◾ ആര്‍എസ്എസിന്റേത് പ്രചോദനാത്മകമായ യാത്രയാണെന്നും ഈ യാത്ര ത്യാഗത്തിന്റേയും സേവനത്തിന്റേയും ആണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് മോദി പങ്കെടുത്തത്. രാജ്യത്തെ ജനങ്ങള്‍ക്ക് നവരാത്രി ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷം കാണാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും ആര്‍എസ്എസ് സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചുവെന്നും ഈ അവസരത്തില്‍ കോടിക്കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾ സാമുദായിക സംഘടനകള്‍ സി.പി എമ്മിനെ പിന്തുണയ്ക്കുന്നുവെന്നും മൂന്നാമതും ഇടത് സര്‍ക്കാര്‍ വരുമെന്ന് ഉറപ്പാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കേരളത്തില്‍ വികസനത്തിന്റെ പാത വെട്ടി തുറന്നുവെന്നും മൂന്നാമതും ഭരണത്തിലേക്കുള്ള പടിവാതിക്കലില്‍ ആണ് നാമിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും എതിര്‍ക്കുന്ന രാഷ്ട്രീയ ചേരിയിലുള്ള ആയിരക്കണക്കിന് ആളുകളും പുതിയ ദൗത്യത്തില്‍ അണിചേരാന്‍ പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ജിഎസ്ടിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 1100 കോടി രൂപയുടെ തട്ടിപ്പ് ഒരു സംഘം മാത്രം നടത്തിയെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. സാധാരണക്കാരുടെ പേരില്‍ അവരറിയാതെ രജിസ്ട്രേഷന്‍ നടത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നത് തട്ടിപ്പുകാരുടെ അക്കൗണ്ട് വഴിയാണ്. പുനെ ഇന്റലിജന്‍സ് ആണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനം ചെയ്തത് രജിസ്ട്രേഷന്‍ റദ്ദാക്കല്‍ മാത്രമാണ്. ഖജനാവിന് നഷ്ടം 200 കോടിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
◾ ശബരിമലയിലെ സ്വര്‍ണപ്പാളി, താങ്ങുപീഠം എന്നീ വിവാദങ്ങളില്‍പ്പെട്ട ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരുവിലെ ബ്ലേഡ് പലിശക്കാരനെന്ന് സൂചന. ചെറിയ പലിശയ്ക്ക് പണം വായ്പയെടുത്ത് അതിന്റെ പതിന്മടങ്ങ് പലിശയ്ക്ക് വായ്പനല്‍കി സാമ്പത്തികനേട്ടം ഉണ്ടാക്കിയാണ് തുടക്കമെന്ന് പോലീസിലെ രഹസ്യാന്വേഷണവിഭാഗത്തിന് വിവരം കിട്ടിയിട്ടുണ്ട്.
◾ ദ്വാരപാലക പീഠവിവാദത്തില്‍ സമഗ്രമായ അന്വേഷണം നടക്കുന്നുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടേത് ആസൂത്രിതമായ ഗൂഢനീക്കമാണെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇടപെടലില്‍ ദുരൂഹതയുണ്ടെന്നും കൃത്യമായ വിവരം വെളിയില്‍ വരുമെന്നും ഇത് കോടതിയെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്നും മന്ത്രി വ്യക്തമാക്കി.
◾ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഎം നേതാവുമായ കെ. അനന്തഗോപനെതിരെ എ പത്മകുമാര്‍ രംഗത്ത്. എല്ലാ കാലത്തും ദേവസ്വം മാനുവല്‍ നോക്കി ആണോ കാര്യങ്ങള്‍ ചെയ്തതെന്ന് എ പത്മകുമാര്‍ ചോദിച്ചു. തന്റെ കാലത്ത് എന്തേലും നിയമ വിരുദ്ധമായി നടന്നോ എന്നും അന്വേഷിക്കണമെന്നും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാര്‍ ആവശ്യപ്പെട്ടു.
◾ അധികാരത്തില്‍ വരുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ അവസാന സമയത്ത് ചെയ്യുന്നതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.സി എം വിത്ത് മീ നല്‍കുന്നത് ഇതുവരെ മുഖ്യന്‍ ഒപ്പമുണ്ടായിരുന്നില്ല എന്ന സന്ദേശമാണ്. എല്ലാം നിയന്ത്രിക്കുന്നത് ചില പിആര്‍ ഗ്രൂപ്പുകളാണ്. ശബരിമലയുടെ ചരിത്രത്തില്‍ ഇല്ലാത്ത കൊള്ളയുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരുവശത്തു അയ്യപ്പ സംഗമം മറ്റൊരു വശത്തു കൊള്ള. വലിയ മോഷണമാണ് ശബരിമലയില്‍ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾ ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ട വികസനത്തിന് തുടക്കമാകുന്നു. ലാന്‍ഡ് പൂളിംഗിലൂടെ മുന്നൂറ് ഏക്കറിലധികം ഭൂമി കണ്ടെത്തി ഇന്റഗ്രേറ്റഡ് എഐ ടൗണ്‍ഷിപ്പ് നിര്‍മാണത്തിനുളള നടപടികളിലേക്കാണ് ഇന്‍ഫോപാര്‍ക്ക് കടക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇരുപത്തി അയ്യായിരം കോടിയുടെ നിക്ഷേപവും രണ്ടു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് വാഗ്ദാനം.
◾ എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ്. അനുനയ നീക്കങ്ങള്‍ക്ക് എഐസിസി നേതൃത്വം ഇടപെടും. ദേശീയ നേതാക്കള്‍ കൂട്ടിക്കാഴ്ച്ച നടത്തും. എന്‍എസ്എസിനെ കൂടെ നിര്‍ത്തി നീങ്ങണമെന്ന് എഐസിസി. അതേ സമയം, ശബരിമല വിശ്വാസ പ്രശ്നത്തില്‍ ഇടത് അനുകൂല നിലപാടെടുത്ത എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ പരസ്യ പ്രതിഷേധം തുടരുകയാണ്.
◾ ആലപ്പുഴയില്‍ 18 വയസുകാരിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. ഇന്നലെ രാത്രിയായിരുന്നു സംഭവം. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അക്രമം ഉണ്ടായത്. പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത് ആയല്‍വാസിയായ ജോസ് (57) ആണ്. തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി ഓടി രക്ഷപ്പെട്ടു.
◾ മലപ്പുറം തേഞ്ഞിപ്പലത്തെ മധ്യവയസ്‌ക്കന്റെ ദുരൂഹമരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ചിനക്കലങ്ങാടി സ്വദേശി രജീഷ് എന്ന ചെറുട്ടി (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്തുക്കളായ അബൂബക്കര്‍, രാമകൃഷ്ണന്‍ എന്നിവരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതത്തിലെത്തിയതെന്ന് പൊലീസ് പറയുന്നു.
◾ സത്യന്‍ മൊകേരിയെ സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇ ചന്ദ്രശേഖരന്‍ മാറിയ ഒഴിവിലാണ് സത്യന്‍ മൊകേരി എത്തിയത്. പിപി സുനീര്‍ അസിസ്റ്റന്റ് സെക്രട്ടറിയായി തുടരും. വിഎസ് സുനില്‍കുമാറിനെയും, സിഎന്‍ ചന്ദ്രനെയും എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തി.
◾ ചെടിച്ചട്ടി ഓഡര്‍ നല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേരള സംസ്ഥാന കളിമണ്‍ പാത്രനിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കുട്ടമണി കെഎന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ വിജിലന്‍സിന്റെ ട്രാപ്പിലാണ് ചെയര്‍മാന്‍ കുടുങ്ങിയത്. ചട്ടിയൊന്നിന് 3 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ കൃഷി ഭവനിലേക്ക് കൊണ്ടുപോയ ചെടിച്ചട്ടിക്കാണ് കൈക്കൂലി വാങ്ങിയത്.
◾ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. വനിതാ ഡോക്ടറുടെ പരാതിയിലാണ് നടപടി. വേടനെതിരെ വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനത്തിന് തെളിവുണ്ടെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്.
◾ പ്രതിപക്ഷ നേതാവ് രാഹുല്‍ ?ഗാന്ധിക്കെതിരായ കൊലവിളി പ്രസംഗം നടത്തിയ ബിജെപി വക്താവ് പ്രിന്റു മഹാദേവനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പ്രിന്റുവിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും വ്യക്തിപരമായ വൈരാഗ്യം പാര്‍ട്ടിയുടെ നിലപാട് അല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വക്താവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി പിന്തുണ ഇല്ലെന്ന പ്രിന്റു മഹാദേവന്റെ പരാതിയെ കുറിച്ച് തനിക്ക് അറിയില്ലെന്നും പുറത്ത് വന്ന ചാറ്റുകളെ കുറിച്ച് അറിയില്ലെന്നും ചിലര്‍ രസത്തിന് വേണ്ടി എന്തോ ചെയ്യുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾ അന്തരിച്ച മുന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിന്റെ ചുവന്ന മണ്ണില്‍ നിന്ന് പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ എത്തിയ സഖാവിന്റെ രാഷ്ട്രീയ ജീവിതം പാര്‍ടിക്കൂറും പ്രത്യയശാസ്ത്രബോധ്യവും സംഘടനാ ശേഷിയും ഒത്തുചേര്‍ന്നതായിരുന്നുവെന്ന് മുഖ്യമന്ത്രി ഓര്‍മിച്ചു. സംഘടനാ രംഗത്ത് അചഞ്ചലനായ പോരാളിയും പ്രക്ഷോഭകാരിയുമായിരുന്നു കോടിയേരിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
◾ തമിഴ്നാട് തിരുവണ്ണാമലയില്‍ നടുക്കുന്ന ലൈംഗികാതിക്രമം. വാഹനപരിശോധനയ്ക്കിടെ യുവതിയെ പൊലീസുകാര്‍ ബലാത്സംഗം ചെയ്തു. ആന്ധ്ര സ്വദേശിയായ പെണ്‍കുട്ടിയെ ബാലത്സഗം ചെയ്തത് അമ്മയുടെ മുന്നില്‍ വെച്ചാണെന്ന് റിപ്പോര്‍ട്ട്. പുലര്‍ച്ചെ ഒരു മണിയോടെ ഏന്തള്‍ ചെക് പോസ്റ്റിനോട് ചേര്‍ന്നാണ് സംഭവം. സംഭവത്തില്‍ പൊലീസ് കോണ്‍സ്റ്റബിളുമാരായ സുരേഷ് രാജ്, സുന്ദര്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
◾ 41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തില്‍ വിജയ്യുടെ ഗൂഢാലോചനാ വാദം അവഗണിച്ച് മുന്നോട്ട് പോകാന്‍ തമിഴ്നാട് സര്‍ക്കാര്‍. വിജയ്യുടെ 'രാഷ്ട്രീയ ഗൂഢാലോചനാ' ആരോപണങ്ങള്‍ അവഗണിച്ച് ഡിഎംകെ നേതാവ് സെന്തില്‍ ബാലാജി, കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി. ദുരന്തത്തിന്റെ ഉത്തരവാദിത്തം സംഘാടകരുടെ പിഴവിലാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഭരണകക്ഷിയായ ഡിഎംകെ.
◾ കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് മറുപടിയുമായി സെന്തില്‍ ബാലാജി. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്ന് വ്യക്തമാക്കിയ സെന്തില്‍ ബാലാജി സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത ദുരന്തമെന്ന് പ്രതികരിച്ചു. മരിച്ചവരില്‍ 31 പേര്‍ കരൂര്‍ സ്വദേശികളാണ്. മിക്കവരും തനിക്ക് നേരിട്ട് അറിയാവുന്നവരാണ്. യോഗത്തിന് എത്തിയവര്‍ക്ക് കുടിവെള്ളം പോലും ടിവികെ ഉറപ്പാക്കിയില്ല. ഡിഎംകെ യോഗങ്ങളില്‍ അതല്ല പതിവെന്നും സെന്തില്‍ ബാലാജി പറഞ്ഞു.
◾ കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ഫെലിക്സ് ജെറാള്‍ഡിന് ജാമ്യം. ചെന്നൈ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഫെലിക്സിന് ഉപാധികളോടെ ജാമ്യം നല്‍കിയത്. കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട വീഡിയോയുടെ പേരില്‍ ആയിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ദുരന്തവുമായി ബന്ധപെട്ട് ജാഗ്രതയോടെ പ്രതികരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. യൂട്യൂബ് വീഡിയോയുടെ പേരിലാണ് ചെന്നൈ പൊലീസ് ഫെലിക്സ് ജെറാള്‍ഡിനെ അറസ്റ്റ് ചെയ്തത്.
◾ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ബെംഗളൂരുവിലെ എം.എസ്. രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവുമടക്കമുണ്ടായതോടെയാണ് 83 വയസ്സുള്ള ഖാര്‍ഗെയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
◾ ഐ ലവ് മുഹമ്മദ് വിവാദത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ കോണ്‍ഗ്രസ് എംപി ഇമ്രാന്‍ മസൂദിനെ ബുധനാഴ്ച വീട്ടുതടങ്കലിലാക്കി. 'ഐ ലവ് മുഹമ്മദ്' പോസ്റ്റര്‍ വിവാദത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന ബറേലിയിലേക്ക് പാര്‍ട്ടി പ്രതിനിധി സംഘത്തെ നയിക്കാന്‍ തയ്യാറെടുക്കാനിരിക്കെയായിരുന്നു തടങ്കല്‍.
◾ ബീഹാര്‍ എസ് ഐ ആറില്‍ സുപ്രീംകോടതിയുടെ ഇടപെടലില്‍ പ്രതികരിച്ച് പ്രതിപക്ഷം. വോട്ടുകള്‍ കൂട്ടമായി ഒഴിവാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ദുഷ്ടലാക്ക് നടപ്പായില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. സുപ്രീംകോടതി ഇടപെടല്‍ നിര്‍ണായകമായെന്നും പ്രതികരണം. വോട്ട് അധികാര യാത്രയും വോട്ട് ചോരി ആരോപണവും ജനങ്ങളെ ബോധവല്‍ക്കരിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. പട്ടിക പരിശോധിച്ചു തുടര്‍നടപടികള്‍ സുപ്രീംകോടതി തീരുമാനിക്കും.
◾ ലഡാക്ക് സംഘര്‍ഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി ലഡാക്ക് എം പി മൊഹമ്മദ് ഹനീഫ. വെടിവെപ്പില്‍ സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകണമെന്നും യുവാക്കള്‍ക്ക് നേരെ പൊലീസ് നേരിട്ട് വെടിവെച്ചു എന്നും എംപി പറഞ്ഞു. കേന്ദ്രവുമായി നിലവില്‍ ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്നും തൊഴില്‍ ലഭിക്കാത്ത യുവാക്കളുടെ പ്രതിഷേധമാണ് നടന്നതെന്നും ലഡാക്കിലെ ജനങ്ങളെ ദേശ ദ്രോഹികളാക്കാനാണ് കേന്ദ്രശ്രമം എന്നും അദ്ദേഹം പറഞ്ഞു.
◾ ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ഉത്തര്‍പ്രദേശിലെ മുന്‍ മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതിയെ ലഖ്‌നൗ ജയിലിനുള്ളില്‍ വെച്ച് സഹതടവുകാരന്‍ ആക്രമിച്ചു. പരിക്കേറ്റ പ്രജാപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലേഷ് യാദവ് സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായിരുന്ന പ്രജാപതിയെ ബലാത്സംഗ കുറ്റം ചുമത്തി 2017-ലാണ് അറസ്റ്റ് ചെയ്തത്.
◾ ഗാസയുടെ പുനര്‍നിര്‍മ്മാണത്തില്‍ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡറായ റൂവന്‍ അസര്‍. ഗാസ സമാധാന പദ്ധതിയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച റൂവന്‍ അസര്‍ സമാധാനം, വികസനം, ഭീകരവാദത്തിനും ഭീകരവാദനിലപാടുകള്‍ക്കും എതിരായ പോരാട്ടം തുടങ്ങിയ മൂല്യങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും പറഞ്ഞു.
◾ ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മയും ഇവന്റ് മാനേജര്‍ ശ്യാംകനു മഹന്തയും അറസ്റ്റിലായി. ഡല്‍ഹിയില്‍ നിന്ന് അറസ്റ്റിലായ ഇരുവരേയും ഗുവാഹാട്ടിയിലേക്ക് കൊണ്ടുവരുമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
◾ ചെന്നൈ വിമാനത്താവളത്തില്‍ കോടികളുടെ ലഹരിമരുന്നുമായി ബോളിവുഡ് നടന്‍ അറസ്റ്റില്‍. 3.5 കിലോഗ്രാം കൊക്കെയ്നുമായാണ് യുവനടന്‍ അറസ്റ്റിലായത്. 35 കോടി വിലവരുന്ന കൊക്കെയ്നാണ് പിടിയിലായത്. ചെന്നൈ കസ്റ്റംസും ഡിആര്‍ഐയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കരണ്‍ ജോഹറിന്റെ ഹിറ്റ് ചിത്രമായ സ്റ്റുഡന്റ് ഓഫ് ദി ഇയറില്‍ അഭിനയിച്ചിട്ടുള്ള നടനാണ് അറസ്റ്റിലായിട്ടുള്ളത്. ഞായറാഴ്ച പുലര്‍ച്ചെയാണ് യുവനടന്‍ അറസ്റ്റിലായത്. എന്നാല്‍ നടന്റെ പേര് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
◾ മധ്യ ഫിലിപ്പീന്‍സില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ബോഗോയിലാണ് ഭൂചലനം കൂടുതല്‍ ബാധിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. മണ്ണിടിച്ചിലിലും പാറക്കെട്ടുകള്‍ തകര്‍ന്നും നിരവധി വീടുകള്‍ അടിയിലായി.
◾ ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ സമാധാന കരാറിന് മധ്യസ്ഥത വഹിച്ചുവെന്ന തന്റെ അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം തുടരാനനുവദിക്കാത്തതിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചതിന് പാക് സൈനിക മേധാവി തന്നെ അഭിനന്ദിച്ചതായും ട്രംപ് പറഞ്ഞു. പാക് ഭരണകൂട നേതൃത്വവുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് അസിം മുനീര്‍ തന്നെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞതെന്നും ട്രംപ് വ്യക്തമാക്കി.
◾ ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസറുമായി സുപ്രധാന കരാര്‍ ഒപ്പുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസില്‍ ചില മരുന്നുകളുടെ വില ഗണ്യമായി കുറയ്ക്കുമെന്നും മരുന്നുകള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതിനായി ഒരു പുതിയ സര്‍ക്കാര്‍ വെബ്സൈറ്റും ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
◾ സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള ധന അനുമതി ബില്‍ പാസാക്കാനാകാതെ വന്നതോടെ യുഎസിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഇതോടെ യുഎസിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്തംഭിക്കും. അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും ഇനി പ്രവര്‍ത്തിക്കുക. 5 ലക്ഷത്തോളം പേരെ ഷട്ട്ഡൗണ്‍ ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാര്‍ ശമ്പളമില്ലാത്ത അവധിയില്‍ പോകും. എന്നാല്‍ അവധിയില്‍ പോകേണ്ടി വരുന്ന ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് ട്രംപിന്റെ ഭീഷണി.
◾ സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി 87,000 തൊട്ട് സ്വര്‍ണവില. ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 87,000 രൂപയാണ്. 10,875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ രാവിലെ കുറിച്ച പവന് 56,760 രൂപയുടെ റെക്കോഡാണ് ഇതോടെ മറികടന്നത്. 18 കാരറ്റിന് ഇന്ന് 85 രൂപ വര്‍ധിച്ച് ഗ്രാമിന് 8,940 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാം വില 6,960 രൂപയാണ്. ഒമ്പത് കാരറ്റിന് ഗ്രാമിന് 4,490 രൂപയും. കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വില വര്‍ധിപ്പിക്കുന്നുണ്ട്. ചൈനയാണ് സ്വര്‍ണം വാങ്ങിക്കൂട്ടുന്നതില്‍ മുന്നില്‍. പെട്ടെന്നുള്ള ഈ ഡിമാന്‍ഡ് വിലയിലും വര്‍ധനയുണ്ടാക്കി. കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍ തുടര്‍ന്നാല്‍ 2026 അവസാനത്തോടെ ഔണ്‍സ് വില 4,300 ഡോളര്‍ വരെ എത്തുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് പ്രവചിക്കുന്നത്. നിലവില്‍ 3,860 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണമായ വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 94,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. 10 ശതമാനം പണിക്കൂലി ഉള്ള ആഭരണമാണെങ്കില്‍ ഇത് ഒരു ലക്ഷം രൂപയ്ക്ക് മുകളിലാകും.
◾ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി 6 പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഷെയര്‍ ലൈവ് ആന്‍ഡ് മോഷന്‍ പിക്ചേര്‍സ് - ഇത് ആന്‍ഡ്രോയ്ഡ്, ഐഒഎസ് യൂസര്‍മാരെ ലൈവ് ഫോട്ടോളും മോഷന്‍ ഫോട്ടോകളും പങ്കുവെക്കാന്‍ അനുവദിക്കുന്നു. മെറ്റ എഐ ബാക്ക്ഡ് ചാറ്റ് തീംസ് - എഐയുടെ സഹായത്തോടെ പുത്തന്‍ ചാറ്റ് തീമുകള്‍ അവതരിപ്പിച്ചിരിക്കുന്നു. വിഡിയോ കോള്‍ ബാക്ക്ഗ്രൗണ്ട് വിത്ത് മെറ്റ എഐ - വിഡിയോ കോളുകള്‍ വിളിക്കുമ്പോള്‍ മെറ്റ എഐയുടെ സഹായത്തോടെ ആകര്‍ഷകമായ പശ്ചാത്തലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഡോക്യുമെന്റ് സ്‌കാനിങ് ഓണ്‍ ആന്‍ഡ്രോയ്ഡ് - വാട്സ്ആപ്പ് വഴി നേരിട്ട് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനും എഡിറ്റ് ചെയ്യാനും അയക്കാനും പ്രാപ്തമാക്കുന്നു. സീംലെസ് ഗ്രൂപ്പ് സെര്‍ച്ച് - വാട്സ്ആപ്പിലെ ഗ്രൂപ്പ് പേരുകള്‍ അനായാസം സെര്‍ച്ച് ചെയ്യാം. പുതിയ സ്റ്റിക്കര്‍ പാക്ക് - ആകര്‍ഷകമായ സ്റ്റിക്കര്‍ പാക്കുകള്‍ വരുന്നതാണ് ഈ പുത്തന്‍ ഫീച്ചറിന്റെ പ്രത്യേകത.
◾ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന, പ്രണവ് മോഹന്‍ലാല്‍ - രാഹുല്‍ സദാശിവന്‍ ചിത്രം 'ഡീയസ് ഈറേ' യുടെ ട്രെയ്‌ലര്‍ പുറത്ത്. സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെ തിരക്കഥ രചിച്ച ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുന്നത് ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്. ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുല്‍ സദാശിവന്‍- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് 'ഡീയസ് ഈറേ'. ആദ്യാവസാനം മികച്ച ഹൊറര്‍ അനുഭവം സമ്മാനിക്കുന്ന, വമ്പന്‍ സാങ്കേതിക നിലവാരത്തില്‍ ഒരുക്കിയ ചിത്രമാണ് ഇതെന്ന പ്രതീതിയാണ് ചിത്രത്തിന്റെ ടീസറും, ഇന്ന് പുറത്ത് വന്ന ട്രെയ്ലറും സമ്മാനിക്കുന്നത്. ഗംഭീരമായ ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ട്രെയ്ലറിനെ ആവേശകരമാക്കിയിട്ടുണ്ട്.
◾ കുബേരയ്ക്കു ശേഷം ധനുഷ് നായകനായെത്തിയ ചിത്രമാണ് 'ഇഡ്‌ലി കടൈ'. അരുണ്‍ വിജയ്, നിത്യ മേനോന്‍, ശാലിനി പാണ്ഡെ, രാജ്കിരണ്‍, പാര്‍ഥിപന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ചിത്രത്തിന്റെ ഒടിടി അവകാശത്തെ സംബന്ധിക്കുന്ന വിവരങ്ങളും പുറത്തുവന്നിരിക്കുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നവംബറില്‍ ചിത്രം ഒടിടിയില്‍ സ്ട്രീമിങ്ങിനെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 45 കോടിയ്ക്കാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വിറ്റു പോയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പക്കാ ഇമോഷണല്‍ ഡ്രാമയാണ് ചിത്രം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ധനുഷ് തന്നെയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നതും. തന്റെ മുത്തശ്ശി ആദ്യമായി സ്‌ക്രീനിലെത്തുന്നതും ഈ ചിത്രത്തിലൂടെയാണെന്ന് ധനുഷ് വെളിപ്പെടുത്തിയിരുന്നു. ധനുഷ് അവതരിപ്പിക്കുന്ന മുരുകന്‍ എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
◾ 2020ല്‍ പുറത്തിറങ്ങി വെറും അഞ്ച് വര്‍ഷത്തിന് ശേഷം രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ 3,00,000 വില്‍പ്പന നാഴികക്കല്ല് പിന്നിട്ടു. അഞ്ച് വാതിലുകളുള്ള ഥാര്‍ റോക്‌സ് എന്ന പുതിയ അവതാരമാണ് ഈ ശ്രദ്ധേയവും വേഗത്തിലുള്ളതുമായ വളര്‍ച്ചയ്ക്ക് കാരണം. ലോഞ്ച് ചെയ്തതിനുശേഷം ബ്രാന്‍ഡിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി ഇത് മാറിയിരിക്കുന്നു. 5-ഡോര്‍ മോഡലായ ഥാര്‍ റോക്സ് ഒരു വര്‍ഷത്തിനുള്ളില്‍ 71,000 യൂണിറ്റുകള്‍ വിറ്റു. ഥാര്‍ വില്‍പ്പനയുടെ 68% ഇത് സംഭാവന ചെയ്യുന്നു. 2020 മുതല്‍, മഹീന്ദ്രയുടെ മൊത്തം എസ്യുവി വില്‍പ്പനയില്‍ ഥാര്‍ ബ്രാന്‍ഡ് 15 ശതമാനം സംഭാവന ചെയ്തിട്ടുണ്ട്. അടുത്തിടെ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്‌കരണത്തെത്തുടര്‍ന്ന്, മഹീന്ദ്ര ഥാര്‍ റോക്‌സിന്റെ വില 1.33 ലക്ഷം വരെ കുറച്ചു. ഇത് എസ്യുവിയെ കൂടുതല്‍ ആകര്‍ഷകമായ വിലയില്‍ ലഭ്യമാക്കുന്നു. ഉയര്‍ന്ന പ്രകടനത്തിന് പേരുകേട്ടതാണ് ഥാര്‍. ശക്തമായ ഡീസല്‍, ടര്‍ബോ-പെട്രോള്‍ എഞ്ചിനുകള്‍ക്കൊപ്പം ഇത് ലഭ്യമാണ്, പവര്‍, ടോര്‍ക്ക് കണക്കുകള്‍ അതിന്റെ നേരിട്ടുള്ള എതിരാളികളായ മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂര്‍ഖ എന്നിവയേക്കാള്‍ മുന്നിലാണ്.
◾ ഇഗ്വ ദ്വീപ്... പാല്‍പ്പുഴകളും തേനരുവികളുമുള്ള ദ്വീപ്... കല്‍ക്കണ്ടപ്പാറകളും ശര്‍ക്കരക്കുന്നുകളുമുള്ള ദ്വീപ്... രത്നങ്ങള്‍ കുല കുലയായി ചെടികളില്‍ തൂങ്ങുന്ന ദ്വീപ്... സിംഹരാജനും അരയന്നരാജ്ഞിയും ഭരിക്കുന്ന, പ്രജകളായ പക്ഷിമൃഗാദികള്‍ സോദരരെപ്പോലെ വസിക്കുന്ന ദ്വീപ്... ഇനിയും മനുഷ്യസ്പര്‍ശമേല്‍ക്കാത്ത ആ ദ്വീപിലേക്ക് കഥയുടെ തോണി തുഴഞ്ഞ് ഒരു യാത്രയിലാണ് ഇവിടെ കുറെ കൂട്ടുകാര്‍. ചിരുതേയി മുത്തശ്ശി അമരക്കാരിയായ തോണിയില്‍ ആകാംക്ഷയുടെ പങ്കായവും പേറി ആവേശത്തുഴച്ചില്‍ നടത്തുന്നവരില്‍ അരുമക്കുരുന്നുകള്‍ മാത്രമല്ല ഉള്ളത്; പുഞ്ചിരിതൂകുന്ന ഇഗ്വാളനിലാവിലലിഞ്ഞ്, കലപിലയും കടിപിടിയും മറന്ന് കിളികളും ജന്തുക്കളും, വീശാന്‍ മറന്ന് കാറ്റും ഒക്കെയുണ്ട്. 'ഇഗ്വാളനിലാവ്'. ശ്രീജിത്ത് മൂത്തേടത്ത്. എച്ച്&സി ബുക്സ്. വില 114 രൂപ.
◾ ദീര്‍ഘനേരമുള്ള ഇരിപ്പ് ഹൃദയാരോഗ്യത്തിന് മാത്രമല്ല, ശ്വാസകോശത്തിനും ആപത്താണ്. ശരീരത്തിലെ മറ്റ് അവയവങ്ങളെ പോലെ ശ്വാസകോശവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ശരീരം ചലിപ്പിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ദീര്‍ഘനേരം ഇരിക്കുമ്പോള്‍ ഡയഫ്രം, ഇന്‍ര്‍കോസ്റ്റല്‍, നെഞ്ചിലെ പേശികള്‍ തുടങ്ങി ശ്വസിക്കാന്‍ സഹായിക്കുന്ന പേശികള്‍ക്ക് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നു. ഇത് കാലക്രമേണ ശ്വാസകോശം ദുര്‍ബലമാകാന്‍ കാരണമാകുന്നു. ശ്വാസകോശം ദുര്‍ബലമാകുമ്പോള്‍ അവയ്ക്ക് ഓക്സിജന്‍ വലിച്ചെടുക്കാനുള്ള കാര്യക്ഷമതയും കുറയുന്നു. ഇത് ശരീരത്തെ ശ്വസന പ്രശ്നങ്ങളിലേക്കും അണുബാധ സാധ്യതയിലേക്കും നയിക്കും. ഇത് ശ്വാസകോശം ചുരുങ്ങാനും കഫം പോലുള്ളവ കെട്ടിനിന്ന് ന്യുമോണിയ ഉണ്ടാകാനും കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഓക്സിജന്‍ അളവു കുറയുന്നത്, ആഴം കുറഞ്ഞ ശ്വസനത്തിന് കാരണമാകും. ഇത് ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. വീക്കം മൂലം ശ്വാസനാളങ്ങള്‍ക്ക് തകരാറുകള്‍ സംഭവിക്കുകയും ശ്വസിക്കാന്‍ പ്രയാസമുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയാണ് സിഒപിഡി. ഓരോ അരമണിക്കൂര്‍ ഇടവേളയില്‍ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് നടത്തം പോലെ ചെറിയ വ്യായാമം ചെയ്യാം. ദിവസവും 30 മിനിറ്റ് മിതമായ വ്യായാമം ദിവസവും ചെയ്യാം. വേഗത്തിലുള്ള നടത്തം, നീന്തല്‍ അല്ലെങ്കില്‍ യോഗ പോലുള്ളവ പരിശീലിക്കുന്നത് ഉദാസീനമായ ജീവിതശൈലി കുറച്ചു കൊണ്ടുവരാന്‍ സഹായിക്കും. ഇത് പോസ്ചര്‍ മെച്ചപ്പെടുത്തുക മാത്രമല്ല, ശ്വാസകോശം വികസിക്കാനും ശ്വസന പേശികള്‍ ശക്തിപ്പെടാനും കാരണമാകുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.72, പൗണ്ട് - 119.49, യൂറോ - 104.26, സ്വിസ് ഫ്രാങ്ക് - 111.63, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.66, ബഹറിന്‍ ദിനാര്‍ - 235.25, കുവൈത്ത് ദിനാര്‍ -290.35, ഒമാനി റിയാല്‍ - 230.73, സൗദി റിയാല്‍ - 23.66, യു.എ.ഇ ദിര്‍ഹം - 24.19, ഖത്തര്‍ റിയാല്‍ - 24.37, കനേഡിയന്‍ ഡോളര്‍ - 63.75.
➖➖➖➖➖➖➖➖
Tags:
KERALA