Trending

സായാഹ്ന വാർത്തകൾ.

2025 | ഒക്ടോബർ 3 | വെള്ളി 
1201 | കന്നി 17 | തിരുവോണം 

◾ ശബരിമലയില്‍ സ്വര്‍ണം ചെമ്പായതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ പറയട്ടെയെന്ന് തന്ത്രി കുടുംബാംഗമായ കണ്ഠര് മോഹനര്. ദ്വാരപാലക വിഗ്രഹം ഉള്‍പ്പെടെ എല്ലാം സ്വര്‍ണം പൂശിയതായിരുന്നുവെന്നും ഒരു വര്‍ഷമെടുത്താണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയതെന്നും 30 കിലോ സ്വര്‍ണമാണ് വിജയ്മല്യ സമര്‍പ്പിച്ചതെന്നും ദ്വാരപാലകശില്‍പം സ്വര്‍ണമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ലെന്നും കണ്ഠര് മോഹനര് പറഞ്ഞു.

◾ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സമഗ്രമായ അന്വേഷണം നടക്കട്ടെയെന്ന് മന്ത്രി വി എന്‍ വാസവന്‍. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. കോടതിയില്‍ വിശ്വാസം അര്‍പ്പിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയിലേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്. ആര് എന്ത് കട്ടുകൊണ്ട് പോയാലും പിടികൂടുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

◾ ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ആരാണ് തട്ടിപ്പ് നടത്തിയതെന്ന് ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് കണ്ടെത്തുമെന്നും കുറ്റവാളികളെ കണ്ടെത്തി ശക്തമായിട്ടുള്ള നടപടി സ്വീകരിക്കുമെന്നും എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ ഇ പി ജയരാജന്‍. ശബരിമല ക്ഷേത്രത്തെ ദുരുപയോഗം ചെയ്യാന്‍ ആരെയും സര്‍ക്കാര്‍ അനുവദിക്കില്ലെന്നും ഒരു വിശ്വാസികള്‍ക്കും തടസ്സം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദുരൂഹതയേറ്റി പുതിയ വെളിപ്പെടുത്തല്‍. 2019ല്‍ ചെന്നൈയിലെ കമ്പനിയിലെത്തിച്ചത് മുന്‍പൊരിക്കലും സ്വര്‍ണം പൂശിയിട്ടില്ലാത്ത ചെമ്പ് പാളികളെന്ന് അറ്റകുറ്റപ്പണി നടത്തിയ സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകന്‍ അഡ്വ. കെ ബി പ്രദീപ് വെളിപ്പെടുത്തി. അതേസമയം ശബരിമലയില്‍നിന്ന് അഴിച്ചെടുത്തതാണോ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത് എന്നത് അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

◾ സ്വര്‍ണ്ണപ്പാളി തട്ടിപ്പില്‍ സമഗ്ര അന്വേഷണമാണ് വേണ്ടതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. അവധി കഴിഞ്ഞ് ഹൈക്കോടതി തുറക്കുന്ന ദിവസം തന്നെ ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തില്‍ തന്നെ സത്യം തെളിയുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി സ്വയം കുഴിച്ച കുഴിയില്‍ വീണുവെന്നും പണ്ടുണ്ടായിരുന്ന അവതാരങ്ങളില്‍ പത്തിലൊന്നു പോലും ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതിന്റെ വിവരങ്ങള്‍ പുറത്ത് വന്നു. ജയറാം ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയരുന്നു .2019ലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതേ സമയം ശബരിമലയിലെ ശ്രീകാവിലിന്റെ വാതില്‍ കട്ടിള എന്നവകാശപ്പെട്ട് അമ്പത്തൂരിലെ ഫാക്ടറിയിലാണ് പ്രദര്‍ശനവും പൂജയും സംഘടിപ്പിച്ചതെന്നും തന്റെ വീട്ടില്‍ അല്ല ദൃശ്യങ്ങളില്‍ ഉള്ള പൂജാ നടന്നതെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിച്ചിട്ടാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്ന് ജയറാം പ്രതികരിച്ചു. അമ്പട്ടൂരിലെ പൂജയ്ക്ക് ശേഷം കട്ടിളപ്പടി തന്റെ വീട്ടിലേക്ക് കൊണ്ടുവന്നുവെന്നും ജയറാം പറഞ്ഞു.

◾ ശബരിമലയിലെ സ്വര്‍ണപ്പാളിയുടെ സ്പോണ്‍സര്‍മാരില്‍ ഒരാളായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തലസ്ഥാനത്ത് മാത്രം കോടികളുടെ ഇടപാട് ഉണ്ടെന്ന കണ്ടെത്തലില്‍ പോറ്റിയുടെ ഇടപാടുകള്‍ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ബ്ലെയ്ഡ് പലിശക്ക് പണം നല്‍കി ഭൂമി പലയിടത്തും സ്വന്തം പേരിലാക്കിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മുന്‍ ദേവസ്വം കരാറുകാരനാണ് തലസ്ഥാനത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടനിലക്കാരനെന്നാണ് വിവരം.

◾ വയനാട് ഉരുള്‍പൊട്ടല്‍ മേഖലയിലെ പുനരധിവാസത്തിനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 260.56 കോടി രൂപ അനുവദിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. മുന്‍പ് രണ്ട് ഘട്ടങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ 682.5 കോടി അനുവദിച്ചിരുന്നുവെന്നും ഇതിന് പുറമെയാണ് ഇപ്പോഴത്തെ പുതിയ സഹായമെന്നും കേരളത്തിലെ ജനങ്ങളോടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

◾ കേരളത്തിലെ മന്ത്രിമാര്‍ക്ക് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപിയോട് അലര്‍ജിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. മന്ത്രി മുഹമ്മദ് റിയാസ് ഇതുവരെ സുരേഷ് ഗോപിയെ കണ്ടിട്ടില്ലെന്നും ഒഡീഷ മുഖ്യമന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രിയും സുരേഷ് ഗോപിയെ കണ്ടുവെന്നും തമിഴ്നാട്ടിലെ ടൂറിസം മന്ത്രി നാലുതവണയാണ് സുരേഷ് ഗോപിയുമായി ചര്‍ച്ച നടത്തിയതെന്നും കേരളത്തിലെ മന്ത്രിമാര്‍ക്ക് സുരേഷ് ഗോപിയെ അലര്‍ജിയാണെന്നും പിന്നെങ്ങനെയാണ് വികസനം കൊണ്ടുവരാന്‍ കഴിയുന്നതെന്നും ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. സംസ്ഥാനം പ്രോജക്ട് നല്‍കാത്തതു കൊണ്ടാണ് പദ്ധതികള്‍ അനുവദിക്കാന്‍ കഴിയാത്തതെന്നും ഫെഡറല്‍ സംവിധാനം നിലനില്‍ക്കുമ്പോള്‍ സുരേഷ് ഗോപിക്ക് പദ്ധതികള്‍ ചാക്കില്‍ കെട്ടി കൊണ്ടുവന്നു കൊടുക്കാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു.

◾ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുരുങ്ങിയ സംഭവത്തില്‍ പരാതിക്കാരിയായ കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യ ഇന്ന് മെഡിക്കല്‍ ബോര്‍ഡിന് മുന്‍പാകെ ഹാജരാകും. സുമയ്യയുടെ നെഞ്ചില്‍ നിന്ന് വയര്‍ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ സുമയ്യയെ ബോധ്യപ്പെടുത്താനാണ് ഇന്ന് മെഡിക്കല്‍ ബോര്‍ഡ് ചേരുന്നത്.

◾താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും സ്ത്രീപക്ഷ നിലപാട് ആര് പറഞ്ഞാലും യോജിക്കുമെന്നും നടി റിനി ആന്‍ ജോര്‍ജ്. സ്ത്രീകള്‍ക്കെതിരായ സൈബര്‍ അധിക്ഷേപത്തിന് എതിരെയായിരുന്നു കഴിഞ്ഞ ദിവസം നടന്ന പരിപാടി. സ്ത്രീപക്ഷ നിലപാട് ഉള്ളത് കൊണ്ടാണ് സിപിഎം പരിപാടിയില്‍ പങ്കെടുത്തതെന്നും ഇനിയും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുമെന്നും റിനി ആന്‍ ജോര്‍ജ് വ്യക്തമാക്കി.

◾ സംസ്ഥാന ടൂറിസം വകുപ്പിന്റെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ധര്‍മ്മടം വള്ളംകളിയില്‍ അഴിക്കോടന്‍ അച്ചാംതുരുത്തി ബോട്ട് ക്ലബ്ബ് ജേതാക്കളായി. ഐപിഎല്‍ മാതൃകയില്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ സിബിഎല്ലിന്റെ അഞ്ചാം പതിപ്പിലെ മലബാര്‍ മേഖലാ മത്സരത്തില്‍ അഴീക്കോടന്‍ അച്ചാംതുരുത്തിയിലെ തുഴച്ചില്‍ക്കാര്‍ വയലക്കര വെങ്ങാട്ട് ബോട്ട് ക്ലബ്ബിനെ മറികടന്നാണ് ഫിനിഷിംഗ് ലൈനിലെത്തിയത്.

◾ ബ്രഹ്‌മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയില്‍ സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകളും സഹകരണ സംഘങ്ങളും കോടികള്‍ നിക്ഷേപിച്ചത് നിയമം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. നിക്ഷേപിച്ച പണം കിട്ടാതായതോടെ സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകള്‍ തന്നെ ബ്രഹ്‌മഗിരിക്കെതിരെ നിയമനടപടി തുടങ്ങിയിരിക്കുകയാണ് കോഴിക്കോട് ജില്ലയിലെ ബാങ്കുകളില്‍ നിന്ന് മാത്രം പതിനഞ്ച് കോടിയോളം രൂപയാണ് എത്തിച്ചതെന്നാണ് കണക്ക്.

◾ കണ്ണൂര്‍ കല്യാട്, വീടില്‍ നിന്ന് സ്വര്‍ണവും പണവും മോഷണം പോയ സംഭവത്തില്‍ കര്‍ണാടക സിംഗപട്ടണം സ്വദേശിയും പൂജാരിയുമായ മഞ്ജുനാഥ് അറസ്റ്റിലായി. കൊല്ലപ്പെട്ട ദര്‍ഷിത കവര്‍ച്ച ചെയ്ത പണം മഞ്ജുനാഥിന് കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വീട്ടിലെ പ്രേത ശല്യം ഒഴിപ്പിക്കാന്‍ രണ്ട് ലക്ഷം രൂപ മാത്രമാണ് വാങ്ങിയതെന്ന് പ്രതിയുടെ മൊഴി. കഴിഞ്ഞ ഓഗസ്റ്റ് 22നായിരുന്നു കല്ല്യാടുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും ദര്‍ഷിത മോഷ്ടിച്ചത്. അടുത്ത ദിവസം ഹുന്‍സൂരിലെ ലോഡ്ജില്‍ ദര്‍ഷിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

◾ സിപിഎം പുതുനഗരം ചെട്ടിയത്ത്കുളമ്പ് ബ്രാഞ്ച് സെക്രട്ടറി പുതുനഗരം വാരിയത്ത്കളം എന്‍ ഷാജി (35) പോക്സോ കേസില്‍ അറസ്റ്റിലായി. ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. കൊടുവായൂരില്‍ കട നടത്തുന്നയാളാണ് പ്രതിയായ ഷാജി. കടയിലെത്തിയ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആണ് ഇയാള്‍ ഉപദ്രവിച്ചത്. സംഭവത്തെ തുടര്‍ന്ന് സിപിഎം ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

◾ രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസ്സന്‍കുട്ടിക്ക് 67വര്‍ഷം തടവുശിക്ഷയും 122000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ചാക്കക്ക് സമീപം അച്ചനമ്മമാര്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഹൈദരാബാദ് സ്വദേശിയായ നാടോടി പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിച്ച ശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

◾ ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ അറസ്റ്റിലായ സമര നേതാവ് സോനം വാങ് ചുക്കിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് വാങ് ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അതിനിടെ, മജിസ്ട്രേറ്റ് തല അന്വേഷണം സംഘടനകള്‍ തള്ളി. മജിസ്ട്രേറ്റ് തല അന്വേഷണം കൊണ്ട് പ്രയോജനമില്ലെന്നും സുപ്രീംകോടതി സിറ്റിംഗ് ജഡ്ജി അധ്യക്ഷനായി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് സംഘടനകളുടെ വാദം.

◾ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എന്ന ജ്വല്ലറി ശൃംഖലക്കെതിരെയുള്ള അപകീര്‍ത്തികരമായ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളോട് നിര്‍ദേശവുമായി ബോംബെ ഹൈക്കോടതി. യുകെയിലെ ബര്‍മിംഗ്ഹാമിലെ പുതിയ ഷോറൂമിന്റെ പ്രചാരണത്തിനായി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവാദ പാകിസ്ഥാനി സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സര്‍ അലിഷ്ബ ഖാലിദിനെ കമ്പനി ഏര്‍പ്പാട് ചെയ്തതിനെ തുടര്‍ന്നാണ് മലബാര്‍ ഗോള്‍ഡിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രചാരണമുണ്ടായത്.

◾ കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തള്ളി. ദേശീയ മക്കള്‍ ശക്തി കക്ഷിയും ബിജെപി അഭിഭാഷകനും നല്‍കിയ ഹര്‍ജികളാണ് തള്ളിയത്. ഹര്‍ജിക്കാരന് ദുരന്തത്തില്‍ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തമിഴ്നാട് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നേതാവ് ആധവ് അര്‍ജുന നല്‍കിയ ഹര്‍ജി പരിഗണിച്ചിട്ടില്ല.

◾ ജെഎന്‍യു ക്യാമ്പസില്‍ എബിവിപിയും ഇടത് വിദ്യാര്‍ഥി സംഘടനകളും തമ്മില്‍ സംഘര്‍ഷം. ജെഎന്‍യുവിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ഷര്‍ജില്‍ ഇമാമിന്റെയും ഉമര്‍ ഖാലിദിന്റെയും ചിത്രം അടങ്ങിയ രാവണന്റെ രൂപം കത്തിക്കാന്‍ എബിവിപി ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണം. ഉമര്‍ ഖാലിദും ഷര്‍ജില്‍ ഇമാമും നിലവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായും 2020ലെ ദില്ലി കലാപ ഗൂഢാലോചന കേസുമായും ബന്ധപ്പെട്ട് ജയിലിലാണ്.

◾ ഭോപ്പാലിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ രക്തബാങ്കില്‍ നിന്ന് നിരവധി യൂണിറ്റ് രക്തവും പ്ലാസ്മയും മോഷ്ടിക്കപ്പെട്ടു. എയിംസ് രക്തബാങ്ക് ഇന്‍ ചാര്‍ജ് ഡോ. ഗ്യാനേന്ദ്ര പ്രസാദ് ബാഗ് സെവാനിയ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന്, ഔട്ട്‌സോഴ്‌സ് ജീവനക്കാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന ഔട്ട്‌സോഴ്‌സ് ജീവനക്കാരനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

◾ വെള്ളിയാഴ്ച ജുമാ നമസ്‌കാരം നടത്താന്‍ ആളുകള്‍ ഒത്തുകൂടുമ്പോള്‍ അശാന്തി ഉണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വ്യാഴാഴ്ച ഉച്ച മുതല്‍ നിര്‍ത്തിവച്ചു. ഒക്ടോബര്‍ 2 ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ ഒക്ടോബര്‍ 4 ന് ഉച്ചകഴിഞ്ഞ് 3 വരെ ബറേലിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. ആശങ്കയെ തുടര്‍ന്ന് ബറേലി ഡിവിഷനിലെ നാല് ജില്ലകളിലും സുരക്ഷ ശക്തമാക്കി.

◾ ഇന്ത്യന്‍ കമ്പനികള്‍ കൊളംബിയയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണുന്നതില്‍ അഭിമാനമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബജാജ്, ഹീറോ, ടിവിഎസ് കമ്പനികളെയാണ് രാഹുല്‍ എടുത്തുപറഞ്ഞ് പ്രശംസിച്ചിട്ടുള്ളത്. സ്വന്തം സ്വജനപക്ഷപാതത്തിലൂടെയല്ല, മറിച്ച് നൂതനാശയങ്ങളിലൂടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് വിജയം നേടാന്‍ കഴിയുമെന്ന് ഇത് കാണിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

◾ അഫ്ഗാനിസ്ഥാനില്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി താലിബാന്‍. പഴയ ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ തേഞ്ഞുപോയെന്നും അവ മാറ്റിസ്ഥാപിക്കുകയാണെന്നും അതിനാലാണ് ഇന്റര്‍നെറ്റ് ലഭ്യത നഷ്ടമായതെന്നും താലിബാന്‍ അറിയിച്ചു. വാര്‍ത്തകള്‍ക്ക് പിന്നാലെ അഫ്ഗാനിസ്ഥാനിലുടനീളം ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ താലിബാനോട് യുഎന്‍ ആവശ്യപ്പെട്ടിരുന്നു.

◾ അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി ഇന്ത്യയിലേക്ക്. 2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത ശേഷമുള്ള ആദ്യ ഉന്നതതല സന്ദര്‍ശനമാണിത്. ഇത് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ബന്ധത്തില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഫ്ഗാന്‍ വിദേശ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും പാകിസ്ഥാനെ ആശ്രയിക്കുന്നത് കുറയ്ക്കാനും തയ്യാറാണെന്നതിന്റെ സൂചനയാണ് മുത്തഖിയുടെ ഇന്ത്യാ സന്ദര്‍ശനമെന്ന് വിദേശകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു.

◾ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സുഹൃത്താണെന്നും മോദി ഒരിക്കലും സമ്മര്‍ദ്ദത്തിന് വഴങ്ങി റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള നടപടികള്‍ സ്വീകരിക്കില്ലെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍. റഷ്യയുടെ ഇടപെടലിലും വിശ്വാസ്യതയിലും നരേന്ദ്ര മോദിക്ക് ബോധ്യമുണ്ടെന്നും ഇന്ത്യയിലെ ജനങ്ങള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും പുടിന്‍ പറഞ്ഞു. അതേസമയം റഷ്യയുമായുള്ള എണ്ണ വ്യാപാര ബന്ധം വിച്ഛേദിക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും മുകളിലുള്ള അമേരിക്ക നടത്തുന്ന സമ്മര്‍ദ ശ്രമങ്ങള്‍ തിരിച്ചടിയാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

◾ സര്‍ക്കാരിന്റെ കടുത്ത ചെലവുചുരുക്കലിനെതിരെ ഫ്രാന്‍സിലെ ഇരുന്നൂറിലധികം നഗരങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങിയതോടെ രാജ്യം സ്തംഭിച്ചു. ഈഫല്‍ ടവര്‍ അടക്കമുള്ള പ്രധാന ടൂറിസ്റ്റ്കേന്ദ്രങ്ങള്‍ വരെ അടച്ചിടേണ്ടി വന്നു. തൊഴിലാളികളും വിദ്യാര്‍ത്ഥികളും മുതിര്‍ന്ന പൗരന്മാരും അടങ്ങുന്ന പ്രതിഷേധക്കാര്‍ ചെലവുചുരുക്കലില്‍ പ്രതിഷേധിച്ചും സമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തണമെന്ന് ആവശ്യപ്പെട്ടും പാരിസിലെ പ്ലേസ് ഡി'ഇറ്റലിയില്‍ മാര്‍ച്ച് നടത്തി.

◾ ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില അസാധാരണമായ രീതിയില്‍ താഴുന്നു. കഴിഞ്ഞയാഴ്ച്ച 70 ഡോളറിന് മുകളിലെത്തിയ വില നിലവില്‍ 60കളുടെ മധ്യത്തിലാണ്. ഡബ്ല്യുടിഐ ക്രൂഡ് 60 ഡോളറും ബ്രെന്റ് ക്രൂഡ് 64 ഡോളറിലുമാണ്. പ്രധാന രാജ്യങ്ങളുടെ വ്യവസായിക വളര്‍ച്ച കുറഞ്ഞ നിലയില്‍ തുടരുന്നതും മാര്‍ക്കറ്റിലേക്ക് അധികമായി എണ്ണ വരുന്നതുമാണ് വിലയിലും പ്രതിഫലിക്കുന്നത്. നാലു മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് ക്രൂഡ് ഓയില്‍ വില നിലവില്‍. ബ്രെന്റ് ക്രൂഡ് ജൂണ്‍ രണ്ടിലെ നിരക്കിനേക്കാള്‍ താഴെയാണ്. ഡിമാന്‍ഡ് കുറഞ്ഞു നില്‍ക്കുന്നത് വിപണിയുടെ ഇടിവിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാനാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. നവംബര്‍ മുതല്‍ പ്രതിദിന ഉത്പാദനത്തില്‍ അഞ്ച് ലക്ഷം ബാരല്‍ വരെ വര്‍ധനയുണ്ടാകുമെന്നാണ് സൂചന. ഒക്ടോബറിലേക്കാള്‍ മൂന്നിരട്ടി വര്‍ധനയാകുമിത്. ഒപെക് പ്ലസ് ഇതര രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ വിപണിയിലേക്ക് എത്തുന്നുണ്ട്. ഇത് ഗള്‍ഫ് രാജ്യങ്ങളുടെ മേല്‍ക്കൈ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്.

◾ വിക്കിപീഡിയക്ക് ചെക്ക് വെക്കാനൊരുങ്ങുകയാണ് ഇലോണ്‍ മസ്‌ക്. കമ്പനിയുടെ ഗ്രോക്ക് എ.ഐ ചാറ്റ്ബോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്‍സൈക്ക്ലോപീഡിയ എക്സ് എ.ഐ നിര്‍മിക്കുകയാണെന്നാണ് മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്. 'ഗ്രോക്കിപീഡിയ' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഞങ്ങള്‍ ഗ്രോക്കിപീഡിയ @എക്സ് എ.ഐ നിര്‍മ്മിക്കുകയാണ്. ആളുകള്‍ക്ക് വിവരങ്ങള്‍ നല്‍കുന്നതില്‍ ഇത് വിക്കിപീഡിയയേക്കാള്‍ മുന്നിലായിരിക്കും. ലോകത്തെ മനസിലാക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിത്'- മസ്‌ക് തന്റെ എക്സില്‍ കുറിച്ചു. എക്സ് എ.ഐയുടെ ചാറ്റ്ബോട്ട് ഗ്രോക്ക് ആയിരിക്കും ഗ്രോക്കിപീഡിയയക്ക് കരുത്ത് പകരുന്നത്. ഇതിനായി എ.ഐയെ എല്ലാ വെബ് സോഴ്‌സുകളിലും ട്രെയിന്‍ ചെയ്യിച്ചതായും കണ്ടന്റുകള്‍ അവ ഉണ്ടാക്കുമെന്നും മാസ്‌ക് പറഞ്ഞു. വിക്കിപീഡിയയുമായി ബന്ധപ്പെട്ട് മസ്‌ക് ഇതിനു മുമ്പും രംഗത്തെത്തിയിട്ടുണ്ട്. പലതവണ സൈറ്റിനെ ശക്തമായി വിമര്‍ശിച്ചിരുന്നു.


◾ ഇന്ന് ലോക പുഞ്ചിരി ദിനം, എല്ലാ വര്‍ഷവും ഒക്ടോബറിലെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനാചരണം. 'ഒരു ദയാപ്രവൃത്തി ചെയ്യൂ. ഒരാളെ പുഞ്ചിരിക്കാന്‍ സഹായിക്കൂ'- എന്നതാണ് ഇത്തവണത്തെ പുഞ്ചിരി ദിനത്തിന്റെ പ്രമേയം. ഒരു ദിവസം 40-50 തവണ പുഞ്ചിരിക്കുന്ന സന്തുഷ്ടരായ മുതിര്‍ന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ പ്രതിദിനം ശരാശരി 400 തവണ പുഞ്ചിരിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. പുഞ്ചിരിക്കുന്നതിലൂടെ നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ള ഇടങ്ങളെയും മാറ്റിമറിക്കാന്‍ കഴിയും. പുഞ്ചിരി നിങ്ങളുടെ ആത്മവിശ്വാസത്തെ ഉയര്‍ത്തുകയും ചെയ്യുന്നു. പുഞ്ചിരിക്കുന്നതിലൂടെ ശരീരത്തില്‍്ര ഡോപ്പമിന്‍, എന്‍ഡോര്‍ഫിന്‍സ്, സെറോടോണിന്‍ തുടങ്ങിയ സന്തോഷ ഹോര്‍മോണുകളുടെ ഉല്‍പാദനം കൂട്ടുകയും സ്ട്രെസ് ഹോര്‍മോണിന്റെ അളവു കുറയ്ക്കുകയും ചെയ്യുന്നു. സന്തോഷ ഹോര്‍മോണ്‍ ശരീരത്തിലെ ക്തസമ്മര്‍ദം, ഹൃദയമിടിപ്പ്, സമ്മര്‍ദം എന്നിവ കുറയ്ക്കാനും സ്വാഭാവിക വേദനസംഹാരികളായും പ്രവര്‍ത്തിക്കുന്നു. പുഞ്ചിരിക്കുമ്പോള്‍ സെറോടോണിന്റെ അളവ് വര്‍ധിക്കുകയും അതുവഴി മാനസികാവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നു. എത്രയധികം പുഞ്ചിരിക്കുന്നുവോ അത്രയും സന്തോഷവും കൂടുതല്‍ ആശ്വാസവും ലഭിക്കുന്നു. നല്ല ഹൃദ്യമായ ഒരു പുഞ്ചിരി ശാരീരിക പിരിമുറുക്കവും സമ്മര്‍ദവും ഒഴിവാക്കും. ചിരി ശരീരത്തിലെ പേശികളെ 45 മിനിറ്റ് വരെ വിശ്രമിക്കാന്‍ അനുവദിക്കുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.73, പൗണ്ട് - 119.43, യൂറോ - 104.14, സ്വിസ് ഫ്രാങ്ക് - 111.29, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.60, ബഹറിന്‍ ദിനാര്‍ - 235.40, കുവൈത്ത് ദിനാര്‍ -290.13, ഒമാനി റിയാല്‍ - 230.78, സൗദി റിയാല്‍ - 23.66, യു.എ.ഇ ദിര്‍ഹം - 24.16, ഖത്തര്‍ റിയാല്‍ - 24.37, കനേഡിയന്‍ ഡോളര്‍ - 63.55.
Previous Post Next Post
3/TECH/col-right