2025 ഒക്ടോബർ 2 വ്യാഴം
1201 കന്നി 16 ഉത്രാടം
1447 റ : അഖിർ 09
◾ രാജ്യം ഇന്ന് ഗാന്ധി ജയന്തിയും വിജയദശമിയും ആഘോഷിക്കുന്നു ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ് ഇന്ന്. ഗാന്ധിജിയുടെ അഹിംസാത്മക പ്രത്യയശാസ്ത്രം മൂലമാണ് ഗാന്ധിജിയുടെ ജന്മദിനായ ഒക്ടോബര്‍ 2 അന്താരാഷ്ട്ര അഹിംസ ദിനമായി മാറിയത്. അതേസമയം രാജ്യം നവരാത്രി ആഘോഷ നിറവില്‍ കൂടിയാണ്. ഇന്ന് വിജയദശമി ദിനത്തില്‍ പൂജയെടുപ്പും തുടര്‍ന്ന് കുട്ടികളുടെ വിദ്യാരംഭവും നടക്കും. ഇതിനായി സംസ്ഥാനത്തെ ക്ഷേത്രങ്ങളും മറ്റും വലിയ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ഏവര്‍ക്കും ഡെയ്ലി ന്യൂസിന്റെ ഗാന്ധി ജയന്തി, വിജയദശമി ആശംസകള്‍.
◾ ഇസ്രായേലിലെ സയണിസ്റ്റും ഇന്ത്യയിലെ ആര്‍ എസ് എസും ഇരട്ടപെറ്റ സഹോദരങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിനീത ദാസനാണ്. ഇന്ത്യക്ക് നേരെ ട്രംപ് താരീഫ് ഉയര്‍ത്തിയപ്പോഴും മോദി പ്രതികരിച്ചില്ലെന്നും ആത്മാഭിമാനമുള്ള രാഷ്ട്രമാണെങ്കില്‍ ചോര തിളക്കുമെന്നും പിണറായി കുറ്റപ്പെടുത്തി. തലശ്ശേരിയില്‍ നടന്ന കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
◾ ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപയുടെ നാണയവും പ്രത്യേക തപാല്‍ സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതാദ്യമായാണ് ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കുന്നത്. ഭാരതാംബയ്ക്കും ആര്‍എസ്എസിന്റെ ഒരു നൂറ്റാണ്ടു നീണ്ട സേവനത്തിന്റെയും സമര്‍പ്പണബോധത്തിന്റെയും യാത്രയ്ക്കും നല്‍കുന്ന അഭിമാനകരമായ ആദരമാണ് ഈ നിമിഷമെന്ന് മോദി വിശേഷിപ്പിച്ചു.
◾ ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കുന്നത് പരിഗണിക്കണമെന്ന് ബിജെപി നേതാവും പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗം തലവനുമായ ജമാല്‍ സിദ്ദിഖി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ഇക്കാര്യം ആവശ്യപ്പെട്ട് സിദ്ദിഖി കത്തെഴുതി.
◾ ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തില്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണിതെന്ന് മുഖ്യമന്ത്രി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
◾ വയനാട് പുനര്‍നിര്‍മാണത്തിന് സഹായം അനുവദിച്ച് കേന്ദ്രം. 260.56 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി അനുവദിച്ചത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. അസമിന് 1270.78 കോടിയും അനുവദിച്ചിട്ടുണ്ട്. 9 സംസ്ഥാനങ്ങള്‍ക്കായി ആകെ 4645.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.
◾ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ. ജനങ്ങളെ പരിഹസിക്കുന്ന കേന്ദ്രമന്ത്രിയെ തിരുത്താന്‍ എന്തുകൊണ്ട് ബിജെപി തയ്യാറാകുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചോദിച്ചു. എയിംസ് വിവാദമാക്കുന്നതിലൂടെ കേരളത്തിന് എയിംസ് നഷ്ടമാകാനാണ് സാധ്യതയെന്നും എല്‍ഡിഎഫ് രാഷ്ട്രീയം ശരിയാണെന്നും പക്ഷെ, സിപിഐ ആരുടെയും ബി ടീമല്ലെന്നും ബിനോയ് വിശ്വം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
◾ വിജയദശമിയുടെ ഭാഗമായി എറണാകുളം പള്ളിക്കരയില്‍ ആര്‍എസ്എസ് പഥസഞ്ചലനത്തില്‍ പങ്കെടുത്ത് മുന്‍ ഡിജിപി ജേക്കബ് തോമസ്. ആര്‍എസ്എസ് ഗണവേഷത്തിലാണ് ജേക്കബ് തോമസ് പങ്കെടുത്തത്. ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനാകുകയാണെന്ന് ജേക്കബ് തോമസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഓരോ വ്യക്തിയും ശക്തിയാര്‍ജിക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യമെന്നും ആര്‍എസ്എസിന് മതമോ പ്രാദേശികതയോ ഇല്ലെന്നും ജേക്കബ് തോമസ് അധ്യക്ഷ പ്രസംഗത്തില്‍ അവകാശപ്പെട്ടു
◾ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി എന്‍ വാസവനും ഗവര്‍ണറും. എസ്എന്‍ഡിപി യോഗം ശിവഗിരി യൂണിയന്‍ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇരുവരും വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയത്. പകരക്കാരനില്ലാത്ത അമരക്കാരനാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി എന്‍ വാസവന്‍ ചടങ്ങില്‍ പറഞ്ഞു. ഇങ്ങനെ ഒരു നേതാവിനെ മറ്റൊരു സംഘടനയിലും കാണാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
◾ ക്രിമിനല്‍ കേസ് പ്രതികളായാല്‍ അഡ്മിഷന്‍ ഇല്ലെന്ന തീരുമാനവുമായി കേരള വി സി മുന്നോട്ട്. വിഷയത്തില്‍ കോളേജുകള്‍ക്ക് വിസി മോഹന്‍ കുന്നുമ്മല്‍ സര്‍ക്കുലര്‍ അയച്ചിരിക്കുകയാണ്. പ്രവേശനം നേടുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നല്‍കണമെന്നും സര്‍ക്കുലറിലുണ്ട്.
◾ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കരുതെന്ന കേരള സര്‍വകലാശാല വിസി ഡോ. മോഹന്‍ കുന്നുമ്മലിന്റെ സര്‍ക്കുലറിനെതിരെ എസ്എഫ്ഐ. ചരിത്ര നിഷേധ ഉത്തരവുകള്‍ പൊതുജനങ്ങള്‍ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ് പ്രതികരിച്ചു . വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും സഞ്ജീവ് വ്യക്തമാക്കി.
◾ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ ബസിലെ കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു. മൂന്നാര്‍ യൂണിറ്റിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ പ്രിന്‍സ് ചാക്കോയെയാണ് സസ്പെന്‍ഡ് ചെയ്തത്. 27-ാം തീയതി നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാനക്കാരിയായ യാത്രക്കാരിയില്‍ നിന്നും 400 രൂപ വാങ്ങിയ ശേഷം ടിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്തത്.
◾ താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാതഗത കുരുക്ക്. ഇന്നലെ അടിവാരം മുതല്‍ ലക്കിടി രെ രൂക്ഷമായ ഗതാഗത കുരുക്കായിരുന്നു അനുഭവപ്പെട്ടത്. തുടര്‍ച്ചയായ അവധി ദിവസങ്ങളും, ദസറ ആഘോഷത്തിനായി മൈസുരുവിലേക്ക് പോകുന്നവരും കൂടി ആയപ്പോള്‍ പറഞ്ഞ് അറിയിക്കാന്‍ കഴിയാത്തവിധം റോഡില്‍ വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായി. യാത്രക്കാര്‍ കൃത്യമായ ഗതാഗത നിയമം പാലിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. വയനാട്ടില്‍ നിന്ന് ആശുപത്രി, എയര്‍പോര്‍ട്ട്, റെയില്‍വെ സ്റ്റേഷന്‍ ആവശ്യങ്ങള്‍ക്കടക്കം പോകുന്നവര്‍ നേരത്തെ ഇറങ്ങണമെന്നും യാത്രക്കാര്‍ വെള്ളവും ലഘുഭക്ഷണവും കൈയില്‍ കരുതണമെന്നും ചുരം സംരക്ഷണ സമിതിയും പൊലീസും അറിയിച്ചു.
◾ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. കൊല്ലം ആയൂരില്‍ വെച്ചായിരുന്നു സംഭവം. ബസിന്റെ മുന്‍വശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തില്‍ മന്ത്രി പിന്നാലെ എത്തുകയായിരുന്നു. ബസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് സിഎംഡിയുടെ നോട്ടീസ് ഉണ്ടെന്നും ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
◾ തിരുവനന്തപുരത്ത് റോഡ് കയ്യേറി പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ അടപ്പിച്ച് പൊലീസ്. കോട്ടണ്‍ഹില്‍, വെള്ളയമ്പലം, ശാസ്തമംഗലം ഭാഗത്തെ തട്ടുകടകളാണ് അടപ്പിച്ചത്. റോഡിലേക്ക് ഇറക്കിയാണ് ഈ കടകള്‍ കെട്ടിയിരുന്നതെന്ന് പൊലീസ് പറയുന്നു. കോട്ടന്‍ഹില്‍ റോഡില്‍ 20 ഓളം കടകള്‍ അടപ്പിച്ചു. ഭക്ഷണം പാഴക്കാതിരിക്കാന്‍ ഇന്ന് ചില കടകള്‍ക്ക് 11 മണി വരെ പ്രവര്‍ത്തിക്കാന്‍ പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി മുന്നോട്ട് പോകുകയാണ് തട്ടുകടക്കാര്‍.
◾ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് കൈവശപ്പെടുത്തിയ വീടിനുള്ളില്‍ അകപ്പെട്ടുപോയ വളര്‍ത്തുപൂച്ചയെ ഉടമയ്ക്ക് തിരികെ നല്‍കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കി കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വായ്പ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് ബാങ്ക് കൈവശപ്പെടുത്തിയ വീടിനുള്ളില്‍ തന്റെ വളര്‍ത്തുപൂച്ച കുടുങ്ങിപ്പോയതായി കാണിച്ച് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
◾ ആലപ്പുഴയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. പ്രതി ജോസ് (57) ആണ് പൊലീസ് സ്റ്റേഷനില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴയില്‍ 18 കാരിയായ പെണ്‍കുട്ടിയെയാണ് ജോസ് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
◾ ആലപ്പുഴയില്‍ അമ്മയെ 17 കാരിയായ മകള്‍ കുത്തി പരിക്കേല്പിച്ചു. ആലപ്പുഴ വാടയ്ക്കല്‍ ആണ് സംഭവം. മഹിളാ കോണ്‍ഗ്രസ് നേതാവിനാണ് മകളുടെ കുത്തേറ്റത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
◾ മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗ് നേതാവുകൂടിയായ തിരൂര്‍ എംഎല്‍എ കുറുക്കോളി മൊയ്തീന്റെ ആവശ്യം തള്ളി മുസ്ലീം ലീഗ്. മലപ്പുറം ജില്ലാ വിഭജനമെന്ന ആവശ്യം മുസ്ലീം ലീഗ് ചര്‍ച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കുറുക്കോളി മൊയ്തീന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.
◾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ടിവികെ അധ്യക്ഷന്‍ വിജയ് അവഗണിച്ചതായി റിപ്പോര്‍ട്ട്. കരൂര്‍ ദുരന്തത്തിന് പിന്നാലെ അമിത് ഷാ വിജയ് യെ ബന്ധപ്പെടാന്‍ ശ്രമിച്ചെന്നാണ് സൂചന. ദുരന്തത്തിന്റെ പിറ്റേന്ന് അമിത് ഷായുടെ ഓഫീസ് ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നും ഫോണ്‍ സംഭാഷണത്തിന് വഴിയൊരുക്കാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്ന് വിജയ് പറഞ്ഞുവെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
◾ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പേസ്മേക്കര്‍ ഘടിപ്പിച്ചു. പനിയും ശ്വാസതടസ്സവും കാരണം ഖാര്‍ഗെയെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയമിടിപ്പില്‍ നേരിയ വ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് പേസ്മേക്കര്‍ ഘടിപ്പിച്ചത്.
◾ കര്‍ണാടകയില്‍ മുഖ്യമന്ത്രി പദത്തില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്ന് സിദ്ധരാമയ്യ. കാലാവധി പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
◾ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വീണ്ടും തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം. ചൈതന്യാനന്ദയെയും പിടിയിലായ രണ്ട് വനിത കൂട്ടാളികളെയും സ്ഥാപനത്തില്‍ എത്തിച്ചായിരുന്നു തെളിവെടുപ്പ്. ഇവര്‍ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരാണെന്നാണ് സൂചന. ഇന്നലെ നടത്തിയ പരിശോധനയില്‍ സ്ഥാപനത്തില്‍ നിന്നും നിരവധി സീഡികളും കണ്ടെടുത്തു.
◾ യുഎന്‍ സമാധാനസേനയുടെ ഭാഗമായുള്ള മുപ്പത് രാജ്യങ്ങളുടെ കരസേന മേധാവിമാരുടെ കോണ്‍ക്ലേവിന് ഇന്ത്യ വേദിയാകുന്നു. ഈ മാസം പതിനാല് മുതല്‍ രണ്ട് ദിവസമാണ് പരിപാടി നടക്കുക. ഇന്ത്യന്‍ കരസേനയുടെ ആഗോളസഹകരണം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി ഇന്ത്യയില്‍ നടക്കുന്നതെന്ന് കരസേന ഡെപ്യൂട്ടി ചീഫ് ലഫ് ജനറല്‍ രാകേഷ് കപൂര്‍ പറഞ്ഞു. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പ്രധാനപ്പെട്ട ഉച്ചകോടിയ്ക്കാണ് ഈ മാസം രാജ്യം വേദിയാകുന്നത്. ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയില്‍ പ്രധാനപങ്കാളിത്തമുള്ള രാജ്യമാണ് ഇന്ത്യ.
◾ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത 3 ശതമാനം വര്‍ധിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഈ തീരുമാനം നടപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ക്ഷാമബത്ത വര്‍ധനയിലൂടെ ലക്ഷക്കണക്കിന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ആനുകൂല്യം ലഭിക്കും.
◾ പാകിസ്താനില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. പാകിസ്താന്‍ ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് പെട്രോളിന് ലിറ്ററിന് 4.07 രൂപയും ഹൈ-സ്പീഡ് ഡീസലിന് 4.04 രൂപയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 268.68 രൂപയായി. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതിന് പിന്നാലെ പാകിസ്താനില്‍ സര്‍ക്കാരിനെതിരെ വ്യാപകമായ പൊതുജനരോഷം ഉയര്‍ന്നിരിക്കുകയാണ്.
◾ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ സാധ്യത. 2022 ഫെബ്രുവരിയില്‍ റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ച ശേഷം ഇത് ഇന്ത്യയിലേക്കുള്ള പുടിന്റെ ആദ്യ യാത്രയായിരിക്കും. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിന്‍ സ്വീകരിച്ചതായി ക്രെംലിന്‍ സ്ഥിരീകരിച്ചിരുന്നെങ്കിലും തീയതികള്‍ അന്തിമമായി തീരുമാനിച്ചിരുന്നില്ല.
◾ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന പദ്ധതിക്ക് പിന്തുണ നല്‍കിയ മുസ്ലീം പങ്കാളികള്‍ക്ക് കനത്ത തിരിച്ചടി. മുസ്ലീം സമൂഹത്തിന്റെ സംരക്ഷകരായി സ്വയം അവകാശപ്പെടുന്ന പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ സദുദ്ദേശത്തോടെയാണ് ഇതിന് പിന്തുണ നല്‍കിയതെങ്കിലും, അറബ്-ഇസ്ലാമിക ലോകത്തെ നേതാക്കള്‍ ഇപ്പോള്‍ കടുത്ത വിമര്‍ശനമാണ് നേരിടുന്നത്. പലസ്തീന്‍ പ്രശ്നത്തിന്റെ 'ഒറ്റുകാര്‍' എന്നും 'ചതിച്ചവര്‍' എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഇവര്‍ മുദ്രകുത്തപ്പെടുന്നത്.
◾ ഖത്തറിനെ സംരക്ഷിക്കാന്‍ അമേരിക്ക സൈനിക നടപടി ഉള്‍പ്പെടെ എല്ലാ നടപടികളും ഉപയോഗിക്കുമെന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസാ യുദ്ധം സംബന്ധിച്ച് ഇസ്രായേലുമായി വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നത് പരിഗണിക്കുന്നതിനിടെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ഖത്തറില്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെത്തുടര്‍ന്നാണ് അമേരിക്കന്‍ സംരക്ഷണം ഉറപ്പ് നല്‍കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പ് വെച്ചത്. ഖത്തറിന് അമേരിക്കയുടെ പിന്തുണ ഉറപ്പ് നല്‍കാനുള്ള ട്രംപിന്റെ മറ്റൊരു നടപടിയായിട്ടാണ് ഉത്തരവ് വിലയിരുത്തപ്പെടുന്നത്.
◾ ഒമാനില്‍ കുപ്പിവെള്ളത്തില്‍ നിന്ന് വിഷബാധയേറ്റ് രണ്ട് പേര്‍ മരിച്ചു. ഇറാനില്‍ നിന്നുള്ള യുറേനസ് സ്റ്റാര്‍ എന്ന കമ്പനിയുടേതാണ് കുപ്പിവെള്ളം, പരിശോധനയില്‍ വെള്ളം മലിനമാണെന്ന് കണ്ടെത്തി. ഒരു ഒമാന്‍ പൗരനും ഒരു പ്രവാസി സ്ത്രീയുമാണ് മരിച്ചത് എന്ന് റോയല്‍ ഒമാന്‍ പോലീസ് സ്ഥിരീകരിച്ചു.
◾ ഏഷ്യാ കപ്പ് സമ്മാനദാന ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്കു ശേഷം ആദ്യമായി പ്രതികരിച്ച് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്താന്‍ മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്വി. എസിസി പ്രസിഡന്റ് എന്ന നിലയില്‍ ആ ദിവസം തന്നെ ട്രോഫി കൈമാറാന്‍ താന്‍ തയ്യാറായിരുന്നുവെന്നും ഇപ്പോഴും തയ്യാറാണെന്നും അവര്‍ക്ക് അത് ശരിക്കും വേണമെങ്കില്‍ എസിസി ഓഫീസില്‍ വന്ന് തന്റെ പക്കല്‍ നിന്ന് അത് കൈപ്പറ്റാന്‍ ഇന്ത്യന്‍ ടീമിനെ സ്വാഗതം ചെയ്യുന്നുവെന്നും നഖ്വി പറഞ്ഞു. അതേസമയം ചൊവ്വാഴ്ച നടന്ന എസിസി വെര്‍ച്വല്‍ യോഗത്തില്‍ ബിസിസിഐ പ്രതിനിധികളോട് താന്‍ ക്ഷമാപണം നടത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ ഒരിക്കലും ക്ഷമാപണം നടത്തില്ലെന്നുമാണ് നഖ്വി പറഞ്ഞത്.
◾ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് അഹമ്മദാബാദില്‍ തുടക്കമാകും.. രാവിലെ ഒന്‍പതരയ്ക്കാണ് കളി തുടങ്ങുക. ശുഭ്മാന്‍ ഗില്ലിന് കീഴില്‍ സ്വന്തം നാട്ടില്‍ ഇന്ത്യ ആദ്യ പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയരാകുകയാണ് വിരാട് കോലിയും രോഹിത് ശര്‍മ്മയും ആര്‍ അശ്വിനും. മൂവരുമില്ലാതെ ഇന്ത്യ ഹോം ഗ്രൗണ്ടില്‍ ടെസ്റ്റിനിറങ്ങുന്നത് ഒന്നരപതിറ്റാണ്ടിനിടെ ആദ്യമായാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് പേസ് ജോഡിക്കൊപ്പം പ്രസിദ്ധ് കൃഷ്ണയും കളത്തിലിറങ്ങിയേക്കും.
◾ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ തള്ളി റിസര്‍വ് ബാങ്ക്. യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താന്‍ നിലവില്‍ നിര്‍ദേശമൊന്നുമില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് ഭാവിയില്‍ ചാര്‍ജ് ചുമത്തുമെന്ന അഭ്യൂഹങ്ങള്‍ തള്ളി, നിലവിലെ നയത്തിന് കീഴില്‍ ഉപയോക്താക്കള്‍ക്ക് യുപിഐ സൗജന്യമായി ഉപയോഗിക്കുന്നത് തുടരാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം ഡിജിറ്റല്‍ പേയ്മെന്റുകളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി യുപിഐയെ സീറോ-കോസ്റ്റ് പ്ലാറ്റ്ഫോമായി നിലനിര്‍ത്തണമെന്ന സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും നിലപാടിനെ ശരിവെയ്ക്കുന്നതാണ് ഗവര്‍ണര്‍ മല്‍ഹോത്രയുടെ പ്രസ്താവന. യുപിഐ ഇടപാടുകള്‍ റെക്കോര്‍ഡ് ഉയരം കൈവരിക്കുന്നത് തുടരുന്ന സമയത്താണ് ഈ പ്രസ്താവന. ഗവര്‍ണറുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ പേടിഎം (വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്) ഓഹരി വില രണ്ടു ശതമാനത്തിലധികം ഉയര്‍ന്നു. യുപിഐ എന്നന്നേക്കുമായി സൗജന്യമായി തുടരില്ലെന്നും അദ്ദേഹം സമ്മതിച്ചു. എന്നിരുന്നാലും, ഇപ്പോള്‍ മാറ്റങ്ങളൊന്നും കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ ഷറഫുദ്ദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദ്ദീന്‍ നിര്‍മ്മിക്കുന്ന ചിത്രം 'പെറ്റ് ഡിറ്റക്ടീവ്' റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ 'തരളിത യാമം'എന്ന പുതിയ ഗാനം പുറത്ത് വന്നിരിക്കുകയാണ്. അതീവ രസകരമായി ഒരുക്കിയ ഈ ഗാനത്തിന് വരികള്‍ രചിച്ചത് നടനും ഗാനരചയിതാവുമായ ശബരീഷ് വര്‍മ്മയാണ്. സുരൂര്‍ മുസ്തഫയും ശ്രുതി ശിവദാസും ചേര്‍ന്ന് ആലപിച്ച ഈ ഗാനത്തിന് ഈണം പകര്‍ന്നത് രാജേഷ് മുരുകേശനാണ്. ഛായാഗ്രഹകന്‍ ആനന്ദ് സി ചന്ദ്രന്‍ ആണ് ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഒരു പക്കാ ഫണ്‍ ഫാമിലി കോമഡി എന്റര്‍ടെയിനര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത് ഗോകുലം ഗോപാലന്‍ നേതൃത്വം നല്‍കുന്ന ശ്രീ ഗോകുലം മൂവീസ്. ഷറഫുദ്ദീന്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രം രചിച്ചത്.
◾ സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിച്ച ചിത്രമായിരുന്നു 'ഹൃദയപൂര്‍വ്വം'. ചിത്രത്തിലെ ഒരു ഗാനത്തിന്റെ സ്റ്റുഡിയോ വെര്‍ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഹൃദയവാതില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ജസ്റ്റിന്‍ പ്രഭാകരന്‍ ഈണമിട്ട് എസ് പി ചരണ്‍ പാടിയ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷമാണ് സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മാളവിക മോഹനന്‍, സംഗീത് പ്രതാപ്, സംഗീത എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂനെയാണ് ചിത്രത്തിന്റെ പ്രധാന കഥാപശ്ചാത്തലം. സിദ്ദിഖ്, ബാബുരാജ്, ലാലു അലക്സ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. അഖില്‍ സത്യന്റേതാണ് ചിത്രത്തിന്റെ കഥ. ടി പി സോനു എന്ന നവാഗതന്‍ തിരക്കഥ ഒരുക്കുന്നു.
◾ നിസാന്റെ പുതിയ സി-സെഗ്മെന്റ് എസ്യുവി 2025 ഒക്ടോബര്‍ 7 ന് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കും. ഇന്ത്യയില്‍, പുതിയ നിസാന്‍ മിഡ്‌സൈസ് എസ്യുവി 2026 ന്റെ തുടക്കത്തില്‍ വില്‍പ്പനയ്‌ക്കെത്തും. നിസാനില്‍ നിന്ന് വരാനിരിക്കുന്ന സി-എസ്യുവി 2026 ന്റെ തുടക്കത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന മൂന്നാം തലമുറ റെനോ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. രണ്ട് മോഡലുകളും പ്ലാറ്റ്‌ഫോം, പവര്‍ട്രെയിനുകള്‍, സവിശേഷതകള്‍, ഘടകങ്ങള്‍ എന്നിവ പങ്കിടും. എങ്കിലും, നിസാന്‍ മിഡ്‌സൈസ് എസ്യുവിയില്‍ പൂര്‍ണ്ണമായും പുതിയ ഡിസൈന്‍ ഭാഷയായിരിക്കും ഉണ്ടാകുക. രണ്ട് നേര്‍ത്ത ക്രോം വരകളുള്ള നിസാന്റെ സിഗ്നേച്ചര്‍ ഗ്രില്ലും കണക്റ്റഡ് എല്‍ ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും ഈ കോംപാക്റ്റ് എസ്യുവിയില്‍ ഉണ്ടാകും. പുതിയ നിസാന്‍ മിഡ്‌സൈസ് എസ്യുവിയിലും പിന്നീടുള്ള ഘട്ടത്തില്‍ ഒരു ഹൈബ്രിഡ് വേരിയന്റ് ലഭിക്കും. ഭാവിയില്‍ കമ്പനി ഒരു സിഎന്‍ജി പതിപ്പും വാഗ്ദാനം ചെയ്തേക്കാം. ഇത് ഒരു റിട്രോഫിറ്റ് ഓപ്ഷനായി ലഭ്യമാകാന്‍ സാധ്യതയുണ്ട്.
◾ നമ്മുടെ നെല്‍നിലങ്ങളുടെ പശ്ചാത്തലത്തില്‍ മണ്ണിന്റേയും മനുഷ്യരുടേയും അറിയാക്കഥകള്‍ അനാവരണം ചെയ്യുന്ന അസാധാരണ നോവലാണ് നിലം. തെക്ക് പാറശാല മുതല്‍ വടക്ക് മഞ്ചേശ്വരം വരെയുള്ള പാടങ്ങളില്‍ നാരായണന്‍ പോറ്റി എന്ന നെല്ലുപോറ്റി നടത്തുന്ന വയല്‍സഞ്ചാരത്തില്‍ വെളിപ്പെടുന്ന ഉദ്വേഗഭരിതമായ സംഭവങ്ങള്‍, കഥകളും ഉപകഥകളുമായി ഈ നോവലില്‍ നിറയുന്നു. ഓരോ വയലിനും ഓരോ കഥകള്‍ - അങ്ങനെ അനേകം വയലുകള്‍ പറയുന്ന ഒട്ടേറെ കഥകളുടെ മഹാസഞ്ചയം. ഒരു കാലഘട്ടത്തിലെ രാഷ്ട്രീയവും അരാഷ്ട്രീയവും അടിമത്തവും സ്വാതന്ത്ര്യവും 'നില'ത്തില്‍ ദര്‍ശിക്കാം. 'നിലം'. എസ്. മഹാദേവന്‍ തമ്പി. ഗ്രീന്‍ ബുക്സ്. വില 555 രൂപ.
◾ ആരോഗ്യമുള്ള പല്ലുകള്‍ ശരീരത്തിന്റെ മൊത്തമുള്ള ആരോഗ്യത്തിന്റെ അടയാളമാണെന്നാണ് ആരോഗ്യവിദ്ഗര്‍ ചൂണ്ടികാണിക്കുന്നത്. അതുകൊണ്ട് തന്നെ ടൂത്ത്ബ്രഷ് തിരഞ്ഞെടുക്കുന്നതിലും ഉപയോഗിക്കുന്നതിലും കൃത്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. മൂന്ന് മാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷ് മാറ്റണമെന്നാണ് ദന്ത ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറ്. കൂടുതല്‍ കാലം ഒരേ ബ്രഷ് ഉപയോഗിക്കുന്നത് അണുബാധയ്ക്കും പല്ലു ദ്രവിക്കലിനും കാരണമാകും. കൂടാതെ ഒരുപാട് നേരം ബ്രഷ് ചെയ്യുന്നത് ബ്രഷുകളുടെ നാരുകള്‍ വളയാനും അത് മോണകളില്‍ കേടുപാടുണ്ടാക്കാനും സാധ്യതയുണ്ട്. കൂടാതെ കൂടുതല്‍ കാലം ഒരേ ബ്രഷ് ഉപയോഗിക്കുന്നത് പല്ലുകളില്‍ നിന്നും മോണകളില്‍ നിന്നും ഫലകവും ബാക്ടീരിയയും നീക്കം ചെയ്യാന്‍ ബ്രഷിന് കഴിയാതെ വരുകയും ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും. മൂന്ന് മാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷ് മാറ്റാന്‍ ശ്രദ്ധിക്കണം. പല്ലുകളുടെ ആരോഗ്യത്തിന് രാവിലെയും വൈകുന്നേരവും പല്ലുതേക്കുന്നത് ശീലമാക്കാം. ജലദോഷം, പനി, വൈറല്‍ അണുബാധ പോലുള്ള പകര്‍ച്ചവ്യാധികള്‍ വന്നുപോയതിന് ശേഷം ടൂത്ത് ബ്രഷ് മാറ്റണം. ഓറല്‍ സര്‍ജറി, റൂട്ട് കനാല്‍ തെറാപ്പി, മോണരോഗത്തിനുള്ള ചികിത്സ തുടങ്ങിയ ചില ദന്ത ചികിത്സയ്ക്ക് ശേഷവും ടൂത്ത് ബ്രഷ് മാറ്റേണ്ടതാണ്. ബ്രഷുകള്‍ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധവേണം. കട്ടികൂടിയ നാരുകളുള്ള ബ്രഷ് ഉപയോഗിക്കരുത്.
*ശുഭദിനം*
*കവിത കണ്ണന്‍*
സര്‍ക്കസ്‌കമ്പനി പ്രദര്‍ശനം നടത്തിക്കൊണ്ടിരിക്കുന്നു. പരിശീലകന്‍ നാലഞ്ചു കടുവകളെ ഒരു ഇരുമ്പുകൂട്ടിലാക്കി. വളരെ ആകാംക്ഷാഭരിതരായി എല്ലാവരും ഇരിക്കുമ്പോള്‍തന്നെ പരിശീലകന്‍ വാതില്‍ തുറന്ന് കൂടിന്റെ അകത്തുകയറി. ഇരുമ്പുകൂട്ടിനുള്ളില്‍ നാലഞ്ചു കൂറ്റന്‍ കടുവകളുടെ നടുവില്‍ ഈ കൊച്ചു മനുഷ്യന്‍ തനിയെ. ചാട്ടവാറുകൊണ്ടുളള അടിയുടെ ശബ്ദവും ആംഗ്യങ്ങളും മനസിലാക്കി കടുവകള്‍ വളരെ അനുസരണത്തോടെ അയാള്‍ പറയുന്നതുപോലെ എല്ലാം ചെയ്യുന്നു. ഇങ്ങനെ കൂട്ടിനുള്ളില്‍ ഓരോ പരിപാടികള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നു വൈദ്യുതി നിലച്ചു. കൂരിരുട്ട്. കടുവാക്കൂട്ടില്‍ ഈ മനുഷ്യനും കടുവകളും! ഇരുട്ടില്‍ കടുവകള്‍ക്ക് ഇയാളെ കാണാം. എന്നാല്‍, ഇരുട്ടിന്റെ കാഠിന്യം കൊണ്ട് പരിശീലകന് കടുവകളെ കാണാന്‍ ഒരു നിവൃത്തിയും ഇല്ല. നിമിഷങ്ങള്‍ നീങ്ങി. കുറേ കഴിഞ്ഞപ്പോള്‍ വെളിച്ചം വന്നു. അയാള്‍ക്കു എന്തു സംഭവിച്ചെന്നറിയാന്‍ ആളുകളെല്ലാം ചാടി എഴുന്നേറ്റ് സ്റ്റേജിലേക്ക് എത്തിനോക്കി. അപ്പോഴും അയാളും കടുവകളും തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന കസര്‍ത്തുകള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. പരിശീലകന്‍ ആജ്ഞാപിക്കുന്നു, ചാട്ട കൊണ്ടടിക്കുന്നു, കടുവകള്‍ അക്ഷരംപ്രതി അനുസരിക്കുന്നു! അത്ഭുതപരതന്ത്രരായിത്തീര്‍ന്ന കാണികള്‍ എല്ലാവരും ആ മനുഷ്യനെ പിന്നീട് ചോദ്യങ്ങളുമായി വളഞ്ഞു. 'വൈദ്യുതിപോയ സമയത്ത് നിങ്ങള്‍ എന്തു ചെയ്തു?' ജനങ്ങള്‍ അയാളോട് ചോദിച്ചു. അയാള്‍ പറഞ്ഞു: 'ഏതുനിമിഷവും ഈ കടുവകള്‍ എന്നെ കടിച്ചു കീറുമെന്ന് എനിക്കറിയാമായിരുന്നു. എങ്കിലും ആത്മധൈര്യം വീണ്ടെടുത്ത് എന്നോടു തന്നെ ഇപ്രകാരം പറഞ്ഞു, 'ഇതുങ്ങള്‍ക്ക് എന്നെ കാണാം. പക്ഷേ, എനിക്ക് കാണാന്‍വയ്യ എന്നുളളകാര്യം അവര്‍ക്കറിയില്ല'. അതുകൊണ്ട് വെളിച്ചം ഉണ്ടായിരുന്നതു പോലെതന്നെ അഭിനയിക്കാമെന്ന് ചിന്തിച്ച് ചാട്ടവാറുകൊണ്ട് ശബ്ദം ഉണ്ടാക്കിയും കടുവകളോട് ആജ്ഞാപിച്ചുമാണ് ഞാന്‍ രക്ഷപ്പെട്ടത്. ഭയം ഉണ്ടായി, എന്നാല്‍ ആ ഭയത്തിനു ഞാന്‍ കീഴടങ്ങിയില്ല.' നമ്മില്‍ പലരും ഭയത്തോടെ ജീവിക്കുകയാണ്. പരീക്ഷകളിലോ ജീവിതത്തിലോ പരാജയപ്പെടുമോ എന്ന് ഭയക്കുന്നു... ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകനെ ഭയക്കുന്നു. കീഴുദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥനെ ഭയക്കുന്നു. മഹാരോഗങ്ങള്‍ വരുമോ എന്ന് ചിലരൊക്കെ വെറുതെ ഭയക്കുന്നു. ഭയത്തിനു കീഴടങ്ങിയാല്‍ നാം തകര്‍ന്നുപോകും. ഭയത്തെ കീഴടക്കാന്‍ കഴിയണം. സാഹചര്യങ്ങളെയും പ്രതിസന്ധികളെയും ഭയക്കാതെ അവയെ അതിജീവിക്കുവാന്‍ കഴിയണം. അവിടെയാണു ജീവിതവിജയം. - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA