Trending

സായാഹ്ന വാർത്തകൾ

2025 | സെപ്റ്റംബർ 27 | ശനി 
1201 | കന്നി 11 |  അനിഴം 

◾  നിങ്ങളില്‍ ആരാണ് നിങ്ങളുടെ സഹോദരിമാരെയോ പെണ്‍മക്കളെയോ പരസ്യമായി ചുംബിക്കുന്നതെന്ന വിവാദ ചോദ്യവുമായി മധ്യപ്രദേശ് നഗരവികസന മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കൈലാഷ് വിജയവര്‍ഗിയ. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ ഈ പ്രസ്താവന ഏറെ വിവാദമായിരിക്കുകയാണ്. നമ്മുടെ പ്രതിപക്ഷ നേതാവ് പൊതുമദ്ധ്യത്തില്‍ വെച്ച് സഹോദരിയെ ചുംബിക്കുന്നുവെന്നും ഇത് മൂല്യങ്ങളുടെ അഭാവമാണെന്നും ഇവ വിദേശ സംസ്‌കാരമാണെന്നും അവര്‍ പ്രധാനമന്ത്രിയോട് പോലും മോശമായി സംസാരിക്കുന്നുവെന്നും കൈലാഷ് വിജയവര്‍ഗിയ പറഞ്ഞു. ഞങ്ങള്‍ പഴയ സംസ്‌കാരമുള്ളവരാണെന്നും ഞങ്ങളുടെ സഹോദരിമാരുടെ ഗ്രാമത്തില്‍ നിന്ന് ഞങ്ങള്‍ വെള്ളം പോലും കുടിക്കാറില്ലെന്നും എന്റെ അമ്മായി താമസിച്ചിരുന്ന ജിരാപൂരില്‍ പോകുമ്പോള്‍ എന്റെ അച്ഛന്‍ വീട്ടില്‍ നിന്ന് ഒരു കുടം വെള്ളം കൊണ്ടുപോകുമായിരുന്നുവെന്നും വിജയ് വര്‍ഗീയ കൂട്ടിച്ചേര്‍ത്തു.

◾  ലോണ്‍ തിരിച്ചടവ് മുടങ്ങിയാല്‍ വീട്ടുകാരെ അവിടെ നിന്ന് ഇറക്കി വിടുന്നത് ശരിയായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ പരീക്ഷ സമയങ്ങളില്‍ ജപ്തി അടക്കമുള്ള നടപടികളില്‍ നിന്ന് ബാങ്കുകള്‍ പിന്മാറണം. സാമ്പത്തിക ഇടപാട് മാത്രമല്ല, സാമൂഹിക പ്രതിബദ്ധത എന്നതുകൂടി എല്ലാത്തരം ബാങ്കുകളും പരിഗണിക്കേണ്ടതുണ്ടെന്നും  കൊച്ചിയില്‍ കേരള ബാങ്ക് സംഘടിപ്പിക്കുന്ന ഐടി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു.

◾ വിവാദങ്ങളിലും തര്‍ക്കങ്ങളിലും തട്ടി എയിംസ് കേരളത്തിന് നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എയിംസ് കേരളത്തിന് അവകാശപ്പെട്ടതാണ്. കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്ന നിര്‍ദേശമാണ് സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയിരിക്കുന്നത്. പദ്ധതി കേന്ദ്ര ധനവകുപ്പിന്റെ പരിഗണനയിലുണ്ടെന്നാണ് അവസാനം അറിയിച്ചതെന്നും രാഷ്ട്രീയ തീരുമാനം മാത്രമാണ് ഇനി ഉണ്ടാകേണ്ടതെന്നും വീണ കൊച്ചിയില്‍ പറഞ്ഞു.

◾  എയിംസ് ആലപ്പുഴയില്‍ കൊണ്ടുവരുമെന്ന കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി കെ സി വേണുഗോപാല്‍. ഒരുപാട് നാളായി എയിംസിനുവേണ്ടി കേരളം കാത്തിരിക്കുകയാണ്. എയിംസ് കേരളത്തിന് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പുനല്‍കിയിട്ടും നടപ്പായില്ല. അപ്പോഴാണ് മറ്റൊരു കേന്ദ്രമന്ത്രി എയിംസ് ആലപ്പുഴയില്‍ അനുവദിക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് പറഞ്ഞത്. പ്രഖ്യാപനം നടപ്പാക്കാന്‍ മുന്നോട്ടുവന്നാല്‍ എല്ലാ പിന്തുണയും  നല്കുമെന്നും അദ്ദേഹം പറഞ്ഞു.

◾  ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചത് കണ്ടെത്തുന്നതിനായി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ ഇടനിലക്കാരെ സംബന്ധിച്ച് വിവരം ലഭിച്ചെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഭൂട്ടാനില്‍ നിന്ന് ഇറക്കുമതി ചെയ്ത ഒരു വാഹനത്തിന്റെ ഉടമയായ മാഹിന്‍ അന്‍സാരിയുടെ മൊഴിയാണ് നിര്‍ണായകമായത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടനില സംഘത്തിനെതിരെ അന്വേഷണം നടത്തുമെന്നും മാഹിന്റെ ലാന്‍ഡ് റോവര്‍ ഭൂട്ടാനില്‍ നിന്ന് നേരിട്ട് ഇറക്കിയത് തന്നെ എന്നും കസ്റ്റംസ് പറഞ്ഞു.

◾ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ച കോഴിക്കോട് പന്നിയങ്കരയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമല്ലെന്ന് ആരോപിച്ച് മുസ്ലിംലീഗിന്റെ പ്രതിഷേധം. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫീസ് ഉപരോധിച്ച പ്രവര്‍ത്തകര്‍ ഇന്‍സ്പെക്ടറെ തടഞ്ഞുവച്ചു. ജനങ്ങളുടെ ആശങ്കയകറ്റാന്‍ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ലെന്നും സര്‍വകകക്ഷിയോഗം പോലും വിളിച്ചു ചേര്‍ത്തില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

◾  എന്‍എസ്എസിന്റെ സമദൂര നിലപാടില്‍ മാറ്റമില്ലെന്നും ഇപ്പോള്‍ സ്വീകരിച്ചത് ശരിദൂരമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സ്വീകരിച്ച സര്‍ക്കാര്‍ അനുകൂല നിലപാടിനെ  പ്രതിനിധി സഭാ യോഗത്തില്‍ അംഗങ്ങള്‍ പിന്തുണച്ചു. ശബരിമല പ്രക്ഷോഭ സമയത്തെ സാഹചര്യം അല്ല നിലവിലെന്നും സുകുമാരന്‍ നായര്‍ യോഗത്തില്‍ വ്യക്തമാക്കി. സമദൂര നയത്തില്‍ നിന്ന് ഒരിക്കലും മാറ്റമുണ്ടായിട്ടില്ലെന്നും മന്നത്ത് പത്മനാഭന്റെ കാലത്തുള്ള നിലപാട് തന്നെയാണ് തുടരുന്നതെന്നും അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് പ്രതിനിധി പങ്കെടുത്തത് സമദൂര നയത്തില്‍ നിന്നുള്ള മാറ്റമാണെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ തന്റെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞതാണെന്നും പ്രതിഷേധിക്കേണ്ടവര്‍ പ്രതിഷേധിച്ചോട്ടെയെന്നും അത് നേരിട്ടോളാമെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

◾  സര്‍ക്കാരിന്റെ കപട ഭക്തിയില്‍ വിശ്വാസമില്ലെന്നും യുഡിഎഫിന്റേത് ഉറച്ച മതേതര നിലപാടാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎമ്മിന്റേത് പ്രീണന നയമെന്നും സതീശന്‍ കുറ്റപ്പെടുത്തി. യോഗിയും പിണറായിയും നല്ല കൂട്ടുകാരായി എന്നും സതീശന്‍ പരിഹസിച്ചു. എന്‍എസ്എസ്, എസ്എന്‍ഡിപി നിലപാടില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും എന്‍എസ്എസ് നിലപാടില്‍ യുഡിഎഫിന് പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

◾  സംസ്ഥാന മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള 20 അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ നവീകരിക്കാന്‍ നടപടി ആരംഭിച്ചു. അനധികൃത മൃഗക്കടത്ത് തടയാനും ഫീസ് ഉയര്‍ത്തി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി എല്ലാ ചെക്ക്പോസ്റ്റുകളിലും സിസിടിവി നിരീക്ഷണവും രോഗങ്ങളുടെ സ്‌ക്രീനിംഗിനായി ചെക്ക്പോസ്റ്റില്‍ ലബോറട്ടറികളും സ്ഥാപിക്കും. ചെക്പോസ്റ്റില്‍ ജോലി ചെയ്യുന്ന ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്ക്  പ്രത്യേകം പരിശീലന പരിപാടിയും  സംഘടിപ്പിക്കും.

◾  പാലക്കാട് എലപ്പുള്ളിയിലെ നിര്‍ദ്ദിഷ്ട ബ്രൂവറി പദ്ധതി പ്രദേശം വൃത്തിയാക്കാന്‍ ഒയാസിസ് കമ്പനി നടപടി തുടങ്ങി. ഡിജിറ്റല്‍ സര്‍വ്വേ നടത്തുന്നതിന് മുന്നോടിയായാണ് കാട് വെട്ടി തെളിക്കുന്നതെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. അതേസമയം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് - ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. എന്നാല്‍, ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്തുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി.

◾  രാജ്ഭവന്‍ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജ്ഹംസിന്റെ രാജ്ഭവനില്‍ നാളെ നടക്കുന്ന പ്രകാശന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. രാജ്ഭവനിലെ വേദികളില്‍ ഭാരതാംബയുടെ ചിത്രമുണ്ടാകുമെന്ന നിര്‍ബന്ധത്തില്‍നിന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പിന്‍വാങ്ങി. ഈ ചടങ്ങില്‍ ഭാരതാംബയുടെ ചിത്രമുണ്ടാകില്ല. പരിപാടിക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ടുള്ള സന്ദേശം രാജ്ഭവന് കിട്ടി.

◾ ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു, ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

◾  ജയില്‍ച്ചാട്ടത്തിന് തടവുകാരുടെയോ ജയില്‍ ജീവനക്കാരുടെയോ സഹായം ലഭിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഗോവിന്ദച്ചാമി. കണ്ണൂര്‍ ക്രൈംബ്രാഞ്ച് സംഘം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ഗോവിന്ദച്ചാമിയെ ചോദ്യംചെയ്തപ്പോഴായിരുന്നു ഈ മറുപടി. ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണം കണ്ണൂര്‍ സിറ്റി പോലീസില്‍നിന്ന് കഴിഞ്ഞ ഒന്നാംതീയതിയാണ് ക്രൈംബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തത്.

◾  തിരുമല അനിലിന്റെ ആത്മഹത്യയില്‍ ഭാര്യ ആശ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മൊഴി രേഖപ്പെടുത്തല്‍ തുടരും. പെട്ടെന്ന് മരണത്തിലേക്ക് പോയ കാരണം കണ്ടെത്തണമെന്ന് ആശ ആവശ്യപ്പെട്ടു. രാവിലെ പെട്ടെന്ന് ഷര്‍ട്ട് ധരിച്ച്, തിരിച്ചു വരാമെന്ന് പറഞ്ഞ് ഇറങ്ങി പോവുകയായിരുന്നു അനിലെന്ന് ഇവര്‍ പറഞ്ഞു. സൊസൈറ്റിയിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം മാനസികബുദ്ധിമുട്ടിലായിരുന്നു.  മരണത്തിന് മുമ്പ് ആരെയെങ്കിലും കണ്ടിട്ടുണ്ടോയെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.

◾ വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിളയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടതായി പരാതി. അമൃതം പൊടി കഴിച്ച് പ്രദേശവാസിയായ രണ്ടുവയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. പാക്കറ്റ് തീരാറായപ്പോഴാണ് പല്ലിയെ കണ്ടെത്തിയത്. പിന്നാലെ അമൃതം പൊടി സപ്ലൈ ചെയ്യുന്ന കമ്പനിയെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

◾ മട്ടന്നൂരിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ചുപിടികൂടി. കൂടാളി ചിത്രാരിയില്‍വച്ചാണ് ഉച്ചയ്ക്ക് 12 മണിയോടെ മയക്കുവെടി വച്ചത്. കാട്ടുപോത്തിനെ ആറളം വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ നീക്കം. ഏതാനും ദിവസങ്ങളായി ജനവാസ മേഖലയില്‍ ഭീഷണിയായി ചുറ്റിത്തിരിയുകയായിരുന്നു കാട്ടുപോത്ത്.

◾ തൃശൂര്‍ കണിമംഗലം വിന്‍സെന്റ് വധക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസില്‍ പ്രതികളായ മനോജ് (45), ഷൈനി (50) എന്നിവരെ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തി. കേസില്‍ ഇന്ന് ഉച്ചയ്ക്കുശേഷം ശിക്ഷ വിധിക്കും. 2014 നവംബര്‍ 19 നാണ് മനോജും ഷൈനിയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളും ചേര്‍ന്ന് കൈതക്കാടന്‍ വിന്‍സന്റിനെയും(79) നെയും ഭാര്യ ലില്ലി വിന്‍സന്റിനെയും (73) വീട് കയറി ആക്രമിച്ചത്. ആക്രമണത്തില്‍ വിന്‍സെന്റ് കൊല്ലപ്പെട്ടു. കവര്‍ച്ച ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

◾  തിരുവനന്തപുരം ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റില്‍ എറിഞ്ഞ കേസില്‍ അമ്മ ശ്രീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കുട്ടിയുടെ അമ്മാവന്‍ ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയില്‍ ഇരുവരും തമ്മില്‍ അസാധാരണ ബന്ധമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

◾ ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ഹസന്‍കുട്ടി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ 3 വെള്ളിയാഴ്ച ആയിരിക്കും ശിക്ഷാവിധി. ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരുകില്‍ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. കൊല്ലം സ്വദേശിയായ കബീര്‍ എന്നു വിളിക്കുന്ന ഹസ്സന്‍കുട്ടിയാണ് പ്രതി.

◾  കായംകുളത്ത് നാലര വയസുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്ന് പരാതി. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ടല്ലൂര്‍ പുതിയവിള സ്വദേശിയായ നാലര വയസുകാരനാണ് പൊള്ളലേറ്റത്. കുട്ടി നിക്കറില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന് അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചുവെന്ന അമ്മായിയമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തത്.

◾  രാജ്യത്ത് ബിഎസ്എന്‍എല്ലിന്റെ 4 ജി സേവനങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി. ടെലി കമ്യൂണിക്കേഷന്‍ മേഖലയ്ക്ക് ഊര്‍ജ്ജമേകാന്‍ ബിഎസ്എന്‍എല്ലിന്റെ തദ്ദേശീയ സാങ്കേതികവിദ്യയാണ് പ്രധാനമന്ത്രി ഒഡിഷയില്‍ ഉദ്ഘാടനം ചെയ്തത്. ടെലികോം ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇതോടെ ഇന്ത്യയും എത്തി. ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ദക്ഷിണ കൊറിയ, ചൈന അടക്കമുള്ളവയാണ് ടെലികോം ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന മറ്റുരാജ്യങ്ങള്‍. ബിഎസ്എന്‍എല്ലിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 97500 പുതിയ 4ജി ടവറുകളാണ് പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്തത്.

◾  ലഡാക്കില്‍ പ്രതിഷേധം തുടരുന്നതിനിടെ സോനം വാങ്ചുക്കിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ലഡാക്ക് ഡിജിപി. വാങ്ചുക്കിന്റെ പ്രസംഗങ്ങള്‍ പ്രകോപനമായെന്നും ഇത് പ്രതിഷേധത്തിലേക്ക് നയിച്ചുവെന്നും ലഡാക്ക് ഡിജിപി വ്യക്തമാക്കി.  വാങ്ചുക്കിന്റെ സ്ഥാപനത്തിന്റെ നിയമലംഘനം ബോധ്യപ്പെട്ടതിനാലാണ് ലൈസന്‍സ് റദ്ദാക്കിയത്. വാങ് ചുക്കിന് പാക് ബന്ധങ്ങളുണ്ടെന്നും കലാപമുണ്ടാക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും ലഡാക്ക് ഡിജിപി വ്യക്തമാക്കി.

◾ ഐ ലവ് മുഹമ്മദ്' കാമ്പയിനിനെ പിന്തുണച്ച് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ഇത്തിഹാദ്-ഇ-മില്ലത്ത് കൗണ്‍സില്‍ മേധാവി തൗഖീര്‍ റാസയെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ ബറേലിയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. കാമ്പയിനിനെ പിന്തുണച്ച് വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം റാസയുടെ വീടിന് പുറത്ത് ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഇയാളെ ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

◾ ഇസ്രായേല്‍ സൈന്യത്തിന് നല്‍കിയിരുന്ന ചില സേവനങ്ങള്‍ നിര്‍ത്തലാക്കിയതായി അമേരിക്കന്‍ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. പലസ്തീനികളെ കൂട്ടത്തോടെ നിരീക്ഷിക്കുന്നതിനായി ഇസ്രായേല്‍ സൈന്യം മൈക്രോസോഫ്റ്റിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

◾  നുണകള്‍ പറയുന്നതിന് പാകിസ്താന്‍ നൊബേല്‍ സമ്മാനം അര്‍ഹിക്കുന്നുവെന്ന് ജമ്മുകശ്മീര്‍ മുന്‍ ഡിജിപി എസ്.പി വായിദ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. നുണകള്‍ പറയുന്നതിന് ഒരു രാജ്യം നൊബേല്‍ അര്‍ഹിക്കുന്നുവെങ്കില്‍, അത് പാകിസ്താനാണെന്നും ഷഹബാസ് ഷരീഫോ തട്ടിപ്പുകാരനായ സൈനികമേധാവി അസിം മുനീറോ ആകട്ടെ, അവര്‍ നൊബേല്‍ അര്‍ഹിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

◾  യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് ഇന്ത്യയുടെ ശക്തമായ മറുപടി. ഷെരീഫിന്റെ പരാമര്‍ശങ്ങളെ 'അസംബന്ധ നാടകങ്ങള്‍' എന്ന് വിശേഷിപ്പിച്ച ഇന്ത്യ, 'ഒരു നാടകത്തിനും യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെക്കാനാവില്ല' എന്നും വ്യക്തമാക്കി. മറുപടി പ്രസംഗം നടത്തിയ ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റല്‍ ഗഹ്ലോട്ട്, പാകിസ്ഥാന്റെ വിദേശനയത്തിന്റെ കാതലായ ഭീകരവാദത്തെ വീണ്ടും മഹത്വവല്‍ക്കരിക്കുന്ന കാഴ്ചയാണ് അസംബ്ലിയില്‍ കണ്ടതെന്ന് വിമര്‍ശിച്ചു.

◾  ജമ്മു കശ്മീരിനെക്കുറിച്ചുള്ള തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. തുര്‍ക്കിയുടെ നിലപാട് ആക്ഷേപാര്‍ഹമാണെന്നും കശ്മീര്‍ വിഷയം ഉഭയകക്ഷി പ്രശ്നമാണെന്നും പുറത്തുനിന്നുള്ള മധ്യസ്ഥതയ്ക്ക് സ്ഥാനമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്. അതില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. മധ്യസ്ഥതയെ സംബന്ധിച്ചിടത്തോളം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

◾ അര്‍ജന്റീനയില്‍ നിന്ന് റെക്കോര്‍ഡ് അളവില്‍ സോയാ ഓയില്‍ വാങ്ങി ഇന്ത്യ. കയറ്റുമതി തീരുവകള്‍ ഒഴിവാക്കാനുള്ള അര്‍ജന്റീനയുടെ നിര്‍ണായക നീക്കം മുതലെടുത്താണ് ഇന്ത്യയുടെ ഈ വന്‍കിട ഇടപാട്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി ഏകദേശം 3 ലക്ഷം മെട്രിക് ടണ്‍ സോയാ ഓയിലാണ് ഇന്ത്യ വാങ്ങിയത്. രണ്ടു ദിവസത്തെ ഇടപാടില്‍ ഇത്രയും വലിയ അളവില്‍ ഇന്ത്യ സോയാ ഓയില്‍ വാങ്ങുന്നത് ഇതാദ്യമായാണ് .

◾  പലസ്തീന്‍ അനുകൂല പ്രകടനത്തിനിടെ നടത്തിയ 'പ്രകോപനപരമായ നടപടികളുടെ' പേരില്‍ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. അമേരിക്കന്‍ സൈനികരെ അനുസരണക്കേട് കാണിക്കാനും അക്രമത്തിന് പ്രേരിപ്പിക്കാനും പെട്രോ ശ്രമിച്ചുവെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് എക്സിലെ പോസ്റ്റില്‍ ആരോപിച്ചു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 88.67, പൗണ്ട് - 118.83, യൂറോ - 103.78, സ്വിസ് ഫ്രാങ്ക് - 111.63, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 58.05, ബഹറിന്‍ ദിനാര്‍ - 235.19, കുവൈത്ത് ദിനാര്‍ -290.12, ഒമാനി റിയാല്‍ - 230.61, സൗദി റിയാല്‍ - 23.64, യു.എ.ഇ ദിര്‍ഹം - 24.14, ഖത്തര്‍ റിയാല്‍ - 24.35, കനേഡിയന്‍ ഡോളര്‍ - 63.60.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right