Trending

പ്രഭാത വാർത്തകൾ

2025  ഒക്ടോബർ 1  ബുധൻ 
1201  കന്നി 14  പൂരാടം 
1447  റ : ആഖിർ 08

◾  യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ തന്റെ സര്‍ക്കാരിന് തിരിച്ചുപോക്കില്ലാത്ത മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. ഷട്ട്ഡൗണ്‍ ഒഴിവാക്കാനായി പ്രതിപക്ഷവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ചര്‍ച്ച വിജയംകണ്ടിരുന്നില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗണ്‍ എന്നു വിശേഷിപ്പിക്കുന്നത്. 2018-19ല്‍ 35 ദിവസം ഇത്തരത്തില്‍ ഷട്ട്ഡൗണ്‍ ഉണ്ടായിരുന്നു.

◾ കട്ടപ്പനയില്‍ ഓട വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നവീകരണപ്രവര്‍ത്തനം നടന്നുവരുന്ന ഹോട്ടലിന്റെ സമീപത്തെ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തമിഴ്നാട് കമ്പം സ്വദേശി ജയരാമന്‍, ഗൂഡല്ലൂര്‍ സ്വദേശികളായ സുന്ദര പാണ്ഡ്യന്‍, മൈക്കിള്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പെട്ട മൂവരെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആദ്യം ഓടയില്‍ ഇറങ്ങിയ ആളെ കാണാതായതോടെ മറ്റ് രണ്ട് പേര്‍ കൂടെ ഓടയിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണ് വിവരം.

◾ എല്ലാത്തിനും മീതെയാണ് രാഷ്ട്രീയമെന്നും അയ്യപ്പനെ പോലും സുരക്ഷിതമാക്കി വയ്ക്കുന്നതാണ് രാഷ്ട്രീയമെന്ന ഉപരിമണ്ഡലമെന്നും സിപിഎം നേതാവ് ജി സുധാകരന്‍. ആ മണ്ഡലത്തില്‍ പൊന്നില്‍ പൊതിഞ്ഞു വെച്ചിരിക്കുകയാണ് അയ്യപ്പനെയെന്നും ജി സുധാകരന്‍ പറഞ്ഞു. ഞാന്‍ മന്ത്രി ആയിരുന്നപ്പോള്‍ ഒരു സ്വര്‍ണ്ണപ്പാളിയും ആരും കൊണ്ടുപോയിരുന്നില്ലെന്നും മൂന്നര വര്‍ഷം കഴിഞ്ഞപ്പോ എന്റെ ദേവസ്വം സ്ഥാനം കടന്നപ്പള്ളിക്ക് കൊടുത്തുവെന്നും ഞാനുണ്ടായ മൂന്നര വര്‍ഷം ഒരഴിമതിയും നടന്നില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

◾  ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് ചില മാനേജ്‌മെന്റുകള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ലെന്നും ഒഴിവുകള്‍ ബോധപൂര്‍വ്വം റിപ്പോര്‍ട്ട് ചെയ്യാത്ത മാനേജ്‌മെന്റുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
◾  സ്വകാര്യ ന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവന് ജാമ്യം. കുന്നംകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രിന്റുവിന് ജാമ്യം അനുവദിച്ചത്. വൈകുന്നേരം 7 മണിയോട് കൂടിയാണ് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രിന്റു പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തി എന്ന പരാതിയില്‍ കഴിഞ്ഞ ദിവസം പേരാമംഗലം പൊലീസ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തിരുന്നു. പ്രിന്റുവിനെ കണ്ടെത്താന്‍ ബിജെപി നേതാക്കളുടെ വീട്ടില്‍ പൊലീസ് റെയ്ഡും നടത്തിയിരുന്നു.

◾  ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2023 ലെ റിപ്പോര്‍ട്ട് പുറത്ത്. രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങളും, പട്ടിക വര്‍ഗക്കാര്‍ക്ക് എതിരായ കേസുകളിലും കുത്തനെ വര്‍ധനവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ 2022 നെ അപേക്ഷിച്ച് 31.2% വര്‍ധിച്ചു, പകുതിയിലധികവും സാമ്പത്തിക തട്ടിപ്പ് കേസുകളാണ്. എസ്ടി വിഭാഗക്കാര്‍ക്കെതിരായ കേസുകളില്‍ ഒരു വര്‍ഷത്തിനിടെ 28.8% വര്‍ധനവാണ് ഉണ്ടായത്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ മണിപ്പൂരിലാണ്.

◾  വിശ്വാസ പ്രശ്നത്തില്‍ ഇടത് അനുകൂല നിലപാടെടുത്ത എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ പരസ്യ പ്രതിഷേധം തുടരുന്നു. പത്തനംതിട്ട കുമ്പഴ തുണ്ടുമണ്‍കരയില്‍ കരയോഗ ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് ശരണം വിളിയോടെ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. സുകുമാരന്‍ നായര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച മന്ത്രി ഗണേഷ് കുമാറിനും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ചരിത്രം മന്ത്രി മനസ്സിലാക്കണം എന്നാണ് വിമര്‍ശകര്‍ നല്‍കുന്ന മറുപടി.

◾  ഷൊര്‍ണൂരില്‍ പിഞ്ചു മക്കളെ തലയണകൊണ്ട് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ മാതാവിന് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഷൊര്‍ണൂര്‍ നെടുങ്ങോട്ടൂര്‍ പരിയംതടത്തില്‍ 24 കാരിയായ ദിവ്യയെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2021 നവംബര്‍ 14നായിരുന്നു സംഭവം. കിടപ്പുമുറിയില്‍ ദിവ്യക്കൊപ്പം ഉറങ്ങിയിരുന്ന ഒന്നും നാലും വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളെ ദിവ്യ തലയിണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം ദിവ്യ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. ഭര്‍ത്താവിനോടും ഭര്‍തൃ മാതാവിനോടുമുള്ള വൈരാഗ്യമാണ് കുഞ്ഞുങ്ങളെ കൊല്ലാനുള്ള കാരണമെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു.
◾  കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഹില്‍ പാലസ് പൊലീസ്. തൃപ്പൂണിത്തുറ കോടതി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വേടന്‍ കഞ്ചാവ് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. ഏപ്രില്‍ 28നാണ് വേടന്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്ന് തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കഞ്ചാവ് പിടികൂടിയത്. വേടനടക്കം 9 പ്രതികള്‍ കേസില്‍ ഉണ്ടായിരുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.

◾  സംസ്ഥാനത്ത് ഇന്നലെ 7 മണിക്ക് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് പൂട്ട് വീണു. ഇന്നും നാളേയും സമ്പൂര്‍ണ ഡ്രൈ ഡേ ആയിരിക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ഇന്നലെ വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്കോ മദ്യവില്‍പ്പന ശാലകള്‍ അടച്ചത്. ഇന്ന് ഒന്നാം തിയതി ആയതിനാലും മറ്റന്നാള്‍ ഗാന്ധി ജയന്തി ആയതിനാലുള്ള ഡ്രൈ ഡേയുമായതിനാലാണ് മദ്യശാലകള്‍ തുറക്കാത്തത്. ഇന്നലെ 11 മണിവരെ ബാറുകള്‍ പ്രവര്‍ത്തിച്ചെങ്കിലും ഇന്നും നാളെയും ബാറുകളടക്കം സംസ്ഥാനത്തെ എല്ലാ മദ്യ വില്‍പ്പന ശാലകളും അടഞ്ഞുകിടക്കും.

◾  ജനങ്ങളും സര്‍ക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള കേരളത്തിന്റെ പുതിയ വേദിക്ക് വന്‍ സ്വീകരണം. 'സിറ്റിസണ്‍ കണക്ട് സെന്റര്‍' പ്രവര്‍ത്തനം ആരംഭിച്ച ആദ്യ മണിക്കൂറുകളില്‍ തന്നെ ജനകീയ പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം തേടി വിളിച്ചത് 753 കോളുകളാണ്. സിറ്റിസണ്‍ കണക്ട് സെന്ററിലേക്ക് ആദ്യമായി വിളിച്ച വ്യക്തി സിനിമാ താരം ടൊവിനോ തോമസ് ആയിരുന്നു. ടൊവിനോയുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുകയും പദ്ധതിക്ക് എല്ലാവിധ ആശംസകളും താരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വന്ന മൂന്ന് കോളുകള്‍ മുഖ്യമന്ത്രി നേരിട്ട് സ്വീകരിച്ച് ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞ് അടിയന്തര നടപടികള്‍ക്ക് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

◾  എറണാകുളം പെരുമ്പാവൂരില്‍ ലഹരി കുത്തിവെച്ച ഇതര സംസ്ഥാനക്കാരന്‍ മരിച്ചു. ഹെറോയിന്‍ കുത്തിവെച്ചാണ് യുവാവ് യുവാവ് മരിച്ചത്. ഹെറോയില്‍ കുത്തിവെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്നലെ രാവിലെയാണ് ഇയാള്‍ ലഹരി കുത്തിവെക്കുന്നത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അസം സ്വദേശിയായ വസിം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വസിമാണ് യുവാവിന് ലഹരി കുത്തിവെച്ചത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യകുറ്റം ചുമത്തിയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
◾  മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ വീണ്ടും ബോംബ് ഭീഷണി സന്ദേശം. തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തം ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും ഇതു സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ഭീഷണി സന്ദേശത്തിലെ ആവശ്യം. ഡിഎംകെ നേതാക്കളുടേയും ചില പൊലീസ് ഉദ്യോഗസ്ഥരുടേയും പേരുകള്‍ സന്ദേശത്തിലുണ്ട്. ഇവര്‍ക്ക് ദുരന്തവുമായി ബന്ധമുണ്ടെന്നും അത് കൊണ്ട് സിബിഐ അന്വേഷണം നടത്തണമെന്നും ഇതിന്റെ പ്രതികാരമെന്ന നിലയില്‍ കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് വെയ്ക്കുമെന്നുമാണ് ഭീഷണി സന്ദേശം.

◾  സംസ്ഥാനത്ത് എന്റെ സ്‌കൂള്‍ എന്റെ അഭിമാനമെന്ന പേരില്‍ റീല്‍സ് മത്സരവുമായി വിദ്യാഭ്യാസ വകുപ്പ്. വിദ്യാലയത്തിന്റെ മികവുകള്‍ കണ്ടെത്തുന്നതിനും സംസ്ഥാനത്തെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് വീഡിയോ നിര്‍മാണത്തില്‍ പരിശീലനം നല്‍കുന്നതിനുമാണ് മത്സരം. 'എന്റെ സ്‌കൂള്‍ എന്റെ അഭിമാനം' എന്നാണ് റീല്‍സ് മത്സരത്തിന്റെ വിഷയം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇന്‍ഫ്രാസ്ര്ടക്ചര്‍ ആന്റ് ടെക്‌നിക്കല്‍ എജുക്കേഷന്‍ അഥവാ കൈറ്റ് ആണ് മത്സരം സംഘടിപ്പിക്കുന്നത്.

◾  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി ജേക്കബ്ബിന് ക്രൂര മര്‍ദനമേറ്റതായി പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗങ്ങള്‍ അടക്കം അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തി. ജില്ലാ കമ്മിറ്റി യോഗത്തിനിടയില്‍ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് കേസ്.

◾  കാസര്‍കോട് കുമ്പളയില്‍ ഡിവൈഎഫ്ഐ നേതാവായ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്ഐ കുമ്പള മേഖല പ്രസിഡന്റും ബ്ലോക്ക് കമ്മിറ്റി അംഗവുമായ അഡ്വ. രഞ്ജിതയാണ് മരിച്ചത്. വക്കീല്‍ ഓഫീസനകത്ത് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

◾  സംസ്ഥാനത്ത് ഈ വര്‍ഷത്തെ കാലവര്‍ഷ മഴയില്‍ 13 ശതമാനം കുറവുണ്ടായതായി കണക്കുകള്‍.ജൂണ്‍ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവര്‍ഷ കലണ്ടര്‍ ഇന്നലെ അവസാനിച്ചപ്പോള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരമാണ് കേരളത്തില്‍ ഇത്തവണ 13 ശതമാനം മഴകുറവ് രേഖപ്പെടുത്തിയത്.

◾  തമിഴ്നാട്ടിലെ എണ്ണൂരില്‍ താപവൈദ്യുത നിലയത്തിലെ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. അസമില്‍ നിന്നുള്ള തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകട സമയത്ത് 30ലേറെ പേര്‍ ജോലിയില്‍ ഉണ്ടായിരുന്നു എന്നാണ് നിഗമനം.

◾  കരൂരില്‍ ടിവികെ റാലിക്കിടെ ആള്‍ക്കൂട്ട ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചതിന് പിന്നാലെ ജെന്‍സി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത ടിവികെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീലങ്ക-നേപ്പാള്‍ മാതൃകയിലെ പ്രക്ഷോഭം വേണമെന്ന പോസ്റ്റിലാണ് നടപടി.

◾  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നക്സലിസത്തിനെതിരായ പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ നക്സലൈറ്റുകളും കീഴടങ്ങുകയോ പിടിക്കപ്പെടുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്യുന്നതുവരെ കേന്ദ്ര സര്‍ക്കാര്‍ വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കരെഗുട്ടാലു കുന്നില്‍ വെച്ച് നടന്ന ഏറ്റവും വലിയ നക്സല്‍ വിരുദ്ധ ഓപ്പറേഷനായ 'ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്' വിജയിപ്പിച്ചതിന് അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.

◾  ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയും വനിതാ യാത്രക്കാരെ അസഭ്യം പറയുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. സെപ്റ്റംബര്‍ 11ന് വിരമനഗരം-ദാദര്‍ ഫാസ്റ്റ് ലോക്കല്‍ ട്രെയിനിലാണ് സംഭവം. ബോറിവലി റെയില്‍വേ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഗുജറാത്തിലെ വല്‍സാദ് സ്വദേശിയായ 35 വയസുള്ള നാഥു ഹന്‍സയാണ് അറസ്റ്റിലായത്. സഹോദരിയുടെ വീട്ടില്‍ പോകാനായാണ് ഇയാള്‍ ബാന്ദ്രയില്‍ എത്തിയത്.

◾  ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ 7.42 കോടി പേര്‍. ഓഗസ്റ്റ് 1 ലെ കരട് വോട്ടര്‍ പട്ടികയില്‍നിന്നും 18 ലക്ഷം വോട്ടര്‍മാരെ അധികം ചേര്‍ത്തു. 21.53 ലക്ഷം പുതിയ വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. 3.66 ലക്ഷം വോട്ടര്‍മാരെ കരട് വോട്ടര്‍പട്ടികയില്‍നിന്നും നീക്കം ചെയ്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പഴയ പട്ടികയിലെ 47 ലക്ഷം പേരെ ഒഴിവാക്കിയുള്ളതാണ് അന്തിമ പട്ടിക. ഓഗസ്റ്റിലെ കരട് പട്ടികയേക്കാള്‍ ഒഴിവാക്കപ്പെട്ടവരുടെ എണ്ണം നിലവിലെ അന്തിമ പട്ടികയില്‍ കുറഞ്ഞു.

◾  ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് കാര്‍ഗില്‍ ഡെമോക്രാറ്റ് അലെയന്‍സും. സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിനെ ന്യായീകരിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ രംഗത്ത് എത്തി. കേന്ദ്രസര്‍ക്കാര്‍ സോനം വാങ്ചുക്കിനെതിരെ നടത്തുന്നത് പകപ്പോക്കല്‍ നടപടിയെന്ന് ഭാര്യ ഗീതാഞ്ജലി ജെ അങ്ങ്മോ  പ്രതികരിച്ചു.

◾  മൈസൂരുവില്‍ വാട്സ്ആപ്പില്‍ ആറാം ക്ലാസുകാരിയെ വില്‍പനയ്ക്ക് വെച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള നീക്കവും ശക്തമാക്കിയിട്ടുണ്ട്. കുട്ടികളെ കാണാതായ കേസുകളുമായി ചേര്‍ത്ത് വെച്ചാണ് പരിശോധന. 12വയസുള്ള കുട്ടിയെ വില്‍പനയ്ക്ക് വെച്ച സംഭവത്തില്‍ വാട്സാപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് വിജയനഗര പൊലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്.

◾  വാടക തര്‍ക്കങ്ങളെ ക്രിമിനല്‍ കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കുകയും അതേ സമയം പിഴത്തുക 900 ശതമാനം മുതല്‍ 2,500 ശതമാനം വരെ കുത്തനെ വര്‍ധിപ്പിക്കുകയും ചെയ്ത് കര്‍ണാടക സര്‍ക്കാര്‍. 1999-ല്‍ കൊണ്ടുവന്ന കര്‍ണാടക റെന്റ് കണ്‍ട്രോള്‍ ആക്ടില്‍ സുപ്രധാന ഭേദഗതികള്‍ വരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

◾  2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനെ ആക്രമിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം. ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനെ ആക്രമിക്കണമെന്ന് തന്റെ മനസ്സില്‍ തോന്നിയെങ്കിലും യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള ആഗോള സമ്മര്‍ദ്ദം കാരണം സര്‍ക്കാര്‍ ആക്രമണത്തില്‍നിന്ന് വിട്ടുനിന്നുവെന്ന് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചിദംബരം വെളിപ്പെടുത്തി.

◾  ഐ ലവ് മുഹമ്മദ് റാലിയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ബറേലി നഗരത്തിലെ മാര്‍ക്കറ്റ് സമുച്ചയത്തില്‍ 38 കടകള്‍ ഒഴിപ്പിച്ചു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ കൈവശം വെച്ച കടമുറികളാണ് അധികൃതര്‍ സീല്‍ ചെയ്തത്. വെള്ളിയാഴ്ച 'ഐ ലവ് മുഹമ്മദ്' കാമ്പെയ്‌നിന്റെ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടല്‍ ഉണ്ടായതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി. പ്രതികാര നടപടിയുടെ ഭാഗമായാണ് കടമുറികള്‍ ഒഴിപ്പിച്ചതെന്ന് കച്ചവടക്കാര്‍ ആരോപിച്ചു.

◾  കരൂര്‍ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശത്തിലൂടെ ആദ്യ പ്രതികരണവുമായി ടിവികെ അധ്യക്ഷന്‍ വിജയ്. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസില്‍ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തില്‍ വിജയ് പറഞ്ഞു. കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചന സംശയിക്കുന്ന ചോദ്യങ്ങളുമായുള്ള വീഡിയോ സന്ദേശത്തില്‍, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും വിജയ് വെല്ലുവിളിച്ചു. സിഎം സാര്‍ തന്നോട് എന്തും ആയിക്കോളുവെന്നും ഇങ്ങനെ വേണമായിരുന്നോ പക വീട്ടല്‍ എന്നും വിജയ് തുറന്നടിച്ചു.

◾  കരൂര്‍ ദുരന്തത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി വിജയ്യെ വിളിച്ചതില്‍ രാഷ്ട്രീയമില്ലെന്നും വേദനയില്‍ ഒപ്പമുണ്ടെന്ന് അറിയിക്കാനാണ് വിളിച്ചതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് സംഘത്തിനൊപ്പം കരൂരിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാല്‍. കരൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരെ കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെയും കണ്ടു. കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയപോരിനില്ലെന്നും അതിനുള്ള സമയമല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

◾  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അമ്മയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ കമല്‍തായ് ഗവായി ഒക്ടോബര്‍ 5 ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ വിജയദശമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ആര്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയാകും. അമ്മ കമല്‍തായ് ആര്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയാകുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവും ബിആര്‍ ഗവായിയുടെ സഹോദരനുമായ ഡോ. രാജേന്ദ്ര ഗവായാണ് സ്ഥിരീകരിച്ചത്.

◾  ഫ്രാന്‍സില്‍ നിന്ന് കാണാതായ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ എന്‍കോസിനാത്തി ഇമ്മാനുവല്‍ മതത്വേയെ പാരിസിലെ ഒരു ഹോട്ടല്‍ കെട്ടിടത്തിന്റെ ചുവട്ടില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തി. 2014 മുതല്‍ 2023 വരെ മന്ത്രിയായും മതത്വേ പ്രവര്‍ത്തിച്ചിട്ടുണ്ട്. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

◾  പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ ക്വറ്റയിലെ സര്‍ഗുന്‍ റോഡിലുള്ള പൊലീസ് ആസ്ഥാനത്തിന് സമീപത്താണ് സ്ഫോടനം. ഉഗ്രശബ്ദത്തോടെയാണ് തിരക്കേറിയ സ്ഥലത്ത് സ്ഫോടനം ഉണ്ടായത്. സഗരത്തിലും പരിസര പ്രദേശങ്ങളിലും പൊട്ടിത്തെറിയുടെ പ്രകമ്പനം അനുഭവപ്പെട്ടു. സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകള്‍ തകര്‍ന്നുവെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

◾  ബലൂചിസ്ഥാനില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ ഹെഡ് ക്വാര്‍ട്ടേഴ്സിന് മുന്നില്‍ നടന്ന സ്ഫോടനത്തില്‍ ഇന്ത്യയെ പഴിചാരി പാക് അധികൃതര്‍. പാകിസ്ഥാന്‍ മാധ്യമങ്ങളും പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും 'ഫിത്‌ന-അല്‍-ഖവാരിജ്' ആണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചു. തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന സംഘടനയിലെ തീവ്രവാദികളെയാണ് ഈ പദം സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ പിന്തുണയുള്ള തീവ്രവാദികളാണ് സ്ഫോടനത്തിന് ഉത്തരവാദികളെന്നും പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റ് കൂട്ടിച്ചേര്‍ത്തു.

◾  ഗാസയിലെ സമാധാനത്തിനായ് അവതരിപ്പിച്ച പദ്ധതി അംഗീകരിച്ചില്ലെങ്കില്‍ ദുഖകരമായിരിക്കും പര്യവസാനമെന്ന് ഹമാസിന്  ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. സമാധാന പ്രതീക്ഷ നല്‍കുന്നതിനൊപ്പം ഹമാസിനും ബെഞ്ചമിന്‍ നെതന്യാഹുവിനും ഒരുപോലെ സമ്മര്‍ദം നല്‍കുന്നതാണ് നിലവിലെ അമേരിക്കന്‍ പദ്ധതി. അറബ് - ഇസ്ലാമിക് - ഗള്‍ഫ് രാജ്യങ്ങളുടെ വലിയ പിന്തുണയാണ് പദ്ധതിക്കുള്ളത്.

◾  വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് 59 റണ്‍സിന്റെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 47 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്ക 45.4 ഓവറില്‍ 211 റണ്‍സിന് ഓള്‍ ഔട്ടായി.

◾  ഇന്ത്യയിലെ പ്രാദേശിക ഭാഷാ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ കമ്പനിയായ വെര്‍സേ ഇന്നൊവേഷന്റെ വരുമാനത്തില്‍ വര്‍ധന. 2025 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 88 ശതമാനം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഇതോടൊപ്പം, സാമ്പത്തിക അച്ചടക്കം പാലിച്ചതിലൂടെ പ്രവര്‍ത്തനങ്ങള്‍ക്കായി അധികം ചെലവഴിക്കുന്ന തുകയായ ഇബിഐടിഡിഎ ബേണ്‍ 20 ശതമാനം കുറയ്ക്കാനും കമ്പനിക്ക് സാധിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തെ 1,029 കോടി രൂപയില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 1,930 കോടി രൂപയായി കുതിച്ചുയര്‍ന്നു. കമ്പനിയുടെ മൊത്തം വരുമാനം 64 ശതമാനം വര്‍ധിച്ച് 2,071 കോടി രൂപയിലെത്തി. ഏറ്റെടുക്കലുകള്‍ ഒഴിവാക്കിയാല്‍ പോലും പ്രവര്‍ത്തന വരുമാനത്തില്‍ 33 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇന്ത്യയിലെ മുന്‍നിര വാര്‍ത്താ-വിനോദ പ്ലാറ്റ്ഫോമായ ഡെയ്ലിഹണ്ട്, ഇന്ത്യയിലെ ഒന്നാം സ്ഥാനത്തുള്ള ഷോര്‍ട്ട്-വീഡിയോ ആപ്പായ ജോഷ് എന്നിവ വെര്‍സേ ഇന്നൊവേഷന്റെ സാങ്കേതികവിദ്യയുടെ കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക ഭാഷാ സാങ്കേതികവിദ്യയില്‍ യൂണികോണ്‍ പദവി നേടിയ ആദ്യ ഇന്ത്യന്‍ കമ്പനി കൂടിയാണ് വെര്‍സേ ഇന്നൊവേഷന്‍.

◾  സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'അങ്കം അട്ടഹാസം' എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് 'കാക്കേ കാക്കേ കൂടെവിടെ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ശ്രീകുമാര്‍ വാസുദേവ് സം?ഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ദീപക് നന്നാട്ടുകാവ് ആണ്. ഷൈന്‍ ടോം ചാക്കോ, മാധവ് സുരേഷ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മാസ് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് അങ്കം അട്ടഹാസം. ചിത്രത്തിന്റെ സഹരചനയും നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത് അനില്‍കുമാര്‍ ജി ആണ്. മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് ഒപ്പം മഖ്ബൂല്‍ സല്‍മാന്‍, നന്ദു, അലന്‍സിയര്‍, എം എ നിഷാദ്, സ്വാസിക, സിബി തോമസ് എന്നിവരും അഭിനയിക്കുന്നു. സംഗീതം ശ്രീകുമാര്‍, ആലാപനം വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍.

◾  പൂര്‍ണ്ണമായും ഡാര്‍ക്ക് ഹൊറര്‍ ത്രില്ലര്‍ ജോണറില്‍ അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആമോസ് അലക്സാണ്ടര്‍' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി. കനിമൊഴിയേ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. പ്രശാന്ത് മാധവ് രചിച്ച് മിനി ബോയ് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് സിനോ പോള്‍ ആണ്. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അജു വര്‍ഗീസും പുതുമുഖം താര അമല ജോസഫുമാണ് ഈ വീഡിയോ ഗാനത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അജു വര്‍ഗീസിന്റെ ക്യൂട്ടായ ഒരു പ്രണയമാണ് ഈ ഗാന രംഗത്തില്‍ കൂടി അവതരിപ്പിക്കുന്നത്. ഒരു മാധ്യമ പ്രവര്‍ത്തകനായിട്ടാണ് അജു വര്‍ഗീസ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അയാളുടെ പ്രൊഫഷനിടയില്‍ കടന്നുവരുന്ന ഒരു പ്രണയം. ജാഫര്‍ ഇടുക്കിയാണ് ആമോസ് അലക്സാണ്ടര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, ഡയാന ഹമീദ്, സുനില്‍ സുഖദ, ശ്രീജിത്ത് രവി, അഷറഫ് പിലാക്കല്‍, രാജന്‍ വര്‍ക്കല എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

◾  മേജര്‍ രവിയുടെ യാത്രകള്‍ക്ക് കൂട്ടായി വോള്‍വോ എക്സ് സി 60. എക്സ്സി 60ന്റെ എക്സ്ഷോറൂം വില 67.10 ലക്ഷം രൂപയാണ്. വോള്‍വോ എക്സ് സി 60ന്റെ ഏറ്റവും പുതിയ തലമുറ ഓഗസ്റ്റിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. വോള്‍വോയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡലാണ് എക്സ്സി 60. പുതുക്കിയ ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ബമ്പര്‍, ലൈറ്റിംഗ് സിഗ്നേച്ചറുമായി വരുന്ന ടെയില്‍ലാമ്പുകള്‍, പുതിയ അലോയി വീലുകള്‍, പുതിയ പിന്‍ ബമ്പര്‍ എന്നിവയുണ്ട് പുതിയ മോഡലില്‍. എസ്യുവിയിലെ സുരക്ഷാ സവിശേഷതകളില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, പൈലറ്റ് അസിസ്റ്റ്, ലെയിന്‍ കീപ്പിംഗ് എയ്ഡ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ എന്നിവയുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം സ്യൂട്ട് ഉള്‍പ്പെടുന്നു. 48 വി മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റത്തോടൊപ്പം 2.0 ലീറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് ഈ മോഡലില്‍. 247 ബിഎച്ച്പി കരുത്തും 360 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, കൂടാതെ 8 -സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും സ്റ്റാന്‍ഡേര്‍ഡായി കണക്ട് ചെയ്തിരിക്കുന്നു.

◾  കഥപറച്ചിലിന്റെ അതിരുവിട്ട വാമൊഴിരസം നിറഞ്ഞ ശൈലി ആഖ്യാനത്തിലൊളിപ്പിച്ചുകൊണ്ട് കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് എഴുതിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. കഥയും ആത്മകഥയും തമ്മിലുള്ള മതിലിനെ തകര്‍ത്തുകൊണ്ടെഴുതിയവയാണ് ഈ പുസ്തകത്തിലെ ഓരോ അനുഭവങ്ങളും. കരിക്കോട്ടക്കരി നോവലിന്റെ ആത്മകഥ, കുടിയേറ്റ ചരിത്രത്തിലെ എഴുതപ്പെടാത്ത സൂക്ഷ്മജീവിതങ്ങള്‍, അധ്യാപകാനുഭവങ്ങള്‍ തുടങ്ങി കഥപോലെ തിളങ്ങുന്ന ഓര്‍മ്മകളുടെ പെയ്ത്ത്. 'കള്ളക്കടത്തുകാലം'. വിനോയ് തോമസ്. ഡിസി ബുക്സ്. വില 171 രൂപ.

◾dailynewslive പ്ലേറ്റ്‌ലെറ്റുകള്‍ രക്തത്തിലെ ഒരു പ്രധാന ഘടകമാണ്. ശരീരത്തില്‍ മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചെറു കോശങ്ങളാണവ. രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ പ്ലേറ്റ്‌ലെറ്റുകള്‍ ഒരുമിച്ച് കട്ടപിടിച്ച് രക്തസ്രാവം തടയുന്നു. ഒരു മൈക്രോലീറ്റര്‍ രക്തത്തില്‍ ഏതാണ്ട് 1,50,000 4,50,000 പ്ലേറ്റ്ലെറ്റ് ഉണ്ട്. വൈറല്‍ ബാധ, കാന്‍സര്‍, ചില ജനിതകരോഗങ്ങള്‍ ഇവ മൂലം ശരീരത്തില്‍ പ്ലേറ്റ്ലെറ്റിന്റെ എണ്ണം വളരെ കുറഞ്ഞേക്കാം. വൈദ്യസഹായം തേടുന്നതോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുക വഴിയും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടാം കഴിയും. പഴുത്ത പപ്പായയും അവയുടെ ഇലയും രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാന്‍ മികച്ച മാര്‍ഗമാണ്. ആന്റി-ഓക്സിഡന്റ്, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മാതളം രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാനും സഹായിക്കും. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ മികച്ചതാണ്. മതളം ജ്യൂസ് ആക്കിയോ അല്ലാതെയോ കഴിക്കാം. വൈറ്റമിന്‍ എ ധാരാളം അടങ്ങിയ മത്തങ്ങ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടാനും ശരീരകോശങ്ങളിലെ പ്രോട്ടീനുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. മത്തങ്ങയിലെ ബീറ്റാ കരോട്ടിന്‍ ഒരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. ഇത് കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പച്ചച്ചീര, ഉലുവ തുടങ്ങി വിറ്റാമിന്‍ കെ ധാരാളം അടങ്ങിയ ഇലക്കറികള്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും. സാലഡില്‍ ചേര്‍ത്തോ, കറിവച്ചോ എങ്ങനെയും ഇവ കഴിക്കാം. വിളര്‍ച്ച ബാധിച്ചവര്‍ക്ക് ബീറ്റ്റൂട്ട് ഒരു മികച്ച ഭക്ഷണമാണ്. ആഴ്ചയില്‍ രണ്ടു തവണ വീതം കാരറ്റും ബീറ്റ് റൂട്ടും കഴിക്കുന്നത് പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടും. ജ്യൂസാക്കിയോ സാലഡില്‍ ചേര്‍ത്തോ സൂപ്പ് ആക്കിയോ ഇവ ഉപയോഗിക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ ഒരു യാത്രാ സംഘം  നീണ്ട ഒരു യാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നു. കാതങ്ങളോളം അവര്‍ക്ക് കാല്‍നട യായിട്ടായിരുന്നു സഞ്ചരിക്കേണ്ടിയിരുന്നത്. അവര്‍ക്ക് ധാരാളം ഭാരമേറിയ ഭാണ്ഡക്കെട്ടുകള്‍ ചുമന്നു കൊണ്ട് പോകേണ്ടതുണ്ടായിരുന്നു.   യാത്ര പുറപ്പെടാന്‍ നേരം എല്ലാവരും ഒരോ ഭാണ്ഡക്കെട്ടെടുത്ത് തുടങ്ങിയപ്പോള്‍ കൂട്ടത്തിലൊരാള്‍ പറഞ്ഞു: 'ഭക്ഷണസാധനങ്ങള്‍ നിറച്ച ഭാണ്ഡക്കെട്ട് ഞാന്‍ ചുമന്നു കൊള്ളാം.'' ഇത് കേട്ടതും എല്ലാവരും അവനെ നോക്കി കളിയാക്കിച്ചിരിച്ചു. കാരണം ആ ഭാണ്ഡങ്ങളില്‍ ഏറ്റവും വലിയതും ഭാരമേറിയതുമായ ഭാണ്ഡമായിരുന്നു അത്. അവര്‍ യാത്ര പുറപ്പെട്ടു. ഭാരമേറിയ ആ ഭാണ്ഡവും ചുമന്നു കൊണ്ടയാള്‍ വേച്ചു വേച്ചു നടക്കുന്നത് കണ്ട് മറ്റുള്ളവര്‍ അയാളെ പുച്ഛത്തോടെ പരിഹസിച്ചുകൊണ്ടിരുന്നു. പക്ഷെ അയാള്‍ അതൊന്നും ശ്രദ്ധിക്കാതെ ആ ഭാണ്ഡവും പേറി തന്റെ യാത്ര തുടര്‍ന്നു. എല്ലാവരുടെ ചുമലിലും അത്യാവശ്യം ഭാരമുള്ള ഭാണ്ഡങ്ങളുണ്ടെങ്കിലും തന്റെ ഭാണ്ഡത്തിന്റെ ഭാരക്കൂടുതല്‍ കാരണം അയാള്‍ വളരെ പിന്നിലായിട്ടായിരുന്നു നടന്നിരുന്നത്. കുറേ ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ അവര്‍ ഒരിടത്ത് ഭക്ഷണം കഴിക്കാനിരുന്നു. എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ ഭാണ്ഡത്തിന്റെ ഭാരത്തില്‍ കാര്യമായ കുറവ് വന്നു. അപ്പോള്‍ അയാള്‍ക്ക് പഴയതിലും വേഗത്തിലും എളുപ്പത്തിലും നടക്കാന്‍ സാധിച്ചു. കുറേ ദൂരം കൂടി പിന്നിട്ടപ്പോള്‍ അവര്‍ വീണ്ടും ഭക്ഷണം കഴിക്കാനിരുന്നു. അപ്പോള്‍ വീണ്ടും ഭാണ്ഡത്തിന്റെ ഭാരം കുറഞ്ഞു. അപ്പോള്‍ അയാള്‍ക്ക് കുറേക്കൂടി ആയാസരഹിതമായി നടക്കാന്‍ സാധിച്ചു. അവര്‍ ഭക്ഷണം കഴിക്കുന്നതിനനുസരിച്ച് ഭാണ്ഡത്തിന്റെ ഭാരം കുറഞ്ഞു കൊണ്ടേയിരുന്നു.   കുറേ ദൂരം കൂടി പിന്നിട്ട് കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് ചുമക്കാന്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അയാള്‍ വളരെ വേഗത്തില്‍, ഊര്‍ജ്ജസ്വലനായി നെഞ്ചും വിരിച്ച് നടക്കാന്‍ തുടങ്ങി. എന്നാല്‍ നേരത്തെ അയാളെ പരിഹസിച്ചവരും കളിയാക്കിച്ചിരിച്ചവരുമെല്ലാം അപ്പോഴും തങ്ങളുടെ ഭാരിച്ച ഭാണ്ഡങ്ങളും ചുമന്നു വളരെ പ്രയാസപ്പെട്ട് നടക്കുകയായിരുന്നു. ഒരേ തോതിലുള്ള ഭാരം ചുമന്നുകൊണ്ട് കാതങ്ങളോളം നടന്നതിനാല്‍ അവരുടെ ഊര്‍ജ്ജം പാടേ നഷ്ടപ്പെട്ടിരുന്നു. ഭക്ഷണ സാധനങ്ങള്‍ നിറച്ച ഭാണ്ഡത്തിന് ഭാരം കൂടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അയാള്‍ ആ ഭാണ്ഡം തന്നെ തെരഞ്ഞെടുത്തത്. പക്ഷെ ആരും ചിന്തിക്കാത്ത ഒരു കാര്യം കൂടി അയാള്‍ ചിന്തിച്ചു. ഭക്ഷണം തീരുന്നതിനനുസരിച്ച് ഭാണ്ഡത്തിന്റെ ഭാരവും കുറയുമെന്ന്. നടന്നു തുടങ്ങുമ്പോള്‍ അയാള്‍ ഊര്‍ജ്ജസ്വലനായിരുന്നതിനാല്‍ ആ വലിയ ഭാണ്ഡത്തിന്റെ ഭാരം അയാള്‍ക്ക് ചുമക്കാന്‍ സാധിച്ചു. എന്നാല്‍ അയാളുടെ ഊര്‍ജ്ജം കുറയുന്നതിനനുസരിച്ച് ഭാണ്ഡത്തിന്റെ ഭാരവും കുറഞ്ഞു കൊണ്ട് വന്നതിനാല്‍ അയാള്‍ക്ക് ആ യാത്ര ക്ലേശകരമായി തോന്നിയതേയില്ല. എന്നാല്‍ ഒട്ടും ദീര്‍ഘവീക്ഷണമില്ലാതെ താരതമ്യേനെ  ഭാരം കുറഞ്ഞ ഭാണ്ഡങ്ങളെടുത്തവരുടെ സ്ഥിതി നേരെ മറിച്ചായിരുന്നു. നമ്മളില്‍ പലരും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്നവരാണ്. എന്നാല്‍ ശരീരത്തിനും മനസ്സിനും ശക്തിയും ആരോഗ്യവുമുള്ളപ്പോള്‍ നാം വലിയ ഭാരങ്ങളെടുക്കാന്‍ തയ്യാറായാല്‍ തുടര്‍ന്നുള്ള യാത്ര സുഗമവും ക്ലേശരഹിതവുമായിരിക്കും. - ശുഭദിനം.
➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right