Trending

സായാഹ്ന വാർത്തകൾ

2025 | ഒക്ടോബർ 2 | വ്യാഴം 
1201 | കന്നി 16 |  ഉത്രാടം 

◾ ഗാന്ധിജി അനീതിയില്‍ നിന്ന് രാജ്യത്തെ സംരക്ഷിച്ചുവെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. സ്വാതന്ത്ര്യ സമര സേനാനികളില്‍ പ്രമുഖന്‍ മാത്രമല്ല, ഭാരതത്തിന്റെ 'സ്വത്വ'ത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രം വിഭാവനം ചെയ്തവരില്‍ പ്രത്യേക സ്ഥാനമുള്ള വ്യക്തി കൂടിയാണ് ഗാന്ധിജിയെന്നും അദ്ദേഹം പറഞ്ഞു. വിജയദശമി റാലിയിലാണ് മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍.

◾ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു എന്ന കാരണത്താലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വര്‍ഗീയ ഭ്രാന്തന്‍ വെടിവെച്ചു കൊന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഭജന രാഷ്ട്രീയത്തിനും വിഭാഗീയ ആശയങ്ങള്‍ക്കും ഗാന്ധിജി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ എതിരായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തില്‍ സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

◾ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. 2019-ല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ സ്വര്‍ണ്ണപ്പാളി കൊടുത്തുവിടാന്‍ പാടില്ലായിരുന്നുവെന്നും  പ്രശാന്ത് പറഞ്ഞു.

◾ ശബരിമല സ്വര്‍ണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശനിയാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് തിരുവനന്തപുരത്ത് എത്താന്‍ പോറ്റിക്ക് നിര്‍ദേശം നല്‍കി.


◾ ശബരിമലയിലെ സ്വര്‍ണപ്പാളി 2019ന് ശേഷവും ഇളക്കി മാറ്റാന്‍ ശ്രമം നടന്നുവെന്ന് രേഖകള്‍. ഇതിന്റെ ഭാഗമായി 2023-ല്‍ കത്തിടപാടുകള്‍ നടന്നു. 2019-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആധുനികമായ രീതിയില്‍ സ്വര്‍ണംപൂശി എത്തിച്ചുവെന്ന് പറയുന്ന സ്വര്‍ണപ്പാളിയാണ് വീണ്ടും അദ്ദേഹത്തിന്റെ തന്നെ ഇടപെടലില്‍ ഇളക്കി മാറ്റാന്‍ ശ്രമം നടന്നത്. എന്നാല്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ജാഗ്രത കാണിച്ചുവെന്നാണ് വിവരം.  

◾ ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വേണ്ടിവന്നാല്‍ സമരത്തിന്റെ പാതയിലേക്ക് നീങ്ങുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സമഗ്രമായ അന്വേഷണം നടത്തണം. ഒരു വിട്ടുവീഴ്ചക്കും കോണ്‍ഗ്രസ് തയ്യാറല്ല. കപട ഭക്തന്മാരുടെ കയ്യില്‍ ദേവസ്വം ബോര്‍ഡ് ഉള്ളതിന്റെ ദുരന്തമാണ് അയ്യപ്പന്‍ അനുഭവിക്കുന്നതെന്നും കെ മുരളീധരന്‍ ആരോപിച്ചു.

◾ തിരുവിതാംകൂര്‍ ദേവസ്വം നിയമത്തില്‍ ഭേഭഗതി കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം. പ്രസിഡന്റിന്റേയും അംഗങ്ങളുടെയും കാലാവധി നീട്ടി നല്‍കുന്ന വിധത്തിലായിരിക്കും ഭേദഗതി. ബോര്‍ഡിന്റെ കാലാവധി ജൂണ്‍ മുതല്‍ ജൂണ്‍ വരെയാക്കും വിധം ഭേദഗതിവരുത്താനാണ് നീക്കം. ശബരിമല സീസണിന് മുമ്പാണ് നിലവില്‍ കാലാവധി അവസാനിക്കുന്നത്. പുതിയ ഭരണസമിതിക്ക് ശബരിമല നിയന്ത്രണത്തിലെ പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഭേദഗതി.

◾ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ്ബാബുവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന് പാലക്കാട് നോര്‍ത്ത് പൊലീസ്. അധിക്ഷേപ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിവി സതീഷ് ആണ് പരാതി നല്‍കിയത്. ബിഎന്‍എസ് 356 പ്രകാരം അപകീര്‍ത്തി കേസ് നേരിട്ട് എടുക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. നേരിട്ടുള്ള പരാതി അല്ലാത്തതിനാലാണെന്നും പൊലീസ് വ്യക്തമാക്കുന്നു.


◾ ഭിന്നശേഷി അധ്യാപക നിയമനത്തില്‍ വീണ്ടും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. മതവും ജാതിയും പറഞ്ഞ് വിരട്ടാന്‍ നോക്കേണ്ടെന്നും എയ്ഡഡ് സ്‌കൂളുകളില്‍ അയ്യായിരത്തിലധികം ഒഴിവുകള്‍ ഉണ്ടെന്നും അത് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

◾ പൂജ ബമ്പര്‍ ലോട്ടറിയുടെ സമ്മാനത്തുകയില്‍ വലിയ മാറ്റം വരുത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ബമ്പറിന്റെ സമ്മാനഘടനയില്‍ മാറ്റം വരുത്തിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

◾ ചെടിച്ചട്ടി ടെണ്ടറിന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ കളിമണ്‍ പാത്ര നിര്‍മ്മാണ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനെ നീക്കി. സംഭവത്തില്‍ കെഎന്‍ കുട്ടമണിക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. കളിമണ്‍ പാത്രത്തിന് കമ്മീഷന്‍ വാങ്ങിയതിനാണ് കേസ്. ചിറ്റിശേരിയിലിലുള്ള ചെടിച്ചട്ടി നിര്‍മാതാക്കളില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കളിമണ്‍ പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെഎന്‍ കുട്ടമണി അറസ്റ്റിലായത്.

◾ കട്ടപ്പനയിലെ മാലിന്യ ടാങ്ക് അപകടം സംബന്ധിച്ച് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ. അന്വേഷണം നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കട്ടപ്പന നഗരസഭ സെക്രട്ടറിക്കും തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കും നിര്‍ദേശം. നിര്‍മാണത്തില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും നിര്‍ദേശമുണ്ട്. പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടിയുണ്ടാകും.


◾ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ മിന്നല്‍ പരിശോധന നടത്തിയ ബസിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തല്‍. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ് ഏഴിന് അവസാനിച്ചു. ബസിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പി കിടന്നതിനായിരുന്നു ഇന്നലെ കൊല്ലം ആയൂരില്‍ പൊന്‍കുന്നം ഡിപ്പോയിലെ ബസ് തടഞ്ഞു നിര്‍ത്തി മന്ത്രി പരിശോധന നടത്തിയത്.

◾ പ്രതിയെ പിടിക്കുന്നതിനിടെ തൃശൂര്‍ ചാവക്കാട് പൊലീസുകാര്‍ക്കെതിരെ ആക്രമണം. 5 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കുത്തേറ്റ ചാവക്കാട് എസ്ഐയും സിപിഒയും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ചാവക്കാട് സ്വദേശി നിസാറിനെ പൊലീസ് പിടികൂടി. സഹോദരനെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ കസ്റ്റഡിയിലെടുക്കാനാണ് നിസാറിനെ പൊലീസ് തേടി എത്തിയത്. തുടര്‍ന്ന് പൊലീസുകാര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം.

◾ കാസര്‍കോട് കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലെടുത്ത് പൊലീസ്. മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കെഎസ്യു-യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കരുതല്‍ തടങ്കലിലെടുത്തത്. കെഎസ്യു കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാരി കോട്ടക്കുന്ന് എന്നിവരെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് കരുതല്‍ തടങ്കലില്‍ എടുത്തത്.

◾ കേരള സംസ്ഥാന ലോട്ടറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് വില്‍പനക്കാരനില്‍ നിന്ന് 14,700 രൂപ തട്ടിയെടുത്തതായി പരാതി. തൃശൂര്‍ കാട്ടൂര്‍ പെരിഞ്ഞനം സ്വദേശി നെല്ലിപറമ്പില്‍ തേജസ്സിനാണ് പണം നഷ്ടമായത്.കഴിഞ്ഞ 27നായിരുന്നു സംഭവം.തേജസിന്റെ പരാതിയില്‍ കാട്ടൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

◾ കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനനെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍. പെരിങ്ങത്തൂര്‍ കരിയാട് വെച്ചാണ് സംഭവം ഉണ്ടായത്. മാലിന്യ പ്രശ്നം പരിഹരിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ചാണ് നാട്ടുകാര്‍ കയ്യേറ്റം ചെയ്തത്. പ്രതിഷേധക്കാര്‍ക്കിടയിലൂടെ എംഎല്‍എ നടന്നു പോയപ്പോള്‍ ആയിരുന്നു കയ്യേറ്റം.

◾ കണ്ണൂര്‍ ചെറുകുന്ന് തറയില്‍ ബിജെപി പ്രാദേശിക നേതാവ് വിജു നാരായണന്റെ വീടിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചയാണ് ആക്രമണം ഉണ്ടായത്. സിപിഎം പ്രവര്‍ത്തകരാണ് ബോംബെറിഞ്ഞതെന്ന് വിജു പറഞ്ഞു. അനധികൃതമായി സൂക്ഷിച്ച വെടിമരുന്ന് ശേഖരം പൊട്ടിത്തെറിച്ച് കഴിഞ്ഞമാസം ഒരാള്‍ മരിച്ച പ്രദേശമാണിത്.

◾ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജ് സിപിഎം വേദിയില്‍. സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും പറവൂരില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയിലാണ് റിനി പങ്കെടുത്തത്. സിപിഎം നേതാവ് കെ.ജെ.ഷൈന്‍ റിനിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

◾ തമിഴ്നാട് തിരുവണ്ണാമലയില്‍ 19കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ട് പൊലീസുകാരെയും പിരിച്ചുവിട്ടു. തിരുവണ്ണാമലൈ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍മാരായ സുരേഷ് രാജ്, സുന്ദര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ ആന്ധ്ര സ്വദേശിയായ പെണ്‍കുട്ടിയെ ചേച്ചിയുടെ മുന്നില്‍ വെച്ചാണ് ബാലത്സംഗം ചെയ്തത്.

◾ 41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തിലെ അന്വേഷണം സംബന്ധിച്ച് ടിവികെ നേതൃത്വം രണ്ട് തട്ടില്‍. സിബിഐ അന്വേഷണം വേണമെന്ന് ആധവ് അര്‍ജുന ആവശ്യപ്പെട്ടു. കരൂരില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം സിബിഐ അന്വേഷണം വേണ്ടെന്ന് ബുസി ആനന്ദ് വ്യക്തമാക്കി. പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കാന്‍ ബിജെപിക്ക് അവസരം ലഭിക്കുമെന്നാണ് വാദം.

◾ കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാവ് വിജയ്ക്കെതിരെ കേസെടുക്കണമന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി. ചെന്നൈ സ്വദേശിയായ പിഎച്ച് ദിനേശ് ആണ് ഹര്‍ജി നല്‍കിയത്. രാഷ്ട്രീയകാരണങ്ങളാല്‍ കേസെടുക്കുന്നതില്‍ നിന്നും വിജയ്യെ ഒഴിവാക്കിയെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. ഹര്‍ജി നാളെ ജസ്റ്റിസ് എന്‍ സെന്തില്‍കുമാര്‍ പരിഗണിക്കും.

◾ കരൂര്‍ ദുരന്തത്തില്‍ ടിവികെ നേതാവ് വിജയിയെ പ്രതി ആക്കാത്തത് മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദേശപ്രകാരമെന്ന് സൂചന. വിജയ്ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ് വഴക്കം ആകുമെന്നും ബിജെപി അവസരം മുതലാക്കുമെന്നുമാണ് സ്റ്റാലിന്റെ നിലപാട്. ദുരന്തത്തില്‍ ടിവികെ നേതാക്കള്‍ അറസ്റ്റിലായിരുന്നുവെങ്കിലും വിജയ്യെ പ്രതിസ്ഥാനത്ത് നിര്‍ത്തി മുന്നോട്ട് പോവുന്ന നിലപാടാണ് തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

◾ ഹൈദരാബാദിന് സമീപം വന്‍ മയക്കുമരുന്ന് വേട്ട. 400 കിലോഗ്രാമിലധികം കഞ്ചാവ് പിടിച്ചെടുത്തു. ഏകദേശം 2 കോടി രൂപ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. രാമോജി ഫിലിം സിറ്റിക്ക് സമീപം ചരക്കു ലോറിയില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. പിടികൂടിയ ഉടന്‍ തന്നെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികളും രാജസ്ഥാന്‍ സ്വദേശികളാണ്.

◾ ബെംഗളൂരു നഗരത്തില്‍ വന്‍ തീപിടിത്തം. കനകപുര മെട്രോ സ്റ്റേഷനോട് ചേര്‍ന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഡോമിനോസ് പീസ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തമാണ് കെട്ടിടത്തിലേക്ക് പടര്‍ന്നത്. ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യുന്ന പോയിന്റിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം. നാശനഷ്ടങ്ങളുടെ തോത് തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ.

◾ സര്‍ക്കാരിനെ അട്ടിമറിക്കാനും ശരിയത്ത് നിയമം നടപ്പാക്കാനും പദ്ധതിയിട്ടെന്നാരോപിച്ച് 'മുജാഹിദീന്‍ ആര്‍മി'യുടെ മുഖ്യസൂത്രധാരനെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് കേരളത്തില്‍ നിന്ന് പിടികൂടി. മുജാഹിദീന്‍ ആര്‍മിയുടെ മുഖ്യസൂത്രധാരനും ഗ്രൂപ്പ് നേതാവുമായ മുഹമ്മദ് റാസ എന്നയാളെയാണ് മലപ്പുറത്ത് നിന്ന് എടിഎസ് അറസ്റ്റ് ചെയ്തതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു.

◾ പാകിസ്താനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. സര്‍ ക്രീക്ക് മേഖലയിലെ അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും കറാച്ചിയിലേക്കുള്ള ഒരു വഴി കടന്നുപോവുന്നത് സര്‍ ക്രീക്കിലൂടെയാണെന്ന് പാകിസ്താന്‍ ഓര്‍ക്കണമെന്നും രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നല്‍കി.

◾ പാക് അധിനിവേശ കശ്മീരില്‍ അണയാതെ പ്രതിഷേധം. ഇതുവരെയുണ്ടായ സംഘര്‍ഷത്തില്‍ മരണസംഖ്യ ഒമ്പത് കവിഞ്ഞു. അടിസ്ഥാന അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങിയവരെ അടിച്ചമര്‍ത്താന്‍ കൂടുതല്‍ സൈനികരെ വ്യോമമാര്‍ഗം വിന്യസിച്ചു. ജമ്മു കശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയും സര്‍ക്കാരും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചു. മുസാഫറാബാദില്‍ അഞ്ച് പേരും ധീര്‍കോട്ടില്‍ അഞ്ച് പേരും ദാദ്യാല്‍ മേഖലകളില്‍ രണ്ട് പേരും കൊല്ലപ്പെട്ടു. കുറഞ്ഞത് മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.

◾ നിര്‍മ്മാണത്തിലിരുന്ന പള്ളി കെട്ടിടം തകര്‍ന്ന് എത്യോപ്യയില്‍ 25 പേര്‍ കൊല്ലപ്പെട്ടു. എത്യോപ്യയിലെ അംഹാര മേഖലയില്‍ ബുധനാഴ്ചയാണ് പള്ളി കെട്ടിടം പണി നടക്കുന്നയിടത്ത് അപകടമുണ്ടായത്. ചുമരുകളിലെ പണികള്‍ക്കായി നിര്‍മ്മിച്ച തട്ട് പൊളിഞ്ഞ് വീണാണ് അപകടമുണ്ടായത്. എത്യോപ്യയിലെ വടക്കന്‍ മേഖലയിലെ നിര്‍മ്മാണത്തിലിരുന്ന മാതാവിന്റെ പള്ളിയിലാണ് അപകടമുണ്ടായത്.

◾ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്താന്റെ കാപട്യത്തെ രൂക്ഷമായി വിമര്‍ശിച്ച്.ഇന്ത്യ. ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള ഒരു രാജ്യം മറ്റുള്ളവരെ മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് ഇന്ത്യ പറഞ്ഞു.

◾ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പാകിസ്താന്‍ സൈനിക മേധാവി അസിം മുനീര്‍ അപൂര്‍വ ധാതുക്കള്‍ സമ്മാനമായി നല്‍കിയതിനെതിരെ പാകിസ്ഥാനകത്ത് വിമര്‍ശനം ഉയരുന്നു. ഒരു പാക് സെനറ്റര്‍ സൈനിക മേധാവിയുടെ അധികാരത്തെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ നടപടിയെ പരിഹസിക്കുകയും ചെയ്തതോടെയാണ് സംഭവം വലിയ ചര്‍ച്ചയായത്.

◾ ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണം കടുത്തിരിക്കെ ഗാസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകള്‍ ഇസ്രായേല്‍ നാവികസേന തടഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബെര്‍ഗ് ഉള്‍പ്പടെയുള്ളവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. സംഭവത്തില്‍ യൂറോപ്പിലെങ്ങും പ്രതിഷേധം ശക്തമാവുകയാണ്. ഗ്രീസ്, ഇറ്റലി, ബെല്‍ജിയം എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളുണ്ടായി.

◾  ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ രണ്ട് ഡെല്‍റ്റ റീജിയണല്‍ ജെറ്റുകള്‍ കൂട്ടിയിടിച്ചു. കുറഞ്ഞ വേഗതയായതിനാല്‍ വലിയ ദുരന്തമുണ്ടായില്ല. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഡിയോ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു വിമാനത്തിന്റെ വലതു ചിറക് മറ്റൊന്നിന്റെ മൂക്കില്‍ ഇടിച്ചു. എടിസി ഓഡിയോ പ്രകാരം പൈലറ്റുമാരുടെ വിന്‍ഡ്ഷീല്‍ഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.

◾ അമേരിക്കയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ സ്തംഭനാവസ്ഥ രണ്ടാം ദിനത്തിലേക്ക് കടക്കുന്നു. സര്‍ക്കാര്‍ ചിലവുകള്‍ക്കായുള്ള ധന അനുമതി ബില്‍ ഇന്നലെ വീണ്ടും സെനറ്റില്‍ പരാജയപ്പെട്ടതോടെ, ലക്ഷ കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിസന്ധിയിലാണ്. ഇവരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പ് വൈറ്റ് ഹൗസ് ആവര്‍ത്തിച്ചു. അതേസമയം, അടച്ചുപൂട്ടല്‍ നീണ്ടുനില്‍ക്കുമെന്നും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ക്ക് ഭീഷണിയാകുമെന്നുമാണ് ആശങ്ക.

◾ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വെസ്റ്റിന്‍ഡീസ് 162 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് രണ്ടു സെഷനുകള്‍ മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായത്. നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും മൂന്നു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും ചേര്‍ന്നാണ് വിന്‍ഡീസിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റെടുത്തു.

◾  ഇന്ത്യയിലെ സമ്പന്ന സ്ത്രീകളില്‍ ഒന്നാം സ്ഥാനം നേടി റോഷ്‌നി നാടാര്‍. ഹുറുണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് എം3എം ഇന്ത്യ പുറത്തിറക്കിയ 2025 ലെ എം3എം ഹുറുണ്‍ ഇന്ത്യ സമ്പന്ന പട്ടികയിലാണ് ഏറ്റവും വലിയ ധനികയായി റോഷ്‌നി നാടാര്‍ മാറിയത്. ഇന്ത്യയിലെ ഏറ്റവും ധനികരായ മൂന്ന് പേരുടെ പട്ടികയില്‍ ഒരു സ്ത്രീ ഇടം നേടുന്നത് ഇതാദ്യമായാണ്. വെറും 44 വയസ്സുള്ള റോഷ്‌നി നാടാര്‍ മല്‍ഹോത്ര, മികച്ച 10 ശതകോടീശ്വരന്മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തുള്ള അവരുടെ ചുവടുവെയ്പ് ഇന്ത്യയിലെ കോര്‍പ്പറേറ്റ് ലോകത്തെ വനിതാ നേതാക്കളുടെ ഉയര്‍ച്ചയെയും അടിവരയിടുന്നതാണ്. മുകേഷ് അംബാനിയുടെ ആസ്തി 9,55,410 കോടിയാണ്. ഗൗതം അദാനിയുടെ ആസ്തി 8,14,720 കോടിയാണ്. റോഷ്‌നി നാടാര്‍ മല്‍ഹോത്രയുടെ ആസ്തി 2,84,120 കോടിയാണ്. എച്ച്‌സിഎല്‍ ഗ്രൂപ്പിലെ പിന്തുടര്‍ച്ച അവകാശം ലഭിച്ചതോടു കൂടിയാണ് റോഷ്‌നി നാടാറിന്റെ സമ്പത്ത് കുതിച്ചുയര്‍ന്നത്. പിതാവ് ശിവ് നാടാറിന്റെ ഓഹരിയുടെ 47% ആണ് റോഷ്‌നി നാടാര്‍ക്ക് ലഭിച്ചത്.

◾ രാജ്യത്തുടനീളം ഇ-സിം സേവനം ആരംഭിക്കാന്‍ പദ്ധതിയിട്ട് പൊതുമേഖല ടെലികോം ഓപ്പറേറ്ററായ ബിഎസ്എന്‍എല്‍. ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. ഫിസിക്കല്‍ സിം കാര്‍ഡിന്റെ ആവശ്യമില്ലാതെ തന്നെ മൊബൈല്‍ കണക്ടിവിറ്റി സാധ്യമാക്കാന്‍ ഇത് സഹായിക്കും. പരമ്പരാഗതമായ രീതിയില്‍ സിം ഇട്ട് മൊബൈല്‍ കണക്ടിവിറ്റി സാധ്യമാക്കുന്ന രീതിക്ക് പകരം ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മൊബൈല്‍ കണക്ഷന്‍ ആക്ടീവ് ആക്കുന്ന രീതിക്ക് തുടക്കമിടാനാണ് ബിഎസ്എന്‍എല്‍ പദ്ധതിയിടുന്നത്. ഡ്യുവല്‍ സിം ഫോണ്‍ ഉള്ളവര്‍ക്കും യാത്ര ചെയ്യുന്നവര്‍ക്കും പ്രാദേശിക നെറ്റ്വര്‍ക്കുകളുമായി എളുപ്പത്തില്‍ കണക്റ്റ് ചെയ്യാന്‍ ഇ-സിം സേവനം ഉപയോഗപ്രദമായിരിക്കും. ഫിസിക്കല്‍ സിം കാര്‍ഡുകള്‍ക്ക് പകരം 2ജി/3ജി/4ജി സേവനങ്ങള്‍ ബിഎസ്എന്‍എല്ലിന്റെ ഇ-സിമ്മുകള്‍ വാഗ്ദാനം ചെയ്യുന്നു. ഡ്യുവല്‍ സിം മൊബൈല്‍ ഫോണുള്ള ഉപയോക്താക്കള്‍ക്ക് ഫിസിക്കല്‍ സിമ്മിനൊപ്പം ഒരു ഇ-സിമ്മും ഉപയോഗിക്കാം.

◾ ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത് സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രമാണ് 'മൂക്കുത്തി അമ്മന്‍'. നയന്‍താരയാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ മൂക്കുത്തി അമ്മനായെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനവും പ്രേക്ഷകരെ ആവേശത്തിലാക്കിയിരുന്നു. സുന്ദര്‍ സി ആണ് ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ 'മൂക്കുത്തി അമ്മന്‍ 2'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. മൂക്കുത്തി അമ്മനായി ക്ഷേത്രനടയില്‍ ഇരിക്കുന്ന നയന്‍താരയെ ആണ് പോസ്റ്ററില്‍ കാണാനാവുക. 'ദേവി എന്താണ് ദുഃഖിച്ചിരിക്കുന്നത്'- എന്നാണ് പോസ്റ്ററിന് താഴെ നിറയുന്ന കമന്റുകള്‍. ദുനിയ വിജയ്, റെജീന കസാന്ദ്ര, സുനീല്‍, യോഗി ബാബു, അഭിനയ, ഇനിയ, ഗരുഡ റാം, സിംഗംപുലി, വിച്ചു വിശ്വനാഥ്, അജയ് ഘോഷ്, മൈന നന്ദിനി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹിപ് ഹോപ്പ് തമിഴ ആദിയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മദഗജരാജ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ സുന്ദര്‍ സിക്കൊപ്പം പ്രവരര്‍ത്തിച്ചിട്ടുള്ള വെങ്കട്ട് രാഘവന്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ്.

◾ സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി, മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന 'പാട്രിയറ്റ്'.  മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു.. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം നടന്‍ മമ്മൂട്ടി പാട്രിയറ്റിന്റെ ഷൂട്ടിങ് സെറ്റിലേക്ക് തിരികെയെത്തിയത് ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.  മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി എന്നിവരെയും ടീസറില്‍ കാണാനാകും. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ ജി അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം.

◾ ഫ്രഞ്ച് വാഹന ബ്രാന്‍ഡായ സിട്രോണിന്റെ എയര്‍ക്രോസിന് ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ അഞ്ച്-സ്റ്റാര്‍ട്ട് സുരക്ഷാ റേറ്റിംഗ് നേടി. പരീക്ഷിച്ച മോഡല്‍ 5-സീറ്റര്‍ 1.2ലി പെട്രോള്‍-ഓട്ടോമാറ്റിക് വേരിയന്റായിരുന്നു. ഇത് മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32 ല്‍ 27.05 പോയിന്റുകളും കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 40 പോയിന്റുകളും നേടി. ഫ്രണ്ടല്‍ ഓഫ്‌സെറ്റ്, സൈഡ് മൂവബിള്‍ ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റുകളില്‍, എയര്‍ക്രോസ് യഥാക്രമം 16 ല്‍ 11.05 പോയിന്റുകളും 16 ല്‍ 16 പോയിന്റുകളും നേടി. ഡ്രൈവറുടെയും മുന്‍ യാത്രക്കാരന്റെയും ക്രോച്ച്, കാലുകള്‍, നെഞ്ച് എന്നിവയ്ക്ക് ഇത് 'മാര്‍ജിനല്‍' മുതല്‍ 'നല്ല' സംരക്ഷണം നല്‍കി. ഡൈനാമിക് (24/24), സിആര്‍എസ് (ചൈല്‍ഡ് റെസ്ട്രെയിന്റ്‌റ് സിസ്റ്റം) ഇന്‍സ്റ്റലേഷന്‍ ടെസ്റ്റുകളില്‍ (12/12) എയര്‍ക്രോസ് പൂര്‍ണ്ണ സ്‌കോറുകള്‍ നേടി. എങ്കിലും, വാഹന വിലയിരുത്തലില്‍ 13 ല്‍ 4 പോയിന്റുകള്‍ മാത്രം നേടി, അത് മോശം പ്രകടനം കാഴ്ചവച്ചു. എയര്‍ക്രോസിന്റെ എല്ലാ വകഭേദങ്ങളിലും ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തലുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ ലഭിക്കുന്നു.
Previous Post Next Post
3/TECH/col-right