2025 ഒക്ടോബർ 3 വെള്ളി
1201 കന്നി 17 തിരുവോണം
1447 റ : അഖിർ 10
◾ 50,000 കോടി യു എസ് ഡോളര്‍ ആസ്തിയുള്ള ലോകത്തെ ആദ്യ വ്യക്തിയായി മാറി ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും സി ഇ ഒ ആയ ഇലോണ്‍ മസ്‌ക് ചരിത്രം കുറിച്ചു. ഫോബ്‌സിന്റെ ശതകോടീശ്വരന്മാരുടെ ഏറ്റവും പുതിയ സൂചിക പ്രകാരം, മസ്‌കിന്റെ മൊത്തം ആസ്തി 50,010 കോടി ഡോളറാണ്. ടെസ്ലയുടെ ഓഹരി വിലയിലെ കുതിപ്പും സ്‌പേസ് എക്‌സിന്റെ മൂല്യവര്‍ധനയുമാണ് മസ്‌കിന്റെ സമ്പത്ത് ഈ അഭൂതപൂര്‍വമായ തലത്തിലെത്തിച്ചത്. ഈ നേട്ടത്തോടെ, ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന തന്റെ സ്ഥാനം മസ്‌ക് കൂടുതല്‍ ഉറപ്പിച്ചിരിക്കുകയാണ്.
◾ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദം അതി തീവ്ര ന്യൂന മര്‍ദ്ദമായി മാറിയതോടെ സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി ശക്തമാകുന്നു. ഇന്ന് പുലര്‍ച്ചയോടെ അതിതീവ്ര ന്യൂനമര്‍ദ്ദം ഒഡിഷ - ആന്ധ്രാ തീരത്ത് ഗോപാല്‍പൂരിനും പരദ്വീപിനും ഇടയില്‍ കര തൊടുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ ആന്ധ്രയിലും ഒഡിഷയിലും ശക്തമായ മഴക്കാണ് സാധ്യത. കേരളത്തില്‍ വടക്കന്‍ ജില്ലകളിലും മഴ കനക്കാന്‍ സാധ്യതയുണ്ട്.
◾ ആഗോള അയ്യപ്പ സംഗമത്തില്‍ നല്‍കിയ ഇടത് പിന്തുണയില്‍ മാറ്റമില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി. നല്ലതിനെ അംഗീകരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ജി സുകുമാരന്‍ നായര്‍ ഇടത് പിന്തുണയില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്. അയ്യപ്പ സംഗമത്തെ അനുകൂലിച്ചത് ശബരിമല വികസനത്തിന് വേണ്ടിയെന്നും മാധ്യമങ്ങള്‍ വിഷയം വഷളാക്കിയെന്നും സുകുമാരന്‍ നായര്‍ വിമര്‍ശനം ഉന്നയിച്ചു. അതേസമയം രാഷ്ട്രീയ സമദൂരം തുടരുമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി വിശദീകരിച്ചു.
◾ കൂത്തുപറമ്പില്‍ നാട്ടുകാര്‍ കയ്യേറ്റം ചെയ്തതില്‍ പ്രതികരിച്ച് കെപി മോഹനന്‍ എംഎല്‍എ. നാട്ടുകാര്‍ പ്രതിഷേധിച്ച രീതി ശരിയായില്ലെന്ന് എംഎല്‍എ പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണ് മാലിന്യ പ്രശ്നം തന്നെ അറിയിച്ചതെന്നും പ്രതിഷേധിച്ചവര്‍ക്കെതിരെ പരാതിയില്ലെന്നും ജനപ്രതിനിധിയെ തടഞ്ഞുവച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 20 ഓളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചൊക്ലി പൊലീസാണ് സ്വമേധയാ കേസെടുത്തത്.
◾ ബന്ധുക്കള്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ ചികിത്സയ്ക്കായി രക്തം ആവശ്യം വന്നാല്‍ ഇനി പേടിക്കേണ്ട. പൊലീസുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്ലിക്കേഷനായ 'പോല്‍' ആപ്പിന്റെ സഹായത്തോടെ രക്തം ആവശ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ അപ്ലിക്കേഷന്‍ ആയ പോല്‍ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പോല്‍ ബ്ലഡിന്റെ പ്രവര്‍ത്തനം.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി വി അന്‍വര്‍. യുഡിഎഫുമായി ഇതുവരെ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കേരളത്തെ ദുരന്തത്തിലേക്ക് തള്ളിവിടുകയാണെന്നും പി വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് പിവി അന്‍വര്‍ നടത്തിയത്. വര്‍ഗീയ ധ്രുവീകരണം നടത്തുന്നു എന്നും അധികാരത്തിന് വേണ്ടി തരം താഴുന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറുന്നു എന്നും അന്‍വര്‍ പറഞ്ഞു.
◾ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് സ്പോണ്‍സര്‍മാരില്‍ ഒരാളായ രമേഷ് റാവു. ദ്വാരപാലകശില്പം പൊതിയാന്‍ സ്വര്‍ണ്ണം കൊടുത്തു എന്നും സ്വര്‍ണ്ണം പൂശിയത് താനും ഉണ്ണികൃഷ്ണന്‍ പോറ്റിയും അനന്ത സുബ്രഹ്‌മണ്യവും ചേര്‍ന്നാണെന്നും രമേഷ് റാവു പറഞ്ഞു.
◾ ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ വിജിലന്‍സ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകുമെന്ന് സ്പോണ്‍സര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണന്‍ പോറ്റി. ശബരിമല സ്വര്‍ണപ്പാളിയുടെ പേരില്‍ വ്യാപകമായി പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലില്‍ പ്രതികരണം തേടിയ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി.
◾ ശബരിമലയില്‍ നടന്നത് ആസൂത്രിതമായ തട്ടിപ്പും കളവുമാണെന്നും ഭക്തര്‍ നല്‍കിയ സ്വര്‍ണ്ണം ദേവസ്വം ബോര്‍ഡിന്റെയും ഇടനിലക്കാരന്റെയും അറിവോടെ കവര്‍ന്നെടുക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മോഷ്ടാക്കളെ സഹായിക്കുന്ന നിലപാടാണ് മുന്‍ സര്‍ക്കാരും ഇപ്പോഴത്തെ സര്‍ക്കാരും സ്വീകരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.
◾ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോയില്‍ പൊതുവിപണയെ അപേക്ഷിച്ച് അവശ്യസാധനങ്ങള്‍ക്ക് വന്‍ വിലക്കുറവ്. 2025 സെപ്റ്റംബര്‍ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് കരുതേണ്ടതുണ്ട്.
◾ ആലപ്പുഴയില്‍ റോഡിലെ കുഴിയില്‍ വീണ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കായംകുളം കാക്കനാട് സ്വദേശി തുളസിയാണ് മരിച്ചത്. 72 വയസായിരുന്നു. കായംകുളം കാക്കനാട് - കാങ്കാലില്‍ റോഡിലായിരുന്നു അപകടം ഉണ്ടായത്. ഇന്നലെ ബന്ധുവിനൊപ്പം ബൈക്കില്‍ പോകവേ റോഡിലെ കുഴിയില്‍ തുളസി വീണിരുന്നു. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
◾ എറണാകുളം പിറവം രാമമംഗലത്ത് മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചോറ്റാനിക്കര സ്വദേശി ആല്‍ബിനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വയനാട് സ്വദേശി അര്‍ജുനായി തെരച്ചില്‍ തുടരുകയാണ്.
◾ തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്. നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റില്‍ നിന്ന് പാളികള്‍ വീണാണ് രോഗിയുടെ ബന്ധുവിന് പരിക്കേറ്റത്. ശാന്തിഗിരി സ്വദേശി നൗഫിയ നൗഷാദിന് (21) കയ്യിലാണ് പരിക്കേറ്റത്. ബന്ധുവിനെ പിഎംആര്‍ ഒപിയില്‍ ഡോക്ടറെ കാണിക്കാന്‍ ഇരിക്കുന്നതിനിടെയാണ് സംഭവം.
◾ പൗരന്മാര്‍ക്ക് അവരുടെ മറന്നുപോയ നിക്ഷേപങ്ങള്‍ കണ്ടെത്താനും തിരികെ നല്‍കാനും സഹായിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി ബോധവല്‍ക്കരണം നടത്തുന്നു. നിക്ഷേപം, ഡിവിഡന്റ്, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലായി രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലായി അവകാശികളില്ലാതെ കിടക്കുന്നത് 80,000 കോടി രൂപയാണ്. ഈ സാഹചര്യത്തില്‍ .'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം' എന്ന് പേരിട്ടിരിക്കുന്ന മൂന്ന് മാസത്തെ കാമ്പയിന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഉദ്ഘാടനം ചെയ്യും.
◾ വിജയദശമി ആഘോഷങ്ങള്‍ക്കിടെ മധ്യപ്രദേശില്‍ ദുരന്തം. ഖാണ്ഡ്വ ജില്ലയില്‍ ട്രാക്ടര്‍ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ 6 പെണ്‍കുട്ടികളാണ്. 25 പേര്‍ അപകടസമയത്ത് ട്രോളിയില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ പെട്ട കൂടുതല്‍ പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
◾ കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തിന് മുന്‍പ് ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ്ക്ക് നേരെ ചെരുപ്പെറിയുന്ന ആളുടെ ദൃശ്യങ്ങള്‍ പുറത്ത്. ഒരു യുവാവ് ചെരുപ്പെറിയുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വിജയ്ക്ക് പിന്നില്‍ നിന്നാണ് ഇയാള്‍ ചെരുപ്പെറിയുന്നത്. യുവാവ് എറിയുന്ന ചെരുപ്പ് വിജയ്യുടെ അടുത്ത് കൂടിയാണ് പോകുന്നത്. ആസൂത്രിതമായി ചെരുപ്പേറുണ്ടായി എന്നാണ് ടിവികെയുടെ പരാതി.
◾ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ് വഹിച്ച പങ്കിനെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദംതള്ളി എഐഎംഐഎം പ്രസിഡന്റും ലോക്‌സഭാ എംപിയുമായ അസദുദ്ദീന്‍ ഒവൈസി. സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തില്‍ ആര്‍എസ്എസ് പങ്കെടുത്തുവെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദമെന്നും ഈ കഥ എവിടെനിന്ന് വന്നെന്ന് താന്‍ ആശ്ചര്യപ്പെടുകയും ആശങ്കപ്പെടുകയും ചെയ്തുവെന്നും രാജ്യത്തിനുവേണ്ടി പോരാടി ആര്‍എസ്എസിന്റെ ഒരംഗത്തിനും ജീവന്‍ നഷ്ടമായിട്ടില്ലെന്നാണ് ചരിത്രം പറയുന്നതെന്നും ആര്‍ക്കെങ്കിലും ഒരാളുടെ പേര് പറയാനാകുമെങ്കില്‍ കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്നും ഒവൈസി പറഞ്ഞു.
◾ ആര്‍എസ്എസിന്റെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടി സ്മാരക തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍നിന്ന് പെന്‍ഷനായി കൈപ്പറ്റിയിരുന്ന തുകയായ 60 രൂപയുടെ നാണയമാണ് പുറത്തിറക്കേണ്ടിയിരുന്നതെന്ന് പവന്‍ ഖേര എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പരിഹസിച്ചു. നിങ്ങള്‍ എത്ര സ്റ്റാമ്പുകള്‍ അച്ചടിച്ചാലും എത്ര നാണയങ്ങള്‍ പുറത്തിറക്കിയാലും എത്രമാത്രം ആര്‍.എസ്.എസിനെ പാഠ്യപദ്ധതിയില്‍ തിരുകിക്കയറ്റിയാലും ഈ രാജ്യം ഗാന്ധിയുടേതായിരുന്നുവെന്നും ഗാന്ധിയുടേതാണെന്നും ഗാന്ധിയുടേതായി തന്നെ നിലനില്‍ക്കുകയും ചെയ്യുമെന്നും പവന്‍ഖേര കൂട്ടിച്ചേര്‍ത്തു.
◾ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കൊളംബിയയിലെ ഇഐഎ സര്‍വകലാശാലയിലെ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് കൊള്ളയെക്കുറിച്ച് സൂചിപ്പിച്ച് നരേന്ദ്ര മോദി സര്‍ക്കാരിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു രാഹുലിന്റെ വാക്കുകള്‍.
◾ വിവാഹ വാഗ്ദാനം നല്‍കി യൂറോപ്യന്‍ യുവതിയെ ബലാത്സംഗം ചെയ്ത് ഒരു ലക്ഷം യൂറോ തട്ടിയെടുത്ത കേസില്‍ ഒരാള്‍ക്ക് 10 വര്‍ഷം കഠിന തടവ് ശിക്ഷ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ചൊവ്വാഴ്ച വിധിച്ചു. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് യുവാവിന്റെ അമ്മയ്ക്ക് അഞ്ച് വര്‍ഷം തടവും, ഇരുവര്‍ക്കും യഥാക്രമം 7.90 ലക്ഷം രൂപയും 5.90 ലക്ഷം രൂപയും പിഴയും കോടതി വിധിച്ചു.
◾ ഗുജറാത്ത് തീരത്തോട് ചേര്‍ന്നുള്ള സര്‍ ക്രീക്ക് മേഖലയില്‍ പാകിസ്ഥാന്‍ സൈനിക സാന്നിധ്യവും അടിസ്ഥാനസൗകര്യങ്ങളും വിപുലീകരിച്ചതിനെതിരെ കടുത്ത മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്ത്. പാകിസ്ഥാന്‍ ഈ മേഖലയില്‍ ഏതെങ്കിലും തെറ്റായ നീക്കം നടത്തിയാല്‍, അത് 'ചരിത്രവും ഭൂമിശാസ്ത്രവും മാറ്റിമറിക്കുന്ന' ശക്തമായ പ്രതികരണത്തിന് കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
◾ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ മൂന്ന് തവണ അമേരിക്കയിലെത്തിയ പാകിസ്ഥാന്‍ കരസേനാ മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെതിരെ സ്വന്തം രാജ്യത്തു നിന്ന് വിമര്‍ശനം. ഏറ്റവും ഒടുവിലെ സന്ദര്‍ശനത്തിനിടെ പാകിസ്ഥാനിലെ ധാതുക്കളുടെ സാമ്പിള്‍ അടങ്ങിയ പെട്ടി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നില്‍ തുറന്നതാണ് രാഷ്ട്രീയ കോളിളക്കത്തിന് കാരണം. രാഷ്ട്രീയമായി പാകിസ്ഥാന് നാണക്കേടായി മാറിയ പ്രവൃത്തി എന്നാണ് പാര്‍ലമെന്റില്‍ ഉയര്‍ന്ന വിമര്‍ശനം.
◾ പാക് അധീന കശ്മീരില്‍ ക്രമസമാധാനനില വഷളാകുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. പാക് അധീന കശ്മീരിലെ സംഘര്‍ഷഭരിതമായ പ്രതിഷേധത്തിന് പരിഹാരം കാണാന്‍ രൂപം കൊടുത്ത മധ്യസ്ഥ സമിതി അദ്ദേഹം വിപുലീകരിക്കുകയും ചെയ്തു. ദിവസങ്ങളായി പാക് അധീന കശ്മീരില്‍ പാക് സര്‍ക്കാരിനെതിരേ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്.
◾ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ അവസാനത്തോടെ പുനരാരംഭിക്കാന്‍ കഴിയുമെന്ന് വിദേശകാര്യ മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ സമീപനത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.
◾ അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണത്തില്‍ ഗാര്‍ഗിന്റെ മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മയ്ക്കും സിംഗപൂരിലെ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ സംഘാടകന്‍ ശ്യാംകാനു മഹന്തയ്ക്കുമെതിരെ കൊലപാതക കുറ്റം ചുമത്തി അസം പോലീസ്. ഇരുവരെയും ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
◾ 2019ല്‍ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച് വിവാദനായികയായ ഹിന്ദുമഹാസഭ നേതാവ് പൂജാ ശകുന്‍ പാണ്ഡെയെ കൊലക്കുറ്റത്തിന് പൊലീസ് തിരയുന്നു. അലിഗഡില്‍ ബിസിനസുകാരനായ അഭിഷേക് ഗുപ്തയെ കൊലപ്പെടുത്തിയ കേസിലാണ് ഹിന്ദു മഹാസഭ നേതാവായ പൂജാ ശകുന്‍ പാണ്ഡെയെ പൊലീസ് തിരയുന്നത്. കേസില്‍ പൂജയുടെ ഭര്‍ത്താവ് അശോക് പാണ്ഡെയെയും വാടക കൊലയാളിയെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
◾ തായ്വാന് മേല്‍ വീണ്ടും സമ്മര്‍ദ്ദ തന്ത്രവുമായി ചൈന. ഇന്നര്‍ മംഗോളിയയിലുള്ള സുരിഹെ പരിശീലന കേന്ദ്രത്തില്‍ ചൈന അധിനിവേശ പരിശീലനം ഊര്‍ജ്ജിതമാക്കിയതായി റിപ്പോര്‍ട്ട്. തായ്വാന്റെ തലസ്ഥാനമായ തായ്‌പേയിലെ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ ഒരു വലിയ മാതൃക വികസിപ്പിച്ചുകൊണ്ട് ചൈന സൈനിക തയ്യാറെടുപ്പുകള്‍ ശക്തമാക്കുന്നതായാണ് റിപ്പോര്‍ട്ട്.
◾ ഗാസയിലേക്ക് അവശ്യ സഹായങ്ങളുമായി എത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെ അടക്കമുള്ളവരെ നാടുകടത്തുമെന്ന് ഇസ്രയേല്‍ അറിയിച്ചു. ഗ്രെറ്റയും സംഘവും അവശ്യ സാധനങ്ങളുമായി എത്തിയ 'ഗ്ലോബല്‍ സുമുദ്' ബോട്ടുകള്‍ ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഗ്രെറ്റയെയും സംഘത്തെയും ഇസ്രയിലേക്ക് കൊണ്ടുപോയി. ഇവരെ അവരവരുടെ രാജ്യങ്ങളിലേക്ക് നാടു കടത്തുമെന്നാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
◾ സ്തന സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ശസ്ത്രക്രിയ നടത്തിയവര്‍ക്കെതിരെ ശിക്ഷാ നടപടികളുമായി ഉത്തരകൊറിയന്‍ ഭരണകൂടം. സ്തന ഇംപ്ലാന്റുകള്‍ മുതലാളിത്തത്തിന്റെ ഭാഗമാണെന്നും സോഷ്യലിസത്തിന് എതിരാണെന്നും കണ്ടാണ് നടപടി. കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ത്രീകളും ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാരും നടപടി നേരിടേണ്ടി വരും. ഉത്തരകൊറിയയില്‍ സൗന്ദര്യ വര്‍ധനയ്ക്കായുള്ള ശസ്ത്രക്രിയകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം സോഷ്യലിസ്റ്റ് വിരുദ്ധ പ്രവൃത്തികളായിട്ടാണ് മുദ്രകുത്തിയിട്ടുള്ളത്.
◾ ബ്രിട്ടണെ നടുക്കി മാഞ്ചസ്റ്ററില്‍ ജൂതരുടെ പുണ്യദിനത്തില്‍ സിനഗോഗിന് മുന്നില്‍ ആക്രമണം. മാഞ്ചസ്റ്ററിലെ മിഡില്‍ടണ്‍ റോഡിലെ ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ സിനഗോഗിന് മുന്നിലാണ് പ്രാദേശിക സമയം രാവിലെ ഒമ്പതരയോടെ ആക്രമണമുണ്ടായത്. ജൂത മത കലണ്ടര്‍ അനുസരിച്ച് ഏറ്റവും വിശുദ്ധമായ ദിനമായ യോം കിപ്പൂര്‍ ആചരണത്തിനിടയിലാണ് ആക്രമണം.ജനക്കൂട്ടത്തിന് നേരെ അക്രമി കാറോടിച്ച് കയറ്റുകയായിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് അതീവ ഗുരുതരമായി പരുക്കേറ്റെന്നും പൊലീസ് വ്യക്തമാക്കി.
◾ മാഞ്ചെസ്റ്ററില്‍ ഇന്നലെ ജൂത ദേവാലയത്തിന് നേരെ ഭീകരാക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഭീകരാക്രമണത്തിനുള്ള തയ്യാറെടുപ്പ് നടത്തിയതിനും വിദ്വേഷം പ്രചരിപ്പിച്ചതിനുമാണ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍ രണ്ട് പേര്‍ മുപ്പതിനോട് അടുത്ത് പ്രായമുള്ള പുരുഷന്‍മാരും മൂന്നാമത്തെയാള്‍ അറുപതിനോട് അടുത്ത് പ്രായമുള്ള സ്ത്രീയുമാണ്. അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. സിറിയന്‍ പശ്ചാത്തലമുള്ള 35 വയസുകാരനായ ബ്രിട്ടീഷ് പൌരനായ ജിഹാദ് അല്‍ ഷമി എന്നയാളാണ് ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രിഗേഷന്‍ സിനഗോഗിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. മിനിറ്റുകള്‍ക്കുള്ളില്‍ സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ വെടിവച്ച് കൊല്ലുകയായിരുന്നു.
◾ ഗാസാമുനമ്പിനു നേര്‍ക്ക് ഇസ്രയേല്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ വ്യോമാക്രമണത്തിലും ഡ്രോണ്‍ ആക്രമണത്തിലുമാണ് അധികം പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്. അതേസമയം അല്‍ ടിന, മൊരാഗ് മേഖലകളില്‍ ഭക്ഷണത്തിന് വരിനില്‍ക്കുന്നവര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പിലും പലര്‍ക്കും ജീവന്‍ നഷ്ടമായി.
◾ റഷ്യയുമായുള്ള എണ്ണ വ്യാപാരം വിച്ഛേദിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും മുകളിലുള്ള യുഎസ് സമ്മര്‍ദ ശ്രമങ്ങള്‍ തിരിച്ചടിയാകുമെന്ന് യുഎസിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ മുന്നറിയിപ്പ്. ഇത്തരം ശ്രമങ്ങള്‍ സാമ്പത്തികമായി തിരിച്ചടിക്കുമെന്നാണ് അമേരിക്കയെ പുട്ടിന്‍ ഓര്‍മിപ്പിച്ചത്.
◾ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ 121 ന് 2 എന്ന നിലയില്‍. 53 റണ്‍സെടുത്ത കെ എല്‍ രാഹുലും 16 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. 36 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും 7 റണ്‍സെടുത്ത സായ് സുദര്‍ശന്റേയുമാണ് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ ഇന്ത്യ 162 റണ്‍സിന് പുറത്താക്കിയിരുന്നു.
◾ വനിത ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിന് പാകിസ്ഥാനെതിരെ 7 വിക്കറ്റിന്റെ ആധികാരിക ജയം. കൊളംബോയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 38.3 ഓവറില്‍ 129 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 31.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി.
◾ ഡിജിറ്റല്‍ ഇന്‍ഫോടെയ്ന്‍മെന്റ് പ്ലാറ്റ്‌ഫോമായ പിങ്ക്വില്ല ഇന്ത്യയിലെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാര്‍ട്ട്. ജെന്‍ സി ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാനും നിലവിലുള്ള ഉപഭോതക്കളെ കൂടുതല്‍ സംതൃപ്തരാക്കാനും വേണ്ടിയുള്ളതാണ് ഈ നീക്കമെന്നാണ് സൂചന. എത്ര തുകയ്ക്കാണ് ഓഹരികള്‍ സ്വന്തമാക്കിയിരിക്കുന്നതെന്ന് ഇതുവരെ ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. ഫ്ലിപ്കാര്‍ട്ടിന്റെ സേവനങ്ങള്‍ വിപുലീകരിക്കുക എന്നൊരു ലക്ഷ്യം കൂടി ഈ ഏറ്റെടുക്കലിന് പിന്നിലുണ്ട് എന്നാണ് സൂചന. പിങ്ക്വില്ലയുടെ വിശ്വസ്തരായ പ്രേക്ഷക അടിത്തറ പ്രയോജനപ്പെടുത്താനും ഇതിലൂടെ ഫ്ലിപ്കാര്‍ട്ടിന് സാധിക്കും. ഫ്ലിപ്കാര്‍ട്ടിന്റെ പ്രധാന എതിരാളിയായ ആമസോണിന് ആമസോണ്‍ പ്രൈം എന്ന പ്ലാറ്റ്‌ഫോം സ്വന്തമായുണ്ട്. ഇതുപോലെ ഫ്ലിപ്കാര്‍ട്ടിന്റെ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക എന്നാതാണ് കൊമേഴ്‌സ് കമ്പനി ലക്ഷ്യമിടുന്നത്. ട്രെന്‍ഡുകള്‍ രൂപപ്പെടുത്തുന്നതിലും ഉപഭോഗ ശീലങ്ങളെ സ്വാധീനിക്കുന്നതിലും സിനിമകളും സെലിബ്രിറ്റികളും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഇ-കൊമേഴ്‌സ് കമ്പനികള്‍ തിരിച്ചറിയുന്നതിനെ തുടര്‍ന്നുള്ള നീക്കമായും ഇതിനെ കാണാം.
◾ രശ്മിക മന്ദാനയും ആയുഷ്മാന്‍ ഖുറാനയും മുഖ്യ വേഷങ്ങളിലെത്തുന്ന 'തമ' സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു. രശ്മികയുടെ ഗ്ലാമറസ് ഡാന്‍സ് ഉള്‍പ്പെടുന്ന ഗാനമാണ് വലിയ പ്രേക്ഷക ശ്രദ്ധ നേടുന്നത്. അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സച്ചിന്‍ ജിഗര്‍ ആണ്. മധുബന്തി ബാഗ്ച്ചിയും സച്ചിന്‍ ജിഗറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കോടിക്കണക്കിന് കാഴ്ചക്കാരെയാണ് വിഡിയോ സ്വന്തമാക്കിയത്. അതീവ ഗ്ലാമറസ് ലുക്കിലാണ് രശ്മിക വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. രശ്മികയുടെ നൃത്തത്തെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. രശ്മികയുടെ ഹൂക് സ്റ്റെപ്പിനും വലിയ അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്. മാഡോക് ഹൊറര്‍ കോമഡി യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് 'തമ'. 'സ്ത്രീ', 'മുഞ്ജ്യ', 'ഭേഡിയ', 'സ്ത്രീ 2' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് 'തമ' എത്തുന്നത്. 'സ്ത്രീ 2' ലെ 'ആജ് കീ രാത്ത്' എന്ന ഡാന്‍സ് നമ്പറും വലിയ തോതില്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഗാനരംഗത്തിലെ തമന്നയുടെ ചുവടുകള്‍ ഇന്‍സ്റ്റഗ്രാം റീലുകളായി ട്രെന്‍ഡിങ്ങായിരുന്നു.
◾ ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വമ്പന്‍ പടം 'ടിക്കി ടാക്ക'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. ആസിഫ് അലിക്കൊപ്പം നസ്ലിന്‍, ലുക്മാന്‍ അവറാന്‍, വാമിഖ ഗബ്രി, സഞ്ജന നടരാജ് ഒന്നിക്കുന്ന ചിത്രം ഹൈ ഒക്ടേവ് ആക്ഷന്‍ ത്രില്ലറാകും എന്ന സൂചനയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നല്‍കുന്നത്. ബോളിവുഡിലെ വമ്പന്‍ നിര്‍മാതാക്കളായ ടി സീരീസ് ഫിലിംസും പനോരമ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നില്‍മിക്കുന്നത്. വെല്‍മെയ്ഡ് പ്രൊഡക്ഷന്‍സും അഡ്വഞ്ചര്‍ കമ്പനിയുമാണ് സഹനിര്‍മാതാക്കള്‍. രോഹിത് വി.എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് കെ.ജി.എഫ് പോലുള്ള ബ്രഹ്‌മാണ്ഡചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ രവി ബസ്രൂര്‍ ആണ്. അതേ സമയം പുറത്ത് വിടാത്ത ഒട്ടേറെ സര്‍പ്രൈസ് താരങ്ങളും സിനിമയില്‍ ഉള്ളതായി റിപോര്‍ട്ടുകള്‍ ഉണ്ട്. ആക്ഷന് പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള ഉദേ നന്‍സ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. 'ദ് റെയ്ഡ് റിഡെംപ്ഷന്‍' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.
◾ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോയുടെ പുതിയ ഹീറോ ഡെസ്റ്റിനി 110 ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. പുതിയ ഹീറോ ഡെസ്റ്റിനി 110ല്‍ പ്രീമിയം ക്രോം ടച്ചുകള്‍, പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലാമ്പ്, എച്ച് ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പിന്നിലെ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ക്കുള്ള ഫ്‌ലോട്ടിംഗ് ഇഫക്റ്റാണ് മറ്റൊരു പ്രത്യേകത. സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എന്‍ജിനാണ് ഡെസ്റ്റിനി 110ന് കരുത്ത് പകരുന്നത്. ഹീറോയുടെ ഐ3എസ്, വണ്‍-വേ ക്ലച്ച് എന്നിവയാല്‍ സജ്ജീകരിച്ചിരിക്കുന്ന ഈ സ്‌കൂട്ടര്‍ 56.2 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് അവകാശപ്പെടുന്നു. പിറകില്‍ ഇരുന്നുള്ള യാത്ര സുഗമമാക്കാന്‍ ഇന്റഗ്രേറ്റഡ് ബാക്ക്റെസ്റ്റുള്ള സെഗ്മെന്റിലെ ഏറ്റവും നീളം കൂടിയ സീറ്റ് 785സിസി ആണ് ഡെസ്റ്റിനി 110ന് ഉള്ളതെന്ന് ഹീറോ അവകാശപ്പെടുന്നു. ഗ്ലൗ ബോക്‌സ്, ബൂട്ട് ലാമ്പ്, അനലോഗ്-ഡിജിറ്റല്‍ സ്പീഡോമീറ്റര്‍ തുടങ്ങിയ കൂട്ടിച്ചേര്‍ക്കലുകള്‍ ദൈനംദിന ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുന്നു. അഞ്ച് വ്യത്യസ്ത നിറങ്ങളില്‍ ഹീറോ ഡെസ്റ്റിനി 110 വാഗ്ദാനം ചെയ്യുന്നു. എറ്റേണല്‍ വൈറ്റ്, മാറ്റ് സ്റ്റീല്‍ ഗ്രേ, നെക്‌സസ് ബ്ലൂ എന്നി നിറങ്ങളില്‍ ഢത കാസ്റ്റ് ഡ്രം വേരിയന്റ് ലഭ്യമാണ്.
◾ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ലബനോനില്‍ ജനിച്ച് വിശ്വത്തോളം വളര്‍ന്ന കവിയും ചിത്രകാരനും കഥാകാരനും തത്ത്വചിന്തകനുമാണ് ഖലീല്‍ ജിബ്രാന്‍. പ്രണയം, നഷ്ടം, ആത്മീയത, ജീവിതം തുടങ്ങിയ അവസ്ഥകളുടെ ഭാവം ആവാഹിച്ച് മനുഷ്യകുലത്തെ കീഴടക്കിയ ഖലീല്‍ ജിബ്രാന്റെ എക്കാലത്തെയും മികച്ച കഥകളുടെ സമാഹാരം. 'പ്രണയഗീതവും മറ്റു കഥകളും'. ഖലീല്‍ ജിബ്രാന്‍. വിവര്‍ത്തനം : ഡോ. സരസ്വതി ബാലകൃഷ്ണന്‍. ഗ്രീന്‍ ബുക്സ്. വില 98 രൂപ.
◾ ശരീരഭാരം കുറയ്ക്കാന്‍ വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഡയറ്റ് പിന്തുടരേണ്ടത് പ്രധാനമാണ്. വേയ്റ്റ് ലോസ് ഡയറ്റ് ഏതാണെങ്കിലും പൊതുവായി കാണപ്പെടുന്ന രണ്ട് പ്രധാന കാര്യങ്ങളാണ് ചിയ സീഡ് വാട്ടറും ജീരക വെള്ളവും. ഇവ രണ്ടും ദഹനത്തിനും മെറ്റബോളിസം വര്‍ധിപ്പിക്കാനും മികച്ചതാണെന്നതാണ് കാര്യം. ജീരകവെള്ളം പണ്ടു മുതല്‍ നമ്മുടെ ദിനചര്യയുടെ ഭാഗമായിരുന്നെങ്കിലും ചിയ വിത്തുകള്‍ അടുത്തകാലത്ത് നമ്മുടെ ഡയറ്റില്‍ കയറിക്കൂടിയതാണ്. ഒന്ന് മറ്റൊന്നിന് പകരമാകില്ല, എന്നാല്‍ പിന്നെ ഇവ രണ്ടില്‍ ഏതാണ് ശരീരഭാരം കുറയ്ക്കാന്‍ കൂടുതല്‍ ഫലപ്രദമെന്ന് ചോദിച്ചാല്‍ നിങ്ങളുടെ മുന്‍ഗണനകളെ ആശ്രയിച്ചിരിക്കും. ചിയ വിത്തുകളും ജീരകവും രണ്ടു തരത്തിലാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുക എന്ന് ആദ്യം മനസിലാക്കണം. ആന്റിഓക്‌സിഡന്റുകളും ഇരുമ്പിന്റെ അംശവും ധാരാളം അടങ്ങിയതാണ് ജീരകം. ഇത് ദഹനത്തെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല, കലോറിയും കുറവാണ്. ബ്ലോട്ടിങ് പോലുള്ള അവസ്ഥ ഒഴിവാക്കാനും ജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതാണ് നല്ലത്. ഒമേഗ-3 ഫാറ്റി ആസിഡുകളും നാരുകളും പ്രോട്ടീനും കാല്‍സ്യവും മഗ്നീഷ്യവുമൊക്കെ അടങ്ങിയ പോഷകസമ്പന്നമായതാണ് ചിയ വിത്തുകള്‍. ഇത് കൂടുതല്‍ നേരം വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യും. പേശി വളര്‍ച്ചയ്ക്ക് ചിയ വിത്തുകള്‍ ആണ് ഗുണകരം. ചിയ വിത്തുകള്‍ വെള്ളത്തില്‍ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും കുതിര്‍ത്ത ശേഷം കഴിക്കുന്നതാണ് നല്ലത്. ജീരകം വെള്ളത്തില്‍ തിളപ്പിച്ച് കുടിക്കാവുന്നതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
പണ്ട് ഒരു രാജ്യത്തെ ഏറ്റവും മികച്ച വേട്ടക്കാരനെന്ന് അഹങ്കരിച്ചിരുന്ന ഒരു യോദ്ധാവ് ഉണ്ടായിരുന്നു. ഒരിക്കലദ്ദേഹം മലമുകളിലെ ഭീകരനായ ഒരു വ്യാളിയെ പിടിക്കാന്‍ വേണ്ടി യാത്ര പുറപ്പെട്ടു. കുറേദിവസം കഷ്ടപ്പെട്ട് മലകയറി കൊടുമുടിയുടെ ഏറ്റവും അഗ്രത്തിലുള്ള ഒരു ഗുഹയില്‍ അദ്ദേഹം എത്തിച്ചേരുമ്പോള്‍ കാണുന്നത് ഒരു വ്യാളിയുടെ ശരീരം തണുത്തുറഞ്ഞു കിടക്കുന്നതാണ്. അയാള്‍ ഒരു വിധത്തില്‍ അതിനെ വലിച്ച് താഴെയിറക്കി താഴ്വരയിലെ തന്റെ രാജ്യത്തെത്തി എല്ലാവരോടുമായി പ്രഖ്യാപിച്ചു താനാണ് വ്യാളിയെ കൊന്നത് എന്ന്. ആളുകളൊക്കെ അത്ഭുതാദരവോടെ അയാളുടെ മുമ്പില്‍ തലകുനിക്കുന്നത് കണ്ട് ഒട്ടൊരു അഹങ്കാരത്തോടെ തന്നെ അയാള്‍ തലയുയര്‍ത്തി നിന്നു. പക്ഷേ നാട്ടിലേ കൊടും ചൂട് കാരണം വ്യാളി അതിന്റെ ശീതകാല നിദ്രയില്‍ നിന്ന് ഉണര്‍ന്നു. എന്തിനേറെ പറയണം വ്യാളി അലറിവിളിച്ചുകൊണ്ട് കുറെയധികം പേരെ കൊന്നു വീഴ്ത്തി. അതിനോടൊപ്പം തന്നെ നമ്മുടെ ഈ വേട്ടക്കാരന്റെയും ജീവനെടുത്തു. അര്‍ഹതയുള്ള വിജയങ്ങളില്‍ മാത്രമേ നാം അഭിമാനിക്കാവൂ. അബദ്ധത്തില്‍ സംഭവിക്കുന്നവ ആവര്‍ത്തിക്കണമെന്നില്ല. അനര്‍ഹമായ ചില വിജയങ്ങളില്‍ അഹങ്കരിക്കാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍ അത്യാഹിതങ്ങള്‍ തന്നെ സംഭവിച്ചേക്കാം. നാം പ്രസിദ്ധി നേടേണ്ടത് നമ്മുടെ പ്രവര്‍ത്തികളുടെ ഗുണമേന്മയും ആത്മാര്‍ത്ഥതയും കൊണ്ടാണ്. അല്ലാതെ മാന്ത്രികവിദ്യയും ചെപ്പടിവിദ്യകളും കൊണ്ടല്ല. സാധാരണ ജീവിതം കൊണ്ട് അസാധാരണമായ ചില ഇടപെടലുകള്‍ നടത്തുക. നാം ആയിരിക്കുന്ന മണ്ഡലങ്ങളില്‍ നല്ല നല്ല മാറ്റങ്ങള്‍ക്ക് നാം തുടക്കം കുറിക്കുക. മാറി ചിന്തിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക. അതാണ് കൃത്രിമമായ മായാജാലങ്ങളെക്കാള്‍ എന്തുകൊണ്ടും പ്രസക്തമായിട്ടുള്ളത്. ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA