംകള്ളക്കടത്തിന്റെ കാണാപ്പുറങ്ങള്‍'. ജെ.ആര്‍ അനി.മാതൃഭൂമി. വില 161 രൂപ.

◾  ഡയറ്റില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുമ്പോള്‍ അത് കൊഴുപ്പായി വയറ്റില്‍ അടിഞ്ഞു കൂടാം, ഇതാണ് കുടവയറിന് കാരണമാകുന്നത്. ഇനി ചോറ് മുഴുവനായി ഡയറ്റില്‍ നിന്ന് ഒഴിവാക്കിയെന്ന് വെച്ചാലും കുടവയര്‍ കുറയണമെന്നില്ല. കാര്‍ബോഹൈഡ്രേറ്റ് ശരീരത്തിന് ആവശ്യമായ പോഷകമാണ്. ശരീരത്തിന് ഊര്‍ജ്ജ ലഭ്യതയ്ക്ക് ഇത് പ്രധാനമാണ്. കലോറി അടങ്ങിയ മറ്റ് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉണ്ടെങ്കില്‍ അമിതവണ്ണം കുറയണമെന്നില്ല. അതുകൊണ്ട് ചോറ് ഒഴിവാക്കിയതു കൊണ്ട് മാത്രം ഇതിനൊരു പരിഹാരം ആകില്ല. കലോറി ഉപഭോഗം കുറയ്ക്കുകയാണ് ചെയ്യേണ്ടത്. തവിടോട് കൂടിയ അരി അല്ലെങ്കില്‍ കുത്തരി കഴിക്കുന്നതാണ് വെള്ളയരിയെക്കാള്‍ നല്ലത്. വെള്ളയരി പ്രോസസ് ചെയ്യുമ്പോള്‍ അവയുടെ പോഷകഗുണം നഷ്ടനമാകാനും കാര്‍ബോഹൈഡ്രേറ്റ് മാത്രമാകാനും സാധ്യതയുണ്ട്. പ്രോട്ടീന്‍, പച്ചക്കറികള്‍ എന്നിവയോടൊപ്പം മിതമായ അളവില്‍ ചോറ് കഴിക്കുന്നതു കൊണ്ട ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവില്ല, പ്രമേഹ രോ?ഗികള്‍ക്കും ഇത് സുരക്ഷിതമാണ്. അരി ഗ്ലൂട്ടന്‍ ഫ്രീയാണ്. ഗോതമ്പ്, ബാര്‍ലി തുടങ്ങിയവയില്‍ നിന്ന് സംസ്‌കരിച്ചെടുക്കുന്ന ഭക്ഷണങ്ങളില്‍ കണ്ടുവരുന്ന ഒരു പ്രോട്ടീന്‍ ആണ് ഗ്ലൂട്ടന്‍. ഇത് ദഹനവ്യവസ്ഥയ്ക്കും ചെറുകുടലിനുമൊക്കെ ചെറിയ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. രാത്രിയില്‍ ചോറ് ഒഴിവാക്കേണ്ടതില്ല. അരി എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണമാണ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് അരിയില്‍ കൂടുതല്‍ ആയതിനാല്‍ അളവ് നിയന്ത്രിക്കുകയാണ് വേണ്ടത്. ശാരീരിക പ്രവര്‍ത്തനം കുറവുള്ളവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കാന്‍ ചോറ് കഴിക്കാതിരിക്കുകയല്ല വേണ്ടത്. അളവ് കുറയ്ക്കുകയും ആരോഗ്യകരമായ ഡയറ്റിലേക്ക് മാറുകയുമാണ് വേണ്ടത്.

*ശുഭദിനം*
*കവിത കണ്ണന്‍*
പരുന്ത് സിംഹത്തോട് പറഞ്ഞു:  നമ്മള്‍ ഒരേ സ്വഭാവക്കാരാണല്ലോ.. നീ മൃഗങ്ങളുടെ രാജാവ്, ഞാന്‍ പക്ഷികളില്‍ കേമന്‍.  നമുക്ക് ഒരുമിച്ച് വേട്ടയാടിയാലോ?  സിംഹം പറഞ്ഞു:  ഒരുപ്രശനവും ഇല്ല.  നീ നിന്റെ ചിറകുകള്‍ ഉപേക്ഷിച്ചിട്ടു വരൂ.  പരുന്തിന് ആ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. പരുന്ത് ചോദിച്ചു:  ഞാനെന്തിന് ചിറകുകള്‍ ഉപേക്ഷിക്കണം.. സിംഹം പറഞ്ഞു:  നമുക്ക് ഒരു ആപത്ത് സംഭവിച്ചാല്‍ നീ പറന്നുപോകും,  ഞാന്‍ അതില്‍ അകപ്പെടുകയും ചെയ്യും.  കാര്യം മനസ്സിലായ പരുന്ത് ഒന്നും മിണ്ടാതെ പറന്നുപോയി.  യാത്ര ആരോടൊപ്പമാണ് എന്നതാണ്, സഞ്ചാരത്തിന്റെ ദൈര്‍ഘ്യവും ശ്രേഷ്ഠതയും തീരുമാനിക്കുന്നത്.  ജനിക്കുന്നത് എവിടെ എന്നകാര്യത്തില്‍ ആര്‍ക്കും തിരഞ്ഞെടുപ്പ് സാധ്യമല്ല.  രക്തബന്ധമുളളവര്‍ ആരൊക്കെ എന്ന് തീരുമാനിക്കാനും നമുക്ക് സാധിക്കില്ല.  പക്ഷേ, എവിടെ വളരണം,  ആരുടെയൊപ്പം വളരണം എന്നുളളത് നമ്മുടെ തീരുമാനമാണ്. ആരെയൊക്കെ സ്വീകരിക്കുന്നു, ആരെയൊക്കെ തിരസ്‌കരിക്കുന്നു എന്നതിലാണ് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ വില തീരുമാനിക്കപ്പെടുന്നത്.  ഒരേ ലോകത്ത് ജീവിക്കാന്‍ താല്‍പര്യമുളളവര്‍ വേണം കൂട്ടായി വരാന്‍.  ഒരേ സ്വപ്നങ്ങളുളള ബന്ധങ്ങളില്‍ ആത്മവിശ്വാസവും പരസ്പരവിശ്വാസവും വര്‍ദ്ധിക്കും. അതുകൊണ്ട് ഈ യാത്രയില്‍ കൂടെയുള്ളത് ആരെന്ന് നമുക്ക് ചിന്തിക്കാം, ആവശ്യമെങ്കില്‍ പുനര്‍വിചിന്തനം നടത്താം - ശുഭദിനം.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right