Trending

സായാഹ്ന വാർത്തകൾ

2025 | ഒക്ടോബർ 7 | ചൊവ്വ 
1201 | കന്നി 21 |  രേവതി 

◾ സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒരു ലക്ഷം രൂപയിലേക്ക്. ഇന്ന് മാത്രം ഗ്രാമിന് 115 രൂപയാണ് വില ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 11,185 രൂപയാണ്. പവന്‍ വിലയാകട്ടെ 920 രൂപ ഉയര്‍ന്ന് 89,480 രൂപയിലെത്തി. കേരളത്തില്‍ പവന്‍ വില ഡിസംബറോടെ ഒരു ലക്ഷം രൂപയിലെത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. കഴിഞ്ഞ 25 വര്‍ഷത്തിനിടെ സ്വര്‍ണവില 2726 ശതമാനമാണ് വര്‍ധിച്ചത്. 2000 മാര്‍ച്ച് 31ന് ഒരു പവന്‍ സ്വര്‍ണത്തിന് 3,212 രൂപ ആയിരുന്നു വില. ഇന്ന് ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലിയും നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജുകള്‍ എന്നിവയും സഹിതം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 96,621 രൂപയെങ്കിലും നല്‍കേണ്ടി വരും. പണിക്കൂലി 10 ശതമാനമായാല്‍ ഇത് ഒരു ലക്ഷത്തിനു മുകളിലാകും.

◾  ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍, ആ സമയത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന ബി. മുരാരി ബാബുവിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തു. നിലവില്‍ ഹരിപ്പാട് ദേവസ്വം ഡപ്യൂട്ടി കമ്മിഷണറാണ്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2019ല്‍ സ്വര്‍ണം പൂശാനായി പാളികള്‍ പോറ്റിയെ ഏല്‍പിക്കുന്ന സമയത്തു ചെമ്പുപാളി എന്നെഴുതാന്‍ നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥനാണു മുരാരി ബാബുവെന്നു ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. 2024ല്‍ വീണ്ടും സ്വര്‍ണം പൂശാനായി പാളികള്‍ നല്‍കാന്‍ ഇദ്ദേഹം ആവശ്യപ്പെട്ടു എന്നും റിപ്പോര്‍ട്ടിലുണ്ട്.

◾ ശബരിമലയിലെ സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചയില്‍ പങ്കില്ലെന്ന് തിരുവിതാംകൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ബി മുരാരി ബാബു. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു പറഞ്ഞു.

◾ ശബരിമലയിലെ സ്വര്‍ണ്ണപ്പാളി കവര്‍ച്ചയില്‍ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ദ്വാരപാലക ശില്‍പം വില്‍പ്പന നടത്തിയെന്ന  ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും ദേവസ്വം ബോര്‍ഡിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ്  വിഡി സതീശന്‍ ആവശ്യപ്പെട്ടു. അതേസമയം കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നതെന്നും അതിനെ സര്‍ക്കാരും ദേവസ്വം  ബോര്‍ഡും സ്വാഗതം ചെയ്തിട്ടുണ്ടെന്നും രാഷ്ടീയ കളിയുമായി വരരുതെന്ന് സുപ്രീം കോടതി പ്രതിപക്ഷത്തോട് പറഞ്ഞത് ഇന്നലെയാണെന്നും മന്ത്രി  എംബി രാജേഷും ഓര്‍മ്മിപ്പിച്ചു.

◾  ശബരിമലയിലെ സ്വര്‍ണ്ണപാളി വിവാദത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുള്ള അന്വേഷണം ശനിയാഴ്ച്ച ആരംഭിക്കും. നിര്‍ദേശിച്ച ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാന സര്‍ക്കാര്‍ വിട്ടുനല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വെള്ളിയാഴ്ച്ച അറിയിക്കാനാണ് കോടതി പറഞ്ഞിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞതിന് ശേഷമായിരിക്കും യോഗം ചേര്‍ന്ന് അന്വേഷണ സംഘം തുടര്‍നടപടികള്‍ ആലോചിക്കുക.

◾  ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ പ്രതിഷേധം. ദേവസ്വം ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസ് ശ്രമം പ്രവര്‍ത്തകര്‍ പ്രതിരോധിച്ചു. ഉദ്ഘാടന പ്രസംഗം അവസാനിച്ചതോടെ പ്രവര്‍ത്തകര്‍ അക്രമാസക്തരാവുകയായിരുന്നു. പ്രതിഷേധക്കാരെ പ്രതിരോധിക്കാന്‍ പോലീസിനായില്ല.

◾ ശബരിമലയില്‍ വരുന്ന എല്ലാ സ്പോണ്‍സര്‍മാരുടെയും പശ്ചാത്തലം പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇനി സ്പോണ്‍സര്‍ഷിപ്പ് അനുവദിക്കുകയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. ഇപ്പോഴത്തെ അനുഭവം ഒരു പാഠമാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. സ്പോണ്‍സര്‍മാരില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും എന്നാല്‍, ഓരോരുത്തരുടെയും പശ്ചാത്തലം വിജിലന്‍സ് ഇനിമുതല്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾  ശബരിമല സ്വര്‍ണമോഷണ വിവാദത്തില്‍ സര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗുരുതര കളവും വില്‍പ്പനയും നടന്നെന്ന് ഹൈക്കോടതി പറഞ്ഞെന്നും ലക്ഷക്കണക്കിന് ഭക്തരെ വഞ്ചിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ദ്വാരപാലക ശില്‍പം ഏത് കോടീശ്വരനാണ് വിറ്റതെന്നും സതീശന്‍ ചോദിച്ചു. ക്രമക്കേട് ദേവസ്വം ബോര്‍ഡിന് അറിയാമായിരുന്നുവെന്നും സര്‍ക്കാരിലെ വമ്പന്‍മാര്‍ പെടും എന്ന് അറിയാവുന്നത് കൊണ്ട് വിവരം മൂടി വച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

◾  ശബരിമല സ്വര്‍ണ മോഷണ വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്നും പോറ്റി ഒരു കാര്യത്തിനും തന്നെ സമീപിച്ചിട്ടില്ലെന്നും വാസു കൂട്ടിച്ചേര്‍ത്തു.  ചെമ്പ് പാളിയില്‍ വിശദീകരണം നല്‍കേണ്ടത് താനല്ലെന്നും പാളികള്‍ കൊണ്ടുപോകുമ്പോള്‍ താന്‍ അധികാരത്തിലില്ലെന്നും സ്വര്‍ണം ചെമ്പായത് അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും ക്രമക്കേടുകളെകുറിച്ച് തനിക്ക് അറിവില്ലെന്നും എന്‍ വാസു പറഞ്ഞു.

◾  ശബരിമല സ്വര്‍ണ്ണപാളി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഇക്കാര്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി എന്‍.വാസു വന്നതിന് ശേഷമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതെന്നും ആ കാലത്താണ് കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രിയുടെ പ്രതിപുരുഷനാണ് വാസു വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ പ്രസിഡന്റ് വിചാരിച്ചാല്‍ സ്വര്‍ണം കവരാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍. എല്ലാം തെളിയട്ടെ എന്ന് പറഞ്ഞ പത്മകുമാര്‍ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു. ഒന്നര കിലോ സ്വര്‍ണം അമ്പതു പവനായി കുറഞ്ഞുവെങ്കില്‍ അതിനു മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണറാണെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം നടക്കട്ടെ എന്ന് ആവര്‍ത്തിച്ച പത്മകുമാര്‍ വിജയ് മല്യ ചുമതലപ്പെടുത്തിയ തൊഴിലാളികളിലും സംശയം പ്രകടിപ്പിച്ചാണ് പ്രതികരിച്ചത്.

◾ ശബരിമലയിലെ വിവാദ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും സിപിഐ നേതാവുമായ എ അജികുമാറിന് അടുത്ത ബന്ധമെന്ന് വിവരം . അജികുമാറിന്റെ കുടുംബക്ഷേത്രത്തിന്റെ പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി രണ്ട് പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കി. കായംകുളം അറയ്ക്കല്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ വച്ച് മെയ് 25 നാണ് താക്കോല്‍ ദാന ചടങ്ങ് നടന്നതെന്നാണ് വിവരം.

◾  കൊല്ലം ശാസ്താംകോട്ട ധര്‍മശാസ്താ ക്ഷേത്രത്തിലെ സ്വര്‍ണക്കൊടിമരം പുനസ്ഥാപിക്കണമെന്ന് ആവശ്യം. 12 വര്‍ഷം മുന്‍പാണ് അഴിമതി ആരോപണത്തെ തുടര്‍ന്ന് അഞ്ചര കിലോ സ്വര്‍ണം ഉപയോഗിച്ച് നിര്‍മിച്ച കൊടിമരം മാറ്റിയത്. സ്വര്‍ണം നഷ്ടമായെന്ന് നാട്ടുകാര്‍ ആരോപിക്കുമ്പോള്‍ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

◾  നവകേരള ക്ഷേമ സര്‍വ്വെയുമായി പിണറായി സര്‍ക്കാര്‍. സംസ്ഥാനത്തെ 80 ലക്ഷം വീടുകളില്‍ നേരിട്ടെത്തും വിധത്തിലുള്ള സര്‍വ്വേയുടെ ഏകോപനവും വിലയിരുത്തലും  മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നിര്‍വ്വഹിക്കും. ജനങ്ങളോട് നേരിട്ട് സംസാരിക്കാനും ജനഹിതം അറിയാനും സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനും സിഎം വിത്ത് മി അടക്കം പ്രാബല്യത്തില്‍ വന്നതിന്  പുറമെയാണ് സര്‍ക്കാര്‍ സര്‍വ്വെ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

◾ സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സിലെ വിജയികള്‍ക്ക് ഇനി സ്വര്‍ണ കപ്പ്. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ മാതൃകയില്‍ കായിക പ്രതിഭകള്‍ക്കും സ്വര്‍ണ കപ്പ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി മുന്നിലെത്തുന്ന ജില്ലക്ക് 117. 5 പവന്‍ തൂക്കമുള്ള കപ്പ് നല്‍കും. തിരുവനന്തപുരത്ത് വച്ചാണ് ഈ വര്‍ഷത്തെ സ്‌കൂള്‍ ഒളിമ്പിക്സ്.

◾  ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചടുത്ത 33 വാഹനങ്ങള്‍ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. ദുല്‍ഖറിന്റെ വാഹനം ഉള്‍പ്പെടെ 6 വാഹനങ്ങള്‍ ഇപ്പോഴും കസ്റ്റംസ് കസ്റ്റഡിയില്‍ തുടരുകയാണ്.  റെയ്ഡ് തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും പിടികൂടാനായത് 39 വാഹനങ്ങള്‍ മാത്രമാണ്. ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കേരളത്തില്‍ എത്തിച്ചത് 200 ഓളം വാഹനങ്ങളെന്നാണ് കസ്റ്റംസിന്റെ നിഗമനം.

◾  പി.വി ശ്രീനിജനെ നുണ പരിശോധനക്ക് വിധേയനാക്കണമെന്ന് ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു ജേക്കബ്. ശ്രീനിജന്‍ സീറ്റിനായി തന്നെ സമീപിച്ചിട്ടില്ല എന്ന് നുണ പറയുകയാണ് രണ്ടു തവണ തന്റെ വീട്ടില്‍ വന്നത് വിവാഹം ക്ഷണിക്കാന്‍ അല്ലല്ലോയെന്ന് അദ്ദേഹം പരിഹസിച്ചു. നുണ പരിശോധന നടത്തിയാല്‍ പല അഴിമതി കഥകളും പുറത്തുവരും. ആലുവയിലെ ഒരു സിപിഎം നേതാവ് കൂടി സീറ്റ് ചോദിച്ചു വന്നിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.

◾  അടൂരില്‍ വാഹന ഷോറൂമില്‍ വന്‍ തീപിടുത്തം. കോട്ടമുകളിലെ ടിവിഎസ് ഷോറൂമില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഇരുപത്തിയഞ്ചോളം ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു തീപിടുത്തം. മൂന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.  ഷോറൂം പ്രവര്‍ത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങള്‍ ഇല്ലാതെയെന്ന് ഫയര്‍ഫോഴ്സ് പ്രതികരിച്ചു. പന്തളം സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഈ കെട്ടിടം.

◾ കൊല്ലം പൊരീക്കലില്‍ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അവശനിലയിലായ 35 കാരന്‍ മരിച്ചു. ഇടവട്ടം സ്വദേശി ഗോകുല്‍നാഥ് ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു സംഘര്‍ഷം ഉണ്ടായത്.  ജയന്തി നഗര്‍ സ്വദേശിയായ അരുണും സഹോദരനും ചേര്‍ന്ന് ഗോകുല്‍നാഥിനെ മര്‍ദ്ദിച്ചെന്നാണ് പൊലീസിന്റെ നിഗമനം.

◾  കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് വിജയ്. ചെന്നൈയിലെ വീട്ടില്‍ നിന്ന് വീഡിയോ കോളിലൂടെയാണ് വിജയ് സംസാരിച്ചത്. 15 മിനിറ്റിലധികം ഓരോരുത്തരോടും സംസാരിച്ച വിജയ്, കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടന്‍ നേരില്‍ കാണുമെന്നും ഉറപ്പ് നല്‍കി. വീഡിയോ കോള്‍ ചെയ്യുന്നതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ എടുക്കരുതെന്ന് വിജയ്  ആവശ്യപ്പെട്ടതായാണ് സൂചന.

◾ കരൂരിലെ ദുരന്തസ്ഥലം സന്ദര്‍ശിച്ചതിന് നടനും മക്കള്‍നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസനെതിരേ ബിജെപി. കമല്‍ ഡിഎംകെയെ അനുകൂലിക്കുകയാണെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ ആരോപിച്ചു. ഒരു രാജ്യസഭാ സീറ്റിനുവേണ്ടി കമല്‍ഹാസന്‍ പണ്ടേ തന്റെ ആത്മാവിനെ വിറ്റതാണെന്നും രാജ്യസഭയിലേക്ക് അടുത്തിടെ നാമനിര്‍ദേശംചെയ്യപ്പെട്ടതിനെ സൂചിപ്പിച്ച് അണ്ണാമലൈ പറഞ്ഞു.

◾  സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തില്‍ കുറ്റബോധമില്ലെന്ന് അഭിഭാഷകന്‍ രാകേഷ് കിഷോര്‍. ശരിയെന്ന് തോന്നിയത് ചെയ്തെന്നും ദൈവമാണ് പ്രേരണയെന്നുമാണ് രാകേഷ് കിഷോറിന്റെ പ്രതികരണം. എന്ത് പ്രത്യാഘാതവും നേരിടാന്‍ തയ്യാറെന്നും രാകേഷ് കിഷോര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസിന് പിന്തുണയറിയിച്ച് പ്രധാനമന്ത്രിയടക്കം നേതാക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് അഭിഭാഷകന്റെ പ്രതികരണം.

◾ വിറച്ചിരിക്കുന്ന മുഖ്യമന്ത്രിയെയല്ല ബിഹാറിന് വേണ്ടതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ പരിഹാസം. എന്നാല്‍ നിതീഷ് കുമാര്‍ തന്നെ നയിക്കുമെന്ന് ബിജെപിയും,ജെഡിയുവും പ്രതികരിച്ചു. ബിഹാറിലെ വികസനപദ്ധതികള്‍ ഓണ്‍ലൈനായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ തൊഴുകൈയോടെ ഏറെ നേരം നിതീഷ് കുമാര്‍ ഇരിക്കുന്ന ഈ ദൃശ്യം പങ്ക് വച്ചാണ് അദ്ദേഹത്തെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ അലട്ടുന്നുവെന്ന ആക്ഷേപം തേജസ്വി യാദവ് ഉയര്‍ത്തുന്നത്.

◾ ഐക്യരാഷ്ട്രസഭയില്‍ സ്ത്രീ സുരക്ഷയ്ക്ക് മേല്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഇന്ത്യയെ വിമര്‍ശിച്ച പാകിസ്ഥാനെതിരെ കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഇന്ത്യ. സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയും തീവ്രവാദം വളര്‍ത്തുകയും ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാനെന്നും ഇന്ത്യക്ക് ഉപദേശം നല്‍കേണ്ടതില്ലെന്നും ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. കശ്മീരി സ്ത്രീകള്‍ കാലങ്ങളായി ലൈംഗികാതിക്രമം നേരിടുകയാണെന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാല്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ വിമര്‍ശിക്കുന്നതിന് മുന്‍പ് സ്വന്തം രാജ്യത്തെ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

◾ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ പെയ്ത അതിശക്ത മഴയ്ക്ക് പിന്നാലെയുണ്ടായ മണ്ണിടിച്ചിലില്‍ ബാലസണ്‍ നദിക്ക് കുറുകെയുണ്ടായിരുന്ന ഇരുമ്പ് പാലം ഒലിച്ച് പോയി. സിലിഗുരിയെയും മിരിക്കിനെയും ഡാര്‍ജിലിംഗുമായി ബന്ധിപ്പിക്കുന്ന ഇരുമ്പ് പാലമാണ് ഒലിച്ച് പോയത് ഇതോടെ ഈ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.

◾  അധികാര പദവിയില്‍ മോദിക്ക് ഇന്ന് സില്‍വര്‍ ജൂബിലി. ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം അറിയിച്ച് പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. തുടര്‍ച്ചയായ അനുഗ്രഹങ്ങള്‍ക്ക് ഇന്ത്യന്‍ ജനതക്ക് നന്ദിയെന്ന് മോദി പറഞ്ഞു. രാജ്യപുരോഗതിക്ക് ഇനിയും സംഭാവന നല്‍കാന്‍ നിരന്തര ശ്രമം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾ ഖത്തറില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന സമുദ്ര ഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. മറൈന്‍ നാവിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ രാവിലത്തെ ഷിഫ്റ്റില്‍ മാത്രമായി പുനരാരംഭിക്കുന്നതായി ഖത്തര്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. അതേസമയം വൈകുന്നേരത്തെ ഷിഫ്റ്റില്‍ കപ്പലുകളിലെ വിനോദം, ടൂറിസം, മത്സ്യബന്ധനം തുടങ്ങിയ മറൈന്‍ നാവിഗേഷന്‍ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് തുടരും.

◾  സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയെ നാലരമണിക്കൂര്‍ ചോദ്യം ചെയ്ത് മുംബൈ പോലീസ്. ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടില്‍ വ്യവസായില്‍ നിന്ന് 60 കോടി രൂപ തട്ടിയെടുത്ത കേസിലാണ് മുംബൈ പോലീസിന്റെ എക്കണോമിക്സ് ഒഫന്‍സ് വിങ് ചോദ്യം ചെയ്തത്.

◾  ജയ്പൂര്‍ രാജകുടുംബത്തിന്റെ ഇപ്പോഴത്തെ താഴ് വഴികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ നിന്നും മഹാരാജ്, രാജകുമാരി തുടങ്ങിയ പദങ്ങള്‍ പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ കേസ് തള്ളിക്കളയുമെന്നും രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ജയ്പൂര്‍ രാജകുടുംബത്തിലെ പരേതരായ ജഗത് സിംഗിന്റെയും പൃഥ്വിരാജ് സിംഗിന്റെയും നിയമപരമായ അവകാശികള്‍ സമര്‍പ്പിച്ച 24 വര്‍ഷം പഴക്കമുള്ള ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

◾  മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ കുളത്തില്‍ നിന്ന് നൂറുകണക്കിന് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തി. ഛത്തര്‍പൂര്‍ ജില്ലയിലെ ബിജവര്‍ പട്ടണത്തിലെ രാജ ക താലാബ് എന്ന കുളത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഒരു ബാഗിനുള്ളില്‍ നിറയെ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയത്. വാര്‍ഡ് നമ്പര്‍ 15-ല്‍ നിന്നുള്ള 400 മുതല്‍ 500 വരെയുള്ള ആളുകളുടെ യഥാര്‍ത്ഥ വോട്ടര്‍ ഐഡി കാര്‍ഡുകളാണ് ബാഗില്‍ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

◾  ഗാസ സമാധാന പദ്ധതി വിഷയത്തില്‍ ഈജിപ്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളുടെ ഒന്നാം ഘട്ടം അവസാനിച്ചു. നല്ല അന്തരീക്ഷത്തിലാണ് ചര്‍ച്ചകള്‍ അവസാനിച്ചതെന്ന് ഈജിപ്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തിലെ ഷാമെല്‍ ഷെയ്ഖ് റിസോര്‍ട്ടില്‍ നടന്ന ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടു. ബന്ദികളുടെ മോചനവും പലസ്തീന്‍ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തില്‍ ചര്‍ച്ചയായതെന്നാണ് സൂചന.

◾  ഗാസ സമാധാന പദ്ധതി വിജയത്തിലെത്തുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. താന്‍ ഇക്കാര്യത്തില്‍ ഒരു പരിധി നിശ്ചയിച്ചിരുന്നുവെന്നും ഹമാസ് ചില നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ഇത് നടക്കില്ലായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഹമാസിനെ നിരായുധീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ച വ്യവസ്ഥകള്‍ ഉണ്ടായിരുന്നുവെന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്.

◾ വീണ്ടും താരിഫ് പ്രഖ്യാപനവുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഇടത്തരം ഹെവി-ഡ്യൂട്ടി ട്രക്കുകള്‍ക്കും 25% താരിഫ് ചുമത്തി. നവംബര്‍ 1 മുതല്‍ പുതിയ ഇറക്കുമതി തീരുവ നിലവില്‍ വരുമെന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തില്‍ ട്രംപ് വ്യക്തമാക്കി.

◾  ലിയോണല്‍ മെസിക്ക് മുന്‍പ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈമാസം 22ന് ഗോവയിലെത്തും. സൗദി ക്ലബ് അല്‍ നസ്ര് താരമായാണ്  റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാനെത്തുക. 22ന് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ അല്‍ നസ്ര് എഫ് സി ഗോവയെ നേരിടും. നേരത്തേ, റൊണാള്‍ഡോ ഈ മത്സരത്തിനായി ഇന്ത്യയിലേക്ക് വരില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ റൊണാള്‍ഡോ തീരുമാനം മാറ്റിയെന്നും ഇന്ത്യയിലേക്ക് വരാനായി വിസയ്ക്ക് അപേക്ഷ നല്‍കിയെന്നുമാണ് പുതിയ വിവരം.

◾ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി വാട്സ്ആപ്പ് യൂസര്‍നെയിം ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായാണ് വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട്. വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് കോണ്‍ടാക്റ്റുകളില്‍ അധിക സുരക്ഷ നല്‍കുന്ന ഫീച്ചറാണിത്. പതിവ് കോണ്‍ടാക്റ്റ് നമ്പറിന് പകരം ഒരു യൂസര്‍നെയിം ഉപയോഗിച്ച് ചാറ്റ് ചെയ്യാം എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന സവിശേഷത. ഫോണ്‍ നമ്പറില്‍ അധിഷ്ഠിതമായ വാട്സ്ആപ്പ് അക്കൗണ്ടുകളുടെ സ്ഥാനത്ത് ഓരോ വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്കും ഒരു യൂസര്‍നെയിം ഉപയോഗത്തിനായി തെരഞ്ഞെടുക്കാം. ഈ യൂസര്‍നെയിം കൈവശമുള്ളവര്‍ക്ക് അതുപയോഗിച്ച് നിങ്ങള്‍ക്ക് മെസേജുകള്‍ അയക്കാം. സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി യൂസര്‍നെയിം കീ എന്ന ഓപ്ഷനും വാട്സ്ആപ്പ് കൊണ്ടുവന്നേക്കും. നിങ്ങളുടെ വാട്സ്ആപ്പ് യൂസര്‍നെയിം മറ്റൊരാളുടെ കയ്യിലുണ്ടെങ്കിലും അവര്‍ക്ക് മെസേജുകള്‍ നിങ്ങള്‍ക്ക് അയക്കണമെങ്കില്‍ മാച്ചിംഗ് ആയ കീ വേണ്ടിവരുന്ന രീതിയാണ് ഈ സംവിധാനത്തിലുണ്ടാവുക. ഫീച്ചര്‍ നിലവില്‍ ബീറ്റ ടെസ്റ്റിങ്ങിലാണ്.

◾  ഗുണമേന്മയുള്ള പ്രോട്ടീന്‍ പൗഡറുകള്‍ സ്ത്രീകള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെങ്കിലും കൃത്രിമ പ്രോട്ടീന്‍ സ്രോതസ്സുകളെ വളരെയധികം ആശ്രയിക്കുന്നത് ദീര്‍ഘകാല ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം. പേശി വര്‍ധനവിന് പ്രോട്ടീന്‍ പൗഡര്‍ സഹായിക്കുമെങ്കിലും ശരീരത്തിന്റെ സ്വാഭാവിക ഉപാപചയ പ്രക്രിയകളെ ഇത് തടസ്സപ്പെടുത്താം. ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും അമ്മയുടെ ക്ഷേമത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും പോഷകാഹാരം ആവശ്യമാണ്. നട്‌സ്, വിത്തുകള്‍, ധാന്യങ്ങള്‍ തുടങ്ങിയ പ്രകൃതിദത്ത സ്രോതസ്സുകളില്‍ നിന്ന് പ്രോട്ടീന്‍ ലഭ്യമാക്കുന്നതാണ് ആരോഗ്യകരം. ഈ സമയത്ത് പ്രോട്ടീന്‍ പൗഡറുകളെ ആശ്രയിക്കുന്നത് ആരോഗ്യകരമല്ല. വൃക്ക രോഗമുള്ള സ്ത്രീകള്‍ പ്രോട്ടീന്‍ പൗഡറുകള്‍ കഴിക്കുന്നത് ശ്രദ്ധിക്കണം. കൃത്രിമ പ്രോട്ടീന്‍ സ്രോതസ്സുകള്‍ കൂടുതലുള്ള ഭക്ഷണക്രമം മാലിന്യങ്ങള്‍ അടിഞ്ഞുകൂടാന്‍ ഇടയാക്കും. ഇത് കാലക്രമേണ വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാക്കും. പല പ്രോട്ടീന്‍ പൗഡറുകളും പാല്‍, സോയ, ഗ്ലൂറ്റന്‍ തുടങ്ങിയ ചേരുവകള്‍ അടങ്ങിയതാണ്. ഇത് ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. കൂടാതെ ചിലരില്‍ വയറു വീര്‍ക്കല്‍, ദഹന പ്രശ്നങ്ങള്‍, വീക്കം എന്നിവയ്ക്ക് കാരണമാകാം. ക്വിനോവ, കടല, നട്സ് തുടങ്ങിയ സമ്പൂര്‍ണ്ണ പ്രോട്ടീന്‍ സ്രോതസ്സുകള്‍ കൂടുതല്‍ എളുപ്പത്തില്‍ ദഹിക്കുന്നതും അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകാനുള്ള സാധ്യത കുറവുമാണ്. പ്രോട്ടീന്‍ പൗഡര്‍ പേശികളുടെ ആരോഗ്യത്തിനും വയറിന് സംതൃപ്തിയും നല്‍കുമെങ്കിലും അവയില്‍ അധിക പഞ്ചസാര, കൊഴുപ്പ്, അധിക കലോറി എന്നിവ അടങ്ങിയിട്ടുണ്ടാവാം. ഇത് ശരീരഭാരം കൂടാന്‍ കാരണമാകും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.73, പൗണ്ട് - 119.22, യൂറോ - 103.61, സ്വിസ് ഫ്രാങ്ക് - 111.32, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.47, ബഹറിന്‍ ദിനാര്‍ - 235.39, കുവൈത്ത് ദിനാര്‍ -289.72, ഒമാനി റിയാല്‍ - 230.76, സൗദി റിയാല്‍ - 23.66, യു.എ.ഇ ദിര്‍ഹം - 24.16, ഖത്തര്‍ റിയാല്‍ - 24.37, കനേഡിയന്‍ ഡോളര്‍ - 63.60.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right